അല്ല ചെരുവില്‍, നിങ്ങള്‍ ഓമനക്കുട്ടനൊപ്പമല്ല

കാര്യങ്ങള്‍ വളറെ വ്യക്തമാണ്. മറ്റെല്ലായിടത്തുമെന്ന പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും രണ്ടു വിഭാഗം പ്രവര്‍ത്തകരുണ്ട്. ഒരു വിഭാഗം ഓമനക്കുട്ടനെ പോലെ എല്ലാം പാര്‍ട്ടിക്ക് നല്‍കി, പാര്‍ട്ടിയുടെ മാറ്റങ്ങളൊന്നും കാണാതെ, പാര്‍ട്ടിയാണ് തന്റെ എല്ലാമെന്നു വിശ്വസിക്കുന്നു. മറുവശത്ത് സമൂഹത്തിലെന്നപോലെ പാര്‍ട്ടിക്കകത്തും തടിച്ചു കൊഴുത്ത അധികാരി വര്‍ഗ്ഗം. സ്വാഭാവികമായം ആദ്യവിഭാഗത്തില്‍ ഭൂരിഭാഗവും ദരിദ്രരും ദളിതരും തന്നെ. രണ്ടാം വിഭാഗം ഭൂരിഭാഗവും മറിച്ചും.

‘കുട്ടിക്കാലം മുതലേ നിരവധി പൊക്കന്മാരെയും ഓമനക്കുട്ടന്മാരെയും കണ്ടു വളര്‍ന്നു എന്നതു മാത്രമാണ് എഴുത്തുകാരന്‍ എന്ന നിലക്ക് എന്റെ കൈ മുതല്‍. പിന്നീട് പത്തു വര്‍ഷക്കാലം പാര്‍ട്ടിപ്രവര്‍ത്തകനായിരുന്ന സമയത്ത് അവരെയെല്ലാം അടുത്തറിഞ്ഞു. അവര്‍ക്കൊപ്പം അലഞ്ഞു. അവരുടെ വീടുകളില്‍ താമസിച്ചു. ബീഡിത്തൊഴിലാളിയായിരുന്ന സഖാവ് മൊയ്തിന്‍ കുഞ്ഞിനെപ്പറ്റി ഞാന്‍ ആവര്‍ത്തിച്ച് എഴുതിയിട്ടുണ്ട്. കാട്ടൂര്‍ മധുരംപുള്ളിയിലെ സഖാവ് സി.ജി.രാമന്‍, താമിസഖാവ്, ഹോച്ചിമിന്‍ കുമാരേട്ടന്‍, കെ.ആര്‍.വാസുവേട്ടന്‍, ശിവരാമേട്ടന്‍, ടി.കെ.ബാലന്‍ ………… എന്നിങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര സഖാക്കള്‍. പലരൂപത്തില്‍ പലഭാവത്തില്‍ അവര്‍ എന്റെ കഥകളിലേക്ക് കയറി വന്നിട്ടുണ്ട്. ‘കറപ്പന്‍’ എന്ന നോവല്‍. ‘കാട്ടൂര്‍ക്കടവിലെ കല്‍പ്പണിക്കാരന്‍’ എന്ന കഥ. ‘മലമുകളിലെ വെളിച്ച’ത്തിലെ ചന്തുക്കുട്ടി തുടങ്ങി ‘ജലജീവിത’ത്തിലെ ചെത്തുതൊഴിലാളി കുമാരേട്ടന്‍ തുടങ്ങി ‘അര്‍ജന്റിനാ ഫാന്‍സി’ലെ വാളവേട്ടക്കാരനും പാര്‍ട്ടിസെക്രട്ടറിയുമായ കെ.ആര്‍ എന്ന കരുവാറെ രാമേട്ടന്‍ വരെ. അവരുടെയൊക്കെ ജീവിതം പകര്‍ത്തുന്നതിനു വേണ്ടിയാണ് നിലപാടിന്റെ പേരിലുള്ള അവഗണനകള്‍ സഹിച്ചും ബഹിഷ്‌ക്കരണങ്ങളെ അതിജീവിച്ചും ഞാന്‍ എഴുത്തിന്റെ രംഗത്ത് തുടരുന്നത്.

എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറിയുമായ ശ്രീ അശോകന്‍ ചെരുവിലിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ നിന്നുള്ള ഭാഗമാണിത്. തീര്‍ച്ചയായും ഒറ്റ നോട്ടത്തില്‍ ശരിയെന്നു തോന്നുന്ന അഭിപ്രായം. പക്ഷെ യാഥാര്‍ത്ഥ്യമെന്താണ്? ഏറ്റവും പ്രസക്തമായ ചോദ്യത്തെ – നിങ്ങള്‍ ഓമനക്കുട്ടന്മാര്‍ക്കൊപ്പമോ ജി സുധാകരന്മാര്‍ക്കൊപ്പമോ – അഭിമുഖീകരിക്കാന്‍ അശോകന്‍ തയ്യാറാകുന്നില്ല.
തന്റെ പല കഥകളേയും കഥാപാത്രങ്ങളേയും അശോകന്‍ ഉദ്ധരിക്കുന്നുണ്ട്. നല്ലത്. എന്നാല്‍ അദ്ദേഹം ഉദ്ധരിക്കാത്ത കഥാപാത്രങ്ങളും ആ കഥകളിലുണ്ട്. പല കഥകളിലും ഓമനക്കുട്ടന്മാര്‍ മാത്രമല്ല, സുധാകരന്മാരുമുണ്ട്. അതേകുറിച്ച് പറയാതെ എങ്ങനെയാണ് ഓമനക്കുട്ടനുമായുണ്ടായ വിവാദത്തിന് മറുപടിയാകുക? മലമുകളിലെ വെളിച്ചം എന്ന ചെറുകഥയിലെ പാര്‍ട്ടി ചിന്തകനും പ്രാസംഗികനും ട്രേയ്ഡ് യൂണിയവന്‍ നേതാവുമായിരുന്ന റിട്ടയേര്‍ഡ് രജിസ്റ്റാറിനെ ഓര്‍മ്മയുണ്ടേ? സര്‍ക്കാര്‍ ജീവനക്കാര്‍ കൂടിയായ പാര്‍ട്ടി ബുദ്ധിജീവികള്‍ക്ക് വന്നു കൊണ്ടിരിക്കുന്ന പരിണാമമാണ് കഥയുടേ പ്രമേയം. രജിസ്റ്റാര്‍ ഓഫീസില്‍ ജീവനക്കാരനായിരുന്ന അശോകനു അത് കൃത്യമായി അറിയാം. കാറും സുഖസൗകര്യങ്ങളും ക്ഷേത്രദര്‍ശനവുമൊക്കെ കോളേജധ്യാപികയായ ഭാര്യയുടെ നിര്‍ബന്ധത്തിന്റെ പേരില്‍ അയാള്‍ക്ക് പഥ്യമാകുന്നു. അതിനെല്ലാം തടസ്സമായിരുന്നത് കറകളഞ്ഞ പാര്‍ട്ടി വിശ്വാസിയും ഇഎംഎസ് അടക്കമുള്ളവരെ ഒളിവില്‍ പാര്‍പ്പിച്ചിട്ടുമുള്ള ഡ്രൈവറായിരുന്നു. ഭാര്യയുടെ നിര്‍ബന്ധത്തില്‍ അയാളെകൂടി പിരിച്ചവിട്ടതോടെ അയാള്‍ തികച്ചും സ്വതന്ത്രനാകുന്നു. ഈ ചിന്തകനും ഡ്രൈവറും തന്നെയല്ലേ സുധാകരനും ഓമനക്കുട്ടനും?
പ്ലാശ്ശേരിയിലെ കടവ് എന്ന ചെറുകഥയോ? പാര്‍ട്ടിയുടെ ഇപ്പോഴത്തെ ഒരു ടിപ്പിക്കല്‍ നേതാവിന്റെ രാഷ്ട്രീയ ഗുരുവാണ് മാഷ്. നിരവധി തവണ ജയില്‍ വാസമനുഭവിക്കുകയും മര്‍ദ്ദനങ്ങളെ നെഞ്ചുവിരിച്ച് സ്വീകരിക്കുകയും ചെയ്ത, പാര്‍ട്ടിക്കുവേണ്ടി മാത്രം ജീവിച്ച മുന്‍തലമുറയിലെ ധീരനായ സഖാവാണ് മാഷ്. തിരിച്ചുവന്ന നേതാവ്, മാഷെ തേടിയെത്തുന്നതാണ് കഥയുടെ പ്രമേയം. അയാള്‍ കാണുന്നത് തകര്‍ന്നു തരിപ്പണമായ മാഷിന്റെ കുടുംബമാണ്. പാര്‍ട്ടിയുടേയും സമൂഹത്തിന്റേയും മൂല്യത്തകര്‍ച്ചയെ മാഷ് അതിജീവിക്കുന്നത് മദ്യപാനത്തിലൂടെയാണ്. പ്രസ്ഥാനത്തിനുവേണ്ടി തകര്‍ന്ന മാഷുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്നു നേതാവ്. ഇവരിരുവരും ആരുടെയൊക്കെ പ്രതീകങ്ങളാണ്?
കാര്യങ്ങള്‍ വളറെ വ്യക്തമാണ്. മറ്റെല്ലായിടത്തുമെന്ന പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും രണ്ടു വിഭാഗം പ്രവര്‍ത്തകരുണ്ട്. ഒരു വിഭാഗം ഓമനക്കുട്ടനെ പോലെ എല്ലാം പാര്‍ട്ടിക്ക് നല്‍കി, പാര്‍ട്ടിയുടെ മാറ്റങ്ങളൊന്നും കാണാതെ, പാര്‍ട്ടിയാണ് തന്റെ എല്ലാമെന്നു വിശ്വസിക്കുന്നു. മറുവശത്ത് സമൂഹത്തിലെന്നപോലെ പാര്‍ട്ടിക്കകത്തും തടിച്ചു കൊഴുത്ത അധികാരി വര്‍ഗ്ഗം. സ്വാഭാവികമായം ആദ്യവിഭാഗത്തില്‍ ഭൂരിഭാഗവും ദരിദ്രരും ദളിതരും തന്നെ. രണ്ടാം വിഭാഗം ഭൂരിഭാഗവും മറിച്ചും. കേരളത്തില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തില്‍ ഞാന്‍ മുന്നില്‍ നില്‍ക്കാമെന്നു പറഞ്ഞ് ദളിത് സ്ത്രീയായ മാലയില്‍ നിന്ന് കൊടി പിടിച്ചുവാങ്ങി മുന്നില്‍ നിന്നവരുടെ തുടര്‍ച്ചക്കാരാണ് ഇന്നു പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാലാണ് എത്രയോ രൂക്ഷമായ വാര്‍ത്തകളുണ്ടായിട്ടും രണ്ടാം വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ എന്തു തന്ത്രവും മെനയാറുള്ള പാര്‍ട്ടി, മാധ്യമവാര്‍ത്തയുടെ പേരില്‍ വിശദീകരണം പോലും ചോദിക്കാതെ ഓമനക്കുട്ടനെ സസ്‌പെന്റ് ചെയ്തതും പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ കേസെടുത്തതും. എന്നിട്ടും നിസ്വാര്‍ത്ഥനായ ഓമനക്കുട്ടന്‍ പറയുന്നു, പാര്‍ട്ടി പറയുന്നതിനപ്പും തനിക്കൊന്നുമില്ലെന്ന്. പാര്‍ട്ടിയെ നയിക്കുന്നത് തന്റെ വര്‍ഗ്ഗമല്ല എന്നതുപോലും ഒാമനക്കുട്ടന്‍ തിരിച്ചറിയുന്നില്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കുന്ന അശോകന്‍ തന്റെ കൃതികളോടുപോലും അനീതിയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ പാര്‍ട്ടി നേതൃത്വത്തേയും സര്‍ക്കാരിനേയും അദ്ദേഹം ശക്തമായി വിമര്‍ശിക്കുമായിരുന്നു. എന്നാല്‍ അദ്ദഹവും അതുപോലുള്ള ആയിരങ്ങളും വിമര്‍ശിച്ചത് സ്വകാര്യസ്ഥാപനങ്ങളായ മാധ്യമങ്ങളെയാണ്. മാത്രമല്ല, സമാനമായ രീതിയില്‍ ക്യാമ്പിലേക്ക് അടിവസ്ത്രം വേണമെന്നാവശ്യപ്പെട്ട ദളിത് പ്രവര്‍ത്തകന്‍ രഘു ഇരവിപുരത്തിനോ അട്ടപ്പാടിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ ഊര്‍ജ്ജിതമല്ലെന്നു പറഞ്ഞതിനു കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സുരേഷ് ലിങ്കനെന്ന ആദിവാസി വിദ്യാര്‍ത്ഥിക്കോ വേണ്ടി ഇവരില്‍ ബഹുഭൂരിഭാഗവും ശബ്ദിച്ചില്ല.
വലിയൊരു തമാശ കൂടി കൂട്ടി ചേര്‍ത്താണ് അശോകന്‍ തന്റെ പോസ്റ്റവസാനിപ്പിക്കുന്നത്. ഇവരുടെയൊക്കെ ജീവിതം പകര്‍ത്തുന്നതിനു വേണ്ടിയാണ് നിലപാടിന്റെ പേരിലുള്ള അവഗണനകള്‍ സഹിച്ചും ബഹിഷ്‌ക്കരണങ്ങളെ അതിജീവിച്ചും ഞാന്‍ എഴുത്തിന്റെ രംഗത്ത് തുടരുന്നതെന്നാണത്. എന്തു ബഹിഷ്‌കരണമാണ് അശോകന്‍ നേരിടുന്നതെന്നറിയില്ല. പാര്‍ട്ടിക്കാരനായതിനാല്‍ 5 വര്‍ഷം പി എസ് സി അംഗമായ അദ്ദേഹം ഇന്ന് പുകസ സെക്രട്ടറിയാണ്. തന്റെ കഥകളില്‍ പലപ്പോഴും സൂചന നല്‍കുന്ന, പാര്‍ട്ടിക്കകത്തെ ഈ രണ്ടു ധാരകളെ കുറിച്ച്, വളരെ പ്രസക്തമായ ഈ സമയത്തെങ്കിലും പരസ്യമായി പറയാന്‍ അശോകന് ധൈര്യമുണ്ടോ? എങ്കില്‍ ചിലപ്പോള്‍ ബഹിഷ്‌കരണം ഉണ്ടായെന്നു വരാം. എന്നാല്‍ അവിടെയൊന്നും എത്താന്‍ അശോകനും കൂട്ടര്‍ക്കുമാവില്ല എന്നുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply