മനുസ്മൃതി കത്തിച്ച അംബേദ്കറും ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ താത്വികചിന്തകളും

1927 ഡിസംബര്‍ 25ന് രാത്രി 9ന് മഹാരാഷ്ട്രയിലെ തീരദേശ ഗ്രാമമായ കൊങ്കണിലെ മഹദില്‍ ആയിരക്കണക്കിന് ദളിത് വളന്റിയര്‍മാരുടെ സാന്നിധ്യത്തില്‍ അംബേദ്കര്‍ മനുസ്മൃതി പരസ്യമായി ചുട്ടെരിച്ചു. സവര്‍ണ്ണ – ബ്രാഹ്മണ ജാതീയ പീഡനങ്ങള്‍ക്കെതിരായ ദളിതരുടെ പോരാട്ട ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ആ സംഭവം.

മഹദ് (ചാവദര്‍) പ്രദേശത്തെ പൊതുജലസംഭരണിയില്‍നിന്നും ദലിതര്‍ കുടിവെള്ളം എടുക്കുന്നത് ബ്രാഹ്മണര്‍ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സമരത്തിന്റെ തുടക്കം. കുടിവെള്ള നിഷേധത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ കേസ് അധികൃതരുടെ പരിഗണനയിലെത്തി. ജാതി ഭേദമന്യേ ഏവര്‍ക്കും വെള്ളം എടുക്കാമെന്നുള്ള ജില്ലാ കലക്ടറുടെ ഉത്തരവു പോലും ബ്രാഹ്മണമേധാവികള്‍ പാലിച്ചില്ല. കലക്ടറുടെ ഉത്തരവിനെതിരെ കോടതിയില്‍ നിന്ന് സ്റ്റേയും ബ്രാഹ്മണര്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞു. ഇതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശംപോലും ദളിതര്‍ക്ക് നിഷേധിച്ചു. പ്രതിഷേധക്കാര്‍ക്ക് ഒത്തുചേരാന്‍ സ്ഥലം അനുവദിച്ചില്ല.

ഒടുവില്‍ ഫത്തേഖാന്‍ എന്ന ഒരു മുസ്ലിം മതവിശ്വാസിയാണ് തന്റെ സ്വകാര്യഭൂമി ഇവര്‍ക്ക് ഒത്തുചേരാന്‍ നല്‍കിയത്. സത്യഗ്രഹ സ്ഥലത്തേക്ക് വളരെ നാടകീയമായായിരുന്നു അംബേദ്കര്‍ എത്തിച്ചേര്‍ന്നത്. പ്രതിഷേധക്കൂട്ടായ്മയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ അദ്ദേഹം റോഡ് മാര്‍ഗം ഉപേക്ഷിച്ച് ബോംബെയില്‍നിന്ന് ‘പദമാവതി’എന്ന ബോട്ടിലാണ് എത്തിച്ചേര്‍ന്നത്. ഇതിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് അംബേദ്കര്‍ മനുസ്മൃതി ചുട്ടെരിച്ചു പ്രതിഷേധിച്ചത്. ഇത് എല്ലാ തരത്തിലുള്ള ചൂഷണങ്ങള്‍ക്കും അസമത്വത്തിനും എതിരായ പോരാട്ടമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

സാമൂഹ്യസമത്വം എന്ന ആശയം വിദൂരമായിപോലും അംഗീകരിക്കാത്ത ഒന്നാണ് മനുസ്മൃതി എന്ന് തനിക്ക് ബോധ്യമായതുകൊണ്ടാണ് പ്രതീകാത്മകമായി ‘മനുസ്മൃതി’ ദഹനസമരത്തിന് നേതൃത്വം നല്‍കാന്‍ താന്‍ നിര്‍ബന്ധിതനായതെന്ന്1928 ഫെബ്രുവരി മൂന്നിന് അംബേദ്കര്‍ അദ്ദേഹത്തിന്റെ പത്രമായ ‘ബഹിഷ്‌കൃത് ഭാരതി’ല്‍ കുറിച്ചിട്ടു.

ഇനി ഇ എം എസ് നമ്പൂതിരിപ്പാടിിലേക്കു വരാം. അദ്ദേഹത്തിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെവിടെയും അംബേദ്കറിനെയോ അദ്ദേഹത്തിന്റെ ഐതിഹാസികമായ വിമോചന പോരാട്ടങ്ങളെയോ അടയാളപ്പെടുത്തിയില്ല. അതേസമയം ഇന്ത്യ വേദാന്ത ദര്‍ശനങ്ങളുടെ നാടാണെന്ന ‘ഖ്യാതി ‘ വിളിച്ചോതാന്‍ ഇഎംഎസ് പല അവസരങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒരിക്കല്‍ കാലടി സംസ്‌കൃത സര്‍വ്വകലാശലയിലെ പ്രഭാഷണത്തില്‍ ഇ. എം.എസ് ശങ്കരാചാര്യരെ വിശേഷിപ്പിച്ചത് ഇന്ത്യന്‍ ഹെഗല്‍ (ജര്‍മ്മന്‍ ഐഡിയലിസ്റ്റും ദാര്‍ശനീകനുമായ ഫ്രെഡ്രിച്ച് ഹെഗല്‍) എന്നാണ്. കോഴിക്കോട് സര്‍വ്വകലാശാലയിലെ മറ്റൊരു പ്രഭാഷണത്തില്‍ ശ്രീബുദ്ധനെ തകര്‍ന്നു കൊണ്ടിരിക്കുന്ന വംശീയവ്യവസ്ഥയുടെ രക്ഷകനായും ആദിശങ്കരനെ കാലഘട്ടത്തിന്റെ അനിവാര്യമായിരുന്ന ജാതി വ്യവസ്ഥയുടെ വളര്‍ത്തപ്പനായും വാഴ്ത്തുകയുണ്ടായി. ശങ്കരന്‍ ബുദ്ധനെ ആശയ പോരാട്ടത്തില്‍ പരാജയപ്പെടുത്തിയെന്നും പ്രഭാഷണത്തില്‍ അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ ശങ്കരന്റെ ജാതി വ്യവസ്ഥാ പുനഃസ്ഥാപനത്തെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ് ഈ നിര്‍ണ്ണയത്തിലെത്തുന്നത് എന്നതാണ് ഇ.എം.എസിന്റെ നിരീക്ഷണ വൈദഗ്ദ്ധ്യത്തിന്റെ വൈരുദ്ധ്യങ്ങള്‍.

ചുരുക്കത്തില്‍ ഭാരതീയ പാരമ്പര്യത്തില്‍ ‘തര്‍ക്കം’ ഒരു ബ്രാഹ്മണ കലയാണെന്ന് പാര്‍ട്ടിയിലും പുറത്തും സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടി വരുന്നു. എന്നാല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ശങ്കരനില്‍ കണ്ടെത്തിയ ഈ ഹെഗലിയന്‍ ഐഡിയലിസവും കാലഘട്ടത്തിന്റെ സാമൂഹിക ‘ഉത്തരവാദിത്വവും’ നിര്‍ഭാഗ്യവശാല്‍ ശ്രീനാരായണനില്‍ കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. സാമൂഹ്യ പരിവര്‍ത്തന പ്രയോഗത്തിലൂടെ അവശ ലക്ഷങ്ങള്‍ക്ക് പ്രചോദനമേകി അവരെ മുന്നോട്ട് കുതിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനീക സന്ദേശങ്ങളെ അപ്രസക്തമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അതിനെതിരെ ആശയസമരം ആരംഭിക്കുകയും പ്രത്യയശാസ്ത്ര സന്ദേഹങ്ങള്‍ ജനിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്തത്.

ദേശാഭിമാനിയില്‍ ഇ.എ0.എസ് എഴുതിയ ”ശ്രീനാരായണ സന്ദേശം: മൂന്നു മുഖങ്ങള്‍’ എന്ന ലേഖനം ഈ ആശയസമരത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട് ഇതിലൂടെ അവശവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെട്ടു എന്നു മാത്രമല്ല രാഷ്ട്രീയ കക്ഷികള്‍ പ്രതിനിധാനം ചെയ്യുന്ന ”ക്ഷാത്ര”ത്തിന് ആശയസമരത്തില്‍ക്കൂടി ”ബ്രാഹ്മണ്യത്ത” ത്തിന്റെ പിന്തുണ നല്കുകയാണു് ഇ.എം.എസ് ചെയ്തത്.

തര്‍ക്കം ഒരു ബ്രാഹ്മണ കല എന്ന നിലയില്‍, ആദിശങ്കരനു ശേഷം ഏറ്റവും ശ്രേഷ്ഠ ‘താര്‍ക്കികനായ’ ഇ.എം.എസിന്റെ പല നിരീക്ഷണ പരാമര്‍ശങ്ങളുടേയും ചരിത്ര സാദൃശ്യം എന്തിനോടാണ് എന്ന് അദ്ദേഹത്തിന്റെ ഇത്തരം നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അത് CPIM ന്റെ ചരിത്രാവര്‍ത്തനവും ആ പാര്‍ട്ടിക്ക് രാജ്യത്ത് സംഭവിച്ച സമ്പൂര്‍ണ്ണ പതനത്തോളം വേരുകളുള്ളതുമാകുന്നു.

അപക്വയൗവനത്തില്‍പ്പോലും ഏതെങ്കിലും ജാതിസംഘടനയുടെ ആകര്‍ഷണ വലയത്തില്‍പ്പെടാതിരുന്ന കെ ആര്‍ ഗൗരി, സാമൂഹ്യനീതിയുടെ പ്രശ്‌നമുയര്‍ത്തിയപ്പോള്‍ ഇ.എം.എസ് അവരെ എസ്.എന്‍.ഡി.പിക്കാരിയാക്കി അഭിസംബോധന ചെയ്തതും അദ്ദേഹത്തിന്റെ സവര്‍ണ്ണ ജാതി ബോധത്തില്‍ നിലീനമായ ചാതുര്‍വര്‍ണ്യത്തോടുള്ള പാവനബോധമാണ് എന്ന് ചിന്തിക്കേണ്ടി വരും. കേരളത്തിലെ ആദിവാസികള്‍ പരമ്പരാഗതമായി വച്ചനുഭവിച്ചിരുന്ന വനഭൂമി വന്‍തോതില്‍ അപഹരിക്കപ്പെട്ടു. ഈ വഞ്ചനയ്ക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വം കൊടുത്തു. ആദിവാസിയുടെ ഭൂമി പിടിച്ചെടുക്കാന്‍ കുടിയേറ്റക്കാരനെ അനുവദിക്കുന്ന ഏതു വര്‍ഗസമര സിദ്ധാന്തമാണ് ഇ എം എസ്സും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പഠിച്ചത്?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് CPIM ന്റെ ധാതു വര്‍ദ്ധകരായി പുറകില്‍ തൂങ്ങുന്ന നിറഭേദം സംഭവിച്ച പ്രചാര ലുപ്തമായ മിഥ്യാചര്യ വിപ്ലവകാരികളും (obsoleted hypocritic revolutionaries ) ചില ദളിത് നേതാക്കളും ഈ ചരിത്ര വാസ്തവങ്ങളോട് മൗനം പാലിക്കുകയാണ് പതിവ്. ജാതി വ്യവസ്ഥയെ തകര്‍ത്തില്ലാതാക്കാന്‍ വി.ടി.ഭട്ടതിരിപ്പാടുള്‍പ്പടെയുള്ളവര്‍ രൂപീകരിച്ച പ്രസ്ഥാനത്തില്‍ രാഷ്ട്രീയ ലോകം ബിംബവല്‍ക്കരിച്ച ഇ.എം.എസ് എന്ന പഴയ യോഗക്ഷേമ പ്രവര്‍ത്തകന്‍ ഉണ്ടായിരുന്നില്ലെന്നതും ചരിത്രം.

കോര്‍പറേറ്റ് മൂലധനപ്പെരുക്കത്തിന്റെ ഗുജറാത്തി താമരത്തണല്‍ മോഹിച്ച് ബിജെപിയിലേക്ക് പോയ ബംഗാളിലെയും ത്രിപുരയിലെയും നിരവധി സിപിഐ എം നേതാക്കള്‍ ഇതുപോലെ ‘ബംഗാള്‍ ഭദ്രലോഗ് ‘ എന്ന സവര്‍ണ്ണ മേധാവിത്വ ശക്തികളുടെ കീഴില്‍ വളര്‍ന്നു വന്നവരാണ്. ഇപ്പോള്‍ ഗുജറാത്തിനെ കടത്തിവെട്ടുന്ന മൂലധനച്ചൂതാട്ടത്തില്‍ പങ്കെടുത്ത് വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ മരണമണി പിണറായി വിജയന്‍ ലണ്ടനില്‍ മുഴക്കിയതും ഇതേ ചരിത്രത്തിന്റെ തുടര്‍ച്ചയാണ്.

പാര്‍ട്ടിയെ മുന്നണി രാഷ്ട്രീയത്തിന്റെ ജാതി-മത പൊയ്ക്കാലുകളില്‍ നിര്‍ത്തിയും ജാത്യാചാരത്തിന്റെ തുലാഭാരം അനുഷ്ഠിച്ചും നവോത്ഥാന മുന്നേറ്റത്തില്‍ അസ്തപ്രായമായ ജാതി-മത മേധാവിത്വത്തെ പുനരുദ്ധരിച്ച CPIM ന്റെ മുഖ്യ കാര്‍മ്മികത്വം എന്നും ഇന്നും തുടര്‍ന്നു പോരുന്നതിന്റെ ചരിത്രാവര്‍ത്തനമാണ് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അംബേദ്കര്‍ മനുസ്മൃതി ചുട്ടരിച്ചതിന്റെ വാര്‍ഷികത്തില്‍ ഈ ചിന്തകള്‍ക്ക് പ്രസക്തിയേറുകയാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply