അംബേദ്കറിസ്റ്റ് – മാര്‍ക്‌സിസ്റ്റ് സംവാദവും സ്വത്വരാഷ്ട്രീയവും

അംബേദ്കറോട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വെച്ചുപുലര്‍ത്തിയ മുന്‍വിധികളില്‍ തൊണ്ണൂറുകള്‍ക്കുശേഷം ചില ഗുണപരമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും (കമ്യൂണിസ്റ്റുകാരേയും ജാതി ബാധിക്കുമെന്ന സമീപനം) അവര്‍ണ്ണപക്ഷത്ത് നിന്നുയര്‍ന്നു വരുന്ന സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയമായ തുല്ല്യതയും യോഗ്യതയും കല്‍പ്പിക്കാന്‍ പൊതുവില്‍ കമ്യൂണിസ്റ്റ് പക്ഷം ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്ന വസ്തുത വിസ്മരിച്ചു കൂടാത്തതാണ്. പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ പരസ്പര അംഗീകാരത്തിനും യോജിപ്പിനും ഇപ്പോഴും തടസ്സങ്ങളുണ്ടെന്നര്‍ത്ഥം – ജാതിയും വര്‍ഗ്ഗവും : അംബേദ്കറിസ്റ്റ് മാര്‍ക്സിസം സാധ്യമാണോ? എന്ന ടി ടി ശ്രീകുമാറിന്റെ ലേഖനത്തോട് രാഷ്ട്രീയ നിരീക്ഷകനായ സി കെ അബ്ദുള്‍ അസീസ് പ്രതികരിക്കുന്നു.

ഒരു നൂറ്റാണ്ടുകാലമായി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മര്‍ദ്ദിത വിഭാഗമേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന അംബേദ്കറിസ്റ്റ് – മാര്‍ക്‌സിസ്റ്റ് സംവാദങ്ങളെ ചരിത്രപരമായി നിരീക്ഷിക്കുമ്പോള്‍ അത് കൂടുതല്‍ രചനാത്മകമായ ഒരു ഘട്ടത്തിലെത്തിയിരിക്കുകയാണെന്നാണ് വര്‍ത്തമാനകാലത്തെ ഇതു സംബന്ധിച്ചു നടക്കുന്ന ബൗദ്ധികപ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നത്. ടി ടി ശ്രീകുമാറന്റെ ലേഖനം ഈ ദിശയില്‍ കൂടുതല്‍ സംവാദങ്ങള്‍ക്കുള്ള ഊര്‍ജ്ജം നല്‍കുന്നു. അംബേദ്കറിന്റെ ജീവിതകാലത്ത് ഉന്നയിക്കപ്പെട്ട തൊഴിലാളി വര്‍ഗ്ഗ ഐക്യത്തിന്റെ പ്രശ്‌നം പൂതിയ രൂപത്തിലും ഭാവത്തിലും ഉയര്‍ന്നു വരുന്നത് ഈ പശ്ചാത്തലത്തിലാണ്. മര്‍ദ്ദിതജാതികളുടെ രാഷ്ട്രീയ മുന്നേറ്റത്തെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചിന്തകള്‍ (ജിഗ്നേഷ് മേവാനി) ഒരുപക്ഷെ അംബേദ്കറിസത്തിന്റെ തുടര്‍ച്ചയാണോ വിഛേദനമാണോ എന്ന തര്‍ക്കത്തിനിടവരുത്തുമെങ്കിലും ജാതി/ജാതിമര്‍ദ്ദനം എന്ന ജീവനുള്ള യാഥാര്‍ത്ഥ്യവുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വരുന്ന മര്‍ദ്ദിതജാതി വിഭാഗങ്ങള്‍ സൈദ്ധാന്തികമായ അച്ചടക്കത്തേക്കാള്‍ പ്രയോഗത്തിന്റെ സാധ്യതകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന ശക്തമായ ഒരു സൂചന അതിലുള്ളടങ്ങിയിട്ടുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. നിയോ ലിബറലിസത്തിന്റേയും അതു സൃഷ്ടിച്ചിട്ടുള്ള വിപണി മൗലിക വാദത്തിന്റേയും വര്‍ത്തമാനകാല സാഹചര്യം കണക്കിലെടുക്കുമ്പോള്‍ അംബേദ്കറിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും പൊതുവില്‍ ബാധകമായ ഒരു പ്രശ്‌നം കൂടിയാണിത്. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ സാര്‍വ്വദേശീയ സാഹചര്യവും ദേശീയമായ അതിന്റെ ഇടപെടലുകളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുത്തി തീര്‍ത്ത ഘടനാമാറ്റങ്ങള്‍ സാമൂഹ്യവിപ്ലവശക്തികളെ ഏതൊക്കെ തരത്തിലാണ് സ്വാധീനിക്കുന്നത് എന്നതിനെ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാട് രൂപീകരിക്കുകയും അതനുസരിച്ച് മര്‍ദ്ദിതജനതയുടെ ആത്മനിഷ്ഠശക്തികളെ സമരസജ്ജമാക്കുകയും ചെയ്യേണ്ടതിന്റ ആവശ്യകതയിലേക്കും ഇത്തരം ചിന്തകള്‍ വിരല്‍ ചൂണ്ടുന്നണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എന്നാല്‍ അംബേദ്കറില്‍ നിന്നാണോ അംബേദ്കറിസ്റ്റുകളില്‍ നിന്നാണോ പുതിയ സംവാദങ്ങള്‍ ആരംഭിക്കേണ്ടത് എന്ന വിഷയം ‘പ്രബുദ്ധമായ ഒരു ആശയകുഴപ്പമായോ’ താര്‍ക്കിക പ്രശ്‌നമായോ നിലനില്‍ക്കുന്നുണ്ടെന്ന വസ്തുതയും ഈ സംവാദത്തിന്റെ പശ്ചാത്തലത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്.

അംബേദ്കറുടെ ജീവിതകാലത്ത് അദ്ദേഹമുന്നയിച്ച പ്രശ്‌നങ്ങളേയും വിമര്‍ശനങ്ങളേയും ഇന്നത്തെ സാമൂഹ്യശാസ്ത്രമേഖലയില്‍ നിലവിലുള്ള ടെര്‍മിനോളജിയനുസരിച്ച് അംഗീകാരത്തിന്റെ രാഷ്ട്രീയം (politics of Recognition) സാമ്പത്തിക പുനര്‍വിതരണത്തിന്റെ രാഷ്ട്രീയം (Politics of Redistribution) എന്നിങ്ങനെയുള്ള സംവര്‍ഗ്ഗങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്. (ഞാനങ്ങനെയാണ് മനസ്സിലാക്കുന്നത്). എന്നാല്‍ വര്‍ത്തമാനകാലത്ത് വിരുദ്ധചേരിയായി മാറിയിട്ടുള്ള അംഗീകാരത്തിന്റെ രാഷ്ട്രീയത്തെയും പുനര്‍വിതരണത്തിന്റെ രാഷ്ട്രീയത്തേയും പരസ്പരപൂരകമായി കാണുന്ന സമീപനമാണ് അംബേദ്കര്‍ തന്റെ ചിന്തയിലും പ്രയോഗത്തിലും ആവിഷ്‌കരിച്ചത്. മര്‍ദ്ദിതജാതികളെ വ്യവസായതൊഴിലാളി വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയപദവിക്കൊപ്പം നിര്‍ത്തി അംഗീകരിക്കണമെന്നല്ല, മര്‍ദ്ദിതജാതികള്‍ സാമൂഹ്യമായും രാഷ്ട്രീയമായും തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സിദ്ധാന്തത്തിലും പ്രയോഗത്തിലും അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നാണ് അംബേദ്കര്‍ വാദിച്ചത്. അംബേദ്കറുടെ കാലത്തിനുശേഷമാവിര്‍ഭവിച്ച അംബേദ്കറിസ്റ്റ് രാഷ്ട്രീയവുമായി പൊരുത്തപ്പടുന്നതല്ല ഈ സമീപനം. തൊഴിലാളിവര്‍ഗ്ഗത്തെയും മര്‍ദ്ദിതജാതികളേയും അഭിന്നമായി കാണുകയും അംഗീകാരത്തിന്റേയും പുനര്‍വിതരണത്തിന്റേയും രാഷ്ട്രീയം പരസ്പരപൂരകമാണെന്ന സമീപനം സ്വീകരിക്കുകയും ചെയ്ത അംബേദ്കറില്‍ നിന്നും അംബേദ്കറിസ്റ്റ് രാഷ്ട്രീയം വിടുതല്‍ നേടുന്ന പ്രക്രിയ അദ്ദേഹത്തിന്റെ കാലശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യം ചെലുത്തിയ ജാതിരാഷ്ട്രീയത്തില്‍ നിന്ന് വായിക്കാവുന്നതാണ്. ഭരണഘടനാവാദത്തിന്റെ പരാജയവും വിപണിമൂല്യങ്ങള്‍ പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ ചെലുത്തിയ സമ്മര്‍ദ്ദങ്ങളുമാണ് ജാതിരാഷ്ട്രീയത്തിന്റെ വളര്‍ച്ചക്ക് പ്രചോദനമായത്. മര്‍ദ്ദിതജാതികളുടെ മോചനത്തേയും രാഷ്ട്രീയഭിവാഞ്ചകളേയും തെരഞ്ഞെടുപ്പു രാഷ്ട്രീയം പ്രദാനം ചെയ്യുന്ന ‘മത്സരിച്ചു ജയിക്കാനുള്ള അവസരത്തിലേക്ക്’ വെട്ടിച്ചുരുക്കാന്‍ വളറെ എളുപ്പം സാധ്യമായത് 70കളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ച ഘടനാമാറ്റം മൂലമാണ്. ഇതില്‍ നിന്ന് വ്യത്യസ്ഥമായ ഒരു ജാതി രാഷ്ട്രീയം 70കളില്‍ മഹാരാഷ്ട്രയില്‍ ഉണ്ടായ ദളിത് പാന്തര്‍ മൂവ്‌മെന്റില്‍ ദര്‍ശിക്കാമെങ്കിലും അത് അധികകാലം നിലനിന്നില്ല. എങ്കിലും സാംസ്‌കാരികവും പ്രതിരോധാത്മകവുമായ സ്വത്വരാഷ്ട്രീയത്തിന്റെ കാലഹരണപ്പെട്ട മാതൃകയായി പില്‍ക്കാലത്ത് ജാതിവിമോചന സമരങ്ങള്‍ കുറഞ്ഞ തോതിലെങ്കിലും ഉള്‍ക്കാഴ്ച നല്‍കുകയുണ്ടായി. അതിന്റെ തുടര്‍ച്ചയെന്നോണം ശക്തിയാര്‍ജ്ജിച്ച കീഴാളവാദവും കീഴാള സ്വത്വബോധവും പ്രതിരോധാത്മകമായ മിലിറ്റന്റ് സ്വഭാവത്തില്‍ നിന്നും വേര്‍പ്പെടുകയും ജ്ഞാന സമ്പദ് വ്യവസ്ഥയിലെ അവസരങ്ങള്‍ക്ക് വേണ്ടിയുള്ള കിടമത്സരത്തിന്റെ സൈദ്ധാന്തിക പരിവേഷത്തില്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ വലിയ തോതിലുള്ള സ്വാധീനമുറപ്പിക്കുകയും ചെയ്തു. ഈ കീഴാള സാന്നിധ്യത്തില്‍ അസ്വസ്ഥരായ ജാതിമേല്‍ക്കോയ്മയുടെ അക്രമാസക്തിയാണ് യൂണിവേഴ്‌സിറ്റികളില്‍ ദളിത് വിദ്യാര്‍ത്ഥികളെ ആത്മപീഡനങ്ങളിലേക്കും ആത്മഹത്യകളിലേക്കുമെല്ലാം തള്ളിവിടുന്നത്. ജ്ഞാന സമ്പദ് വ്യവസ്ഥയില്‍ നടക്കുന്ന ഇത്തരം ബലപ്രയോഗങ്ങളെ സംഘടിതമായി ചെറുക്കാന്‍ .അശക്തമായ കീഴാളവാദത്തിന്റെ പരിമിതികള്‍ രോഹിത് വെമുലയുടെ ആത്മഹത്യക്കും മര്‍ദ്ദിത ജാതികള്‍ക്കിടയില്‍ ആഴത്തിലുള്ള ചലനങ്ങളോ പ്രകോപനങ്ങളോ സൃഷ്ടിക്കാന്‍ സാധിച്ചില്ല എന്നതില്‍ നിന്ന് വ്യക്തമാണ്.

യൂണിവേഴ്‌സിറ്റികള്‍ക്കുള്ളില്‍ നുരഞ്ഞുപൊന്തുന്ന കീഴാളവാദത്തിന്റെ ബലഹീനതയാണിത്. മര്‍ദ്ദിത ജാതികള്‍ക്കിടയില്‍ നിന്നുയര്‍ന്നുവരുന്ന അഭ്യസ്തവിദ്യരായ മധ്യവര്‍ഗ്ഗങ്ങളും പരമ്പരാഗത (സവര്‍ണ്ണ) മധ്യവര്‍ഗ്ഗങ്ങളും തമ്മിലുള്ള സംഘര്‍ഷാത്മക ബന്ധമാണ് അതിന്റെ മുഖ്യസ്വഭാവം. ഈ സംഷര്‍ഷത്തില്‍ മര്‍ദ്ദിതപക്ഷത്തിന് സ്വന്തം ജനതയെ കൂടെ കൂട്ടാനാവുന്നില്ല. അഥവാ ഒരു കളക്ടീവ് ഐഡന്റിറ്റിയായി അതിന് വികസിക്കാനാവുന്നില്ല. എന്നു മാത്രമല്ല, അത്തരത്തിലുള്ള ഒരു പ്രയോഗശാസ്ത്രത്തെ കുറിച്ചുള്ള ചിന്തപോലും ഈ കീഴാള വാദക്കാര്‍ക്ക് അന്യമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ഒറ്റപ്പെട്ട ഭൗതികപ്രവര്‍ത്തനങ്ങലില്‍ അഭിരമിക്കുന്ന ‘പരാജയവാദ’ പ്രവണതകളാണ് അത് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഭരണഘടനാവാദത്തിന്റെ വേലിക്കെട്ടുകള്‍ ജീര്‍ണ്ണിച്ചു നാമാവശേഷമായി തീര്‍ന്നിട്ടുണ്ടെങ്കിലും അതിനുള്ളില്‍ നിന്നു പുറത്തുകടക്കാന്‍ കീഴാളവാദം അശക്തമാകുന്നത് പ്രയോഗസാധ്യതയില്ലാത്ത തരത്തിലുള്ള ഒറ്റപ്പെട്ട ബൗദ്ധിക പ്രവര്‍ത്തനങ്ങളാണോ എന്നുപോലും സംശയിക്കാവുന്നതാണ്. മര്‍ദ്ദിതജാതികള്‍ക്കിടയില്‍ നടക്കുന്ന മധ്യവര്‍ഗ്ഗ രൂപീകരണം ചരിത്രശക്തികളുടെ സമ്മര്‍ദ്ദത്താല്‍ സംഭവിക്കുന്ന ഒരു വിപ്ലവപ്രക്രിയയാണ്. സാമ്പത്തിക അടിത്തറയില്ലാത്ത വര്‍ഗ്ഗമെന്ന് ബ്യൂറോക്രസിയെ കുറിച്ച് മര്‍ക്‌സ് നിരീക്ഷിക്കുന്നപോലെ മര്‍ദ്ദിതജാതികളിലെ മധ്യവര്‍ഗ്ഗം സാമ്പത്തിക അടിത്തറയില്ലാത്തവരും അതേസമയം അധികാര വ്യവസ്ഥയില്‍ പ്രവേശനതടസ്സം ഉള്ളവരുമാണ്. അതുകൊണ്ടുതന്നെ മര്‍ദ്ദിത ജാതികളിലെ മധ്യവര്‍ഗ്ഗങ്ങള്‍ക്കും രാഷ്ട്രീയാധികാരകേന്ദ്രങ്ങള്‍ക്കുമിടയിലെ സംഘര്‍ഷങ്ങള്‍ മൂര്‍ഛിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജാതിസംവരണമില്ലാതാക്കുന്ന പ്രശ്‌നത്തിലായാലും ഉന്നതവിദ്യാഭ്യാസരംഗത്ത് നടമാടുന്ന ബൗദ്ധികമായ അടിച്ചമര്‍ത്തലിന്റെ പ്രശ്‌നമായാലും ഈ മധ്യവര്‍ഗ്ഗം പ്രകോപിതരാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ മര്‍ദ്ദിതസമൂഹത്തന്റെ ഒട്ടാകെയുള്ള ബഹുമുഖമായ താല്‍പ്പര്യങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു നിക്ഷിപ്ത താല്‍പ്പര്യം അതില്‍ പ്രതിഫലിച്ചുകാണാവുന്നതാണ്. വാസ്തവത്തില്‍ മര്‍ദ്ദിത ജാതികളുടെ സ്വാഭാവിക നേതൃശക്തികളാണ് ഈ മധ്യവര്‍ഗ്ഗങ്ങള്‍. ജാതിമേല്‍ക്കോയ്മയും നവലിബറിലസവും കൈകോര്‍ത്തുകൊണ്ട് ലിബറല്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയും വിവേചനപരമായ നിയന്ത്രണങ്ങളിലൂടെ ജനങ്ങളെ ഒന്നാകെ കീഴ്‌പ്പെടുത്തി് കൊണ്ടിരിക്കുകയും ചെയ്യുന്ന വര്‍ത്തമാന സന്ദര്‍ഭത്തില്‍ ജാതിപരവും മതപരവും ലിംഗപരവുമായ തുല്ല്യതക്കും രാഷ്ട്രീയാഗീകാരത്തിനും വേണ്ടിയുള്ള സമരമുന്നേറ്റങ്ങള്‍ മര്‍ദ്ദിതവിഭാഗങ്ങളുടെ അതിജീവനപ്രശ്‌നമായി പരിണമിച്ചു കഴിഞ്ഞിട്ടുണ്ട്. മര്‍ദ്ദിതജാതികളില്‍ നിന്നുയര്‍ന്നുവന്നിട്ടുള്ള മധ്യവര്‍ഗ്ഗത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളെ മര്‍ദ്ദിതസമൂഹങ്ങളുടെ പൊതുതാല്‍പ്പര്യവുമായി കണ്ണിചേര്‍ത്തുകൊണ്ടുമാത്രമേ അതിനു വികസിക്കാനാകുകയുള്ളു. സ്വത്വശാക്തീകരണവും സ്വത്വപരമായ സംഘാടനവും അനിവാര്യമായി തീര്‍ന്നിട്ടുള്ള ഈ സന്ദര്‍ഭത്തില്‍ സ്വത്വരാഷ്ട്രീയത്തിന്റെ ചുമലില്‍ വര്‍ഗ്ഗരാഷ്ട്രീയം കെട്ടിയേല്‍പ്പിക്കുന്നത് അതിസാഹസികമായി തീരില്ലേ എന്ന പ്രശ്‌നവും ഗൗരവപരമായി ചര്‍ച്ച ചെയ്യേണ്ടതാണ്.

അംബേദ്കറിസ്റ്റ് മാര്‍ക്‌സിസ്റ്റ് സംവാദങ്ങളുടെ സൈദ്ധാന്തിക പരസരത്തേയും അതിന്റെ പ്രയോഗ സാധ്യതകളേയും കുറിച്ച് ടി ടി ശ്രീകുമാര്‍ നടത്തുന്ന സൂക്ഷ്മാവലോകനത്തെ വിമര്‍ശനാത്മകമായി സമീപിക്കുമ്പോള്‍ എനിക്ക് ഏറ്റവും ശ്രദ്ധേയമായി തോന്നിയത് അംബേദ്കറിസ്റ്റ് വിമര്‍ശനത്തിലൂടെ അംബേദ്കറിസ്റ്റ് മാര്‍ക്‌സിസം വികസിപ്പിക്കുക എന്ന ആശയമാണ്. ‘വര്‍ഗ്ഗത്തെ സ്വീകരിക്കുകയും എന്നാല്‍ വര്‍ഗ്ഗസമരത്തെ ചരിത്രപ്രക്രിയയായി സ്വീകരിക്കാതിരിക്കുകയും ചെയ്തുകൊണ്ട് മാര്‍ക്‌സിസവുമായുള്ള ഒരു സംവാദത്തിന് എത്ര ദൂരം മുന്നോട്ടുപോവാന്‍ സാധിക്കും എന്നത് അടിസ്ഥാനപരമായ സൈദ്ധാന്തികപ്രശ്‌നമാണ്. അംബേദ്കര്‍ മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തിക ദൃഢീകരണത്തില്‍ ഇതൊരു വെല്ലുവിളിയാണെന്നു അദ്ദേഹം തിരിച്ചറിയുന്നുണ്ടെങ്കിലും ജാതിയേയും വര്‍ഗ്ഗത്തേയും കുറിച്ചുള്ള അംബേദ്കറുടെ നരവംശശാസത്രപരമായ കണ്ടെത്തലുകള്‍ ഈ വെല്ലുവിളിയെ മറികടക്കാന്‍ പര്യാപ്തമാണോ എന്ന ആശങ്ക പരോക്ഷമായിട്ടാണെങ്കിലും കടന്നു വരുന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഈ ആശങ്ക ഒട്ടും അസ്ഥാനത്തല്ല എന്നാണ് ഞാന്‍ കരുതുന്നത്. ‘ജാതിനിര്‍മ്മാര്‍ജനം എന്നത് ഒരു ഓണ്ടോളജിക്കല്‍ നിലപാടാണ്. തൊഴിലാളി വര്‍ഗ്ഗ ഐക്യത്തിന്റെ മുന്നുപാധിയായി ഈ ഓണ്ടോളജിക്കല്‍ നിലപാട് മാര്‍ക്‌സിസം അംഗീകരിക്കണം എന്ന നിര്‍ദ്ദേശം ഇത്തരം ഒരു ആശങ്കയില്‍ നിന്ന് ഉടലെടുക്കുന്നതാണ്.

ജാതിനിര്‍മ്മാര്‍ജ്ജനത്തെ ഓണ്ടോളജിക്കലായ ഒരു പൊതുനിലപാടായി സ്വീകരിക്കുകയാണെങ്കില്‍ ജാതിക്ക് ഓണ്ടോളജിക്കല്‍ മുന്‍ഗണന നല്‍കുക എന്ന അര്‍ത്ഥപരികല്‍പ്പനയെ മാര്‍ക്‌സിസം അംഗീകരിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ മറ്റൊരു ഘടനയെ ആശ്രയിക്കാതെ തന്നെ ജാതിക്ക് സ്വയം നിലനില്‍ക്കാനാകുമെന്ന സൈദ്ധാന്തിക സമീപനം മാര്‍ക്‌സിസത്തിനു സ്വീകാര്യമാണെന്ന് കരുതേണ്ടിവരും. മാര്‍ക്‌സിസ്റ്റ് ഭൗതികവാദത്തിന് അങ്ങനെയൊരു നിലപാടിലെത്തിച്ചേരാന്‍ സാധാരണഗതിയില്‍ സാധ്യമല്ല. കാരണം അത് മൗലികമായൊരു നിലപാടുമാറ്റമാണ്. പ്രയോഗം ആരംഭിക്കുന്നിടത്ത് മെറ്റാഫിസിക്‌സ് അവസാനിക്കുന്നു എന്നാണ് മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം. പ്രയോഗത്തെ, അതായത് ഭൗതികസാഹചര്യങ്ങളെ പുനസൃഷ്ടിക്കാനും അതുവഴി സ്വയം പുനര്‍നിണ്ണയിക്കാനുമുള്ള മനുഷ്യാധ്വാനത്തിന്റെ ശേഷിയെ കുറിച്ചുള്ള ടെലിയോളജിക്കല്‍ സങ്കല്‍പ്പമാണ് മാര്‍ക്‌സിസത്തിന്റേത്. ഒരു കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ ആദ്യം നിര്‍മ്മിക്കേണ്ട അടിത്തറയെ കുറിച്ചുമാത്രമല്ല, മുഴുവന്‍ കെട്ടിടത്തിന്റേയും രൂപകല്‍പ്പന മനസ്സിലുണ്ടാക്കുകയും അത് പ്രയോഗത്തിലൂടെ വസ്തുനിഷ്ഠമാക്കുകയും ചെയ്യുക എന്നതാണ് മാര്‍ക്‌സിസിറ്റ് സങ്കല്‍പ്പം. കെട്ടിടം തകര്‍ക്കുമ്പോഴും അടിത്തറയാണോ ഉപരിഘടനയാണോ ആദ്യം തകര്‍ക്കേണ്ടത് എന്ന പ്രായോഗികപ്രശ്‌നം കെട്ടിടത്തെ സമ്പൂര്‍ണ്ണമായി തകര്‍ക്കുക എന്ന ആശയത്തിന്റെ ഭൗതികപ്രയോഗവുമായി ബന്ധപ്പെട്ടതാണ്. ഉപരിഘടന തകര്‍ന്നാല്‍ അടിത്തറ താനേ തകരുമെന്നോ അടിത്തറ തകര്‍ന്നാല്‍ ഉപരിഘടന തകരുമെന്നോ മാര്‍ക്‌സിസ്റ്റുകള്‍ കരുതുന്നില്ല. ഫ്യൂഡലിസം തകര്‍ന്നാല്‍ അതിന്റെ ഉപരിഘടനയും (ജാതിയും) താനെ തകരുമെന്ന് കരുതുന്നത് മാര്‍ക്‌സിസ്റ്റ് ഭൗതികവാദത്തെ യാന്ത്രികമായി മനസ്സിലാക്കുന്നതുകൊണ്ടാണ്. ലിബറല്‍ മുതലാളിത്തം സ്വജാതി വിവാഹ സമ്പ്രദായത്തിന് അന്ത്യം കുറിക്കുമെന്ന് വ്യാമോഹിക്കുന്ന അശാസ്ത്രീയമാണത്. അങ്ങനെ ചില പ്രവണതകള്‍ ഒറ്റപ്പെട്ട രീതിയില്‍ കണ്ടുവരുന്നുണ്ടെങ്കിലും ലിബറല്‍ മുതലാളിത്ത ഉല്‍പ്പാദന ബന്ധങ്ങള്‍ ഉല്‍പ്പാദനശക്തികളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന തരത്തില്‍ മുരടിച്ചുനില്‍ക്കുമ്പോള്‍ മാത്രമേ അതിന് വര്‍ഗ്ഗതാല്‍പ്പര്യമായി പരിണമിക്കാനാവൂ. എന്നാല്‍ ഉല്‍പ്പാദന സമ്പ്രദായവും ബന്ധങ്ങളും മുരടിച്ചുനില്‍ക്കുന്നുവെന്നതു കൊണ്ടുമാത്രം ഉല്‍പ്പാദന ശക്തികള്‍ സ്വമേധയാ അവയെ തകര്‍ത്ത് മുന്നേറുകയില്ല. അവരുടെ ബോധത്തില്‍ അത്തരമൊരു വിപ്ലവചിന്ത വളരാതെ അത് സാധ്യമല്ല. ‘മനുഷ്യനെ ചലിപ്പിക്കുന്നതെല്ലാം അവന്റെ മനസ്സിലൂടെ കടന്നു പോകേണ്ടതുണ്ട്. എന്നാല്‍ അവരുടെ മനസ്സില്‍ ഏതു വിധത്തില്‍ രൂപം പ്രാപിക്കുമെന്നത് കൂടുതലും സാഹചര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. മുതലാളിത്ത വ്യവസായങ്ങളുമായി അനുരഞ്ജനത്തില്‍ കഴിയാന്‍ തൊഴിലാളികള്‍ക്ക് ഒരു തരത്തിലും സാധ്യമായിരുന്നില്ല എങ്കിലും 1848 വരെ അവര്‍ ഒരു യന്ത്രങ്ങളും തകര്‍ക്കാന്‍ കൂട്ടാക്കിയില്ല’ എന്ന് എഗല്‍സ് സൂചിപ്പിക്കുന്നതില്‍ നിന്നും (endo classical german philosopy, pp 220, marx engles lenin on historical materialism) ചരിത്രവികാസ പ്രക്രിയയിലെ യാദൃഛിക ഘടകങ്ങളെ നിര്‍ദ്ദിഷ്ഠ ഘട്ടത്തിലുയര്‍ന്നുവരുന്ന ഭൗതിക സാഹചര്യങ്ങള്‍ക്കനുസൃതമായി ബോധത്തിലുണ്ടാവുന്ന കുതിച്ചുചാട്ടത്തിന്റെ മുന്നുപാധിയായി പരിണമിക്കുന്നതെങ്ങിനെയെന്ന് വ്യക്തമാണ്. വര്‍ഗ്ഗബോധത്തിന്റെ മൂര്‍ത്തീകരണത്തിനും അതിനു മൂര്‍ഛ കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് തൊഴിലാളിവര്‍ഗ്ഗം മുന്‍ഗണന നല്‍കുക. തൊഴിലാളിവര്‍ഗ്ഗ ഭരണകൂടം സ്ഥാപിക്കുക എന്ന teleological സങ്കല്‍പ്പമാണതിന്റെ അടിസ്ഥാനം. ജാതിനിര്‍മ്മാര്‍ജ്ജനം മാര്‍ക്‌സിസ്റ്റ് നിലപാടില്‍ നിന്നുനോക്കുമ്പോള്‍ വര്‍ഗ്ഗസമര പ്രക്രിയയില്‍ ഉള്‍ചേര്‍ന്ന ഒന്നാണ്. അടിത്തറയെയാണെ ഉപരിഘടനയെയാണോ ആദ്യം നേരിടേണ്ടത് എന്ന പ്രശ്‌നം. നിര്‍ദ്ദിഷ്ഠ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട വിപ്ലവ പ്രയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നമായി കാണാനാണ് സാധ്യത. തൊഴിലാളിവര്‍ഗ്ഗ ഭരണകൂടമെന്ന മാര്‍ക്‌സിസ്റ്റ് ടെലിയോളജിക്കല്‍ സങ്കല്‍പ്പത്തെ തത്വത്തിലംഗീകരിക്കാന്‍ അംബേദ്കറിസ്റ്റുകള്‍ക്കു സാധ്യമാകുമോ എന്നതാണ് അംബേദ്കര്‍ മാര്‍ക്‌സിസത്തിന്റെ മുന്നില്‍ ഉയര്‍ന്നുവരാന്‍ പോകുന്ന പ്രധാന പ്രശ്‌നം.

ഈ പ്രശ്‌നം പരിഹരിക്കാന്‍ 1916ല്‍ അംബേദ്കര്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പ്രധാന കണ്ടെത്തലുകളില്‍ ഒന്നായ caste si an enclosed class എന്ന ആശയത്തെ മാര്‍ക്‌സിസവുമായി ഒ സൈദ്ധാന്തിക ഐക്യം സ്ഥാപിച്ചെടുക്കാന്‍ യോഗ്യമായ ഒരു മുന്‍ഉപാധിയായി അഥവാ മാര്‍ക്‌സിസത്തിനും അംബേദ്കറിസത്തിനും പൊതുവില്‍ യോജിക്കാവുന്ന ഒരു സംപ്രത്യയമായി കണക്കാക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ടി ടി ശ്രീകുമാര്‍ വളരെ കൃത്യമായി നിരീക്ഷിക്കുന്നപോലെ അംബേദ്കറുടെ ജ്ഞാന – ഭവശാസ്ത്രപരമായ സൈന്താന്തിക ചട്ടക്കൂടിന്റെ ഉല്‍പ്പന്നമാണത്. ്ജാതിയും വര്‍ഗ്ഗവും തൊട്ടയല്‍ക്കാരാാണ്. വളരെ ചെറിയ ഒരകലം മാത്രമാണവരെ വേര്‍പെടുത്തുന്നത്. അടച്ചുപൂട്ടപ്പെട്ട വര്‍ഗ്ഗമാണ് ജാതി’ എന്നാണ് അംബേദ്കര്‍ നിര്‍വ്വചിക്കുന്നത്. വര്‍ഗ്ഗം ജാതിയില്‍ അടച്ചുപൂട്ടപ്പെടുന്നതുവരെ സാമൂഹ്യവികാസത്തിന്റെ ചലനപ്രക്രിയയെ അംബേദ്കര്‍ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നു. വര്‍ഗ്ഗം ജാതിയില്‍ അടച്ചുപൂട്ടപ്പെട്ടതോടെ ഈ ചലനനിയമങ്ങളെ അദ്ദേഹം കൈവിടുന്നതായിട്ടാണ് മനസ്സിലാവുന്നത്. വര്‍ഗ്ഗത്തിന് ജാതിയിലൂടെ ചലനാത്മകമാകാമെന്ന് നിരൂപിക്കുകയും എന്നാല്‍ ജാതിക്ക് സ്വയം ചലനശേഷിയില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ‘ജാതി ഉന്മൂലന’ത്തില്‍ (1936) അദ്ദേഹം ഉന്നയിക്കുന്ന ഒരു മാര്‍ക്‌സിസ്റ്റ് വിമര്‍ശനത്തില്‍ ജാതിയുടേയും വര്‍ഗ്ഗത്തിന്റേയും ചലനശേഷിയെ കുറിച്ചുുള്ള ഈ ധാരണകള്‍ കൃത്യമായി പ്രതിഫലിക്കപ്പെടുന്നുണ്ട്.

തൊഴിലാളികള്‍ക്ക് നഷ്ടപ്പെടാന്‍ ചങ്ങലകള്‍ മാത്രമേയുള്ളു എന്ന മാര്‍ക്‌സിന്റെ മുദ്രാവാക്യം കൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളെ ഉത്തേജിതമാക്കാനോ ജാതിസമ്പ്രദായത്തിനെതിരെ ഹിന്ദുക്കളുടെ ഒരു general mobalisation സൃഷ്ടിക്കാനോ സാധ്യമല്ല എന്നാണ് അദ്ദേഹം ഉന്നയിക്കുന്ന വിമര്‍ശനം ഹിന്ദുക്കളില്‍ ചിലര്‍ക്ക് കൂടുതലും ചിലര്‍ക്ക് കുറഞ്ഞ അളവിലും അധികാരവും അവകാശങ്ങളും നഷ്ടപ്പെടാനുണ്ട് എന്ന കാരണമാണദ്ദേഹം ഇതിന് ഉപോല്‍ബലകമായി ഉന്നയിക്കുന്നത്. അതേസമയം തൊഴിലാളി വര്‍ഗ്ഗ ഐക്യത്തിലൂടെ, അതായത് വ്യവസായ തൊഴിലാളികളെ മര്‍ദ്ദിതജാതികളുമായി ഐക്യപ്പെടുത്തുന്നതിലൂടെ മര്‍ദ്ദിതജാതികളുടെ മൊബലൈസേഷന്‍ സാധ്യമാണ് എന്നദ്ദേഹം നിരന്തരം വാദിച്ചുകൊണ്ടിരുന്നു. ജാതിയെ ചലനാത്മകമാക്കാന്‍ വര്‍ഗ്ഗത്തിനേ കഴിയൂ എന്ന്ും മര്‍ദ്ദിത ജാതികളുടേയും മര്‍ദ്ദക ജാതികളുടേയും സമീപനങ്ങളെ ഉദാഹരിച്ചതില്‍ നിന്നുതന്നെ സുവ്യക്തമാണ്. മര്‍ദ്ദകജാതികളുടെ വര്‍ഗ്ഗതാല്‍പ്പര്യങ്ങള്‍, മര്‍ദ്ദിത ജാതികളുടെ വര്‍ഗ്ഗതാല്‍പ്പര്യങ്ങള്‍ എന്ന് അദ്ദേഹമതിനെ വിരുദ്ധങ്ങളായിതന്നെ വിശകലനം ചെയ്യുന്നുണ്ട്. ഈയര്‍ത്ഥത്തില്‍ അംബേദ്കറിസത്തെ അടച്ചുപൂട്ടപ്പെട്ട വര്‍ഗ്ഗവാദമായി വേണമെങ്കില്‍ വ്യാഖ്യാനിക്കാവുന്നതാണ്. പക്ഷെ അതിനെ മാര്‍ക്‌സിസവുമായി കൂട്ടികെട്ടാന്‍ നിവൃത്തിയില്ല. ‘അടച്ചുപൂട്ടപ്പെട്ട വര്‍ഗ്ഗം, അടച്ചുപൂട്ടപ്പെട്ട ജാതി’ എന്നിങ്ങനെയുള്ള സങ്കല്‍പ്പങ്ങള്‍ക്ക് മാര്‍ക്‌സസത്തോട് ഒത്തുപോകാന്‍ സാധിക്കില്ല. പ്രകൃതിയിലേയും സമൂഹഹത്തിലേയും വസ്തുക്കളും ജീവത്തോടെ നിലനില്‍ക്കുന്നത് അവക്കുള്ളില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ആന്തരിക ചലനത്തിന്റെ അഥവാ വൈരുദ്ധ്യത്തിന്റെ ഫലമാണ്. ഒരു വസ്തു എന്നു പറയുന്നതുതന്നെ ഒരു വൈരുദ്ധ്യമാണ്. എന്നു വെച്ചാല്‍ അതിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായിട്ടാണത് ചലനശേഷി സംഭരിക്കുന്നത്. ഒരു വസ്തു ഇതുപോലെ മറ്റൊരു വസ്തുവിനോടും സംഘര്‍ഷത്തിലേര്‍പ്പെട്ടുകൊണ്ടേയിരിക്കും. ഈ ആന്തരിക വൈരുദ്ധ്യവും ബാഹ്യവൈരുദ്ധ്യവുമാണ് വസ്തുവിന്റെ ചലനത്തിനു കാരണം. രണ്ടു യാഥാര്‍ത്ഥ്യങ്ങള്‍ എന്ന നിലക്ക് ജാതിയും വര്‍ഗ്ഗവും ചലനശേഷി ഉള്ളവയാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. മാര്‍ക്‌സിസത്തില്‍ നിന്ന് തികച്ചും സ്വതന്ത്രമായ ഒരു ചിന്തയും പ്രയോഗരീതിയുമാണ് അംബേദ്കര്‍ ആവിഷ്‌കരിച്ചത്. എന്നുവെച്ച് അംബേദ്കറുടെ ചിന്തകള്‍ അപ്രസക്തമാണെന്നോ മാര്‍ക്‌സിസ്റ്റ് ചട്ടക്കൂടില്‍ നിന്നുകൊണ്ടുമാത്രമേ ഏതൊരാശയത്തിനും വ്യവഹാരിക ശേഷി കൈവരുകയുള്ളുവെന്നോ എനിക്കഭിപ്രായമില്ല. അതേസമയം മാര്‍ക്‌സിസ്റ്റ് ഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ അംബേദ്കറിസവും മാര്‍ക്‌സിസവും പരസ്പരം പൊരുത്തമില്ലാത്ത വിരുദ്ധങ്ങളാണ്. (incompatible opposites) അതുകൊണ്ടുതന്നെ വൈരുദ്ധ്യാത്മകമായി മാര്‍ക്‌സിസത്തെ നിഷേധിച്ചുകൊണ്ട് വികസിക്കാന്‍ അംബേദ്കറിസത്തിന്റെ ഈ അടിസ്ഥാന സ്വഭാവം തടസ്സം സൃഷ്ടിക്കുമെന്നാണ് അംബേദ്കര്‍ മാര്‍ക്‌സിസത്തെ സംബന്ധിച്ചുള്ള എന്റെ നിഗമനം.

അംബേദ്കറിസത്തെ മാര്‍ക്‌സിസ്റ്റ് ഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ പുനരാഖ്യാനിക്കാനും പുനര്‍ നിര്‍മ്മിക്കാനും സാധ്യമാണോ എന്ന അന്വേഷണം അപ്രസക്തമാണെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ അതൊരു പരീക്ഷണമാണ്. ഈ പരീക്ഷണത്തിന്റെ യഥാര്‍ത്ഥതലം രാഷ്ട്രീയപ്രയോഗമാണ്. അംബേദ്കര്‍ തന്റെ ജീവിതകാലത്തുടനീളം പരിശ്രമിച്ചത് തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയത്തിനും മര്‍ദ്ദിതജാതികള്‍ക്കുമിടയില്‍ ഒരു പൊതുപ്രവര്‍ത്തനമണ്ഡലം നിര്‍മ്മിച്ചെടുക്കാനാണ്. എന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അംബേദ്കറെ നിര്‍ദ്ദയം തിരസ്‌കരിക്കുകയാണുണ്ടായത്. ഇത് പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യങ്ങള്‍ കൊണ്ടുമാത്രമാണെന്ന് കരുതുന്നതില്‍ യാതൊരു ന്യായവുമില്ല. കാരണം അംബേദ്കര്‍ ഈ പ്രശ്‌നം ഉന്നയിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ സാര്‍വ്വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം സമാനമായ ഒരു വിഷയം ചര്‍ച്ചക്കെടുക്കുകയും അതിന് സൈദ്ധാന്തികമായ പരിഹാരം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുയര്‍ന്നു വന്ന നീഗ്രോ പ്രശ്‌നമായിരുന്നു അത്. നീഗ്രോകളെ, ഇന്ത്യയിലെ ജാതികളെ പോല മര്‍ദ്ദിതവര്‍ഗ്ഗമായി കാണേണ്ടതുണ്ടെന്ന് വിലയിരുത്തുകയും അമേരിക്കന്‍ കമ്യൂണിസറ്റുകാര്‍ക്കിടയിലെ ‘വെള്ള കമ്യൂണിസ’ത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത സാര്‍വ്വദേശീയ കമ്യൂൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അന്ന് ഇന്ത്യന്‍ കമ്യൂണിസം. എന്നാല്‍ അംബേദ്കര്‍ ഉന്നയിച്ച വിമര്‍ശനങ്ങളൊന്നും സാര്‍വ്വദേശീയ നേതൃത്വത്തില്‍ എത്തിക്കാനാളുണ്ടായില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അംബേദ്കര്‍ മാര്‍ക്‌സിസ്റ്റാവുമായിരുന്നോ? ഇല്ലെന്നാണ് എന്റെ നിഗമനം. അംബേദ്കര്‍ ചിന്തയുടെ ഏറ്റവും അടിത്തട്ടിലുള്ള മതകലാപ ബോധം അപ്പോഴും അതിന് വിഘാതമായി ഭവിക്കുമായിരുന്നു.

അംബേദ്കറോട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വെച്ചുപുലര്‍ത്തിയ മുന്‍വിധികളില്‍ തൊണ്ണൂറുകള്‍ക്കുശേഷം ചില ഗുണപരമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും (കമ്യൂണിസ്റ്റുകാരേയും ജാതി ബാധിക്കുമെന്ന സമീപനം) അവര്‍ണ്ണപക്ഷത്ത് നിന്നുയര്‍ന്നു വരുന്ന സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയമായ തുല്ല്യതയും യോഗ്യതയും കല്‍പ്പിക്കാന്‍ പൊതുവില്‍ കമ്യൂണിസ്റ്റ് പക്ഷം ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്ന വസ്തുത വിസ്മരിച്ചു കൂടാത്തതാണ്. പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ പരസ്പരാഗികാരത്തിനും യോജിപ്പിനും ഇപ്പോഴും തടസ്സങ്ങളുണ്ടെന്നര്‍ത്ഥം.

ഈ കുറിപ്പ് ഉപസംഹരിച്ചുകൊണ്ട് ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. വര്‍ഗ്ഗത്തേയും ജാതിയേയും രണ്ടു തട്ടില്‍ നിര്‍ത്തി കൊണ്ടുള്ള അംബേദ്കറിസ്റ്റ് – മാര്‍ക്‌സിസ്റ്റ് സംവാദങ്ങള്‍ വിജയം കാണാത്തതിന്റെ ഫലമായി ഇന്ത്യക്കൊരു വിപ്ലവം നഷ്ടമായി എന്ന അഭിപ്രായത്തോട് (ആനന്ദ് തെല്‍തുംബ്ദെ, dichotomisation of caste and class, EPW) ഞാന്‍ യോജിക്കുന്നില്ല. അംബേദ്കര്‍ ജീവിച്ചിരുന്ന കാലത്ത് 1946ല്‍ ആണ്. തെലുങ്കാന കര്‍ഷക സമരം നടക്കുന്നത് തെലുങ്കാന സമരം ഉള്ളടക്കത്തില്‍ കാര്‍ഷിക സമരമായിരുന്നു എങ്കിലും അംബേദ്കര്‍ വിഭാവനം ചെയ്യുന്ന തരത്തിലുള്ള ജാതികലാപം അതിലുള്‍ചേര്‍ന്നിരുന്നു. കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള സാമൂഹ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് രജഭകലി ഇല്ലമ്മ എന്ന ദളിത് സ്ത്രീക്ക് ജാഗിര്‍ദാര്‍ക്കെതിരായ തുറന്ന കലാപത്തിന് പ്രചോദനം നല്‍കിയത്. ഉപരിഘടനയും അടിത്തറയും തമ്മിലുള്ള സൈദ്ധാന്തിക പ്രശ്‌നത്തിന് (അംബേദ്കറിസ്റ്റ് വീക്ഷണത്തില്‍) രാഷ്ട്രീയ പ്രയോഗത്തിലൂടെ കമ്യൂണിസ്റ്റുകാര്‍ പരിഹാരം കാണുന്നതെങ്ങിനെയെന്നതിന്റെ ഉദാഹരണം കൂടിയാണ് തെലുങ്കാന കലാപം. അംബേദ്കറിസ്റ്റ് മാര്‍ക്‌സിസമോ മാര്‍ക്‌സിസം ലെനിനിസം മാവോചിന്തയോ ഇന്ത്യന്‍ വിപ്ലവത്തെ വിജയത്തിലെത്തിക്കുമോ ഇല്ലയോ എന്നതല്ല വാസ്തവത്തില്‍ ഇന്ന് ഇന്ത്യന്‍ ജനതയുടെ മുന്നിലുള്ള പ്രധാന പ്രശ്‌നം. വിപ്ലവത്തെ വിജയിപ്പിക്കുന്ന ഘടകങ്ങള്‍ പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്നു വരുന്നവയാണ്. അത് കൃത്യമായി മനസ്സിലാക്കാനും അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാനും കമ്യൂണിസ്റ്റുകള്‍ ആശ്രയിക്കുന്നത് പാര്‍ട്ടിയെയാണ്. പാര്‍ട്ടിയാണ് കമ്യൂണിസ്റ്റുികാരുടെ ഐഡിയോളജിക്കല്‍ അപ്പരറ്റസ്. മര്‍ദ്ദിത ജാതികളുടെ രാഷ്ട്രീയം കമ്യൂണിസ്റ്റ് പാര്‍ട്ടിയായി പരിണമിക്കുകയാണെങ്കില്‍ പാര്‍ട്ടിയും പാര്‍ട്ടി വാന്‍ഗാഡിസവുമെല്ലാം പ്രധാന പ്രശ്‌നങ്ങളായി ഉയര്‍ന്നുവന്നേക്കാം.ഇപ്പോള്‍ ജനങ്ങളുടെ മുന്നിലുള്ള അടിയന്തിര പ്രശ്‌നം നിയോ ലിബറല്‍ രാഷ്ട്രീയവും ജാതിമേല്‍ക്കോയ്മയും ഒറ്റകെട്ടായി ജാതിസാമ്രാജ്യത്വമെന്നു വിളിക്കാവുന്ന തരത്തില്‍ നടത്തി കൊണ്ടിരിക്കുന്ന കൊടിയ ചൂഷണത്തേയും അതിക്രമത്തേയും ചെറുക്കാന്‍ എന്തു പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്നതാണ്. ഇത്തരം സംവാദങ്ങള്‍് അതിനുപകാരപ്പെടുമെന്നുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply