അലനും താഹയും നമ്മുടെ കുട്ടികള്‍

ചെറുപ്പക്കാര്‍ നമുക്ക് തെറ്റെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യും. ചെറുപ്പക്കാര്‍ അത്തരം തെറ്റുകള്‍ ചെയ്തില്ലെങ്കില്‍, ചെറുപ്പക്കാര്‍ വ്യത്യസ്തമായി ചിന്തിച്ചില്ലെങ്കില്‍ ഈ ലോകം നിലനില്‍ക്കുമോ? ഈ ലോകം എന്നേ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ നരച്ചുപോയിട്ടുണ്ടാവും? എ.കെ ജി ക്കും അച്യുതമേനോനും പുതു തലമുറയോട് ഉണ്ടായിരുന്ന, നമ്മുടെ കുട്ടികളല്ലേ എന്ന ഈ സമീപനം എപ്പോഴാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് നഷ്ടപ്പെട്ടു തുടങ്ങിയത്. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

പി. ചിദംബരം ആഭ്യന്തരമന്ത്രി ആയിരുന്ന കാലം. രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയായി മാവോയിസ്റ്റുകള്‍ അടയാളപ്പെടുത്തപ്പെട്ട സമയം. ചിദംബരം നക്‌സലൈറ്റുകളോട് ഒരു സംഭാഷണ അഭ്യര്‍ത്ഥന മുന്നോട്ടുവച്ചു: നമുക്ക് എന്തുകൊണ്ട് വര്‍ത്തമാനം പറഞ്ഞുകൂടാ? നമുക്ക് അങ്ങോട്ടുമിങ്ങോട്ടും മൊബൈല്‍ നമ്പറുകള്‍ കൈമാറാം.

സാധാരണഗതിയില്‍ മാവോയിസ്റ്റുകള്‍ ഇത്തരം സംഭാഷണ ശ്രമങ്ങളെ ഗൗരവമായി എടുക്കുന്നവരല്ല. നിലവിലുള്ള ജനാധിപത്യത്തെ അംഗീകരിക്കാത്തവരാണവര്‍. നിലവിലുള്ള ഭരണകൂടത്തെ അംഗീകരിക്കാത്തവര്‍. സായുധ വിപ്ലവത്തിലൂടെ നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍. പക്ഷെ ഈ സമയത്ത് മാവോയിസ്റ്റുകള്‍ സംഭാഷണത്തിനുള്ള ക്ഷണം സ്വീകരിച്ചു. സംഭാഷണം വിജയിക്കുമെന്ന വിശ്വാസത്തില്‍ ആവണമെന്നില്ല, എങ്കിലും ദേശീയ രംഗത്ത് ഈ വിഷയം അവതരിപ്പിക്കാമല്ലോ എന്ന അര്‍ത്ഥത്തിലായിരിക്കാം.

സംഭാഷണത്തിന് രണ്ടു പേര്‍ക്കുമിടയില്‍ സ്വാമി അഗ്‌നിവേശ് നിന്നു. മാവോയിസ്റ്റുകള്‍ അവരുടെ ഏറ്റവും ശക്തനായ ഒരു വക്താവിനെ, ആസാദിനെ തന്നെ സംഭാഷണത്തിന് നിയോഗിച്ചു. ആസാദ് തീവണ്ടിയില്‍ ദില്ലിയിലേക്ക് പുറപ്പെട്ടു. റെയില്‍വേ സ്റ്റേഷനില്‍ കാത്തു നില്‍ക്കുകയാണ് സ്വാമി അഗ്‌നിവേശ്. ഇതിനിടയില്‍ പട്ടാളം തീവണ്ടി നിര്‍ത്തിച്ച് ആസാദിനെ വലിച്ചിറക്കി കാട്ടില്‍ കൊണ്ടുപോയി വെടിവെച്ചു കൊന്നു.

നക്‌സലൈറ്റ് പ്രശ്‌നം ഒരു ക്രമസമാധാന പ്രശ്‌നം അല്ല എന്നത് വാദത്തിനുവേണ്ടി എല്ലാവരും അംഗീകരിക്കും. അതിന് ഒരു രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നതിനും തര്‍ക്കമില്ല. പക്ഷെ ഒരു രാഷ്ട്രീയ സംഭാഷണത്തിന് ഭരണകൂടത്തിനോ ഭരണകൂടവുമായി ബന്ധപ്പെട്ട രാഷട്രീയ കക്ഷികള്‍ക്കോ ധൈര്യമില്ല, സന്നദ്ധവുമല്ല. ഒരു പക്ഷെ അധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടിവരാമായിരുന്ന ഒരു സംഭാഷണമാണ് അന്ന് തകര്‍ക്കപ്പെട്ടത്. പോലീസ് ആണ്, അര്‍ദ്ധസൈനിക വിഭാഗങ്ങളാണ് ആ സംഭാഷണത്തെ തകര്‍ത്തുകളഞ്ഞത്.

കേരളത്തിലേക്ക് വരികയാണെങ്കില്‍ കേരളത്തില്‍ എവിടെയാണ് മാവോയിസ്റ്റുകള്‍? പോലീസിന്റെ കണക്കനുസരിച്ച് തന്നെ 15 പേരാണ് കേരളത്തിലെ കാടുകളില്‍ ഉള്ളത്, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇവരെ സഹായിക്കാന്‍ വന്നിട്ടുള്ള കുറച്ച്‌പേര്‍ കൂടി കണ്ടേക്കും. ഈ പതിനഞ്ചു പേരെ നേരിടാനാണ് ഈ സന്നാഹം മുഴുവന്‍. ഈ പതിനഞ്ചു പേരാകട്ടെ യാതൊരുവിധ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുന്നേയില്ല. മാത്രമല്ല ആകാശത്തുനിന്നും നൂലില്‍ കെട്ടിയിറക്കിയതുപോലെ തങ്ങള്‍ക്കുതന്നെ നേരാംവണ്ണം ഉപയോഗിക്കാനറിയാത്ത തോക്കുമായി പട്ടാള യൂണിഫോമില്‍ നാലുപേര് എവിടെയെങ്കിലും നടന്നുപോവും. അവര്‍ ഏതെങ്കിലും ക്വാറി മുതലാളിമാരുടെയടുത്തുനിന്നോ റിസോട്ട് ഉടമകളുടെ അടുത്തുനിന്നോ കുറച്ച് കാശ് വാങ്ങും. ആ കാശ് ഏതെങ്കിലും ആദിവാസി കുടികളില്‍ കൊണ്ടുകൊടുത്ത് ഞങ്ങള്‍ക്കിത്തിരി അരിയും ഉപ്പും വാങ്ങിത്തരുമോ എന്ന് ചോദിക്കും. 2008 ന് ശേഷം മാവോയിസ്റ്റുകളുടേതായി യാതൊരു അക്രമ പ്രവര്‍ത്തനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

യഥാര്‍ത്ഥത്തില്‍ കേരളത്തിന് ആവശ്യമില്ലാത്ത ഈ നക്‌സലൈറ്റുകളെ, മാവോയിസ്റ്റുകളെ സത്യത്തില്‍ ആര്‍ക്കാണാവശ്യം? ആവശ്യമുള്ളവരുണ്ട്, അതില്‍ ഒന്ന് പോലീസ് ആണ്. വെള്ളപ്പൊക്കവും വരള്‍ച്ചയുമൊക്കെ വരുമ്പോള്‍ താലൂക്ക് ഓഫീസില്‍ വില്ലേജ് ഓഫീസിലുമുള്ള സന്തോഷം കണ്ടിട്ടുണ്ടോ? ലക്ഷങ്ങള്‍, കോടികള്‍, അണ്‍ അക്കൗണ്ടബിളായി, അണ്‍ ഓഡിറ്റബിളായി എത്തുകയാണ്. പോലീസിനും അങ്ങനെത്തന്നെയാണ്. തീവ്രവാദികള്‍ ഉണ്ട് എന്ന് സ്ഥാപിക്കപ്പെട്ടാല്‍ ആരോടും കണക്കു പറയേണ്ടതില്ലാത്ത കോടികള്‍ എത്തും. ഇഷ്ടം പോലെ ചിലവഴിക്കാവുന്ന പണവും പ്രമോഷനുകളുമൊക്കെയായി അവര്‍ക്ക് സുഖമായി വെലസാം. അതുകൊണ്ട് കേരളത്തിന് നക്‌സലൈറ്റുകളെ ആവശ്യമില്ലെങ്കിലും പോലീസിന് ആവശ്യമുണ്ട്. രണ്ടാമത് നമ്മുടെ മീഡിയകള്‍ക്ക് ആവശ്യമുണ്ട്, ബ്രേക്കിംഗ് ന്യൂസുകള്‍ എളുപ്പം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമല്ലോ. മൂന്നാമത് നമ്മുടെ രാഷട്രീയക്കാര്‍ക്ക് ആവശ്യമുണ്ട്, ഒരു ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നാല്‍ എവിടെയെങ്കിലും ഒരു മാവോയിസ്റ്റ് വേട്ടയും വെടിവെപ്പും നടത്തിയാല്‍ മതി. ജനങ്ങളുടെ ശ്രദ്ധ തിരിയും.

നക്‌സലൈറ്റ് പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ ഇടതുപക്ഷത്തുനിന്നുതന്നെ നേരത്തെ ശ്രമങ്ങള്‍ നടന്നിരുന്നു രണ്ട് ഉദാഹരണങ്ങള്‍ ഞാന്‍ പറയാം. ആരാണ് കേരളത്തിലെ ആദ്യത്തെ നക്‌സലൈറ്റ്? എ കെ ഗോപാലനാണ് എന്നു കരുതുന്ന ധാരാളം പേരുണ്ട്. അദ്ദേഹം അന്ന് പാര്‍ലമെന്റ് മെമ്പര്‍ ആയിരുന്നു. അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് വരുമ്പോള്‍ അവിടുത്തെ ചൈനീസ് എംബസിയില്‍നിന്ന് വിപ്ലവത്തേക്കുറിച്ചുള്ള ലഘുലേഖകള്‍ ഒക്കെ കൊണ്ടുവരും. ഇത് ഇവിടെ കൊണ്ടുവന്ന് ഡിവൈഎഫ്‌ഐ യുടെ അന്നത്തെ രൂപമായിരുന്ന കെ എസ്‌വൈഎഫ്കാര്‍ക്ക് കൊടുക്കും എം.വി രാഘവന്‍ അടക്കമുള്ളവരാണ് അന്നത്തെ ക്ഷുബ്ദ യൗവ്വനങ്ങള്‍. അവര്‍ ചൈനീസ് വിപ്ലവ സാഹിത്യം വിവര്‍ത്തനം ചെയ്യുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും. അങ്ങനെ വടക്കന്‍ഭാഗത്ത് കുറച്ച് ചൈനീസ് വിപ്ലവാനുകൂലികള്‍ ഉണ്ടായി. ചൈനയുടെ രീതിയിലാണ് വിപ്ലവം നടക്കേണ്ടത് എന്ന് കരുതുന്ന കുറച്ചുപേര്‍. അവരാണ് പിന്നീട് തലശ്ശേരി-പുല്‍പ്പള്ളി ആക്ഷന്‍ നടത്തുന്നത്. അവര്‍ ജയിലിലായിരുന്ന സമയത്ത് അവരെ കാണാന്‍ വേണ്ടി ഒരിക്കല്‍ എ.കെ ഗോപാലന്‍ ചെന്നു. അന്ന് എകെജി കണ്ണു നിറച്ചു കൊണ്ട് അവരോട് ചോദിച്ച ചോദ്യം ഇതാണ്: ‘ഞാനില്ലാതെ വിപ്ലവം നടത്താമെന്ന് കരുതി, അല്ലേ സഖാക്കളെ?’

അച്യുതമേനോന്‍ മുഖ്യമന്ത്രിയായതിനു ശേഷം തൃശ്ശൂരില്‍ വിശ്രമിക്കുന്ന സമയം. ഞങ്ങള്‍ അന്ന് ജനകീയ സാംസ്‌കാരിക വേദിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. എനിക്കും അച്യുതമേനോനും അറിയാവുന്ന കേശവന്‍ വെള്ളിക്കുളങ്ങര വഴി, ഒരു ക്ഷണം കിട്ടി. ഒന്നു കാണാമോ? ഞാനന്ന് ജനകീയ സാംസ്‌കാരിക വേദിയുടെ സംസ്ഥാന സെക്രട്ടറിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് വിചാരണയൊക്കെക്കഴിഞ്ഞ് ഞങ്ങള്‍ അല്‍പ്പം ഹീറോകളായൊക്കെ കഴിയുന്ന കാലം. അങ്ങനെ അച്യുതമേനോന്റെ വീട്ടില്‍ എത്തുന്നു. അപ്പോള്‍ ഇറങ്ങിയിട്ടുള്ള, കറുത്ത കവറില്‍ ഭംഗിയായി അച്ചടിച്ചിട്ടുള്ള ‘കറുത്ത കവിതകള്‍’ എന്ന പുസ്തകം എന്റെ കൈയ്യിലുണ്ട്. ആദ്യ കോപ്പിയാണ്. അദ്ദേഹത്തിന്റെ കൈയ്യില്‍ കൊടുക്കുന്നു. അച്യുതമേനോന്‍ പുസ്തകം മറിച്ച് നോക്കിയിട്ട് എന്നോട് ചോദിച്ചു. എങ്ങനെ ഇത്രയധികം കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുന്നു, എത്ര പേരുണ്ട് നിങ്ങള്‍? ഞാന്‍ തിരിച്ചുചോദിച്ചു, നിങ്ങള്‍ യുവാക്കളായിരുന്ന കാലത്ത് അന്നത്തെ എസ്.എഫ് ല്‍ എത്ര പേരുണ്ടായിരുന്നു? അത്രയേ ഞങ്ങളുമുള്ളൂ നമ്മള്‍ ചെയ്യണമെന്ന് വിചാരിച്ചാല്‍ അത് ചെയ്യാന്‍ കഴിയും, അതില്‍ എത്ര ആളുണ്ട് എന്നത് വലിയ കാര്യമല്ല എന്ന് സഖാവിന് അറിയാമല്ലോ?

ഞാന്‍ എ.കെ ജി യേയും അച്യുതമേനോനേയും ഈ വര്‍ത്തമാനത്തില്‍ കൊണ്ടുവന്നത് ഇത്രയും പറയാനാണ്: ചെറുപ്പക്കാര്‍ നമുക്ക് തെറ്റെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യും. ചെറുപ്പക്കാര്‍ അത്തരം തെറ്റുകള്‍ ചെയ്തില്ലെങ്കില്‍, ചെറുപ്പക്കാര്‍ വ്യത്യസ്തമായി ചിന്തിച്ചില്ലെങ്കില്‍ ഈ ലോകം നിലനില്‍ക്കുമോ? ഈ ലോകം എന്നേ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ നരച്ചുപോയിട്ടുണ്ടാവും? എ.കെ ജി ക്കും അച്യുതമേനോനും പുതു തലമുറയോട് ഉണ്ടായിരുന്ന, നമ്മുടെ കുട്ടികളല്ലേ എന്ന ഈ സമീപനം എപ്പോഴാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് നഷ്ടപ്പെട്ടു തുടങ്ങിയത്. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

ഇത് കാട് കയറുന്ന നീതിയുടെ മാത്രം കാര്യമല്ല, നാട്ടിലിറങ്ങുന്ന നീതിയുടെകൂടി കാര്യമാണ്. ഞാന്‍ കോഴിക്കോട് നിന്നാണ് വരുന്നത്. താഹ, അലന്‍ എന്നീ കുട്ടികളെക്കുറിച്ച് പത്രങ്ങളില്‍ ധാരാളം കേള്‍ക്കുന്നുണ്ടല്ലോ. പത്തൊന്‍പത് വയസ്സ് ആണ് അലന്. ഈ അറസ്റ്റ് അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ പിറ്റേന്നു മുതല്‍ ഈ കേസ്സിനെ ഞാന്‍ പിന്‍തുടരുന്നു. പോലീസ് പറയുന്നത്, അതാവര്‍ത്തിച്ചു കൊണ്ട് മുഖ്യമന്ത്രി പറയുന്നത്, ചായക്കടയില്‍ നിന്നൊന്നുമല്ല അറസ്റ്റ് ചെയ്തത് അവര്‍ മാവോയിസ്റ്റ് തന്നെ എന്നാണ്. 19 വയസുകാരനായ അലനെ അഞ്ചു വര്‍ഷമായി പോലീസ് പിന്‍തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു പോലും. അതായത് 14 വയസ്സു മുതല്‍, അതായത് മൂത്ത് മുഴു മാവോയിസ്റ്റ് ആവാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നോ പോലീസ്? 14 വയസു മുതല്‍ 19 വയസു വരെ ഒരു മാവോയിസ്റ്റിനെ വളര്‍ത്തുകയായിരുന്നു പോലീസ്. മറ്റേ പയ്യനോ? താഹ ലോ കോളേജില്‍ ആണ് പഠിക്കുന്നത്. കൂലിപ്പണി ഇല്ലാതിരിക്കുന്ന ദിവസങ്ങളില്‍ മാത്രം കോളേജില്‍ പോകുന്ന വിദ്യാര്‍ത്ഥിയാണ്. ഈ രണ്ടു കുട്ടികളെ നേരത്തെ പറഞ്ഞ കരിനിയമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ എന്ത് ന്യായീകരണം? എന്തിന്റെ പേരില്‍? ആദ്യം തന്നെ UAPA ചുമത്തി. ഇപ്പോള്‍ NIA കേസ്സ് ഏറ്റെടുത്തതിനു മുമ്പു തന്നെ മുഖ്യമന്ത്രി വിധി പ്രഖ്യാപിച്ച്കഴിഞ്ഞു, ഓന്‍ മാവോയിസ്റ്റ് ആണെന്ന്.

ഇങ്ങനെയാണോ കാര്യങ്ങളെ നേരിടേണ്ടത്? നിശ്ചയമായും ഐഡിയലിസവും യാഥാര്‍ത്ഥ്യവും തമ്മില്‍ വൈരുധ്യമില്ലേ? ഒരു വ്യക്തി എന്ന നിലയില്‍ നമുക്കുള്ളില്‍ തന്നെ വൈരുദ്ധ്യങ്ങളില്ലേ? അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയും അധികാരവും തമ്മില്‍ വൈരുദ്ധ്യങ്ങളില്ലേ? അത് പാര്‍ട്ടി അണികള്‍, പ്രത്യേകിച്ചും ചെറുപ്പക്കാര്‍ ചൂണ്ടിക്കാണിക്കില്ലേ? അത് സ്വാഭാവികമല്ലേ? ഈ വൈരുദ്ധ്യങ്ങളെ അഭിമുഖീകരിക്കലല്ലേ രാഷ്ട്രീയം എന്ന് പറയുന്നത്? അതല്ലേ കമ്മ്യൂണിസ്റ്റ് വീക്ഷണം എന്ന് പറയുന്നത്? എന്തുകൊണ്ട് ഈ വൈരുദ്ധ്യങ്ങളെ അഭിമുഖീകരികുന്നതിന് പകരമായി ചോദ്യങ്ങളുന്നയിക്കുന്ന ചെറുപ്പക്കാരെ വേട്ടയാടുന്നു? എന്തടിസ്ഥാനത്തില്‍?

അലനും താഹയും യുഎപിഎ എന്ന കരിനിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്യപ്പെടുന്നത് ഒരു മുന്നറിയിപ്പാണ്. അത് പാര്‍ട്ടിക്കുള്ളില്‍ ഇനിയും ഇതേ പോലുള്ള ചോദ്യങ്ങള്‍ ഉയരാതിരിക്കാനുള്ള ഒരു വാണിംഗ് ആണ്. സാധാരണ അമ്പത്തിയേഴു മുതല്‍ കമ്മൂണിസ്റ്റ് ഗവണ്‍മെന്റുകളെക്കുറിച്ചുള്ള ആക്ഷേപം സെല്‍ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിലേറി സെല്‍ ഭരണം നടത്തുന്നവര്‍ എന്നാണ്. സെല്‍ഭരണവും അവസാനിച്ചു കഴിഞ്ഞ ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുമ്പോള്‍ സെക്രട്ടറിയേറ്റില്‍ അല്ല ഭരണം നടക്കുന്നത്. കടിഞ്ഞാണുള്ളത് എകെജി സെന്ററില്‍ ആണ്. പക്ഷെ എകെജി സെന്റര്‍ ഇതേപോലെ നിഷ്പ്രഭമായൊരു കാലം നമുക്ക് ഉണ്ടായിട്ടുണ്ടോ? എവിടെ പാര്‍ട്ടി സെക്രട്ടറി? അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ? ഉണ്ടായാലും കൊള്ളാം, ഇല്ലെങ്കിലും കൊള്ളാം. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും?

ഇങ്ങനെ പിണറായി വിജയന്‍ രാജഭരണം നടത്തുന്ന ഒരു കാലത്ത്, പാര്‍ട്ടിയെ നിഷ്പ്രഭമാക്കി നട്ടെല്ലൊടിച്ച് ഇട്ടിരിക്കുന്ന ഒരു സമയത്ത്, പ്രത്യേകിച്ച് മുഖ്യമന്ത്രി നേരിട്ട് നേതൃത്വം കൊടുക്കുന്ന മാവോയിസ്റ്റ് വേട്ട നടക്കുന്നത് എന്തിനാണ്? എന്താണ് ഇതിന്റെ രാഷ്ട്രീയം? ആര്‍ക്ക് വേണ്ടിയാണ്? കാട് കയറിയിട്ടുള്ള പതിനഞ്ചു പേര്‍, അവരെ നേരിടാനാണ് ഈ സന്നാഹം മുഴുവന്‍. കാറ്റാടി യന്ത്രത്തിനു നേരേ യുദ്ധം ചെയ്യുന്ന കിക്‌സോട്ടിനേപ്പോലെ ആര്‍ക്കു വേണ്ടിയാണ്? എന്തിനു വേണ്ടിയാണ്? ആരെ ബോധിപ്പിക്കാനാണ്, തൃപ്തിപ്പെടുത്താനാണ്? മുഖ്യമന്ത്രി തന്നെ ആഭ്യന്തരവകുപ്പ് കയ്യാളുമ്പോഴും കേരളത്തിലെ പോലീസിനെ നയിക്കുന്നത് അമിത്ഷാ തന്നെയോ? വലതുപക്ഷ പോലീസ് നയം തന്നെയോ?

(മാതൃഭൂമി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ‘കാട് കയറുന്ന നീതി’ എന്ന വിഷയത്തില്‍ മുന്‍ ഡിജിപി ഹോര്‍മ്മിസ് തരകന്‍, സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരോടൊപ്പം നടത്തിയ ഇടപെടലില്‍ നിന്നും ജയലാല്‍ തയ്യാറാക്കിയത – പാഠഭേദം, 2020 മാര്‍ച്ച് ലക്കം.)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply