വിമോചന സമരത്തിന്റെ ജാതീയത – ചന്ദ്രന്‍ കോമത്ത്‌

വിമോചന സമരത്തെക്കുറിച്ചുള്ള ദീര്‍ഘമായ പഠനങ്ങളില്‍ക്കൂടി അല്ലെങ്കിലും ഡോ. സനല്‍ മോഹനെയും പ്രൊഫ.ടി.എം.യേശുദാസനെയും ശ്രീ. കെ.കെ.കൊച്ചിനെയും ശ്രീ. സണ്ണി എം. കപിക്കാടിനെയും പോലുള്ള ശ്രദ്ധേയരായ നിരവധി സാമൂഹിക ചിന്തകരും ആക്ടിവിസ്റ്റുകളും വിമോചന സമരത്തിന്റെ ജാതി വംശീയ ഉള്ളടക്കങ്ങള്‍ നിരവധി ഘട്ടങ്ങളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

വിമോചന സമരം (Liberation Struggle) ആധുനിക കേരള ചരിത്രത്തിലെ ഏറ്റവും പ്രതിലോമകരമായ ഒരു രാഷ്ട്രീയ അധ്യായമായിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇന്‍ഡ്യയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട
ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്മെന്റ്, റിപ്പബ്ലിക്കന്‍ ഭരണഘടനയിലെ അപൂര്‍വം ഘട്ടങ്ങളില്‍മാത്രം വളരെ അവധാനതയോടെയും വിവേകപൂര്‍വവും ഉപയോഗിക്കേണ്ട ചില വകുപ്പുകള്‍ ഉപയോഗിച്ച്, തികച്ചും ജനാധിപത്യ വിരുദ്ധമായി ഇ.എം.എസ് ഗവണ്മെന്റിനെ പിരിച്ചുവിടുകയും ചെയ്തു.

വിമോചന സമരത്തിന്റെ ‘ഭൂതങ്ങള്‍’

സോവിയറ്റ് തകര്‍ച്ചയ്ക്ക്‌ശേഷം മാര്‍ക്‌സിന്റെ/മാര്‍ക്‌സിസത്തിന്റെ ‘ഭൂതങ്ങളെക്കുറിച്ച്’ (Specters of Marx) മറ്റൊരു സന്ദര്‍ഭത്തില്‍ ഫ്രഞ്ച് ചിന്തകനായ ഷാക് ദരിദ (Jacques Derrida) പറയുന്നത് കടമെടുത്താല്‍ വിമോചന സമരത്തിന്റെ ‘ഭൂതങ്ങള്‍’ ഇപ്പോഴും കേരള സമൂഹത്തിന്റെ കൂടെത്തന്നെയുണ്ട്. വിമോചന സമരത്തിന് ആറു ദശകങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും അതിനെക്കുറിച്ചുള്ള പ്രത്യയശാസ്ത്ര ചര്‍ച്ചകളും രാഷ്ട്രീയ അലയൊലികളും ഇപ്പോഴും നിലച്ചിട്ടില്ല. ഇടത്, വലത് രാഷ്ട്രീയ ചേരികളിലും, അതിലെ മത സാമുദായിക അടുപ്പങ്ങളില്‍, അകലങ്ങളില്‍ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ നിരവധി മാറ്റങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞെങ്കിലും.

‘വിമോചനമില്ലാത്ത’ വിമോചനസമരം

വിമോചന സമരവുമായി ബന്ധപ്പെട്ട രണ്ട് കാര്യങ്ങള്‍ ഇപ്പോഴും കൗതുകകരമാണ്. ഒന്ന് സാമൂഹിക വിമോചത്തിന്റെ ഒരു അംശം/ആശയം പോലും ഇല്ലാതിരുന്ന അതിയാഥാസ്ഥിതിക സവര്‍ണ സമരം ‘വിമോചന സമരമായി’ വിശേഷിപ്പിക്കപ്പെട്ടു. രണ്ട്, ഇടതുപക്ഷ മുന്നണി ഗവണ്മെന്റ്കള്‍ കൊണ്ടുവരുന്ന ചില നയങ്ങളെ ചില അവസരങ്ങളില്‍ എതിര്‍ക്കുന്ന/വിയോജിക്കുന്ന പ്രബല മത സാമുദായിക രാഷ്ട്രീയ സംഘനകള്‍ ഈസമരത്തിന്റെ ‘ഭൂതങ്ങളെ’ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. (വിമോചന സമരത്തിനുശേഷം സോഷ്യല്‍ കണ്‍സര്‍വേറ്റി സവുമായുള്ള സന്ധിചെയ്യലിനാണ് ഇടതുപക്ഷം ശ്രമിച്ചത് എന്നത് മറ്റൊരു യാഥാര്‍ഥ്യം). എങ്കിലും സമീപകാലത്ത് ശബരിമലയെ കേന്ദ്രീകരിച്ചുള്ള നവബ്രാഹ്മണിക രാഷ്ട്രീയം അതിന്റെ പ്രത്യയശാസ്ത്രങ്ങള്‍, ചിഹ്നങ്ങള്‍ പ്രതീകങ്ങള്‍ എന്നിവയെല്ലാം വളരെ ശക്തമായ രീതിയില്‍ അത്തരമൊരു ഭീഷണി/ഓര്‍മ്മപ്പെടുത്തല്‍ മുന്നോട്ടു വെച്ചിരുന്നു.

പ്രത്യയശാസ്ത്ര രാഷ്ട്രീയ വീക്ഷണങ്ങള്‍

വിമോചന സമരത്തെക്കുറിച്ച് പൊതുമണ്ഡലത്തിലും പോപ്പുലര്‍, അക്കാദമിക പഠനങ്ങളിലുമുള്ള രാഷ്ട്രീയ സാമൂഹിക പ്രത്യയശാസ്ത്ര വീക്ഷണങ്ങള്‍ പൊതുവെ ഇടത്, വലത് പരിപ്രേഷ്യങ്ങള്‍ എന്ന രീതിയില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട് അഥവാ സാമാന്യമായി വിഭജിക്കപ്പെട്ടിട്ടുണ്ട്.

വിമോചന സമരത്തെ ജനാധിപത്യ കേരളത്തില്‍ ആദ്യമായി രൂപംകൊണ്ടതും പുരോഗമന നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതുമായ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രതിലോമശക്തികളുടെ അസഹിഷ്ണുതയും ഇടപെടലുമായാണ് ഇടതുപക്ഷ വീക്ഷണങ്ങള്‍ പൊതുവെ വിലയിരുത്തുന്നത്.ഇത് വലിയൊരളവോളം ശരിയുമാണ്. ഇ.എം.എസ്. ഗവണ്മെന്റ് കൊണ്ടുവന്ന കാര്‍ഷിക, വിദ്യാഭ്യാസ ബില്ലുകളെയും അനുബന്ധമായ പരിഷ്‌ക്കരണങ്ങളെയും അത് ഉണ്ടാക്കിയേക്കാവുന്ന സാമൂഹിക സാമ്പത്തിക മാറ്റങ്ങളും മുന്‍കൂട്ടി കണ്ട വലതുപക്ഷ രാഷ്ട്രീയം പ്രബല ജാതി സാമുദായിക ശക്തികളുടെ പിന്‍ബലത്തോടെ അതിന്റെ യാഥാസ്ഥിതിക രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയായിരുന്നു.

വിമോചന സമരത്തെക്കുറിച്ചുള്ള വലതുപക്ഷ വീക്ഷണങ്ങള്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത് കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ നടന്നുവെന്ന്പറയുന്ന നിയമ വാഴ്ചയുടെ അട്ടിമറിയും, പാര്‍ട്ടി സെല്ലുകളുടെ ഭരണഘടനാ വിരുദ്ധമായ ഇടപെടലുകളും, മനുഷ്യാവകാശ ലംഘനങ്ങളും, പോലീസ് വെടിവെപ്പും, ജീവനാശവും, കമ്യൂണിറ്റിസ്റ്റ്കാരുടെ ‘പറയപ്പെടുന്ന’ മതവിരുദ്ധതയുമൊക്കെയാണ്. ചുരുക്കം ചില കാര്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വിമോചന സമരത്തിനും ഒടുവില്‍ ഗവണ്മെന്റ്‌നെത്തന്നെ പിരിച്ചുവിടുന്നതിനും ഇടയാക്കിയ സംഗതികളെപ്പറ്റി ഈ വീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നത് ഉപരിപ്ലവമായ കാര്യങ്ങളാണെന്ന് മനസ്സിലാക്കാം.

ഇടത്, വലത് വീക്ഷണങ്ങള്‍ക്ക് പുറത്തായി ചെറിയൊരു വിഭാഗം ചിന്തകര്‍ വിമോചന സമരത്തെ പ്രാരംഭ ദശയിലുള്ള ജനാധിപത്യ വ്യവസ്ഥയ്ക്കകത്ത് രൂപപ്പെട്ടുവരാന്‍ തുടങ്ങിയ സിവില്‍ സമൂഹത്തിന്റെയും, സമ്മര്‍ദ്ദ/താല്‍പ്പര്യ ഗ്രൂപ്പുകളുടെയും ആര്‍ട്ടിക്കുലേഷനുമായി ചേര്‍ത്തുവെച്ചു വിലയിരുത്താന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ആ കാലഘട്ടത്തിലെ കേരളത്തിലെ സിവില്‍ സമൂഹത്തിന്റെ സ്വാഭാവവും വിമോചന സമരത്തില്‍ പങ്കെടുത്ത വി സാമൂഹിക രാഷ്ട്രീയ വിഭാഗങ്ങളുടെ ജനാധിപത്യവും അവകാശങ്ങളുമായുള്ള ബന്ധവും വളരെയധികം പ്രശ്‌നവത്കൃതമാണ്. മാത്രമല്ല കേരളീയ ചുറ്റുപാടില്‍ ജനാധിപത്യം, സിവില്‍ സമൂഹം എന്നീ സംവര്‍ഗ്ഗങ്ങളെ ഇത് കൂടുതല്‍ സിദ്ധാന്തപരമായും അനുഭവപരമായും പരിശോധിക്കാന്‍ ഇത് പ്രേരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും സിവില്‍ സമൂഹത്തിലെ അധീശ സാമൂഹിക വിഭാഗങ്ങളും അതിന്റെ വലതുപക്ഷ, ഇടതുപക്ഷ രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തിന്റെയും അടിസ്ഥാനത്തില്‍ നോക്കിക്കാണുമ്പോള്‍.

സമരത്തിലെ ജാതീയത

എങ്കിലും വിമോചന സമരത്തെപ്പറ്റിയുള്ള ഇടത്, വലത്,സിവില്‍ സമൂഹ വീക്ഷണങ്ങള്‍ മറച്ചുവെക്കുന്ന അഥവാ ഒഴിവാക്കുന്ന ഒരു സുപ്രധാനമായ കാര്യം അതിലെ കടുത്ത ജാതീയതയുടെ പ്രശ്‌നമാണ്. വിമോചന സമരത്തിന്റെ ചുറ്റുപാടിലുള്ള കേരളത്തിലെ സവര്‍ണ്ണതയുടെയും ജാതിയുടെയും സാമൂഹിക രാഷ്ട്രീയ ബലതന്ത്രങ്ങള്‍ ഇനിയും ആഴത്തില്‍ വിലയിരുത്തപ്പെട്ടിട്ടില്ല. സമരത്തിന്റെ കാരണമായി പലപ്പോഴും ഉന്നയിക്കപ്പെടുന്ന കമ്യൂണിസ്റ്റ്/ഇടത്‌വിരുദ്ധത പ്രത്യക്ഷത്തില്‍ ശരിയായിരിക്കുമ്പോള്‍ തന്നെ അതിന് ആധാരമായിരിക്കുന്ന സാമൂഹിക ശക്തികളെയും ഘടകങ്ങളെയും പലപ്പോഴും ഒരു വലിയൊരു പരിധിവരെ ഇതുമായി ബന്ധപ്പെട്ട വിശകലനത്തില്‍ നിന്നും പലരും ഒഴിവാക്കുകയാണ് ചെയ്യുന്നത്. പക്ഷെ വിമോചന സമരത്തിന്റെ ‘ഭൂതങ്ങള്‍’ കടന്നുവരുന്ന സന്ദര്‍ഭങ്ങളില്‍ എല്ലാം തന്നെ ജാതി വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്.
ജാതിയെ എത്രമാത്രം അമര്‍ത്തിവെക്കാന്‍ ശ്രമിച്ചാലും അത് ഒരിക്കലും വിട്ടുപോകുന്നില്ല.വിമോചന സമരത്തിലേതിന് സമാനമായ ജാതി മുദ്രാവാക്യങ്ങളും അനുബന്ധ രാഷ്ട്രീയവും സാഹചര്യങ്ങള്‍ സംഘര്‍ഷഭരിതമാകുമ്പോള്‍ പുതിയ രീതിയില്‍ ഇന്നും നിര്‍മ്മിക്കപ്പെടുകയും ആര്‍ട്ടിക്കുലേറ്റ് ചെയ്യപ്പെടുന്നുമുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിയോബ്രാഹ്മണിക രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങളും ഇതിന്റെ വ്യക്തമായ സൂചനയാണ് നല്കുന്നത്. ബ്രാഹ്മണിക അസഹിഷ്ണുത, എതിര്‍പ്പ് എത്രപെട്ടെന്നാണ് കീഴ്ജാതി മനുഷ്യരുടെ ജാതിസ്വത്വത്തിലേക്കും അടിമത്ത അനുഭവങ്ങളിലേക്കും ഫ്യൂഡല്‍ കാലത്തെ പുരോഹിതന്‍, രാജാവ്,കൊട്ടാരം തുടങ്ങിയ ആശയ ലോകങ്ങളിലേക്ക് കടന്നുചെല്ലുന്നത് എന്ന കാര്യവും മറന്നുകൂട. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയടക്കമുള്ള പലരും കടുത്ത ജാതി അധിക്ഷേപങ്ങള്‍ക്ക് വിധേയമായി.സ്ത്രീപവേശനത്തിന് അനുകൂലമായ നിലപാട് എടുത്ത ദളിത് പിന്നോക്ക സമൂഹങ്ങളിലെ നിരവധി ആക്സ്റ്റിവിസ്റ്റുകളും ബുദ്ധിജീവികളും മറ്റും നിരവധി തവണ വംശീയമായും ജാതീയമായും അധിക്ഷേപിക്കപ്പെടുകയും ചെയ്തു.

വിമോചന സമരം പ്രാഥമികമായും കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ ആയിരിക്കുമ്പോള്‍ തന്നെ സമരകാലത്ത് രൂപപ്പെട്ട ആശയമണ്ഡലം, പ്രതീകങ്ങള്‍, മുദ്രാവാക്യങ്ങള്‍ എല്ലാം വളരെയധികം ജാതീയവും അധീശത്വം നിറഞ്ഞതുമായിരുന്നു. സവര്‍ണ്ണ ഫ്യൂഡല്‍ ഗൃഹാതുര മൂല്യങ്ങളെയും പ്രതാപങ്ങളെയും മുഴുവന്‍ അത് സ്വാംശീകരികരിച്ചിരുന്നു. വിമോചന സമരത്തിന്റെ മുദ്രാവാക്യങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധമെന്നതിനേക്കാള്‍ കീഴാള വിരുദ്ധമായിരുന്നു. കീഴ്ജാതിക്കാരായ മനുഷ്യരുടെ അന്തസ്സിനെയും നിലനില്പിനെയും ചോദ്യം ചെയ്യുന്നതായിരുന്നു അവയില്‍ പലതും.
‘കുമ്പിളില്‍ കഞ്ഞി കുടിപ്പിക്കും’ ‘തൊപ്പിപ്പാള ധരിപ്പിക്കും’ ‘തമ്പ്രാന്‍ എന്നു വിളിപ്പിക്കും’, എന്നിങ്ങനെ ജാതി അടിമത്ത വ്യവസ്ഥയെ പുനരാനയിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ഈ സമയത്ത് ഉയര്‍ന്നുവന്നത്.കീഴ്ജാതി മനുഷ്യരെ അതികഠിനമായ വര്‍ണ്ണ ജാതി സാമൂഹിക ക്രമത്തിലേക്ക് തിരിച്ചു കൊണ്ടുപോകും എന്ന രാഷ്ട്രീയമാണ് ഈ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനം
സവര്‍ണ്ണ രാഷ്ട്രീയത്തോട് വിയോജിക്കുന്നവരെ തെങ്ങു ചെത്താന്‍ വിടണമെന്നും അവരെ പാക്കിസ്ഥാനിലേക്കും ചന്ദ്രനിലേക്കും അയക്കുമെന്ന് ആക്രോശിക്കുന്നവരും സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നതും അത്തരമൊരു സാമൂഹികക്രമം തന്നെ.

ഭൂപരിഷ്‌കരണവും ‘കേരള മോഡല്‍ വികസനവും’

ദീര്‍ഘകാലത്തെ സാമൂഹിക രാഷ്ട്രീയ സമരങ്ങളിലൂടെ കീഴാള മനുഷ്യര്‍ അന്തസ്സിലേക്കും ആത്മാഭിമാനത്തിലേക്കും പരിവര്‍ത്തനപ്പെടുന്ന ഒരു ഘട്ടത്തിലാണ് ഇതു സംഭവിച്ചത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും ‘കൃഷിഭൂമി കര്‍ഷകര്‍ക്ക്’ എന്ന മുദ്രാവാക്യവും ബഹുജനങ്ങള്‍ക്കിടയില്‍ വളരെയധികം ആവേശം സൃഷ്ടിച്ചിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ കുടിയാന്‍മാര്‍ക്ക് കീഴില്‍ മണ്ണില്‍ പണിയെടുത്തിരുന്ന കീഴ്ജാതി മനുഷ്യരെ ഉള്‍ക്കൊള്ളുന്ന വിധത്തിലായിരുന്നില്ല അത് നടപ്പിലായത്.അഥവാ കേരളത്തില്‍ സാമൂഹിക വിഭാഗങ്ങള്‍ അനുഭവിച്ച ചരിത്രപരമായ അനീതികള്‍, ജാതി മത സാമൂഹിക ഘടനയിലുള്ള ഒഒരോ വിഭാഗത്തിന്റെയും സ്ഥാനം ഇവയൊന്നും മനസ്സിലാക്കിയായിരുന്നില്ല ഭൂപരിഷ്‌കരണ നിയമനിര്‍മ്മാണ ശ്രമങ്ങള്‍ നടന്നത്. ജന്മിത്വ വ്യവസ്ഥ അത് അവസാനിപ്പിച്ചു എന്നത് ശരിയാണ്. പക്ഷെ ഭൂമിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തുനിന്നുതന്നെയുള്ള ചില വിയോജിപ്പുകളെയും വിമര്‍ശനങ്ങളെയും അന്ന് കാര്യമായി ഉള്‍ക്കൊള്ളാനും ആരും തയ്യാറായില്ല. ഫലം നിരവധി ചെത്തിക്കുറക്കലുകള്‍ക്കും വെള്ളം ചേര്‍ക്കലുകള്‍ക്കും ശേഷം പാസ്സാക്കപ്പെട്ട ഭൂപരിഷ്‌കരണ നിയമം യഥാര്‍ത്ഥത്തിലുള്ള കര്‍ഷകരെ, നൂറ്റാണ്ടുകളായി മണ്ണില്‍ അധ്വാനിച്ചിരുന്ന മനുഷ്യരെ പുറന്തള്ളുന്ന ഒന്നായിമാറി. ഇ.എം.എസ്. പറഞ്ഞതുപോലെ ദളിതര്‍ക്ക് മാത്രം വര്‍ഗ്ഗബോധം.മറ്റുള്ളവര്‍ക്ക് ഭൂമിയും അധികാരശങ്ങളും. പതിനായിരക്കണക്കിന് കോളനികളും കാട്, റോഡ്, തോട്, കടലോരം മറ്റ് പുറമ്പോക്ക് സ്ഥലങ്ങളിലുമായി ലക്ഷകണക്കിന് മനുഷ്യരെ അരികുവല്‍ക്കരിച്ച ഭൂപരിഷ്‌കരണത്തിന്റെയും ‘കേരള മോഡല്‍ വികസനത്തിന്റെയും’ ‘മറുവശങ്ങള്‍’ (other sides) ദളിത് നവ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വരവോടെ പൊതുമണ്ഡലത്തില്‍ വളരെയധികം ചര്‍ച്ചാവിഷയമായിട്ടുണ്ട്.

വിമോചന സമരത്തെക്കുറിച്ചുള്ള ദീര്‍ഘമായ പഠനങ്ങളില്‍ക്കൂടി അല്ലെങ്കിലും ഡോ. സനല്‍ മോഹനെയും പ്രൊഫ.ടി.എം.യേശുദാസനെയും ശ്രീ. കെ.കെ.കൊച്ചിനെയും ശ്രീ. സണ്ണി എം. കപിക്കാടിനെയും പോലുള്ള ശ്രദ്ധേയരായ നിരവധി സാമൂഹിക ചിന്തകരും ആക്ടിവിസ്റ്റുകളും വിമോചന സമരത്തിന്റെ ജാതി വംശീയ ഉള്ളടക്കങ്ങള്‍ നിരവധി ഘട്ടങ്ങളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഗവേഷണ വിദ്യാര്‍ത്ഥി ജസ്റ്റിന്‍ ടി വര്‍ഗീസിന്റെ ഇരിട്ടി മേഖലയിലെ കരിക്കോട്ടകരിയെ കേന്ദ്രീകരിച്ചുള്ള ഹിസ്റ്റോറിക്കല്‍,എത്തനോഗ്രാഫിക് പഠനങ്ങള്‍ (ethnographic studies) വിമോചന സമരത്തിലെ ജാതീയതയെക്കുറിച്ചും സഭയ്ക്കകത്തും പുറത്തുമുള്ള ദളിത് കൃസ്ത്യന്‍ പ്രവര്‍ത്തനങ്ങളെയും പ്രതിരോധത്തെക്കുറിച്ചുമുള്ള നിരവധി ഉള്‍കാഴ്ചകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. വിമോചന സമരകാലത്ത് കമ്യൂണിസ്റ്റ് അനുഭാവം പുലര്‍ത്തിയിരുന്ന ദളിത് കൃസ്ത്യന്‍ വിഭാഗങ്ങള്‍ അനുഭവിച്ച ജാതീയതയുടെയും വംശീയതയുടെയും വിവിധ തലങ്ങള്‍ അദ്ദേഹത്തിന്റെ പഠനത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ഇത് കരിക്കോട്ടകരിയുടെ മാത്രം അനുഭവമല്ല. കമ്യൂണിസ്റ്റ് അനുഭാവം പുലര്‍ത്തിയ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രദേശങ്ങളിലെ കീഴ്ജാതി മനുഷ്യര്‍ അകത്തു നിന്നും പുറത്തുനിന്നും വലിയൊരു പ്രതിസന്ധി അനുഭവിച്ച ചരിത്രസന്ദര്‍ഭം കൂടിയായിരുന്നു. അതിനാല്‍ തന്നെ വിമോചന സമരത്തിന്റെ ജാതീയതയെയും ഉള്ളടക്കത്തെയും സാമൂഹിക ശാസ്ത്രപരമായ ഉള്‍ക്കാഴ്ച്ചയോടെ ഇനിയും ആഴത്തില്‍ വിശകലന വിധേയമാക്കേണ്ടിയിരിക്കുന്നു.

ചന്ദ്രൻ കോമത്ത് കോട്ടയം ഗവണ്മെന്റ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകനാണ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis, Kerala, Politics | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply