കലോല്‍സവം : തീവ്രവാദിയും പഴയിടവും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഞെട്ടിക്കുന്ന വസ്തുത മറ്റൊന്നാണ്. ഇസ്ലാമോഫോബിയയുടെ വരികളെഴുതിയത് കമ്യൂണിസ്റ്റുകാരനാണെന്നപോലെ ഈ വിഷയത്തിലും അതിശക്തമായമായ ന്യായീകരണവുമായി എത്തിയിട്ടുള്ളത് പ്രശസ്ത ഇടതുപക്ഷ സാഹിത്യകാരനും പു ക സ നേതാവുമാണ് എന്നതാണത്. സാക്ഷാല്‍ അശോകന്‍ ചെരുവില്‍ തന്നെ. ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്മണന്‍ കേരളത്തില്‍ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണെന്നാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം. സത്യമെന്താണ്? ബ്രാഹ്മണ്യമാണ് വിശുദ്ധം, മഹത്തരം എന്ന മനുസ്മൃതി മൂല്യത്തിനെതിരായിരുന്നു നവോത്ഥാനപോരാട്ടങ്ങളെല്ലാം തന്നെ. ഇപ്പോഴിതാ ആ പോരാട്ടങ്ങള്‍ മഹത്തരമെന്നു പറയുന്ന പ്രസ്ഥാനത്തിന്റെ വക്താവുതന്നെ അതേമൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുന്നു.

കേരളത്തിന്റെ രാഷ്ട്രീയ – സാംസ്‌കാരിക മണ്ഡലത്തില്‍ വളരെ പ്രസക്തമായ രണ്ടുവിഷയങ്ങളുമായി ബന്ധപ്പെട്ട സംവാദമാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തെ ശ്രദ്ധേയമാക്കുന്നത്. സംവാദങ്ങള്‍ എപ്പോഴും സമൂഹത്തെ മുന്നോട്ടുനയിക്കുന്നതാണ്, അല്ലെങ്കില്‍ നയിക്കേണ്ടതാണ്. അതിനെ ഭയപ്പെടുകയല്ല, മറിച്ച് ഇടപെട്ട് സജീവമാക്കുകയാണ് പുരോഗമന സമൂഹം ചെയ്യേണ്ടത്. ആ ദിശയില്‍ പരിശോധിച്ചാല്‍ ഇപ്പോഴത്തെ സംവാദങ്ങള്‍ ഭാവിയില്‍ ഗുണകരമാകുമെന്നുറപ്പ്. മാത്രമല്ല ഇവയുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിലെ വീഴ്ച പരിശോധിക്കുമെന്നും അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ നോണ്‍ വെജ് വിഭവങ്ങള്‍ വിളമ്പുമെന്നും വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചത് അതിന്റെ ഭാഗമാണ്.

കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്‌കാരം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിസ്സാരമല്ല. പ്രബുദ്ധമെന്ന് അഹങ്കരിക്കുന്ന കേരളീയ സമൂഹം എങ്ങോട്ടാണ് പോകുന്നത് എന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണത്. ദൃശ്യാവിഷ്‌കാരത്തില്‍ ‘തീവ്രവാദിയെ’ അവതരിപ്പിച്ചത് എങ്ങനെയാണെന്നതു തന്നെയാണ് പ്രശ്‌നം. ഇന്ത്യന്‍ സുരക്ഷ സേന പിടികൂടുന്ന തീവ്രവാദിയെ ശിരോവസ്ത്രമായ ‘കഫിയ്യ’ ധരിച്ചയാളുടെ വേഷത്തിലാണ് അവതരിപ്പിച്ചത്. തീവ്രവാദി എന്നാല്‍ മുസ്ലിം എന്ന സന്ദേശം തന്നെയാണ് ഒരു സംശയവുമില്ലാതെ ആ സംഗീതശില്‍പ്പം നല്‍കുന്നത്. കോഴിക്കോട് പേരാമ്പ്ര മാതാ കലാസമിതിയാണ് ഈ സംഗീത ശില്പം അണിയിച്ചൊരുക്കിയത്. വരികളെഴുതിയത് കമ്യൂണിസ്റ്റുകാരനും ദൃശ്യാവിഷ്‌കാരമൊരുക്കിയത് സംഘപരിവാറുകാരനുമാണത്രെ. എന്തൊരു രസതന്ത്രം എന്നു പറയാതിരിക്കാനാവില്ല. ഇസ്ലാമോഫോബിയയുടെ വിഷയത്തില്‍ ഇരുകൂട്ടരും ഒന്നിക്കുന്ന രാഷ്ട്രീയചിത്രം.

മുഖ്യമന്ത്രിയടക്കമിരുന്ന വേദിയിലാണ് ഈ സംഭവമുണ്ടായതെന്നതാണ് ഏറ്റവും പ്രധാനം. പലരും ചൂണ്ടികാട്ടിയപോലെ കഴിഞ്ഞ ദിവസം മുജാഹിദ് സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ വളരെ പ്രസക്തമായ ചിലവാക്കുകളുണ്ട്. അവര്‍ മഴുവുമായെത്തും, കഴുത്ത് കാണിച്ചുകൊടുക്കരുത്, കരുതിയിരിക്കണം എന്നായിരുന്നു അത്. അവര്‍ എന്ന പ്രയോഗത്തില്‍ അദ്ദേഹം ഉദ്ദേശിച്ചത് ആരെയാണെന്നത് വ്യക്തമാണല്ലോ. മുഖ്യമന്ത്രി പറഞ്ഞപോലെതന്നെ പിറ്റേന്നു അവരെത്തി. അതുപക്ഷെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന, കേരളം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന, 14000ത്തോളം കുട്ടികള്‍ നേരിട്ടു പങ്കെടുക്കുന്ന വേദിയിലാണെന്നു മാത്രം. ഏതു വിഭാഗത്തെ ശത്രുവായി ചിത്രീകരിച്ചാണോ ഇന്ത്യയില്‍ പാസിസം ശക്തിപ്പെടുന്നത് അതേവിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് മുഖ്യമന്ത്രിയടക്കമുള്ളവര്‍ നോക്കിയിരുന്നു. ലോക പോലീസ് അമേരിക്കയും അവരുടെ അടുത്ത കൂട്ടുകാര്‍ ഇസ്രയേലും ഇന്ത്യയിലെ സംഘപരിവാറും നിരന്തരം പ്രചരിപ്പിക്കുന്നതുപോലെ, തീവ്രവാദികള്‍ എന്നാല്‍ മുസ്ലിംകള്‍ ‘തന്നെ’ എന്ന സന്ദേശത്തോടെയാണ് ഈ വര്‍ഷത്തെ കലോത്സവം തുടങ്ങിയത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളം സംഘപരിവാറിന് ബാലികേറാമലയാണെന്നു പറയാറുണ്ടല്ലോ. ഇവിടെ നിയമസഭയിലോ ലോകസഭയിലോ ബിജെപിക്ക് സീറ്റുകി്ട്ടുക എളുപ്പമല്ല എന്ന അര്‍ത്ഥത്തില്‍ അതു ശരിയായിരിക്കാം. എന്നാല്‍ മലയാളികളുടെ പൊതുവിലുള്ള സാമൂഹ്യജീവിതത്തിലും വ്യക്തിജീവിതത്തിലും സംഘപരിവാര്‍ രാഷ്ട്രീയവും ഇസ്ലാമോഫോബിയയും അതിശക്തമായിതന്നെ പ്രവര്‍ത്തിക്കുന്നു എന്നതാണ് വസ്തുത. രാഷ്ട്രീയക്കാരും എഴുത്തുകാരും സാംസ്‌കാരികനായകരും സമുദായ സംഘടനകളും സിനിമാസംവിധായകരുമെല്ലാം അതില്‍ തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കുന്നു. പ്രണയത്തില്‍ പോലും ജിഹാദ് കാണുന്ന അവസ്ഥയിലേക്ക് പൊതുബോധത്തെ മാറ്റിത്തീര്‍ക്കാന്‍ ഇവര്‍ക്കൊക്കെ കഴിഞ്ഞിരിക്കുന്നു. അതിന്റെയെല്ലാം അനിവാര്യമായ ഫലമാണ് കലോത്സവവേദിയിലുണ്ടായത്. സംഭവം വിവാദമായിട്ടും തെറ്റുപറ്റിയെന്നു പരോക്ഷമായി സമ്മതിക്കുന്ന വിദ്യാഭ്യാസമന്ത്രി വിഷയം പരിശോധിക്കുമെന്നല്ലാതെ കുറ്റവാളികള്‍ക്കെതിരെ ഒരുനടപടിയും സ്വീകരിക്കാന്‍ ഇതുവരേയും തയ്യാറായിട്ടില്ല എന്നതും കൂട്ടിചേര്‍ക്കേണ്ടതുണ്ട്.

കലോല്‍സവവുമായി ബന്ധപ്പെട്ട രണ്ടാമത്തെ വിവാദത്തിലും സമാനമായ ഘടകങ്ങള്‍ കാണാം. ഉത്സവത്തിലെ ഭക്ഷണമുണ്ടാക്കല്‍ 16-ാം തവണയും മോഹനന്‍ പഴയിടത്തിനു കൊടുത്ത നടപടിതന്നെയാണ് രൂക്ഷമായ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായിട്ടുള്ളത്. അതിനെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പൊതുവില്‍ കാമ്പുള്ളവ തന്നെയാണ്. ഒരു ജനാധിപത്യസംവിധാനത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നാണിത്. ടെന്‍ഡര്‍ വിളിച്ചിട്ടാണെന്ന മറുപടിയൊക്കെ കാണുന്നുണ്ട്. എന്നാല്‍ മിക്കപ്പോഴും ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചിട്ടില്ല എന്നതാണ് വസ്തുത. വാസ്തവത്തില്‍ വിഷയം സാങ്കേതികമല്ല, രാഷ്ട്രീയമാണ്. പൊതുഖജനാവില്‍ നിന്നു വേതനം നല്‍കുമ്പോഴും ശബരിമലയില്‍ (മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും) ശാന്തിക്കാരനായി മലയാളി ബ്രാഹ്മണ പുരുഷന്‍ തന്നെ വേണമെന്ന തീരുമാനത്തിനു സമാനമാണ് ഇതും. ബ്രാഹ്മണനാണ് വിശുദ്ധനെന്നും അവനുണ്ടാക്കുന്നതാണ് ശുദ്ധമായ ഭക്ഷണമെന്നുമുള്ള ധാരണയല്ലാതെ മറ്റെന്താണ് ഈ അനീതിക്കുപുറകില്‍ വര്‍ത്തിക്കുന്നത്? അതാകട്ടെ മനുസ്മൃതി മൂല്യങ്ങളുടെ ബാക്കിപത്രമല്ലാതെ മറ്റെന്താണ്? ബ്രാഹ്മണ സര്‍വ്വാണി സദ്യ ഒരു ആചാരമായി കാലങ്ങളായി അടിച്ചേല്‍പ്പിക്കുകയാണ്. ഇതേ മനുസ്മൃതി മൂല്യങ്ങളാണ് കെ ആര്‍ നാരായണന്റെ പേരിലുള്ള ഫിലം ഇന്‍സ്റ്റിട്യൂട്ടില്‍ പോലും ഇപ്പോള്‍ നടക്കുന്നതെന്നതും പ്രസക്തമാണ്.

‘സത്ത്വ ഗുണമുള്ള ഭക്ഷണങ്ങളുണ്ട്. അത് കഴിക്കുന്നവര്‍ക്ക് സാത്വിക സ്വഭാവമുണ്ടാവും! ബ്രാഹ്മണവര്‍ണ്ണത്തിന് സാത്വിക സ്വഭാവമാണത്രേ ഉള്ളത്! നൃത്തനൃത്യങ്ങള്‍, ശാസ്ത്രീയ സംഗീതം, കഥാരചന, കവിതാരചന എന്നിവ പോലുള്ള കലാ-സാഹിത്യ പ്രവൃത്തികള്‍ക്കൊക്കെ സത്വഗുണമാണ് കൂടുതലായി വേണ്ടത്! അത് വേവിച്ച ധാന്യങ്ങള്‍, പയറ് കറി, സാമ്പാറ്, ചേനപ്പായസം എന്നീ വിഭവങ്ങളില്‍ നിന്ന് കിട്ടും. അതാണ് കലാമേളയ്ക്ക് ശാസ്ത്രീയമായി സസ്യാഹാരം മാത്രം വിളമ്പുന്നത്! അടുത്തത് രജോഗുണമുള്ള ഭക്ഷണങ്ങളാണ്. അത് കഴിക്കുന്നവരില്‍ രജസ്സ് ഉണരും. ക്ഷത്രിയ സ്വഭാവത്തിന് ചേര്‍ന്ന ഭക്ഷണമാണിത്! രജോഗുണമുള്ളവര്‍ ജുദ്ധം ചെയ്യും! കായികമേളകളില്‍ മുട്ടയും മാംസവും നല്‍കുന്നത് അതുകൊണ്ടാണ്!’ – പഴയിടത്തിന്റെ വാക്കുകളാണിവ. മലയാളികള്‍ ഭൂരിപക്ഷംപേരും മാംസം ഭക്ഷിക്കുന്നവരാണല്ലോ. അവര്‍ക്കൊന്നും സാത്വികഗുണമില്ലെന്നും യുദ്ധം (ആധുനികകാലത്ത് ഗുണ്ടായിസം) ചെയ്യുന്നവരാണെന്നുമാണ് പഴയിടം പറയുന്നത്. മാറിമാറിവരുന്ന സര്‍ക്കാരുകളും ്അതംഗീകരിക്കുന്നു എന്നര്‍ത്ഥം. ഇന്ത്യന്‍ ഭരണഘടനാമൂല്യങ്ങളല്ല, മനുസ്മൃതി മൂല്യങ്ങളാണ് നമ്മെ നയിക്കുന്നത് എന്നതിന് ഇതിനേക്കാള്‍ വലിയ തെളിവുവേണോ? ജാതി പ്രവര്‍ത്തിക്കുന്നത് ശുദ്ധി – അശുദ്ധി ബോധ്യങ്ങളിലൂടെയാണല്ലോ. അതിന്റെ വകഭേദം തന്നെയാണ് വെജ് – നോണ്‍ വെജ് ഭക്ഷണങ്ങള്‍ തമ്മിലുള്ള ഈ താരതമ്യവും വെജിറ്റേറിയന്‍ ഫണ്ടമെന്റലിസവും. വെജ് ഭക്ഷണമുണ്ടാക്കേണ്ടത് ബ്രാഹ്മണരാണെന്നും ഈ വാക്കുകളില്‍ അന്തര്‍ലീനമാണ്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാമെന്നെങ്കിലും ബന്ധപ്പെട്ടവര്‍ ഓര്‍ത്താല്‍ നന്നായിരിക്കും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഞെട്ടിക്കുന്ന വസ്തുത മറ്റൊന്നാണ്. ഇസ്ലാമോഫോബിയയുടെ വരികളെഴുതിയത് കമ്യൂണിസ്റ്റുകാരനാണെന്നപോലെ ഈ വിഷയത്തിലും അതിശക്തമായമായ ന്യായീകരണവുമായി എത്തിയിട്ടുള്ളത് പ്രശസ്ത ഇടതുപക്ഷ സാഹിത്യകാരനും പു ക സ നേതാവുമാണ് എന്നതാണത്. സാക്ഷാല്‍ അശോകന്‍ ചെരുവില്‍ തന്നെ. ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്മണന്‍ കേരളത്തില്‍ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണെന്നാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം. സത്യമെന്താണ്? ബ്രാഹ്മണ്യമാണ് വിശുദ്ധം, മഹത്തരം എന്ന മനുസ്മൃതി മൂല്യത്തിനെതിരായിരുന്നു നവോത്ഥാനപോരാട്ടങ്ങളെല്ലാം തന്നെ. ഇപ്പോഴിതാ ആ പോരാട്ടങ്ങള്‍ മഹത്തരമെന്നു പറയുന്ന പ്രസ്ഥാനത്തിന്റെ വക്താവുതന്നെ അതേമൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുന്നു. ബ്രാഹ്മണനുണ്ടാക്കുന്ന ഭക്ഷണമാണ് സാത്വികമെന്ന നിലപാടില്‍ നിന്ന് 16 വര്‍ഷം നീണ്ടുനിന്ന അനീതിയെയാണ് ഇ്ദദേഹം നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് ന്യായീകരിക്കുന്നത്. അതില്‍ വാസ്തവത്തില്‍ അത്ഭുതമൊന്നുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുവേളകളില്‍ ബ്രാഹ്മണ്യത്തെ ഉയര്‍ത്തിപിടിച്ചായിരുന്നല്ലോ പു ക സ വീഡിയോയകള്‍ ഉണ്ടാക്കിയതും പിന്നീടവ പിന്‍വലിച്ചതും. ഇസ്ലാമോഫോബിയപോലെതന്നെ കേരളീയസമൂഹത്തെ അതിശക്തമായി ഗ്രസിച്ചിരിക്കുന്നത് ബ്രാഹ്മണ്യമൂല്യങ്ങളാണെന്നതിന്റെ പ്രകടമായ തെളിവുകള്‍ മാത്രമാണിവ. തല്‍ക്കാലം സ്ത്രീവിരുദ്ധതയിലേക്ക് കടക്കുന്നില്ല. എന്നാലും നാം രാഷ്ട്രീയ പ്രബുദ്ധരാണ്…!!

കലോല്‍സവഭക്ഷണത്തിലേക്കു തിരിച്ചുവരാം. മത്സരിക്കലും ജയിക്കലും ബോണസ് മാര്‍ക്ക് നേടലും മാത്രമല്ലല്ലോ കലോലത്സവം. അത് ഓരോ നാടിനേയും സംസ്‌കാരത്തേയും അറിയല്‍ കൂടിയാണ്. ആ അറിവിന്റെ പ്രധാന ഘടകമാണ് അവിടത്തെ ഭക്ഷണം. എന്നാല്‍ കോഴിക്കോട് കലോത്സവം കഴിഞ്ഞു തിരിച്ചുപോകുന്ന കുട്ടികള്‍ക്ക് അതേകുറിച്ച് എന്തെങ്കിലും പറയാനാവുമോ? എവിടെ കലോത്സവം നടന്നാലം അവര്‍ ഭക്ഷിക്കുന്നത് ഒരേ ഭക്ഷണം. കോഴിക്കോട്ടെ ഏതെങ്കിലും കാറ്ററിംഗ് സര്‍വ്വീസിനെയായിരുന്നില്ലേ ഇക്കാര്യം ഏല്‍പ്പിക്കേണ്ടിയിരുന്നത്. വരും വര്‍ഷങ്ങളിലെങ്കിലും ഈ തെറ്റു തിരുത്തുമെന്ന് കരുതാം. അടുത്ത തവണ നോണ്‍വെജും വിളമ്പുമെന്ന് വിദ്യാഭ്യാസമന്ത്രി പറയുന്നതുകേട്ടു. നല്ലത്. എന്നാല്‍ അതിനേക്കാള്‍ പ്രധാനം ശുദ്ധിയെ കുറിച്ചുള്ള മനുസ്മൃതി സങ്കല്‍പ്പം ഉപേക്ഷിക്കലാണ്. പ്രായോഗികമായി പറഞ്ഞാല്‍ അടുത്ത തവണ പഴയിടത്തെയും പൂണൂലിനേയും ഒഴിവാക്കുകതന്നെ വേണം എന്നര്‍ത്ഥം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply