ബോഡി ഷെയിമിങ്ങിന്റെ മാന്വവലുകളെല്ലാം മാറ്റിയെഴുതണം

തീര്‍ച്ചയായും ഇതില്‍ ഒന്നാം പ്രതി ജനങ്ങള്‍ തന്നെയാണ്. ഭൂരിഭാഗം ജനങ്ങള്‍ക്കും താല്‍പ്പര്യം അതുതന്നെയായതിനാലാണല്ലോ അങ്ങനെ നടക്കുന്നത്. വെളുത്തു സുന്ദരി(?) യായ ഒരു പെണ്‍കുട്ടി ഒരു ചാനലിലും കറുത്ത് വിരൂപി(?) യായ ഒരു പെണ്‍കുട്ടി മറ്റൊരു ചാനലിലും വാര്‍ത്ത വായിച്ചാല്‍ ഭൂരിഭാഗം പേരും ഏതാണ് കാണുക? അപ്പോള്‍ ചാനലുടമകള്‍ മറ്റെന്തു ചെയും?

പലരും നിരന്തരമായി കൊട്ടിഘോഷിക്കുന്നപോലെ ആധുനികവും പ്രബുദ്ധവുമായ ഒരു സമൂഹമൊന്നുമല്ല കേരളം എന്നതിന്റെ തെളിവുകളാണ് അനുദിനം പുറത്തുവരുന്നത്. പല്ലുന്തിയതിന്റെ പേരില്‍ ആദിവാസി യുവാവിനു ജോലി നിഷേധിക്കപ്പെട്ട സംഭവം തിരുത്താന്‍ സര്‍ക്കാരോ അതിനായി സമ്മര്‍ദ്ദം ചെലുത്താന്‍ സമൂഹമോ ഇനിയും തയാറായിട്ടില്ല എന്നത് അതിന്റെ ഒടുവിലത്തെ ഉദാഹരണം. മറിച്ച് നോട്ടിഫിക്കേഷനില്‍ ഈ നിബന്ധന ഉണ്ടായിരുന്നു എന്നാണ് മന്ത്രിയും എന്തിനേയും ന്യായീകരിക്കാനല്ലാതെ എതിര്‍ക്കാനോ വിമര്‍ശിക്കാനോ അറിയാത്തവരും പറയുന്നത്.

ഒരാളെ ശാരീരിക പ്രത്യകതകളുടെ പേരില്‍ അപമാനിക്കുകയോ അവസരങ്ങള്‍ നിഷേധിക്കുകയോ ചെയാതിരിക്കുക എന്നത് ആധുനിക സമൂഹത്തിന്റെ ഏറ്റവും വലിയ മുഖമുദ്രയാണ്. ബോഡി ഷെയിമിംഗ്, പൊളിറ്റിക്കലി കറക്ട് തുടങ്ങിയ പദങ്ങളെല്ലാം ഉണ്ടാകുന്നത് അങ്ങനെയാണ്. എന്നാല്‍ ഈ വിഷയത്തില്‍ എത്രയോ പുറകിലാണ് കേരളം എന്നതിനെ സാധൂകരിക്കുന്ന വാര്‍ത്തകള്‍ നിരന്തരം കാണാം. നിറത്തിന്റേയും ആകാരത്തിന്റയും ശാരീരിക പ്രത്യകതകളുടേയും പേരില്‍ നിരന്തരമായി അധിക്ഷേപമേല്‍ക്കുന്നവരാണ് മലയാളികളില്‍ വലിയൊരു വിഭാഗവും. അധിക്ഷേപം മാത്രമല്ല, പലര്‍ക്കും അവസരങ്ങളും നിഷേധിക്കുന്നു. അതിന്റെ ഉദാഹരണമാണ് ഈ സംഭവം.

ഫോറസ്റ്റ് ബീറ്റ് ഓഫീസറുടെ പോസ്റ്റിന് ശാരീരികക്ഷമതയും ഉയരവും വണ്ണവും കാഴ്ചശക്തിയും കേള്‍വിശക്തിയുമൊക്കെ നിബന്ധനാവിധേയമാക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ നിറമോ ഉന്തിയ പല്ലോ സൗന്ദര്യമോ മറ്റോ ഘടകങ്ങളാക്കുന്നതില്‍ എന്തു സാംഗത്യമാണുള്ളത്? അവയെങ്ങിനെയാണ് തൊഴിലിന്റെ കാര്യക്ഷമതയെ ബാധിക്കുക? കാലഹരണപ്പെട്ട മാന്വവലുകള്‍ തിരുത്തുമെന്നു പറയുകയാണ് മന്ത്രി ചെയേണ്ടത്. എന്നല്‍ പകരമദ്ദേഹം പറയുന്നത് താന്‍ നിസഹായനാണെന്നാണ്. ജനങ്ങളുടെ പണം വേതനമായി നല്‍കുന്ന പൂജാരിജോലിക്കു മലയാളി ബ്രാഹ്മണന്‍ തന്നെ വേണമെന്നതും സര്‍ക്കാര്‍ വേതനം നല്‍കുന്ന എയ്ഡഡ് മേഖലയില്‍ സംവരണം നിഷധിക്കുന്നതും എയര്‍ ഹോസ്റ്റസ്, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയടക്കം റിസപ്ക്ഷന്‍ പോലുള്ള തൊഴിലുകള്‍ക്കും നിറവും സൗന്ദര്യവും മറ്റും പരിഗണിക്കുന്നതുമൊക്കെ അങ്ങനെതന്നെയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സ്വകാര്യമേഖലയിലേക്കു വന്നാല്‍ സ്വാഭാവികമായും പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാണ്. ആകര്‍ഷക വ്യക്തിത്വം എന്നു പറയുന്നത് മിക്കവാറും നിറവും സൗന്ദര്യുമൊക്കെ തന്നെ. സിനിമ, സീരിയല്‍, പരസ്യം, റിസപ്ക്ഷണിസ്റ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളിലൊക്കെ ഇതാണ് അവസ്ഥ. സിനിമയിലും സീരിയലുകളിലുമൊക്കെ കറുത്തവര്‍ക്കും പൊക്കവും വണ്ണവും കുറഞ്ഞവര്‍ക്കും കൂടിയവര്‍ക്കും മുന്തിയ പല്ലടക്കം മറ്റു ശാരീരിക പ്രത്യകതകളുള്ളവര്‍ക്കും കിട്ടുന്ന അവസരങ്ങള്‍ ഇപ്പോഴും എത്തരത്തിലുള്ളതാണ്? വാര്‍ത്താചാനലുകളില്‍ പോലും മറ്റെന്താണ് അവസ്ഥ? ഇത്തരത്തിലുള്ള വിവേചനം ഏറ്റവും കൂടിയ ചില മേഖലകളാണ് പറഞ്ഞത്. മറ്റു മിക്ക മേഖലകളിലും പരോക്ഷമായി നിലനില്‍ക്കുന്നത് ഇതു തന്നെയാണ്. തീര്‍ച്ചയായും ഇതില്‍ ഒന്നാം പ്രതി ജനങ്ങള്‍ തന്നെയാണ്. ഭൂരിഭാഗം ജനങ്ങള്‍ക്കും താല്‍പ്പര്യം അതുതന്നെയായതിനാലാണല്ലോ അങ്ങനെ നടക്കുന്നത്. വെളുത്തു സുന്ദരി(?) യായ ഒരു പെണ്‍കുട്ടി ഒരു ചാനലിലും കറുത്ത് വിരൂപി(?) യായ ഒരു പെണ്‍കുട്ടി മറ്റൊരു ചാനലിലും വാര്‍ത്ത വായിച്ചാല്‍ ഭൂരിഭാഗം പേരും ഏതാണ് കാണുക? അപ്പോള്‍ ചാനലുടമകള്‍ മറ്റെന്തു ചെയും?

തൊഴില്‍ മേഖലയില്‍ മാത്രമല്ല, ദൈനംദിന ജീവിതത്തില്‍ ശാരിരിക പ്രത്യകതകളുടെയും ജാതിയുടേയും മതത്തിന്റേയും ലിംഗത്തിന്റേയും പേരിലും നടക്കുന്ന അധിക്ഷേപങ്ങള്‍ കുറവാണോ? ഇന്നും വലിയൊരു വിഭാഗം ഉദ്ധരിക്കുന്ന പഴഞ്ചൊല്ലുകളില്‍ വലിയൊരു വിഭാഗത്തിന്റെയും ഉള്ളടക്കം മറ്റെന്താണ്? പുലയന്‍ മജിസ്‌ട്രേറ്റായാല്‍, ആണും പെണ്ണും കെട്ടവന്‍, പെണ്ണൊരുമ്പെട്ടാല്‍, കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്, അട്ടയെ പിടിച്ച് മെത്തയിലിട്ടാല്‍, കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്നിങ്ങനെ ഈ പട്ടിക നീളുന്നു. തന്റെ നിറവും ശാരീരിക സവിശേഷതകളും മൂലം ശൂര്‍പ്പണഖ, താടക, ഹിഡുംബി എന്നൊക്കെ വിളിക്കാറുള്ളതിനെ കുറിച്ച് സാമൂഹ്യപ്രവര്‍ത്തക അഡ്വ കുക്കു ദേവകി പറഞ്ഞല്ലോ. പുരാണങ്ങള്‍ മുതലെ ഇതാരംഭിക്കുന്നു എന്നര്‍ത്ഥം. വെളുത്തു സുന്ദരനായ ശ്രീരാമനെ പോലുള്ള സവര്‍ണ്ണ പുരുഷനാണ് മിക്കവരുടേയും മാതൃക. മറ്റെല്ലാം സമൂഹത്തിനു അപമാനമാണ്. വിപ്ലവകാരികള്‍ എന്നു സ്വയം വിശ്വസിക്കുന്നവര്‍ പോലും ഇതില്‍ നിന്നു വ്യത്യസ്ഥമല്ല എന്നു നമ്മുട വിവാഹകമ്പോളവും വൈവാഹിക പരസ്യങ്ങളും നോക്കിയാല്‍ മനസ്സിലാകും. സാമൂഹിക ജീവിതത്തില്‍ ഇതിനെയെല്ലാം മറികടന്നു എന്നഹങ്കരിക്കുന്നവരും വൈയക്തിക ജീവിതത്തില്‍ വ്യത്യസ്ഥരല്ല എന്നതാണ് വസ്തുത.

ഈ വിഷയത്തില്‍ ഏറെ ചര്‍ച്ചകള്‍ നടന്നിട്ടും നമ്മുടെ പല ടിവി പരിപാടികളുടേയും സീരിയലുകളുടേയും സിനിമളുടേയും ഉള്ളടക്കത്തില്‍ ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല. കറുത്തവരെ മാത്രമല്ല, തടി കൂടിയവരെ, വിഭിന്നശേഷിയുള്ളവരെ, ലൈംഗികന്യൂനപക്ഷങ്ങളെയെല്ലാം അധിക്ഷേപിക്കുമ്പോള്‍ നമ്മുടെയെല്ലാം വീട്ടകങ്ങളില്‍ നിറയുന്ന പൊട്ടിച്ചിരി നല്‍കുന്ന സൂചന മറ്റെന്താണ്? ഇവയൊന്നും നിഷ്‌കളങ്കമായ തമാശയല്ലെന്നും അവക്കുപുറകിലുമുണ്ട് ഒരു രാഷ്ട്രീയമെന്നുമുള്ള തിരിച്ചറിവുപോലുമില്ലാത്തവരാണ് രാഷ്ട്രീയപ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന മലയാളികള്‍. സീരിയലുകളിലെല്ലാം നമ്മള്‍ കാണുന്നത് സവര്‍ണ്ണ ജീവിതത്തിന്റെ ആഘോഷങ്ങളാണ്. സ്ത്രീവിരുദ്ധ – ദളിത് വിരുദ്ധ – സവര്‍ണ്ണ ഡയലോഗുകള്‍ക്കൊപ്പം ബോംബുകിട്ടണമെങ്കില്‍ മലപ്പുറത്തുപോയാല്‍ മതി എന്ന സംഘപരിവാര്‍ ഡയലോഗും എഴുതിയ വ്യക്തിയാണ് ചലചിത്ര അക്കാദമി അധ്യക്ഷന്‍ എന്നതു മറ്റൊരു തമാശ.

എന്തായാലും കാര്യങ്ങലില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു. കേരളത്തില്‍ നടക്കുന്ന ശക്തമായ സാസ്‌കാരികപ്രതിരോധമായി കറുപ്പിന്റെ രാഷ്ട്രീയവും ബോഡി ഷെയിമിങ്ങിനെതിരായ നിലപാടുകളും ഉയര്‍ന്നു വരുന്നുണ്ട്. ഒരേസമയം രണ്ടുവിഭാഗങ്ങള്‍ക്കെതിരെയാണവര്‍ക്ക് പോരടിക്കേണ്ടിവരുന്നത്. ഒന്ന് മൊത്തം സമൂഹത്തില്‍ നിലനില്‍ക്കുന്ന സവര്‍ണ്ണബോധ്യത്തിനെതിരെ. രണ്ട്, പൊതുവില്‍ തങ്ങള്‍ക്കൊപ്പം എന്നു കരുതപ്പെടുന്നവരില്‍ നിന്നുള്ള അവഗണനകളും നിഷേധാത്മകനിലപാടുകളും. ആദ്യത്തെ വിഷയം ഏറെക്കുറെ ഇന്ന് സജീവചര്‍ച്ചയാണ്. എന്നാല്‍ രണ്ടാമത്തേത് അങ്ങനെയല്ല. രോഹിത് വെമുലയുടെ ആത്മഹത്യക്കുശേഷം കലാകാരിയായ യുവതി ശരീരമാസകലം കറുത്ത ചായമണിഞ്ഞ് കേരളം മുഴുവന്‍ യാത്ര ചെയ്ത സംഭവം, ചില സിനിമാ നടികള്‍ കറുത്ത പെയ്ന്റടിച്ച് ഫോട്ടോ ഷൂട്ട് നടത്തിയത്, പല പരസ്യങ്ങള്‍ക്കും കറുത്ത മോഡലുകളായി വെളുത്തവരെ തന്നെ ചായമടിപ്പിച്ചത്, ഉറൂബിന്റെ രാച്ചിയമ്മയാകാന്‍ നടി പാര്‍വ്വതിയെ കറുപ്പിച്ചത് തുടങ്ങി പല സംഭവങ്ങളും അവര്‍ ചൂണ്ടികാട്ടുന്നു. വാസ്തവത്തില്‍ ആദ്യനടി റോസിക്കുശേഷം മലയാളസിനിമയില്‍ കറുത്ത കഥാപാത്രങ്ങളെ അവതരിപ്പച്ചതെല്ലാം വെളുത്തവരെ ചായമടിപ്പിച്ചായിരുന്നു. സ്ത്രീകളായാലും പുരുഷന്മാരായാലും. കറുത്ത പെയ്ന്റടിച്ച് കുറച്ചുസമയമോ ദിവസമോ പ്രത്യക്ഷപ്പെട്ടാല്‍ അവര്‍ക്കൊന്നും ഒരു പ്രിവിലേജും നഷ്ടപ്പെടുകയില്ല, ചിലപ്പോള്‍ കൂടുകയേയുള്ളു. മാത്രമല്ല അതിലൂടെ കറുപ്പിന്റെ പ്രശ്‌നങ്ങളൊന്നും അവര്‍ക്ക് മനസ്സിലാകുകയുമില്ല. അതേസമയം തൊഴില്‍പരമായി നോക്കിയാല്‍ നിറംമാറ്റത്തിലൂടെ മറ്റുള്ളവര്‍ക്ക് ലഭിക്കേണ്ട അവസരങ്ങള്‍ ഇവര്‍ കൈവശപ്പെടുത്തുകയുമാണ്. കറുത്ത മോഡലുകളായി പ്രത്യക്ഷപ്പെടുന്ന അലീനയും കുക്കുവുമൊക്കെ നടത്തുന്നത് വലിയൊരു പോരാട്ടമാണ്. അടുത്തകാലത്ത് നൃത്തത്തിന്റെ വീഡിയോ പങ്കുവെച്ച ഗായിക സയനാരോ നിറത്തി്‌ന്റെ പേരില്‍ അക്രമിക്കപ്പെട്ടപ്പോള്‍ അതിനെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രതിഷേധ മുയര്‍ന്നു എന്നതു പ്രതീക്ഷ നല്‍കുന്നു. സോഷ്യല്‍ മീഡിയ ഇന്ന് അത്തരമൊരു പോരാട്ടത്തിന്റെ കേന്ദ്രമായി മാറുന്നുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമൂഹ്യരംഗത്തും ഈ വിവേചനം വ്യാപകമാണ്. പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവത്തോട്, ഭീം കൊരാഗവ് സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലുകളോട് ഒക്കെ എന്തായിരുന്നു പൊതുവില്‍ കേരളത്തിന്റെ നിലപാട് എന്നത് മറക്കാറായിട്ടില്ലല്ലോ. ഊരും പേരും ഇല്ലാത്തവരുടെ ഹര്‍ത്താല്‍ എന്നായിരുന്നു പലരുടേയും പ്രതികരണം. മുത്തങ്ങയിലെ വെടിവെപ്പിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ചെങ്ങറ സമരത്തെ പിന്തുണച്ചു സമരം ചെയ്ത സെക്രട്ടറിയേറ്റ് പരിസരം ചാണകം തളിച്ച് ശുദ്ധീകരിച്ചത് ഇടതുപക്ഷക്കാരായിരുന്നു. അനീതി മഴ പോലെ പെയുമ്പോള്‍ ഉയരാത്ത മുഷ്ടികള്‍ ഷണ്ഡന്മാരുടേതാണെന്ന മുദ്രാവാക്യം അടുത്തുവരെ നാം കേട്ടു. എല്‍ ജി ബി ടി വിഭാഗങ്ങള്‍ ഇപ്പോഴും നേരിടുന്ന ദുരന്തങ്ങള്‍ പ്രതേകിച്ച് പറയണ്ടതിലല്ലോ. പൗരത്വ ഭേദഗതി നിയമം പ്രത്യക്ഷമായി ബാധിക്കുന്ന മസ്ലിം വിഭാഗങ്ങള്‍ സമരത്തിനിറങ്ങിയപ്പോള്‍ അതിനെ വര്‍ഗ്ഗീയമെന്നാരോപിച്ചവരേയും ഓര്‍ക്കാവുന്നതാണ്. മധുവിന്റെയും വാളയാര്‍ പെണ്‍കുട്ടികളുടേയും വിനായകന്റേയും കെവിന്റേയും മരണവും ഇന്നുമവസാനിക്കാത്ത കേസുകളും നല്‍കുന്ന സൂചന മറ്റെന്താണ്? സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാനായി അനുപമക്കൊപ്പം പോരാടിയ അജിത്തിനെതിരെ നടന്ന സൈബര്‍ അക്രമണവും മറക്കാറായിട്ടില്ലല്ലോ. വിശാലമായ അര്‍ത്ഥത്തില്‍ ഇവയിലെല്ലാം പ്രവര്‍ത്തിക്കുന്നത് ബോഡി ഷെയിമിങ്ങിന്റെ രാഷ്ട്രീയം തന്നെ.

തീര്‍ച്ചയായും ലോകത്തെ പലയിടത്തും ഈ വിഷയം ഇപ്പോഴും സജീവമാണ്. ബോഡി ഷെയ്മിങിനെതിരെ പോപ് ഗായികയും ഗ്രാമി അവാര്‍ഡ് ജേതാവുമായ ബില്ലി എലിഷ്, യു എസിലെ മിയാമിയില്‍ വെച്ചുനടന്ന സംഗീതപരിപാടിക്കിടെ വസ്ത്രമഴിച്ച്ായിരുന്നു പ്രതിഷേധിച്ചത്. ഇത്തവണത്തെ ലോകകപ്പില്‍ പോലും ഇത്തരത്തിലുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവന്നല്ലോ. black lives matter എന്ന മുദ്രാവാക്യും ഉണ്ടാകുന്നത് ഇങ്ങനെയാണ്. എന്തായാലും തെറ്റു തിരുത്താനുള്ള ഒരവസരമായി ആദിവാസി യുവാവ് നേരിട്ട തൊഴില്‍ നിഷേധത്തെ സര്‍ക്കാര്‍ കാണണം. ആധുനിക കാലത്തിനു യോജിക്കാത്ത നിബന്ധനകള്‍ എടുത്തുകളഞ്ഞ് മുത്തുവിന് ജോലി നല്‍കണം. അതുവഴി നിറം, ആകാരം, ജാതി, മതം, ലിംഗം, ശാരിരിക സവിശേഷതഖള്‍ തുടങ്ങിയവയുടെ പേരിലുള്ള വിവേചനങ്ങളെല്ലാം അവസാനിപ്പിക്കാനുള്ള മുന്നേറ്റത്തിനു തുടക്കമിടണം. അല്ലെങ്കില്‍ ഇതെങ്ങിനെ ജനാധിപത്യ സംവിധാനമാകും? സര്‍ക്കാരെങ്ങിനെ ജനങ്ങളുടെ സര്‍ക്കാരാകും?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply