അമേരിക്കന്‍ നവലിബറലിസത്തിന്റേത് ഇരട്ടമുഖം

അമേരിക്കന്‍ സാമ്രാജ്യത്വം അതിഗുരുതരമായ ഒരു പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനങ്ങളും ഭരണകൂടവും തമ്മിലുള്ള വൈരുദ്ധ്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുകയാണ്. ഈ വൈരുദ്ധ്യം പരിഹരിക്കാന്‍ കെല്‍പ്പുള്ള ജനകീയ ശക്തികള്‍ ഇപ്പോഴും ദുര്‍ബ്ബലമാണ്. അതിന്റെ സ്ഥാനത്തേക്കാണ് വലതുപക്ഷതീവ്രവാദം കടന്നുവരുന്നത്. വലതു പക്ഷ തീവ്രവാദത്തെ അനുനയിപ്പിക്കാനും മെരുക്കാനും ഉതകുന്ന രാഷ്ട്രീയതന്ത്രം രൂപീകരിക്കുകയും അടിയന്തിരമായി നടപ്പില്‍ വരുത്തുക എന്നത് തന്നെയാവും ബൈഡന്‍ ഭരണത്തിന്റെ അടിയന്തിര ദൗത്യം. പക്ഷെ വലതുപക്ഷ പോപുലിസമെന്ന ദുര്‍ഭൂതത്തെ എത്ര കാലം കുപ്പിയിലടച്ചു വെക്കാനാവും എന്നത് അമേരിക്കന്‍ ലിബെറലിസത്തെ കുഴക്കാന്‍ പോവുന്ന പ്രശ്‌നമാണ്.

അമേരിക്കന്‍ ഐക്യനാടുകളുടെ 46-ാമത്തെ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റെടുക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ എന്റെ ഒരു സുഹൃത്ത് ഫേസ് ബുക്ക് വാളില്‍ ഇപ്രകാരം കുറിച്ചത് കണ്ടു. ”അങ്ങനെ യുദ്ധങ്ങളില്ലാത്ത നാലു വര്‍ഷങ്ങള്‍ കടന്നുപോയി. യുദ്ധങ്ങളില്ലാത്ത ഒരു ഭാവിയിലേക്ക് അമേരിക്ക മുന്നേറട്ടെ..” ഗുജറാത്ത് വംശഹത്യകാലത്ത് അഹമ്മദ്ബാദില്‍ സംഘപരിവാര്‍ അക്രമികള്‍ തീവെച്ചുകൊന്ന കോണ്‍ഗ്രസ്സ് നേതാവ് ഇഹ്‌സാന്‍ ജാഫ്രിയുടെ മകളായ നെസ്രിന്‍ ജാഫ്രി ഹുസൈനാണ് ഇങ്ങനെയൊരു സന്ദേശം പോസ്റ്റ് ചെയ്തതെന്നത് തികച്ചും യാദൃഛികമാകാം. എങ്കിലും രാജ്യങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന യുദ്ധങ്ങളും യുദ്ധസമാനമായ സാമൂഹ്യാന്തരീക്ഷവും അവസാനിച്ചു കാണണെന്നാഗ്രഹിക്കുകയും യുദ്ധങ്ങളില്ലാത്ത ഒരു ലോകം സ്വപ്‌നം കാണുകയ.ും ചെയ്യുന്ന കുടിയേറ്റക്കാരായ അനേകായിരങ്ങള്‍ അമേരിക്കയെന്ന വന്‍ശക്തി രാഷ്ട്രത്തിനുള്ളില്‍ അധിവസിക്കുന്നുണ്ട് എന്ന് തീര്‍ച്ചയാണ്. 2021ന് ട്രബ് അധികാരത്തിന്റെ പടിയിറങ്ങുമ്പോള്‍ ജനുവരി 6ന് ക്യാപിറ്റോള്‍ ബില്‍ഡിംഗില്‍ ട്രമ്പനുകൂലികള്‍ നടത്തിയ ”അടിച്ചുപൊളി”യേക്കാള്‍ അവരോര്‍ത്തിട്ടുണ്ടാകുക ആഗോളതലത്തില്‍ അന്യരാജ്യങ്ങളിലെ ജനതകള്‍ക്ക് നേരെ അമേരിക്കന്‍ പട്ടാളം നടത്തിയ മാരകമായ അടിച്ചുപൊളികള്‍ക്ക് അര്‍ദ്ധവിരാമമിട്ട ഒരു പ്രസിഡന്റിനെയായിരിക്കും. കാരണം സുവിദിതമാണ്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭൗമരാഷ്ട്രീയ അജണ്ടയുടെ അടിയേറ്റു പുളയുന്ന എഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രതിനിധാനങ്ങളാണവര്‍, അതല്ലാതെ, ട്രമ്പിന്റെ ആഭ്യന്തരനയങ്ങളില്‍ ആകൃഷ്ടരായതുകൊണ്ടാണ് എന്നു വിചാരിക്കാന്‍ ഒരു ന്യായവുമില്ല. നാലുവര്‍ഷം യുദ്ധം ചെയ്യാത്ത പ്രസിഡന്റ്് എന്നത് വാസ്തവത്തില്‍ അമേരിക്കന്‍ ഭരണകൂടം ഇന്നേവരെ അനുവര്‍ത്തിച്ചുപോരുന്ന സാമ്പത്തിക – രാഷ്ട്രീയ തന്ത്രങ്ങളുടെ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ ഒരപഖ്യാതിയാണ്. ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിലെ മറുപക്ഷം തലയില്‍ ഇങ്ങനെയൊരപഖ്യാതി കെട്ടിയേല്‍പ്പിച്ചാലും അദ്ദേഹത്തിന്റെ ഭരണകാലത്ത് ശക്തിയാര്‍ജ്ജിച്ച അപകടകരമായ ജനപ്രിയ രാഷ്ട്രീയത്തിന്റെ വമ്പിച്ച പിന്തുണ ഉറപ്പു വരുത്തികൊണ്ടാണ് വൈറ്റ് ഹൗസിന്റെ പിന്‍വാതിലിലൂടെ ഡൊണാള്‍ഡ് ട്രമ്പ് പിന്‍വാങ്ങുന്നത്. ഈ പിന്മാറ്റത്തെ ഒരു തെരഞ്ഞെടുപ്പു മത്സരത്തിന്റെ സ്വാഭാവിക പരിണാമമായി സമ്മതിച്ചുകൊടുക്കാന്‍ ട്രമ്പ് തയ്യാറല്ലെന്ന സന്ദേശം അദ്ദേഹത്തിന്റെ യാത്രാമൊഴിയില്‍ തന്നെ ഒളിഞ്ഞിരിക്കുന്നുണ്ട്. അതായത് നാലുവര്‍ഷം അമേരിക്കന്‍ സൈന്യത്തെ ബാരക്കിലിരുത്തിയ പ്രസിഡന്റ് 73 ദശലക്ഷം പോപ്പുലര്‍ വോട്ടുകളുടെ പിന്തുണ നേടി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത് വിശ്രമജീവിതം നയിക്കാനല്ല, തിരിച്ചുവരാനാണ് എന്ന സന്ദേശം അദ്ദേഹം തന്റെ അനുയായികള്‍ക്ക് നല്‍കി കഴിഞ്ഞു. തിരിച്ചുവന്നാലും ഇല്ലെങ്കിലും അമേരിക്കന്‍ നവലിബറല്‍ രാഷ്ട്രീയത്തിന് പൂര്‍വ്വദശകങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക് ക്ഷിപ്രസാധ്യമല്ലെന്ന തരത്തില്‍ പരമ്പരാഗത ഭരണവര്‍ഗ്ഗങ്ങള്‍ക്കുമുമ്പില്‍ ആഭ്യന്തരയുദ്ധത്തിന്റെ വിത്തുപാകിയിട്ടാണ് ട്രമ്പ് യാത്ര പറഞ്ഞിറങ്ങിയത്. ഈയര്‍ത്ഥത്തില്‍ നോക്കിയാല്‍ പുതിയ പ്രസിഡന്റിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ ഒന്നല്ല, രണ്ട് സുപ്രധാന വെല്ലുവിളികള്‍ – അമേരിക്കന്‍ വിദേശനയത്തെ അതിന്റെ പൂര്‍വ്വകാല സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുക എന്നതാണ് അതിലൊന്നാമത്തേത്. ആഭ്യന്തരരാഷ്ട്രീയത്തില്‍ നിന്ന് ട്രമ്പിസത്തെ ഉന്മൂലനം ചെയ്യുകയെന്നതാണ് രണ്ടാമത്തേത് – അഭിമുഖീകരിക്കേണ്ടതുണ്ടെന്നാണ് കരുതേണ്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അമേരിക്കന്‍ ലിബറല്‍ / നവലിബറല്‍ രാഷ്ട്രീയത്തിന്റെ കാതലായ വശവും ചാലകശക്തിയും അതിന്റെ വിദേശനയമാണ്. റിപ്പബ്ലിക്കന്‍ – ഡെമോക്രാറ്റിക് പ്രസിഡന്റ്് തെരഞ്ഞെടുപ്പിനുശേഷം അധികാരം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ സാധാരണഗതിയില്‍ വിദേശനയത്തില്‍ മൗലികമായ മാറ്റങ്ങളൊന്നും വരുത്താറില്ലെന്നാണ് രണ്ടാംലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന്‍ വിദേശനയത്തിന്റെ പൊതു കാഴ്ചപ്പാട് പരിശോധിച്ചാല്‍ വ്യക്തമാകുന്നത്. മുന്‍ഗണനകളിലും സമീപനങ്ങളിലും ചിലപ്പോള്‍ വ്യതിയാനങ്ങളുണ്ടായേക്കാം എന്നല്ലാതെ ട്രമ്പിന്റെ കാലത്ത് സംഭവിച്ചതുപോലെയുള്ള ഗതിമാറ്റം ഒരിക്കലും സംഭവിക്കാറില്ല. ആഭ്യന്തരനയങ്ങളുടെ കാര്യത്തില്‍ പൊതുവില്‍ പറഞ്ഞാല്‍ ഭരണത്തിന്റെ മുന്തിയ പരിഗണനയും ഭരണനേട്ടങ്ങളുടെ പുനര്‍വിതരണവും കേന്ദ്രീകരിക്കുന്നത് ഭരണവര്‍ഗ്ഗങ്ങള്‍ക്കിടയിലാണോ ബഹുജനങ്ങള്‍ക്കിടയിലാണോ എന്ന കാര്യത്തിലാണ് റിപ്പബ്ലിക്കന്മാര്‍ക്കും ഡെമോക്രാറ്റുകള്‍ക്കുമിടയില്‍ നയവ്യത്യാസമുള്ളത്. ബഹുവംശ, ബഹുഭാഷ, ബഹുമത സമൂഹങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും ഭരണഘടനാപരമായ സംരക്ഷണം നല്‍കുന്ന അമേരിക്കയില്‍ ഭരിക്കുന്ന കക്ഷിയുടെ രാഷ്ട്രീയനയങ്ങള്‍ക്കും നിര്‍ണ്ണായകസ്ഥാനമുണ്ട്. അമേരിക്കന്‍ മൂല്യങ്ങള്‍ എന്ന സംവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തി വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യാവകാശം, വംശവിവേചനത്തിനെതിരായ അമേരിക്കന്‍ ദേശീയത എന്നിവയെല്ലാം രാഷ്ട്രത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിന്റെ നെടുംതൂണുകളായിട്ടാണ് പൗരസമൂഹവും ഭരണരംഗവും കൈകാര്യം ചെയ്തുപോരുന്നത്. അതേസമയം അമര്‍ന്നുകിടക്കുന്ന വംശവെറിയും വര്‍ഗ്ഗീയതയുമെല്ലാം അമേരിക്കന്‍ ലിബറലിസത്തിന്റെ അകത്തളങ്ങളില്‍ അള്ളിപ്പിടിച്ചുനില്‍ക്കുന്ന ആപല്‍ശക്തികളാണെന്ന് അനവധി അവസരങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒബാമയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ അദ്ദേഹത്തിന്റെ മുസ്ലിം പിതൃത്വം പോലും പ്രശ്‌നവല്‍ക്കരിക്കപ്പെടുകയുണ്ടായിട്ടുണ്ട്. എന്നാല്‍ അമര്‍ന്നു കിടന്നിരുന്ന വര്‍ഗീയതക്കും വംശീയതക്കും കുടിയേറ്റ വിരോധത്തിനും രാഷ്ട്രീയമാന്യത നല്‍കുവാനും അമേരിക്കന്‍ പാരമ്പര്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന രാഷ്ട്രീയപരിപ്രേഷ്യത്തെ ഭരണത്തിലെത്തിക്കാനും ട്രമ്പിനെപോലെ മറ്റാരും ശ്രമിച്ചിട്ടില്ല. ട്രമ്പിന്റെ നവലിബറല്‍ വിഭാവനകളുടെ ഈ വ്യത്യസ്തതയാണ് ആഭ്യന്തര നയത്തിന്റെ പരമ്പരാഗത ചട്ടക്കൂടിന് ആഘാതമേല്‍പ്പിച്ചത്. അധികാരമേറ്റ ക്ഷണം തന്നെ അപരവല്‍ക്കരണങ്ങളായ ഈ നയങ്ങള്‍ തിരുത്താനും കുടിയേറ്റവിരുദ്ധ നിയമങ്ങള്‍, മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിസനിരോധനം തുടങ്ങിയ നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ റദ്ദുചെയ്യാനും തയ്യാറായത് ശ്ലാഘനീയം തന്നെ. WTO, WHO, ലോകപരിസ്ഥിതി സംഘടന എന്നിവയില്‍ നിന്ന് US ന്റെ പിന്മാറ്റത്തേയും ബൈഡന്‍ അടിയന്തിരപ്രാധാന്യത്തോടെ തിരുത്തിയിരിക്കുന്നു. കൊവിഡ് പ്രതിരോധത്തിന്റെ പുതിയ തന്ത്രങ്ങളാനിഷ്‌കരിച്ചുകാണ്ട് ആരോഗ്യ – ജനക്ഷേമ മേഖലയില്‍ സര്‍ക്കാരിന്റെ സജീവ സാന്നിധ്യം പുനസ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ഇതൊക്കെ വലിയൊരു തിരിച്ചുവരവാണെങ്കിലും ബെര്‍ണി സാന്റേഴ്‌സിനു സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ കൂട്ടാക്കാത്ത ഡെമോക്രാറ്റിക് പ്രതിനിധികളാണ് ഇപ്പോള്‍ അധികാരത്തിലുള്ളത് എന്ന വസ്തുതയെ അത്രവേഗം നമുക്ക് അപ്രധാനമായി കാണാനാവില്ല. അതായത്, എന്തുകൊണ്ട് ട്രമ്പ് എന്ന ചോദ്യം ഉന്നയിക്കുമ്പോള്‍ ഒപ്പമുന്നയിക്കേണ്ട ചോദ്യം എന്തുകൊണ്ട് വലതുപക്ഷ തീവ്രവാദത്തിന് ഇത്രവലിയ മുന്നേറ്റം നടത്താനായി എന്നുള്ളതാണ്. വലതുപക്ഷ തീവ്രവാദത്തെ ചെറുക്കാന്‍ സോഷ്യല്‍ ഡെമോക്രസിയെ ഉയര്‍ത്തിപിട്ിച്ച ആളാണ് ബെര്‍ണി സാന്റേഴ്‌സ്. അതുകൊണ്ടുതന്നെ സോഷ്യല്‍ ഡെമോക്രസിക്ക് ബദലായി ജോ ബൈഡന്റെ പോക്കറ്റില്‍ എന്തുണ്ട് എന്ന ചോദ്യം പുതിയ സര്‍ക്കാരിന്റെ കാര്യക്ഷമതയില്‍ സുപ്രധാന ഘടകമായിമാറും. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും മാറിമാറി ഭരിച്ച അമേരിക്കന്‍ ഭരണത്തില്‍ അമേരിക്കന്‍ മൂല്യങ്ങളെ തള്ളിപ്പറഞ്ഞ് ഡോണാള്‍ഡജ് ട്രമ്പിന് പിടിച്ചുകയറാനായി എന്നതിനെ കുറിച്ചു ഒരു പുനര്‍വിചാരം നടത്താതെ, ബൈഡന്‍ സര്‍ക്കാരിന് അതിന്റെ വാഗ്ദാനങ്ങള്‍ എത്രത്തോളം നിറവേറ്റാനാവും എന്നതാണ് ഇനി ഉയര്‍ന്നുവരുന്ന പ്രശ്‌നം.

റിപ്പബ്ലിക്കന്‍ – ഡെമോക്രാറ്റ് ഭരണത്തിന്റെ ആഭ്യന്തരനയങ്ങളിലെ ഐക്യവും വൈവിധ്യവും എത്രത്തോളമുണ്ടെന്നത് മറനീക്കി പുറത്തുവന്നത് ജോര്‍ജ്ജ് ബുഷിന്റെ ഭരണകാലത്താരംഭിച്ച സാമ്പത്തിക തകര്‍ച്ചയോടെയാണ്. സാമ്പത്തികകുഴപ്പം അനുഭവപ്പെട്ടു തുടങ്ങിയതോടെ പൊതുഖജനാവില്‍ നിന്നും ധനമൂലധനം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കട്ടു കടത്തികൊണ്ടാണ് ബുഷ് അതിനെ മറികടക്കാന്‍ ശ്രമിച്ചത്. സമ്പദ് വ്യവസ്ഥയെ ഈ കോര്‍പ്പറേറ്റ് സംരക്ഷണാര്‍ത്ഥം മാതൃരാജ്യ സുരക്ഷിത വ്യവസായത്തിന്റേയും സ്വകാര്യവല്‍ക്കരിക്കപ്പെട്ട യുദ്ധങ്ങളുടേയും പുതിയ ഘടനയിലേക്ക് സമ്പൂര്‍ണ്ണമായി നവീകരിക്കുകയാണുണ്ടായത്. സ്വരാജ്യത്തും വിദേശത്തും വലിയ തോതിലുള്ള സുരക്ഷാചിന്ത അടിച്ചേല്‍പ്പിച്ചുകൊണ്ട് സെക്യൂരിറ്റി വ്യവസായത്തെ വന്‍തോതില്‍ വിപണനം ചെയ്യുകയായിരുന്നു ഈ പുതിയ സമ്പദ് വ്യവസ്ഥയുടെ പ്രധാന ധനാഗമമാര്‍ഗ്ഗം. അമേരിക്കയില്‍ മാത്രം മുപ്പത് ദശലക്ഷം സുരക്ഷാനിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും പ്രതിവര്‍ഷം നാലു ബില്ല്യണ്‍ ഫൂട്ടേജ് മണിക്കൂറുകള്‍ ചിലവിടുകയും ചെയ്യുന്ന സംവിധാനമായിരുന്നു അത്. ഭീകരവിരുദ്ധര്‍ എന്ന് ലോകമാസകലം കൊട്ടിഘോഷിച്ചുകൊണ്ട് നടന്നതിന്റെ പിന്നില്‍ കോര്‍പ്പറേറ്റ് നിയന്ത്രണങ്ങളും താല്‍പ്പര്യങ്ങളുമുണ്ടായിരുന്നു. (Klein.N. The Rise of disaster Capitalism. 2007). ബുഷിനെ തുടര്‍ന്നുവന്ന ഒബാമ ഭരണകൂടം ഈ കോര്‍പ്പറേറ്റ് നിര്‍മ്മിത ഭീകര വിരുദ്ധയുദ്ധത്തോട് സ്വീകരിച്ച നിലപാടെന്തായിരുന്നു? റിപ്പബ്ലിക്കന്‍ ഭരണകൂടത്തില്‍ നിന്ന് കാര്യമാത്ര പ്രസക്തമായ യാതൊരു മാറ്റവും ഒബാമ ഭരണകൂടത്തിന്റെ ആഭ്യന്തര നയത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായില്ല. അതേസമയം വന്‍കിട കോര്‍പ്പേറ്റുകള്‍ക്കുുണ്ടായിരുന്ന വലിയ തോതിലുള്ള നികുതിയിളവുകളില്‍ ചെറിയ മാറ്റങ്ങള്‍ വന്നു.

ബഹുജനങ്ങള്‍ക്കു വേണ്ടിയുള്ള ആരോഗ്യ – തൊഴില്‍ നയങ്ങളിലും ഗാര്‍ഹിക നികുതിയിനങ്ങളിലെ ഇളവുകളിലും ഇതുപോലെ ചില വ്യത്യാസങ്ങള്‍ കാണാം. ”ജനറല്‍ മോട്ടേഴ്‌സിനു നല്ലതാണെങ്കില്‍ അത് അമേരിക്കക്ക് നല്ലതാണ്” എന്നായിരുന്നു എണ്‍പതുകളില്‍ ഭരണനയങ്ങളെ കുറിച്ചുള്ള അമേരിക്കന്‍ മധ്യവര്‍ഗ്ഗത്തിന്റെ പൊതുവിലയിരുത്തല്‍. വാള്‍ സ്ട്രീറ്റിനു നല്ലതാണെങ്കില്‍ അത് അമേരിക്കക്ക് നല്ലതാണ് എന്ന രീതിയിലേക്ക് അത് പരിഗണിച്ചു കൊണ്ടിരുന്നത് ആഗോളവല്‍ക്കരണകാലത്ത് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി. (വാള്‍ സ്ട്രീറ്റ് പ്രക്ഷോഭമോര്‍ക്കുക). എന്താണിതിന്റെ അര്‍ത്ഥം? കോര്‍പ്പറേറ്റുകള്‍ ആഭ്യന്തരനയങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, വിദേശനയ തന്ത്രങ്ങളിലും ഗവണ്മന്റിനെ നിയന്ത്രിക്കുന്ന ശക്തിയായി മാറിക്കഴിഞ്ഞുവെന്ന് തൊഴില്‍ ശാലകളിലും പരമ്പരാഗത ഉല്‍പ്പാദന മേഖലയുടെ വിവിധരംഗങ്ങളിലും പണിയെടുക്കുന്നവര്‍ തൊഴില്‍ നഷ്ടങ്ങളിലൂടേയും ശബളത്തില്‍ സംഭവിക്കുന്ന കനത്ത ഇടിവുകളിലൂടേയും തിരിച്ചറിഞ്ഞു തുടങ്ങിയ കാലത്താണ് ട്രമ്പ് അവധൂതനെപോലെ പ്രത്യക്ഷപ്പെട്ടത്. ദേശീയവ്യവസായങ്ങള്‍, തീവ്രദേശീയത, ദേശീയ അമേരിക്കക്കാര്‍ ഇതൊക്കെയായിരുന്നു ട്രമ്പിന്റെ തുരുപ്പുചീട്ട്. അടിസ്ഥാന വ്യവസായ രംഗത്തെ തൊഴിലാളികള്‍ക്ക് വലിയ വാഗ്ദാനങ്ങളാണ് ട്രമ്പ് നല്‍കിയത്. അതൊന്നും നടപ്പാക്കാനായി്‌ല്ലെങ്കിലും അടുത്ത ഊഴത്തില്‍ തീര്‍ച്ചയായും നടപ്പിലാവും എന്ന പ്രതീക്ഷ ഈ തൊഴില്‍ ശാലകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും സജീവമായിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബഹുരാഷ്ട്രകുത്തകകള്‍ക്കും ദേശീയവ്യവസായങ്ങള്‍ക്കും ആഗോളവല്‍ക്കരണകാലത്തിനിടയില്‍ രൂപപ്പെട്ടുവന്ന സംഘര്‍ഷത്തെ ഉപയോഗിച്ചുകൊണ്ടാണ് ട്രമ്പിന്റെ വലതുപക്ഷ തീവ്രദേശീയതക്ക് ഭരണത്തിലെത്താന്‍ സാധിച്ചത്. ഹെന്‍ട്രി കിസ്സിംഗറെപോലുള്ള രാഷ്ട്രീയകാര്യ വിദഗ്ധര്‍ ഇത്തരത്തിലുള്ള ചില നിരീക്ഷണങ്ങള്‍ 2011 മുതല്‍തന്നെ പത്രമാധ്യമങ്ങളിലൂടെ പുറത്തുവരികയുണ്ടായിട്ടുണ്ട്. ആഗോളവല്‍ക്കരണം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുമാത്രം ചിന്തിച്ചാല്‍ മതിയാവില്ല. അതുണ്ടാക്കുന്ന രാഷ്ട്രീയപ്രതിസന്ധികള്‍ ഇത്തരത്തിലുള്ള തീവ്രദേശീയതയുടേയും വംശീയതയുടേയും രൂപത്തില്‍ അമേരിക്കന്‍ രാഷ്ട്രീയത്തെ അകത്തുനിന്നാക്രമിക്കുമെന്ന സൂചനകളായിരുന്നു അതിലുള്ളടങ്ങിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് സോഷ്യല്‍ ഡെമോക്രസിയുടെ മുദ്രാവാക്യങ്ങളും രാഷ്ട്രീയപദ്ധതകളുമായി അമേരിക്കയിലെ ഇടതുപക്ഷക്കാരന്‍ എന്നറിയപ്പെടുന്ന ബെര്‍ണി സാന്റേഴ്‌സ് രംഗപ്രവേശം ചെയ്തത്. ആഭ്യന്തരരാഷ്ട്രീയത്തില്‍ ശക്തിയാര്‍ജ്ജിച്ചിട്ടുള്ള വലതുപക്ഷ തീവ്രവാദത്തെ നേരിടാന്‍ ബൈഡന്റെ രാഷ്ട്രീയപദ്ധതിയെന്താണ് എന്ന് ചിന്തിക്കുന്നതിന്റെ പ്രസക്തിയിതാണ്. അമേരിക്കയിലെ ജനങ്ങള്‍ ചരിത്രം പഠിക്കുന്നില്ല. ജനങ്ങള്‍ മാത്രമല്ല, രാഷ്ട്രീയനേതാക്കളും ഒട്ടും വ്യത്യസ്ഥമല്ല. ചരിത്രം പഠിക്കാനുള്ളതല്ല, പറയാനുള്ളതാണ് എന്നാണ് വെപ്പ്. അതുകൊണ്ടുതന്നെ അമേരിക്കന്‍ മൂല്യങ്ങള്‍ സായത്തമാക്കുന്നവരും അക്രമം നടത്തുന്നവരും (ക്യാപിറ്റല്‍ ബില്‍ഡിങ്ങില്‍ അടിച്ചുപൊളിച്ചപോലെ) ഒന്നും അമേരിക്കയില്‍ പെടുന്നതല്ലെന്നും ജനാധിപത്യമാണ് അമേരിക്കയുടെ മുഖമുദ്രയെന്നും വൈറ്റ് ഹൗസിന്റെ മുമ്പില്‍ നിന്നുകൊണ്ട് ബൈഡന്‍ പറഞ്ഞാല്‍ ഇനിയും കുറെകാലം അമേരിക്കന്‍ ജനത കയ്യടിക്കും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്താണീ അമേരിക്കന്‍ ജനാധിപത്യത്തിന്റെ തനിപ്രകൃതം? ആഭ്യന്തരരംഗത്ത് അത് പൂച്ചസന്യാസിയും വിദേശരംഗത്ത് രാക്ഷസനുമാണ്. ‘അമേരിക്കയുടെ ലോകാധിപത്യം നിലനിര്‍ത്താനുള്ള പ്രധാന തത്വമാണ് ജനാധിപത്യം. ഈ സാമ്രാജ്യശക്തി പ്രധാനമായും പ്രതിനിധാനം ചെയ്യുന്നത്. സാമ്പത്തിക – ധന മൂലധന രംഗത്തുള്ള അതിന്റെ നിയന്ത്രണവും മുഴുവന്‍ ഭൂമുഖത്തും അതടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വിമോചനവുമാണ്. അതിന്റെ വിപണി സ്വാതന്ത്ര്യ മൂല്യങ്ങള്‍ അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിലൂടെ (അമേരിക്കന്‍ മൂല്യങ്ങളുടെ കയറ്റുമതി) കയറ്റുമതി ചെയ്യുകയാണ്. (ചോംസ്‌കി – 1999). മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അമേരിക്കന്‍ ഐക്യനാടുകള്‍ ലോകത്തെ വന്‍ശക്തിയാണെന്ന പൊതുധാരണ സൃഷ്ടിച്ചുകൊണ്ട് അതിന്റെ ദേശീയതാല്‍പ്പര്യത്തെ ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു ലോകക്രമം സ്ഥാപിക്കുന്നതിലൂടെ മാത്രമേ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നിലനില്‍ക്കാനാവുകയുള്ളു. അതിനു മനുഷ്യസ്‌നേഹപരമായ ചില പരിവേഷങ്ങള്‍ നല്‍കി ലോകത്ത് സമാധാനം സ്ഥാപിക്കുകയും വികസിതവും അവികസിതവുമായ ലോകരാജ്യങ്ങളെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന മഹനീയദൗത്യമാണ് അമേരിക്കന്‍ ഭരണകൂടം നിര്‍വ്വഹിക്കുന്നതെന്നാണ് സ്വന്തം ജനതയെ ഇത്രയും കാലം പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്. ഇത്തരമൊരു ലോകക്രമത്തിന്റെ നായകസ്ഥാനമില്ലാതെ ആഭ്യന്തരരാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുന്ന ബഹുജനരോഷത്തെ നേരിടാനാവുമോ എന്നതാണ് പുതിയ പ്രശ്‌നം.

വിദേശനയം തന്നെയാണ് ഈയര്‍ത്ഥത്തില്‍ നോക്കിയാല്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ മുമ്പിലുള്ള മുഖ്യവെല്ലുവിളി. ”പ്രധാനമായും അഞ്ചുലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ വിദേശനയം മുന്നോട്ടുപോവുന്നത്. ഒന്നാമതായി, സ്വന്തം സഖ്യശക്തികളെ (യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍) നിഷ്പക്ഷരാക്കി ചൊല്‍പ്പടിക്കു നിര്‍ത്തുക, രണ്ടാമതായി NATO സഖ്യത്തിന് സൈനിക നിയന്ത്രണം സ്ഥാപിച്ചെടുക്കുക, മൂന്നാമതായി മധ്യപൂര്‍വ്വദേശത്തും മധ്യ ഏഷ്യയിലുമുള്ള എണ്ണസ്രോതസ്സുകളില്‍ മറ്റാര്‍ക്കും കൈകടത്താനനുവദിക്കാത്ത വിധത്തില്‍ പിടിമുറുക്കുക, നാലാമതായി ചൈനയെ തകര്‍ക്കുക, അതുപോലെയുള്ള ഇന്ത്യ. ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങളെ കീഴൊതുക്കി നിര്‍ത്തുകയും ആഗോളവല്‍ക്കരണ വ്യവസ്ഥകളില്‍ വിലപേശല്‍ വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ പ്രാദേശിക ബന്ധങ്ങളുണ്ടാക്കുന്നതിനെ തടുത്തുനിര്‍ത്തുകയും ചെയ്യുക, അഞ്ചാമതായി തന്ത്ര പ്രാധാന്യമില്ലാത്ത ദക്ഷിണപ്രദേശങ്ങളിലെ രാഷ്ട്രങളെ പരമാവധി അരികുവല്‍ക്കരിക്കുക. (Samir amin :Obsolescent capitalism). ഈ വിദേശനയ ലക്ഷ്യങ്ങള്‍ ഇനിയുള്ള കാലം അതേപടി തുടരാനാവുമോ എന്നത് വലിയ ഒരു ചോദ്യം തന്നെയാണ്. അമേരിക്കന്‍ വിദേശനയത്തിന് ഒരു ബദലുണ്ടെന്ന് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ തെളിയിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ അധിനിവേശനയങ്ങള്‍ക്ക് ലോകത്തിലെ ഇതരരാഷ്ട്രങ്ങള്‍ എത്രത്തോളം വഴിപ്പെടും എന്ന് കണ്ടറിയേണ്ട വസ്തുതയാണ്. ലോകമാകമാനം പടര്‍ന്നു പിടിച്ചിട്ടുള്ള മഹാവ്യാധിക്കുമുന്നില്‍ വന്‍ശക്തിരാഷ്ട്രത്തിന്റെ തല താഴുന്നത് ലോകം കണ്ടതാണ്. ലോകക്രമത്തില്‍ വിപ്ലവകരമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ആമേരിക്കയുടെ ആഭ്യന്തരരാഷ്ട്രീയത്തില്‍ വലിയ വിഭജനങ്ങള്‍ ആവിര്‍ഭവിച്ചുകഴിഞ്ഞിട്ടുണ്ട്. അത് ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, ജനങ്ങള്‍ക്കും ഭരണകൂടത്തിനുമിടയിലും ഈ വിഭജനം നിലനില്‍ക്കുന്ുവെന്നത് യാഥാര്‍ത്ഥ്യമാണ്. അമേരിക്കന്‍ സാമ്രാജ്യത്വം അതിഗുരുതരമായ ഒരു പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനങ്ങളും ഭരണകൂടവും തമ്മിലുള്ള വൈരുദ്ധ്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുകയാണ്. ഈ വൈരുദ്ധ്യം പരിഹരിക്കാന്‍ കെല്‍പ്പുള്ള ജനകീയ ശക്തികള്‍ ഇപ്പോഴും ദുര്‍ബ്ബലമാണ്. അതിന്റെ സ്ഥാനത്തേക്കാണ് വലതുപക്ഷതീവ്രവാദം കടന്നുവരുന്നത്.  വലതു പക്ഷ തീവ്രവാദത്തെ അനുനയിപ്പിക്കാനും മെരുക്കാനും ഉതകുന്ന രാഷ്ട്രീയതന്ത്രം രൂപീകരിക്കുകയും അടിയന്തിരമായി നടപ്പില്‍ വരുത്തുക എന്നത് തന്നെയാവും ബൈഡന്‍ ഭരണത്തിന്റെ അടിയന്തിര ദൗത്യം. പക്ഷെ വലതുപക്ഷ പോപുലിസമെന്ന ദുര്‍ഭൂതത്തെ എത്ര കാലം കുപ്പിയിലടച്ചു വെക്കാനാവും എന്നത് അമേരിക്കന്‍ ലിബെറലിസത്തെ കുഴക്കാന്‍ പോവുന്ന പ്രശ്‌നമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “അമേരിക്കന്‍ നവലിബറലിസത്തിന്റേത് ഇരട്ടമുഖം

  1. നല്ല വിശകലനം ; പക്ഷേ,ഇതിന്റെ ടൈറ്റിൽ ലേശം തെറ്റിദ്ധരിപ്പിക്കുന്നില്ലേ എന്നൊരു സംശയം ആണ്‌ വായിച്ച് കഴിഞ്ഞപ്പോൾ തോന്നിയത്. “അമേരിക്കൻ നവലിബറലിസതിന്റേത് ഇരട്ട മുഖം”എന്ന് സ്ഥാപിക്കൽ എന്നതിലേറെ, വലതു പക്ഷ പോപ്പുലിസം,തീവ്രവംശീയത, സാമ്രാജ്യത്വ അധിനിവേശ യുദ്ധങ്ങളുടെ പൊതുവായ അജണ്ട, വിദ്വേഷഅജണ്ട കൾക്കും അധിനിവേശ യുദ്ധങ്ങൾക്കും പഴയപോലെ (ദേശീയ വികാരത്തിന്റെ പരിവേഷത്തോടെ ) ജനപിന്തുണലഭിക്കാത്ത വിധത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ മുൻഗണന നേടുന്ന കോർപറേറ്റ് പകൽ കൊള്ളയുടെ പ്രത്യക്ഷ അനുഭവങ്ങൾ, ഇവയെല്ലാം ഇതിൽ തൊട്ടുതൊട്ടു പോകുമ്പോൾ നാല് വർഷത്തെ യുദ്ധമില്ലായ്മ എന്നത് ട്രംപിന്റെ വ്യക്തിഗതമായ നേട്ടം പോലെ അവതരിപ്പിക്കപ്പെടുന്നതും ഒരു പ്രശ്നം ആണ്‌.

Leave a Reply