പട്ടുനൂല്‍ കൊണ്ട് സംഘപരിവാറിനെ കെട്ടിയിടാനാകില്ല സഖാവ് വൃന്ദാ കാരാട്ട്

കണ്ണൂരിലെ എടക്കാടില്‍ സമരം ചെയ്യുന്നവര്‍ അല്‍പ്പം ദൂരെ നിന്നു വന്നവരാണെന്നാക്ഷേപിച്ചാണ് പാര്‍ട്ടി പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ അവരെ നേരിട്ടത്. എങ്കില്‍ കല്‍ക്കട്ടക്കാരിയായ താങ്കള്‍ക്ക് ഡെല്‍ഹിയില്‍ എന്തുകാര്യം എന്നു ചോദിക്കുന്നവരെ കുറ്റം പറയാനാവുമോ?

ന്യൂഡല്‍ഹി ജഹാംഗീര്‍ പുരിയില്‍ ന്യൂനപക്ഷ വംശ വിച്ഛേദനത്തിന്റെ ഭാഗമായി സംഘപരിവാര്‍ ഭരണകൂടം നടത്തിവരുന്ന നിഷ്ഠൂരമായ കുടിയൊഴിപ്പിക്കലിനിടയില്‍ ഇടിച്ചു പൊളിക്കുന്ന യന്ത്രങ്ങള്‍ക്കു മുമ്പില്‍ നിന്ന് താങ്കള്‍ നടത്തിയ പ്രതിരോധം ഏറെ ശ്രദ്ധേയമായിരുന്നല്ലോ. സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗമെന്നതിനോടൊപ്പം ഒരു സ്ത്രീയെന്ന നിലയില്‍ താങ്കളുടെ നിന്നുണ്ടായ പ്രതിരോധ വീര്യം തീര്‍ച്ചയായും സാരവത്തായതാണ്. എന്നാല്‍ മാധ്യമ ക്യാമറ വലയങ്ങള്‍ക്കുള്ളില്‍ ഒരു സി പി എം പ്രവര്‍ത്തകന്‍ പോലും കൂടെയില്ലാതെ താങ്കള്‍ക്ക് ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നു എന്നത് ചെറിയ കാര്യമല്ല. അത് യാദൃച്ഛികമാണെന്നു കരുതാനാകില്ല. താങ്കളുടെ പാര്‍ട്ടിയുടെ നയങ്ങളും രാഷ്ട്രീയ കര്‍മ്മക്രമങ്ങളും സാമ്രാജ്യത്വ ഫാസിസ്റ്റ് പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ ഇതിനുള്ള മറുപടി കിട്ടും.

ബുള്‍ഡോസറിനുമുന്നില്‍ നിന്ന് താങ്കള്‍ കുടിയൊഴിക്കലിനെ പ്രതിരോധി്ച്ചതിനു പിറ്റേന്ന് മറ്റൊരു കുടിയൊഴിപ്പിക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തവരെ, താങ്കളുടെ പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ പോലീസ് ആഞ്ഞുചവിട്ടുന്നത് താങ്കള്‍ കണ്ടിരിക്കും. കഴിഞ്ഞ ദിവസം നന്ദിഗ്രാമിലും മറ്റും കണ്ടപോലെ താങ്കളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ നേരിട്ട് വന്ന് മര്‍ദ്ദിക്കുന്നതും. ഡെല്‍ഹിയിലേയും കേരളത്തിലേയും രണ്ടുരീതിയിലുള്ള വിഷയമാകാം. എന്നാലത് ഈ അതിക്രമത്തിന് ന്യായീകരണമല്ലല്ലോ. മാത്രമല്ല കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് വര്‍ഷങ്ങള്‍ക്കുമുമ്പ് നന്ദിഗ്രാമില്‍ നടക്കുന്നതിനു സമാനമാണ്. ഇതുമായി ബന്ധപ്പെട്ട് നേരിട്ടുവന്നില്ലെങ്കിലും ഏതെങ്കിലും രീതിയിലുള്ള ഇടപെടല്‍ താങ്കളില്‍ നിന്നുണ്ടാകുമോ? കണ്ണൂരിലെ എടക്കാടില്‍ സമരം ചെയ്യുന്നവര്‍ അല്‍പ്പം ദൂരെ നിന്നു വന്നവരാണെന്നാക്ഷേപിച്ചാണ് പാര്‍ട്ടി പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ അവരെ നേരിട്ടത്. എങ്കില്‍ കല്‍ക്കട്ടക്കാരിയായ താങ്കള്‍ക്ക് ഡെല്‍ഹിയില്‍ എന്തുകാര്യം എന്നു ചോദിക്കുന്നവരെ കുറ്റം പറയാനാവുമോ? സ്ഥിരം പത്ര പംക്തിയിലൂടെ പീഡനങ്ങള്‍ക്കു പോലും പരിഹാരക്രിയ നിര്‍ദ്ദേശിക്കുന്ന സഹോദരി (Agony Aunt) ഇന്ത്യയില്‍ ഫാസിസം സമാഗതമായിട്ടില്ല എന്ന സഹപ്രവര്‍ത്തകനും മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിന്റെ രാഷ്ട്രീയ നിഗമനത്തോട് ഐക്യദാര്‍ഢ്യപ്പെട്ട വ്യക്തിയുമാണല്ലോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒന്നാം നന്ദിഗ്രാം കലാപത്തിനുശേഷം നൂറുകണക്കിന് കുടുംബങ്ങള്‍ ഗ്രാമത്തിനു പുറത്തുപോയപ്പോള്‍, ജീവസ്ഥലം നഷ്ടപ്പെട്ടു പോയപ്പോള്‍ നന്ദിഗ്രാമിലെ ജീവിതം പ്രശാന്തവും പ്രേമസുരഭിലവുമാണെന്ന് പറഞ്ഞവരില്‍ താങ്കളും ഉള്‍പ്പെട്ടിരുന്നില്ലേ.  തുടര്‍ന്ന് നന്ദിഗ്രാം പ്രക്ഷോഭത്തെ റാംസെ ക്ലാര്‍ക്കിന്റെയും പോള്‍സണ്‍ ജൂനിയറിന്റെയും സഹായത്തോടെ തസ്ലീമ നസ്രീനെതിരെ തിരിച്ചു വിടുകയുണ്ടായൊ എന്ന് ഇനിയും അന്വേഷിക്കേണ്ടതുണ്ടെന്ന് താങ്കള്‍ക്ക് അറിയാത്തതാണോ? ബംഗാളില്‍ അഭയം തേടിയ എഴുത്തുകാരി തസ്ലിമക്കെതിരെ ഉണ്ടായത് മറ്റൊന്നായിരുന്നില്ലല്ലോ. അന്ന് എഴുത്തുകാര്‍ മത വികാരത്തെ വ്രണപ്പെടുത്താന്‍ പാടില്ല എന്ന് പറഞ്ഞ പ്രകാശ് കാരാട്ട് സിപിഎമ്മിന്റെ ധാര്‍മികാപചയത്തെയും ഭീരുത്വത്തെയും സമര്‍ത്ഥിച്ചപ്പോള്‍ താങ്കളും ഒപ്പമുണ്ടായിരുന്നില്ലേ?

മണ്ണുമാന്തി യന്ത്രത്തിന്റെ മുന്നില്‍ കയറി നിന്ന താങ്കള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ കീഴ്വഴക്കങ്ങളെ അനുസരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സ്വാഭാവിക പ്രതിയോഗിയെ (കേരളത്തില്‍ സംഘികള്‍ പാര്‍ട്ടിയുടെ അപ്രതിയോഗികളത്രേ) ശല്യം ചെയ്യാന്‍ ശ്രമിച്ചു എന്നതിലപ്പുറം ദീര്‍ഘായുസ്സുള്ള എന്തെങ്കിലും രാഷ്ട്രീയ ഇടപെടലും നടത്തിയോ? പകരം അനേകം പെറ്റീഷന്റെ കൂട്ടത്തില്‍ കോടതിയില്‍ ഒരെണ്ണം തന്റേതും ഇരിക്കട്ടെ എന്ന് തീരുമാനിക്കുകയല്ലേ ചെയ്തത്? അഡ്വ ദുഷ്യന്ത് ദാവെ, അഡ്വ കബില്‍ സിബല്‍ തുടങ്ങിയ പ്രഗല്‍ഭരായ അഭിഭാഷകരും ജഹാംഗീര്‍ പുരിയിലെ പരാതിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ നിയമപോരാട്ടം നടത്തുന്നുണ്ടല്ലോ. അതെസമയം കേരള പോലീസില്‍ സംഘപരിവാര്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് താങ്കളുടെ മുന്നണിയിലെ വനിതാ നേതാവ് ആനിരാജ തന്നെ പറഞ്ഞപ്പോള്‍ താങ്കളിലെ സംഘപരിവാര്‍ വിരുദ്ധ കമ്മ്യൂണിസ്റ്റ് എവിടേയായിരുന്നു? കോര്‍പ്പറേറ്റ് ശീതളിമയില്‍ മയക്കത്തിലായിരുന്നോ?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാളയാറിലെ ദളിതരായ പിഞ്ചു കുഞ്ഞുങ്ങളെ തന്റെ പാര്‍ട്ടിയുടെ പോഷക സംഘമായ ‘സാമൂഹ്യദ്രോഹ വിഭാഗത്തിലെ’ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട അതിനീചന്‍മാരായ കൊലയാളികള്‍ നിരന്തരം പീഡിപ്പിച്ച് പിച്ചിച്ചീന്തി കൊന്നു കെട്ടി തൂക്കിയപ്പൊള്‍, താങ്കളുടെ ധാര്‍മികത സവര്‍ണ്ണ സ്ത്രീത്വത്തിന്റെ കാല്‍ ചിലമ്പുകളില്‍ കുരുങ്ങിക്കിടക്കുകയായിരുന്നോ എന്നും ചോദിക്കാതിരിക്കാനാവുന്നില്ല. .തങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ ആദിവാസികളും ദളിതരും നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകളും താങ്കള്‍ കാണാറില്ല എന്നു തോന്നുന്നു.

നിര്‍ഭയ പീഡനത്തിനു ശേഷം സര്‍ക്കാര്‍ നിയമിച്ച വര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെന്ന് ക്ലേശാഭിനയപൂര്‍വ്വം പറയുന്ന താങ്കള്‍ കേരളത്തില്‍ സമാനമായ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതുപോലുമില്ല എന്നറിഞ്ഞിട്ടുണ്ടോ? നടി പീഡിപ്പിക്കപ്പെട്ട അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെ നിര്‍ണ്ണായകസമയത്ത് മാറ്റിയ വാര്‍ത്തയും താങ്കളറിഞ്ഞില്ലേ?

ഡെല്‍ഹിയില്‍ താങ്കള്‍ നടത്തിയ പ്രതിരോധത്തെ മാനിക്കുന്നു. പക്ഷെ താങ്കളുടെ പാര്‍ട്ടി നിര്‍മ്മിക്കുന്ന സാമ്രാജ്യത്വത്തിന്റെ പട്ടുനൂല്‍ കൊണ്ട് സംഘപരിവാറിന്റെ സവര്‍ണ അധിനിവേശത്തെ കെട്ടിയിടാമെന്ന് പറഞ്ഞ് ദയവായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും സാമ്രാജ്യത്വത്തില്‍ തല പൂഴ്ത്തുന്ന ഒട്ടകപ്പക്ഷിയായി മാറരുതെന്നും കൂടി കൂട്ടിചേര്‍ക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply