സാമൂഹ്യമാധ്യമങ്ങളേയും കൈപിടിയിലൊതുക്കാന്‍ കേന്ദ്രനീക്കം

സാമൂഹ്യമാധ്യമങ്ങളില്‍ മാത്രമല്ല, എവിടെയായാലും വ്യാജവാര്‍ത്താ പ്രചരണം, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം തുടങ്ങിയവ നിയന്ത്രിക്കാന്‍ ഇന്നു വേണ്ടുവോളം നിയമങ്ങളുണ്ട്. അവ ശരിയായ രീതിയില്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്യേണ്ടത്.

സമൂഹ മാധ്യമങ്ങളെ കൈപിടിയിലൊതുക്കാനുള്ള  കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതിനായി ജനുവരി 15നകം പുതിയ നിയന്ത്രണങ്ങള്‍ കൊണ്ട് വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ്. വ്യാജവാര്‍ത്താ പ്രചരണം, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിനാണ് പുതിയ നിയമങ്ങള്‍ കൊണ്ടു വരുന്നതെന്നാണ് കേന്ദ്രവിശദീകരണം. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് നേരത്തെ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പെടുത്തണമെന്ന ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രിംകോടതി ഇപ്രകാരം ആവശ്യപ്പെട്ടത്.
തീര്‍ച്ചയായും ഒരു ജനാധിപത്യസംവിധാനത്തിലെ എല്ലാ മേഖലകളിലും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് ഇടപെടാം. എന്നാലത് ഏറ്റവും കുറഞ്ഞ രീതിയിലായിരിക്കണം. ജനങ്ങള്‍ക്ക് പരമാവധി സ്വാതന്ത്ര്യം ലഭിക്കുന്ന സര്‍ക്കാരാണ് യഥാര്‍ത്ഥ ജനാധിപത്യ സര്‍ക്കാര്‍. സാമൂഹ്യമാധ്യമങ്ങളില്‍ മാത്രമല്ല, എവിടെയായാലും വ്യാജവാര്‍ത്താ പ്രചരണം, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം തുടങ്ങിയവ നിയന്ത്രിക്കാന്‍ ഇന്നു വേണ്ടുവോളം നിയമങ്ങളുണ്ട്. അവ ശരിയായ രീതിയില്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്യേണ്ടത്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതാണോ എന്നു സംശയിക്കുന്നത് സ്വാഭാവികം മാത്രം. രാജ്യവിരുദ്ധ പ്രചാരണം എന്ന പ്രയോഗം തന്നെ നോക്കുക. സംഘപരിവാര്‍ ശക്തികള്‍ അധികാരത്തിലെത്തിയശേഷം എന്താണ് സംഭവിക്കുന്നത്? രാജ്യമെന്നാല്‍ ഭരണപാര്‍ട്ടിയാണെന്നാണ് അവര്‍ സമര്‍ത്ഥിക്കുന്നത്. അതിനാല്‍ തന്നെ ഭരണപാര്‍ട്ടിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. പാര്‍ട്ടിയെ മാത്രമല്ല, അവര്‍ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രീയത്തെ വിമര്‍ശിക്കുന്നതും രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടുന്നു. കൂടാതെ ഈ പാര്‍ട്ടിതന്ന നേതാവിലേക്കു ചുരുങ്ങുന്നു. ആ നേതാവിനെ വലിമര്‍ശിക്കുന്നതുപോലും രാജ്യദ്രോഹമാകുന്നു. സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുന്നതും രാജ്യദ്രോഹമാകുന്നു. കാശ്മീര്‍, ആസാം സംഭവവികാസങ്ങളെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതു തന്നെ അവസാനത്തെ ഉദാഹരണം. രാജ്യദ്രോഹികള്‍ക്ക് സ്വകാര്യത ആവശ്യമില്ലെന്നാണ് തുടര്‍വിശദീകരണം. ചുരുക്കത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സര്‍ക്കാരിനേയും പാര്‍ട്ടിയേയും നേതാവിനേയും വിമര്‍ശിക്കുന്നവരുടെ വായമൂടികെട്ടാനാണ് പൂതിയ നീക്കമെന്നതില്‍ ഒരു സംശയവുമില്ല. അതംഗീകരിക്കുക എന്നാല്‍ ജനാധിപത്യത്തെ കുഴിച്ചുമൂടുക എന്നു തന്നെയാണര്‍ത്ഥം.
സത്യത്തില്‍ സോഷ്യല്‍ മീഡിയയിലെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായി ഭരണകൂടം നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തി വിജയിച്ച ചരിത്രമാണ് ഇവര്‍ മറക്കുന്നത്. കൊടുങ്ങല്ലൂരിലെ മനുഷ്യാവകാശപ്രവര്‍ത്തകനായ അഡ്വ അനൂപ് കുമാരന്റെ നേതൃത്വത്തില്‍ നടന്ന നിയമയുദ്ധം തന്നെ ഉദാഹരണം. സോഷ്യല്‍ മീഡിയകളിലുടെ ചെയ്യുന്ന പോസ്റ്റുകളോ കമന്റുകളോ വെറും ലൈക്കുകള്‍ തന്നെയോ മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടോ ശല്യമോ ആയി തോന്നിയാല്‍ പോലും സ്ഥലം പോലീസ് സ്റ്റേഷനില്‍ പരാതികൊടുക്കാനും എസ്ഐക്ക് അറസ്‌റ് ചെയ്തു ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി 3 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കേസ് രജിസ്റ്റര്‍ചെയ്യാനും കഴിയുമായിരുന്നു. എന്നാല്‍ ഇതേകാര്യം തന്നെ പത്രത്തിലൂടെയോ പോസ്റ്റര്‍ ഒട്ടിച്ചോ, നോട്ടീസ് അടിച്ചു വിതരണം ചെയ്‌തോ, ഫ്‌ളക്‌സ് വച്ചോ ചെയ്താല്‍ അപമാനിതനായ വ്യക്തിക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് ക്രിമിനല്‍ കോടതിയില്‍ നേരിട്ടു പരാതി കൊടുക്കുകയായിരുന്നു. സംശയത്തിനിടയില്ലാത്തവിധം കോടതിക്കു ബോധ്യപെട്ടാല്‍ മാത്രമാണ് പ്രതിക്കെതിരെ നടപടി സ്വീകരിക്കുക. ഒരേകാര്യം വിത്യസ്ത മാധ്യമങ്ങളില്‍കൂടി ചെയ്യുമ്പോള്‍ രണ്ടുതരം ശിക്ഷയായിരുന്നു എന്നര്‍ത്ഥം. അതിനെതിരെയയായിരുന്നു നിയമയുദ്ധം നടന്നത്.
സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയില്‍ പാസാക്കിയ നിയമമാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000. ഈ നിയമത്തിന് ഒരു ഭേദഗതി എ.രാജ കേന്ദ്ര ഐ ടി വകുപ്പ് മന്ത്രിയായിരിക്കെ കൊണ്ടുവരികയും യാതൊരു ചര്‍ച്ചയും കൂടാതെ ലോകസഭ അത് പാസാക്കുകയുംചെയ്തു. അതാണ് ഐ ടി ആക്ട് സെക്ഷന്‍ 66 എ എന്ന കരിനിയമം. ഇതുപയോഗിച്ചാണ് സോഷ്യല്‍ മീഡിയയിലെ മുഴുവന്‍ വിമര്‍ശനങ്ങളെയും ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നത്. അതനുസരിച്ച് 3 വര്‍ഷം വരെ ശിക്ഷ ലഭിക്കാം. സമാനമായ നിയമം നിലനിന്നിരുന്ന യു കെയില്‍ അത് പൗരന്റെ വ്യക്തിസ്വാതന്ത്ര്യമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അതുകൊണ്ട് നിലനില്‍ക്കുകയില്ലയെന്നും അവിടുത്തെ പരമോന്നത നീതിപീഠം 2006ല്‍ വിധിച്ചിരുന്നു. ഇവിടേയും നമ്മുടെ ഭരണഘടനയുടെ മൗലികാവകാശങ്ങളിളുടെ ലംഘനമാണ് ഈ കരിനിയമം എന്നു ചൂണ്ടികാട്ടിയായിരുന്നു കേസ് വാദിച്ചത്. കൊടുങ്ങല്ലൂരില്‍ ക്രാഫ്റ്റ് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനത്തിനു വേണ്ടിയുള്ള സമരവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റില്‍ ലൈക്ക് ചെയ്ത യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷായെയും കൊടുങ്ങല്ലൂരിലെ മനുഷ്യാവകാശപ്രവര്‍ത്തകനും അഭിഭാഷകനുമായ അനൂപ് കുമാരനേയും ആക്ട് സെക്ഷന്‍ 66 എ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടുകയായിരുന്നു. കൂടാതെ മലയാള മനോരമ പത്രത്തിന്റെ പ്രാദേശിക ലേഖകന്‍ കൊടുത്ത ഫേസ്ബുക്ക് പരാമര്‍ശത്തില്‍ അധിഷ്ഠിതമായ പരാതിയിലും കേരള പോലീസ് ആക്ട് 118 ഡി പ്രകാരം അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അനൂപ് ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ് മുതലായ സോഷ്യല്‍ മീഡിയകളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളായ ആര്‍ട്ടിക്കിള്‍ 14, 19(1)a, 21 എന്നിവയുടെ ലംഘനമാണ് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 66 എ, കേരള പോലീസ് ആക്ട് 118 ഡി എന്നി വകുപ്പുകള്‍ എന്നും അതുകൊണ്ട് ഈ വകുപ്പുകള്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജ്ജിയില്‍ ആവശ്യപെട്ടത്. ഇതടക്കം പല ഹര്‍ജികളും ഒരുമിച്ച് കേട്ട സുപ്രീംകോടതി അതംഗീകരിക്കുകയും രണ്ടും റദ്ദാക്കുകയുമായരുന്നു. ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളിലോന്നാണ് ഈ വിധി. വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്രത്തെ നിയമം മൂലം നിരോധിക്കാന്‍ ഇന്ത്യന്‍ നിയമനിര്‍മാണസഭകള്‍ക്ക് സാധ്യമല്ലെന്നും അതിനു കൂട്ടുനില്‍ക്കാന്‍ ഇന്ത്യന്‍ ജുഡിഷ്യറിയെ കിട്ടില്ലെന്നും തെളിയിക്കുന്നതാണ് ഈ വിധി. അത് അട്ടിമറിക്കാനാണ് ഇപ്പോള്‍ വീണ്ടും സര്‍ക്കാര്‍ ശ്രമിക്കുന്നത്.

[widgets_on_pages id=”wop-youtube-channel-link”]

മുകളില്‍ സൂചിപ്പിച്ച പോലെ മറ്റെല്ലാ മാധ്യമങ്ങളിലേയും തെറ്റായ പ്രവണതകളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും വേണ്ടിവരും. പലപ്പോഴും മറ്റു മാധ്യമങ്ങലേക്കാള്‍ മോശമായും ഇവ അധപതിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം അതല്ല എന്നവരുടെ നിലപാടുകള്‍ തന്നെ വ്യക്തമാക്കുന്നു. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോഗത്തിലുണ്ടായ വളര്‍ച്ച ചിന്തിക്കാവുന്നതിനുമപ്പുറം തടസമുണ്ടാക്കുന്നെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയോട് പറഞ്ഞത്. ഇന്റര്‍നെറ്റ് ജനാധിപത്യത്തിന് ഭീഷണിയാവുകയാണെന്നും അതിനാല്‍ തന്നെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യു ടൂബ് മുതലായ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള അവകാശം വേണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. രാജ്യത്തിന്റെ വികസനം, അഖണ്ഡത, സുരക്ഷ എന്നിവക്ക് പ്രതികൂലമാകുന്ന പ്രചാരണങ്ങള്‍ക്ക് തടവ് ശിക്ഷയും പിഴയുമടക്കം നടപ്പാക്കണമെന്നും സര്‍ക്കാര്‍ പറഫയുമ്പോല്‍ അതെല്ലാം ലക്ഷ്യം വെക്കുന്നത് എന്തിനെയാണെന്നു മനസ്സിലാക്കാന്‍ സാമാന്യ രാഷ്ട്രീയബോധം മാത്രം മതി. അതെല്ലാമംഗീകരിക്കുക എന്നാല്‍ ജനാധിപത്യവും മനുഷ്യാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും കുഴിച്ചുമൂടുക എന്നുതന്നെയാണര്‍ത്ഥം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply