നാഗരികതയിലെ വര്‍ണ്ണരാജികള്‍

‘ദ ക്രിട്ടിക്’ ല്‍ പ്രസിദ്ധീകൃതമായ അഡ്വ. കുക്കു ദേവകിയുടെ അനുഭവാഭിപ്രായങ്ങളോട് പൂര്‍ണമായും യോജിച്ചുകൊണ്ട് അതിന് ഉപോത്ബലകമായി ചരിത്രത്തില്‍ വേരോടിയ നിറബോധത്തെ വേര്‍തിരിച്ചെടുക്കാനുള്ള ഒരു ശ്രമം നടത്തുകയാണ്.

നിറം നാഗരികതയുടെ നിര്‍മ്മിതിയാണ്. നരവംശ ചരിത്രത്തില്‍ നിറങ്ങളുടെ അര്‍ത്ഥം എന്നും ഒന്നായിരുന്നിട്ടില്ല. ഒരു കാലത്ത് കറുപ്പ് ആരാധനാ വര്‍ണ്ണമായതുകൊണ്ടാണ് ആ കാലത്തിന്റെ മൗലികതയെ സൂചിപ്പിക്കാന്‍ ‘കാര്‍വര്‍ണ്ണന്‍ ‘ ഉണ്ടാകുന്നത്. കൃഷ്ണന്‍ കാര്‍വര്‍ണ്ണനാണ്, ശ്യാമളനാണ്. ശ്യാമളം സുന്ദരമായിരുന്നു. പക്ഷെ പോര്‍ കരുത്തും മെയ് കരുത്തും ഉപയോഗിച്ച് അധികാരസ്ഥാപനത്തിന്റെ ശക്തികേന്ദ്രമായത്തീര്‍ന്ന ‘ശക്തിസ്വരൂപന്‍ ‘ ആണ് കാര്‍വര്‍ണ്ണന്‍.

കുടിച്ചുന്മത്തനായി കുലം മുഴുവന്‍ അരിഞ്ഞുവീഴ്ത്തിയ (മൗസലപര്‍വ്വം – മഹാഭാരതം; പി കെ ബാലകൃഷ്ണന്റെ വിവര്‍ത്തനം) കൃഷ്ണന്‍ ഒരു നിഹിലിസ്റ്റും നാര്‍സിസ്റ്റുമത്രേ..

കറുത്ത രാമനും കാര്‍വര്‍ണ്ണനായ കൃഷ്ണനും ദൈവങ്ങളല്ലെന്നും അവര്‍ അക്രമകാരികള്‍ ആണെന്നും ‘Riddles of Rama and Krishna’ എന്ന പുസ്തകത്തിലും നിരവധി പഠനങ്ങളിലും അംബേദ്കര്‍ സ്ഥാപിക്കുന്നുണ്ട്…!

കറുപ്പ് ദലിത് അടയാളമായി പരക്കെ ഉപയോഗിക്കുന്നത് 19ാം നൂറ്റാണ്ടിലാണ്. ബ്രാഹ്‌മണ്യത്തിന്റെ ചിന്താ സംഭരണിയില്‍ ഉദയം കൊണ്ട നിറത്തിന്റെ രാഷ്ട്രീയ പ്രയോഗമായിരുന്നു അതിന്റെ പുറകില്‍.

ഇന്ത്യയില്‍ ദൃശ്യത കൈവരിക്കുകയും വികസിതമാവുകയും ചെയ്യുന്ന ദലിത് രാഷ്ട്രീയത്തെ കറുപ്പു കൊണ്ടല്ല തൊട്ടെടുക്കേണ്ടത്. കറുപ്പും വെളുപ്പുമായ ശരീരങ്ങളുടെ രാഷ്ടീയ സാംസ്‌കാരിക സ്വത്വത്തെ തിരിച്ചുപിടിക്കുകയാണ് വേണ്ടത്. കറുപ്പ് വെളുപ്പ് ദ്വന്ദങ്ങള്‍ക്കപ്പുറം ഈ നിറങ്ങള്‍ക്ക് ചരിത്രപരമായി രൂപപ്പെട്ടു വന്ന ഒരു സോഷ്യല്‍ ലൊക്കേഷനുണ്ട്. നിറം എന്ന അര്‍ത്ഥത്തില്‍ ഒന്ന് മറ്റൊന്നിനെ പുന:പ്രതിഷ്ഠിച്ചതുകൊണ്ട് പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമില്ല. സംസ്‌കൃതിയുടെ ഒരു ‘ഉത്പതിഷ്ണു ‘ പ്രയോഗമായിയല്ല അതിനെ കണേണ്ടതും.

ഇന്ന് നമ്മുടെ നാഗരീകതയുടെ ഒരു പ്രധാന നിറമാണ് മഞ്ഞ. സ്വര്‍ണ്ണം മഞ്ഞയാണ്. സ്വര്‍ണ്ണത്തേക്കാള്‍ വിനിമയമൂല്യമുള്ള ലോഹമുണ്ട്. എന്നാലും മഞ്ഞ സ്വര്‍ണ്ണത്തിനു തന്നെയാണ് ‘വര്‍ണ്ണാധിപത്യം.. ‘ ഇപ്പോള്‍ അതില്‍ വളരെ ചെറിയ മാറ്റം വരുന്നുണ്ട്..

മഞ്ഞള്‍ നല്ല ഒരു ഓര്‍ഗാനിക് ആന്റി സെപ്റ്റിക് ആണ്. എന്നാല്‍ അതിലും മികച്ച ഓര്‍ഗാനിക് ആന്റി സെപ്റ്റിക് ഉണ്ടെങ്കിലും നമ്മള്‍ ഉപയോഗിക്കാറില്ലെന്ന് പ്രഫ എം എന്‍ വിജയന്‍ പറയുന്നുണ്ട്. നമ്മുടെ ഭക്ഷണ അഭിരുചികളില്‍ തന്നെ നാഗരികതയിലെ നിറത്തിന്റെ മന:ശ്ശാസ്ത്രം കലര്‍ന്നു കിടക്കുന്നുണ്ട്.

ആനയുടെ നിറം, കണ്ണിന്റെ നിറം, മുടി ഡൈ ചെയ്യുന്നതിന്റെ മനഃശസ്ത്രം എല്ലാം കറുപ്പിനെ ഉദാത്തമാക്കുന്ന രൂപകങ്ങളാണ്….

പ്രാദേശിക നിര്‍മ്മിതികള്‍ ചരിത്രത്തെ പിന്‍പറ്റാം. കറുപ്പിന്റെ ഭാഷാപരമായ പ്രയോഗ പ്രശ്‌നം അവിടെയാണ്…

സ്ത്രീ ശരീരത്തിനു നിയന്ത്രണവും അവകാശവും സോഷ്യല്‍ മൊബിലിറ്റിയും നിഷേധിക്കുന്ന സ്വവംശ വിവാഹ (Endogamy) മാണ് ജാതി രൂപം കൊള്ളുന്നതിനും നിലനില്ക്കുന്നതിനും കാരണം എന്ന അംബേദ്കറിന്റ ദര്‍ശനങ്ങളും ഇവിടെ പ്രസക്തമാകുന്നുണ്ട്..

”ചില പക്ഷികള്‍ ഞാന്‍ മുതിര്‍ന്ന കാലത്ത് എന്റെ കവിതകളില്‍ ചിറകടിച്ചു പോയി. കാക്കകള്‍ മാത്രം ഇന്നും വിടാതെ കൂടെയുണ്ട്… ‘ എന്ന് വൈലോപ്പിള്ളി പാടുന്നുണ്ട്..

‘കരിങ്കല്‍ മല പെറ്റെറിഞ്ഞവരെ… നിങ്ങള്‍ക്കുള്ള ഒരേയൊരു കരുത്ത് നിങ്ങളുടെ നിറമാണ്..’ എന്നും ഒരു പാട്ട് എവിടെയോ കേട്ടിട്ടുണ്ട്..

വിപ്ലവത്തിന്റെ മഴവില്ലില്‍ നമുക്ക് കറുപ്പ് വരച്ചു ചേര്‍ക്കാം…

പിന്‍കുറിപ്പ് :

ശരീരത്തിലെ മെലാനിന്‍ പിഗ്മെന്റിന്റെ ( Malanin Pigment) വ്യതിയാനമാണ് ത്വക്കിന് നിറവ്യതിയാനമുണ്ടാക്കുന്നത്. വെളുത്ത തൊലിയുള്ളവരേക്കാള്‍ കറുത്തവര്‍ക്ക് ത്വക് രോഗ പ്രശ്‌നങ്ങളോടും (dermatological disorders) Skin cancer പോലെയുള്ള രോഗങ്ങളോടും മറ്റും പ്രതിരോധ ശക്തി വളരെ കൂടുതലാണ്..

also watch

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “നാഗരികതയിലെ വര്‍ണ്ണരാജികള്‍

  1. വിപ്ലവത്തിന്റെ മഴവില്ലില്‍ നമുക്ക് കറുപ്പ് വരച്ചു ചേര്‍ക്കാം…
    

Leave a Reply