നെഹ്രുവിന്റെ ഉല്‍കൃഷ്ട ഹിന്ദുനിലപാടും ഇന്ന് ഏറെക്കുറെ നിര്‍വീര്യമാണ്

അക്രമണ ദേശീയതയും അപര വെറുപ്പും ബ്രാഹ്മണ വംശീയതയും ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ അക്രമ സംഘമായ സംഘപരിവാര്‍ ശക്തികള്‍ക്ക് കേവലം തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കുള്ള ആസ്തി മാത്രമായിട്ടാവില്ല രാമക്ഷേത്രനിര്‍മ്മാണം ഉപകാരപ്പെടുക .മറിച്ചു ;രണ്ടാം ഗുപ്തരാജ്യ വാഴ്ചയുടെ പുനഃസ്ഥാപനമായിട്ടാവും അവര്‍ അതിനെ ഉള്‍കൊള്ളുകയെന്നു ആര്‍.എസ് .എസ് .മേധാവിയുടെ വാക്കുകളും ,പ്രധാന മന്ത്രിയുടെ സമന്വയ സിദ്ധാന്തവും തെളിയിക്കുന്നു .

ഇന്ത്യയുടെ മതനിരപേക്ഷത വൈവിധ്യങ്ങളെ അംഗീകരിക്കുകയോ വ്യത്യാസങ്ങളെ പരിഗണിക്കുകയോ ചെയ്തിട്ടുള്ളത് വളരെ കുറച്ചു മാത്രമാണ് .ദേശീയ പ്രസ്ഥാനകാലത്തു രൂപപ്പെട്ട ”നാനാത്വത്തില്‍ ഏകത” എന്ന സങ്കല്‍പം ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്നു എന്നു പറയാമെങ്കിലും ;ഇതിനാധാരമായ പരികല്പന ഉണ്ടായത് ഗാന്ധിജിയുടെ ഹിന്ദു -മുസ്ലീം -ക്രൈസ്തവ ‘സമഭാവന’ അഥവ റാം -റഹിം -ഡേവിഡ് എന്ന ചുരുക്കെഴുത്തില്‍ നിന്നാണെന്നു പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട് .

ഈ സമഭാവന ബഹുസ്വരത ഉള്ളടങ്ങുന്നതാണോ ?സത്യത്തില്‍, ഗാന്ധി വിഭാവന ചെയ്ത സനാതന ഹിന്ദുമതം എന്നതു ഒരു മിഥ്യയാണ് .അതു ജാതികളുടെ ഒരു കൂട്ടം മാത്രമാണ് .മുസ്ലിം വിരുദ്ധ വംശീയ അതിക്രമങ്ങളുടെ സമയത്തു മാത്രമേ ഈ ജാതികള്‍ ഹിന്ദു എന്ന ഐക്യ ബോധത്തിലേക്ക് ഉണരുകയുള്ളു എന്നു ഡോ .ബി .ആര്‍,അംബേദ്കര്‍ എഴുതിയിട്ടുണ്ട് .ഇപ്രകാരം ജാതിവ്യവസ്ഥയെ മതസ്ഥാനത്തേക്ക് ഉയര്‍ത്തുക മാത്രമല്ല. മത ഐഡന്റിറ്റികളായ ഇസ്ലാമിനെയും ക്രൈസ്തവതയെയും തരംതാഴ്ത്തിക്കൊണ്ട് അവയുടെ വ്യത്യാസത്തെ നിരാകരിക്കുകയുമാണ് ഉണ്ടായത് .ഇതിലൂടെ ‘റാം’ എന്ന മൂത്തസഹോദരന്റെ അനുസരണയുള്ള രണ്ടു അനുജന്മാര്‍ എന്ന സ്ഥാനമാണ് റഹീമിനും ഡേവിഡിനും കൊടുത്തതെന്നു Gail Omvedt വിശദീകരിച്ചിട്ടുണ്ട്.ഏറ്റവും പ്രധാനം ജാതി വ്യവസ്ഥയിലെ അവര്‍ണ്ണ -സവര്‍ണ സംഘര്‍ഷങ്ങളെയും കീഴാള വൈജ്ഞാനിക ധാരകളെയും ഈ സമഭാവന റദ്ദു ചെയ്യുന്നു എന്നതാണ് .

ഏകീകൃത വിശ്വാസമോ പ്രമാണ ഗ്രന്ഥമോ ഒറ്റ മതാധികാര കേന്ദ്രമോ ഇല്ലാത്തതുമൂലം ജാതിവ്യവസ്ഥ മതമായി മാറാന്‍ തടസ്സമുണ്ട് .അതുകൊണ്ടാണ്, മതരാഷ്ട്രം അല്ലെങ്കില്‍ തിയോളജിക്കല്‍ സ്റ്റേറ്റ് രൂപീകരിക്കാനാണ് ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നതെന്ന ഇടതുപക്ഷ കാഴ്ചപ്പാട് അസാധുവാകുന്നത്യ അതേസമയം, ദേശീയതയുടെ അടയാളമായും വരേണ്യജാതികളുടെ ആത്മഭാവമായും ആധിപത്യ ശക്തികളുടെ ഭരണ മനോഭാവമായും ഹൈന്ദവത നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം ഉള്‍കൊള്ളുന്ന ഇന്ത്യന്‍ മതനിരപേക്ഷത സവര്‍ണ ആധിപത്യത്തിനും ബ്രാഹ്മണിസത്തിനും വിധേയമാണെന്ന് സാരം .

പ്രാചീന ഇന്ത്യയിലെ ഗുപ്ത രാജവാഴ്ചകളുടെ ഓര്‍മ്മകളെ ഹിന്ദുത്വവാദികള്‍ നിരന്തരം പുനഃസ്ഥാപിക്കുന്നത്, അതിന്റെ മതപരത മൂലമല്ല. മറിച്ചു കീഴാള -ശ്രമണ വിരുദ്ധമായ അതിന്റെ വംശീയ ഉള്ളടക്കം കൊണ്ടാണ്. പില്‍ക്കാലത്തു ഗുപ്ത ഭരണങ്ങള്‍ തകര്‍ന്നു വീണത് ബാഹ്യസമ്മര്‍ദ്ദങ്ങള്‍ മൂലവും അവര്‍ണ്ണ -സവര്‍ണ്ണ വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിച്ച പശ്ചാത്തലത്തിലുമാണ് .

ഇന്നു ഹിന്ദുത്വ ജൈത്രയാത്രയെ പ്രതിരോധിക്കാന്‍ പഴയ സമഭാവനകളെ പുനഃസ്ഥാപിച്ചതുകൊണ്ടു വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. അതേപോലെ ജാതിയെയും സമുദായത്തെയും പൂര്‍വാധുനിക സ്ഥാപനങ്ങളായി കണ്ട നെഹ്രുവിന്റെ ഉല്‍കൃഷ്ട ഹിന്ദുനിലപാടും ഏറെക്കുറെ നിര്‍വീര്യമാണ് .ഇതിനര്‍ത്ഥം അവയെ അപ്പാടെ നിരാകരിക്കണമെന്നല്ല .പകരം; ജാതിവിരുദ്ധ സമരങ്ങളുടെ തുടര്‍ച്ചകളും വൈവിധ്യങ്ങളെയും വ്യത്യാസങ്ങളെയും ഉള്‍ക്കൊള്ളുന്ന സമകാലീനചിന്തകള്‍ കൊണ്ടുമാത്രമേ ഹിന്ദുത്വ ജൈത്രയാത്ര പ്രതിരോധിക്കപ്പെടുകയുള്ളു എന്നു തോന്നുന്നു .

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply