യൂസഫിന്റെ വിസ്മയവിരലുകളിലെ നിറങ്ങളുടെ സിംഫണി

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരന്‍ യൂസഫ് അറയ്ക്കലിന്റെ ഓര്‍മദിനമാണ് ഒക്ടോബര്‍ നാലിനു കടന്നുപോയത്. ലോകം ആദരിച്ച ഈ മലയാളിയെ നാം വേണ്ട രീതിയില്‍ അംഗീകരിച്ചുവോ?

ബാംഗ്ലൂര്‍ കെംപെഗൗഡ വിമാനത്താവളത്തിലെ ഡൊമസ്റ്റിക് അറൈവലിന്റെ വെടിപ്പുള്ള ഇടനാഴിയില്‍ ദൃശ്യചാരുതയുടെ ഒരു ‘ഫ്‌ളൈറ്റ് മ്യൂറല്‍’ സഹൃദയരായ യാത്രക്കാരുടെ മനം നിറയ്ക്കുന്ന കാഴ്ചയാണ്. എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കകത്തെയും ദല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടിന്റെ ഭിത്തികളെയും അലങ്കരിക്കുന്ന ചേതോഹരമായ എം.എഫ്. ഹുസൈന്‍ ചിത്രങ്ങളെപ്പോലെ, കര്‍ണാടകയുടെ കലാ സ്‌നേഹത്തിന്റെ പ്രതീകമായി പ്രഭ ചുരത്തുന്ന ഈ ചുമര്‍ചിത്രം യൂസഫ് അറയ്ക്കലിന്റെ വിസ്മയ വിരലുകള്‍ കൊണ്ട് കൊത്തിയുണ്ടാക്കിയതാണ്.

പാരീസിലും വിയന്നയിലും സിംഗപ്പൂരിലും മോസ്‌കോയിലുമുള്ള ആര്‍ട്ട് ഗാലറികളെ അലങ്കരിക്കുന്ന നിരവധി ചിത്രങ്ങളും ശില്‍പങ്ങളും യൂസഫിന്റേതായുണ്ട്. ലോകമെങ്ങും അറിയപ്പെടുന്ന, ബാംഗ്ലൂര്‍ ദത്തെടുത്ത കേരളത്തിന്റെ ഈ പുത്രന്‍ ബ്രഷും പാലറ്റും ഉപേക്ഷിച്ച്, എഴുപത്തൊന്നാം വയസ്സില്‍ ഇരുളിന്റെ ഫ്രെയിമിലേയ്ക്ക് മറഞ്ഞു.

കെ.സി.എസ് പണിക്കര്‍, സി.കെ. രാ, അക്കിത്തം നാരായണന്‍, പാരീസ് വിശ്വനാഥന്‍, ബാലന്‍ നമ്പ്യാര്‍, എം.വി. ദേവന്‍, ജയപാലപ്പണിക്കര്‍, നമ്പൂതിരി, പാരീസ് മോഹന്‍കുമാര്‍, ദത്തന്‍, എ.എസ്, റിയാസ് കോമു തുടങ്ങി പ്രതിഭാധനരായ കേരളീയ ചിത്രകാരന്മാരുടെ ശ്രേണിയില്‍ സര്‍ഗശേഷി കൊണ്ട് ഇവര്‍ക്കൊപ്പം ശിരസ്സുയര്‍ത്തി നിന്ന ചിത്രകാരനായിരുന്നു യൂസഫ് അറയ്ക്കല്‍. പ്രസിദ്ധമായ കണ്ണൂര്‍ അറയ്ക്കല്‍ തറവാടാണ് യൂസഫിന്റെ ഉമ്മയുടെ കുടുംബവേരുകള്‍. ബാപ്പയുടെ നാട് ചാവക്കാട്. ചെറുപ്പത്തിലേ ബാംഗ്ലൂരിലേക്ക് പോയ യൂസഫ് കര്‍ണാടക ചിത്രകലാപരിഷത്തില്‍ നിന്ന് പെയിന്റിംഗില്‍ ഡിപ്ലോമ നേടി. തുടര്‍ന്ന് ദല്‍ഹി നാഷനല്‍ അക്കാദമി ഓഫ് കമ്യൂണിറ്റി സ്റ്റുഡിയോയില്‍നിന്ന് ഗ്രാഫിക് പ്രിന്റ് മേക്കിംഗിലും പരിശീലനം നേടി. അമൂര്‍ത്തമായ, അതേസമയം അക്ലിഷ്ടമായ സങ്കേതമുപയോഗിച്ച് തുടങ്ങിയ ഈ കലാസപര്യ വ്യതിരിക്തമായ വരകളിലും കുത്തുകളിലും ക്രമേണ കൊളാഷുകളിലും സമൃദ്ധമായി. നിറപ്പൊലിമയ്ക്ക് പിന്നാലെ പോകാത്ത ഭാവനയായിരുന്നു അത്. സംഗീതബദ്ധമായിരുന്നു പല ചായക്കൂട്ടുകളുടേയും പിന്നിലെ മനസ്സ് എന്ന് ഓരോ രചനകളും തെളിയിക്കുന്നു- നിറങ്ങളുടെ സിംഫണിയായിരുന്നു അവയത്രയും.

ബാംഗ്ലൂര്‍ നഗരം യൂസഫിന്റെ വരയുടെ തട്ടകമായി. കര്‍ണാടകയുടെ ഉള്‍നാടുകളില്‍ യാത്ര ചെയ്ത് നിരവധി ചിത്രങ്ങള്‍ വരച്ച, ശില്‍പങ്ങള്‍ പണിത ഈ കലാകാരന്‍ എന്നും വൈവിധ്യമാര്‍ന്ന സങ്കേതങ്ങള്‍ പരീക്ഷിച്ചു. പെയിന്റിംഗിനു വേണ്ടി മാത്രമായി ഇന്ത്യ മുഴുക്കെ സഞ്ചരിച്ചു. കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തന്നെ ലോകമെങ്ങും അറിയപ്പെടുന്ന ചിത്രകാരനായി വളര്‍ത്തിയതെന്ന് യൂസഫ് എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് ബാംഗ്ലൂര്‍ മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂറോപ്യന്‍ ചിത്രകലയുടെ ആചാര്യനായ ഡച്ച് പെയിന്റര്‍ റെംബ്രാന്റിന്റെ രചനകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് യൂസഫ് വരച്ചു തുടങ്ങിയത്. അഗാധവും ഇരുണ്ടതുമായ പശ്ചാത്തലത്തില്‍ വാസ്തവികതയുടേയും ഫീച്ചറിംഗിന്റേയും ത്രിമാനങ്ങള്‍ ഉയിരെടുത്തതായിരുന്നു മഹാനായ ഈ കലാകാരന്റെ ഓരോ സൃഷ്ടിയും. മൃഗങ്ങള്‍, മനുഷ്യശരീരം, വെളിച്ചം തുടങ്ങിയ വിഷയങ്ങളെ വ്യത്യസ്ത രീതിയിലായിരുന്നു യൂസഫ്, വരയിലും പെയിന്റിംഗിലും ശില്‍പങ്ങളിലും മ്യൂറലുകളിലും ആവിഷ്‌കരിച്ചത്. സിംഗിള്‍ കാന്‍വാസുകളില്‍ ജീവിതത്തിന്റെ ആരോഹണാവരോഹണങ്ങളെ അദ്ദേഹം യഥാതഥമായി, ആധുനികതയുടെയും പ്രാചീനതയുടെയും സങ്കേതങ്ങളുടെ സമന്വയം സാധിച്ച് ചിത്രീകരിച്ചു.

സമകാലിക ഇന്ത്യന്‍ കലാലോകത്തെ ചില പ്രതിഭാധനരെ വരയിലൂടെ അനാവരണം ചെയ്യുകയെന്ന സ്വപ്നവുമായി നാലുവര്‍ഷം യൂസഫ് അറയ്ക്കല്‍ ബംഗാളിലും ഒറീസയിലും മറ്റും ഉള്‍നാടന്‍ ഗ്രാമഹൃദയങ്ങളിലൂടെ സഞ്ചരിച്ചു. ബ്രഷും ഉളിയും മാത്രമല്ല, പേനയും ചോക്കും പെന്‍സിലുമെല്ലാം ഉപകരണങ്ങളായി. ബാംഗ്ലൂര്‍ നഗരത്തിന്റെ കലാഭൂപടത്തില്‍ യൂസഫ് അറയ്ക്കലിന്റെ പ്രതിഭാസ്പര്‍ശം കടുംവര്‍ണങ്ങള്‍ കലര്‍ന്ന കൊളാഷ് പോലെ സദാ പ്രകടമാണ്. മഹാത്മാഗാന്ധി റോഡില്‍ ബൈബിള്‍ സൊസൈറ്റിക്ക് സമീപം യൂസഫിന്റെ ‘ഡബിള്‍ ഹെലിക്‌സ്’ തലയുയര്‍ത്തി നില്‍ക്കുന്നു.

ടെറാകോട്ടയില്‍ നിര്‍മിച്ച നിരവധി ചാരുശില്‍പങ്ങള്‍ ഈ കലാകാരന്റെ സര്‍ഗ വൈഭവത്തിന്റെ വൈവിധ്യം പ്രകടമാക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങള്‍ക്കും യൂസഫ് സ്‌കെച്ചുകളിലൂടെ ആവിഷ്‌കാരം നല്‍കി. ബഷീറിയന്‍ ഇമേജറികള്‍ എന്നും ഈ കലാകാരനെ മോഹിപ്പിച്ചിരുന്നു. മാപ്പിളമലയാളമായിരുന്നു യൂസഫിന്റെ മറ്റൊരു സബ്ജക്ട്.

ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ പ്രസിദ്ധമായ ലോറെന്‍സോ ഡെ മെഡിസി ഗോള്‍ഡ് മെഡല്‍ നേടുകയെന്ന അപൂര്‍വ ബഹുമതി യൂസഫിന് സ്വന്തം. ഡാക്ക ഏഷ്യന്‍ ആര്‍ട്‌സ് ബിനാലെ പുരസ്‌കാരമുള്‍പ്പെടെ ഇന്ത്യക്കകത്തും പുറത്തും നിരവധി അംഗീകാരങ്ങള്‍ യൂസഫ് അറയ്ക്കലിനെത്തേടിയെത്തി. അദ്ദേഹത്തിന്റെ സൃഷ്ടികളുടെ സോളോ എക്‌സിബിഷനുകള്‍ക്ക് പാരീസ്, കാട്മണ്ഡു, സിംഗപ്പൂര്‍, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബെലാറസ്, മോസ്‌കോ എന്നീ നഗരങ്ങളൊക്കെ വേദിയായി. ഗ്രൂപ്പ് എക്‌സിബിഷനുകള്‍ ഇവയ്ക്ക് പുറമേയാണ്. ആക്രിലിക്, ഓയില്‍, ഗ്രാഫൈറ്റ് എന്നീ മാധ്യമങ്ങളില്‍ അദ്ദേഹം രചിച്ച കലാസൃഷ്ടികളത്രയും ലോക ഒന്നാം നമ്പര്‍ ആര്‍ട്ട് ഗാലറികളില്‍ ഇന്ത്യന്‍ ചിത്രകലയുടെയും ശില്‍പകലയുടെയും യശസ്സുയര്‍ത്തി. എക്‌സ്പ്രഷനിസമാണ് യൂസഫിന്റെ മുഖമുദ്രയെന്ന് പല കലാനിരൂപകരും വാഴ്ത്തി. ഏകാന്തതയെയും ഇരുളിനെയും ഈ കലാകാരന്‍ അതിരറ്റ് ഇഷ്ടപ്പെടുന്നുവെന്നാണ് ലെ മൊണ്ടേ എന്ന പ്രസിദ്ധമായ ഫ്രഞ്ച് പത്രം വിശേഷിപ്പിച്ചത്. ബംഗ്ലാദേശ് തലസ്ഥാനമായ ഡാക്കയിലെ ഏഷ്യന്‍ ആര്‍ട്ട് ബിനാലെ പുരസ്‌കാരം, ഇറ്റലിയിലെ ലോറെന്‍സാ ഡി മെഡിസി ഗോള്‍ഡ് മെഡല്‍. 1983 ലെ ദേശീയ ചിത്രകാര പുരസ്‌കാരം, കര്‍ണാടക ലളിതകലാ അക്കാദമി പുരസ്‌കാരം എന്നിവയും യൂസഫിന്റെ അംഗീകാരങ്ങളുടെ പട്ടികയിലുണ്ട്. ഡ്രോയിംഗ്, പെയിന്റിംഗ്, സ്‌കള്‍പ്ച്ചര്‍, മ്യൂറല്‍, പേപ്പര്‍ വര്‍ക്ക്, പ്രിന്റുകള്‍, കൈയെഴുത്തുകള്‍ തുടങ്ങി നിരവധി സങ്കേതങ്ങളില്‍ യൂസഫ് അറയ്ക്കല്‍ തന്റെ വിരലൊപ്പ് പതിപ്പിച്ചു.

കാലത്തിന്റെ മറുതീരത്തേക്ക് യാത്രയാകുമ്പോഴാണ് ഓരോ പ്രതിഭാധനനേയും കേരളീയര്‍ തിരിച്ചറിയുന്നത്. ഒരുവേള, ലോകമെങ്ങും ആരാധകരുള്ള യൂസഫ് അറയ്ക്കല്‍ എന്ന കലാകാരനേയും അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് വേണ്ട പരിഗണന നല്‍കി ആദരിക്കാന്‍ കേരളീയര്‍ക്ക് സാധിക്കാതെ പോയി. വിട വാങ്ങിയിട്ട് ആറു വര്‍ഷം പിന്നിട്ടിട്ടും മലയാളി കലാകാരന്മാരുടേയും സഹൃദയരുടേയും ഭാഗത്ത് നിന്ന് ഈ പ്രതിഭാധനന് അര്‍ഹമായ ആദരവ് കിട്ടാതെ പോയി എന്നതാണ് സത്യം.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply