ശിശുദിനവും നിഷേധിക്കപ്പെടുന്ന ബാലാവകാശങ്ങളും

2012ലെ പോക്‌സോ നിയമം നിലവില്‍ വരുന്നതുവരെ കുട്ടികളെ ലൈംഗികാതിക്രമത്തില്‍നിന്ന് സംരക്ഷിക്കുവാനായി പ്രത്യേക നിയമം പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമകേസുകളില്‍ നീതി ഉറപ്പാക്കുക ദുഷ്‌കരമായിരുന്നു. ഇപ്പോള്‍ കാര്യങ്ങളില്‍ ചെറിയ മാറ്റമുണ്ട്. എന്നാല്‍ അപമാനഭീതിയും കേസുകള്‍ നീണ്ടുപോകുന്നതുമടക്കം പലവിധ കാരണങ്ങളാല്‍ കേസുകള്‍ മിക്കവാറും ലക്ഷ്യം കാണുന്നില്ല. മിക്കവയും മുതിര്‍ന്നവര്‍ ഒത്തുതീര്‍പ്പാക്കുന്നു.

പതിവുപോലെ ചാച്ചാ നെഹ്‌റു സ്തുതികളുമായി ഒരു ശിശുദിനം കൂടി കടന്നുപോകുന്നു. എന്നാല്‍ കുട്ടികള്‍ ഇന്നുനേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങളെ കുറിച്ചോ നിഷേധിക്കപ്പെടുന്ന ബാലാവകാശങ്ങളെ കുറിച്ചോ അധികമാരും ചര്‍ച്ച ചെയ്യുന്നതു കണ്ടില്ല. ബാലാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ചോരകുഞ്ഞിനെ കുറിച്ച് കേരളം സജീവമായി ചര്‍ച്ച ചെയ്യുകയും ആ കുഞ്ഞിന്റെ മാതാവ് ഈ പെരുമഴയത്തും സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം ചെയ്യുകയും ചെയ്യുന്ന വേളയിലാണ് ഈ വര്‍ഷം ശിശുദിനമാഘോഷിച്ചത് എന്നതു തന്നെ അര്‍ത്ഥപൂര്‍ണ്ണമാണ്. അപ്പോഴും ബാലാവകാശങ്ങളെ കുറിച്ചുള്ള അവബോധം സമൂഹത്തില്‍ ശക്തിപ്പെടുന്നതായി കാണുന്നു എന്നത് ശുഭകരമാണ്. മാത്രമല്ല, യൂണിഫോമിലും മറ്റും പെണ്‍കുട്ടികളോട് പുലര്‍ത്തുന്ന വിവേചനം മുതല്‍ ലൈംഗികവിദ്യാഭ്യാസമടക്കമുള്ള വിഷയങ്ങള്‍ മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ്.

സാമൂഹ്യനീതിയെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചുമൊക്കെ ഏറെ ചര്‍ച്ച ചെയ്യുന്ന കാലത്ത് സ്വന്തം ശബ്ദം ഉയര്‍ത്താന്‍ കഴിയാത്ത വിഭാഗങ്ങളില്‍ ഏറ്റവും മുഖ്യമാണ് കുട്ടികള്‍. കുട്ടികളെ കടത്തിക്കൊണ്ടു പോയി ബാലവേല, ലൈംഗികമായ ഉപയോഗം, ഭിക്ഷാടനം, വൃക്ക കച്ചവടം, വ്യാജ ദത്ത് നല്‍കല്‍ എന്നിവക്കുപയോഗിക്കുന്ന സംഭവങ്ങള്‍ ഇന്നും ആവര്‍ത്തിക്കുന്നു. ലൈംഗികമായ പീഡനമാണ് കുട്ടികള്‍ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി. അത് മിക്കവാറും സംഭവിക്കുന്നത് അവരുടെ വീടുകളിലും ബന്ധുവീടുകളിലും വിദ്യാലയങ്ങലിലുമാണെന്നത് കൂടുതല്‍ ഗൗരവകരമാക്കുന്നു. മാതാപിതാക്കള്‍ മുതല്‍ മറ്റു ബന്ധുക്കളും അയല്‍ക്കാരും അധ്യാപകരുമൊക്കെയാണ് പലപ്പോഴും പ്രധാന പീഡകരും സഹായികളും. വിദേശ രാജ്യങ്ങളില്‍ മിക്കയിടത്തും കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ട്. അതുവഴി സ്പര്‍ശനത്തിന്റെ സ്വഭാവം പോലും അവര്‍ക്കു മനസ്സിലാക്കാം. പ്രതികരിക്കാനുള്ള മാനസികശേഷി വളര്‍ത്തിയെടുക്കാനുള്ള വിദ്യാഭ്യാസ രീതിയും പലയിടത്തുമുണ്ട്. ലൈംഗിപീഡനം മാത്രമല്ല, മറ്റുപീഡനങ്ങളും കൗണ്‍സിലര്‍മാരോടു പറയാനുള്ള സംവിധാനമുണ്ട്. കുട്ടികളെ മാതാപിതാക്കള്‍ മര്‍ദ്ദിക്കുന്നത് പോലും പല രാജ്യങ്ങളിലും വലിയ കുറ്റമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നിര്‍ഭാഗ്യവശാല്‍ ഇതില്‍ നിന്നെല്ലാം കടകവിരുദ്ധമാണ് ഇവിടത്തെ സ്ഥിതി. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠിപ്പിക്കാന്‍ പോലും തയ്യാറാവാതെ അവരുടെ മാനസികമായ വളര്‍ച്ച നമ്മള്‍ തടയുകയാണ്. സമീപകാലത്ത് ബാലാവകാശനിയമങ്ങള്‍ കര്‍ക്കശമായതോടെ സ്ഥിതി അല്‍പ്പസ്വല്‍പ്പം മെച്ചപ്പെടുന്നു സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാരൊക്കെ ആയിട്ടുണ്ട്. എങ്കിലും മിക്കവാറും പീഡനങ്ങള്‍ ഇപ്പോഴും പുറത്തുവരുന്നില്ല എന്നതുതന്നെയാണ് വാസ്തവം. വന്നാല്‍ തന്നെ പലര്‍ക്കും നീതി ലഭിക്കുില്ല. അപമാനത്തിന്റെ പേരില്‍ കുഞ്ഞുങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. അഥവാ പോരാടാന്‍ തയ്യാറായാലും അതത്ര എളുപ്പമല്ല എന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ ദുരന്തം സാക്ഷി. അനുപമയുടെ വിഷയത്തിലും വാളയാറിലും കോഴിക്കോട് ഒരു പുരോഹിതന്‍ തന്നെ നടത്തിയ പീഡനത്തിലും സര്‍ക്കാരിന്റെ കുഞ്ഞുങ്ങള്‍ക്കായുള്ള സംവിധാനങ്ങള്‍ പലതും എടുത്ത നിലപാട് കേരളം കണ്ടതാണല്ലോ.

2012ലെ പോക്‌സോ നിയമം നിലവില്‍ വരുന്നതുവരെ കുട്ടികളെ ലൈംഗികാതിക്രമത്തില്‍നിന്ന് സംരക്ഷിക്കുവാനായി പ്രത്യേക നിയമം പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമകേസുകളില്‍ നീതി ഉറപ്പാക്കുക ദുഷ്‌കരമായിരുന്നു. ഇപ്പോള്‍ കാര്യങ്ങളില്‍ ചെറിയ മാറ്റമുണ്ട്. എന്നാല്‍ അപമാനഭീതിയും കാസുകള്‍ നീണ്ടുപോകുന്നതുമടക്കം പലവിധ കാരണങ്ങളാല്‍ കേസുകള്‍ മിക്കവാറും ലക്ഷ്യം കാണുന്നില്ല. മിക്കവയും മുതിര്‍ന്നവര്‍ ഒത്തുതീര്‍പ്പാക്കുന്നു. മാത്രമല്ല, അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ടു നടക്കുന്ന മിക്ക ചര്‍ച്ചകളും ബോധവല്‍ക്കരണങ്ങളും പെണ്‍കുട്ടികളെ ലക്ഷ്യമാക്കിയിട്ടാണ്. അവര്‍ അടങ്ങിയൊതുങ്ങി വളരണം, നേരെ വീട്ടിലെത്തണം, മറ്റൊരു ആക്ടിവിറ്റിയും വേണ്ട, ആണ്‍കുട്ടികളോട് അധികം ഇടപെടേണ്ട, മൊബൈല്‍ നെറ്റ് ഉപയോഗം വേണ്ട, വേഷവിധാനങ്ങള്‍ നിയന്ത്രിക്കണം എന്നിങ്ങനെ പോകുന്നു അവര്‍ക്കുള്ള ഉപദേശങ്ങള്‍. ഹോസ്റ്റലുകളിലും ലൈബ്രറികളിലും ലാബുകളിലും മറ്റും പെണ്‍കുട്ടികളോട് വിവേചനം തുടരുന്നു.

സത്യത്തില്‍ ക്ലാസ്സുകള്‍ മുഖ്യമായും കൊടുക്കേണ്ടത് ആണ്‍കുട്ടികള്‍ക്കാണ്. പെണ്‍കുട്ടികളും തുല്ല്യരാണെന്നും അവരെ അതുപോലെ തന്നെ കാണണമെന്നുമാണവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടത്. പെണ്‍കുട്ടികളോട് പറയേണ്ടത് നിയന്ത്രണങ്ങളല്ല, എന്തിനേയും നേരിടാനുള്ള ആത്മബലം നേടാനാണ്. എന്നാല്‍ മറ്റെല്ലാ മേഖലയിലുമെന്ന പോലെ പെണ്‍കുട്ടികളോടുള്ള വിവേചനം വിദ്യാഭ്യാസരംഗത്ത് ഇപ്പോഴും തുടരുന്നു. യൂണിഫോം കാലാനുസൃതമാക്കാന്‍ പല സ്‌കൂളുകളും തയ്യാറാകാത്തത് ഉദാഹരണം. പെണ്‍കുട്ടികളുടെ ചലനസ്വാതന്ത്ര്യവും ആത്മവിശ്വാസവും തടയുന്ന ഡ്രസ്സ് കോഡുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യത്തോട്് പല മാനേജ്മെന്റുകള്‍ക്കും താല്‍പ്പര്യമില്ല. അതോടൊപ്പം ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് വരുമ്പോള്‍ പെണ്‍കുട്ടികള്‍ ഭൂരിഭാഗവും സാധാരണ ഡിഗ്രി കോഴ്സുകളില്‍ ഒതുങ്ങുന്നു. പഠനസമയത്തു തന്നെ വിവാഹം നടക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്തിനേറെ, ലിംഗ പരിശോധന നടത്തി ഗര്‍ഭഛിദ്രം നടത്തുന്ന സംഭവങ്ങള്‍ കേരളത്തിലും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പലപ്പോഴും ശിശുപീഡനമായി കണക്കാക്കാത്ത ഒന്നാണ് അവര്‍ക്ക് നാം നല്‍കുന്ന പഠനഭാരം. കേരളത്തില്‍ അത് രൂക്ഷമാണ്. എങ്ങനെയെങ്കിലും പരമാവധി ഗ്രേഡ്. അതുമാത്രമാണ് ഏവരുടേയും ഉദ്ദേശം. കുട്ടികളുടെ എണ്ണം ഒന്നും രണ്ടുമായി കുറഞ്ഞതോടെ മാതാപിതാക്കളുടെയും അധ്യാപകരുടേയും അഹങ്കാരത്തിന്റെയും അന്തസ്സിന്റേയും ഇരകളായി അവര്‍ മാറുന്നു. കളിക്കാനുള്ള പ്രാഥമികാവകാശം പോലും നാമവര്‍ക്ക് നിഷേധിക്കുന്നു. സ്‌കൂളുകള്‍ പലതും വലിയ കെട്ടിടങ്ങളുണ്ടാക്കി സ്മാര്‍ട്ടാകുന്നത് കളിസ്ഥലങ്ങള്‍ ഇല്ലാതാക്കിയാണ്. എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ തടവറകളാകുന്നു. അധ്യാപകരുടേയും രക്ഷാകര്‍ത്താക്കളുടേയും താല്‍പ്പര്യങ്ങളില്‍നിന്ന് വ്യത്യസ്ഥമായി വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്ന വിദ്യാഭ്യാസസമ്പ്രദായമാണ് നടപ്പാക്കേണ്ടതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴും അതൊന്നും നമ്മുടെ പരിഗണനയിലില്ല. എത്രയോ വിദ്യാര്‍ത്ഥികള്‍ ഈ ഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്തിരിക്കുന്നു. മറുവശത്ത് ദൈനംദിനജീവിതത്തിന്റെ ഭാഗമായി അറിയേണ്ട കാര്യങ്ങളൊന്നും നമ്മുടെ സിലബസിലില്ല. ഉദാഹരണമായി ബാലാവകാശകമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പോലും പാഠ്യപദ്ധതിയിലില്ല. പരി സ്ഥിതി സംരക്ഷണം, സ്ത്രീപുരുഷ സമത്വം, ട്രാഫിക് ബോധവല്‍ക്കരണം, ജാതി നിര്‍മ്മാര്‍ജ്ജനം, മിശ്രവിവാഹത്തിന്റെ പ്രാധാന്യം, സാമൂഹ്യനീതി, രാഷ്ട്രീയപ്രവര്‍ത്തനം എന്നിവയൊന്നും അവരെ പഠിപ്പിക്കുന്നില്ല. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കാന്‍ കോടതികള്‍ പറഞ്ഞിട്ടുപോലും കേള്‍ക്കുന്നില്ല. വാഹനങ്ങളില്‍ അവരെ കുത്തിനിറക്കുന്നു. ബസുകളിലാകട്ടെ ജീവനക്കാരുടെ നിരന്തര ആക്ഷേപങ്ങളും. അനാഥാലയങ്ങളിലെ കുഞ്ഞുങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ല.

സംരക്ഷണമല്ല, അവകാശമാണ് കുട്ടികള്‍ക്ക് വേണ്ടതെന്ന് ഇനിയെങ്കിലും നാം അംഗീകരിക്കണം. കുട്ടികള്‍ കുടുംബത്തിന്റേതല്ല, സമൂഹത്തിന്റെ സ്വത്താണ് എന്ന സങ്കല്‍പ്പത്തിലായിരിക്കണം ഈ പൊളിച്ചെഴുത്ത് ആരംഭിക്കേണ്ടത്. എങ്കില്‍ കുടുംബകലഹം കൊണ്ടും സാമ്പത്തികബാധ്യത കൊണ്ടും മറ്റും കുഞ്ഞുങ്ങളെയടക്കം കൊന്ന് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാകില്ല. കൊവിഡ് കാലഘട്ടമാകട്ടെ മാനസികമായി ഏറ്റവും തകര്‍ത്തിരിക്കുന്നത് കുട്ടികളെതന്നെ. പരീക്ഷകളുടെ അസന്നിഗ്ദാവസ്ഥ, മധ്യകാലാവധി കൂട്ടുകാരുമൊത്ത് ആഘോഷിക്കാന്‍ കഴിയാതിരുന്നത്, മുഴുവന്‍ സമയവും വീട്ടിലിരിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക പിരുമുറുക്കങ്ങള്‍, ഏതുസമയത്തും മാതാപിതാക്കളുടെ കര്‍ശനനിയന്ത്രണം, പരിചിതമല്ലാത്ത ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ടെന്‍ഷന്‍, കൂട്ടുകാരുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗ്ഗമായ മൊബൈല്‍ ഉപയോഗത്തിനുള്ള കര്‍ശന നിയന്ത്രണം തുടങ്ങിയവയെല്ലാം അവരെ തളര്‍ത്തുന്നു. ഇന്നോളം ഒരു തലമുറയും നേരിടാത്ത ദുരന്തങ്ങളാണ് കുട്ടികള്‍ നേരിടുന്നത്. അതിന്റെ പ്രതിഫലനം കാണുകയും ചെയ്തു. കൊവിഡ് കാലത്ത് ഒരു വര്‍ഷം 325 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് കുട്ടികളുടെ വിഷയങ്ങളിലാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുട്ടികളുടെ ലോകം അതിന് മുമ്പുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. കുട്ടികള്‍ക്ക് ബാല്യം നഷ്ടപ്പെടുന്നു എന്നതാണ് അടിസ്ഥാ നവിഷയം. അതവര്‍ക്കു നിഷേധിക്കുന്നതോ 1970കളിലും 80കളിലും 90കളിലുമൊക്കെ തങ്ങളുടെ ബാല്യവും കൗമാരവുമൊക്കെ ആഘോഷിച്ചു തിമര്‍ത്ത രക്ഷിതാക്കളും അധ്യാപകരും എന്നതാണ് ഏറ്റവും ഖേദകരം. എന്നാല്‍ അമിതമായി സൈക്കോളജിസ്റ്റുകളേയും കൗണ്‍സിലര്‍മാരേയും ആശ്രയിക്കുന്ന രീതി ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുക. മറുവശത്ത് ഒറ്റമുറികളിലും മറ്റും ജീവിക്കുന്ന, കൊടും ദാരിദ്രമനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥ അതിസങ്കീര്‍ണ്ണമാണ്. അവരുടെ പ്രശ്‌നം മാനസികം മാത്രമല്ല, ഭൗതികവുമാണ് എന്നതും തിരിച്ചറിഞ്ഞുള്ള നടപടികളാണ് അനിവാര്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply