കാര്‍ട്ടൂണ്‍ വിവാദവും നമ്മുടെ കുറ്റകരമായ മൗനവും

ഒരു അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം അക്കാദമി അത് പുനഃപരിശോധിച്ച ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല. അംശവടി മത ചിഹ്നം അല്ല അധികാര ചിഹ്നം ആണ്. മത ചിഹ്നങ്ങളെ ചോദ്യം ചെയ്യുന്നതില്‍ പ്രശനം ഉണ്ടെന്നു കരുതുന്നില്ലെന്നും പുരസ്‌കാരം പിന്‍വലിക്കില്ലെന്നും അക്കാദമി ഭരണസമിതി തീരുമാനമെടുത്തിരിക്കുന്നു. വളരെ കൃത്യമായി സാംസ്‌കാരിക രാഷ്ട്രീയ തീരുമാനം തന്നെയാണിത്.

 

കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യപ്രശ്‌നം വീണ്ടും കേരളത്തില്‍ സജീവചര്‍ച്ചയായിരിക്കുന്നു. ചര്‍ച്ച മാത്രമല്ല, വിഷയം തെരുവിലും വധഭീഷണിയിലുമടക്കം എത്തിയിരിക്കുന്നു. കൃസ്തുവിന്റെ ആറാം തിരുമുറിവ് വിവാദകാലഘട്ടത്തിന്റെ ചെറിയ പതിപ്പ് എന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
അക്കാദമിയുടെ അവാര്‍ഡ് നിര്‍ണയിച്ചത് കേരളത്തിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെട്ട സമിതിയാണ്. അത് അംഗീകരിക്കുകയാണ് ഒരു പ്രബുദ്ധ സമൂഹം ചെയേണ്ടത്. ഇന്ത്യയിലെത്തന്നെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ നാടാണ് കുഞ്ചന്‍ നമ്പ്യാരുടെ പൈതൃകമുള്ള കേരളം. കുഞ്ചന്‍ നമ്പ്യാരുടെ ആക്ഷേപഹാസ്യത്തിന്റെ തുടര്‍ച്ച തെന്നയാണ് കാര്‍ട്ടൂണുകള്‍ എന്നു കാണാം. കൂടാെത സജ്ജയന്റേയും വി കെ എന്നിന്റേയും നാട്. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിനെ നിരന്തരം വരകളിലൂടെ വിമര്‍ശിക്കാന്‍ സുഹൃത്തു കൂടിയായ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മടികാണിച്ചിട്ടില്ല എന്നതും മറക്കരുത്.

 

 

 

 

 

 

 

 

ഒരു പൂവന്‍ കോഴിക്ക് പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയുടെ മുഖം നല്‍കി പോലീസിന്റെ തൊപ്പിക്ക് മുകളില്‍ നിര്‍ത്തിയുള്ളതാണ് പുരസ്‌കാരം നേടിയ കെ കെ സുഭാഷിന്റെ കാര്‍ട്ടൂണ്‍. തൊപ്പി പിടിച്ചിരിക്കുന്നത് പിസി ജോര്‍ജ്ജും ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയും ചേര്‍ന്നാണ്. ബിഷപ്പ് ഫ്രാങ്കോയുടെ കൈയ്യിലുള്ള മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്തിട്ടുമുണ്ട്. സമകാലിക കേരളത്തില്‍ തികച്ചും പ്രസക്തമായ കാര്‍ട്ടൂണ്‍. പതിവുപോലെ മതവികാരെത്ത വ്രണപ്പടുത്തുന്നു എന്നാണ് ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണം. മതചിഹ്നെത്ത ആക്ഷേപിക്കുന്നു എന്ന്. എന്നാല്‍ ബലാല്‍സംഗകേസില്‍ പ്രതിയായ ഒരാളുടെ കൈവശമിരിക്കുമ്പോള്‍ അതെങ്ങിന വിശുദ്ധമായ മതചിഹ്നമാകും. അത് മെറ്റന്തോ ആയി കാണേണ്ട കാര്യമേയുള്ളു. അത്തരത്തില്‍ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഒരു കാര്‍ട്ടൂണിസ്റ്റിനുണ്ട്. ഫ്രാങ്കോവിനെതിരെ ആരോപണമുയര്‍ന്നപ്പോളും ചരിത്രത്തിലാദ്യമായി കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിപ്പോളും ഈ പ്രതിഷേധക്കാര്‍ ഏതുപക്ഷമായിരുന്നു.. അന്നാന്നും ഇവരുടെ മതവികാരം വ്രണപ്പട്ടില്ലല്ലോ. ഇപ്പോളിതാ ഇവര്‍ തെരുവിലിറങ്ങിയിരിക്കുന്നു.
ഏറ്റവും നിര്‍ഭാഗ്യകരമായ നിലപാട് സര്‍ക്കാരിന്റേതാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം അംഗീകരിക്കുന്നു എന്നു പറയുന്ന സര്‍ക്കാര്‍, പുരസ്‌കാരം പിന്‍വലിക്കാനാണ് അക്കാദമിയോട് ആവശ്യപ്പട്ടത്. അതിലൂടെ അക്കാദമിയുടെ സ്വാതന്ത്ര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ കൈകടത്തിയത്. അതോെട കേരളം എത്രയോ അടി പുറകിലേക്കാണ് നീങ്ങുന്നത് എന്നാരും കാണുന്നില്ല. പതിവുപോെല സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായ ഭൂരിപക്ഷം ബുദ്ധിജീവികള്‍ പോലും. ഇതുതന്നെയാണ് മോദി സര്‍കകാരും ചെയ്തിരുന്നത്. അന്നതിനെതിരെ പ്രതികരിച്ചവരാണ് ഇന്ന് കേരളം ഭരിക്കുന്നത് എന്നതാണ് കൗതുകകരം. എന്നാല്‍ ഈ ആവശ്യം അക്കാദമി തള്ളിക്കളഞ്ഞിരിക്കുകയാണ്. ഒരു അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം അക്കാദമി അത് പുനഃപരിശോധിച്ച ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല. അംശവടി മത ചിഹ്നം അല്ല അധികാര ചിഹ്നം ആണ്. മത ചിഹ്നങ്ങളെ ചോദ്യം ചെയ്യുന്നതില്‍ പ്രശനം ഉണ്ടെന്നു കരുതുന്നില്ലെന്നും പുരസ്‌കാരം പിന്‍വലിക്കില്ലെന്നും അക്കാദമി ഭരണസമിതി തീരുമാനമെടുത്തിരിക്കുന്നു. വളരെ കൃത്യമായി സാംസ്‌കാരിക രാഷ്ട്രീയ തീരുമാനം തന്നെയാണിത്. അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് അക്കാദമി ചെയര്‍മാന്‍ പൊന്ന്യം ചന്ദ്രന്‍ പറയുന്നു. വിമര്‍ശനകലയായ കാര്‍ട്ടൂണിന്റെ കൈ കെട്ടിയാല്‍ അതിന്റെ അര്‍ത്ഥം തന്നെ നഷ്ടമാകുമെന്നും കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി തോമസ് ആന്റണി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കാര്‍ട്ടൂണ്‍ പരിശോധിച്ചുവെന്നും ആ കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയെന്നും സാസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാര്‍ട്ടൂണാണിത്. ഇതില്‍ എതിര്‍പ്പില്ല. എന്നാല്‍, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നു.
തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് ഏറെ സംസാരിക്കുമ്പോളും സ്വന്തം വിശ്വാസങ്ങളേയോ താല്‍പ്പര്യങ്ങളേയോ ബാധിക്കുന്ന ആവിഷ്‌കാരങ്ങള്‍ പുറത്തുവരുമ്പോള്‍ തെരുവില്‍ നേരിടുന്ന കാര്യത്തില്‍ മലയാളികള്‍ ഒട്ടും പുറകിലല്ല. അത്തരത്തില്‍ എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ നടന്നിരിക്കുന്നു. അതിലേറ്റവും ശക്തമായ ഒന്നായിരുന്നു ‘കൃസ്തുവിന്റെ ആറാംതിരുമുറിവ്’ എന്ന നാടകത്തിനെതിരെ കേരളത്തിലെ തെരുവുകളില്‍ വിശ്വാസികള്‍ നടത്തിയ പ്രതിഷധങ്ങള്‍. എന്നാല്‍ അതിനെതിരെ അന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ശക്തമായ പോരാട്ടങ്ങളും നടന്നു. അതാണ് ഇപ്പോള്‍ ഇല്ലാതാകുന്നത്. കേരളത്തിന്റ യാത്ര പുറകോട്ടാെണന്നതിന് അതിനേക്കാള്‍ വലിയ തെളിവുവേണോ. അതേസമയം ജനകീയ സാംസ്‌കാരിക വേദി അവതരിപ്പിച്ച നാട്ടുഗദ്ദിക എന്ന ആദിവാസി നാടകത്തിനെതിരെ കേരളത്തിലങ്ങോളമിങ്ങോളം അക്രമങ്ങള്‍ നടത്തിയത് പ്രധാനമായും സിപിഎം അനുഭാവികളായിരുന്നു. സാര്‍വ്വദേശീയഗാനം പാടിയതിന് സച്ചിദാനന്ദനടക്കമുള്ളവരെ അറസ്റ്റ് ചെയ്ത സംഭവവുമുണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം സിവിക് ചന്ദ്രന്റെ നിങ്ങളാരെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിനുനേരേയും ഭീഷണികളുണ്ടായി. കെ പി എ സിയുടെ ഭഗവാന്‍ കാലുമാറുന്നു നാടകത്തിനെതിരെ രംഗത്ത് വന്നത് ഹിന്ദുത്വവാദികളായിരുന്നു.
ഇപ്പോളും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. പലപ്പോളും ആനുകാലികങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കുമെതിരെ അക്രമങ്ങള്‍ നടന്നു. എസ് ഹരീഷിന്റെ മീശ എന്ന നോവലിന്റെ പ്രസിദ്ധീകരണം ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി നിര്‍ത്തുകയും തുടര്‍ന്ന് എഡിറ്റര്‍ കമല്‍ റാം സജീവ് രാജിവെക്കുകയും ചെയ്തു. പവിത്രന്റെ പര്‍ദ്ദ എന്ന കവിതക്കെതിരേയും ചിലര്‍ രംഗത്തുവന്നു. പല സിനിമകള്‍ക്കതിരേയും ഭീഷണിയുണ്ടായി. സെക്സി ദുര്‍ഗ്ഗ, 51 വയസ്സ് 51 വെട്ട്, സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍, ജയന്‍ ചെറിയാന്റെ ‘കാ ബോഡി സ്‌കേപ്സ്’, തുടങ്ങിയവ സമീപകാല ഉദാഹരണങ്ങള്‍ മാത്രം. പിതാവും പുത്രനും എന്ന സിനിമക്കെതിരേും അടുത്തകാലത്ത് നീക്കങ്ങളുണ്ടായി. അമൃതാനന്ദമയി ആശ്രമവുമായി ബന്ധപ്പെട്ടും പല സംഭവങ്ങളും അരങ്ങേറിയിരുന്നു. അവിടത്തെ അന്തേവാസിയായിരുന്ന ഗെയ്ല്‍ ട്രെഡ്വെല്ലിന്റെ ‘വിശുദ്ധ നരകം- ആത്മസര്‍പ്പണത്തിന്റെയും ശുദ്ധ ഭ്രാന്തിന്റെയും ഓര്‍മ്മക്കുറിപ്പ്’ എന്ന പുസ്തകത്തിനെതിരെയായിരുന്നു നീക്കങ്ങള്‍. അതേകുറിച്ച് സംസാരിച്ച സ്വാമി സന്ദീപാനന്ദഗിരിക്കെതിരേയും ആക്രമം നടന്നു. കൂടാതെ അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം നിരോധിക്കുകയും അത് പ്രസിദ്ധീകരിച്ച ഡി.സി. ബുസ്‌കിനെതിരെ അക്രമം നടക്കുകയും ചെയ്തു. കണ്ണൂരിലും മറ്റും പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രസംഗിക്കാന്‍ പോലും അനുമതിയില്ലാത്തതും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ നിഷേധം തന്നെ. അതുപോലെ സംസ്ഥാനത്തെ പല കലാലയങ്ങളിലും നിലനില്‍ക്കുന്ന സംഘടനാപ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കലും അതിന്റെ മറ്റൊരു ഭാഗമാണ്.
അടുത്ത കാലത്ത് രാജ്യത്തെങ്ങും സംഘപരിവാര്‍ ശക്തികളില്‍ നിന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നടന്ന കടന്നാക്രമങ്ങള്‍ക്കെതിരേയും ശക്തമായ മുന്നേറ്റങ്ങള്‍ കേരളത്തില്‍ നടന്നു. ബീഫ് ഭക്ഷിച്ചു എന്നാരോപിച്ച് രാജ്യത്തിന്റെ പല ഭാഗത്തും നടന്ന കൊലകള്‍ക്കെതിരെ ബീഫ് ഫെസ്റ്റിവെലുകള്‍ സംഘടിപ്പിച്ചാണ് സംസ്ഥാനത്തെ പല ഭാഗത്തും പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ഫാസിസത്തിനെതിരെ ശബ്ദിച്ച കല്ബുര്‍ഗിയും നരേന്ദ്ര ദഭോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും ഗൗരി ലങ്കേഷും പെരുമാള്‍ മുരുകനും എം എഫ് ഹുസ്സൈനും കെ എസ് ഭഗവാനും ദിവ്യാഭാരതിയുമെല്ലാം ആക്രമിക്കപ്പെടുകയോ കൊല ചെയ്യപ്പെടുകോ ചെയ്തപ്പോളും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കേരളത്തിലെ തെരുവുകള്‍ സാക്ഷ്യം വഹിച്ചു. അക്കാദമി പുരസ്‌കാര ജേതാക്കളായ പല സാഹിത്യകാരന്മാരും തങ്ങളുടെ പുരസ്‌കാരം തിരിച്ചുനല്‍കി പ്രതിഷേധിച്ചു. അതേസമയം കേരളത്തില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇവരില്‍ നിന്ന് കാര്യമായ പ്രതിഷേധമില്ല എന്നും കക്ഷിരാഷ്ട്രീതാല്‍പ്പര്യത്തിനനുസരിച്ചാണ് പ്രതികരണം എന്നതുമാണ് നമ്മുടെ ശാപം. കവികളായ ഉമേഷ് ബാബു, കുരീപ്പുഴ ശ്രീകുമാര്‍, സാഹിത്യകാരന്‍ സക്കറിയ തുടങ്ങിയവരൊക്കെ അക്രമിക്കപ്പെട്ടപ്പോള്‍ ഇതു പ്രകടമായി. കാസര്‍ഗോഡ് നടന്ന ഇരട്ടകൊലപാതകത്തിനെതിരെ മൗനം പാലിച്ച സാഹിത്യനായകര്‍ക്ക് നട്ടെല്ലായി ഉപയോഗിക്കാനായി വാഴപിണ്ടിയുമായി സാഹിത്യ അക്കാദമിയിലേക്കു നടന്ന മാര്‍ച്ചിന്റെ പ്രസക്തി അതായിരുന്നു. ഈ വിഷയത്തിലും കുറ്റകരമായ അതേ മൗനമാണ് നാം കാണുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “കാര്‍ട്ടൂണ്‍ വിവാദവും നമ്മുടെ കുറ്റകരമായ മൗനവും

  1. Avatar for Critic Editor

    രാജൻ കൈലാസ്

    നല്ല കാര്യം.. വൈകി എന്നാലും.
    ഞാനും ഒപ്പം!

Leave a Reply