നമുക്ക് ജാതിയുണ്ട് – ഈ തെരഞ്ഞെടുപ്പില്‍ പോലും.

ലോകത്തെ ഏറ്റവും ജനാധിപത്യവിരുദ്ധ സംവിധാനമാണ് ജാതിയെന്ന വാദത്തെ അംഗീകരി്ക്കാത്ത, പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്ന നിരവധി പേര്‍ നമുക്കു ചുറ്റുമുണ്ട്്. തനിക്കൊരു ജാതിബോധവുമില്ലെന്നും അതൊരു വ്യക്തിപരമായ വിഷയമാണെന്നും അവര്‍ വാദിക്കുന്നു. അതിന്റെയൊക്കെ തുടര്‍ച്ചയാണ് കഴിവും സാമ്പത്തികവുമാണ് പ്രധാനമെന്നു വാദിക്കുന്ന സാമ്പത്തിക സംവരണവാദം. എനിക്കു ജാതിയില്ല എന്നു ഞാന്‍ പറഞ്ഞാല്‍ ഇല്ലാതാകുന്ന ഒന്നല്ല ജാതി. അതൊരു വ്യക്തിപരമായ പ്രശ്‌നവുമല്ല, സാമൂഹ്യപ്രശ്‌നമാണ് താനും. തനിക്കുവേണ്ട എന്നു പറഞ്ഞാലും ജാതിയുടെ പ്രിവിലേജ് സവര്‍ണ്ണര്‍ക്കും പീഡനങ്ങള്‍ അവര്‍ണ്ണര്‍ക്കും ലഭിക്കുമെന്നുറപ്പ്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കടന്നു വന്നത് സ്വാഗതാര്‍ഹമാണ്. ഒരു വശത്ത് ജാതിക്കതീതരാണെന്ന മിത്തു സൃഷ്ടിക്കുകയും മറുവശത്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജാതി ഇടപെടുകയും ചെയ്യുന്ന കപടസമൂഹമാണ് കേരളം. വ്യക്തിജീവിതത്തില്‍ മാത്രമല്ല, സാമൂഹ്യജീവിതത്തിലും ശക്തമായി ഇടപെടുന്ന ജാതിയെ മറച്ചുവെക്കുന്നതില്‍ ഏറെ വൈദഗ്ധ്യം നേടിയവരാണ് നമ്മള്‍. അതിനാലാണ് ലോകത്തുതന്നെ ഏറ്റവും ജനാധിപത്യവിരുദ്ധ സംവിധാനമായിട്ടും ജനാധിപത്യപ്രക്രിയകളില്‍ പോലും ജാതിയെ മൂടിവെക്കാന്‍ നാം ശ്രമിക്കുന്നത്. എന്നാല്‍ ഇക്കുറി അതിനെ മറികടന്ന് സോഷ്യല്‍ മീഡിയയിലെങ്കിലും ജാതി സജീവചര്‍ച്ചാവിഷയമായി.

തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വനിതാസ്ഥാനാര്‍ത്ഥിയുടെ പേര്‍ രണ്ടു തരത്തിലടിച്ച പോസ്റ്റര്‍ പുറത്തുവന്നതാണ് ഈ ചര്‍ച്ചക്ക് പ്രധാന കാരണമായത്. സംഭവത്തെ സാങ്കേതികമായി ന്യായീകരിക്കാനാണ് സ്ഥാനാര്‍ത്ഥിയുടേയും പ്രവര്‍ത്തകരുടേയും ശ്രമം. തെരഞ്ഞെടുപ്പു കമ്മീഷനാണത്രെ ഇതിനു കാരണം. കമ്യൂണിസ്റ്റ് കുടുംബാംഗമായ ഇവര്‍ പേരിനു പുറകില്‍ നായര്‍ വാല്‍ ചേര്‍ക്കാനാവശ്യപ്പെട്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പു കമ്മീഷനതു ചെയ്യുമെന്ന് കരുതാമോ? എങ്കില്‍ കമ്മീഷനെതിരെ മുകളില്‍ പരാതി കൊടുക്കണം. നായര്‍ എന്ന വാലിനു കേരളീയ സമൂഹം നല്‍കുന്ന പ്രിവിലേജ് തന്നെയാണ് പ്രശ്‌നം. ആ പ്രിവിലേജ് തികച്ചും ജനാധിപത്യവിരുദ്ധമായ ഒരു സംവിധാനത്തിന്റെ സൃഷ്ടിയാണല്ലോ. ഇവര്‍ ഒരു അവര്‍ണ്ണജാതിയിലാണ് ജനിച്ചിരുന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ? തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പുഫലം നിര്‍ണ്ണയിക്കുന്നത് നായര്‍ വോട്ടുകളുടെ സ്വാധീനവും കൂടി പരിഗണിച്ചായിരിക്കാം ഈ പേരുതിരുത്തല്‍. എല്ലാ മുന്നണികളും തിരുവനന്തപുരത്ത് നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം നായര്‍ വിഭാഗക്കാരാണെന്ന് പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതുമായി ബന്ധപ്പെട്ടുതന്നെ ഇഎംഎസ് നമ്പൂതിരിപ്പാട്, എം എന്‍ ഗോവിന്ദന്‍ നായര്‍, സി അച്യുതമേനോന്‍, പി ഗോവിന്ദപിള്ള തുടങ്ങി സമുന്നതരായ കമ്യൂണിസ്റ്റ് നേതാക്കള്‍ പോലും ജാതിവാല്‍ ഉപേക്ഷിക്കാതിരുന്ന വിഷയവും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി. മന്നത്തുപത്മനാഭനും കേളപ്പനുമെല്ലാം ജാതിവാല്‍ ഉപയോഗിക്കാത്ത കാലത്തായിരുന്നു കമ്യൂണിസ്റ്റ്് നേതാക്കള്‍ അതുപേക്ഷിക്കാതിരുന്നത്. ഇന്നും പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍ ജാതിവാലുള്ളവരുണ്ട്. എന്തുകൊണ്ട് പാര്‍ട്ടി നേതൃത്വത്തില്‍ ദളിതരില്ല എന്ന ചോദ്യമുന്നയാചിചായിരുന്നു രോഹിത് വെമുല എസ് എഫ് ഐ വിട്ടതും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചതും. പഴയകാലമല്ലേ എന്ന രീതിയില്‍ ഈ വിഷയത്തെ ലഘൂകരിക്കുന്നതും കണ്ടു. എങ്ങനെയാണത് പഴയ വിഷയമാകുന്നത്? അയ്യങ്കാളിയും നാരായണഗുരുവും സഹോദരന്‍ അയ്യപ്പനുമടങ്ങുന്ന നവോത്ഥാനനായകരുടെ പോരാട്ടജീവിതത്തിനു ശേഷമായിരുന്നു ഈ ജാതിവാല്‍ അഭിമാനപ്രതീകങ്ങളായി ഇവരെല്ലാം ഉപയോഗിച്ചതെന്നു മറക്കരുത്. അതാകട്ടെ ഈ നവോത്ഥാനനായകര്‍ കഴച്ചുമറിച്ച മണ്ണില്‍ വിത്തെറിഞ്ഞ് ഫലം കൊയ്തവര്‍. ഡോ ബി ആര്‍ അംബേദ്കര്‍ ജീവിച്ചിരുന്ന കാലമായിരുന്നു അതെന്നതും ഓര്‍ക്കണം. അന്നുതന്നെ അബംദ്കര്‍ കമ്യൂണിസ്റ്റ്കാരെ ബ്രാഹ്മിണ്‍ ബോയ്‌സ് എന്നു വ്ിശേഷിപ്പിച്ചിട്ടുണ്ട്. അംബേദ്കറെ തോല്‍പ്പിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ ദിവസം കമ്യൂണിസ്റ്റുകാരുടെ വര്‍ത്തമാന കണ്ണിയില്‍ പെട്ട ഒരാള്‍ അംബേദ്കറുടെ വര്‍ത്തമാന കണ്ണിയില്‍ പെട്ട ചന്ദ്രശേഖര്‍ ആസാദിന്റെ മീശയെ അധിക്ഷേപിച്ചതും നമ്മള്‍ കണ്ടു. തലപ്പാവുധരിച്ച അയ്യന്‍കാളിയേയും കോട്ടിട്ട അ്ംബേദ്കറേയും അധിക്ഷപിച്ചവരുടെ പിന്‍ഗാമികള്‍ ഇന്നുമുണ്ടെന്നര്‍ത്ഥം. അംബേദ്കറിനും അയ്യന്‍കാളിക്കും ആസാദിനും ഇതൊന്നും പാടില്ല എന്ന ചിന്താഗതിയുടെ പേരാണ് ജാതി. കേരളം മലയാളികളുടെ മാതൃഭൂമിയെന്ന പ്രശസ്ത ഗ്രന്ഥത്തില്‍ അയ്യങ്കാളിക്ക് സ്ഥാനമില്ലാതിരിക്കാന്‍ കാരണം തേടിയും വേറെ എവിടേയും പോകേണ്ടതില്ല.

യൂറോപ്യന്‍ സാഹചര്യത്തില്‍ രൂപം കൊണ്ട കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥക്ക് വലിയ പ്രാധാന്യം ലഭിക്കാതിരുന്നത് സ്വാഭാവികമാണെന്ന് കുമ്പസാരിക്കുന്നവരുണ്ട്. ആ വാദവും എന്നേ കാലഹരണപ്പെട്ടുകഴിഞ്ഞു. അത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ എന്നേ തെറ്റുതിരുത്താമായിരുന്നു. അതിനുള്ള ഒരു ശ്രമവുമില്ല എന്നതിന് തെളിവാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. തീര്‍ച്ചയായും കമ്യൂണിസ്റ്റുകാര്‍ക്കു മാത്രമല്ല, എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. കേരളം ഇടതുപക്ഷ പ്രബുദ്ധമാണെന്നും ്അതു സൃഷ്ടിച്ചതു തങ്ങളാണെന്നും കമ്യൂണിസ്റ്റുകാര്‍ അവകാശപ്പെടുന്നതിനാലാണ് അവര്‍ക്കെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതെന്നു മാത്രം. സത്യത്തില്‍ നവോത്ഥാനകാലമെന്ന പേരില്‍ വിശേഷിക്കപ്പെടുന്ന കാലത്തുണ്ടായ മിക്കവാറും മുന്നേറ്റങ്ങളെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനു മുമ്പായിരുന്നു എന്നറിയാന്‍് സാമാന്യചരിത്രബോധം മാത്രം മതി. നേരത്തെ പറഞ്ഞ പോലെ ആ മണ്ണില്‍ വിത്തെറിയുകയായിരുന്നു കമ്യൂണിസ്റ്റുകാര്‍ ചെയ്തത്. പക്ഷെ ജാതിയെന്ന കളയെ വലിച്ചെറിയാന്‍ അവരും തയ്യാറായില്ല. അതും വളര്‍ന്നുകൊണ്ടേയിരുന്നു. ആര്‍ക്കും മനസ്സിലാകുന്ന ഏറ്റവും ലളിതമായ കാര്യമാണല്ലോ, മറ്റു പല ഘടകങ്ങളുമുണ്ടെങ്കിലും ജാതിയെ നിലനിര്‍ത്തുന്ന പ്രധാന ഘടകം സ്വജാതീയ വിവാഹമാണെന്ന്. അക്കാര്യത്തില്‍ നാമിന്ന് എവിടെയെത്തിനില്‍ക്കുന്നു എന്ന ചോദ്യമാണ് പ്രസക്തം. കുറെ പ്രണയവിവാഹങ്ങളല്ലാതെ വ്യത്യസ്ത ജാതിയില്‍ പെട്ടവരുടെ എത്ര വിവാഹങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്? തുലോം തുച്ഛം. ആധുനിക കേരളത്തിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്ന വ്യക്തിയുടെ മക്കള്‍ പോലും അതിനു തയ്യാറായില്ല. അക്കാര്യത്തില്‍ നമ്മുടെ യാത്രയാകട്ടെ പുറകോട്ടാണുതാനും. എത്രയോ മിശ്രവിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തനിക്ക, സ്വന്തം മകള്‍ക്ക് ഒരു ഇതരജാതിക്കാരനെ കണ്ടെത്താന്‍ കഴിയുന്നില്ല എന്ന് അടുത്തൊരു സാമൂഹ്യപ്രവര്‍ത്തകന്‍ പറഞ്ഞിരുന്നു. എസ് സി, എസ് ടി വിഭാഗങ്ങളൊഴികെയുള്ളവരില്‍ നിന്ന് വിവാഹഭ്യര്‍ത്ഥന നടത്തുന്ന പുരോഗമനവാദികളുടേയും നാടാണല്ലോ കേരളം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധ സംവിധാനത്തെ നിലനിര്‍ത്തിയാണ് നാം രാഷ്ട്രീയ പ്രബുദ്ധതയെ കുറിച്ചൊക്കെ വാചാലരാകുന്നതെന്നു സാരം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകത്തെ ഏറ്റവും ജനാധിപത്യവിരുദ്ധ സംവിധാനമാണ് ജാതിയെന്ന വാദത്തെ അംഗീകരി്ക്കാത്ത, പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്ന നിരവധി പേര്‍ നമുക്കു ചുറ്റുമുണ്ട്്. തനിക്കൊരു ജാതിബോധവുമില്ലെന്നും അതൊരു വ്യക്തിപരമായ വിഷയമാണെന്നും അവര്‍ വാദിക്കുന്നു. അതിന്റെയൊക്കെ തുടര്‍ച്ചയാണ് കഴിവും സാമ്പത്തികവുമാണ് പ്രധാനമെന്നു വാദിക്കുന്ന സാമ്പത്തിക സംവരണവാദം. എനിക്കു ജാതിയില്ല എന്നു ഞാന്‍ പറഞ്ഞാല്‍ ഇല്ലാതാകുന്ന ഒന്നല്ല ജാതി. അതൊരു വ്യക്തിപരമായ പ്രശ്‌നവുമല്ല, സാമൂഹ്യപ്രശ്‌നമാണ് താനും. തനിക്കുവേണ്ട എന്നു പറഞ്ഞാലും ജാതിയുടെ പ്രിവിലേജ് സവര്‍ണ്ണര്‍ക്കും പീഡനങ്ങള്‍ അവര്‍ണ്ണര്‍ക്കും ലഭിക്കുമെന്നുറപ്പ്. മതം പോലേയോ ഭാഷ പോലേയോ ദേശീയത പോലേയോ സംസ്‌കാരം പോലേയോ വര്‍ണ്ണം പോലേയോ ലിംഗം പോലേയോ വര്‍ഗ്ഗം പോലേയോ ഉള്ള ഒരു സംവിധാനമല്ല ജാതി. ഇവയെല്ലാം നിലനിന്നുകൊണ്ടുതന്നെ, ഒരുപക്ഷെ തുല്ല്യതയോടുള്ള സഹവര്‍ത്തിത്വം നമുക്ക് ആഗ്രഹിക്കാം, വിഭാവനം ചെയ്യാം. എന്നാല്‍ ജാതിയില്‍ അത് അസാധ്യമാണ്. കാരണം തുല്ല്യതയില്ലായ്മയുടെ, വിവേചനത്തിന്റെ പേരാണ് ജാതി. മനുഷ്യരെ തട്ടുകളായി വിഭജിക്കുകയും ഏറ്റവും താഴെയുള്ള തട്ടിലുള്ളവര്‍ പോലും അത് ദൈവഹിതമാണെന്നു വിശ്വസിക്കുകയും ചെയ്യുന്ന സംവിധാനം. ഹിറ്റ്‌ലറേക്കാള്‍ എത്രയോ ഭീകരനാണ് മനു എന്ന് സഹോദരന്‍ അയ്യപ്പന്‍ വിശേഷിപ്പിക്കാന്‍ കാരണവും മറ്റൊന്നല്ല. ഭരണഘടനയേക്കാല്‍ നമ്മള്‍ പ്രാധാന്യം നല്‍കുന്നത് മനുസ്മൃതിക്കാണെന്ന് ശബരിമല വിവാദകാലത്ത് തെളിഞ്ഞതാണല്ലോ. സ്ത്രീ പുരുഷ സമത്വം പോലേയോ ഹിന്ദു മുസ്ലിം സൗഹാര്‍ദ്ദം പോലേയോ കറുത്തവരും വെളുത്തവരും തുല്ലതയുള്ളവരാകുന്നതുപോലേയോ ഒന്ന് ജാതിയില്‍ സാധ്യമല്ല. കാരണം തുല്ല്യതയുണ്ടെങ്കില്‍ ജാതിയില്ല എന്നതുതന്നെ. വിവേചനമാണ് ജാതി എന്നതു തന്നെ. അതിനാലാണ് അത് ലോകത്തെ ഏറ്റവും ജനാധിപത്യവിരുദ്ധ സംവിധാനമാകുന്നത്. അതിനാല്‍ തന്നെ ഈ ജനാധിപത്യപ്രക്രിയയില്‍ അത് ചര്‍ച്ചയാകുകതന്നെ വേണം.

അവസാനമായി, വ്യക്തിജീവിതത്തില്‍ ഒതുങ്ങുന്ന ഒന്നല്ല ജാതി എന്നു ബോധ്യപ്പെടാന്‍ മറ്റെവിടേയും പോകേണ്ടതില്ല. കേരളത്തില്‍ തന്നെ പരിശോധിച്ചാല്‍ മതി. എതാനും സമകാലിക സംഭവങ്ങള്‍ മാത്രം സൂചിപ്പിക്കാം. വിനായകന്‍, കെവിന്‍, ചിത്രലേഖ, അശാന്തന്‍, വടയമ്പാടി, ജിഷ, മധു, ഗോവിന്ദാപുരം, പേരാമ്പ്ര, കുറ്റുമുക്ക് ശിവക്ഷേത്രത്തിലെ ശൗചാലയം, പെട്ടിമുടി, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍, മുത്തങ്ങ, ചെങ്ങറ ഇവയുടെയെല്ലാം അന്തര്‍ധാര ജാതിയല്ലാതെ മറ്റെന്താണ്? കേരളത്തിലെ ഭൂരഹിതരില്‍ മഹാഭൂരിപക്ഷവും ആരാണ്|? ക്രയവിക്രയത്തിനോ വായ്പയെടുക്കാനോ ഭൂമിയില്ലാത്തതിനാല്‍ ഒരു സംരംഭത്തിനു തുടക്കം കുറിക്കാന്‍ കഴിയാത്തവരില്‍ ഭൂരിഭാഗവും ആരാണ്? കേരളത്തിന്റെ സമ്പദ്ഘടനയില്‍ പ്രധാന പങ്കുവഹിക്കുന്ന പ്രവാസത്തില്‍ കാര്യമായ പങ്കാളിത്തമില്ലാത്തത് ആര്‍ക്കാണ്? ആരാധനാലയങ്ങളില്‍ ഇപ്പോഴും പലരീതിയിലുള്ള അയിത്തം നേരിടുന്നത് ആരാണ്? ഇത്തരത്തില്‍ എത്രയോ ചോദ്യങ്ങള്‍ ചോദിക്കാം. അവയുടെയെല്ലാം ഉത്തരം ജാതിയെന്നു തന്നെ. ഇനിയെങ്കിലും ആ യാഥാര്‍ത്ഥ്യം അംഗീകരിക്കാനും ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അജണ്ടയിലെ ആദ്യഇനമാക്കാനുമാണ് നമ്മള്‍ ശ്രമിക്കേണ്ടത്. എങ്കില്‍ പ്രബുദ്ധരെന്ന അവകാശവാദത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടാകും?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis, Videos | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply