മികച്ച ലളിത സിനിമകളുടെ 2019

ശ്രദ്ധേയമായ ഒന്ന് ഈ 12 സിനിമകളില്‍ ആറും സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരാണ് എന്നതാണ്.

മലയാളത്തിലെ മുഖ്യധാരാസിനിമയില്‍ വീണ്ടും ലാളിത്യത്തിന്റെ വസന്തകാലമെന്നു തന്നെയാണ് 2019 നല്‍കുന്ന സൂചന. കലാപരമായി യാതൊരു നിലവാരവുമില്ലാത്ത ഒരുപാട് സിനിമകള്‍ പോയവര്‍ഷം റിലീസ് ചെയ്തു എന്നത് ശരി തന്നെയാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായ ഒരുപിടി സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് അവസരം ലഭിച്ചു എന്നത് ചെറിയ കാര്യമല്ല. അവയിലാകട്ടെ പലതും ബോക്‌സോഫീസിലും വിജയമായിരുന്നു എന്നത് പ്രേക്ഷകരും മാറുന്നു എന്നതിന്റെ തെളിവാണ്. മാത്രമല്ല, സിനിമ വിജയിക്കാന്‍ സൂപ്പര് താരങ്ങള്‍ വേണെന്നും സൂപ്പര്‍ താരങ്ങളുണ്ടെങ്കില്‍ വിജയിക്കുമെന്ന ധാരണക്കും പോയവര്‍ഷം കനത്ത പ്രഹരമേല്‍പ്പിച്ചു. 2019ലെ മെച്ചപ്പെട്ട ചിലസിനിമകളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

കേരളീയ സമൂഹത്തില്‍ ഇന്നും അതിശക്തമായി നിലനില്‍ക്കുന്ന കപടസദാചാരബോധത്തോടും ആണത്തത്തോടുമുള്ള കലഹമാണ് അനുരാജ് മനോഹര്‍ എന്ന നവാഗതസംവിധായകന്റെ ‘ഇഷ്‌ക്’ എന്ന ചെറിയ, വലിയ ചിത്രം. പുരുഷന്റെ നെഞ്ചിലേക്കാണ് ഈ സിനിമ തുളച്ചുകയറുന്നത്. തന്റെ കാമുകിയുടെ ശരീരത്തില്‍ ഒരാള്‍ സ്പര്‍ശിച്ചു എന്ന തോന്നലില്‍ അയാളുടെ കുടുംബത്തിനു നേരെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയും കാമുകിയെ ഉപേക്ഷിക്കുകയും ചെയ്ത നായകന്‍ രാവണന്റെ തടവില്‍ നിന്നു വന്ന സീതയെ ഉപേക്ഷിച്ച രാമനെ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഇവിടെ വസുധ, സീതയാകുകയല്ല ചെയ്തത്. അതിഗംഭീരമായ ക്ലൈമാക്സിലൂടെ നവകാലത്തെ പെണ്ണത്തത്തിന്‍രെ പ്രഖ്യാപനമാണ് അവര്‍ നടത്തിയത്. മലയാളിയുടെ ആണത്തത്തിനെതിരെ ഇന്നോളം ഒരു സിനിമയിലും ഉണ്ടാകാത്ത പ്രഹരം.

‘തമാശ’യിലെത്തുമ്പോള്‍ മലയാള നവസിനിമ ഔന്നത്യത്തിന്റെ ഉന്നതിയിലെത്തുന്ന കാഴ്ചയാണ് കണ്ടത്. ഇഷ്‌കിനെപോലെ വളരെ ചെറിയ ഒരു വലിയ സിനിമയാണ് നവാഗതന്‍ തന്നെയായ അഷ്‌റഫ് ഹംസ തിരക്കഥയെഴുതി സംവിധാനം ചെയ്ത തമാശ. ‘ബോഡി ഷെയിം’ ആക്രമണത്തിനെതിരേയുള്ള ശക്തമായ സന്ദേശമാണ് തമാശയിലൂടെ കഥ പറയുന്ന തമാശ. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത്. അമിതമായ തടിയും കഷണ്ടിയുമെല്ലാം വ്യത്യസ്ഥതകള്‍ മാത്രമാണെന്നും ഈ സ്പെയ്സില്‍ അത് വെര്‍ച്യുലായാലും റിയലായാലും എല്ലാ വൈവിധ്യങ്ങള്‍ക്കും തുല്ല്യസ്ഥാനമൊണെന്നും തമാശ പ്രഖ്യാപിക്കുന്നു. ആ പ്രഖ്യാപനവും ഉറക്കെ നടത്തുന്നത് പെണ്ണുതന്നെ. അതിനുള്ള ഊര്‍ജ്ജമായി സി അയ്യപ്പനെന്ന ദളിത് എഴുത്തുകാരന്റെ വരികളും സിനിമയെ ഉജ്ജ്വല നിലവാരത്തിലെത്തിക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് മൃഗീയതയുടെയും അക്രമണോല്‍സുകതയുടെയും സംഘര്‍ഷങ്ങളുടെയും മാനിഫെസ്റ്റോയാണ്. നാമോരുരുത്തരും പങ്കാളികളായ ആള്‍ക്കൂട്ടത്തിന്റെ അക്രമാഘോഷമാണ് ഈ സിനിമ മനോഹരമായി ചിത്രീകരിക്കുന്നത്. മലയാളത്തിലെ മികച്ച സംവിധായകന്‍ താന്‍ തന്നെയാണെന്ന് ഈ സിനിമയിലൂടെ ലിജോ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

കുമ്പളങ്ങി എന്ന സുന്ദരമായ ഒരു കായല്‍ തീരത്ത് സാരികൊണ്ടും തുണികൊണ്ടും മാത്രം വാതിലും ജനാലയും മറയ്ക്കുന്ന ഒരു കുഞ്ഞു വീട്ടിലെ, സ്വന്തം ജീവിതത്തോട് ഒരു മമതയും ,ഭാവിയെ കുറിച്ച് ഒരു ചിന്തയുമില്ലെന്ന് ആര്‍ക്കും തോന്നിപ്പിക്കുന്ന നാലു സഹോദരന്മാരുടെ ജീവിതം ചിത്രീകരിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സും പോയ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നുതന്നെ. നായകന്റെ കൈ കരുത്തില്‍ നിശബ്ദമാക്കപ്പെടുകയും കാല്‍ക്കീഴിലമരുകയും ചെയ്യുന്ന നീലകണ്ഠന്റെയും ഭരത്ചന്ദ്രന്റെയും കാലത്തെ നാം കണ്ടു ശീലിച്ച കുലസ്ത്രീകളുടെ കാലം കഴിഞ്ഞെന്ന് ഈ സിനിമ പ്രഖ്യാപിക്കുന്നു. ജാതി, തൊഴില്‍, തറവാട്, ഉദ്യോഗം,കുടുംബം, ഗൃഹനാഥന്‍, സംസ്‌കാരം, സദാചാരം,പാരമ്പര്യം തുടങ്ങിയ ഇനിയും കാലഹരണപ്പെടാത്ത സോ- കോള്‍ഡ് പെഡിഗ്രിയും, മെയില്‍ ഷോവനിസവും കുലചിഹ്നമാക്കിയ കേരളീയ ജീവിതത്തെ അതിനഗ്നമായി അപനിര്‍മ്മിക്കുകയാണ് ശ്യാം പുഷ്‌ക്കറും മധു സി നാരായണനും ചേര്‍ന്ന് ഈ ഈ മനോഹരസിനിമയില്‍.

പ്ലസ് ടു കുട്ടികളുടെ സ്‌കൂള്‍ ജീവിതത്തെ തന്മയത്തത്തോടെ ചിത്രീകരിച്ച ഗിരീഷ് എ ഡിയുടെ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ പോയവര്‍ഷത്തെ മനസ്സില്‍ തങ്ങുന്ന മറ്റൊരു സിനിമയാണ്. സ്വവര്‍ഗ്ഗരതിയെ പ്രമേയമാക്കിയ ഗീതു മോഹന്‍ ദാസിന്റെ മൂത്തോന്‍, സ്ത്രീ വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്ന വിധു വിന്‍സന്റിന്റെ സ്റ്റാന്റ് അപ്പ് എന്നിവ, പൊതുവില്‍ സംവിധായകരംഗത്ത് സ്ത്രീകള്‍ കുറവായ മലയാള സിനിമയിലെ ശക്തമായ സ്ത്രീസംവിധായകരുടെ സിനിമകളായി. നവാഗതരായ എം സി ജോസഫിന്റെ വികൃതിയും രതീഷ് ബാലകൃഷ്ണന്റെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും എത്രയും ലളിതമായി എങ്ങനെ മികച്ച സിനിമകള്‍ ചെയ്യാമെന്നതിനു തെളിവായി. താരമായ മമ്മുട്ടിയെ നടനാക്കിയ ഉണ്ട, സിനിമാബാഹ്യമായ കാരണങ്ങള്‍ക്കുകൂടി പങ്കുണ്ടെങ്കിലും വൈറസ്, ഉയരെ എന്നീ സിനിമകളും പോയ വര്‍ഷത്തെ മികച്ച സിനിമകളില്‍ പെടുന്നു.

തീര്‍ച്ചയായും ഈ 12 സിനിമകള്‍ക്കുപുറമെ ശ്രദ്ധേയമായ മറ്റു ചില സിനിമകളും ചൂണ്ടികാണിക്കാനാവും. ശ്രദ്ധേയമായ മറ്റൊന്ന് ഈ 12 സിനിമകളില്‍ ആറും സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരാണ് എന്നതാണ്. അഭിനയരംഗത്താകട്ടെ സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ്, പാര്‍വ്വതി, ആസിഫ് അലി എന്നിവരാണ് മികച്ചുനിന്നതെന്നു പറയാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply