കൊവിഡ് കാലത്തെ അയോദ്ധ്യാ ക്ഷേത്ര നിര്‍മ്മാണ പ്രഖ്യാപനം

1925ലാണ് തങ്ങളുടെ ലക്ഷ്യം ഹിന്ദുത്വരാഷ്ട്രമാണെന്ന പ്രഖ്യാപനം വരുന്നത്. 100 വര്‍ഷമായിരുന്നു അന്നത്തെ ഡെഡ് ലൈന്‍. 2025ന് ഇനി 5 വര്‍ഷം മാത്രം. ഇത്തരമൊരു സാഹചര്യത്തില്‍ വലിയ ഉത്തരവാദിത്തമാണ് ജനാധിപത്യവാദികള്‍ക്കുള്ളത്. ജനാധിപത്യം, മേതതരത്വം, സാമൂഹ്യനീതി, ഫെഡറലിസം എന്നിവ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് ഓരോരുത്തര്‍ക്കുമുള്ളത്. അവയെല്ലാം ഉയര്‍ത്തിപിടിക്കുന്ന ഇന്ത്യന്‍ ഭരണഘടന ഒരു വിശുദ്ധ ഗ്രന്ഥം പോലെതന്നെ സംരക്ഷിക്കണം. ഭരണഘടനാമൂല്യങ്ങളെ വെല്ലുവിളിക്കാന്‍ കൊവിഡ് തടസ്സമല്ലെങ്കില്‍ അവ സംരക്ഷിക്കുമെന്നു പ്രഖ്യാപിക്കാനും കൊവിഡ് തടസ്സമാകാന്‍ പാടില്ല.

കൊവിഡ് കാലത്തും തങ്ങളുടെ വര്‍ഗ്ഗീയ അജണ്ടയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാരും അതിനെ നിയന്ത്രിക്കുന്ന സംഘപരിവാറും ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. അതിന്റെ ഭാഗമാണല്ലോ ഈ സമയത്തുപോലും അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം. തറക്കല്ലിടാന്‍ എത്തുന്നത് സാക്ഷാല്‍ പ്രധാനമന്ത്രിയും. സാങ്കേതികമായോ നിയമപരമായോ ഇതില്‍ തെറ്റൊന്നുമില്ലായിരിക്കാം. കാരണം സുപ്രിംകോടതി വിധി അതനുവദിക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയമായും ധാര്‍മ്മികമായും അതു ശരിയാണോ എന്ന ചോദ്യം അവശേഷിക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ മാറ്റി മറിച്ച ഒന്നാണ്‌ല്ലോ ബാബറി മസ്ജിദ് – അയോദ്ധ്യ പ്രശ്‌നം. എന്നിട്ടും ഈ മഹാദുരന്തകാലത്തുതന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നവരുടെ ഉദ്ദേശ്യം വ്യക്തമാണ്. വളരെ ഗുരുതരമായ ഒരു രാഷ്ട്രീയസാഹചര്യത്തിലൂടെ രാജ്യം പൊയ്‌ക്കൊണ്ടിരിക്കുമ്പോഴായിരുന്നല്ലോ കൊവിഡ് പ്രത്യക്ഷപ്പെടുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യമാകെ കത്തിനില്‍ക്കുമ്പോഴായിരുന്നു അത്. കൊവിഡ് വ്യാപനം പ്രക്ഷോഭങ്ങള്‍ക്ക് താല്‍ക്കാലികവിരാമമിട്ടു. എന്നാല്‍ സംഘപരിവാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലികമായാണെങ്കിലും വിരാമമിട്ടില്ല എന്നതാണ് ഈ പ്രഖ്യാപനം തെളിയിക്കുന്നത്.

നൂറോളം വര്‍ഷമായി അവര്‍ കൊണ്ടുനടക്കുന്ന ഹിന്ദുത്വരാഷ്ട്രസ്ഥാപനത്തിലേക്കുള്ള അടുത്ത പടിയാണ് രാമക്ഷേത്രനിര്‍മ്മാണം. സ്വാതന്ത്ര്യസമരകാലത്തുതന്നെ കോണ്‍ഗ്രസ്സിനെ മതപാര്‍ട്ടിയായി മാറ്റാനുള്ള ശ്രമമുണ്ടായിരുന്നു. എന്നാല്‍ താനൊരു സനാതന ഹിന്ദുവാണെന്നു പറഞ്ഞ ഗാന്ധിയാണ് അതിനെ തടയുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. അല്ലെങ്കില്‍ ഇന്നത്തെ മതേതര ജനാധിപത്യ ഇന്ത്യ ഉണ്ടാകുമായിരുന്നില്ല. കോണ്‍ഗ്രസ്സിനെ പിടിച്ചടക്കാന്‍ കഴിയില്ലെന്നു ബോധ്യമായതോടെയായിരുന്നു 1925ല്‍ ആര്‍ എസ് എസ് രൂപീകരിക്കപ്പെട്ടത്. എന്നാല്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമാകാതിരുന്നതും പിന്നീട് ഗാന്ധിവധവും കാരണം ആ ധാരക്ക് ദശകങ്ങളോളം മുന്നോട്ടുപോകാനായില്ല. മാത്രമല്ല നെഹ്്‌റുവിന്റേ നേതൃത്വത്തില്‍ ജനാധിപത്യം. മതേതതരത്വം, ഫെഡറലിസം, സാമൂഹ്യനീതി എന്നീ സങ്കല്‍പ്പങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഒരു ഇന്ത്യക്ക് അടിത്തറയിടാനുള്ള ശ്രമങ്ങളാരംഭിച്ചിരുന്നു. അംബേദ്കറുടെ നേതൃത്വത്തില്‍ ലോകത്തെ ഏറ്റവും മനോഹരമെന്നു പറയാവുന്ന ഭരണഘടനക്കും രൂപം നല്‍കി. അതെല്ലാം സംഘപരിവാറിന് വന്‍തിരിച്ചടിയായിരുന്നു.

എന്നാല്‍ ഹിന്ദുത്വശക്തികള്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. അവര്‍ക്കു കിട്ടിയ സുവര്‍ണ്ണാവസരമായിരുന്നു അടിയന്തരാവസ്ഥ. അതിനെതിരായ പോരാട്ടത്തില്‍ ജനസംഘം സജീവമായി. പിന്നീട് ജനതാപാര്‍ട്ടിയിലും ഭരണത്തിലും പങ്കാളിയായി. അന്നുമുതല്‍ കൃത്യമായ ലക്ഷ്യത്തോടെ പടിപടിയായി അവര്‍ മുന്നേറുകയായിരുന്നു. ബാബറി മസ്ജിദിലെ രാമവിഗ്രഹം പ്രാര്‍ത്ഥനക്കായി തുറന്നു കൊടുത്ത രാജീവ് ഗാന്ധിയുടെ നടപടി അവര്‍ക്കേറ്റവും ഗുണകരമായി തീര്‍ന്നു. കൂടാതെ ദൂരദര്‍ശനിലെ രാമായണ പരമ്പരയും. അതോടുകൂടിയായിരുന്നു ബാബറി മസ്ജിദും അയോദ്ധ്യയും സജീവ രാഷ്ട്രീയ വിഷയമായത്. ഹിന്ദുത്വം ശക്തമായ രാഷ്ട്രീയശക്തിയായി മാറാനാരംഭിച്ചു. മണ്ഡല്‍ കമ്മീഷന്‍ തുറന്നുകാട്ടിയ ഇന്ത്യയിലെ ഭീകരമായ ജാതിവ്യവസ്ഥയെ മറികടക്കാന്‍ അവരുപയോഗിച്ചത് അയോദ്ധ്യയായിരുന്നു.

പിന്നീട് ഗുജറാത്ത് വംശീയ കൂട്ടക്കൊല, മുംബൈ കലാപം, കാണ്ടമാല്‍ കൂട്ടകൊല, മുസാഫര്‍ നഗര്‍ എന്നിങ്ങനെ ഓരോ ചോരപുഴയും അവര്‍ക്ക അധികാരത്തിലേക്കും ആത്യന്തികലക്ഷ്യത്തിലേക്കുമുള്ള ചവിട്ടുപടികളായി. അങ്ങനെയാണ് ഇന്നത്തെ അവസ്ഥയില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. എന്നിട്ടും മുന്നോട്ടുപോകാന്‍ തന്നെയാണവരുടെ നീക്കമെന്നു വ്യക്തം. അതിന്റെ ഭാഗമായിരുന്നു സമീപകാലത്ത് നടന്ന എഴുത്തുകാരുടെ കൊലകള്‍, വിദ്യാഭ്യാസ – ചരിത്രസ്ഥാപനങ്ങള്‍ പിടിച്ചെടുക്കല്‍., കോടതികളേയും ഇലക്ഷന്‍ കമ്മീഷനെയും സ്വാധീനിക്കല്‍, വിവരാവകാശ കമ്മീഷനെ നിയന്ത്രിക്കല്‍, ദളിത് പീഡനങ്ങള്‍, ബീഫിന്റേയും ശ്രീറാം വിളിയുടേയും പേരിലുള്ള കൊലകള്‍, കാശ്മീരിലെ ഇടപെടല്‍, സംസ്ഥാനസര്‍ക്കാരുകളെ അട്ടിമറിക്കല്‍, ഏകഭാഷക്കും ഏകപാര്‍ട്ടി ഭരണത്തിനുമുള്ള മുറവിളി, പൗരത്വപട്ടിക… ഈ ലിസ്റ്റ് നീണ്ടാണ് പൗരത്വ ഭേദഗതിയിലെത്തിയത്. അടുത്തത് രാമക്ഷേത്രമാണ്. അതിന്റെ പ്രഖ്യാപനമാണ് കൊവിഡ് കാലത്ത് നടന്നത്.

1925ലാണ് തങ്ങളുടെ ലക്ഷ്യം ഹിന്ദുത്വരാഷ്ട്രമാണെന്ന പ്രഖ്യാപനം വരുന്നത്. 100 വര്‍ഷമായിരുന്നു അന്നത്തെ ഡെഡ് ലൈന്‍. 2025ന് ഇനി 5 വര്‍ഷം മാത്രം. ഇത്തരമൊരു സാഹചര്യത്തില്‍ വലിയ ഉത്തരവാദിത്തമാണ് ജനാധിപത്യവാദികള്‍ക്കുള്ളത്. തുടക്കത്തില്‍ പറഞ്ഞപോലെ ജനാധിപത്യം, മേതതരത്വം, സാമൂഹ്യനീതി, ഫെഡറലിസം എന്നിവ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് ഓരോരുത്തര്‍ക്കുമുള്ളത്. അവയെല്ലാം ഉയര്‍ത്തിപിടിക്കുന്ന ഇന്ത്യന്‍ ഭരണഘടന ഒരു വിശുദ്ധ ഗ്രന്ഥം പോലെതന്നെ സംരക്ഷിക്കണം. ഭരണഘടനാമൂല്യങ്ങളെ വെല്ലുവിളിക്കാന്‍ കൊവിഡ് തടസ്സമല്ലെങ്കില്‍ അവ സംരക്ഷിക്കുമെന്നു പ്രഖ്യാപിക്കാനും കൊവിഡ് തടസ്സമാകാന്‍ പാടില്ല. കൊവിഡിനേക്കാള്‍ വലിയ ദുരന്തത്തിലേക്ക് രാജ്യം നീങ്ങാതിരിക്കണമെങ്കില്‍ അത്തരമൊരു ദൃഢപ്രതിജ്ഞ അനിവാര്യമായ സമയമാണിത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply