ഡൗണ്‍/റൈറ്റ് സൈസിംഗിന് ഒരാമുഖം

റൈറ്റ്‌സെസിംഗ് ഒരു മിനിമലിസ്റ്റിക് ജീവിത രിതിയാണ് നിങ്ങള്‍ക്ക് കാണിച്ച് തരുന്നത്. അവിടെ ആരോഗ്യമുള്ള ശരീരത്തിനും ശാന്തമായ മനസ്സിനും മാത്രമേ സ്ഥാനമുള്ളു. യൂറോപ്പില്‍ ചിലയിടങ്ങളില്‍ റൈറ്റ്‌സൈസിംഗിന് സഹായിക്കാന്‍ ഏജന്‍സികളുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് കിട്ടും. റൈറ്റ്‌സൈസിംഗിന് ഒരുങ്ങുന്നതിന് മുന്‍പ് സ്വന്തം മനസ്സിനോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നത് നല്ലതാണ്. ഏറ്റവും പ്രധാനമായി ഉത്തരം കിട്ടേണ്ട ഒരു ചോദ്യം, എന്താണ് ഞാന്‍ ആഗ്രഹിക്കുന്നത്? മാനസിക സമ്മര്‍ദ്ദവും ആശങ്കയും ഇല്ലാത്ത ജീവിതമാണോ? വാരിക്കൂട്ടിയ ഭൗതികവസ്തുക്കള്‍ എത്രമാത്രം പ്രാധാന്യം ഉണ്ട് തന്റെ ജീവിതത്തില്‍ എന്ന് തിരിച്ചറിയുക. അതുപോലെ തന്നെ സ്റ്റാറ്റസ് എന്ന മുദ്ര നിങ്ങളുടെ ജിവിതത്തില്‍ എത്ര പ്രധാനമാണ്? ചോദ്യങ്ങളും ഉത്തരങ്ങളും സത്യസന്ധമായിരിക്കണം. ഇങ്ങനെ മാനസികമായും ധാരാളം തയ്യാറെടുപ്പുകള്‍ ആവശ്യമായ ഒന്നാണ് റൈറ്റ്‌സൈസിംഗ്’.

തൊഴില്‍ സ്ഥാപനങ്ങളിലെ ഡൗണ്‍ സൈസിംഗ് കൊറോണാനന്തര കാലത്ത് ലോകം ഭയപ്പാടോടെ കാത്തിരിക്കുന്നു. എന്നാല്‍ അതുതന്നെ ഒരു ജീവിതശൈലിയാകുമ്പോള്‍ കാര്യം വ്യത്യസ്തമാണ്. പ്രധാനമായുമത് പ്രകൃതിയോട് നീതി പുലര്‍ത്താനും അവസാന യാത്രയ്ക്കുമുമ്പ് കൈവീശി നടക്കാനും പഠിപ്പിക്കുന്നു.

തൊഴിലിടങ്ങളിലെ ഡൗണ്‍ സൈസിംഗ് ആണ് ആദ്യം നിലവില്‍ വന്നത്, അതും അമേരിക്കയില്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, ജീവിത രീതിയിലെ ഡൗണ്‍ സൈസിംഗ് അഥവാ റൈറ്റ് സൈസിംഗ് നിലവില്‍ വന്നത്. ലോകത്തിലെ മിക്ക രാജ്യങ്ങളും സ്വീകരിച്ചു വരുന്നു, തൊഴിലിടങ്ങളിലെ ഡൗണ്‍ സൈസിംഗ്. ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും ഒക്കെ സ്വീകരിച്ച ഈ രീതിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നമ്മുടെ രാജ്യത്തിനും കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ച് വിട്ട മാരുതി സുസുക്കി അതിലൊരു ഉദാഹരണം മാത്രം. പോസ്റ്റ് കോറോണ കാലയളവില്‍ സംഭവിക്കാന്‍ പോകുന്ന കോര്‍പ്പറേറ്റ് ഡൗണ്‍ സൈസിംഗിന്റെ വ്യാപ്തിയെ ലോകം മുഴുവന്‍ പേടിയോടെ നോക്കുന്ന കാലമാണ് ഇപ്പോള്‍. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അമേരിക്കയില്‍ നിലവില്‍വന്ന ഈ രീതിയെ ലോകം ഒട്ടൊക്കെ മുഴുവനായി പിന്തുടരുന്നതിന്റെ പ്രധാന കാരണം ഇത് വഴി തങ്ങളുടെ തൊഴില്‍ സ്ഥാപനത്തിലെ കാര്യക്ഷമത കൂട്ടാമെന്ന മാനേജ്‌മെന്റിന്റെ തോന്നലോ വിശ്വാസമോ ആയിരിക്കും.

ഡൗണ്‍ സൈസിംഗിന്റെ പുറകിലുള്ള പ്രേരക ഘടകങ്ങള്‍ എന്തെല്ലാം? ഒന്ന്: സാമ്പത്തിക ബുദ്ധിമുട്ട്. രണ്ട്: മാനേജ്‌മെന്റില്‍ വരുന്ന മാറ്റങ്ങള്‍. മൂന്ന്: യന്ത്രവല്‍ക്കരണം. നാല്: സാങ്കേതിക രംഗത്ത് ദിനംപ്രതി വരുന്ന മാറ്റങ്ങള്‍. അഞ്ച്: ഔട്ട് സോര്‍സിംഗ്. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലും തൊണ്ണൂറുകളിലും അമേരിക്കന്‍ കമ്പനികളില്‍ പലതും ഡൗണ്‍സൈസിംഗ് ഒരു വലിയ സാധ്യതയാണെന്ന് വിശ്വസിച്ച് തുടങ്ങി. എന്നാല്‍ ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്‌കൂളിലെ അനലിസ്റ്റുകള്‍ പറയുന്നത് ശമ്പള ഇനത്തില്‍ മാനേജ്‌മെന്റിന് കുറച്ച് ലാഭം പ്രത്യക്ഷത്തില്‍ ഉണ്ടായെന്നിരിക്കും, ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ കാര്യമായ മികവ് അവകാശപ്പെടാന്‍ മാനേജ്‌മെന്റിന് കഴിയില്ല എന്നതാണ്. കാരണം കമ്പനിക്ക് പുറത്ത് പോയവരേക്കാള്‍ ആശങ്കയും മാനസിക പിരിമുറുക്കവും അനുഭവിക്കുന്നവരാണ് അകത്തുള്ളവര്‍. ഡൗണ്‍സൈസിംഗ് സിന്‍ഡ്രോം അവരെ വിട്ട് മാറില്ല എന്ന് ചുരുക്കം.

അമേരിക്കയിലെ ചില കമ്പനികള്‍ ഡൗണ്‍സൈസിംഗ് വഴി പുറത്തായവരെ , ചില സ്വകാര്യ തൊഴില്‍ ഏജന്‍സികള്‍ വഴി തിരിച്ചെടുക്കാറുമുണ്ട്. പെന്‍ഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവ ലാഭിക്കുന്നത് കൂടാതെ പരിചയസമ്പന്നരായ തൊഴിലെടുപ്പുകാരെ തിരികെ കിട്ടിയതും ചേര്‍ത്തുവായിച്ചാല്‍ കമ്പനിക്ക് നേട്ടമാണ്. നിര്‍ബന്ധിത റിട്ടയര്‍മെന്റ്, നേരത്തെയുള്ള റിട്ടയര്‍മെന്റ് എന്നിവയെല്ലാം തന്നെ ഡൗണ്‍ സൈസിംഗിന്റെ ഭാഗമായ ചില ഒഴിവാക്കല്‍ രീതിയാണ്.

ഷെറി കൂന്‍സ് ‘ഡൗണ്‍സൈസ്’ എന്ന പേരില്‍ ഒരു പുസ്തകമെഴുതി. അവര്‍ പറയുന്നു: ഡൗണ്‍ സൈസ്സിംഗ് എന്ന വാക്ക് നിങ്ങള്‍ ഉപയോഗിക്കരുത്, കാരണം അത് പാവപ്പെട്ടവനേയും ചെറുപ്പക്കാരനേയും വേദനിപ്പിക്കും. അടിസ്ഥാന ജിവിത സൗകര്യങ്ങള്‍ മാത്രമുള്ള, എന്നാല്‍ ജിവിതത്തെക്കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ കാണുന്നവനെ പരിഹസിക്കരുത്, നിങ്ങളുടെ കാപ്പിറ്റലിസ്റ്റിക് തലച്ചോറില്‍ സംഭവിക്കുന്ന ആശയങ്ങളുടെ രാസമാറ്റം ഒരു പക്ഷെ ജന്മനാ ഡൗണ്‍സൈസ്ഡ് ചെയ്യപ്പെട്ടവന് മനസ്സിലാകില്ല. നിങ്ങളുടെ അഞ്ച് കിടപ്പുമുറികളുള്ള വീട്, വാര്‍ദ്ധക്യസമയത്ത് നിങ്ങള്‍ക്ക് വിരസമായി തോന്നിയേക്കാം. കുറച്ചുകൂടി ചെറിയ ഒരു സ്ഥലത്തേക്ക് താമസം മാറിയാല്‍ അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെളിച്ചമുള്ളതാക്കിയേക്കാം, അതുകൊണ്ട് തന്നെ ഷെറിയുടെ അഭിപ്രായത്തില്‍ റൈറ്റ് സൈസിംഗ് എന്ന വാക്കാണ് ഈ ജിവിതശൈലീ മാറ്റത്തിന് യോജിക്കുന്നത്.

പാവപ്പെട്ടവര്‍ എന്ന വാക്കിനൊപ്പം ചെറുപ്പക്കാര്‍ എന്ന പദവും അവര്‍ ഉപയോഗിച്ചിരുന്നു. അതിനൊരു കാരണമുണ്ട്. യൂറോപ്പിലും അമേരിക്കയിലും മറ്റും സാധാരണയായി പതിനെട്ട് വയസ്സ് കഴിഞ്ഞ ആരും തന്നെ അച്ഛനമ്മമാരെ ആശ്രയിക്കില്ല ഒന്നിനും. പലവിധ പാര്‍ടൈം തൊഴിലെടുത്ത് അവര്‍ യുനിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയശേഷം വരുമാനമുള്ള തൊഴില്‍ കണ്ടത്തി ജീവിക്കാനായി സ്വന്തമായിട്ടൊരു താമസസ്ഥലം സംഘടിപ്പിക്കും. ഇത് പലപ്പോഴും വളരെ ചെറിയ ഇടങ്ങളായിരിക്കും. അച്ഛനമ്മമാരെ കറവപ്പശുക്കളായി കണക്കാക്കാന്‍ മക്കളും, മക്കളെ തങ്ങളുടെ വാര്‍ദ്ധക്യകാലത്തെ ഇന്‍ഷുറന്‍സ് പോളിസിയായി കാണക്കാക്കാന്‍ രക്ഷിതാക്കളും തയ്യാറല്ല, അമേരിക്കയിലും യൂറോപ്പിലുമൊന്നും. അതുകൊണ്ടുതന്നെ അവരുടെ താമസസ്ഥലത്തെ പരിഹസിക്കുന്ന തരത്തില്‍ ഒരു വാക്കും ഉപയോഗിക്കരുതെന്ന് ഷെറി.

എന്താണ് ജിവിത ശൈലിയിലെ റൈറ്റ് സൈസിംഗ്? ഇതൊരു തിരഞ്ഞെടുപ്പാണ്. ഒരു വിട്ടിലെ മുഴുവന്‍ ആള്‍ക്കാരും ചേര്‍ന്ന് എടുക്കേണ്ട തീരുമാനം. ഇതിന് പ്രത്യേകിച്ച് പ്രായം നിഷ്‌കര്‍ഷിച്ചിട്ടില്ല, എങ്കിലും പൊതുവെ ആളുകള്‍ റിട്ടയര്‍മെന്റിന് ശേഷമാകും റൈറ്റ് സൈസിംഗിനെപ്പറ്റി സീരിയസ്സായി ചിന്തിക്കുന്നത്. ‘ജീവിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ മാത്രം കൈവശം വച്ച് ജീവിക്കുക എന്നതാണ് ഈ ജീവിത ശൈലീമാറ്റത്തിന്റെ അടിത്തറ’. താമസിക്കുന്ന സ്ഥലം മാറുന്നതോ, ജോലി മാറുന്നതോ ഒന്നും ഈ കാറ്റഗറിയില്‍ പെടുന്നില്ല. റൈറ്റ് സൈസിംഗ് കൊണ്ടുണ്ടാകുന്ന പ്രധാന ഗുണങ്ങള്‍, ഇങ്ങനെ ഇത് പ്രകൃതിക്ക് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്താത്ത ജിവിതരീതിയാണ്. നൂറുകണക്കിന് ഇലക്ട്രിക് ഉപകരണങ്ങള്‍ വാങ്ങി കൂട്ടി, അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് കൂട്ടുന്നില്ല.

ഒരു വ്യക്തി നടത്തുന്ന അന്തരീക്ഷ മലിനികരണത്തെ കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് എന്ന് തിരിച്ചിരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ റൈറ്റ് സൈസിംഗ് ജിവിത ശൈലിയായി സ്വീകരിച്ചവര്‍ പ്രകൃതിയെ വല്ലാതെ ദ്രോഹിക്കുന്നില്ല. അവരുടെ ഇലക്ട്രിസിറ്റി, ഇന്ധനം, ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന എനര്‍ജി എന്നിവ മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്. ഒരാളുടെ കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് കണക്കാക്കുന്നതോടെ, ആ വ്യക്തിയുടെ ജിവിതശൈലി, ആഗോള താപനത്തിന് എത്രമാത്രം കാരണമാകുന്നു എന്നറിയാന്‍ പറ്റും. റൈറ്റ് സൈസിംഗ് ജിവിതരീതി സ്വീകരിച്ചവരുടെ വീട്ടില്‍ ഒന്നിലധികം വാഹനങ്ങള്‍ കാണില്ല. അങ്ങനെ അന്തരീക്ഷ മലിനീകരണത്തിലുള്ള അവരുടെ പങ്ക് മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്.

പഠനങ്ങള്‍ പറയുന്നു, കഴിഞ്ഞ അമ്പത് വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ താപനില ദിവസേന കൂടി കൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തില്‍ ഓരോ വ്യക്തിക്കും തന്റേതായ പങ്കുണ്ട്. ആര്‍ഭാട ജിവിതം പ്രകൃതിക്ക് വരുത്തുന്ന ദോഷങ്ങളില്‍ ചെറിയ പങ്ക് മാത്രമെ റൈറ്റ്‌സൈസ് ലിവിംഗ്കാര്‍ക്കുള്ളു. സാമ്പത്തികമായ നേട്ടം മറ്റൊരു പ്രധാന പോസിറ്റിവ് സംഗതിയാണ്. ഇലക്ട്രിസിറ്റി ചാര്‍ജും എനര്‍ജി ചാര്‍ജും കുറവാകും. വലിയ വീടാണ് നിങ്ങള്‍ സ്വന്തമാക്കിയതെങ്കില്‍ നിങ്ങള്‍ ഒരു ധനികന്‍ അല്ലെങ്കില്‍, ഹൗസിംഗ് ലോണ്‍ കാലാകാലം നിങ്ങക്കൊരു ബാധ്യതയാവും. കടബാധ്യതകള്‍ ഒഴിവാക്കാന്‍ വേണ്ടി ചെറിയ ഇടങ്ങളിലേക്ക് താമസം മാറുന്നവരുമുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ ലെന്‍സിലുടെ സ്വന്തം ജീവിതം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ എളുപ്പമല്ല.

റൈറ്റ്‌സെസിംഗ് ഒരു മിനിമലിസ്റ്റിക് ജീവിത രിതിയാണ് നിങ്ങള്‍ക്ക് കാണിച്ച് തരുന്നത്. അവിടെ ആരോഗ്യമുള്ള ശരീരത്തിനും ശാന്തമായ മനസ്സിനും മാത്രമേ സ്ഥാനമുള്ളു. യൂറോപ്പില്‍ ചിലയിടങ്ങളില്‍ റൈറ്റ്‌സൈസിംഗിന് സഹായിക്കാന്‍ ഏജന്‍സികളുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് കിട്ടും. റൈറ്റ്‌സൈസിംഗിന് ഒരുങ്ങുന്നതിന് മുന്‍പ് സ്വന്തം മനസ്സിനോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നത് നല്ലതാണ്. ഏറ്റവും പ്രധാനമായി ഉത്തരം കിട്ടേണ്ട ഒരു ചോദ്യം, എന്താണ് ഞാന്‍ ആഗ്രഹിക്കുന്നത്? മാനസിക സമ്മര്‍ദ്ദവും ആശങ്കയും ഇല്ലാത്ത ജീവിതമാണോ? വാരിക്കൂട്ടിയ ഭൗതികവസ്തുക്കള്‍ എത്രമാത്രം പ്രാധാന്യം ഉണ്ട് തന്റെ ജീവിതത്തില്‍ എന്ന് തിരിച്ചറിയുക. അതുപോലെ തന്നെ സ്റ്റാറ്റസ് എന്ന മുദ്ര നിങ്ങളുടെ ജിവിതത്തില്‍ എത്ര പ്രധാനമാണ്? ചോദ്യങ്ങളും ഉത്തരങ്ങളും സത്യസന്ധമായിരിക്കണം. ഇങ്ങനെ മാനസികമായും ധാരാളം തയ്യാറെടുപ്പുകള്‍ ആവശ്യമായ ഒന്നാണ് റൈറ്റ്‌സൈസിംഗ്’. ഇങ്ങനെ പലവിധ പ്രായോഗിക തീരുമാനങ്ങള്‍ക്ക് ഒടുവില്‍ കിട്ടുന്ന ഒരു മാനസികാവസ്ഥയാണ് റൈറ്റ് സൈസിംഗിലേക്ക് നിങ്ങളെ നടത്തുന്നത്.

ഭൗതികസമ്പത്തോ, നേട്ടങ്ങളോ ആവരുത് തങ്ങളുടെ ജിവിതത്തെ നിര്‍വചിക്കുന്നത് എന്ന് വലിയൊരു ശതമാനം റൈറ്റ്‌സൈസിഗ് ആളുകളും വിശ്വസിക്കുന്നു. പ്രായവും സ്വാതന്ത്ര്യവും തമ്മില്‍ ഒരു കൂട്ടിക്കെട്ടലാണിവിടെ നടക്കുന്നത്. യുറോപ്പില്‍ റൈറ്റ്‌സൈസിംഗ് സ്വീകരിക്കുന്നവരില്‍ നല്ലൊരു ശതമാനം പേര്‍ നല്ല ചൂടുള്ള കാലവസ്ഥ അന്വേഷിച്ചുപോകുന്നു. മറ്റ് ചിലര്‍ മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുന്നിടത്ത് താമസിക്കാന്‍ ഇഷ്ടപ്പെടുന്നു.

സീനിയര്‍ ലിവിംഗ് കമ്മൂണിറ്റീസ് പല സാമ്പത്തിക തട്ടിലുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷന്‍ ആണ്. ഈ ആശയം ആദ്യം നടപ്പിലായത് അമേരിക്കയിലാണ്. അത്തരം താമസസ്ഥലങ്ങളെ അവര്‍ സീനിയര്‍ വില്ലേജ് എന്ന് വിളിക്കുന്നു. പൊതുമേഖല / സഹകരണമേഖല / ട്രസ്റ്റ് /സ്വകാര്യ മേഖല തുടങ്ങിയവരാണ് ഇത്തരം സീനിയര്‍ വില്ലേജിന്റെ നടത്തിപ്പുകാര്‍. സീനിയര്‍ ലിവിംഗ് കമ്മ്യൂണിറ്റിയിലെ താമസക്കാര്‍ മിക്കപ്പോഴും എഴുപത് വയസ്സിന്‌മേലെ പ്രായമുള്ളവരാണ്.

അവനവന്റെ സാതന്ത്ര്യത്തിന് യാതൊരു ക്ഷീണവും സംഭവിക്കാത്ത കൃത്യമായ മരുന്നും പരിചരണവും കിട്ടുന്ന, സമപ്രായക്കാരുടെ സൗഹൃദം കിട്ടുന്ന ഇടം, റൈറ്റ്‌സൈസിംഗിന്റെ ഭാഗമായി വയസ്സുകാലത്ത് ഇങ്ങനെ ഒരു ജിവിതരീതി തിരഞ്ഞെടുത്തത് നന്നായെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇംഗ്ലണ്ടില്‍ കോ-ലിവിംഗ് എന്നൊരു രീതി കൂടി പ്രചാരത്തിലുണ്ട്. സമാന ചിന്താഗതിക്കാര്‍ ഒരുമിച്ച് ഒരു അപ്പാര്‍ട്ട്‌മെന്റ് ഷെയര്‍ ചെയ്യുന്ന രീതി. റിട്ടയര്‍മെന്റ് വില്ലേജ് എന്ന ആവാസ വ്യവസ്ഥിതിയും റൈറ്റ്‌സൈസിംഗിന്റെ ഭാഗമായി യുറോപ്പില്‍ ആള്‍ക്കാര്‍ തിരഞ്ഞെടുക്കാറുണ്ട്. നഗരത്തിന്റെ തിളച്ചുമറിയലില്‍ നിന്ന് മാറി പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള ഒരു ജിവിതം. സമപ്രായക്കാര്‍ ആയിരിക്കും മിക്കവാറും ചുറ്റുവട്ടത്തെ താമസക്കാര്‍. ആശുപത്രിയും സൂപ്പര്‍ മാര്‍ക്കറ്റും തൊട്ടരികെ. താമസക്കാര്‍ക്ക് പൊതുവായ ഒരു വായനശാലയും റിക്രിയേഷന്‍ ക്ലബുമുണ്ടായിരിക്കും.

സുരക്ഷിതത്വവും സമാധാനവും അല്ലാതെ മറ്റെന്താണ് വയസ്സായ ഒരു ജിവിതം ആഗ്രഹിക്കുക? കെയര്‍ഹോമിലെ താമസം ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ മാത്രമാകണമെന്ന് നിര്‍ബന്ധമില്ല. ചിലപ്പോഴെങ്കിലും, അത് റൈറ്റ്‌സൈസിംഗിന്റെ ഭാഗമായും സംഭവിക്കാറുണ്ട്. പരമ്പരാഗതമായ കുടുംബ സംവിധാനം ഇല്ലാതായ ശേഷമാണ് യുറോപ്പില്‍ ഇത്തരത്തിലുള്ള റിട്ടയര്‍മെന്റ് ഹോമുകള്‍ നിലവില്‍ വന്നത്. എന്നാല്‍ റൈറ്റ്‌സൈസിംഗ് എന്നത് ഒരു തിരഞ്ഞെടുപ്പാണ്, ലളിതമായ ജീവിത മാര്‍ഗ്ഗത്തിലുള്ള വഴി. റൈറ്റ്‌സൈസിംഗിന് ധാരാളം പോസിറ്റീവ് വശങ്ങള്‍ ഉണ്ട്, സാമ്പത്തികം ഉള്‍പ്പടെ. എന്നാല്‍ വളരെ ആകര്‍ഷണീയമായി തോന്നാവുന്ന ഈ ആശയത്തിന് ദോഷങ്ങളുമുണ്ട്.

ഒന്നാമതായി ധാരാളം ക്ഷമയും മാനസിക പിരിമുറുക്കവും ഉണ്ടാക്കുന്ന ഒരേര്‍പ്പാട് ആണ്. ഒരു ജീവിതത്തിനുള്ളില്‍ നിന്ന് കൊണ്ട് മറ്റൊരു ജിവിതത്തിലേക്ക് പോകുന്നപോലെ. കംഫര്‍ട്ട് സോണ്‍ നഷ്ടമാകുന്ന അവസ്ഥ. ഒരു ജീവിതം കൊണ്ട് സ്വരുക്കൂട്ടിയ സാധനങ്ങള്‍ പലതും ഉപേക്ഷിക്കേണ്ടി വരുന്നത് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് സൗഹൃദങ്ങളുടെ നഷ്ടം. അപരിചിതമായ ഒരിടത്തേക്കുള്ള പറിച്ചുനടല്‍ മധ്യവയസ്സ് കഴിഞ്ഞാല്‍ അത്ര എളുപ്പമല്ല.

വീട് ഒരു സ്റ്റാറ്റസ് സിംബലും ആജീവാനന്ത കഷ്ടപ്പാടിന്റെ പ്രതിഫലവുമാണെന്ന് കരുതുന്ന ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം റൈറ്റ്‌സൈസിംഗ് വളരെ പെട്ടെന്നുതന്നെ അഭിമാനപ്രശ്‌നമായി മാറാന്‍ സാധ്യതയുള്ള ഒന്നാണ്. അച്ഛനമ്മമാര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരുടെ സ്വത്തില്‍ അവകാശം സ്ഥാപിക്കാന്‍ തിരക്ക് കൂട്ടുന്ന മക്കള്‍ക്ക് ഒരുപക്ഷെ ഈ റൈറ്‌സൈസിംഗ് രീതി അത്രകണ്ട് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെ ഈ പടിഞ്ഞാറന്‍ രീതി കേരളത്തില്‍ അത്രകണ്ട് ആഘോഷിക്കപ്പെടുമെന്ന് തോന്നുന്നില്ല. അവസാന യാത്ര പോകുന്നത് എല്ലാവരും ഒഴിഞ്ഞ കൈയോടെ ആണല്ലോ, ആ യാത്രക്ക് മുന്‍പ്, വളരെ മുന്‍പുതന്നെ കൈകള്‍ വീശി നടക്കാന്‍ പഠിപ്പിക്കുന്നു റൈറ്റ് സൈസിംഗ്. പോസ്റ്റ് കോറോണകാലത്ത് മലയാളിയുടെ ജിവിത ശൈലിയില്‍ വന്നേക്കാമെന്ന് പ്രതീക്ഷിക്കുന്ന മാറ്റങ്ങളുടെ പട്ടികയില്‍ റൈറ്റ്‌സൈസിംഗും ഉണ്ടാകാം.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply