അഹമ്മദ് മുസ്ലിം  – യവനികയ്ക്കപ്പുറം, ആത്മബലിയുടെ ജ്വാലാമുഖം

അവസാനമായി ഈ നടന്‍ അഭിനയിച്ച ടെലിഫിലിം പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെയാണ്. തിരക്കഥയാക്കിയതും സംവിധാനം ചെയ്തതും ഡെസ്റ്റോയെവ്സ്‌കിയായി അഭിനയിച്ചതുമെല്ലാം അഹമ്മദ് മുസ്ലിം തന്നെ. നോവല്‍ പകര്‍ത്തിയെഴുതാന്‍ വന്ന അന്നയോട് തന്റെ ജീവിതകഥ പറയുന്ന ഭാഗമൊക്കെ ഹൃദയഹാരിയായാണ് അഭിനയിച്ചതെന്ന് ആസ്വാദകലോകം വിധിയെഴുതി. ഒരു പാട് കഷ്ടപ്പാടുകളിലൂടെ കടന്നു വന്ന കഥാനായകന്‍, ജീവിതത്തില്‍ ദുരന്തങ്ങള്‍ ഒന്നൊന്നായി പിടികൂടിയ ആള്‍, മൈക്കിളിന്റേയും മരിയയുടേയും മരണം, ജ്യേഷ്ഠന്‍ ഉണ്ടാക്കി വെച്ച കടങ്ങള്‍.. സങ്കീര്‍ത്തനം പോലെ, ഏറെക്കുറെ ആത്മകഥാപരമാണെന്നും അത് കൊണ്ട് തന്നെ താന്‍ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തു.

ആയിരം വേദികളില്‍ അരങ്ങ് തകര്‍ത്ത, തോപ്പില്‍ ഭാസിയുടെ ‘അളിയന്‍ വന്നത് നന്നായി’ എന്ന പ്രസിദ്ധ നാടകത്തിലെ മുഖ്യകഥാപാത്രമായി അഭിനയിച്ച, തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ബിരുദധാരി, നാട്യങ്ങളില്ലാത്ത നാടകനടന്‍, റിയാദിലെ മുന്‍ പ്രവാസി, ഒരിക്കല്‍ ആത്മഹത്യാശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട അഹമ്മദ് മുസ്ലിം എന്ന പ്രതിഭാശാലി കഴിഞ്ഞ ദിവസം അന്തരിച്ചു. അരികുവല്‍ക്കരിക്കപ്പെട്ട ആ ജീവിതത്തെക്കുറിച്ച് സൗദി മലയാളം ന്യൂസിലെ മുസാഫിര്‍ മുമ്പെഴുതിയത്.

മൂന്നു വര്‍ഷം മുമ്പൊരു ഡിസംബര്‍ പുലരിയുടെ ശൈത്യത്തില്‍ കരുനാഗപ്പള്ളി ഇടക്കുളങ്ങര റെയില്‍പ്പാളങ്ങള്‍ക്ക് മധ്യേ ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി അദൃശ്യതയുടെ നിഴലായി, ഒരു മനുഷ്യന്റെ അവ്യക്തരൂപം. സോഫോക്ലിസിന്റെ ഗ്രീക്ക് ദുരന്തനായകനെപ്പോലെ ആ കൈകള്‍, റെയില്‍വെ സ്റ്റേഷനില്‍ നിന്ന് സിഗ്‌നല്‍വെളിച്ചം കിട്ടി പതിയെ നീങ്ങിത്തുടങ്ങിയ തീവണ്ടിയെ മാടി വിളിക്കാനെന്ന വിധം ഇരുവശത്തേക്കും നീട്ടി വീശുന്നുണ്ടായിരുന്നു. താടിയും മുടിയും നരച്ച പ്രാകൃതവേഷത്തിലുള്ള അയാളുടെ അവസാനത്തെ മൂളിപ്പാട്ട് തീവണ്ടി എന്‍ജിന്റെ ആരവത്തില്‍ മുങ്ങിപ്പോയിട്ടുണ്ടാവണം.

ട്രെയിന്‍ ഡ്രൈവര്‍ ഓച്ചിറക്കാരനായ ശ്രീധരനാണ്. സിഗ്‌നലിലെ പച്ചവെളിച്ചം കണ്ട് മുന്നോട്ടെടുക്കവെ ശ്രീധരന്‍ അകലെ പാളത്തിന്റെ നടുവിലെ ഈ കാഴ്ച കണ്ട് സഡന്‍ ബ്രേയ്ക്കിട്ടു. റെയില്‍പ്പാളത്തില്‍ ക്രിസ്തുരൂപം പോലെ ഒരാള്‍. വണ്ടി കുലുക്കത്തോടെ നിന്നു. ഡ്രൈവര്‍ ചാടിയിറങ്ങുമ്പോഴും ആത്മഹത്യയ്ക്കും കൊലയ്ക്കും മധ്യേ ആര്‍ത്തനാദം പോലെയെന്ന ചുള്ളിക്കാടിന്റെ കവിത മൂളുകയായിരുന്നു ആ മനുഷ്യന്‍. ചാടിയിറങ്ങിയ ഡ്രൈവര്‍, സ്വയം മരിക്കാനൊരുങ്ങിയ അയാളെ തിരിച്ചറിഞ്ഞു. ഇരുവരും ഒരേ കാലഘട്ടത്തില്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ പഠിച്ചവര്‍. മുന്‍പിന്‍ നോക്കാതെ ശ്രീധരന്‍, ആ മനുഷ്യന്റെ ചെകിടത്തൊന്ന് പൊട്ടിച്ചു. പിന്നെ പാളത്തിനു പുറത്തേക്ക് തള്ളി മാറ്റി. അഞ്ചു മിനുട്ട് മുമ്പ് ആകാശത്തേക്കുയര്‍ത്തിയ കൈകള്‍, കോളേജ്മേറ്റായ എന്‍ജിന്‍ ഡ്രൈവറുടെ നേരെ ദയാവായ്പോടെ നീണ്ടു. വിട്ടൊഴിയാത്ത മദ്യലഹരിയില്‍ അയാള്‍ മൊഴിഞ്ഞു: സോറി, എനിക്ക് മാപ്പ് തരണം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നാടകരംഗത്ത് നീണ്ട നാലു പതിറ്റാണ്ട് പിന്നിട്ട അഹമ്മദ് മുസ്ലിം എന്ന അഭിനയ പ്രതിഭയായിരുന്നു അത്. അല്‍പമൊന്ന് ശ്രദ്ധ തെറ്റിയിരുന്നെങ്കില്‍, അഥവാ തീവണ്ടിയുടെ വേഗത കൂടിയിരുന്നുവെങ്കില്‍ തുണ്ടം തുണ്ടമാകേണ്ടിയിരുന്ന മനുഷ്യ ജീവന്‍. ആള്‍ക്കൂട്ടം ഈ കാഴ്ച കണ്ട് ചുറ്റിലും കൂടി. റെയില്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന അഹമ്മദ് മുസ്ലിമിന്റെ ബന്ധുവും കലാസ്‌നേഹിയുമായ നസീര്‍ മണ്ണേല്‍ ( ഗള്‍ഫിലെ കലാകാരനും ടി. വി അവതാരകാനുമായ റെജി മണ്ണേലിന്റെ സഹോദരന്‍ ) അഹമ്മദ് മുസ്ലിമിനെ ഏറ്റെടുത്തു. തന്റെ വീട്ടില്‍ പാര്‍പ്പിച്ചു. അമിത മദ്യപാനം പക്ഷെ അദ്ദേഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയായിരുന്നു.

ജിദ്ദയിലെ നാടകപ്രവര്‍ത്തകനായിരുന്ന സുഹൃത്ത് സന്തോഷ്ഖാനാണ് നാടകലോകത്തെ അഹമ്മദ് മുസ്ലിമിന്റെ അനര്‍ഘസംഭാവനകളെക്കുറിച്ച് ആദ്യമായി ഈ ലേഖകനോട് പറഞ്ഞത്. സന്തോഷ്ഖാന്റെ മാതൃസഹോദരനാണ് അഹമ്മദ് മുസ്ലിം. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചു. സന്തോഷ് ഖാന്റെ സ്നേഹപൂര്‍വമായ നിര്‍ബന്ധമില്ലായിരുന്നുവെങ്കില്‍ അദ്ദേഹം അഭിമുഖത്തിന് സമ്മതിക്കുമായിരുന്നില്ല. പുറംലോകം എന്നെ അറിയേണ്ടതില്ല എന്ന് ഭാവിക്കുന്ന ആ അന്തര്‍മുഖത്വം പിന്നീട് അദ്ദേഹത്തിന്റെ ഓരോ ചലനത്തിലും ദൃശ്യമാവുകയും ചെയ്തു.

സ്വാതന്ത്ര്യസമരസേനാനിയും ദേശീയ നേതാവുമായ ലാലാലജ്പത്റായിയുടെ പേരിലുള്ള കരുനാഗപ്പള്ളി ലാലാജി വായനശാലയിലായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച. പണ്ഡിറ്റ് നെഹ്റുവുള്‍പ്പെടെ നിരവധി നേതാക്കള്‍ സന്ദര്‍ശനം നടത്തിയതിന്റെ കൈയൊപ്പുകള്‍ പതിഞ്ഞ വായനശാലയിലിരുന്ന് അഹമ്മദ് മുസ്ലിം തന്റെ കഥ പറഞ്ഞു. പാറിപ്പറന്ന മുടിയും അലസവേഷവുമായി, ജീവിത പരിസരത്തോട് തീര്‍ത്തും നിസ്സംഗഭാവത്തില്‍, ചിലപ്പോഴൊക്കെ നാടകീയതയോടെ തന്റെ കലാജീവിതത്തിന്റെ കര്‍ട്ടനുയര്‍ത്തി. ശാസ്താംകോട്ട ഡി.ബി കോളേജില്‍ പഠിക്കുമ്പോള്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് പ്രൊഫ. ജി. ശങ്കരപ്പിള്ളയുമായുള്ള സഹവാസമാണ് അഹമ്മദ് മുസ്ലിമിലെ നാടകകലാകാരനെ പുറത്ത് കൊണ്ടു വന്നത്. വിദ്യാര്‍ഥിയായിരിക്കുമ്പോഴേ അഭിനയ മോഹം തലയ്ക്കു പിടിച്ച ഈ ചെറുപ്പക്കാരനെ ശങ്കരപ്പിള്ള സാര്‍ സൂക്ഷ്മമായി ശ്രദ്ധിച്ചു തുടങ്ങി. കലാശാലാതലത്തില്‍ നടത്തിയ നാടകമല്‍സരത്തില്‍ മകുടി എന്ന നാടകം അഹമ്മദ് മുസ്ലിമും കൂട്ടുകാരും അരങ്ങേറി. ഈ നാടകത്തിനായിരുന്നു ഒന്നാം സ്ഥാനം.

സംസ്ഥാന സര്‍ക്കാര്‍ തൃശൂര്‍ അരണാട്ടുകരയില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ സ്ഥാപിക്കപ്പെട്ടപ്പോള്‍ അവിടെ ആദ്യത്തെ മേധാവിയായി എത്തിയ ശങ്കരപ്പിള്ള സാര്‍, അഹമ്മദ് മുസ്ലിമിനോട് അവിടെ ബിരുദപഠനത്തിനു ചേരാന്‍ നിര്‍ബന്ധിച്ചു. അതായിരുന്നു ഈ നടന്റെ വഴിത്തിരിവ്. പ്രസിദ്ധ സംവിധായകരായ ശ്യാമപ്രസാദ്, രഞ്ജിത്, പി. ബാലചന്ദ്രന്‍, വി.കെ. പ്രകാശ്, സന്ധ്യാ രാജേന്ദ്രന്‍ (നടന്‍ മുകേഷിന്റെ സഹോദരി), മുരളീ മേനോന്‍ എന്നിവരൊക്കെ അക്കാലത്ത് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ഥികള്‍. ഉല്‍സവഭരിതമായിരുന്നു സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലമെന്ന് അഹമ്മദ് മുസ്ലിം അനുസ്മരിക്കുന്നു. ഇക്കാലത്താണ് ശങ്കരപ്പിള്ളയുടെ ‘കറുത്ത ദൈവത്തെത്തേടി’ എന്ന നാടകത്തിലെ അഭിനയത്തിന് അഹമ്മദ് മുസ്ലിമിന് ദേശീയ മെഡല്‍ ലഭിച്ചത്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തൃശൂര്‍ കള്‍ട്ട് എന്ന നാടകസംഘത്തോടൊപ്പം പ്രവര്‍ത്തിച്ചു. കാവാലം നാരായണപ്പണിക്കരുമായുള്ള ബന്ധം ഇക്കാലത്താരംഭിച്ചു. അദ്ദേഹത്തിന്റെ നാടകങ്ങളിലും നല്ല വേഷങ്ങള്‍ ചെയ്തു. തോപ്പില്‍ ഭാസിയുടെ പ്രസിദ്ധമായ ‘അളിയന്‍ വന്നത് നന്നായി’ എന്ന നാടകം ഇന്ത്യയ്ക്കകത്തും പുറത്തുമായി ആയിരത്തിലേറെ വേദികളില്‍ അരങ്ങ് തകര്‍ത്തു. നായകവേഷം അഹമ്മദ് മുസ്ലിമിനായിരുന്നു. പ്രിയദര്‍ശന്‍, ലെനിന്‍ രാജേന്ദ്രന്‍, രാജീവ് നാഥ് എന്നിവരോടൊപ്പം ചേര്‍ന്ന് ഇക്കാലത്ത് സിനിമയുമായും സഹകരിച്ചു. ഈ സംവിധായകരോടൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. അതോടൊപ്പം നിരവധി അമേച്വര്‍- പ്രൊഫഷണല്‍ നാടകങ്ങള്‍ സംവിധാനം ചെയ്തു. സാമുവല്‍ ബെക്കറ്റിന്റെ വെയിറ്റിംഗ് ഫോര്‍ ഗോദൊ, ഷെയ്ക്സ്പിയറിന്റെ മാക്ബെത്ത് എന്നീ നാടകങ്ങള്‍ അഹമ്മദ് മുസ്ലിം, മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും അരങ്ങിലെത്തിക്കുകയും ചെയ്തു. ഒ.വി. വിജയന്റെ പ്രസിദ്ധമായ കടല്‍ത്തീരത്ത് എന്ന കഥ ടെലിഫിലിമാക്കിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. നാടകത്തിനു വേണ്ടി ജീവിതം സ്വയം സമര്‍പ്പിച്ചതിന്റെ സര്‍ഗമുദ്രകളായിരുന്നു ഇവയത്രയും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘റുഖിയ ഉമ്മാള്‍ നിസ്‌കരിക്കുകയാണ്’ എന്ന നാടകത്തിലൂടെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം അഹമ്മദ് മുസ്ലിമിനു ലഭിച്ചതും ഇക്കാലത്താണ്. ഇതിനിടെ ദൂരദര്‍ശനു വേണ്ടി നിരവധി ടെലിഫിലിമുകള്‍ സംവിധാനം ചെയ്തു. പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന വിഖ്യാത നോവലിന്റെ നാടകാവിഷ്‌കാരം, നാടകകൃത്ത്, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ അഹമ്മദ് മുസ്ലിമിന്റെ യശസ്സ് കലാലോകത്ത് സവ്യസാചിത്വം നേടിക്കൊടുത്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ നിരവധി കഥകളുടെ നാടകാവിഷ്‌കാരവും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ, രഞ്ജിത്തിന്റെ ‘ലീല’ എന്ന സിനിമയിലും (കഥ – ഉണ്ണി ആര്‍.) വി.കെ പ്രകാശിന്റെ ‘മരുഭൂമിയിലെ ആന’ ‘യു ടേണ്‍’ എന്നീ സിനിമകളിലും ചില ടെലിഫിലിമുകളിലും അഭിനയിക്കുകയും ചെയ്തു ഈ കലാകാരന്‍. നാടകമെഴുത്ത്, വിവര്‍ത്തനം, അഭിനയം, സംവിധാനം എന്നീ നിലകളിലൊക്കെ സമര്‍പ്പിത ചേതസ്സായി ഉല്‍സാഹപൂര്‍വം സഞ്ചരിച്ചിട്ടും എന്തേ കേരളീയ സാംസ്‌കാരിക ലോകം താങ്കളെ വേണ്ടവിധം പരിഗണിച്ചില്ല എന്ന ചോദ്യത്തിന് അഹമ്മദ് മുസ്ലിമിന് ഉത്തരമുണ്ട്. മദ്യപാനം കൊണ്ട് ജീവിതം സ്വയം തകര്‍ത്തത് കൊണ്ടായിരിക്കണം. ഞാനൊരു മുഴുക്കുടിയനായിരുന്നു. ആത്മഹത്യാശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതിനുശേഷം നല്ല നടപ്പ് തുടരുന്നു- അദ്ദേഹം പറഞ്ഞു.

സര്‍ഗ പ്രവര്‍ത്തനത്തിനിടെ, മദ്യപാനം പെരുകിയപ്പോള്‍ സുഹൃത്തുക്കളും സൗദിയിലുള്ള ബന്ധുക്കളും ചേര്‍ന്ന് റിയാദില്‍ കൊണ്ടുവന്നു. കാര്യമായ ജോലിയൊന്നും കിട്ടിയില്ല. രണ്ടര വര്‍ഷം ഒരു പെട്രോള്‍ബങ്കിലെ ജോലിക്കാരനായി. പിന്നെ നിരാശയോടെ തിരിച്ചുപോവുകയായിരുന്നു.
സെലിബ്രിറ്റിയാകണമെന്ന മോഹമൊന്നും എനിക്കില്ലായിരുന്നു എന്നതും എന്നെ ആരും ശ്രദ്ധിക്കാത്തതിനു കാരണമായിരിക്കണം- അദ്ദേഹം പറഞ്ഞു.

ഭരത് മുരളിയുമായുള്ള ബന്ധം ഏറെ ഹൃദയഹാരിയായിരുന്നു. നീണ്ടകരയിലൊരു നാടകോല്‍സവം ഉദ്ഘാടനം ചെയ്യാനെത്തിയ മുരളി, സദസ്സിന്റെ ഏറ്റവും പിറകിലിരിക്കുന്ന അഹമ്മദ് മുസ്ലിമിനെ വേദിയില്‍നിന്ന് കാണുകയും താഴേക്കിറങ്ങി വന്ന് അദ്ദേഹത്തെ നിര്‍ബന്ധിച്ച് സ്റ്റേജിലേക്കാനയിച്ച് ആ പരിപാടി തനിക്ക് പകരം അഹമ്മദ് മുസ്ലിമിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുകയുമുണ്ടായി. ഈ സംഭവത്തോടെ ഇങ്ങനെയൊരാള്‍ നമുക്കിടയിലുണ്ടോ എന്ന് അദ്ഭുതം കൊള്ളുകയായിരുന്നു അവിടത്തെ മുഴുവന്‍ കലാപ്രവര്‍ത്തകരും ഒപ്പം സദസ്യരും. മരിക്കുന്നത് വരെ മുരളി തന്റെ കാര്യത്തില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായും സ്നേഹസൗഹൃദങ്ങള്‍ പങ്ക് വെച്ചിരുന്നതായും അഹമ്മദ് മുസ്ലിം  ഓര്‍ത്തു..

അവസാനമായി ഈ നടന്‍ അഭിനയിച്ച ടെലിഫിലിം പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെയാണ്. തിരക്കഥയാക്കിയതും സംവിധാനം ചെയ്തതും ഡെസ്റ്റോയെവ്സ്‌കിയായി അഭിനയിച്ചതുമെല്ലാം അഹമ്മദ് മുസ്ലിം തന്നെ. നോവല്‍ പകര്‍ത്തിയെഴുതാന്‍ വന്ന അന്നയോട് തന്റെ ജീവിതകഥ പറയുന്ന ഭാഗമൊക്കെ ഹൃദയഹാരിയായാണ് അഭിനയിച്ചതെന്ന് ആസ്വാദകലോകം വിധിയെഴുതി. ഒരു പാട് കഷ്ടപ്പാടുകളിലൂടെ കടന്നു വന്ന കഥാനായകന്‍, ജീവിതത്തില്‍ ദുരന്തങ്ങള്‍ ഒന്നൊന്നായി പിടികൂടിയ ആള്‍, മൈക്കിളിന്റേയും മരിയയുടേയും മരണം, ജ്യേഷ്ഠന്‍ ഉണ്ടാക്കി വെച്ച കടങ്ങള്‍.. സങ്കീര്‍ത്തനം പോലെ, ഏറെക്കുറെ ആത്മകഥാപരമാണെന്നും അത് കൊണ്ട് തന്നെ താന്‍ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നുവെന്നും ആ നടന്‍ ഓര്‍ത്തു. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറി, നാടക വായനയുമായി, ചിലപ്പോഴൊക്കെ ചെറിയ റോളുകളിലെ അഭിനയവുമായി, ഒതുങ്ങി ഇങ്ങനെ കഴിഞ്ഞു കൂടിയാല്‍ മതി എന്നായിരുന്നു അദ്ദേഹമന്ന് പറഞ്ഞത്.

അനുസരണയില്ലാത്ത മുടി മാടിയൊതുക്കി ഈ മഹാനടന്‍ മന്ത്രിച്ചു – ഒരിക്കല്‍ മരണം തോറ്റ് മടങ്ങി. ഇനി മരണം ഏത് സമയത്തും ഏത് രൂപത്തിലും കടന്നു വരട്ടെ, അപ്പോള്‍ യവനിക വീഴും. ഉള്ളിലെ തീനാളങ്ങള്‍ അണയും. ഫ്ളാഷ് ലൈറ്റ് കെടും. ഗ്രീന്‍ റൂം നിശ്ചലമാകും, പ്രോംപ്റ്ററുടെ മൊഴികള്‍ കേള്‍ക്കാതാവും. അതെ, ബെക്കറ്റിന്റെ കഥാപാത്രം പോലെ, വെയിറ്റിംഗ് ഫോര്‍ ഗോദൊ..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply