എന്തിനു അംബേദ്കര്‍ ‘ബുദ്ധ ഓര്‍ കാള്‍ മാര്‍ക്‌സ്’ എന്ന പ്രസംഗം രചിച്ചു ?

പ്രാഥമികമായി അംബേദ്കറിനെ മാര്‍ക്‌സിസത്തിന്റെയും ബുദ്ധിസത്തിന്റെയും ലോകത്തെ നോക്കിക്കാണുന്ന തത്വജ്ഞാന-വിജ്ഞാന രൂപങ്ങളിലുള്ള മാതൃകകള്‍ സ്വാധീനിച്ചു എന്നുള്ളത് വസ്തുതയാണ്. ലോകത്തെ നോക്കികാണുന്നതിനുള്ള ഒരു തത്വജ്ഞാനവും അതിനനുസരിച്ച് ചിട്ടപ്പെടുത്തിയ ഒരു സാമൂഹിക ജീവിതവും സാമൂഹിക ക്രമത്തിന്റെ അനിവാര്യമായ ഭാഗമാണെന്ന് അംബേദ്കര്‍ വിശ്വസിച്ചു പോന്നിരുന്നു. അത് ”ബുദ്ധ ഓര്‍ കാള്‍ മാര്‍ക്‌സ്” എന്ന പുസ്തകത്തില്‍ അംബേദ്കര്‍ വ്യക്തമാക്കുന്നുണ്ട്. മാര്‍ക്‌സിസത്തിന്റെയും ബുദ്ധിസത്തിന്റെയും പരമപ്രധാനമായ സാമ്യമായി അംബേദ്കര്‍ കാണുന്നത് ഈ മാതൃകയാണ്. ലോകത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള ചര്‍ച്ചകളക്ക് ഒട്ടുമേ മൂല്യമില്ലെന്നും ഒരു നല്ല നാളെക്കായി അതിന്റെ മെച്ചപ്പെട്ട മാറ്റത്തിനായി അനുഗുണമാകും വിധം ചിട്ടപ്പെടുത്തിയ ഒരു സാമൂഹിക ക്രമം രൂപപ്പെടേണ്ടതുണ്ടെന്ന് ഈ രണ്ട് തത്വജ്ഞാന മാതൃകകളും വിശ്വസിച്ചുപോന്നു.

സ്പൈഡര്‍മാന്‍ ഇന്‍ ടു ദി സ്‌പൈഡര്‍ വെര്‍സ് എന്ന ഒരു സിനിമയുണ്ട്. 2018 ല്‍ മാര്‍വെല്‍ കോമിക്‌സിന്റെ സഹകരണത്തോടെ സോണി പിക്ചര്‍സ് അനിമേഷനും കൊളമ്പിയ പിക്ചഴ്സും ചേര്‍ന്ന് പുറത്തിറക്കിയ അനിമേഷന്‍ സിനിമയാണ് ഇത്. വളരെ നല്ലൊരു സിനിമയാണ്. ആദ്യമായി കറുത്ത വര്‍ഗക്കാരനായ ഒരു സ്പൈഡര്‍മാനെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് ആ സിനിമയില്‍ ആണ്. ലോകത്ത് പല ഡൈമെന്‍ഷനിലുള്ള സ്പൈഡര്‍മാന്‍മാരെ സിനിമയില്‍ ചിത്രീകരിക്കുന്നു. ആഫ്രിക്കന്‍ വംശജനായ സ്പൈഡര്‍മാനായ മൈല്‍സ് മൊറെയില്‍സ്,, മെക്‌സിക്കന്‍ വേഷവിധാനങ്ങളുള്ള മാജിക്കല്‍ സ്പൈഡര്‍മാനായ സ്പൈഡര്‍മാന്‍ നോയര്‍. മറ്റൊരു ഡൈമെന്‍ഷനില്‍ നിന്നുമുള്ള സ്‌പൈഡര്‍ വുമണായ ഗ്വേന്‍ സ്‌റ്റൈസി. സ്പൈഡര്‍ റോബോട്ട് നിയന്ത്രിക്കുന്ന കിഴക്കന്‍ ഏഷ്യന്‍ ഛായയുള്ള സ്‌പൈഡര്‍ പെണ്‍കുട്ടി പെനി പാര്‍ക്കര്‍ അങ്ങനെ വിവിധ തരത്തിലുള്ള സ്പൈഡര്‍മാന്‍ രൂപങ്ങള്‍. ചിലപ്പോള്‍ ഇത് വളരെ രസകരമായ ഒരു പരിശോധയാണ്. സിനിമ അവസാനിക്കുന്നിടത്ത് സ്പൈഡര്‍മാന്‍ ഒരു രൂപകമാണെന്നും ഒരു സൂപ്പര്‍ ഹീറോ അകാന്‍ ആര്‍ക്കും കഴിയും എന്നൊക്കെ സിനിമ പറഞ്ഞുവക്കുന്നുണ്ട്.

ഞാന്‍ പറയുന്നു ലോകത്തില്‍ അതുപോലെ തന്നെ പല തരത്തിലുള്ള അംബേദ്കര്‍ ഉണ്ടെന്ന്. ചിലപ്പോള്‍ അയാള്‍ ഒരു സാമൂഹ്യ ശാസ്ത്രജ്ഞനാണ്. ചിലപ്പോള്‍ അയാള്‍ ഒരു ആധ്യാത്മികനേതാവാണ്. ചിലപ്പോള്‍ അയാള്‍ ഒരു രാഷ്ട്രീയ തത്വജ്ഞാനിയാണ്. ചിലപ്പോള്‍ അയാള്‍ ഒരു തീവ്രവാദിയാണ്… ദേശരാഷ്ട്ര വിരുദ്ധനാണ്, ഉത്തരാധുനികനാണ്. എനിക്കറിയില്ല അദ്ദേഹം എന്തൊക്കെയാണെന്ന്. സ്‌പൈഡര്‍ വേര്‍സില്‍ സൂചിപ്പിച്ചതുപോലെ അംബേദ്കര്‍ പുതിയ കാലത്ത് ഒരു മെറ്റഫോര്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്. അതെങ്ങനെയൊക്കെയാണെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള ശ്രമമാണ് ഈ ചെറു കുറിപ്പ്.

എന്തിനു അംബേദ്കര്‍ ‘ബുദ്ധ ഓര്‍ കാള്‍ മാര്‍ക്‌സ്’ എന്ന പ്രസംഗം രചിച്ചു എന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ എപ്പോഴും ചിന്തിക്കാറുള്ള ഒരു വിഷയമാണ്. എല്ലാ കാലത്തെയും പോലെ അതൊരു ഉത്തരം കിട്ടാത്ത പ്രഹേളികയായിരുന്നു. തികച്ചും ആധുനികവും ശാസ്ത്രീയവുമാണെന്ന് കരുതിപ്പോരുന്ന മാര്‍ക്‌സിസ്‌റ് പ്രത്യയശാസ്ത്രത്തെ രൂപവത്കരിച്ച കാള്‍ മാര്‍ക്സും, ചിലയിടങ്ങളിലെങ്കിലും ദേശരാഷ്ട്ര സ്വഭാവത്തിലേക്ക് / രൂപത്തിലേക്ക് മാറിയ ബുദ്ധിസ്‌റ് തത്വജ്ഞാനം മുന്നോട്ട് വച്ച ഹിന്ദുത്വ വിരുദ്ധനായ ബുദ്ധനെയും അംബേദ്കര്‍ എന്തിന് താരതമ്യം ചെയ്തു എന്നതിലാണ് കാര്യം. ഇരുവരും തമ്മില്‍ 2381 വര്‍ഷങ്ങളോളമുള്ള ചരിത്രപരമായ അന്തരമുണ്ട് എന്നതുകൂടി ഈയവസരത്തില്‍ നമ്മള്‍ പരിഗണിക്കേണ്ടതായുണ്ട്. അവിടെ നിന്നുകൊണ്ട് അംബേദ്കറേയും മാര്കസിനെയും താരതമ്യം ചെയ്താല്‍ കുറച്ചുകൂടി വ്യക്തമായി ഇവരുടെ തത്വജ്ഞാനത്തിന്റെ സവിശേഷതകള്‍ സ്വര്‍ണത്തില്‍ നിന്നെപ്പോലെ വേര്‍തിരിച്ചെടുക്കാം.

പ്രാഥമികമായി അംബേദ്കറിനെ മാര്‍ക്‌സിസത്തിന്റെയും ബുദ്ധിസത്തിന്റെയും ലോകത്തെ നോക്കിക്കാണുന്ന തത്വജ്ഞാന-വിജ്ഞാന രൂപങ്ങളിലുള്ള മാതൃകകള്‍ സ്വാധീനിച്ചു എന്നുള്ളത് വസ്തുതയാണ്. ലോകത്തെ നോക്കികാണുന്നതിനുള്ള ഒരു തത്വജ്ഞാനവും അതിനനുസരിച്ച് ചിട്ടപ്പെടുത്തിയ ഒരു സാമൂഹിക ജീവിതവും സാമൂഹിക ക്രമത്തിന്റെ അനിവാര്യമായ ഭാഗമാണെന്ന് അംബേദ്കര്‍ വിശ്വസിച്ചു പോന്നിരുന്നു. അത് ”ബുദ്ധ ഓര്‍ കാള്‍ മാര്‍ക്‌സ്” എന്ന പുസ്തകത്തില്‍ അംബേദ്കര്‍ വ്യക്തമാക്കുന്നുണ്ട്. മാര്‍ക്‌സിസത്തിന്റെയും ബുദ്ധിസത്തിന്റെയും പരമപ്രധാനമായ സാമ്യമായി അംബേദ്കര്‍ കാണുന്നത് ഈ മാതൃകയാണ്. ലോകത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള ചര്‍ച്ചകളക്ക് ഒട്ടുമേ മൂല്യമില്ലെന്നും ഒരു നല്ല നാളെക്കായി അതിന്റെ മെച്ചപ്പെട്ട മാറ്റത്തിനായി അനുഗുണമാകും വിധം ചിട്ടപ്പെടുത്തിയ ഒരു സാമൂഹിക ക്രമം രൂപപ്പെടേണ്ടതുണ്ടെന്ന് ഈ രണ്ട് തത്വജ്ഞാന മാതൃകകളും വിശ്വസിച്ചുപോന്നു.

ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യത്തെക്കാള്‍ സമഗ്രമായി മെച്ചപ്പെട്ട സാമൂഹിക മാറ്റത്തിനനുകൂലമായി ചിട്ടപ്പെടുത്തിയ സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള തത്വജ്ഞാനമാണ് മാര്‍ക്‌സിസവും ബുദ്ധിസവും എന്ന് അംബേദ്കര്‍ വ്യക്തമാക്കുന്നുണ്ട്. രണ്ട് തത്വജ്ഞാനങ്ങളുടെയും ഈ സാമ്യം നിറഞ്ഞ രീതിശാസ്ത്രമാണ് അംബേദ്കറെ സ്വാധീനിച്ചത്. ദൈവ – സ്വര്‍ഗ്ഗ-നരഗ ജന്മാന്തര ആധ്യാത്മിക ചിന്തകളില്ലാതെ ലോകത്തെ വിവേചനബുദ്ധിയോടെ നോക്കിക്കാണാനും ആത്മപരിശോധന നടത്തി വസ്തുതകളുടെ തെറ്റും ശരികളെയും ബോധ്യപ്പെടാനും സ്വീകരിക്കാനും ബുദ്ധന്‍ ആവശ്യപെടുന്നതായി അംബേദ്കര്‍ മനസിലാക്കുന്നു. ലോകത്തിന്റെ പ്രശ്‌നങ്ങളിലൊന്ന് ദുഖവും സ്വകാര്യ സ്വത്തുമാണെന്ന് ബുദ്ധന്‍ വിവക്ഷിക്കുന്നതായി അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ രീതിശാത്രം തന്നെയാണ് മാര്‍ക്‌സിന്റെ സാമൂഹ്യശാസ്ത്ര പരിശോധനകളും തെളിഞ്ഞുവരുന്നത്. ലോകത്തുണ്ടാകാന്‍ സാധ്യതയുള്ള സാമൂഹിക മാറ്റത്തിനെ ബുദ്ധനും മാര്‍ക്സും തള്ളിക്കളയുന്നില്ല. മൂലധനത്തിന്റെ വളര്‍ച്ച നടക്കുമെന്നും, മൂലധനവും ഉല്പാദനോപകരണങ്ങളും കൈവശപ്പെടുത്തിയവര്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ളവന്റെ മിച്ചമൂല്യം കൈവശപ്പെടുത്തുമെന്നും ചരിത്രം താഴെത്തട്ടിലുള്ളവരും ഉല്പാദനോപകരണം കൈവശം വക്കുന്നവരും തമ്മിലുള്ള വര്‍ഗ സമരത്തിന്റെയാണെന്നും മാര്‍ക്‌സ് വിലയിരുത്തുന്നതായി അംബേദ്കര്‍ സൂചിപ്പിക്കുന്നുണ്ട്. ചരിത്രത്തെ മുന്നോട്ട് നയിക്കുന്ന അടിസ്ഥാന ഘടകം ഉല്പാദന ഘടകങ്ങള്‍ ആണെന്ന് മാര്‍ക്‌സ ഉദ്ദരിചെന്ന് അംബേദ്കര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. സമൂഹത്തിന്റെ മെച്ചപ്പെട്ട പുരോഗതിക്ക് സാമൂഹിക തലത്തില്‍ പൊതുമേഖലക്ക് കീഴില്‍ എല്ലാ ഘടനയെയും കൊണ്ടുവരണമെന്ന മാര്‍ക്‌സിന്റെ സോഷ്യലിസ്റ്റ് സ്വപ്നത്തെ അംബേദ്കര്‍ പ്രതീക്ഷ നല്‍കുന്ന ഒരു തത്വജ്ഞാനമായി കരുതുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് അംബേദ്കര്‍ ഇരു രീതിശാസ്ത്രങ്ങളെയും താരതമ്യം ചെയ്യുന്നത്.

ആധുനിക സാമൂഹിക ശാസ്ത്രത്തെയും കടന്ന് അംബേദ്കര്‍ സഞ്ചരിക്കുന്നതിന്റെ ആദ്യത്തെ പ്രത്യക്ഷ ലക്ഷണമായി വേണം ഇതിനെ സമീപിക്കാന്‍. സാമൂഹിക ചലനത്തില്‍ തത്വജ്ഞാനങ്ങളുടെയും മൂല്യങ്ങളുടെയും ശുഭപ്രതീക്ഷകളുടെയും അതിനനുസരിച്ച് ചിട്ടപ്പെടുത്തിയ ഒരു സാമൂഹിക ജീവിതത്തിന്റെയും പ്രാധാന്യം അംബേദ്കര്‍ തിരിച്ചറിയുന്നതിന്റെ തെളിവാണിത്. ദൈവമുണ്ടോ എന്ന ചോദ്യത്തിനേക്കാള്‍ അംബേദ്കര്‍ ഒരു മെച്ചപ്പെട്ട സാമൂഹിക മാറ്റത്തിനനുകൂലമായി ജീവിതരീതിയെ ക്രമപ്പെടുത്തിയ സാമൂഹിക ജീവിതത്തെയാണ് മതമായി കരുതുന്നുത്. അതാണ് അംബേദ്കറിന്റെ സാമൂഹ്യ ശാസ്ത്ര പരിശോധനകളിലെ ഞെട്ടിക്കുന്ന നിലപാട്. സാമൂഹിക ജീവിതത്തില്‍ തത്വജ്ഞാനങ്ങളുടെയും മൂല്യങ്ങളുടെയും ശുഭപ്രതീക്ഷകളുടെയും സവിശേഷമായ സങ്കലനവും അതിനനുസരിച്ച് മെച്ചപ്പെട്ട ഒന്നിനെ പരിശോധന നടത്തി ബോധ്യപ്പെട്ട് സ്വീകരിക്കാനുള്ള ഉത്തരവാദിത്വവുമായിട്ടാണ് അംബേദ്കര്‍ മതങ്ങളെ കണ്ടത്. മത നിരാസമല്ല മറിച്ച് സാമൂഹിക ജീവിതത്തില്‍ അതിന്റെ പ്രവര്‍ത്തനത്തിന്റെ സവിശേഷ സ്ഥാനമാണ് അംബേദ്കര്‍ പരിഗണിക്കുന്നത്. മാര്‍ക്‌സിസത്തിന് പോലും മതത്തിന്റെ സാമൂഹിക സവിശേഷതകള്‍ സ്വംശീകരിക്കാനാകും എന്നുള്ളത്‌കൊണ്ടാണ് അംബേദ്കര്‍ ബുദ്ധനെയും മാര്‍ക്‌സിനെയും താരതമ്യം ചെയുന്നത്. അത് മോശമാണെന്നല്ല അത് തികച്ചും സമൂഹത്തിന് മെച്ചപ്പെട്ട ഒരു പ്രതീക്ഷ നല്കുന്നതിലാണ് അംബേദ്കറിനനെ വീണ്ടും അതിന് പ്രേരിപ്പിക്കുന്നത്. അംബേദ്കര്‍ മാര്‍ക്‌സിനെ വിമര്ശിക്കുന്നില്ലെന്നല്ല അതിനര്‍ത്ഥം വിവിധ സാമൂഹിക പരിസരത്തില്‍ അംബേദ്കര്‍ മാര്‍ക്‌സിനെ നേരിട്ടും അല്ലാതെയും വിമര്‍ശിക്കുന്നുണ്ട്. പക്ഷെ ലേഖകന്‍ ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിച്ചത് അംബേദ്കര്‍ മാര്‍ക്‌സിനെ ബുദ്ധനോട് സമീകരിക്കുന്നത് എങ്ങനെയാണെന്ന് കുറച്ചുകൂടി വ്യക്തമാക്കാനാണ്.

ലോകത്തിന്റെ പ്രശ്‌നം ദുഖമാണെന്നും വിവിധ സാമൂഹിക വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് അതിന്റെ കാരണമെന്നും ബുദ്ധന്‍ വ്യക്തമാക്കുന്നതായി അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നു. ദൈവ – സ്വര്‍ഗ്ഗ – നരഗ ജന്മാന്തര ചിന്തകളില്ലാതെ ലോകത്തെ വിവേചനബുദ്ധിയോടെ നോക്കിക്കാണാനും ആത്മപരിശോധന നടത്തി വസ്തുതകളുടെ തെറ്റും ശരികളെയും ബോധ്യപ്പെടാനും സ്വീകരിക്കാനും ബുദ്ധന്‍ ഒരുപാട് കാഴ്ചപാടുകള്‍ സൈദ്ധാന്തികമായി മുന്നോട്ട് വെക്കുന്നത് പോലെ മാര്‍ക്‌സിന്റെ ചില കണ്ടെത്തലുകളോട് അംബേദ്കര്‍ യോജിക്കുന്നുണ്ട്. അത് മുന്‍പ് സൂചിപ്പിച്ചതുപോലെ ലോകത്തെ നോക്കിക്കാണുന്ന മാതൃകയിലാണ്. മാര്‍ക്‌സ് സമര്‍ദ്ധിച്ചതുപോലെ തത്വജ്ഞാനം ലോകത്തെ മെച്ചപ്പെട്ട സാമൂഹിക മാറ്റത്തിനനുകൂലമാക്കി മാറ്റിത്തീര്‍ക്കാണ് കഴിയുന്ന ഒന്നായി പരിഗണിക്കണം എന്നും ലോകത്തില്‍ സ്വകാര്യസ്വത്തുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമുണ്ടെന്ന് അംബേദ്കര്‍ അംഗീകരിക്കുന്നു. ഉല്പാദനോപകരണങ്ങള്‍ എക്കാലവും കൈവശം വയ്ക്കുന്ന ഒരു വര്‍ഗമുണ്ടെന്നും അവര്‍ തൊഴിലെടുക്കുന്നവന്റെ മിച്ചമൂല്യം കയ്യടുക്കുന്ന ചൂഷണ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും മാര്‍ക്‌സ് വിവരിക്കുന്നതിനെയും അംബേദ്കര്‍ അംഗീകരിക്കുന്നു. എന്നാല്‍ ആ വര്‍ഗത്തിനെതിരെയുള്ള തൊഴിലാളി വര്‍ഗ സമരമങ്ങളുടെ ചരിത്രമാണ് ലോകത്തിന്റേതെന്നും സാമ്പത്തിക ഘടകങ്ങളാണ് സാമൂഹിക ചലനത്തെ നിയന്ത്രിക്കുന്നതെന്നുമുള്ള മാര്‍ക്‌സിന്റെ അടിസ്ഥാനപരമായ വാദത്തെ അംബേദ്കര്‍ ഖണ്ഡിക്കുന്നു. അതായത് ലോകത്തിന്റെ പ്രശ്‌നത്തെയും, അത് പരിഹരിക്കപ്പെടുന്നതിന് അനുകൂലമായ ഒരു മാറ്റത്തെ ശുഭാപ്തി വിശ്വാസത്തോടെ നോക്കികാണുന്നതിലും ചില കാര്യങ്ങളില്‍ ബുദ്ധനും മാര്‍ക്സും താരതമ്യപ്പെടുത്താവുന്നവരാണെങ്കിലും ലോകത്തിന്റെ മാറ്റം സാമ്പത്തിക ഘടകങ്ങളുടെ ദിശയില്‍ മാത്രമാണ് എന്ന് കാള്‍ മാര്‍ക്‌സ് വാദിക്കുന്നതിനെ അംബേദ്കര്‍ ഖണ്ഡിക്കുന്നുണ്ട്.

ലോകത്തെ മാറ്റിത്തീര്‍ക്കാന്‍ മാര്‍ക്‌സ് മുന്നോട്ട് വയ്ക്കുന്ന പൊതുമുതല്‍ എന്ന സ്ഥൂല ഘടനയെ അംബേദ്കറിന് വിശ്വാസമില്ല. അങ്ങനെ ഒന്ന് നിലനില്‍ക്കില്ലെന്ന് അംബേദ്കറിന് ഉറച്ചബോധ്യമുണ്ടായിരുന്നു. റഷ്യയെ ചൂണ്ടക്കാട്ടി ആ വാദത്തെ ആദ്ദേഹം സമര്‍ഥിക്കുണ്ടെങ്കിലും ജാതി നിര്‍മൂലനം എന്ന ഗ്രന്ഥത്തിലാണ് മാര്‍ക്‌സിസത്തിന്റെ നട്ടെല്ലൊടിക്കുന്ന സൈദ്ധാന്തിക ഇടപെടല്‍ അംബേദ്കര്‍ നടത്തുന്നത്. വര്‍ഗ സമരത്തെ പോലും അംബേദ്കര്‍ വിശ്വത്തിലെടുക്കാത്തത് സമൂഹത്തില്‍ വിവിധ സ്വത്വ വിഭാഗങ്ങളെക്കുറിച്ചും അവര്‍ തമ്മില്‍ നിലനില്‍ക്കുന്ന വിവേചനത്തെക്കുറിച്ചും അംബേദ്കറിന് തികഞ്ഞ ബോധ്യമുള്ളതുകൊണ്ടാണ്. ജാതി എന്നത് തൊഴില്‍ വിഭജനമല്ല തൊഴിലാളികളുടെ വിഭജനമാണെന്ന് അംബേദ്കറിന് ജാതി നിര്‍മൂലനം എന്ന ഗ്രന്ഥത്തില്‍ സമര്‍ഥിക്കേണ്ടതായി വരുന്നത് അതുകൊണ്ടാണ്. ഇന്ത്യയിലെ തൊഴിലാളി പാര്‍ട്ടികളില്‍ ഉയര്‍ന്ന കമ്മിറ്റികളില്‍ ഒന്നിലും ദളിതുകള്‍ക്കും ആദിവസകള്‍ക്കും മുസ്ലിങ്ങള്‍ക്കുമൊന്നും സാമൂഹിക നീതിക്കനുസരിച്ച ആവശ്യമുള്ള പ്രാതിനിധ്യം കിട്ടുകയില്ല എന്ന് അംബേദ്കര്‍ ചരിത്രപരമായി അന്ന് പ്രവചിക്കുകയായിരുന്നു. സാമൂഹിക ഘടനയില്‍ നിലനില്‍ക്കുന്ന വിവേചനത്തെയാണ് അംബേദ്കര്‍ അന്ന് അഭിസംബോധന ചെയ്തത്. അങ്ങനെ തെളിവുസഹിതം അംബേദ്കര്‍ മാര്‍ക്‌സിന്റെ വര്‍ഗ സമര സിദ്ധാന്തത്തിന്റെ അടിവേരറുക്കുന്നത് ഒരൊറ്റ വാചകത്തിലാണ് എന്നോര്‍ക്കണം. വര്‍ഗ സമരം സിദ്ധാന്തത്തില്‍ വിവിധ സ്വത്വ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഒരിക്കലും പരിഗണിക്കപ്പെടില്ല എന്ന് തന്നെയാണ് അംബേദ്കര്‍ വ്യക്തമാക്കുന്നത്. ലോകവ്യാപകമായി തൊഴിലാളികളുടെ മിച്ചമൂല്യം ഉത്പാദകര്‍ ചൂഷണം ചെയുന്നതുപോലെയല്ല സ്വത്വത്തിന്റെ പേരില്‍ ചില വിഭാഗങ്ങളെ തൊഴിലാളികള്‍ പോലും അടിച്ചമര്‍ത്തുന്നത് എന്നാണ് അംബേദ്കര്‍ സൂചിപ്പിക്കുന്നത്. പ്രാഥമികമായി തൊഴിലാളി ആയതുകൊണ്ട് മിച്ചമൂല്യം ചൂഷണം ചെയ്യപ്പെടുന്നതും സ്വത്വപരമായി ഒരു വിഭാഗത്തില്‍ നിലനില്കുന്നതുകൊണ്ട് വിവേചനം ചെയ്യപ്പെടുന്നതും രണ്ടാണെന്ന് അര്‍ത്ഥം. സ്വത്വപരമായ വിവേചനം തൊഴിലാളികള്‍ക്കിടയിലും സംഭവിക്കുന്നു. മിച്ചമൂല്യം ചൂഷണം ചെയപെടുമ്പോഴും ദളിതനോ, ആദിവാസിയോ, ആഫ്രിക്കന്‍ വംശജനോ, മുസ്ലിമോ, ലൈംഗിക ന്യൂനപക്ഷമോ സ്ത്രീയോ ആയ തൊഴിലാളി മറ്റു തൊഴിലാളികളാല്‍ വിവേചനം ചെയ്യപ്പെടുക കൂടി ചെയുമെന്നര്‍ത്ഥം. തൊഴിലാളി മാത്രമല്ല സാമൂഹിക ഘടന ആകെയാണ് വിവേചനം ചെയ്യുന്നതെന്നും അടിച്ചമര്‍ത്തുന്നതുമാണ് അംബേദ്കര്‍ സത്യത്തില്‍ സൂചിപ്പിക്കുന്നത്. ലോകവ്യാപകമായി സ്വത്വ പ്രശ്‌നങ്ങളെ സമീപിക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റുകള്‍ക്കുണ്ടാകുന്ന സാമൂഹ്യശാസ്ത്രപരമായ പിശകിനെയാണ് അംബേദ്കര്‍ അന്ന് ചൂണ്ടിക്കാട്ടിയത് എന്ന് കൂടി ഓര്‍ക്കുമ്പോഴാണ് ലോകത്തെ സമഗ്രമായി വിലയിരുത്താനും തിരുത്താനും ശേഷിയുള്ള ഒന്നായി അംബേദ്കറിസം മാറുന്നത്. സമൂഹത്തിന് ഒരു സ്ഥൂല ഘടനയുണ്ടെന്നും അതിനു സമാനമായി ഒരു വ്യക്തിയിലേക്ക് പ്രവേശിക്കുന്ന ഒരു സൂക്ഷ്മാഗ്രം ഉണ്ടെന്നുമുള്ള സൂക്ഷ്മരാഷ്ട്രീയത്തിന്റെ ആണിക്കലായിരുന്നു ആ വാദം. സൂക്ഷിച്ചു നോക്കിയാല്‍ സമൂഹത്തിന്റെ സ്വത്വ വിവേചനകളുടെ റിസീവിങ് എന്‍ഡില്‍ നില്‍ക്കുന്നവരുടെ വാദമാണ് അത് എന്ന് നമുക്ക് മനസിലാകും.

അംബേദ്കറിനെ സംബന്ധിച്ച് ബുദ്ധനും മാര്‍ക്സും പരസ്പരം വ്യതിചലിക്കുന്നത് എന്ത് സാമൂഹിക സാഹചര്യം ഭാവിയില്‍ കരഗതമാകുമെന്ന് അവര്‍ സമര്ഥിക്കുന്നുവോ അത് പ്രാപ്തമാക്കുന്ന മാര്‍ഗങ്ങളുടെ വ്യത്യാസങ്ങളാലാണ്. ബുദ്ധന്‍ സാമൂഹിക ജീവിതം നിയന്ത്രിക്കുന്നതിലൂടെ മെച്ചപ്പെട്ട ലോകം പ്രാപ്തമാകുമെന്ന് പ്രതീക്ഷിക്കുന്നെങ്കില്‍ മാര്‍ക്‌സ് തീര്‍ത്തും ജനാധിപത്യ വിരുദ്ധമായി ആക്രമണങ്ങളുടെ മാതൃകയില്‍ ലോകം മാറ്റിയെടുക്കാമെന്ന് കരുതുന്നു. പ്രാഥമികമായി മാര്‍ക്‌സിന്റെ വര്ഗ സമരത്തിന്റെ സാധ്യത തന്നെ സാമൂഹ്യശാസ്ത്രപരമായി അംബേദ്കര്‍ മുന്‍പേ തള്ളിക്കളയുന്നുണ്ട്. അതിന് ശേഷമാണ് ആധുനിക സമൂഹത്തില്‍ ആക്രമണത്തിലൂടെ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് അംബേദ്കര്‍ പ്രഖ്യാപിക്കുന്നത്. ആക്രമണത്തെ അംബേദ്കര്‍ ആധുനികമായ കരുതുന്നില്ല. എന്നാല്‍ ആക്രമണത്തേക്കാള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും ബുദ്ധന്‍ സമ്മര്‍ദ്ദത്തെ പ്രധാനമായി കരുതിയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു (അംബേദ്കര്‍ ഈ സമ്മര്‍ദ്ദം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് ഈ കുറിപ്പിന്റെ അവസാനഭാഗത്ത് സൂചിപ്പിക്കുന്നതാണ്. അത് ഓര്‍ത്തുവെച്ച് പോകേണ്ടതുണ്ട്). എന്നാല്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് ആത്യന്തികമായി അക്രമണത്തെമാത്രമേ സാധൂകരിക്കാന്‍ കഴിയു. മാര്‍ക്‌സിസത്തിന്റെ ജനാധിപത്യ വിരുദ്ധ സ്വഭാവവും അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നു സമഗ്രാധിപത്യമുള്ള ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിനകത്ത് ജനാധിപത്യം അസംഭവ്യമായിരിക്കും എന്ന തികഞ്ഞ പൗര ബോധം അദ്ദേഹത്തിനുണ്ടായി. വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി അനുസരിച്ച് പങ്കാളിത്തമുള്ള ആധുനികമായ ഒരു പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്ലാത്ത വിമര്‍ശിക്കാനുള്ള സാധ്യതയില്ലാത്ത അധികാര സംവിധാനത്തോട് ഉത്തരവാദിത്വം മാത്രമുള്ള സമഗ്രാധിപത്യമുള്ള ഒരു ദേശരാഷ്ട്രം എന്നത് തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവസാന ഭാഗമായി അംബേദ്കര്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് കൂടി വിമര്ശനമുള്ള കമ്മ്യൂണിസ്റ്റ് ദേശരാഷ്ട്രം ഒരിക്കല്‍ ഇല്ലാതാകും എന്ന മാര്‍ക്‌സിസ്‌റ് ശുഭപ്രതീക്ഷയെയടക്കം വിമര്ശനവിധേയമാകുന്നുണ്ട്. ദേശരാഷ്ട്രം ഇല്ലാതാകും എന്ന സങ്കല്പത്തെ കമ്മ്യൂണിസ്റ്റുകള്‍ കൂടി ഇപ്പോള്‍ അംഗീകരിക്കാത്തതുകൊണ്ട് നമുക്കതിനെക്കുറിച്ചു ഒരു പരിശോധന ആവശ്യമില്ല.

എന്നാല്‍ ബുദ്ധിസത്തോടൊപ്പം അംബേദ്കര്‍ സാമൂഹിക ഘടനയെ പുതുക്കി പണിയാന്‍ സാമൂഹ്യ ശാസ്ത്രജ്ഞന്‍ എന്ന നിലയിലും ഒരു രാഷ്ട്രീയ തത്വജ്ഞാനി എന്ന നിലയിലും എന്ത് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് എന്ന് പരിശോധിക്കപെടേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ബുദ്ധനില്‍ നിന്നും തുടങ്ങുന്ന അംബേദ്കറുടെ ലോക വീക്ഷണം ആധുനികതയെ ഇഴുകിച്ചേര്‍ന്ന് കടന്ന് പോകുന്നതും മാര്‍ക്‌സിസത്തില്‍ നിന്നും അതിനുള്ള അകലവും നമുക്ക് തിരിച്ചറിയാനാകു.

പ്രാഥമികമായി അംബേദ്കറിസം നിലനില്‍ക്കുന്ന സാമൂഹിക ഘടനയെ വിവിധ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന അധിക മൂല്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നോക്കികാണുന്നത്. ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ ഹിന്ദുത്വം ഐതിഹ്യങ്ങളായും അമ്മുമ്മക്കഥകളായും നാടോടിക്കഥകളായും പലതലമുറകള്‍ കടന്ന് നിലനില്‍ക്കുകയാണ്. ഈ ഐതീഹ്യങ്ങളും അമ്മുമ്മക്കഥകളും നാടോടിക്കഥകളും ഉല്പാദിപ്പിക്കുന്നത് വേദങ്ങളും സ്മൃതികളും ബ്രാഹ്മങ്ങളും ഉപനിഷത്തുക്കളും സാമൂഹിക ക്രമത്തില്‍ നിഷ്‌കര്‍ഷിക്കുന്ന വിവേചന ശുദ്ധാശുദ്ധി സവിശേഷ അധികാര സങ്കല്പങ്ങളാണ്. പൗരന്മാരുടെ ഏറ്റവു സൂക്ഷമജീവിതത്തിലേക്ക് വരെ ഇതിന്റെ സാമൂഹിക വിവേചന ബോധം ഇറങ്ങി നില്കുന്നു. മാര്‍ക്‌സ് സൂചിപ്പിക്കുന്നതുപോലെ സാമൂഹിക ചലനം കേവലമായ സാമ്പത്തിക/ഉല്പാദന ഘടകങ്ങളെ കേന്ദ്രീകരിച്ചു മാത്രമല്ല നിലനില്‍ക്കുന്നത്. എന്നുള്ളത് ഇവിടെയാണ് പ്രധാനമാകുന്നത്. ദരിദ്രരായ സന്യാസിമാരെയും ഫക്കീര്‍മാരെയു ലോകത്തുള്ള ആളുകള്‍ ബഹുമാനിക്കുന്നത് അവര്ക് പണമുള്ളതുകൊണ്ടല്ല അതിനേക്കാള്‍ മൂല്യം സാമൂഹിക ഘടനയില്‍ അവര്‍ക്ക് ലഭിക്കുന്നതുകൊണ്ടാണ് എന്ന അംബേദ്കര്‍ ഉദാഹരിക്കുന്നു. ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ ഈ അധികമൂല്യം ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര എന്ന ജാതി ശ്രേണിക്കനുസരിച്ചാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഹിന്ദുത്വത്തിന്റെ ഈ ശ്രേണീകൃതമായ അസമത്വത്തിലാണ് സമൂഹം നിര്മിതമായിരിക്കുന്നത് എന്നാണ് അംബേദ്കര്‍ തെളിവുകളോടെ വ്യക്തമാകുന്നത്.

രാജ്യത്തെ രാഷ്ട്രീയ അധികാരവും സാമൂഹിക അധികാരവും വിഭവങ്ങളുടെ വിതരണവും ദേശ രാഷ്ട്ര സംവിധാനങ്ങളില് വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യവും ഈ ശ്രേണീകൃതമായ അസമത്വത്തിന്റെ മാതൃകയിലാണ് രൂപപ്പെട്ടിരിക്കുന്നത് എന്നാണ് അംബേദ്കര്‍ ബോധ്യപ്പെടുത്തുന്നത്. ആധുനിക സമൂഹത്തില്‍ വിവേചനം നിലനില്‍കുന്നത് ഈ രൂപത്തിലാണ് എന്ന് അംബേദ്കറിന് ബോധ്യപ്പെടുന്നു. മാര്‍ക്‌സിസ്‌റ് സൈദ്ധാന്തികതക്ക് ഒരിക്കലും എത്തിച്ചേരാന്‍ കഴിയാത്ത ഒരു നിഗമനമാണിത്. അത് ഇത്തരം പല പ്രതലങ്ങളെ ബോധ്യപ്പെടാന്‍ ത്രാണിയുള്ള ഒന്നല്ല. ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ ഘടകങ്ങളും ഈ ശ്രേണീകൃതമായ അസമത്വത്തില്‍ രൂപപ്പെട്ടിരിക്കുന്നതുകൊണ്ട് തന്നെ സമൂഹം സഹസ്രാബ്ദങ്ങള്‍ സഞ്ചരിച്ചുകഴിഞ്ഞാലും ഈ മൂല്യവ്യവസ്ഥയെ നിലനിര്‍ത്തുന്ന വേദങ്ങളും സ്മൃതികളും ബ്രാഹ്മങ്ങളും ഉപനിഷത്തുക്കളും ഐതീഹ്യങ്ങളും അമ്മുമ്മക്കഥകളും പ്രാഥമികമായി പൊതു ജനങ്ങള്‍ വിമര്‍ശിച്ചു ജനാധിപത്യ ബോധത്തോടെ തിരസ്‌കരിക്കുക എന്നത് ഇന്ത്യന്‍ സാമൂഹിക ഘടനയുടെ പരിഷ്‌കരണത്തിന് അനിവാര്യമാണ് എന്ന് ജാതി നിര്‍മൂലനം എന്ന കൃതിയില്‍ അംബേദ്കര്‍ വ്യക്തമാക്കുന്നു. അംബേദ്കറിന്റെ സാമൂഹിക പരിഷകരണ തത്വം ആരംഭിക്കുന്നത് തന്നെ ഈ മൂല്യവ്യവസ്ഥയെ ഉന്മൂലനം ചെയുക എന്നതാണ്. അതിനായി ഹിന്ദുത്വത്തിന്റെ സൈദ്ധാന്തിക അടിത്തറയായ ഈ ലിഖിതങ്ങളെ വിമര്‍ശിക്കുകയും അതിനെ തിരസ്‌കരിക്കുകയും ചെയ്യണെമെന്ന് അംബേദ്കര്‍ സമര്‍ത്ഥിക്കുന്നു. അതിനകത്ത് നിന്നുള്ള പരിഷ്‌കരണം അത് നിലനിര്‍ത്തുന്ന മൂല്യവ്യവസ്ഥയെ ന്യായീകരിക്കുന്നതായതുകൊണ്ട് സമൂഹത്തിന്റെ ആകെമൊത്തമുള്ള മാറ്റത്തിന് അത് അനുകൂലമല്ല.

ഒരു പക്ഷെ ആധുനികാനന്തര കാലത്ത് ചില വിഭാഗങ്ങളുടെ സ്വത്വത്തിനും ജ്ഞാനവ്യവസ്ഥക്കും ഭാഷാപ്രയോഗങ്ങള്‍ക്കും അടക്കം ഒരു അധീശത്വ അധികമൂല്യം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഉത്തരാധുനിക സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തുന്നതിന് എത്രയോ കാലങ്ങള്‍ക്ക് മുന്‍പാണ് അംബേദ്കര്‍ ഹിന്ദുത്വ സമൂഹത്തിലെ അതെ അധീശത്വ മൂല്യ വ്യവസ്ഥയെക്കുറിച്ചു വ്യക്തമാക്കിയത്. സാമൂഹിക അധികാരത്തിലുള്ള ചില വിഭാഗങ്ങളുടെ ഈ സവിശേഷ അധികാരത്തെ മറികടക്കാനാണ് അദ്ദേഹം ദേശരാഷ്ട്രത്തിനകത്ത് അധികാരം കുറഞ്ഞ വിഭാഗങ്ങള്‍ക്ക് ‘കമ്മ്യൂണല്‍ അവാര്‍ഡ്’ എന്ന സങ്കല്‍പം മുന്നോട്ട് വെച്ചത്. സാമൂഹിക ഘടനയെ നയപരമായി സ്വാധീനിക്കണമെങ്കില്‍ സാമൂഹിക അധികാരം കുറഞ്ഞ വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്ക് നയപരമായി കൂടുതല്‍ രാഷ്ട്രീയ അധികാരം നല്‍കാനുള്ള പരിരക്ഷയായിരുന്നു ഇത് എന്ന് ജാതി നിര്‍മൂലനത്തില്‍ അംബേദ്കര്‍ വ്യക്തമാക്കുന്നു. സമൂഹത്തില്‍ പൊതുമുതല്‍ എന്ന മാര്‍ക്‌സിസ്‌റ് സങ്കല്പത്തെക്കാള്‍ സാമൂഹിക അധികാരം കുറഞ്ഞ വിവിധ വിഭാഗങ്ങള്‍ക്ക് സാമൂഹിക അധികാരം ഉയര്‍ത്താനായി ഈ വിഭാഗങ്ങള്‍ക്കിടയില്‍ രാജ്യത്തെ വിഭവങ്ങളുടെ വിതരണത്തില്‍ നീതിയുക്തമായ സമത്വം വേണമെന്നതായിരുന്ന അദ്ദേഹത്തിന്റ നിലപാട്.

ഇങ്ങനെ സമൂഹത്തെ എങ്ങനെ മാറ്റിത്തീര്‍ക്കണം എന്ന നിര്‍ണായകമായ ചോദ്യത്തിന് അംബേദ്കറിന് തീര്‍ത്തും ആധുനികവും ആധുനികാനന്തരവുമായ നയപരിപാടികളുടെ സങ്കലനമാണ് ഉണ്ടായിരുന്നത്. ആധുനിക ലോകം പരിഗണിക്കുന്ന ഭൗതിക സവിശേഷതകളെയും സമൂഹം യുക്തിസഹമായി ചിന്തിക്കാന്‍ പ്രാപ്തമാണെന്നും മാത്രം വിലയിരുത്തികൊണ്ടല്ല അദ്ദേഹം നിലപാടുകള്‍ എടുത്തത്. മറിച്ച് വേദങ്ങളും സ്മൃതികളും ഉപനിഷത്തുക്കളും നിഷ്‌കര്‍ഷിക്കുന്ന വിവേചനത്തെ കരുത്ത് പിടിപ്പിക്കുന്ന ഹിന്ദു കഥകള്‍ വളരെ സ്വഭാവികവത്കരിക്കപ്പെട്ട ഒരു ശ്രേണീകൃതമായ അധീശത്വ മൂല്യവ്യവസ്ഥയുള്ളൊരു സമൂഹത്തിന്റെ സകല പ്രതലങ്ങളും പരിഗണിച്ചുകൊണ്ടാണ് അദ്ദേഹം നിലപാടെടുത്തത്.

ഈ സവിശേഷതകളെ ചുരുക്കി ഇങ്ങനെ പറയാം ഹിന്ദു കഥകള്‍ സ്വാഭാവികവത്കരിച്ച അധീശത്വ മൂല്യവ്യവസ്ഥ 1. ഈ ജാതി അധീശത്വ മൂല്യവ്യവസ്ഥക്ക് അനുഗുണമായി വിതരണം ചെയ്യപ്പെട്ട സാമൂഹിക അധികാരം 2, രാഷ്ട്രീയ അധികാരം 3, സമൂഹത്തിലെ ഭൂമിയും സമ്പത്തും അടക്കമുള്ള വിഭവങ്ങള്‍ 4. ദേശരാഷ്ട്ര സംവിധാനമടക്കമുള്ള സമൂഹത്തിലെ എല്ലാ അധികാര സ്ഥാനങ്ങളിലെയും വിവിധ വിഭാഗങ്ങള്‍ക്കുള്ള പ്രാതിനിധ്യം 5. ഇവക്കെല്ലാം അനുസരിച്ചു ബലപ്പെടുന്ന സാമൂഹിക അധികാരം 6. ഈ ആറ് പ്രതലങ്ങളില്‍ സാമൂഹിക നീതി സ്വാഭാവികമായി നടപ്പാക്കപ്പെടുമ്പോള്‍ വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്ക് അവരുടെ വികസനത്തിനനുകൂലമായ നയങ്ങള്‍ സ്വീകരിക്കാനായി ദേശ രാഷ്ട്രത്തെ ”സമ്മര്‍ദപ്പെടുത്താന്‍” കഴിയുന്ന തരത്തില്‍ ഒരു പ്രബല വിഭാഗമായി മാറാന്‍ കഴിയും. വിഭവങ്ങള്‍ കൈവശം വയ്ക്കുന്ന, അധികാര സ്ഥാനങ്ങളില്‍ മികച്ച പ്രാതിനിധ്യമുള്ള, സാമൂഹിക അധികാരമുള്ള സാമൂഹിക വിഭാഗങ്ങളെ തിരസ്‌കരിക്കാന്‍ ഒരു ദേശരാഷ്ട്രത്തിനും കഴിയുകയില്ല. അതുകൊണ്ട് തന്നെ അവര്‍ക്കനുകൂലമായ നയങ്ങള്‍ സ്വീകരിക്കപ്പെടുകയും വികസനം സ്വാഭാവികമായി സമാവിക്കുകയും ചെയ്യും. ഇതാണ് ലേഖകന്‍ മുന്‍പ് സൂചിപ്പിച്ച അംബേദ്കറിന്റെ ”സമ്മര്‍ദം” എന്ന സങ്കല്‍പം. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഭൂപരിഷ്‌കരണം മുതല്‍ അവസാനം നടപ്പാക്കിയ സവര്‍ണ്ണ സംവരണം പോലും സവര്ണര്ക്ക് അനുകൂലമായിത്തീരുന്നത് വിഭവങ്ങള്‍ അവരുടെ കൈവശം ഉള്ളതുകൊണ്ടും, അധികാര സ്ഥാനങ്ങളില്‍ അവര്‍ക്ക് മികച്ച പ്രാതിനിധ്യമുള്ളതുകൊണ്ടും, സാമൂഹിക അധികാരവും സ്വീകാര്യതയും അവര്ക്ക് അധികമുള്ളതുകൊണ്ടുമാണ്. ഒന്ന് ശ്രദ്ധിച്ചാല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും കോടതിയും പോലീസും അങ്ങനെ എല്ലാ സാമൂഹ്യ അധികാര വ്യവസ്ഥയും ചില വിഭാഗങ്ങള്‍ക്ക് അനുകൂലമാകുകയും ചില വിഭാഗങ്ങള്‍ക്ക് വിവേചനം ചെയുകയും ചെയുന്നത് ഇതുകൊണ്ട് കൂടിയാണ്.

മാര്ക്‌സിനെയും അംബേദ്കറിനെയും പരിഗണിക്കുമ്പോള്‍ ഏറ്റവും പ്രധാനമായ വസ്തുത മാര്‍ക്‌സ് സമൂഹത്തിന്റെ മുഴുവന്‍ ചലനവും ഉല്പാദന ബന്ധങ്ങളില്‍ കോര്‍ത്തു കാണുമ്പോള്‍ അംബേദ്കറിന്റെ സാമൂഹിക പരിശോധനയില്‍ ഇത്തരത്തില്‍ സമഗ്രമായ ഘടകങ്ങളാണ് കാണുക എന്നതാണ്. മാര്‍ക്‌സിനു ശേഷം വന്ന ഗ്രാംഷിക്കു പോലും അതിന്റെ (ഉല്പാദനബന്ധങ്ങളുടെ) സാംസ്‌കാരിക അധീശത്വം വരെയേ എത്താന്‍ കഴിഞ്ഞുള്ളു. അപ്പോഴും അംബേദ്കര്‍ അതിനെയും കവിഞ്ഞ് ഒഴുകുകയും പുതിയ രീതി ശാസ്ത്രങ്ങളിലേക്ക് പടരുകയും ചെയ്തു. അംബേദ്കര്‍ ഈ ദേശ രാഷ്ട്രസംവിധാനത്തില്‍ പ്രത്യയശാസ്ത്രപരമായി ഹിന്ദുത്വം നിലനില്കുന്നതിനെ ജാതി നിര്‍മൂലനത്തില്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ് എത്രകാലം കഴിഞ്ഞിട്ടാണ് അതിന് സമാനമായ ലൂയിസ് അല്‍ത്തൂസര്‍ ഐഡിയളോജിക്കല്‍ സ്റ്റേറ്റ് അപ്പാരറ്റസ് എന്ന സങ്കല്‍പം തന്നെ മുന്നോട്ട് വക്കുന്നത്. ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രീയ അധികാരം വരുന്നത് ആധുനിക സമൂഹത്തിന് ഒട്ടുമേ ഗുണം ചെയ്യില്ലെന്നും അംബേദ്കര്‍ വ്യക്തമാക്കിയിരുന്നു. ഇന്നത്തെ ദേശരാഷ്ട്രത്തിന്റെ സ്വഭാവത്തെകുറിച്ചുപോലും അല്‍ത്തൂസറിനേക്കാള്‍ മുന്‍പേ അദ്ദേഹത്തിന് കാണാന്‍ കാണാന്‍ കഴിഞ്ഞു എന്നതാണ് വസ്തുത. അതാണ് മാര്‍ക്‌സിസത്തിന്റെ തുടര്‍ച്ച പോലും ”അംബേദ്കറിന് ശേഷം കൊഴിഞ്ഞുപോയിരിക്കുന്നു” എന്ന് പറയേണ്ടി വരുന്നത്.

ആധുനികമായ ദേശരാഷ്ട്രത്തിന്റെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലും ഉദ്യോഗസ്ഥ അധികാര സംവിധാനത്തിലും വിഭവങ്ങളുടെ വിതരണത്തിലും നയപരമായും സാമൂഹിക ഘടനയിലെ മൂല്യങ്ങളിലും സമഗ്രമായ മാറ്റം വരേണ്ടതുണ്ടെന്ന് അംബേദ്കര്‍ സമര്‍ത്ഥിക്കുന്നു. അംബേദ്കറിന്റെ ഈ തത്വജ്ഞാനം വരുന്നത് കേവലമായ യൂറോ കേന്ദ്രീകൃതമായ ആധുനിക സാമൂഹിക ശാസ്ത്രത്തില്‍ നിന്നും മാത്രമല്ലെന്നും അതിനും പുറകോട്ട് പോയാല്‍ ബുദ്ധനിലും അശോകനിലും ബിര്‍സ മുണ്ടയിലും കാള്‍ മാര്‍ക്‌സിന്റെ സമകാലീനനായ ജ്യോതി റാവു ഭുലേയിലും സാവിത്രി ഭുലേയിലും ഭീമ കൊറേഗാവ് പോരാളികളിലും അയ്യങ്കാളിയിലും പൊയ്കയില്‍ അപ്പച്ചനിലും വരെ അതിന്റെ സ്രോതസ് കിടക്കുന്നുണ്ടെന്നു നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെയാണ് അംബേദ്കറിന്റെ ജ്ഞാനവ്യവസ്ഥ രൂപപ്പെടുന്നത് അതിന് ആധുനികതയെ കവച്ചുവെക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്.

അംബേദ്കറിലൂടെ വികസിക്കുന്ന ആ സ്രോതസിന്റെ തുടര്‍ച്ച രോഹിത് വെമുലയിലും വിനായകനിലും ഡോക്ടര്‍ പായല്‍ തട്വിയിലും ഡോക്ടര്‍ അനിതയിലും അവസാനം റാപ്പര്‍ വേടനില്‍ വരെ അങ്ങനെ അനേകമനേകം ആളുകളിലെല്ലാം അതിന്റെ പ്രതിധ്വനി ചെന്നെത്തിപ്പെടുമെന്നും സമൂഹത്തിന് ബോധ്യപ്പെടേണ്ടിയിരിക്കുന്നു. സത്യത്തില്‍ അംബേദ്കര്‍ ഒരു വ്യക്തി മാത്രമല്ല സ്‌പൈഡര്‍ വേര്‍സില്‍ സൂചിപ്പിക്കുന്നതുപോലെ അതൊരു രൂപകമാണ്, ഒരു പ്രതിരോധത്തിന്റെ പേരാണ്. സഹസ്രാബ്ധങ്ങളായി ചെറു ചെറു കനല്‍ത്തരികളായി എരിഞ്ഞെറിഞ്ഞ് ആളിപടരുന്നൊരു രീതിശാസ്ത്രവും തത്വജ്ഞാനവുമാണ്. അതിന്റെ മൂര്‍ച്ചയില്‍ കുതിച്ചുപായുന്നൊരു മുന്നേറ്റവുമാണ്. മാര്ക്‌സിന് മുന്‍പും മാര്ക്‌സിന് ശേഷവും എത്ര അംബേദ്കര്‍ എന്ന നിര്‍ണായകമായ ചോദ്യത്തിലേക്ക് നമ്മള്‍ കടന്ന് വരേണ്ടി വരുന്നത് അതുകൊണ്ടാണ്.

(ഈ ഒരു ബോധ്യത്തിലേക്ക് ലേഖകനെ എത്തിച്ചത് സുഹൃത്തും സഹപാഠിയുമായ ശ്രുതീഷ് കണ്ണാടി ആണെന്ന വസ്തുത ഇവിടെ സൂചിപ്പിക്കാതെ പോകാന്‍ കഴിയില്ല. ഞങ്ങളുടെ സഹോദര്യത്തിലും സ്‌നേഹത്തിലും ബോധ്യപ്പെടലുകളിലും ഏറ്റവും സുന്ദരവും ശക്തവുമായി സംഭവിച്ചത് അംബേദ്കര്‍ എന്ന ആണെന്ന് പറയാതിരിക്കുവാന്‍ ആകില്ല.)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply