തൃക്കാക്കരയിലെ അടിയൊഴുക്കുകള്‍

യുഡിഎഫിന് ഇക്കുറി കാര്യങ്ങള്‍ പതിവുപോലെ എളുപ്പമാവാന്‍ ഇടയില്ല. സ്ഥാനാര്‍ത്ഥി ഉമ തോമസായിട്ടുപോലും പാര്‍ട്ടിയില്‍ നിന്ന് പൊട്ടലും ചീറ്റലും ആരംഭിച്ചിട്ടുണ്ട്. മുമ്പൊക്കെയായിരുന്നെങ്കില്‍ എന്തു ഭിന്നതയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒന്നിച്ചുനിന്ന് പോരാടിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഇപ്പോഴതല്ല അവസ്ഥ. മറുവശത്ത് സിപിഎം രംഗത്തിറക്കുക ചെറുപ്പക്കാരനായ അരുണ്‍ കുമാറിനെയാണെന്നാണ് വാര്‍ത്ത വിജയത്തില്‍ കുറഞ്ഞ മറ്റൊന്നും തങ്ങള്‍ക്കാവശ്യമില്ല എന്നു തന്നെയാണ് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാനുള്ള തീരുമാനത്തിലൂടെ സിപിഎം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ തുടര്‍ഭരണം യാദൃശ്ചികമായി സംഭവിച്ചതല്ല എന്നും സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷമായി തുടരുന്ന നയങ്ങളെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്നും അവര്‍ക്ക് തെളിയിച്ചേ പറ്റൂ. അതോടൊപ്പം തങ്ങളുടെ ഗ്ലാമര്‍ വികസന പദ്ധതിയായ സില്‍വര്‍ ലൈനിനെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്ന് സ്ഥാപിക്കണം.

ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കിയ രണ്ടാം പിണറായി സര്‍ക്കാരും വി ഡി സതീശന്റെ നേതൃത്വത്തലുള്ള പ്രതിപക്ഷവും തങ്ങളുടെ ആദ്യവെല്ലുവിളി നേരിടുകയാണ്. പി ടി തോമസിന്റെ മരണത്തോടെ ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പാണ് കേരളം മാത്രമല്ല, രാജ്യമാകെ തന്നെ ഉറ്റുനോക്കാന്‍ പോകുന്ന രാഷ്ട്രീയ സംഭവമായി മാറാന്‍ പോകുന്നത്. പല ഉപതെരഞ്ഞെടുപ്പുകളും പോലെ ഇതും ഇരുമുന്നണികള്‍ക്കും ജീവന്മണപോരാട്ടമാണ്. ശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടല്‍ തന്നെയായിരിക്കും അവിടെ നടക്കുക. ഉമ തോമസിനെ യു ഡി എഫും അഡ്വ അരുണ്‍ കുമാറിനെ എല്‍ ഡി എഫും (ഇതെഴുതുമ്പോള്‍ അവസാന പ്രഖ്യാപനമനായിട്ടില്ല) രംഗത്തിറക്കുക വഴി വിജയമല്ലാതെ മറ്റൊന്നുമല്ല തങ്ങളുടെ ലക്ഷ്യമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. മറുവശത്ത് വോട്ടു വര്‍ദ്ധിപ്പിക്കാതെ നിവൃത്തിയില്ലാത്ത ബിജെപിയും ശക്തമായി രംഗത്തിറങ്ങുമെന്നുറപ്പ്. അതുപോലെ തന്നെ പ്രധാനമാണ് ട്വന്റി – 20യും ആം ആദ്മിയും ചേര്‍ന്ന രാഷ്ട്രീയ സഖ്യവും രംഗത്തുണ്ടാവുമെന്ന പ്രഖ്യാപനം.

സാധാരണനിലക്ക് കോണ്‍ഗ്രസ്സിന്റെ ഉറച്ച മണ്ഡലം തന്നെയാണ് പൂര്‍ണ്ണമായും നഗരപ്രദേശമായ തൃക്കാക്കര. സിപിഎം സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാത്ത മണ്ഡലം. നിയമസഭാതെരഞ്ഞെടുപ്പില്‍ മാത്രമല്ല, ലോകസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമെല്ലാം ഈ മണ്ഡലത്തില്‍ ഭൂരിപക്ഷം എന്നും യു ഡി എഫിനുതന്നെ. ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് അനുകൂലമായ നിലപാടെടുത്തതിനെ തുടര്‍ന്ന് ഇടുക്കിയില്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്നുറപ്പായതിനെ തുടര്‍ന്നാണ് 2016ല്‍ പി ടി തോമസ് ഇവിടെ മത്സരിക്കാനെത്തിയത്. അന്നദ്ദേഹം പരാജയപ്പെടുത്തിയത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ പോളിനെയായിരുന്നു. 2021ലും പി ടിക്ക് തുടര്‍വിജയം ലഭിച്ചു. സ്ഥാനമോഹികളായ നിരവധി നേതാക്കളുള്ള കോണ്‍ഗ്രസ്സില്‍ ഉപതെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എളുപ്പമല്ല. അതുകൊണ്ടുതന്നെയാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്കു നില്‍ക്കാതെ പി ടി തോമസിന്റെ ജീവിത പങ്കാളിയെ തന്നെ രംഗത്തിറക്കിയത്. സ്ഥിരം വിജയിക്കുന്ന മണ്ഡലമെന്നതോടൊപ്പം പി ടി തോമസിനോട് മണ്ഡലത്തില്‍ നിലനില്‍ക്കുന്ന വൈകാരിക അന്തരീക്ഷവും കൂടിയാകുമ്പോള്‍ വിജയം സുനശ്ചിതമെന്നാണ് യു ഡി എഫ് കണക്കുകൂട്ടല്‍. അപ്പോഴും പില്‍ഗാമിയായി കുടുംബത്തിലുള്ളവരെ തന്നെ കൊണ്ടുവരുക എന്നത് ഗുണകരമായ ജനാധിപത്യ പ്രവണതrല്ല എന്നു പറയാതെ വയ്യ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതേസമയം ഇക്കുറി കാര്യങ്ങള്‍ പതിവുപോലെ എളുപ്പമാവാന്‍ ഇടയില്ല എന്നുതന്നെ കരുതാം. സ്ഥാനാര്‍ത്ഥി ഉമ തോമസായിട്ടുപോലും പാര്‍ട്ടിയില്‍ നിന്ന് പൊട്ടലും ചീറ്റലും ആരംഭിച്ചിട്ടുണ്ട്. കെ വി തോമസിനേയും ഡൊമനിക് പ്രസന്റേഷനേയും പോലുള്ള സീനിയര്‍ നേതാക്കള്‍ മാത്രമല്ല, മറ്റുപലരും അസംതൃപ്തരാണെന്നാണ് വാര്‍ത്തകള്‍. മുമ്പൊക്കെയായിരുന്നെങ്കില്‍ എന്തു ഭിന്നതയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒന്നിച്ചുനിന്ന് പോരാടിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. കരുണാകരന്‍ – ആന്റണി ഗ്രൂപ്പിസം മൂര്‍ച്ഛിച്ചിരുന്ന കാലത്തുപോലും അതായിരുന്നു അവസ്ഥ. എന്നാല്‍ ആ അവസ്ഥയല്ല ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റേത് എന്നതു മറക്കാനാകില്ല. എന്തായാലും ഉമ ജയിച്ചുവരുകയാണെങ്കില്‍ കെ കെ രമയോടൊപ്പം പ്രതിപക്ഷത്ത് ഒരു വനിതയുടെ കൂടി പ്രാതിനിധ്യമുണ്ടാകും. കേവലം പി ടി തോമസിന്റെ ഭാര്യ എന്നതില്‍ ഒതുക്കാനാവാത്ത വ്യക്തിത്വവും രാഷ്ട്രീയ പാരമ്പര്യവും അവര്‍ക്കുണ്ടെന്നതും തള്ളിക്കളയാനാവില്ല. പ്രചാരണത്തിന് രാഹുല്‍ ഗാന്ധിയടക്കമുള്ളവരെ കൊണ്ടുവരാനാണ് കോണ്‍ഗ്രസ്സ് ശ്രമം.

മറുവശത്ത് സിപിഎം രംഗത്തിറക്കുക ചെറുപ്പക്കാരനായ അരുണ്‍ കുമാറിനെയാണെന്നാണ് വാര്‍ത്ത ചാനല്‍ ചര്‍ച്ചകളിലൂടെ മലയാളികള്‍ക്കൊക്കെ സുപരിചിതനാണ് അദ്ദേഹം. വിജയത്തില്‍ കുറഞ്ഞ മറ്റൊന്നും തങ്ങള്‍ക്കാവശ്യമില്ല എന്നു തന്നെയാണ് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാനുള്ള തീരുമാനത്തിലൂടെ സിപിഎം പ്രഖ്യാപിക്കുന്നത്. അതിനവര്‍ക്ക് നിരവധി കാരണങ്ങളുണ്ട്. ഒന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ തുടര്‍ഭരണം യാദൃശ്ചികമായി സംഭവിച്ചതല്ല എന്നും സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷമായി തുടരുന്ന നയങ്ങളെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്നും അവര്‍ക്ക് തെളിയിച്ചേ പറ്റൂ. അതോടൊപ്പം തങ്ങളുടെ ഗ്ലാമര്‍ വികസന പദ്ധതിയായ സില്‍വര്‍ ലൈനിനെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്ന് സ്ഥാപിക്കണം. എത്രമാത്രം ഗൗരവത്തോടെയാണ് സിപിഎം ഈ തരഞ്ഞെടുപ്പിനെ കാണുന്നത് എന്നതിനു തെളിവാണ് ഇ പി ജയരാജനും പി രാജീവും സ്വരാജും ചേര്‍ന്ന നേതൃത്വമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പോകുന്നതെന്നത്. മുഖ്യമന്ത്രിയടക്കം പ്രചാരണത്തിന് എത്തുമെന്നതും ഉറപ്പ്. ഇന്നത്തെ സാഹചര്യത്തില്‍ സീറ്റു നിലനിര്‍ത്താന്‍ യുഡിഎഫിനു കഠിനാദ്ധ്വാനം ചെയ്യേണ്ടിവരുമെന്നര്‍ത്ഥം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാന്‍ പോകുന്ന രണ്ടു പ്രധാന രാഷ്ട്രീയ ഘടകങ്ങളാണ് ബിജെപിയുടേയും ട്വന്റ്ി 20 – ആം ആദ്മി സഖ്യത്തിന്റേയും സാന്നിധ്യം. ഒറ്റനോട്ടത്തില്‍ ഇവ കൂടുതല്‍ പ്രതികൂലമായി ബാധിക്കുക യുഡിഎഫിനെയായിരിക്കും എന്നു കരുതാം. ഏതാനും വര്‍ഷം മുമ്പുവരെ മണ്ഡലത്തില്‍ തുച്ഛമായ സ്വാധീനമേ ബിജെപിക്ക് ഉണ്ടായിരുന്നുള്ളു. എന്നാല്‍ 2000 ത്തിനുശേഷം അതു വളരെയേറെ വര്‍ദ്ധിച്ചു. 2021ലെ തെരഞ്ഞെടുപ്പില്‍ അതിനല്‍പ്പം കുറവുവന്നു. അതു നികത്തി നില മെച്ചപ്പെടുത്താനായിരിക്കും ഇത്തവണ അവരുടെ ശ്രമം. പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവേശത്തില്‍ രാജ്യമാകെ വ്യാപിക്കാന്‍ ശ്രമിക്കുന്ന എ എ പി അതിനുള്ള ആദ്യശ്രമമായിരിക്കും തൃക്കാക്കരയില്‍ നടത്തുക. ഒരിക്കല്‍ കേരളത്തില്‍ വേരുപിടിപ്പിക്കാനുള്ള ശ്രമമവര്‍ നടത്തിയിരുന്നു. എറണാകുളം, തൃശൂര്‍, ചാലക്കുടി ലോകസഭാ മണ്ഡലങ്ങളില്‍ ഭേദപ്പെട്ട രീതിയില്‍ വോട്ടുനേടുകയും ചെയ്തിരുന്നു. സാറാ ജോസഫായിരുന്നു തൃശൂരില്‍ സ്ഥാനാര്‍ത്ഥി നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും അവരുമായി സഹകരിച്ചിരുന്നു – എന്നാല്‍ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണമൊക്കെ പാര്‍ട്ടി വിട്ടതോടെ ഇവരില്‍ ഭൂരിഭാഗവും വിട്ടു പോയി. തിരിച്ചു വരാനുള്ള ശ്രമത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും മണ്ഡലത്തില്‍ ചില ഭാഗങ്ങളില്‍ സ്വാധീനമുള്ള ട്വന്റി 20യുമായുള്ള സഖ്യത്തിലൂടെ പരമാവധി വോട്ടുനേടാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ നഷ്ടമുണ്ടാകാന്‍ സാധ്യത യു ഡി എഫിനു തന്നെയായിരിക്കും. അരവിന്ദ് കെജ്രിവാളടക്കമുള്ളവര്‍ പ്രചാരണത്തിനെത്തുമെന്നും ഉറപ്പായിട്ടുണ്ട്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ചയാകാന്‍ പോകുന്ന വിഷയം സില്‍വര്‍ ലൈന്‍ തന്നെയായിരിക്കും. ഇക്കാര്യത്തിലും എല്‍ ഡി എഫ് നേട്ടമുണ്ടാക്കാനാണ് സാധ്യത. ഒന്നാമത് സില്‍വര്‍ ലൈനിനെതിരായ പ്രക്ഷോഭം ശക്തിയായി നടക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. നഗരവാസികളുടെ പൊതുവായ വികാരം ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് അനുകൂലമാകാനാണ് സാധ്യത എന്നാണവര്‍ വിലയിരുത്തുന്നത്. തൃക്കാക്കര മണ്ഡലത്തിന്റെ ഒരറ്റത്തു കൂടിയേ ഇത് പോകുന്നുള്ളു. അതേ സമയം സ്റ്റേഷന്‍ ഇവിടെയാണ് താനും. അതായത് പദ്ധതിയുടെ ദോഷങ്ങള്‍ കാര്യമായി ബാധിക്കാതെ ഗുണം കിട്ടുമെന്നര്‍ത്ഥം. കേരളത്തിന്റെ വികസനത്തിന്റെ മുഖമായി മാറുന്ന കൊച്ചിയില്‍ ഇതുമൂലമുണ്ടാകുന്ന നേട്ടങ്ങള്‍ വിവരിച്ച് വന്‍തോതിലുള്ള പ്രചാരണം നടത്താനാണ് എല്‍ ഡി എഫ് നീക്കം. സില്‍വര്‍ലെയിനിനെതിരെ പൊതുവില്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ ഇവിടെ ഫലം ചെയ്യില്ല എന്നാണവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ തങ്ങള്‍ തുടക്കമിട്ട മെട്രോയെ ഇനിയും ലാഭത്തിലാക്കാന്‍ കഴിയാത്തതും ഒപ്പം തൃക്കാക്കര ഭാഗത്തേക്കുള്ള മെട്രോയുടെ വികസനം നടപ്പാക്കത്തതിനേയും ചൂണ്ടികാട്ടി എല്‍ഡിഎഫിന്റെ അവകാശവാദങ്ങള്‍ക്കു മറുപടി പറയാമെന്ന് യുഡിഎഫ് കരുതുന്നു. കൊച്ചിയിലെ കൊട്ടിഘോഷിക്കുന്ന മിക്ക വികസനപദ്ധതികളും തങ്ങളുടെ ഭരണകാലത്താരംബിച്ചതാണെന്നും അവര്‍ അവകാശപ്പെടുന്നു. എന്തായാലും സില്‍വര്‍ ലൈനിനെ മുന്‍നിര്‍ത്തി വികസനത്തെ കുറിച്ച് ചൂടേറിയ സംവാദം ഈ തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ നടക്കുമെന്നാശിക്കാം. ഗൗരവമായിട്ടാണ് അതു നടക്കുന്നതെങ്കില്‍ ആരു ജയിച്ചാലും തോറ്റാലും ആ സംവാദമായിരിക്കും തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് കേരളത്തിനു നല്‍കുന്ന ഏറ്റവും വലിയ സംഭാവന.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply