സനല്‍ ഹരിദാസിന്റെ ‘ബൈനറികളുടെ കാര്‍ണിവല്‍’

ആധുനിക മനുഷ്യന്റെ സാമൂഹിക സാംസ്‌കാരിക ക്രമത്തെ ഏറ്റവുമധികം സ്വാധീനിച്ച രണ്ട് കലാമാധ്യമങ്ങളാണ് സാഹിത്യവും ചലച്ചിത്രവും. ഒരു പക്ഷെ അതുകൊണ്ടുതന്നെയാവണം സനല്‍ ഹരിദാസിനെപ്പോലെ ഒരു യുവഗവേഷകന്‍ തന്റെ പ്രധാനവിഷയങ്ങളായി ഇവ രണ്ടിനെയും ഒരു ലേഖനസമാഹാരത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ കാരണം. മലയാള സിനിമാവിചാരത്തെയും ലോകസിനിമയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു തൂക്കുപാലമെന്ന നിലയില്‍ കരുതാവുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മലയാളിയുടെ ലോകസിനിമാ വ്യവഹാരങ്ങള്‍ക്കിടയിലേക്ക് തീക്കനല്‍ വില്‍ക്കാനിറങ്ങിയ ഗഗനചാരിയായ ഒരു മാന്ത്രികനായിരുന്നു കിം കി ഡൂക്ക്. മലയാളിയുടെ ചലച്ചിത്ര ആസ്വാദന കാണ്ഡത്തെ കിം കി ഡൂക്കിന് മുമ്പും ശേഷവും എന്ന് രണ്ടായി വിഭജിക്കാന്‍ കഴിയുന്നരീതിയില്‍ സിനിമയുടെ ക്രിസ്തു തന്നെയായിരുന്നു അദ്ദേഹം.

പാശ്ചാത്യ ചലച്ചിത്രസമവാക്യങ്ങളും പാശ്ചാത്യതയുടെ സാമന്തന്മാരായി വര്‍ത്തിച്ച സിനിമാഫാക്ടറികളെയും മാത്രം അംഗീകരിച്ചുപോന്ന ഒരു അദൃശ്യമായ സാമ്രാജ്യത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഏഷ്യന്‍ സിനിമകളുടെ ഒരു സമാന്തരപ്രയാണം ആരംഭിക്കുന്നത്. പശ്ചിമേഷ്യയിലെ ഇറാന്‍പോലെയുള്ള ഭൂമികകളില്‍ നിന്നും ഉടലെടുത്തുതുടങ്ങിയ അത്തരമൊരു ചലച്ചിത്രധാര പുതിയ മാനങ്ങളുയിലേക്ക് ചിറകുവിരിക്കുന്നത് പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ്.

പരക്കെ അംഗീകരിക്കപ്പെട്ട പാശ്ചാത്യ പ്രവണതയിലായാലും ബദല്‍ വഴികള്‍ തേടിയ മൂന്നാംലോക സിനിമകളിലായാലും പ്രധാനമായും കണ്ടെത്താന്‍ കഴിയുന്ന പൊതുവായ ഒരു ആഖ്യാനായുധമായിരുന്നു ലൈംഗികത. ലേഖകന്റെ ഭാഷയില്‍, പ്രണയം മുതല്‍ പോണ്‍ ഇംഡസ്ട്രിവരെ നീളുന്ന ബഹുസ്വരവും വ്യാപ്തവുമായ നിലനില്‍പാണ് ഇന്ന് ലൈംഗികതക്കുള്ളത്. സ്വാഭാവികമായ മനുഷ്യ ലൈംഗികതയില്‍നിന്നുള്ള അകല്‍ച്ചയാണ് നനാവിധമായ ഈ ആവിഷ്‌കാര വിഭ്രമങ്ങളിലേക്ക് മനുഷ്യസമുദായത്തെ കൊണ്ടെത്തിച്ചത്.

എന്നാല്‍ ലേഖകന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള പൗരസ്ത്യ സിനിമാധാരയുടെ ഒപ്പംതന്നെ പാശ്ചാത്യമുഖ്യധാരാ ചലച്ചിത്രങ്ങളോട് കലഹിക്കുന്ന അതേ മുഖഭാവമുള്ള സമാന്തരസിനിമകളും ഉണ്ടായിട്ടുണ്ട്. പസോളിനിയുടെ 120 ഡേയ്‌സ് ഓഫ് സൊദോം മുതല്‍ ആദം രേമേയറുടെ ദി ബണ്ണി ഗെയിമിലും സല്‍ജാന്‍ സ്പാസോവിച്ചിന്റെ (Srdjan Spasojevic) സെര്‍ബിയന്‍ ഫിലിമിലുമൊക്കെ ഇത്തരമൊരു വിമതവെള്ളിവെളിച്ചം വീശുന്നത് കാണാം. ഇവിടെ ഇന്ത്യയില്‍ ക്വയ്ഷിഖ് മുഖര്‍ജിയുടെ ഗാണ്ടു എന്ന ചലച്ചിത്രവും ഇതിന് ഉദാഹരണം തന്നെ.

എന്നാല്‍ ഈ സിനിമകളെയെല്ലാം തന്നെ ‘നിരോധനം’ എന്ന ആയുധം ഉപയോഗിച്ചുകൊണ്ട്, അനഭിമതമായ ആശയം പറയുന്ന എല്ലാത്തിനെയും വരുതിയിലാക്കാനുള്ള ഭരണകൂട പ്രവണതക്ക് കഴിഞ്ഞുവെന്നതാണ് സത്യം.

മറുവശത്ത് ഫ്രഞ്ച് നിര്‍മിതമായ അബ്ദിലാറ്റിഫ് കീഷീഷിന്റെ (Abdellatif കേചിച്ചേ) ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍, ഗാസ്പര്‍ നോയുടെ ലവ് എന്നിവയെ സര്‍ക്കാര്‍ ചെലവില്‍തന്നെ കൊട്ടിഘോഷിക്കുന്നതും നമ്മള്‍ കണ്ടു. അപ്പോള്‍ ലൈംഗികത, ഹിംസാത്മകത എന്നീ നിരോധനകാരണമായ വസ്തുതകള്‍ പൊതുവായി നിലനില്‍ക്കെത്തന്നെ ചലച്ചിത്രങ്ങളെ ഭരണകൂടത്തിനും ഉപരിവര്‍ഗത്തിനും സ്വീകാര്യമായതും തിരസ്‌കരിക്കേണ്ടതും എന്ന് വേര്‍തിരിക്കുന്ന എന്തോ ഒന്നുണ്ട് എന്നത് വ്യക്തമാണ്. പങ്കുവെക്കുന്ന ആശയങ്ങളെത്തന്നെയാണ് ഭയക്കുന്നത് എന്നുവ്യക്തം.

എന്നാല്‍ സനല്‍ ചൂണ്ടിക്കാണിക്കുന്ന ചലച്ചിത്രങ്ങള്‍ ഒട്ടുമിക്കവയും ഈ നിരോധനകളെ തന്ത്രപരമായി മറികടക്കുന്നവയാണ്. ലൈംഗികതയുടെ, ഹിംസാത്മകതയുടെ സങ്കീര്‍ണ വൈവിധ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരുപിടി ചിത്രങ്ങളെ ലേഖകന്‍ ഇവിടെ വിശകലനം ചെയ്യുന്നുണ്ട്.

സത്യം ആരും തിരിച്ചറിയുന്നില്ല എന്ന ആകുലതയും, സത്യം ഞാന്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട് എന്ന ബോധവും സത്യം ആരും തിരിച്ചറിയാന്‍ മെനക്കെടുന്നില്ല എന്ന രോഷവും നിറയുന്നുണ്ട് ഈ ലേഖനങ്ങളില്‍. എന്നാല്‍ അയാള്‍ പ്രതീക്ഷ കൈവിടുന്നുമില്ല എന്നതാണ് രസകരം. ഒരുപക്ഷേ, പ്രതീക്ഷയറ്റ ഒരു വര്‍ത്തമാന കാലത്തില്‍ നിന്നുകൊണ്ട് നാളെയെങ്ങോ ആഗതമാകാന്‍ പോകുന്ന തിരിച്ചറിവിന്റെ ഭാവിക്കുവേണ്ടി എഴുതപ്പെട്ട കുറിപ്പുകളാണിതെന്നും തോന്നും.

‘വ്യവസ്ഥയാല്‍ വിഴുങ്ങപ്പെടുന്ന ഇര; വേട്ടക്കാരനും’ എന്ന ശീര്‍ഷകത്തില്‍ വരുന്ന കുറിപ്പ് വളരെയധികം സാമൂഹിക പ്രാധാന്യമുള്ള വിഷയത്തെയാണ് അവതരിപ്പിക്കുന്നത്. ഇരയേയും വേട്ടക്കാരനെയും ഒരുപോലെ ആള്‍ക്കൂട്ട വിചാരണക്കും ഉപരിതലവായനക്കും വിധേയമാക്കി ഒരുപോലെ ശിക്ഷിക്കുന്ന ന്യായാധിപന്റെ കുപ്പായമിട്ട കുറ്റവാളിയായിമാറുന്ന സമൂഹം ഒരു നേര്‍ക്കാഴ്ചയാണ്. കുറ്റകൃത്യത്തിലേക്കുമാത്രം ശ്രദ്ധകൊടുക്കുകയും കുറ്റത്തിന്റ സ്രോതസിനെ അവഗണിക്കുകയും ചെയ്യുമ്പോള്‍ പുതിയ കുറ്റവാളികള്‍ വീണ്ടുമുണ്ടാവുന്നു, ഇരയുടെ പേരുകള്‍ മാറുന്നുവെന്നതല്ലാതെ കുറ്റത്തെ സ്രോതസില്‍നിന്നുതന്നെ ചെറുക്കാനുള്ള സാധ്യതയാണ് ഇല്ലാതാവുന്നത്.

ചാരുനിവേദിതയില്‍ തുടങ്ങി മിഷേല്‍ ഫൂക്കോയിലൂടെ അന്റോണിയോ ഗ്രാംഷിയില്‍ എത്തിയാണ് അധികാരത്തിന്റെയോ ആധിപത്യത്തിന്റെയോ പര്‍വ്വങ്ങളെ ഗവേഷകന്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നത്. ഫാക്ടറികള്‍, സ്‌കൂളുകള്‍, പട്ടാളത്താവളങ്ങള്‍, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ആത്യന്തികമായി ജയിലുകളോട് സാമ്യപ്പെട്ടിരിക്കുന്നുവെന്ന ഫൂക്കോയുടെ പ്രസ്താവനയെ ലേഖകന്‍ എടുത്തുപറയുന്നുണ്ട്. ഒരു അധികാരത്തിന് കീഴില്‍, അതു സൃഷ്ടിച്ച മതിലുകളുടെയും ഉള്ളറകളുടെയും ഉള്ളില്‍ അനുസരണ പരിശീലിപ്പിക്കുന്ന, നിരീക്ഷിക്കുന്ന ഒരു സംവിധാനത്തിനുള്ളിലാണ് മനുഷ്യനെ ചിട്ടപ്പെടുത്തുന്നത് എന്നുള്ള തിരിച്ചറിവ് ഭീകരമായ പ്രതിസന്ധിയാണ് സ്വാതന്ത്ര്യത്തെക്കുറിച്ച് വിദൂരമായ സങ്കല്‍പ്പമെങ്കിലും ഉള്ളില്‍ സൂക്ഷിക്കുന്ന ഒരാളെ കാത്തിരിക്കുന്നത്.

സ്‌പൈക്ക് ജോണ്‍സ് സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ റൊമാന്റിക് ഡ്രാമാ വിഭാഗത്തിലുള്ള ഹെര്‍ എന്ന ചലച്ചിത്രത്തെ സനല്‍ ഹരിദാസ് പല സാമൂഹിക തലങ്ങളിലേക്ക് ഇഴകീറി വിഭജിച്ച് പഠിക്കുന്ന ലേഖനം ഉദാത്തമായ ഒന്നാണ്. മനുഷ്യനുമേലുള്ള അധികാരകേന്ദ്രം ഭരണകൂടങ്ങളല്ല, വിപണിയാണ് എന്നുതിരിച്ചറിയുന്ന പലനിരീക്ഷണങ്ങളും ആ ലേഖനത്തിലുണ്ട്. മറ്റുള്ളവര്‍ക്കാവശ്യമായ വ്യക്തിപരമായ കത്തുകള്‍ തയാറാക്കുന്ന കോര്‍പറേറ്റ് സ്ഥാപനത്തിലെ ജോലിക്കാരനായ തിയഡോര്‍ അത്തരമൊരു വിപണിയുടെ ആശങ്കാകുലമായ ഭൂമിയിലേക്കാണ് ചിന്തകളെ നയിക്കുന്നതെന്ന ആപല്‍ സൂചനയാണ് ഗവേഷകന്‍ കണ്ടെത്തുന്നത്.

റിബല്‍ ആക്ടിവിസങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണാധികാരിയായ വിപണിക്കും അതിന്റെ ദാസനായ ഭരണകൂടത്തിനും അതിന്റെ ഉപകരണമായ കോടതിക്കും നിയമപാലകര്‍ക്കും കഴിയുന്നുണ്ട്. എന്നാല്‍ അക്കാദമിക് ബദലിനോട്, അതുനല്‍കുന്ന തിരിച്ചറിവിനോട് എതിരിടാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

എന്തുകൊണ്ട് സനല്‍ ഹരിദാസ്?

ബൗദ്ധികമായ ആഗോളവല്‍ക്കരണത്തിന്റെ നെടുംചൂടിലേക്കാണ് സനല്‍ ഹരിദാസിന്റെ പഠനങ്ങള്‍ കടന്നുവരുന്നത്. സാഹിത്യ വൈജ്ഞാനിക ഇടങ്ങളിലും മക്‌ഡോണാള്‍ഡ്‌സ്, കെന്റക്കി ഫ്രൈഡ് ചിക്കന്‍, കൊക്കോകോളാ, പെപ്‌സി, റിലയന്‍സ്, അഡിഡാസ് പോലെയുള്ള ബ്രാന്‍ഡിങ് നടക്കുന്ന ഒരുകാലം എന്നുപറയേണ്ടിവരും. വലിയ മൂലധനനിക്ഷേപവും വിപണിയുടെയും ഭരണകൂടത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായ ബൗദ്ധിക ഉല്‍പ്പന്നങ്ങള്‍ ഉദാത്തമായത് എന്ന പേരില്‍ ദരിദ്ര-പീഢിത-കീഴാള- ന്യൂനപക്ഷ സമൂഹങ്ങളില്‍പോലും വിറ്റഴിക്കപ്പെടുകയും ചെയ്യും.

ദരിദ്ര-പീഢിത-കീഴാള-ന്യൂനപക്ഷ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മികച്ച കലാസൃഷ്ടികളെ ഉപരിവര്‍ഗവും തന്ത്രപരമായി അംഗീകരിച്ചുനല്‍കാറുണ്ട്. എന്നാല്‍ ദരിദ്ര-പീഢിത-കീഴാള-ന്യൂനപക്ഷങ്ങളുടെ ദൈന്യത, ദാരിദ്ര്യം, അന്യതാബോധം, അവര്‍ നേടുന്ന ചൂഷണങ്ങള്‍ എന്നിവയെ കമ്പോളവല്‍ക്കരിക്കുക എന്ന രീതിയിലാണ് അവരുടെ സമീപനം.

സബാള്‍ട്ടന്‍ സാഹചര്യങ്ങളെ സഹതാപത്തോടെ അവതരിപ്പിക്കാതെ, സധൈര്യം അതിലെ ബൗദ്ധികമായ ഘടകങ്ങളെ കണ്ടെത്തി അക്കാദമിക് തലത്തില്‍ അവതരിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം സനല്‍ ഹരിദാസ് തന്റെ എല്ലാ പുസ്തകങ്ങളിലും ഏറ്റെടുത്തിട്ടുണ്ട്. ഉദാഹരണത്തിന് ഇന്ത്യയില്‍ ബഹുഭാഷയില്‍ പുറത്തിറങ്ങിയ കീഴാളപക്ഷ രാഷ്ട്രീയം പറയുന്നത് എന്നവകാശപ്പെട്ട ഒരു സിനിമയില്‍ ഒരു ഗോത്രവിഭാഗം എലിയെ ഭക്ഷിക്കുന്നവരായി ചിത്രീകരിച്ചിട്ടുണ്ട്. അണിയറ പ്രവര്‍ത്തകരുടെ താല്‍പ്പര്യമനുസരിച്ച് മറ്റൊരു ഗോത്രത്തിന്റ പേരാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗോത്രജീവിതത്തേക്കുറിച്ച് വലിയ ധാരണയില്ലാത്ത, ഇന്റര്‍നെറ്റ് പൗരന്മാരില്‍ ഭൂരിപക്ഷവും മധ്യവര്‍ഗമായ ഒരു ഇടത്തിലേക്കാണ് ഈ വാണിജ്യചലച്ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഈ ചിത്രം പലപ്പോഴും കാണികളെ കയ്യിലെടുക്കുന്നത് പെരുക്കിപ്പറഞ്ഞ പല നുണകളിലൂടെ ഗോത്രജനതയുടെ ദാരിദ്ര്യം കമ്പോളവല്‍ക്കരിച്ചുകൊണ്ടാണ്.

ഗോത്രജനതയുടെ വിഷയം ഇവിടെ ഒരു ഉദാഹരണമായി മാത്രം പറഞ്ഞതാണ്. സ്ത്രീപക്ഷവാദം എന്നപേരില്‍ കൊട്ടിഘോഷിക്കപ്പെട്ട സിനിമകളും, അത് ചെകിട്ടത്തടിയുടെ പേരില്‍ പ്രശസ്തമായതായാലും അടുക്കളയുടെ പേരില്‍ പ്രശസ്തമായതായാലും അവസാനം പറഞ്ഞുവെക്കുന്നത് ഒന്നുകില്‍ പുരുഷനെ സ്ത്രീയുടെ ശത്രുവായോ സ്ത്രീയെ പുരുഷന്റെ സഹായമില്ലാതെ നിലനില്‍ക്കാന്‍ കഴിയാത്ത ജീവിയായോ ആണ്. മറിച്ച് സംസാരിക്കുന്ന Parched, ബിരിയാണി, പോലെയുള്ള സിനിമാരംഗങ്ങള്‍ നിയമം ഉപയോഗിച്ച് നീക്കം ചെയ്യാനും സാധിച്ചിട്ടുണ്ട്.

ഇസ്ലാമോഫോബിയയുടെ കാര്യത്തിലും പാശ്ചാത്യ പൗരസ്ത്യ വ്യത്യാസമില്ലാതെ ഈ മൂലധനവിപണിയുടെ ഉല്‍പ്പന്നങ്ങള്‍ ബൗദ്ധികതലത്തില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. അഞ്ചുസെന്റ് ഭൂമിയും കോണ്‍ക്രീറ്റ് വീടും പത്തുകിലോ അരിയും സര്‍ക്കാര്‍ ജോലിയുമാണ് ഗോത്രജനതയുടെ പ്രശ്‌നങ്ങള്‍ എന്ന രീതിയില്‍ കേവലവല്‍ക്കരിക്കുന്ന ഭരണ-ഉപരിവര്‍ഗ കലാഉല്‍പ്പന്നങ്ങള്‍ സാമൂഹിക വിചാരധാരയില്‍ വലിയ അപകടങ്ങള്‍ വിതക്കുന്ന സാഹചര്യത്തിലാണ് ഇത്തരം പഠനങ്ങളുടെ ആവശ്യവും അനിവാര്യതയും.

ബൈനറികളുടെ കാര്‍ണിവല്‍ എന്ന പുസ്തകം സനല്‍ ഹരിദാസ് എന്ന യുവഗവേഷകന്‍ തന്റെ മുന്‍കൃതികളിലൂടെ നിരന്തരമായി ശ്രമിക്കുന്ന ബൗദ്ധികമായ ശ്രദ്ധ ക്ഷണിക്കലിന്റെ തുടര്‍ച്ചയാണ്. ഒറ്റക്ക് നിന്നുകൊണ്ട് ഇയാള്‍ മുഴക്കുന്ന ഒച്ചകളെ കേട്ടില്ലെങ്കില്‍ അക്കാദമിക്ക് അപ്പാര്‍ത്തീഡിലൂടെ വരാനിരിക്കുന്ന വിപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ബാധ്യത വായനാസമൂഹത്തിനുണ്ടാവും.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply