വൈദ്യുത വാഹനങ്ങള്‍ ഒറ്റമൂലിയോ?

നിലവിലുള്ള ഗുരുതരമായ അവസ്ഥയില്‍ നിന്നുമുള്ള ഗുണപരമായ മാറ്റമെന്ന നിലയില്‍ വൈദ്യുത വാഹനങ്ങള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍, അതൊരു ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നും ഇന്നത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഏക പരിഹാരമല്ല വൈദ്യുത വാഹനങ്ങളെന്നും നേരത്തെ തന്നെ തിരിച്ചറിയുന്നത് സുസ്ഥിര ഭാവിക്ക് ഗുണകരമാകും.

മനുഷ്യന്റെ ആര്‍ത്തി കൊണ്ടും അമിതോപഭോഗം കൊണ്ടും ഭൂമി നേരിടുന്ന സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും ദുരിതങ്ങള്‍ക്കുമുള്ള ഒറ്റമൂലിയെന്ന നിലയിലാണ് ഇന്ന് വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. പൂര്‍ണ്ണമായും വൈദ്യുത ഗതാഗതത്തിലേക്ക് മാറുന്നതിനുള്ള ധൃതിപിടിച്ച നടപടികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം മത്സരിക്കുകയാണ്. നിലവിലുള്ള ഗുരുതരമായ അവസ്ഥയില്‍ നിന്നുമുള്ള ഗുണപരമായ മാറ്റമെന്ന നിലയില്‍ വൈദ്യുത വാഹനങ്ങള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍, അതൊരു ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നും ഇന്നത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഏക പരിഹാരമല്ല വൈദ്യുത വാഹനങ്ങളെന്നും നേരത്തെ തന്നെ തിരിച്ചറിയുന്നത് സുസ്ഥിര ഭാവിക്ക് ഗുണകരമാകും.
നിലവില്‍ എണ്ണ ഇന്ധനമായുപയോഗിക്കുന്ന, ആന്തര ദഹനയന്ത്രങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന എല്ലാതരം വാഹനങ്ങള്‍ക്കും പകരം വൈദ്യുതി ഊര്‍ജ്ജസ്രോതസ്സായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഉപയോഗത്തില്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി എന്ന രീതിയിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ എണ്ണയുടെ ഉപയോഗം മൂലമുണ്ടാകുന്ന മലിനീകരണവും എണ്ണയുടെ ഇറക്കുമതി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഏല്‍പിക്കുന്ന ആഘാതവും മാത്രമേ വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തിലൂടെ കുറയ്ക്കുവാന്‍ കഴിയുകയുള്ളൂ. വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കുകളും പാര്‍ക്കിംഗും മൂലമുള്ള പ്രശ്‌നങ്ങളെല്ലാം ഇന്നത്തെപ്പോലെത്തന്നെ നിലനില്‍ക്കും. ഗതാഗത രംഗത്ത് ഇന്ധനത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ്ണ മാറ്റത്തിന് വഴിവെക്കുന്ന ഈ സന്ദര്‍ഭം, ആ മേഖലയിലെ മറ്റ് പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കാനുള്ള ഒരവസരമായി ഭരണകൂടങ്ങള്‍ മാറ്റേണ്ടതുണ്ട്. എങ്കില്‍ മാത്രമേ, അത് സുസ്ഥിര ഗതാഗതത്തിലേക്കുള്ള ചുവടുവെപ്പായി മാറുകയുള്ളൂ. സ്വകാര്യ വാഹനങ്ങളിലൂന്നുന്ന നിലവിലെ ഗതാഗത സംസ്‌കാരം പൊതു വാഹനങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന രീതിയിലേക്ക് മാറ്റി പണിയേണ്ടതുണ്ട്. അതിന് ഏറ്റവും പറ്റിയ സന്ദര്‍ഭമാണ് നമുക്ക് മുന്നിലുള്ളത്.
കേരളത്തിലെ നിലവിലുള്ള അവസ്ഥ പരിശോധിക്കുമ്പോള്‍, തൊണ്ണൂറു ശതമാനത്തിലധികം വരുന്ന സ്വകാര്യ വാഹനങ്ങളാണ് നിരത്തുകള്‍ അടക്കി വാഴുന്നതെന്ന് കാണുവാന്‍ കഴിയും. അതില്‍തന്നെ സിംഹഭാഗവും ഇരുചക്ര വാഹനങ്ങളുമാണ്. ഈ സ്വകാര്യ വാഹനങ്ങളെ വൈദ്യുത വാഹനങ്ങളായി പരിവര്‍ത്തിപ്പിക്കുന്നതാണ് മുഖ്യ ലക്ഷ്യമെന്ന രീതിയിലാണ് സര്‍ക്കാര്‍ നടപടികള്‍. കൂട്ടത്തില്‍ കുറച്ച് ഓട്ടോറിക്ഷകളും ടാക്‌സിക്കാറുകളും ബസ്സുകളും.
യഥാര്‍ത്ഥത്തില്‍, സ്വകാര്യാവശ്യത്തിനായി വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇത്രയധികം സാമ്പത്തികാനുകൂല്യങ്ങള്‍ നല്‍കേണ്ടതുണ്ടോ? സ്വകാര്യ വാഹനോപയോഗം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതാകില്ലേ, അതിന്റെ പരിണിതഫലം? സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളില്‍ മുഖ്യപങ്കും പൊതുഗതാഗത മേഖലക്ക് നല്‍കുന്നതാവില്ലേ, ഭാവിക്ക് ഗുണകരം? ബസ്സുകളും ടാക്‌സിക്കാറുകളും മറ്റ് ചെറുവാഹനങ്ങളുമായി പൊതുഗതാഗത മേഖല പുഷ്ടിപ്പെടട്ടെ. അതിനനുസൃതമായ നയരൂപീകരണമാണ് കാലഘട്ടത്തിന്റെ ആവശ്യം.
അതോടൊപ്പം ഓട്ടോറിക്ഷകള്‍ എന്ന ‘ബാലന്‍സ്’ ഒട്ടുമില്ലാത്ത മുച്ചക്ര വാഹനങ്ങള്‍ ഒഴിവാക്കുവാനും ഈ അവസരം ഉപയോഗിക്കണം. വളരെ അപകട സാധ്യതയുള്ളതാണ് മുച്ചക്ര വാഹനം. അതിന് പകരമായി, പുതുതായി നിരത്തിലിറങ്ങിയിട്ടുള്ള നിരവധി നാല്ചക്ര വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. അവയില്‍ കൂടുതല്‍ യാത്രികര്‍ക്ക് കയറുകയും ചെയ്യാം. മഴയും കാറ്റുമേല്‍ക്കാതെ യാത്ര കൂടുതല്‍ സുരക്ഷിതവുമാണ്.
പൊതുഗതാഗതം പൂര്‍ണ്ണമായും വൈദ്യുതിയിലേക്ക് മാറുന്നതോടെ, പ്രവര്‍ത്തനച്ചെലവില്‍ ഭീമമായ കുറവാണ് വാഹനങ്ങള്‍ക്കുണ്ടാകുന്നത്. പൊതുവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെങ്കില്‍ ഈ കുറവ് യാത്രാനിരക്കിലും പ്രതിഫലിച്ചേ മതിയാകൂ. അല്ലെങ്കില്‍, ഡീസല്‍ കാലത്തെ യാത്രാനിരക്ക് നല്‍കി വൈദ്യുത ബസ്സില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ ഗണ്യമായ സാമ്പത്തിക ലാഭവും മറ്റ് സൗകര്യങ്ങളും സ്വന്തം വൈദ്യുതക്കാറിലോ ഇരുചക്ര വാഹനത്തിലോ യാത്ര ചെയ്യുന്നതിനാകും. നിരത്തുകളില്‍ ഇന്നത്തേക്കാള്‍ സ്വകാര്യ വാഹനങ്ങള്‍ പെരുകുന്നതാകും അന്തിമ ഫലം.
ഇന്ന് വൈദ്യുത വാഹനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ബാറ്ററിയുടെ ഉയര്‍ന്ന വിലയും അത് മുഴുവന്‍ ചാര്‍ജ്ജില്‍ ഉപയോഗിക്കാവുന്ന പരമാവധി ദൂരവും വീണ്ടും ചാര്‍ജ്ജ് ചെയ്യാനെടുക്കുന്ന സമയവുമാണ്. ബാറ്ററികളില്‍ സംഭരിക്കാതെ നേരിട്ട് വൈദ്യുതി സ്വീകരിച്ച് വാഹനങ്ങള്‍ക്ക് ഓടുവാന്‍ സാധിച്ചാല്‍ അത് ഏറെ ഗുണകരമാകും. വാഹനത്തിന്റെ വിലയിലും ഗണ്യമായ കുറവ് വരും.
ആകെ റോഡ് ശൃംഖലയുടെ 10 ശതമാനത്തില്‍ താഴെ ദൂരം വരുന്ന റോഡുകളാണ് 80 ശതമാനം ഗതാഗതവും കൈകാര്യം ചെയ്യുന്നത്. ഇതില്‍പെട്ട പ്രധാന റോഡുകളിലെങ്കിലും ബാറ്ററിയില്ലാതെ, മുകളിലെ കമ്പിയില്‍ നിന്നും വൈദ്യുതി സ്വീകരിച്ച് ഓടുന്ന വാഹനങ്ങള്‍ (പാളത്തിലൂടെയും അല്ലാതെയുമുള്ള ട്രാം, ട്രോളിബസ്സ് തുടങ്ങിയവ) ഏര്‍പ്പെടുത്തിക്കൂടേ? വാഹനത്തിന്റെ വിലയിലും ഉപയോഗത്തിലും ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് ഇതൊരു പരിഹാരമാകും. വാഹനത്തിന്റെ വിലയിലും പ്രവര്‍ത്തന ചെലവിലും ഗണ്യമായ കുറവുണ്ടാകുന്നതിനാല്‍ ചുരുങ്ങിയ യാത്രാനിരക്കില്‍ മെച്ചപ്പെട്ട യാത്രാനുഭവം നല്‍കാനാകും. പൊതുഗതാഗത മേഖലയ്ക്ക് ഏറെ ഗതിവേഗം പകരുന്നൊരു നടപടിയാകുമത്.
നിലവിലെ ഗതാഗത സംവിധാനത്തെ നേരെ വൈദ്യുതോര്‍ജ്ജത്തിലേക്ക് കേവലമായി പരിവര്‍ത്തിപ്പിക്കുക എന്നതാകരുത് വൈദ്യുത വാഹനനയത്തിന്റെ കാതല്‍. സ്വകാര്യ വാഹനോപയോഗത്തെ നിരുത്സാഹപ്പെടുത്തുകയും പൊതുവാഹന സംസ്‌കാരത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാകണം അത്. ആ ലക്ഷ്യത്തിലൂന്നുന്നതാകണം സര്‍ക്കാരിന്റെ നയപരിപാടികള്‍. വൈദ്യുത തീവണ്ടികളും ജലയാനങ്ങളും എല്ലാം അതില്‍ കണ്ണി ചേര്‍ക്കപ്പെടണം. അത്തരത്തില്‍, സമഗ്രമായൊരു സുസ്ഥിര ഗതാഗതമാതൃക അവതരിപ്പിക്കുവാന്‍ കേരളത്തിനാകുമോ?

(പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply