ഗുജറാത്ത് ഓര്‍മ്മകള്‍ക്കു പുറകിലെ രാഷ്ട്രീയം

India the Modi Question എന്ന പേരില്‍ ബിബിസി നിര്‍മ്മിച്ച ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുക തന്നെയാണ്. രണ്ടു ഭാഗങ്ങളായി തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ ആദ്യഭാഗം പ്രധാനമായും ഗുജറാത്ത് വംശഹത്യയെ കേന്ദ്രീകരിച്ചാണ്. രണ്ടാം ഭാഗമാകട്ടെ മോദി അധികാരത്തിലെത്തിയ ശേഷം നടന്ന പൗരത്വ ഭേദഗതി, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍, ബീഫിന്റെ പേരിലുള്ള വംശീയ കൊലകള്‍ തുടങ്ങിയ സംഭവവികാസങ്ങളെ കേന്ദ്രീകരിച്ചതാണ്. രാഷ്ട്രീയം ഗൗരവമായി വീക്ഷിക്കുന്നവര്‍ക്ക് ഇതൊന്നും പുതുമയുള്ള വിഷയങ്ങളല്ല. ഇവയൊക്കെയുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകളും പുസ്തകങ്ങളും ഡോക്യുമെന്ററികളുമെല്ലാം ഇറങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തെ കുറിച്ച് ഈ ഡോക്യുമെന്ററിയേക്കാള്‍ എത്രയോ മികച്ച ഡോക്യുമെന്ററികള്‍ ആനന്ദ് പട്വര്‍ദ്ധനും മറ്റും നിര്‍മ്മിച്ചിട്ടുണ്ട്. പൗരത്വഭേദഗതി വിഷയത്തില്‍ ഐതിഹാസികമായ പോരാട്ടം തന്നെ നമ്മുടെ തെരുവുകളിലും കാമ്പസുകളിലും നടന്നിട്ടുണ്ട്.

തീര്‍ച്ചയായും ബിബിസി നിര്‍മ്മിച്ചു എന്നതുതന്നെയാണ് ഈ ഡോക്യുമെന്ററിയെ വ്യത്യസ്ഥമാക്കുന്നത്. അതിനാല്‍ തന്നെ ലോകം മുഴുവന്‍ വ്യാപകമായി ഇതു പ്രചരിക്കപ്പെടുമെന്നുറപ്പ്. ജി 20 അധ്യക്ഷപദവി ഏറ്റെടുക്കുകയും സ്വയം ലോകഗുരുവായി ചമയുകയും ചെയ്യുന്ന മോദിക്ക് ആേേഗാളതലത്തില്‍ ഈ ഡോക്യുമെന്ററി മോശം പ്രതിച്ഛായ നല്‍കുമെന്നതില്‍ സംശയമില്ല. ഇന്ത്യയില്‍ എന്തു നടക്കുന്നു എന്നു ലോകമറിയും. അതറിയുതന്നെ വേണം. കാരണം സുതാര്യതയാണ് ആധുനികകാലത്തിന്റെ മുഖമുദ്ര. അല്ലെങ്കില്‍ അതങ്ങനെ ആകണം. ലോകം വിരല്‍ത്തുമ്പിലൊതുങ്ങുന്ന ഇക്കാലത്ത് ഒന്നും അധികകാലം മറച്ചുവെക്കാനാകുമെന്നു കരുതുന്നതുതന്നെ വങ്കത്തരകമാണ്.

അതേസമയം മറ്റൊരു ഗൗരവപരമായ വിഷയം ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. എന്തിനാണ് യൂണിയന്‍ ഗവണ്മെന്റ് ഈ ഡോക്യുമെന്ററിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്നതാണത്. അതേസമയം ഇതിന്റെ പ്രദര്‍ശനം നിരോധിച്ചിട്ടുമില്ല. ഒരു രാജ്യത്ത് നിരോധിച്ചാല്‍ പോലും കാണുന്നത് തടയാനാകാത്ത വിധം സാങ്കേതിക വിദ്യകള്‍ വളര്‍ന്ന കാലത്താണ് പ്രദര്‍ശനം നിരോധിക്കാതെ സാമൂഹ്യമാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം വിലക്കില്ലാത്തതിനാല്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പല രീതി.യിലും തടയുന്നു. പ്രതിഷേധ മാര്‍ച്ചും അറസ്റ്റും മുതല്‍ വൈദ്യുതി വിച്ഛേദിച്ചുപോലും പ്രദര്‍ശനം തടയുന്നു. എന്തായിരിക്കാം ഇതിന്റെ ലക്ഷ്യം എന്നു ചോദിച്ചാല്‍ കിട്ടുന്ന മറുപടി ഇതായിരിക്കും – ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഒരു വിവാദം സൃഷ്ടിക്കാന്‍ സംഘപരിവാറും യൂണിയന്‍ സര്‍ക്കാരും ആഗ്രഹിക്കുന്നു.

തീര്‍ച്ചയായും ഒറ്റ കേള്‍വിയില്‍ ശരിയല്ലെന്നു തോന്നുന്ന നിഗമനം. 20 വര്‍ഷം മുന്നെ സംഭവിച്ച ഗുജറാത്ത് വംശഹത്യ വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നത് സംഘപരിവാറിനു ക്ഷീണമല്ലേ ഉണ്ടാക്കുക എന്നാണല്ലോ സാമാന്യമായും ആരും ചിന്തിക്കുക. അതിനാല്‍ തന്നെ കാര്യമായ ചര്‍ച്ചയാകാത്ത വിധം അതിനെ അവഗണിക്കാനല്ലേ സര്‍ക്കാര്‍ ശ്രമിക്കുക.. പകരം ഇത്തരത്തില്‍ ഒരു വിവാദമുണ്ടാക്കാനല്ലല്ലോ ശ്രമിക്കുക എന്നുതന്നെയാണ് പൊതുവില്‍ ആരും ചിന്തിക്കുക. അതിനാല്‍ തന്നെ പരമാവധി മേഖലകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചും അനുമതി നിഷേധിച്ചാല്‍ പ്രതിഷേധിച്ചും വംശീയഹത്യയുടെ ഓര്‍മ്മകളെ തിരിച്ചു കൊണ്ടുവരണമെന്നും ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോകസഭാ തെരഞ്ഞെടുപ്പിലും സംഘപരിവാറിനു അതു ദോഷം ചെയ്യുമെന്നാണ് എവിടേയും കേള്‍ക്കുന്ന വാദഗതി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രമെടുത്താല്‍ ഏതൊരുപ രാഷ്ട്രീയ സാഹചര്യത്തേയും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ഏറ്റവും (കു)ബുദ്ധി കാണിക്കുന്നത് സംഘപരിവാറാണെന്നതില്‍ ആരും തര്‍ക്കിക്കാനിടയില്ലല്ലോ. അങ്ങനെയാണല്ലോ പടിപടിയായി മുന്നേറി ഇന്നത്തെ അവസ്ഥയിലേക്ക് അവരെത്തിയത്. അതിനായി എന്തു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് എത്രയോ തവണ അവര്‍ തെളിയിച്ചിരിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ വളരെ ആലോചിച്ചുതന്നെയാണ് ഈ ഡോക്യുമെന്ററിയോടും അവര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നതാണ് വിശ്വസനീയം. അതിന്റെ ഭാഗമായാണ് ഡോക്യുമെന്ററി പ്രദര്‍ശനത്തെ ഒരു വിവാദമാക്കിയിരിക്കുന്നത്. അതുവഴി ഗുജറാത്ത് വംശഹത്യയും തങ്ങളുടെ മറ്റു നടപടികളും ചര്‍ച്ചാ വിഷയമാകട്ടെ എന്നു തന്നെയാണ് സംഘപരിവാര്‍ കരുതുന്നത് എന്നുതന്നെ കാണേണ്ടിവരും.

അപ്പോള്‍ സ്വാഭാവികമായി ഉയരുന്ന സംശയം തെരഞ്ഞെടുപ്പുകള്‍ ആസന്നമാകുന്ന വേളയില്‍ കൂട്ടക്കൊലകളും മറ്റും വീണ്ടും ചര്‍ച്ചാവിഷയമാകുന്നത് സംഘപരിവാറിനു ദോഷമല്ലേ ചെയ്യുക എന്നതാണ്. അല്ല എന്നു തന്നെയാണ് ഉത്തരം. അതിനു തെളിവ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം തന്നെ. മുസ്ലിം വിഭാഗങ്ങളെ ടാര്‍ജറ്റ് ചെയ്തുനടത്തിയ അദ്വാനിയുടെ രഥയാത്ര, ബാബറി മസ്ജിദ് തകര്‍ക്കര്‍, മുംബൈ, ഗുജറാത്ത്, കാണ്ടമാല്‍, മുസാഫര്‍ നഗര്‍ തുടങ്ങി നിരവധി മേഖലകളിലെ വംശീയഹത്യകള്‍, എഴുത്തുകാരേയും ചിന്തകരേയും കൊന്നുകളയല്‍, അംബേദ്കറൈറ്റുകളടക്കമുള്ളവരെ തീവ്രവാദ ചാപ്പ കുത്തി ഭീകരനിയമങ്ങളുപയോഗിച്ച് തുറുങ്കിലടക്കല്‍, ശ്രീരാം വിളിയുടേയും പശുവിന്റേയും പേരിലുള്ള കൊലകള്‍, വിദ്യാഭ്യാസ – സാംസ്‌കാരിക – ചരിത്ര സ്ഥാപനങ്ങള്‍ പിടിച്ചെടുക്കല്‍, ചരിത്രവും സിലബസും മാറ്റിയെഴുതല്‍ തുടങ്ങിയ നടപടികളെല്ലാം സംഘപരിവാറിന് തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെതന്നെ അധികാരത്തിലെത്താന്‍ സഹായിക്കുകയാണോ ്അതോ തിരിച്ചാണോ ചെയ്തത് എന്നു പരിശോധിച്ചാല്‍ ഇതിനുള്ള മറുപടി കിട്ടും. രണ്ടാം മോദി സര്‍ക്കാര്‍ അദികാരത്തില്‍ വന്നതിനുശേഷവും പൗരത്വഭേദഗതിയും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയലും പോലുള്ള നടപടികളാണല്ലോ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗുജറാത്ത് വീണ്ടും ചര്‍ച്ചാവിഷയമാകുന്നത് സംഘപരിവാറിന് പ്രതികൂലമാകുമെന്നു എങ്ങനെയാണ് കരുതുക? അടുത്തു നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ വേളയിലുടനീളം, ഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷാ, 2002-ല്‍ ‘കലാപകാരികളെ’ ഒരു ‘പാഠം’ പഠിപ്പിച്ച സംഭവം എടുത്തുപറഞ്ഞിരുന്നു. അതിനുശേഷം അവര്‍ക്കു തല ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തിരുന്നു. എന്നിട്ടും വന്‍വിജയം ത്‌ന്നെയാണല്ലോ ബിജെപി നേടിയത്.

വാസ്തവത്തില്‍ ഇതില്‍ ഒരത്ഭുതവുമില്ല. സംഘപരിവാര്‍ ഉയര്‍ത്തിപിടിക്കുന്ന രാഷ്ട്രീയവും അവരുടെ ലക്ഷ്യവും എന്താണ് എന്നു പറിശോധിച്ചാല്‍ മാത്രം മതിയല്ലോ. വെറുപ്പിന്റെയും അപരവല്‍ക്കരണത്തിന്റേയും പാരമ്പര്യത്തിലൂന്നിയാണ് ഒരു നവ ഫാസിസ്റ്റ് രാഷ്ട്രം അവര്‍ കിനാവു കാണുന്നത്. 2025ല്‍. അതായത് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുമെന്നു തന്നെയാണ് അവരുടെ നിലപാട്. അതിന്റെ ഭാഗമാണ് ഒറ്റ ഭാഷ, ഒറ്റ നികുതി, ഒറ്റ യൂണിഫോം, ഒറ്റ സംസ്‌കാരം, ഒറ്റ സിവില്‍ കോഡ്, ഒറ്റ മതം തുടങ്ങിയ മുദ്രാവാക്യങ്ങളൊക്കെ സജീവമായിരിക്കുന്നത്. അത്തരമൊരു രാഷ്ട്രത്തിന്റെ ഭരണഘടന ഇപ്പോഴത്തേതായിരിക്കില്ലെന്നും മറിച്ച് മനുസ്മൃതിയിലധിഷ്ഠിതമായിരിക്കുമെന്നും അവര്‍ എത്രയോ തവണ സൂചന നല്‍കിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ ജീവിക്കാം, പക്ഷെ വോട്ടവകാശമുണ്ടാകില്ലെന്ന പ്രഖ്യാപനവും നാം കേട്ടല്ലോ. ഒരു മതാതിധിഷ്ഠിത രാഷ്ട്രം കിനാവു കാണുന്നവര്‍ക്ക് എന്തു ജനാധിപത്യം? പക്ഷെ ജനാധിപത്യ സംവിധാനത്തിലൂടെതന്നെ ഈ ലക്ഷ്യം നേടിയെടുക്കാനുള്ള തന്ത്രങ്ങളാണവര്‍ ആവിഷ്‌കരിക്കുന്നത്. അതിനു ജനാധിപത്യമൂല്യങ്ങളെ തകര്‍ക്കുന്ന ഒരു വികാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇന്ത്യനവസ്ഥയില്‍ അതു മുസ്ലിം വിരുദ്ധതയാണെന്ന് അവര്‍ക്കറിയാം. അതാണ് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ പ്രധാനമായും അവരുപയോഗിക്കുന്നതും. അത്തരമൊരു സാഹചര്യത്തില്‍ ഗുജറാത്ത് വംശഹത്യ വീണ്ടും സജീവ ചര്‍ച്ചയാക്കുന്നത് ബോധപൂര്‍വ്വമാണെന്നു തന്നെ കരുതേണ്ടി വരും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറ്റൊരു പ്രധാന വിഷയം കൂടി ഇതോടൊപ്പം പരാമര്‍ശിക്കേണ്ടതുണ്ട്. വെറുപ്പിനും ഭിന്നിപ്പിനുമെതിരെ സ്‌നേഹത്തിന്റേയും ഒന്നിപ്പിന്റേയും സന്ദേശമുയര്‍ത്തിപിടിച്ച് രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വന്‍ചലനങ്ങളാണ് അത് രാജ്യത്തുടനീളം സൃഷ്ടിക്കുന്നത് എന്നതില്‍ സംശയമില്ല. ജാഥയില്‍ പങ്കാളികളാകുന്നവരുടെ എണ്ണം തന്നെ സംഘപരിവാറിനെ ഞെട്ടിക്കുന്നതാണ്. ഹിമാചലിലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം നല്‍കുന്നതാകട്ടെ ശുഭപ്രതീക്ഷയാണ്. ഈ സാഹചര്യത്തില്‍ ജോഡോ യാത്രയെ അപ്രധാനമാക്കുക എന്ന ലക്ഷ്യവും സംഘപരിവാറിനുണ്ട് എന്നുവേണം കരുതാന്‍. അവസാനമിതാ സുരക്ഷ നല്‍കാതെ ജോഡോയാത്ര നിര്‍ത്തിവെപ്പിക്കാനും ശ്രമം നടക്കുന്നുതായാണ് വാര്‍ത്ത. എന്നാല്‍ അതുകൊണ്ടൊന്നും ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും തകരുമെന്നു കരുതുക വയ്യ. അനന്തമായ വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയെ, അവയെയെല്ലാം ഇല്ലാതാക്കി സവര്‍ണ്ണ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനാവുമെന്ന ലക്ഷ്യം നേടുക എന്നത് എളുപ്പമാകില്ല. നമ്മുടെ അതിശക്തമായ ഭരണഘടനയും ഇന്നും ഇന്ത്യന്‍ സമൂഹത്തെ പല രീതിയിലും സ്വാധീനിക്കുന്ന ഗാന്ധിയന്‍ – അംബേദ്കര്‍ – ലോഹ്യ – മാര്‍ക്‌സ് – നെഹ്‌റുവിയന്‍ ചിന്തകളെയെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കി അവരുടെയെല്ലാം സ്ഥാനത്ത് സവര്‍ക്കറെ പ്രതിഷ്ഠിക്കാമെന്നു കരുതുന്നതും ഭഗീരഥയത്‌നമായിരിക്കും. പക്ഷെ അദ്വാനി തുടക്കമിട്ട ഈ രഥയാത്രയെ തടയാന്‍ ലല്ലുപ്രസാദ് യാദവുമാര്‍ അനിവാര്യമാണ്. ഇനിയും പ്രതിപക്ഷ കക്ഷികളെല്ലാം ഐക്യപ്പെട്ടാല്‍ നേടാവുന്ന ലക്ഷ്യം മാത്രമാണത്. ആ ദിശയിലുള്ള നീക്കങ്ങള്‍ രാഹുലിന്റേയും മറ്റു പല പ്രതിപക്ഷ – പ്രാദേശിക പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തില്‍ നടക്കുന്നുമുണ്ട്. ഈ അപകടം തിരിച്ചറിഞ്ഞുതന്നെയാണ് സംഘപരിവാറും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നു വേണം കരുതാന്‍. അവയെ നിസാരവല്‍ക്കരിക്കാതെ, ഗൗരവത്തോടെതന്നെ സമീപിക്കാനാണ് ജനാധിപത്യവും മതേതരത്വവും നിലനിന്നു കാണാന്‍ ശ്രമിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply