പ്രവാസത്തിന്റെ നൂറ്റാണ്ട് കഴിയുമ്പോള്‍…..

ബ്രിട്ടീഷ് കോളനി ഭരണവും അതിനോട് ഒട്ടിനില്‍ക്കുന്ന ജന്മിവാഴ്ചയും അതിന്റെ മൂര്‍ധന്യത്തില്‍ പൊട്ടിപ്പുറപ്പെട്ട ഒന്നും രണ്ടും ലോകയുദ്ധങ്ങളുമാണ് കേരളനാടിനെ വൈലോപ്പിള്ളി എഴുതിയ വിധം ദരിദ്രമാക്കി മാറ്റിയത്. എന്നു വെച്ചാല്‍ നാട്ടില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാത്ത വണ്ണം തൊഴിലില്ലായ്മ അതിരൂക്ഷമാക്കിത്തീര്‍ത്തത്. വൈലോപ്പിളളി അതില്‍ പറയുന്നത് ‘ നിറന്നിരിക്കിലും ദരിദ്രമീ നാട് എന്നാണ്. എവിടെയും നല്ല പച്ചപ്പുണ്ട്. പുഴകളും കായലുകളുമുണ്ട്. ടൂറിസത്തിന്റെ ഭാഷയില്‍ ഇതാണാ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി! അഥവാ ‘അതിഥികള്‍ക്കിവള്‍ അമരലോകം.’ എന്നാല്‍ നാട്ടുകാര്‍ക്ക് തൊഴിലും കഞ്ഞിയും തരാത്തവള്‍ എന്ന് ഈ നാടിനെ ആസാംപണിക്കാര്‍ അന്നേ അവരുടെ തീവണ്ടിപ്പാട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട് – കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസം ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോള്‍ ഒരു വിചിന്തനം..

പണ്ട് ആസ്സാമില്‍ പണിക്ക് പോയിട്ട് മടങ്ങിവന്ന മലയാളികള്‍ തീവണ്ടിയിലിരുന്ന് കേരള നാടിനെപ്പറ്റി ഒരുമിച്ച് പാടുകയാണ്. ‘തീവണ്ടി കുതിച്ചും കിതച്ചും പായുമ്പോള്‍ അവരുടെ ഹൃദയം അതിലും വേഗത്തില്‍ നാട്ടിലെത്താന്‍ മിടിക്കുന്നുണ്ട്. തുരുതുരെ കൊക്കു പറക്കുന്ന പാടങ്ങളും, മണി കിലുങ്ങുന്ന കുന്നുകളും, മുടി വിടര്‍ത്തിയാടുന്ന കവുങ്ങുകളും, അതിനിടയില്‍ പുഞ്ചിരി പൊഴിക്കുന്ന വീടുകളും, മാമ്പൂക്കള്‍ വീണ വഴികളും കാണാന്‍ അവര്‍ വെമ്പല്‍ കൊള്ളുന്നു.’

ജനിച്ച നാടുവിട്ട് ആസ്സാമിലേക്ക് വണ്ടി കയറാന്‍ അവര്‍ക്ക് മനസ്സുണ്ടായിരുന്നില്ല. രണ്ടു ലോക യുദ്ധങ്ങള്‍ സ്വന്തം നാടിനെ നരകമാക്കി മാറ്റിയിരിക്കുന്നു. ഇവിടെ നിന്നാല്‍ പട്ടിണി കിടന്നു ചത്തു പോകും. അപ്പോഴാണ് രണ്ടാം ലോകയുദ്ധത്തില്‍ പട്ടാളപ്പാളയങ്ങളുണ്ടാക്കാന്‍ ആസ്സാമിലേക്ക് പണി കിട്ടിയത്. അവിടെ ഒരു വിധം കഴിഞ്ഞെങ്കിലും മനസ്സെല്ലാം ഇവിടെത്തന്നെയായിരുന്നു. ഒരു തെങ്ങു കണ്ടാല്‍, വെളുത്ത തുണി കണ്ടാല്‍ അപ്പോള്‍ നാട് മനസ്സിലേക്കു ഓടിവരും. പിന്നെ, നാട്ടിലേക്ക് തിരികെ വരുന്ന നാളുകളെണ്ണിയിരിക്കും. ഇപ്പോള്‍ ഇതാ തിരികെ വരുന്നു. ഇവിടെ, ഈ നാട്ടില്‍ സ്‌നേഹിക്കാന്‍, ഇവിടെ ആശിപ്പാന്‍, ഇവിടെ ദു:ഖിപ്പാന്‍ കഴിയുന്നതാണ് ഞങ്ങള്‍ക്കു സുഖം. അതിലും മീതെ മറ്റെന്ത്?

രണ്ടാം ലോകയുദ്ധ കാലത്താണ് ആസ്സാം പണിക്കാര്‍ എന്ന കവിത വൈലോപ്പിള്ളി എഴുതുന്നത്. എന്നാല്‍ ഇന്ന്, ഒരു മൂന്നാം ലോകയുദ്ധമെന്ന പോലെ, ലോകമാകെ കോവിഡിനോട് പടപൊരുതുമ്പോള്‍, തൊഴില്‍ തേടിപ്പോയ പ്രവാസികള്‍ കേരളത്തിലേക്ക് തിരിച്ചു വരാന്‍ ‘നോര്‍ക്ക ‘യില്‍ പേരു രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ അന്ന് ആസ്സാം പണിക്കാര്‍ പാടിയത് എല്ലാവരും ഏറ്റു പാടുന്നു.

‘ഇവിടെ ഞങ്ങള്‍ക്കീപ്പഴയ മണ്ണില്‍ത്താ-
നിനിയും ജീവിതം പടുത്തുകില്‍ പോരും.’

ബ്രിട്ടീഷ് കോളനി ഭരണവും അതിനോട് ഒട്ടിനില്‍ക്കുന്ന ജന്മിവാഴ്ചയും അതിന്റെ മൂര്‍ധന്യത്തില്‍ പൊട്ടിപ്പുറപ്പെട്ട ഒന്നും രണ്ടും ലോകയുദ്ധങ്ങളുമാണ് കേരളനാടിനെ വൈലോപ്പിള്ളി എഴുതിയ വിധം ദരിദ്രമാക്കി മാറ്റിയത്. എന്നു വെച്ചാല്‍ നാട്ടില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാത്ത വണ്ണം തൊഴിലില്ലായ്മ അതിരൂക്ഷമാക്കിത്തീര്‍ത്തത്. വൈലോപ്പിളളി അതില്‍ പറയുന്നത് ‘ നിറന്നിരിക്കിലും ദരിദ്രമീ നാട് എന്നാണ്. എവിടെയും നല്ല പച്ചപ്പുണ്ട്. പുഴകളും കായലുകളുമുണ്ട്. ടൂറിസത്തിന്റെ ഭാഷയില്‍ ഇതാണാ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി! അഥവാ ‘അതിഥികള്‍ക്കിവള്‍ അമരലോകം.’ എന്നാല്‍ നാട്ടുകാര്‍ക്ക് തൊഴിലും കഞ്ഞിയും തരാത്തവള്‍ എന്ന് ഈ നാടിനെ ആസാംപണിക്കാര്‍ അന്നേ അവരുടെ തീവണ്ടിപ്പാട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

3 ലക്ഷത്തില്‍ കുറയാതെ ആളുകള്‍ ഗള്‍ഫില്‍ നിന്ന് മാത്രം ഈ പഴയ മണ്ണിലേക്ക് വന്നു ചേരുമെന്നാണ് പ്രവാസത്തൊഴില്‍ ഗവേഷകന്‍ ഡോ. ഇരുദയരാജന്‍ പറയുന്നത്. ഇതില്‍ കുറേപ്പേരെങ്കിലും ഇനി ഇവിടെ തന്നെ ജീവിതം പടുക്കാന്‍ നോക്കും. അതില്‍ നല്ലൊരു പങ്കും കൃഷിയിലേക്കു വന്നു കൂടായ്കയില്ല. അങ്ങനെ ഒരു നൂറ്റാണ്ടായി നടന്ന തൊഴില്‍ കുടിയേറ്റത്തിന്, അതിന്റെ നെറുകയില്‍ നിന്നുള്ള താഴോട്ടറിക്കത്തിന് കൂനിന്മേല്‍ കുരുവെന്ന പോലെ, വേഗം കൂടിയിരിക്കുന്നു. കയറ്റം സമയമെടുത്തായിരുന്നെങ്കില്‍ ഇറക്കം ചടുലവും അനിയന്ത്രിതവുമാകും.

സത്യത്തില്‍ ഒരു നൂറ്റാണ്ടുകൊണ്ട് കയറ്റവും തുടര്‍ന്നുള്ള ഇറക്കവും ചേര്‍ന്ന് ഈ യന്ത്രക്കളി കറക്കം അവസാനിക്കുകയാണോ? കേരള സമൂഹം നാലഞ്ച് തലമുറകളിലായി അന്യദേശങ്ങളിലേക്ക് അന്നം തേടി പോയതിന്റെ ഒരു വൃത്തം പൂര്‍ത്തിയാകാന്‍ കൊറോണയോടുള്ള ഈ മൂന്നാം ലോകയുദ്ധം കാരണമാകുമോ?

നാടുവിട്ട നായകന്മാര്‍

ഇന്ദുലേഖ നോവലിലെ നായകന്‍ മാധവനാണ് ജന്മിത്തറവാട്ടില്‍ നിന്ന് ജന്മിത്തത്തിന് ഇനി ബാല്യമില്ലെന്ന് മുന്‍കൂട്ടി കണ്ട് മദിരാശിയിലേക്ക് വണ്ടി കയറിയത്. അയാള്‍ നായിക ഇന്ദുലേഖയേയും അങ്ങോട്ട് കൊണ്ടുപോയി. പഴയ പ്രതാപങ്ങള്‍ തകര്‍ന്നു തുടങ്ങിയെന്ന് തിരിച്ചറിഞ്ഞ പല ജന്മിമാരും മുങ്ങുന്ന കപ്പലില്‍ നിന്ന് ഇതേവിധം ചാടിക്കടന്നു. പിന്നാലെ ഇടത്തരം കുടിയാന്മാരും, പഴയ പ്രൗഢി പുതിയ ജനാധിപത്യത്തില്‍ സാധ്യമാകില്ലെന്നറിഞ്ഞ് വയലും പറമ്പും ഒക്കെ കൈവിട്ട് കേരളത്തോട് വിട ചൊല്ലി. 19 -ാം നൂറ്റാണ്ടിന്റെ അവസാനമാണ് (1889) മാധവന്‍ വടക്കേ മലബാറില്‍ നിന്ന് നാടുവിട്ടതെങ്കില്‍, അരനൂറ്റാണ്ടിലേറെ കഴിഞ്ഞ് നാലുകെട്ടിലെ (1958) നായകന്‍ അപ്പുണ്ണിയും, തറവാട്ടുപാടവും നിളാതീരത്തെ വേനല്‍ക്കാല പച്ചക്കറി കൃഷിയും കൈവിട്ട്, മാന്യമായി ജീവിക്കാന്‍ വേണ്ടി തെക്കേ മലബാറില്‍ നിന്ന് നാടുവിട്ട് സായിപ്പിന്റെ ചായത്തോട്ടത്തിലെ മേല്‍നോട്ടക്കാരനായി.

പാടവും പറമ്പും, പണിയെടുപ്പിക്കാന്‍ ആളില്ലാതെ വിണ്ടുകീറി ഉറച്ചു കിടന്നപ്പോള്‍, വയല്‍ നോക്കി നടത്തി പാട്ടം കൊടുത്ത്, ബാക്കി നെല്ല് കൊണ്ട് കഴിഞ്ഞുകൂടിയിരുന്നവരായ വെറും കുടിയാന്മാര്‍ ഗതി കിട്ടാത്തവരായി. അവര്‍ക്ക് തുണയായത് അറേബ്യന്‍നാടുകളായിരുന്നു. ഇവിടെ കിടന്ന് മരിക്കുന്നതിനു മുമ്പ് അവര്‍ ഊരുവില്‍ കയറി കടലിലേക്ക് എടുത്തു ചാടി നീന്തി അക്കരെയെത്തി. അങ്ങനെ പരശുരാമനു ശേഷം അറബിപ്പൊന്നെറിഞ്ഞ് പുതിയൊരു കേരളമുണ്ടായി. മച്ചിയെപ്പോലെ വെറുതേ കിടന്ന വയലേലകള്‍ക്കു മുകളില്‍ ബേക്കറികളും ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളും ആശുപത്രി വിദ്യാലയങ്ങളും നെടുമ്പാശ്ശേരിയും ഉയര്‍ന്നു വന്നു. അങ്ങാടികളിലേക്ക് മലഞ്ചരക്കും കപ്പയും കയറും വെറ്റിലയും ചക്കയും വെളിച്ചെണ്ണയും കോഴിമുട്ടയും എത്തിച്ച പഴയ ചരക്കു വള്ളങ്ങള്‍ മുഖം മിനുക്കി കരിമീന്‍ കറി വിളുമ്പുന്ന പുരവഞ്ചികളായി സീസണ്‍ കാത്തുകിടന്നു.

രൂപം മാറ്റിയ പച്ചപ്പുകള്‍

നെല്‍വയലുപേക്ഷിച്ച് നാലുകെട്ടിലെ അപ്പുണ്ണി ചായത്തോട്ടത്തിലെ ശമ്പളക്കാരനായപ്പോള്‍ കൃഷിയെന്നാല്‍, രക്ഷപ്പെടണമെങ്കില്‍ മാര്‍ക്കറ്റില്‍ വിദേശനാണ്യം കിട്ടുന്ന തേയിലയും റബ്ബറും വിളയുന്ന തോട്ടങ്ങളേ ആകാവൂ എന്ന് കേരളം തീരുമാനിച്ചു കഴിഞ്ഞിരുന്നു. 1877 ജൂലായ് 17നാണ് പൂഞ്ഞാര്‍ തമ്പുരാനില്‍ നിന്ന്, ഇടുക്കിയിലെ ദേവികുളം താലൂക്കിലെ നിത്യഹരിതവനങ്ങള്‍ ജോണ്‍ ഡാനിയേല്‍ മണ്‍റോ എന്ന ലണ്ടന്‍കാരന്‍, ചായത്തോട്ടങ്ങളുണ്ടാക്കാന്‍ നാമമാത്ര പാട്ടത്തിനു വാങ്ങുന്നത്. തുടര്‍ന്നങ്ങോട്ട് ഇന്ന് തോട്ടങ്ങള്‍ പലതും പൂട്ടുകയും, പണിക്കാര്‍ പെരുവഴിയിലാവുകയും, പകരം അവിടെ റിസോര്‍ട്ടുകൃഷി വിതയ്ക്കുകയും, റബ്ബറിന് വിലയിടിയുകയും ചെയ്യന്നതുവരെ പുരോഗതിയുടെ പുത്തന്‍ പാതകളെന്നു കണ്ട്, ഭൂപരിധിയില്‍ നിന്ന് ഭൂപരിഷ്‌ക്കരണ കാലത്ത് ഒഴിച്ചു നിര്‍ത്തിയ ഈ പച്ചത്തലപ്പുകളെ നാം മാതൃകകളായി കൊണ്ടാടിപ്പോന്നു. ആ വഴി സായിപ്പിന്റെ കാലടികളെ ശിരസ്സിലേറ്റി സര്‍ക്കാര്‍ ഭൂമികളും പലതരം എന്‍ഡോസള്‍ഫാന്‍ ‘പ്ലാന്റേഷനായി കയറ്റുമതി വിളകള്‍ ഉല്പാദിപ്പിച്ചു. അതോടെ കൃഷിയെന്നാല്‍ കയറ്റുമതി ചെയ്ത് പണം നേടുന്ന പുതിയ സംരംഭമായി ഉറപ്പിക്കപ്പെട്ടു.

അപ്പോള്‍ കുട്ടനാട്ടിലെ തനി ജൈവമായ പഴഞ്ചന്‍ കേശവന്‍ നായര്‍ എന്ന നെല്‍ക്കൃഷിക്കാരനും, പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല. ചാണകം തരുന്ന പശുവിനു വൈക്കോലും അഞ്ചാറുവയറുകള്‍ക്ക് നല്ല കുത്തരിക്കഞ്ഞിയും തരുന്ന അയാളുടെ പാട്ടവയല്‍, ജന്മി തിരുമുല്‍പ്പാട് തിരിച്ചെടുത്തു. അത് ഭക്ഷ്യകൃഷിയെ ഉല്പാദനക്ഷമതയുടെ പക്കാ നാണ്യവിള ബിസിനസ്സാക്കി വളര്‍ത്തിയ പുത്തന്‍ രാസവള ‘കര്‍ഷക ശ്രീ ‘ ഔതക്കുട്ടിയെ ഏല്‍പ്പിച്ചു. കേശവന്‍ നായര്‍ക്ക് അന്ന് തലയില്‍ കൈവെച്ച് കരയാനേ കഴിഞ്ഞുള്ളൂ എന്നാണ് തകഴി ശിവശങ്കരപ്പിള്ള കൃഷിക്കാരന്‍ എന്ന കഥയില്‍ പറയുന്നത്.

തകഴിയുടെ ഈ കൃഷിക്കഥ വായിച്ച് മലയാളികളാരും തന്നെ സങ്കടപ്പെട്ടു കാണില്ല. കാരണം 1970 മുതല്‍ തന്നെ ലോവര്‍ പ്രൈമറിയിലെ കേരള മലയാള പാഠാവലിയില്‍ ‘രണ്ടു കൃഷിക്കാര്‍ ‘ എന്ന പാഠം അച്ചടിച്ചു വന്നിരുന്നു. അതില്‍ കാലത്തിനൊത്തുയരാത്ത കേശവന്‍ നായരുടെ പ്രതിരൂപമായി കൃഷ്ണക്കുറുപ്പ് എന്ന പരാജിത കര്‍ഷകനും ഔതക്കുട്ടിയെന്ന അഗ്രീബിസിനസ്സുകാരന്റെ പ്രതിനിധിയായി, രാസവളമിട്ട് ഏക്കറുകണക്കിന് ഐ.ആര്‍ – 8 കൃഷി ചെയ്യുന്ന വേലപ്പപ്പന്‍ എന്ന ചെറുപ്പക്കാരനുമായിരുന്നു കഥാപാത്രങ്ങള്‍. തകഴിയുടെ കഥയില്‍ കേശവന്‍ നായര്‍ നായകനും ഔതക്കുട്ടി പ്രതിനായകനുമാണെങ്കില്‍ പളളിക്കൂടം പുസ്തകത്തിലെ കഥയില്‍ വേലപ്പനാണ് നായകന്‍.

പാളിപ്പോയ കിനാവ്

നാലുകെട്ട് നോവലിലെ അപ്പുണ്ണി നെല്ലും കാവും ഒക്കെ വിട്ട് ചായത്തോട്ടത്തിലെ ഫോര്‍മാനായി പോകുന്നതിനു കൃത്യം 10 വര്‍ഷം മുമ്പാണ് പാഴായി പോയൊരു സ്വപ്നമെന്ന പോലെ കൂട്ടുകൃഷി (1948) എന്ന നാടകം ഇടശ്ശേരി എഴുതുന്നത്. കേരളത്തില്‍ മനുഷ്യര്‍ തീര്‍ത്ത രണ്ട് ‘എടവരമ്പുകളെ ( ജന്മി മേലാളത്തവും മതസ്പര്‍ദ്ധയും) കൊത്തി ‘യിട്ട് മനുഷ്യ മനസ്സില്‍ സാഹോദര്യത്തിന്റെ പൊന്‍ കതിരുകള്‍ മുളയ്ക്കാന്‍ നീരൊഴുക്കുണ്ടാക്കുന്നവരാണ് ഈ നാടകത്തിലെ ശ്രീധരന്‍ നായരും ബാപ്പുവും സുകുമാരനും. അതിനവര്‍ അന്നു കണ്ട പോംവഴി ജന്മിയായ നായരും കൂടിയാനായ ബാപ്പുവും അയല്‍ ജാതികളും ചേര്‍ന്ന് ഒന്നിച്ചു അവര്‍ക്കു കഴിക്കാനുള്ള അന്നം കൂട്ടുകൃഷിയായി വിളയിക്കുക എന്നതായിരുന്നു. അങ്ങനെ ചെയ്തപ്പോള്‍ അക്കുറി ആ ജനാധിപത്യ അയല്‍ക്കൂട്ടത്തിന് അതിശയിപ്പിക്കുന്ന നെല്ലും കിട്ടി. അതിനു തലേവര്‍ഷമാണ് ഈ സ്ഥിതിസമത്വ സംഘം ആസ്സാം പണിക്കാരായി പോയിട്ട്,

‘ഇവിടെ സ്‌നേഹിപ്പാന്‍ ഇവിടെ ആശിപ്പാന്‍
ഇവിടെ ദു:ഖിപ്പാന്‍ കഴിവതേ സുഖം ‘

എന്നു തീവണ്ടിയിലിരുന്നു പാടിക്കൊണ്ട് കേരളമെന്ന ജന്മനാട്ടിലേക്കു തിരിച്ചു പോന്നത്. ഇവിടെ വന്ന അവര്‍, 1947 ല്‍ കിട്ടിയ സ്വാതന്ത്ര്യം,നാട്ടില്‍ തന്നെ ജീവിച്ചു മരിക്കാനുള്ള ഭാഗ്യം നല്‍കുമെന്നു കരുതി, എടവരമ്പുകള്‍ കൊത്തി നിലമൊരുക്കി വിത്തിടുകയും ചെയ്തു. എന്നാല്‍ ജനാധിപത്യം കൊണ്ട് തോളില്‍ കൈയിടാനായെങ്കിലും, പാടത്ത് കൂട്ടുകൃഷി നടത്താന്‍ കഴിഞ്ഞില്ല. കാരണം കൃഷിയെപ്പറ്റിയുള്ള പ്രാദേശിക നാട്ടുനടപ്പുകള്‍ക്കു മേല്‍ പൂഞ്ഞാറില്‍ മണ്‍റോ സായിപ്പ് തുടങ്ങിവെച്ച നാണ്യവിളയുടെ ആഗോള തോട്ടം മേഖല ആധിപത്യമുറപ്പിച്ചു കഴിഞ്ഞിരുന്നല്ലോ! അന്നുതൊട്ടേ നാടിനു വേണ്ടി ഭക്ഷണമുണ്ടാക്കുന്നത് ദാരിദ്ര്യം പിടിച്ച പണിയും കയറ്റുമതിക്കായി വിളകള്‍ ഉല്പാദിപ്പിക്കുന്നത് വിദേശനാണ്യം കിട്ടുന്ന അന്തസ്സുമായി തീര്‍ന്നു. അതുകൊണ്ട് സ്വാതന്ത്ര്യം കിട്ടി പത്തുവര്‍ഷം പിന്നിട്ടപ്പോള്‍ കൂട്ടുകൃഷിയുടെ സമത്വ സാഹോദര്യ പരീക്ഷണങ്ങള്‍ക്കൊന്നും മെനക്കെടാതെ, 1959ല്‍ നാലുകെട്ടിലെ അപ്പുണ്ണി നേരെ വയനാട്ടിലെ ചായത്തോട്ടത്തില്‍ തന്നെ ചെന്ന്, അവിടെ നിന്ന് പച്ചനോട്ടുകള്‍ മാസം തോറും ശമ്പളമായി വാങ്ങി, നാട്ടില്‍ വന്ന് മാന്യനായി തലയുയര്‍ത്തി നടന്നു. എലിയും പെരിച്ചാഴിയും ഓടുന്ന കേരളാ മോഡല്‍ പാര്‍പ്പിടം അയാള്‍ പൊളിച്ചുകളയുകയും അവിടെ പ്രാദേശികതയുടെ യാതൊരു ലക്ഷണവും തീണ്ടാത്ത ആഗോള മാതൃകയിലുള്ള പുതിയ വീട് പണിയുകയും ചെയ്തു.

കൂട്ടുകൃഷി കിനാവുകള്‍ക്ക് ‘നിലം പാകമായിട്ടില്ല’ എന്നു കണ്ട്, മണ്ണിനോടുള്ള മമത വെടിഞ്ഞ്, മനസ്സില്ലാ മനസ്സോടെ ബാപ്പുവിന്റെയും സുകുമാരന്റെയും കൂട്ടാളികളുടെയും അനന്തര തലമുറ പശിയകറ്റാന്‍ പേര്‍ഷ്യന്‍ രാജ്യങ്ങളിലേക്ക് ദേശാടനം നടത്തി. നാലുകെട്ട് പൊളിച്ച് വെളിച്ചം കയറുന്ന വീടുണ്ടാക്കിയ അപ്പുണ്ണിയെ പോലെ അവരും, തങ്ങള്‍ക്ക് നരകദേശമായും അതിഥികള്‍ക്ക് അമരദേശമായും നില്‍ക്കുന്ന മലയാള മണ്ണ്, പ്രതികാരത്താലെന്ന പോലെ തലങ്ങും വിലങ്ങും മാന്തി മറിച്ചു. പണ്ട് വറ്റില്ലാത്ത കഞ്ഞിയും കണ്ണീരും മാത്രം അവര്‍ക്കു സമ്മാനിച്ച പാടശേഖരങ്ങളും അതിന്റെ ഇടത്തോടുകളും മൂടി അവര്‍ ദുബായിയുടെ ചെറിയ രൂപങ്ങള്‍ എല്ലായിടത്തും കൊത്തിവെച്ചു. അങ്ങ് മരുഭൂമിയിലിരുന്ന് വെളുത്ത ധാന്യപ്പൊടിയും കോളയും കഴിച്ചും ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നും നല്ല പ്രായത്തില്‍ തന്നെ ഹൃദ്രോഗികളായി.

ഇന്ന് കൊറോണയുടെ അദൃശ്യമായ സാന്നിധ്യം ആരുടെയെല്ലാം ചുണ്ടിലും കൈയിലും ചരമഗീതമായി അതിര്‍ത്തികള്‍ കൊട്ടിയടയ്ക്കുമ്പോള്‍ വീണ്ടും അന്നത്തെ ആസ്സാംപണിക്കാരെ പോലെ ഉദരത്തിന്റെ പശിയകറ്റാന്‍ പോയവരെല്ലാം ഹൃദയത്തിന്റെ വിശപ്പകറ്റാന്‍ നാട്ടിലേക്ക് ചിറകുവെച്ച് പറന്നു വരുകയാണ്. അപ്പോഴേയ്ക്കും 1970 ല്‍ 8 ലക്ഷം ഹെക്ടറുണ്ടായിരുന്ന നെല്‍കൃഷി 2 ലക്ഷം ഹെക്ടറായി മാറിയിരിക്കുന്നു; ആന്താരാഷ്ട്ര കരാറുകള്‍ വന്ന് തോട്ടം വിളകളെ നിലംപരിശാക്കിയിരിക്കുന്നു. എങ്കിലും ഇനിയും മരിക്കാത്ത മണ്ണ് ശ്രീധരനും ബാപ്പുവിനും വേണ്ടി എടവരമ്പുകള്‍ കൊത്തി നീരൊഴുക്കാന്‍ ഇപ്പോഴും ബാക്കിയുണ്ട്. അന്ന് ആസ്സാം പണിക്കാര്‍ പാടിയ ഈ വരികള്‍ മണ്ണിന്നാഴത്തില്‍ ഉറങ്ങിക്കിടന്ന്, മഴയെത്തിയാല്‍ ബലമുള്ള കൈകള്‍ വീശി, ചുറ്റി വളഞ്ഞ് ആകാശത്തേക്ക് കുതിക്കുന്ന കാച്ചില്‍ വള്ളി പോലെ പുനര്‍ജ്ജനിക്കുകയാണ്.

‘ അറിയുമേ ഞങ്ങളറിയുമേ നാടു
നരകമാക്കീടും നരകീടങ്ങളെ.
പഹയന്മാരോടു പകരം വീട്ടട്ടെ
പകയില്‍ നീറുന്ന വരുന്ന കാലങ്ങള്‍ ‘

ആരാണ് നാടിനെ നരകമാക്കിയ ആ നരകീടങ്ങള്‍? എങ്ങനെയാണ് അവര്‍ നാടിനെ നരകമാക്കി മാറ്റിയത്? ഇനി എങ്ങനെയാണ് നരകീടങ്ങളോട് പകരം വീട്ടുന്നത്? വിധിയോ ഈശ്വരകോപമോ അല്ല നരകീടങ്ങളാണ് നിറഞ്ഞതും നിറന്നതുമായ നാടിനെ നരകമാക്കിയതെന്നേ കവിതയിലുളളൂ. നരന്മാരാകുന്ന കീടങ്ങള്‍ എന്നതിനേക്കാള്‍ നരനെ ബാധിക്കുന്ന കീടങ്ങള്‍ എന്നാണ് അര്‍ത്ഥം നല്ലത്. കീടബാധയേറ്റ വഴിപിഴയ്ക്കലുകള്‍ അഥവാ, മനുഷ്യന്റെ കാഴ്ചപ്പാടില്‍ വന്നു ചേര്‍ന്ന വൈകൃതങ്ങളാണ് നരകീടങ്ങള്‍ .സ്വന്തം നാടിനെ അറിയാതെ, അതിനെ ഒരു കിതവിയായി – കാലഹരണപ്പെട്ടവളായി നോക്കി കാണുന്ന ബാധയാണത്. കേരള പ്രകൃതിയുടെ സ്വാഭാവിക സാധ്യതകളെ സര്‍ഗ്ഗാത്മകമായി പുനരുല്‍പ്പാദിപ്പിക്കാനുള്ള പഠിപ്പിന് കൂട്ടാക്കാത്ത മനസ്സാണത്. ഏക വിളത്തോട്ടങ്ങള്‍, വിദേശനാണ്യം, കൊതിപിടിപ്പിക്കുന്ന കേന്ദ്രീകൃതമായ ഉല്പാദന സംവിധാനങ്ങള്‍ എന്നിവയോട് വിധേയത്വമുള്ള വിദ്യാഭ്യാസമാണത്. അന്തിമമായി ഈ നരകീടം, ബ്രിട്ടീഷ് കോളനി വാഴ്ച മുതല്‍ പിന്‍പറ്റുന്ന വ്യവസായവല്‍ക്കരിക്കപ്പെട്ട കാര്‍ഷിക നയമാണ്. അതാണ് മണ്ണിനെ വെറും ക്രയവസ്തുവാക്കിയും തന്നിഷ്ടത്താല്‍ മാറ്റി മറിക്കാനുള്ളതാക്കിയും സങ്കോചിപ്പിച്ചു കളഞ്ഞത്. മണ്ണും മനുഷ്യരും തമ്മിലുള്ള ഉല്പാദനത്തിന്റെ – ‘ഉര്‍വ്വിയെ പുഷ്പിപ്പിക്കുന്ന കല’യുടെ സുസ്ഥിരതയെ ഇല്ലായ്മ ചെയ്യുന്നതാണ് നരകീടങ്ങളാകുന്ന ഈ അസാധാരണ ഔദ്യോഗിക വിജ്ഞാപനങ്ങള്‍.

വികലമായ ഈ നയങ്ങള്‍ക്കു ചേരാത്ത ഒരു പ്രയോഗവും ആസ്സാം പണിക്കാരുടെ കേരള വര്‍ണ്ണനയില്‍ കാണാം. ‘നാട്ടിന്‍ പുറത്തെ സ്വപ്നം കണ്ടെഴും നഗരികള്‍ ‘ ആണ് ഇവിടെയുള്ളതെന്ന് അവര്‍ നാടിനെ പാടിപുകഴ്ത്തുന്നു. സാധാരണ നിലയില്‍ നാട്ടിന്‍ പുറത്തിരുന്ന് നഗരസൗഭാഗ്യങ്ങളെയാണ് കൊതിയോടെ നോക്കുക. അല്ലെങ്കില്‍ ആ സൗകര്യങ്ങളെ നാട്ടിന്‍ പുറത്തേക്ക് ആനയിക്കുന്നതാണ് വികസനം. പരിസര ഗ്രാമങ്ങളെയെല്ലം നാള്‍ക്കുനാള്‍ തന്നില്‍ ലയിപ്പിച്ചാണ് നഗരങ്ങള്‍ വീര്‍ക്കുന്നത്. എന്നാല്‍ നമ്മുടെ നഗരങ്ങള്‍ നാട്ടിന്‍പുറമാകാന്‍ സ്വപ്നം കണ്ടെഴുന്നേല്‍ക്കുന്നവരാണ് ! തുരുതുരെ കൊക്കു പറക്കുന്ന പാടങ്ങളും, തുടരണി മണി കിലുങ്ങുന്ന മേടുകളും മാമ്പൂക്കള്‍ വീണ വഴികളും അതേപടി നിലനിര്‍ത്താനുള്ള സംരക്ഷണ വ്യഗ്രതയാണ് നാട്ടിന്‍പുറത്തെ പ്രണയിക്കുന്ന നഗരം. പാഴ്ക്കിനാവായി പോയ പറമ്പിലും പാടത്തും കൂട്ടമായി അന്നം കൊയ്തും പങ്കിട്ടുമായിരിക്കും ആ സംരക്ഷണം. നാടിന്റെ നിറഞ്ഞിരിക്കലും നിറന്നിരിക്കലും എത്രത്തോളം അത്ഭുതകരമെന്ന് സ്വയം തിരിച്ചറിയലാണ് ആ പകരം വീട്ടല്‍. അതിന് കോവിഡ്- 19 നമ്മെ തുണക്കട്ടെ!

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply