ജാതി നിര്‍ണ്ണയവാദമെന്ന മനുവാദ ഹാങ്ങോവര്‍

കേരളത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പോരാട്ടത്തിന്റെ ചരിത്രത്തെയും സ്വത്വ നിരാകരണം റദ് ചെയ്യുന്നുണ്ട്. 1990-കളില്‍ കീഴ് ജാതിക്കാരെ ഉപയോഗിച്ചുകൊണ്ട് സവര്‍ണര്‍ ഭരിക്കുന്ന പാര്‍ട്ടി എന്നത് സിപിഎംനേ കുറിച്ച് കേരളത്തില്‍ ഉടനീളം ഉയര്‍ന്ന വിമര്‍ശനം ആയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ തന്നെ കീഴാള ബോധത്തെയും പാര്‍ട്ടിയുടെ കീഴാള അംഗബലത്തെയും ഉപയോഗിച്ചുകൊണ്ട് വി സ് അച്യുതാനന്ദന്‍ അധികാരം പിടിച്ചെടുക്കകയും, ശേഷം പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറി ആക്കുകയും ഉണ്ടായി. സിപിഎം എന്ന പാര്‍ട്ടിയുടെ ബഹുജനവല്‍കരണത്തിന്റെ ആരംഭം അവിടം നിന്നാണ്. കേരളത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി ഏറ്റവും സഹായം ആയത് ഈ മാറ്റം ആയിരുന്നു, ഇന്ത്യയില്‍ ഉടനീളം ഓ.ബി.സി – ശൂദ്ര സമുദായങ്ങള്‍ നവ ക്ഷത്രിയവല്കരണത്തിന്റെ ഭാഗമായി ബി.ജെ.പി രാഷ്ട്രീയം സ്വീകരിച്ചപ്പോള്‍ കേരളത്തില്‍ ആ മാറ്റത്തെ തടയിട്ടത് സിപിഎംന്റെ ബഹുജനവല്‍ക്കരണം ആയിരുന്നു. അതിലൂടെ തന്നെ മധ്യ-പിന്നോക്ക സമുദായ സംഘടനകളുമായി സിപിഎമ്മിന്റെ ബന്ധവും കൂടുതല്‍ ശക്തിപ്പെടുകയാണ് ഉണ്ടായതെന്ന് കാണാം.

സി. കെ. ജാനുവും എം. വി. ഗോവിന്ദന്‍ മാസ്റ്ററും – ജാതി നിര്‍ണ്ണയവാദത്തിന്റെ രണ്ട് ഉദാഹരണങ്ങള്‍

മാനവ സമൂഹത്തില്‍ ഇന്നും നാണത്തോടെയെങ്കിലും പ്രബലമായി തന്നെ തുടര്‍ന്ന് പോരുന്ന ആശയമാണ് ജാതി നിര്‍ണ്ണയവാദം, അഥവാ caste determinism. സി. കെ. ജാനു എന്ന നേതാവിനെ വിചാരണ ചെയ്യുന്നത് അവരുടെ ജാതിക്കെതിരെ ഉള്ള ആക്രമണം ആണെന്ന വിചിത്ര വാദമായി ജാതി നിര്‍ണ്ണയവാദം ഇന്ന് സ്വത്വവാദ രാഷ്ട്രീയത്തില്‍ പോലും കടന്നു കൂടിയിട്ടുണ്ട്. അവര്‍ പത്ത് ലക്ഷം വാങ്ങിയാല്‍ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്നവര്‍ക്ക് അതില്‍ നിന്ന് ഒരു പൈസ പോലും കിട്ടിയിട്ടുമില്ല, ആ പൈസ ഏതെങ്കിലും ജാതിയുടെ ഉപയോഗത്തിന് വേണ്ടി ചെലവഴിക്കപ്പെട്ടതുമില്ല. അത് യഥാര്‍ത്ഥത്തില്‍ ഒരു ദേശീയ ഫാഷിസ്റ്റ് പാര്‍ട്ടിയുടെ അധിനിവേശത്തിന്റെ ഭാഗമായി കേരളത്തിലെ ആദിവാസികളെ വനവാസികളായി നാമകരണം ചെയ്ത് വാനരപ്പടയായി മാറ്റിയെടുക്കാന്‍ വേണ്ടിയുള്ള ഇന്‍വെസ്റ്റ്‌മെന്റ് ആയിരുന്നു. ഉദ്ദേശത്തിന്റെ വിപുലത വെച്ച് തുച്ഛമായ പണമാണ് ജാനുവിന് നല്‍കിയത്. അത്തരം ഒരു പരിപാടിയില്‍ ജാനു എന്ന നേതാവ് വഹിക്കുന്ന പങ്കിന് ആനുപാതികമായ വിലയാണ് ഇതെന്ന് കൂട്ടിയാല്‍, ജാനുവിനെ കൊണ്ട് അവര്‍ക്ക് അത്ര കാര്യമായ ഗുണം ഇല്ലെന്ന് തന്നെ മനസിലാക്കാം.

എന്നിട്ടും, തനിക്ക് വേണ്ടപ്പെട്ട ജാതിയില്‍ ജനിച്ചു എന്ന ഒറ്റ കാരണം കൊണ്ട് അവരെ വിചാരണ ചെയ്യേണ്ടതില്ല എന്ന തലതിരിഞ്ഞ മനുവാദം ജാതിവിരുദ്ധ രാഷ്ട്രീയത്തില്‍ സജീവമാണ്. ഇതിന് മറുവശം എന്ന വണ്ണം വായിക്കാന്‍ കഴിയുന്ന മറ്റൊരു സംഭവം ഈയടുത്ത് ഉണ്ടായി – സഖാവ് എം. വി. ഗോവിന്ദന്‍ മാസ്റ്ററുടെ ജാതി വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടു, സ്വത്വരാഷ്ട്രീയ വാദികളാല്‍ തന്നെ. ഒരു OEC ജാതിയില്‍ നിന്നു വരുന്ന അദ്ദേഹത്തെ മന്ത്രിസഭാ രൂപീകരണത്തിന്റെ സമയത്തുള്ള വിമര്‍ശനങ്ങളില്‍ എല്ലാം തന്നെയും നായര്‍ ആയി പരിഗണിച്ചുകൊണ്ടാണ് വിമര്‍ശനങ്ങള്‍ എഴുതിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനുള്ള മന്ത്രിസഭയിലെ രണ്ടാമനെന്ന സ്ഥാനം നായര്‍ മേധാവിത്തമായി പരിഗണിക്കപ്പെട്ടു. ഏതാനും മാസങ്ങള്‍ മുമ്പ് ഗോവിന്ദന്‍ മാസ്റ്റര്‍ വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ കുറിച്ച് നടത്തിയ ഒരു പരാമര്‍ശം നാള്‍മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി, വിപ്ലവത്തിന്റെ ഒറ്റുകാരനായി ഗോവിന്ദന്‍ മാഷ് ന്യൂസ് ചര്‍ച്ചയിലും സാമൂഹ്യമാധ്യമത്തിലും നിറഞ്ഞു. അക്കൂട്ടത്തില്‍ വിചാരണ ചെയ്യാന്‍ ഇന്ന് ജാനുവിനെ ന്യായീകരിക്കുന്നവര്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.

ഗോവിന്ദന്‍ മാസ്റ്റര്‍ ചെയ്തതില്‍ ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളിലും എത്രയോ അധികം നികൃഷ്ടമായ കുറ്റമാണ് ജാനു ചെയ്തതെങ്കിലും, ഗോവിന്ദന്‍ മാസ്റ്ററെ ഓണററി നായര്‍ ആയി പ്രഖ്യാപിച്ച സ്ഥിതിക്ക് അദ്ദേഹത്തിന്റേത് വിമര്‍ശിക്കേണ്ട കുറ്റങ്ങളാവുകയും, ജാനുവിനെ ആദിവാസി നേതാവായി ചുരുക്കുന്നതിലൂടെ അവരുടെ കുറ്റങ്ങള്‍ വിചാരണ ചെയ്യേണ്ടതല്ലാതാവുകയും ചെയ്യുന്നതാണ് ജാതി നിര്‍ണ്ണയവാദം. മാര്‍ക്‌സിനെ പോലും തിരിച്ചറിയാത്ത ഇന്ത്യന്‍ ഇടതു പക്ഷം അതേ സമയം, ജാനുവിന്റെ ഒറ്റികൊടുക്കല്‍ സ്വത്വവാദ രാഷ്ട്രീയത്തിന്റെ തന്നെ സ്വാഭാവിക പരിണാമമായി കാണുകയാണ്.

ഹൈന്ദവ-മലയാളി- മാര്‍ക്‌സിസ്റ്റ് ഇടത് പക്ഷം.

ഇന്ത്യയിലെ തന്നെ ഇടത് പക്ഷത്തിന്റെ ഏറ്റവും ജീര്‍ണിച്ച രാഷ്ട്രീയ ഉള്കാഴ്ചകളില്‍ ഒന്നാണ് സ്വത്വവാദത്തിന് മൂര്‍ത്തമായ രാഷ്ട്രീയ സങ്കല്പം ഇല്ല എന്നും, അതുകൊണ്ട് തന്നെ കേവലമായ ജാതി യുക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന് മുതല്‍കൂട്ട് ആവുക മാത്രമാണ് അതിന്റെ ജന്മ വിധി എന്നുള്ളതും.. മറ്റൊരു വിധത്തിലുള്ള ജാതി നിര്‍ണ്ണയവാദമാണ് ജാതിയെ കുറിച്ചുള്ള പറച്ചിലുകളെല്ലാം ജാതിയെ ഊട്ടിയുറപ്പിക്കാനുള്ള മുന്നേറ്റമായി മാറുകയേ ഉള്ളു എന്ന കേവല യുക്തിവാദം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മധ്യ-പിന്നോക്ക ജാതികളുടെ രാഷ്ട്രീയ രംഗപ്രവേശം സ്വാതന്ത്ര്യത്തിന് ശേഷമുള്ള പതിറ്റാണ്ടുകളില്‍ ക്രമേണ സംഭവിക്കുകയും, ഒരു പൊട്ടിത്തെറിയോടെ മണ്ഡല്‍-കാല രാഷ്ട്രീയത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. അതിലൂടെ ഇന്ത്യയില്‍ ഉടനീളം കീഴാളര്‍ നേടി എടുത്ത സമത്വ ആശയങ്ങള്‍ക്കും എതിരായിട്ടാണ് സംഘപരിവാര്‍ വര്‍ണ്ണാധിഷ്ഠിത രാഷ്ട്രീയ തിരിച്ചുവരവ് ശക്തി പ്രാപിച്ചു തുടങ്ങിയത്. അതിനോടുള്ള പോരാട്ടത്തില്‍ ലാലുവിനെ പോലുള്ളവര്‍ നടപ്പിലാക്കിയ കീഴാള സോഷ്യലിസവും, ഫാസിസ്റ്റ് വിരുദ്ധ സഖ്യം ഒന്നിച്ചു മുന്നോട്ട് നയിച്ച ആള്‍ക്കാരെ പോലും മലയാളി മാര്‍ക്‌സിസ്റ്റ് ഇടത്പക്ഷത്തിന് ഉള്‍ക്കൊള്ളുവാന്‍ പറ്റിയിട്ടില്ല എന്നാണ് ഈ വ്യാഖ്യാനങ്ങള്‍ സൂചിപ്പിക്കുന്നത് തന്നെ. (രഥ യാത്ര തടഞ്ഞ ലാലുവിന്റെ ചരിത്രം ഒന്നും ഇന്നും ഒരു ഇടത്പക്ഷക്കാരനും അവകാശപ്പെടാന്‍ ഇല്ല). സ്വത്വരാഷ്ട്രീയക്കാര്‍ സംഘപരിവാര്‍ നേതാക്കളായി മാറിയിട്ടുണ്ടാകാം, അത്തരം കൊഴിഞ്ഞുപോക്കുകള്‍ ഇല്ലാത്ത ഏതെങ്കിലും പാര്‍ട്ടി ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടോ?

നമ്മള്‍ ഓര്‍ക്കേണ്ട പ്രധാന കാര്യം എല്ലാ രാഷ്ട്രീയവും സ്വത്വ രാഷ്ട്രീയം ആണെന്നുള്ളതാണ്. ലോകത്തു സ്വത്വ രാഷ്ട്രീയം മാത്രമേ ഉള്ളൂ, അതിനുള്ളില്‍ തന്നെ ഓരോ സ്വത്വ-മുന്നേറ്റവും സമൂഹത്തെ മനസിലാക്കുവാനായി വ്യത്യസ്ത രീതിശാസ്ത്രങ്ങള്‍ സ്വീകരിച്ചു എന്ന് വരാം. ഇന്ത്യയില്‍ കാര്‍ഷിക ചൂഷണത്തെയും കാര്‍ഷിക ബന്ധങ്ങളെയും മുന്‍നിര്‍ത്തി ആദ്യത്തെ പുസ്തകങ്ങളില്‍ ഒന്ന് എഴുതിയത് ജ്യോതിബ ഫൂലെ ആയിരുന്നു, ആ കാലത്തു ഫൂലെ ആത്മീയ അടിമത്തവും ബൗദ്ധിക ചൂഷണവും സംയോജിപ്പിച്ചു വംശവും, ജാതിയെയും ബന്ധപ്പെടുത്തി വികസിപ്പിച്ച ദാര്‍ശനികത ഇന്നും ഇന്ത്യയിലെ ഏതൊരു കമ്മ്യൂണിസ്റ്റ് ചിന്തയെയും പിന്നിലാക്കുന്ന ഒന്നാണ്.

ഫൂലെയ്ക്കു ശേഷം അത്തരം ഒരു പഠനം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. കര്‍ഷകരെ കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലാം തന്നെ ദാരിദ്ര്യത്തിന്റെയും ധനസാമ്പത്തിക ഇടപാടുകളുടെയും പ്രത്യേകതകളില്‍ ഊന്നുകയാണ് പതിവ്. ഇന്ന് നമ്മുടെ ഇടയില്‍ നടക്കുന്ന കാര്‍ഷിക പ്രശ്‌നങ്ങള്‍ കേവലമായ നവലിബറല്‍ പോളിസികളുടെ പാര്‍ശ്വഫലമായി സംഭവിച്ചതല്ല എന്നും, അത് ഇന്ത്യയിലെ ജാതി ബന്ധങ്ങളും, കൃഷിയെ കുറിച്ചോ, കാര്‍ഷിക ജീവിതത്തെ കുറിച്ചോ തികച്ചും അവജ്ഞതയോടെ സമീപിച്ച ഹൈന്ദവ സാംസ്‌കാരികതയുടെ കൂടി തുടര്‍ച്ച ആണെന്നും ഇടത് പക്ഷം തിരിച്ചറിയേണ്ടതുണ്ട്. ഇന്നും നമുക്ക് കാര്‍ഷിക സംസ്‌കാരത്തെ മുന്‍നിര്‍ത്തി കൊണ്ടുള്ള ആധികാരികമായൊരു പഠനം ഉണ്ടായിട്ടില്ല. ഇന്ത്യന്‍ സാംസ്‌കാരിക ചിന്തയുടെ കേന്ദ്ര ബിന്ദു ആത്മീയമായ അന്വേഷണം മാത്രം ആയിരുന്നു.

അതേസമയം മാവോയെ പൊലുള്ളവര്‍ തങ്ങളുടെ കാര്‍ഷിക സംസ്‌കാരത്തെ കൂടി ഉള്‍പ്പെടുത്തി ആയിരുന്നു സാംസ്‌കാരിക വിപ്ലവം രൂപപെടുത്തിയത്. മാവോയില്‍ നിന്ന് തുടര്‍ന്ന് കൊണ്ട് കര്‍ഷകവിരുദ്ധ സമൂഹത്തില്‍ കര്‍ഷകവിപ്ലവം, വര്‍ഗസമൂഹത്തിനെതിരെ വര്‍ഗ വിപ്ലവം, ജാതിസമൂഹത്തിനെതിരെ ജാതി വിപ്ലവം എന്ന് തന്നെ പറയേണ്ടതുണ്ട്. ജൂത സ്വത്വരാഷ്ട്രീയത്തെ മുന്‍നിര്‍ത്തി അവരുടെ സ്വത്വത്തെ നിരാകരിച്ചുകൊണ്ടുള്ള ജൂത വിമോചന ആശയങ്ങളെ കുറിച്ച് മാര്‍ക്‌സ് തന്നെ രസകരമായി എഴുതിയിട്ടുണ്ട്. ബ്രൂണോ ബൗവറിന് മറുപടി ആയിട്ടാണ് മാര്‍ക്‌സ് ഈ ആശയങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്. ജൂതര്‍ക്ക് അവരുടെ സ്വത്വം ബോധം ഉപേക്ഷിച്ചു കൊണ്ട് മാത്രമേ രാഷ്ട്രീയപരമായ വിമോചനം സാധ്യംമാവുകയുള്ളൂന്നും അതിന് കാരണമായി ബൗവര്‍ പറയുന്നത് മതേതര രാഷ്ട്രീയത്തില്‍ ഊന്നിക്കൊണ്ടുള്ള രാഷ്ട്രീയ ദേശം ഒരു തരത്തില്‍ ഉള്ള മത ബോധങ്ങള്‍ക്കും സ്ഥാനം നല്‍കുന്നില്ല എന്നായിരുന്നു.

മാര്‍ക്‌സ് തന്റെ On the Jewish Question എന്ന കൃതിയില്‍ ഈ സാഹചര്യങ്ങളെ പരിശോധിച്ചുകൊണ്ട് കൊടുക്കുന്ന മറുപടി രസകരമാണ് – "Now according to free theory, Jews and Christians are equal, but in practice Christians have a privilege over Jews; for otherwise how could the Sunday of the Christians have a place in a law made for all Frenchmen? Should not the Jewish Sabbath have the same ights? ഈ സാഹചര്യത്തെ മുന്‍നിര്‍ത്തി ശ്ലോമോ അവിനെറി ഇപ്രകാരം പറയുന്നു: Marx states unequivocally that ‘the Jew who demands freedom and nonetheless is not willing to give up his religion … is making a demand which does not contradict political freedom.’ This is quite an extraordinary argument made by Marx, calling for respect for Jewish religious cultural self-determination. Moreover: the civic status of the Jews becomes for Marx a criterion by which to judge a country’s general politics: ‘The states which cannot yet emancipate the Jews politically have to be judged against the fully developed political states-and found wanting ഇതെഴുതിയ മാര്‍ക്‌സ് ഒരു കറുത്ത ജൂതന്‍ ആണെന്നും, മാര്‍ക്‌സ് ഇവിടെ സൂചിപ്പിക്കുന്നത് ജൂത സമുദായം ആദ്യം നേടേണ്ടത് രാഷ്ട്രീയപരമായ സ്വത്വഅധിഷ്ഠിത വിമോചനം ആണെന്നും, ശേഷം മാത്രമേ സാമൂഹ്യ വിമോചനം സാധ്യമാകുള്ളൂ എന്നാണെന്നെങ്കിലും ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ ഓര്‍ക്കേണ്ടതുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിന്റെ ഒരു തുടര്‍ച്ച ആയി അമേരിക്കയില്‍ ഉണ്ടായിട്ടുള്ള ബ്ലാക്ക് മുന്നേറ്റങ്ങളെയും വായിക്കാവുന്നതാണ്, ഒരു പ്രത്യേകമായ വിഭാഗം അവരുടെ ചൂഷണ കാരണങ്ങളായ ജാതി, വംശം, ലിംഗം തുടങ്ങിയവയെ മുതലാളിത്ത പോരാട്ടവുമായി ഒന്നിപ്പിച്ചുകൊണ്ട് സാര്‍വത്രികമായ വിമോചനത്തിനുള്ള സമര ചിരിത്രം ആയിരുന്നു ആദ്യ കാല ബ്ലാക്ക് മൂവ്‌മെന്റ്. വംശിയതയുടെ ഉന്‍മൂലനം മുതലാളിത്തത്തിനെ മറികടക്കുന്നതിലൂടെ മാത്രമേ സാധ്യമാകുള്ളൂ എന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു, അഥവാ കറുത്തവര്‍ഗ്ഗക്കാരുടെ രാഷ്ട്രീയത്തിന്റെ രൂപം ആത്യന്തികമായും വര്‍ഗസമൂഹത്തെയും മറികടക്കാന്‍ ശ്രമിക്കുന്നതായിരിക്കണമെന്ന് മനസിലാക്കി. പ്രധാനപ്പെട്ട വിപ്ലവങ്ങളില്‍ എല്ലാം തന്നെ പല വിധത്തിലുള്ള സ്വത്വങ്ങള്‍ ഇടപഴകി – ജൂതവിരുദ്ധതക്കെതിരെയുള്ള നിയമം നടപ്പിലാക്കിയതും പിന്നോക്ക ദേശങ്ങള്‍ക്ക് സംവരണം നല്‍കിയുമാണ് റഷ്യന്‍ വിപ്ലവം മുന്നേറിയത്. അതുകൊണ്ടുതന്നെ എല്ലാ സ്വത്വരാഷ്ട്രീയവും മുതലാളിത്ത നിര്‍മ്മിതിയാണ് എന്ന വെള്ളക്കാരായ മാര്‍ക്‌സിസ്റ്റുകളുടെ വാദങ്ങള്‍ക്ക് നേര്‍വിപരീതം ആയിരുന്നു ഈ മുന്നേറ്റങ്ങള്‍. അതുകൊണ്ടാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നത് ആള്‍ ലൈവ്‌സ് മാറ്ററിന് മാറ്ററിന് പകരം ഈ അടുത്ത കാലങ്ങളില്‍ ഉയര്‍ന്നു വന്നത്, കറുത്ത ജീവിതങ്ങളുടെ വിമോചനം നേടുന്നത്തോടെ മാത്രമാണ് എല്ലാ മനുഷ്യ ജീവിതങ്ങളുടെയും വിമോചനം സാധ്യമാകുന്നത്.

അതുപോലെ കേരളത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പോരാട്ടത്തിന്റെ ചരിത്രത്തെയും സ്വത്വ നിരാകരണം റദ് ചെയ്യുന്നുണ്ട്. 1990-കളില്‍ കീഴ് ജാതിക്കാരെ ഉപയോഗിച്ചുകൊണ്ട് സവര്‍ണര്‍ ഭരിക്കുന്ന പാര്‍ട്ടി എന്നത് സിപിഎംനേ കുറിച്ച് കേരളത്തില്‍ ഉടനീളം ഉയര്‍ന്ന വിമര്‍ശനം ആയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ തന്നെ കീഴാള ബോധത്തെയും പാര്‍ട്ടിയുടെ കീഴാള അംഗബലത്തെയും ഉപയോഗിച്ചുകൊണ്ട് വി സ് അച്യുതാനന്ദന്‍ അധികാരം പിടിച്ചെടുക്കകയും, ശേഷം പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറി ആക്കുകയും ഉണ്ടായി. സിപിഎം എന്ന പാര്‍ട്ടിയുടെ ബഹുജനവല്‍കരണത്തിന്റെ ആരംഭം അവിടം നിന്നാണ്. കേരളത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി ഏറ്റവും സഹായം ആയത് ഈ മാറ്റം ആയിരുന്നു, ഇന്ത്യയില്‍ ഉടനീളം ഓ.ബി.സി – ശൂദ്ര സമുദായങ്ങള്‍ നവ ക്ഷത്രിയവല്കരണത്തിന്റെ ഭാഗമായി ബി.ജെ.പി രാഷ്ട്രീയം സ്വീകരിച്ചപ്പോള്‍ കേരളത്തില്‍ ആ മാറ്റത്തെ തടയിട്ടത് സിപിഎംന്റെ ബഹുജനവല്‍ക്കരണം ആയിരുന്നു. അതിലൂടെ തന്നെ മധ്യ-പിന്നോക്ക സമുദായ സംഘടനകളുമായി സിപിഎമ്മിന്റെ ബന്ധവും കൂടുതല്‍ ശക്തിപ്പെടുകയാണ് ഉണ്ടായതെന്ന് കാണാം.

മാര്‍ക്‌സിസവും തൊഴിലാളിവര്‍ഗവിപ്ലവങ്ങളും

മാര്‍ക്‌സിസ്റ്റ് ചിന്തകനായ കുര്യാക്കോസ് മാത്യു പറയുന്ന ഒരു പ്രസക്തമായ കാര്യമുണ്ട് – മാര്‍ക്‌സിസത്തിന്റെ ഉദ്ദേശം തൊഴിലാളിവര്‍ഗം ചെയ്യുന്നതെന്തിനും ബി.ജി.എം ഇടുക എന്നതല്ല, മറിച്ച് തൊഴിലാളിവര്‍ഗ വിപ്ലവങ്ങള്‍ സംസ്‌കാരപൂര്‍ണ്ണമാക്കുക, പരിഷ്‌കരിക്കുക (civilize) എന്നതാണ്. പ്രോളിറ്റേറിയറ്റ് ഒരു പരിഷ്‌കൃത വര്‍ഗമായി തനിയെ ഉത്ഭവിക്കുന്നതല്ല, അതുകൊണ്ട് തന്നെ അപരിഷ്‌കൃതരായ ഘട്ടങ്ങളില്‍ അവര്‍ തികച്ചും പ്രതിവിപ്ലവകരമായി പ്രവര്‍ത്തിക്കും. മാര്‍ക്‌സിന്റെ തന്നെ എഴുത്തുകളില്‍ ഇത്തരത്തില്‍ പരിഷ്‌കൃതരായ പ്രോളിറ്റേറിയറ്റും ലുമ്പന്‍പ്രോളിറ്റേറിയറ്റും തമ്മില്‍ വിത്യാസപ്പെടുത്തുന്നുണ്ട്. ലുമ്പന്‍പ്രോളിറ്റേറിയറ്റ് നയിക്കുന്ന വിപ്ലവമാണ് ഐ.എസ്.ഐ.എസ്സിന്റേത്. നമുക്ക് വേണ്ടത് പരിഷ്‌കൃത പ്രോളിറ്റേറിയറ്റിന്റെ വിപ്ലവമാണ്. അത്തരത്തില്‍ ഒരു സിവിലൈസിങ് പ്രക്രിയ നടത്താന്‍ ഏറ്റവും കെല്പുള്ളതാണ് സ്വത്വവാദ പ്രസ്ഥാനങ്ങള്‍ – കേരളത്തിലെ കഴിഞ്ഞ നൂറ്റാണ്ടിലെ ചരിത്രത്തിലും മധ്യ-പിന്നോക്ക ജാതി സംഘടനകള്‍ നയിച്ച മുന്നേറ്റങ്ങള്‍ക്ക് ഇത്തരമൊരു സ്വഭാവം കൂടെ ഉണ്ടായിരുന്നു എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതാണ്. സഖാവ് എം.എം. മണിയെ പോലൊരു നേതാവിനെ ഉണ്ടാക്കിയതില്‍ പ്രധാന പങ്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആണെങ്കിലും, അദ്ദേഹത്തിന്റെ ജീവിതത്തില്‍ എസ്.എന്‍.ഡി.പി വഴി ഉണ്ടായി വന്ന സാമൂഹിക ഉന്നമനത്തെ നിഷേധിക്കാന്‍ ആവുകയില്ല. ജാതി സമുദായ രാഷ്ട്രീയ വക്താക്കളും ഈ വസ്തുത തിരിച്ചറിയേണ്ടതുണ്ട്.

ജാതി രാഷ്ട്രീയം ജാതി സമൂഹത്തെ സിവിലൈസ് ചെയ്യാനുള്ള ശ്രമമാണ്. യോഗക്ഷേമ സഭക്ക് തങ്ങളുടെ സമുദായത്തെ റിസര്‍വേഷന്‍ അംഗീകരിക്കുന്നവരാക്കി മാറ്റാന്‍ കഴിയുമെങ്കില്‍ അത് സ്വീകാര്യമാണ്. നമുക്ക് അവരോടുള്ള വിമര്‍ശനം അവര്‍ അതിനൊന്നും മുതിരുന്നില്ല എന്നതാണ്. അതുപോലെ തന്നെ പിന്നോക്ക ജാതിയില്‍ നിന്നുയര്‍ന്നു വന്ന നേതാക്കള്‍ ഫാഷിസ്റ്റ് ദല്ലാളുകള്‍ ആകുന്നതിനെ അവരുടെ ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ന്യായീകരിക്കുന്നത് ജാതിസമൂഹത്തിന്റെ പ്രത്യയശാസ്ത്രമായ ജാതി നിര്‍ണ്ണയവാദത്തിന് സമ്മതി നല്‍കുക എന്നതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply