ദുരന്തലഘൂകരണത്തിനായി തയ്യാറാകാം, ദുരന്തപൂര്‍വ്വഘട്ടത്തില്‍ തന്നെ

ഔദ്യോഗിക സംവിധാനങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകളെ ചോദ്യം ചെയ്യലുകള്‍ കൂടാതെ സ്വീകരിക്കുക എന്നതാണ് പ്രകൃതിദുരന്തങ്ങള്‍ ലഘൂകരിക്കാനുള്ള ആദ്യപടി. കാറ്റിന്റെ ഗതിയെ, മഴയുടെ തീവ്രതയെ സംബന്ധിച്ച് വരുന്ന മുന്നറിയിപ്പുകള്‍ ഒരുവേള തെറ്റാണെന്ന് വരികില്‍പ്പോലും അവ അനുസരിക്കാന്‍ മടികാണിക്കരുത് എന്നത് അതിന്റെ ആദ്യപാഠമാണ്.

നമുക്കിനി യാഥാര്‍ത്ഥ്യബോധത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. സമശീതോഷ്ണ കാലാവസ്ഥയില്‍, പ്രകൃതി ദുരന്തങ്ങളില്ലാത്ത ഹരിത സുന്ദര കേരളം ഇനി സ്വപ്നങ്ങളില്‍ മാത്രം. വെള്ളപ്പൊക്കം, വരള്‍ച്ച, കൊടുംചൂട്, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം തുടങ്ങിയവ ഉത്തര-കിഴക്കന്‍ ഇന്ത്യയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണെന്ന ധാരണ ഇനിയും വെച്ചുപുലര്‍ത്തേണ്ടതില്ല. അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ ഏതാണ്ട് ഒരു ദശകക്കാലമായി കേരളത്തെ പിന്തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനമെന്നത് ഇനിയുമൊരു കടങ്കഥയല്ല. ഇന്ത്യയിലെ മണ്‍സൂണ്‍ മാതൃകയില്‍ കാതലായ മാറ്റം സംഭവിച്ചിരിക്കുന്നുവെന്നും പുതുസഹ്രാബ്ദത്തോടെ അതിന്റെ ലക്ഷണങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടുവെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അറിയിക്കുന്നു. ഇത് ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ലെന്നും ആഗോളതലത്തില്‍ തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ മനുഷ്യനിലും പ്രകൃതിയിലും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആരാണ് ഉത്തരവാദികള്‍ എന്നതിനെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്കപ്പുറത്ത് നമുക്ക് ചെയ്യാനുള്ളത് ചെയ്‌തേ മതിയാകൂ. മനുഷ്യ സമൂഹത്തിന് അതിജീവിക്കേണ്ടതുണ്ട്. ഒപ്പം അവന്റെ നിലനില്‍പിനാവശ്യമായ പ്രകൃതി സഞ്ചയത്തെയും നിലനിര്‍ത്തേണ്ടതുണ്ട്.

 

 

 

 

 

 

 

 

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ആര്‍ക്കും അനുഭവമില്ലാത്ത വിധത്തിലുള്ള മഹാപ്രളയമായിരുന്നു 2018ലേത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം കാലാകാലങ്ങളിലായി അനുഭവിച്ചു പോരുന്നുണ്ടെങ്കിലും ഇത്രയും വ്യാപകമായ ആള്‍നാശവും മാറ്റിപ്പാര്‍പ്പിക്കലും സാമ്പത്തികനഷ്ടങ്ങളും നമ്മെ സംബന്ധിച്ചിടത്തോളം നടാടെയാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയം സൃഷ്ടിച്ച കെടുതികള്‍ മായും മുമ്പുതന്നെ വീണ്ടും വെള്ളപ്പൊക്കം കേരളത്തെ ആക്രമിച്ചിരിക്കുന്നു. കൂട്ടത്തില്‍ ആള്‍നാശം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉരുള്‍പൊട്ടലുകളും.
ദുരന്തലഘൂകരണം നമ്മുടെ പ്രവര്‍ത്തനങ്ങളുടെ മുഖ്യപരിഗണനയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 1999ല്‍ ഒഡീഷയില്‍ നടന്ന സൂപ്പര്‍ സൈക്ലോണ്‍ തൊട്ട് ഈ വര്‍ഷം നടന്ന ഫനി ചുഴലിക്കാറ്റുവരെയുള്ള തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങള്‍ നേരിടേണ്ടിവന്ന ഒഡീഷയിലെയും, 2001ല്‍ ഗുജറാത്തിലെ കച്ച്-ഭജ് മേഖലകളില്‍ ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ ഭൂകമ്പത്തിന്റെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അടുത്ത് നിന്ന് വീക്ഷിച്ച ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ഭൂകമ്പം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ പ്രവചനാതീതമായതുകൊണ്ടുതന്നെ അവ മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ ലഘൂകരിക്കുക പ്രയാസമാണ്. ഉരുള്‍പൊട്ടല്‍ സംവേദകക്ഷമമായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുക എന്നതുമാത്രമാണ് ഒരുപോംവഴി. ഉരുള്‍പൊട്ടല്‍ സാധ്യതാ മാപ്പുകള്‍ ഉപയോഗിച്ച് അത്തരം പ്രദേശങ്ങളില്‍ ജനവാസമുക്തമാക്കുവാനുള്ള നടപടികള്‍ ആലോചിക്കേണ്ടതുണ്ട്.
എന്നാല്‍ പ്രളയം, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം എന്നിവ കുറേക്കൂടി നേരത്തെ പ്രവചിക്കാന്‍ സാധിക്കുന്നവയാണ്. അത്തരം ദുരന്ത സാധ്യതകളോട് അനുഭവജ്ഞാനമുള്ള ജനത എങ്ങിനെ പ്രതികരിക്കുന്നുവെന്നത് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഒഡീഷ-ആന്ധ്ര-പശ്ചിമബംഗാള്‍-ആസ്സാം എന്നിവിടങ്ങളിലെ ജനങ്ങളില്‍ നിന്ന് ഇക്കാര്യങ്ങളില്‍ നമുക്ക് ഏറെ പഠിക്കാനുണ്ട്.
1999ലെ സൂപ്പര്‍ സൈക്ലോണില്‍ പതിനായിരത്തിലധികം ആളുകളാണ് ഒഡീഷയില്‍ കൊല്ലപ്പെട്ടത്. കടലോരമേഖലയായ ജഗത്സിംഗ്പൂരിലെ എര്‍സാമ എന്ന ഗ്രാമം സമ്പൂര്‍ണ്ണമായിത്തന്നെ കടലെടുത്ത് പോകുകയായിരുന്നു. എന്നാല്‍ 2019 ഏപ്രില്‍ അവസാനവാരം നടന്ന ഫനി ചുഴലിക്കൊടുങ്കാറ്റ് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ചിട്ടും മരണസംഖ്യ 90ല്‍ താഴെയായി നിര്‍ത്താന്‍ സാധിച്ചതിന് പിന്നില്‍ ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 1999 മുതല്‍ 2019 വരെയുള്ള രണ്ട് ദശകക്കാലയവില്‍ ചെറുതല്ലാത്ത ഒട്ടനവധി കൊടുങ്കാറ്റുകളും പേമാരിയും ഒഡീഷയടക്കമുള്ള കിഴക്കന്‍ തീരപ്രദേശങ്ങളെ ആക്രമിച്ചിട്ടുണ്ട്. ഫാലിന്‍, ഹുദ്ഹുദ്, വായു തുടങ്ങിയവ ഇക്കൂട്ടത്തില്‍ തീവ്ര സ്വഭാവമുള്ളവയായിരുന്നു. ദിവസങ്ങളോളം ഒഡീഷയെ മുള്‍മുനയില്‍ നിര്‍ത്തിയ ഫനി ചുഴലിക്കാറ്റിലും പേമാരിയിലും 10ലക്ഷം ആളുകളെയാണ് ഒഡീഷ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചത്. ഇത് ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ മികവ് കൊണ്ട് മാത്രം സംഭവിച്ച കാര്യമല്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. മുന്നനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട ഒരു ജനത പ്രകൃതിദുരന്ത വേളയില്‍ കാട്ടിയ മനസ്സാന്നിദ്ധ്യവും സഹകരണമനോഭവവും മുന്നറിയിപ്പുകളെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രതികരിക്കാന്‍ കാട്ടിയ സന്നദ്ധതയും ദുരന്തമേഖലയില്‍ നിന്നും 24 മണിക്കൂറിനകം ഇത്രയും വലിയൊരു കുടിയൊഴിപ്പിക്കല്‍ സാധ്യമാക്കുകയായിരുന്നു.
ഔദ്യോഗിക സംവിധാനങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകളെ ചോദ്യം ചെയ്യലുകള്‍ കൂടാതെ സ്വീകരിക്കുക എന്നതാണ് പ്രകൃതിദുരന്തങ്ങള്‍ ലഘൂകരിക്കാനുള്ള ആദ്യപടി. കാറ്റിന്റെ ഗതിയെ, മഴയുടെ തീവ്രതയെ സംബന്ധിച്ച് വരുന്ന മുന്നറിയിപ്പുകള്‍ ഒരുവേള തെറ്റാണെന്ന് വരികില്‍പ്പോലും അവ അനുസരിക്കാന്‍ മടികാണിക്കരുത് എന്നത് അതിന്റെ ആദ്യപാഠമാണ്. അത്തരം മുന്നറിയിപ്പുകള്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുംബത്തിലെ ഓരോ അംഗവും അവര്‍ക്ക് ഏറ്റവും അത്യാവശ്യമായ വസ്തുക്കള്‍ കൂട്ടത്തില്‍ കരുതുകയും (മരുന്ന്, വസ്ത്രങ്ങള്‍, സാനിറ്ററി വസ്തുക്കള്‍, കിടക്കാനുള്ള വിരിപ്പ്, പുതപ്പ്, ടോര്‍ച്ച് എന്നിവ അടങ്ങുന്ന ഒരു കിറ്റ് ഓരോ അംഗവും സ്വന്തം നിലയില്‍ തയ്യാറാക്കിവെക്കേണ്ടതുണ്ട്) സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്. അതിതീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ് വരുന്ന അവസരത്തില്‍ തന്നെ വിലപിടിപ്പുള്ള രേഖകള്‍ (ഭൂ രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ) സുരക്ഷിതസ്ഥാനങ്ങളില്‍ സൂക്ഷിക്കുക, വീട്ടുപകരണങ്ങള്‍ സാധ്യമായത്രയും ഉയരങ്ങളിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ മാറ്റുകയും ചെയ്യുക. രണ്ട് തവണയായി നാം അനുഭവിച്ച പ്രളയത്തില്‍ നിന്നും വെള്ളം കയറാനുള്ള സാധ്യതകളെ സംബന്ധിച്ച ഏകദേശധാരണ രൂപപ്പെടുത്തുകയും അതിനനുസരിച്ച് മഴക്കാലമാകുന്നതോടെ കാര്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വെള്ളപ്പൊക്കം കേരളീയരില്‍ വലിയതോതില്‍ മാനസികാഘാതത്തിന് കാരണമായിട്ടുണ്ടെന്നത് വസ്തുതയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത അവസ്ഥകളിലേക്ക് സ്വയം വലിച്ചിടപ്പെടുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണത്. അതോടൊപ്പം തന്നെ സ്വകാര്യതകളില്‍ മാത്രം ജീവിക്കുന്ന സമൂഹങ്ങള്‍ക്ക് പൊതുവില്‍ കണ്ടുവരുന്ന പ്രശ്‌നമായിട്ടുകൂടി ഇതിനെ വിലയിരുത്തേണ്ടതുണ്ട്. സാമൂഹ്യജീവിതം നഷ്ടമാകുകയും വ്യക്തിതലത്തിലും കുടുംബതലത്തിലും മാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരുടെയും എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. ക്യാമ്പുകളിലും പൊതുയിടങ്ങളിലും ഏതാനും ദിവസത്തേക്കെങ്കിലും താമസിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന മാനസികാഘാതം ഇക്കൂട്ടരെ സംബന്ധിച്ച് വലുതായിരിക്കും. സാമൂഹ്യബന്ധങ്ങള്‍ ശക്തമാക്കുക എന്നത് മാത്രമാണ് ഇതിന്റെ പ്രതിവിധി എന്നറിയുക.

 

 

 

 

 

 

 

ദുരന്തപൂര്‍വ്വ ഘട്ടത്തിലെ ദുരന്തലഘൂകരണത്തിനായുള്ള തയ്യാറെടുപ്പുകള്‍ കാര്യക്ഷമമാക്കേണ്ടത് ഔദ്യോഗിക സംവിധാനങ്ങളുടെ കടമയാണ്. ഫനി ചുഴലിക്കാറ്റിനെ സംബന്ധിച്ച സൂചനകള്‍ പുറത്തുവന്ന അവസരത്തില്‍ തന്നെ എല്ലാ പഞ്ചായത്തുകളിലെയും പുനരധിവാസ കേന്ദ്രങ്ങളില്‍ ആവശ്യത്തിനുള്ള ഭക്ഷണസാധനങ്ങളും പാചകം ചെയ്യാനുള്ള പാത്രങ്ങളും വിറകുകളും മറ്റ് സംവിധാനങ്ങളും ഉറപ്പുവരുത്താന്‍ ഒഡീഷ സര്‍ക്കാര്‍ കാണിച്ച ശുഷ്‌കാന്തി പ്രശംസനീയമായിരുന്നു. കേരളത്തില്‍ സംഭവിച്ചതുപോലുള്ള ഭക്ഷണത്തിനും അത്യാവശ്യ വസ്തുക്കള്‍ക്കും വേണ്ടിയുള്ള മുറവിളി ഒഡീഷയിലെ പുനരധിവാസ ക്യാമ്പുകളില്‍ നിന്നുണ്ടായിരുന്നില്ലെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
ദുരന്താനന്തര നാളുകളിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി പരിശീലനം നല്‍കേണ്ടതും അത്യാവശ്യമായ സംഗതിയാണ്. പ്ലസ് 2 തലം മുതല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവശ്യമായും ഇത് സംബന്ധിച്ച ട്രെയിനിംഗ് നല്‍കുകയും ഔദ്യോഗിക ദുരന്തനിവാരണ സേനകളോടൊപ്പം ഏകോപിതമായിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. കേരളത്തില്‍ നിലവിലുള്ള അരലക്ഷത്തിലധികം വരുന്ന ‘സ്റ്റുഡന്റ് പോലീസ് കേഡറ്റ്’ സംവിധാനത്തെ ‘സ്റ്റുഡന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേഡറ്റ്’ എന്ന നിലയില്‍ പുതുക്കിപ്പണിതാല്‍ കേരളത്തിലെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അത് വലിയ സംഭാവനകള്‍ നല്‍കുന്നതായിരിക്കും. അതോടൊപ്പം ഈ വിദ്യാര്‍ത്ഥികള്‍ ലഭിക്കുന്ന പരിശീലനം ജീവിതകാലം മുഴുവന്‍ അവരുടെ സഹായത്തിനുണ്ടാകുമെന്നതും പ്രധാനമാണ്.
ഒഡീഷ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മെച്ചപ്പെട്ട സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളം എന്നതുകൊണ്ടുതന്നെ പ്രളയ പുനരധിവാസത്തിനായി പ്രത്യേക നിര്‍മ്മിതിയുടെ ആവശ്യം നമുക്കില്ല. അതേസമയം ദുരന്തവേളകളെ മുന്നില്‍ കണ്ടുകൊണ്ട് അത്തരം പ്രദേശങ്ങള്‍ക്ക് സമീപമുള്ള പൊതുവിദ്യാലയങ്ങളില്‍ ശൗചാലയങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ടതും ആവശ്യമാണ്.
മേല്‍പ്പറഞ്ഞവയൊക്കെയും അടിയന്തിരഘട്ടങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ മാത്രമാണ്. കാലാവസ്ഥാ മാറ്റമെന്ന പ്രശ്‌നത്തെ നേരിടാന്‍ ദേശീയതലത്തിലും ആഗോളതലത്തിലും ഫലപ്രദമായ ഇടപെടലുകള്‍ ആവശ്യമാണ്. അതേസമയം പ്രാദേശിക പരിസ്ഥിതിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഉരുള്‍പൊട്ടല്‍ പോലുള്ള ദുരന്തങ്ങള്‍ക്ക് കാരണമാകുന്നതിനെക്കുറിച്ച് നാം ജാഗരൂകരാകേണ്ടതുണ്ട്. ചതുപ്പുനിലങ്ങളുടെ നാശം, മണ്ണിന്റെ ജലസംഭരണശേഷിയില്‍ സംഭവിക്കുന്ന ഇടിവ്, മണ്ണിലെ ജൈവാംശങ്ങളുടെ അഭാവം, ഭൂവിനിയോഗ രീതിയിലെ മാറ്റങ്ങള്‍ തുടങ്ങി പ്രാദേശികമായി രൂപപ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതും അത്യാവശ്യമായ സംഗതിയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply