ജോ സാക്കോ വരച്ചെഴുതിയ ഗാസയിലെ അടിക്കുറിപ്പുകളെ കുറിച്ച്

ഇംഗ്ലീഷ് ഭാഷയില്‍ അടിക്കുറിപ്പ് (footnote) എന്ന വാക്കിന് രണ്ട് അര്‍ത്ഥങ്ങളുണ്ട്. ആദ്യത്തെ അര്‍ത്ഥത്തില്‍, ഒരു പേജില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന ആ പേജിന്റെ ചുവടെ ചേര്‍ത്തിരിക്കുന്ന സൂചികയാണ്. രണ്ടാമത്തെ അര്‍ത്ഥത്തില്‍, അത്ര പ്രധാനമല്ലാത്തത് എന്ന് വിശേഷിക്കപ്പെടാവുന്ന ഒരു വിഷയത്തെയോ സംഭവത്തെയോ വിശദാംശങ്ങളെയോ സൂചിപ്പിക്കുന്നു. മാള്‍ട്ടീസ് അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് റിപ്പോര്‍ട്ടര്‍ ആയ ജോ സാക്കോ (Joe Sacco) വരച്ചെഴുതിയ Footnotes in Gaza (2009)-ഗാസയിലെ അടിക്കുറിപ്പുകള്‍ -എന്ന ഗ്രാഫിക് നോവലിന്റെ ശീര്‍ഷകത്തിലും കഥാവസ്തുവിലും ഈ രണ്ട് അര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു.

1956ലെ സൂയസ് പ്രതിസന്ധി (Suez Crisis) യുടെ ഭാഗമായി, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രേല്‍ എന്നീ രാജ്യങ്ങള്‍ ഈജിപ്ത് ആക്രമിച്ചത് സൂയസ് കനാലിലെ കപ്പല്‍ ഗതാഗതം, ഈജിപ്തിലെ മൗണ്ട് സിനായ് പെനിന്‍സുലയുടെ പരിപൂര്‍ണ്ണ നിയന്ത്രണം എന്നീ ഉദ്ദേശങ്ങളോട് കൂടിയാണെങ്കിലും, ഈ അതിക്രമണത്തിന്റെ ഭാഗമായി നടന്ന അതിഭീകരമായ രണ്ടു കൂട്ടക്കൊലപാതകങ്ങള്‍ നടന്നത് ഈജിപ്ത് – ഇസ്രേല്‍ അതിര്‍ത്തിയിലുള്ള പലസ്തീനിലെ തെക്കന്‍ ഗാസയിലെ റഫ (Rafah) എന്ന നഗരത്തിലും തൊട്ടടുത്തുള്ള ഖാന്‍ യൂനിസ് (Khan Younis) എന്ന പലസ്തീനിയന്‍ അഭയാര്‍ത്ഥി ക്യാമ്പിലുമാണ്. 1956 നവംബര്‍ 12ന് ഇസ്രേല്‍ പ്രതിരോധ സേന (Israeli Defense Forces, IDF) റാഫയിലെ 16നും 60നും വയസ്സിനിടയില്‍ പ്രായമുള്ള പുരുഷന്മാരെ വളഞ്ഞുപിടിച്ചു കൂട്ടമായിട്ട് പകല്‍സമയത്തു റോഡില്‍ വെച്ചും ടെന്റുകള്‍ക്കും അഭയാര്‍ത്ഥി സ്‌കൂളുകള്‍ക്കും ഉള്ളില്‍വെച്ച് കൂട്ടമായി വെടിവെച്ചു കൊലപ്പെടുത്തി. റാഫയില്‍ 111 പേരെയും ഖാന്‍ യൂനിസില്‍ 275 പേരെയുമാണ് ഇസ്രേല്‍ കൂട്ടക്കൊല ചെയ്തത്. പലസ്തീന്റെ കണക്കനുസരിച്ചു 197 പേരാണ് റാഫയില്‍ കൊല്ലപ്പെട്ടത്. 23 പേര്‍ എന്നെന്നേയ്ക്കുമായി അപ്രത്യക്ഷരാകുകയും ചെയ്തു.

ഇസ്രേലിന്റെ സയണിസത്തിനെതിരെ ആയുധമെടുത്തു പൊരുതിയ പലസ്തീന്‍ ഫെദയീന്‍ (fedeyeen) എന്ന തീവ്രവാദികള്‍ ആണ് കൊല്ലപ്പെട്ടവര്‍ എന്ന പേരിലാണ് അന്നത്തെ ഇസ്രേല്‍ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെന്‍ ഗ്യുരിയണ്‍ ഈ കൂട്ടക്കൊലപാതകം ഐക്യരാഷ്ട്ര സഭയുടെ മുന്നിലും അന്താരാഷ്ട്രതലത്തിലും ന്യായീകരിച്ചത്. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തില്‍ 1948ല്‍ പലസ്തീന്‍ എന്നൊരു രാജ്യമൊരിക്കലും ഉണ്ടായിരുന്നില്ല എന്നും, ആ സ്ഥാനത്തു യൂറോപ്പില്‍നിന്നും കൊണ്ടു വന്നു പാര്‍പ്പിക്കുന്ന ജൂതര്‍ക്ക് താമസിക്കാനായി ഉണ്ടാക്കിയെടുത്ത ഇസ്രേല്‍ എന്ന രാജ്യമാണ് നിലനില്‍ക്കേണ്ടതെന്നും വാദിക്കുന്നതാണ് സയണിസത്തിന്റെ പ്രത്യയശാസ്ത്രം. പലസ്തീനിലെ ഫെദയീന്‍ ഇതിനെതിരെ ആയുധമെടുത്തു ചെറുത്തുനിന്നവരാണ്. ഗാസ സ്ട്രിപ്പിലും വെസ്റ്റ് ബാങ്കിലും താമസിക്കുന്ന പലസ്തീന്‍ പൗരര്‍ക്കെതിരെയുള്ള മറ്റു പല ഇസ്രേലി അതിക്രമങ്ങളുടെ പ്രക്ഷുബ്ധതയിലും അരാജകത്വത്തിലും ഈ കൊലപാതകങ്ങള്‍ ഗാസ ചരിത്രത്തിന്റെ അടിക്കുറിപ്പായി തീര്‍ന്നിരിക്കുന്നതായി കാണാം. അമേരിക്കന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ 1990കളിലെ ആദ്യത്തെ ഇന്റീഫാദയുടെയും 2000 ലെ രണ്ടാമത്തെ ഇന്റീഫാദയുടെയും ചരിത്രങ്ങള്‍ പറയുമ്പോള്‍ പോലും പലപ്പോഴും ഖാന്‍ യൂനിസിലെയും റാഫയിലെയും കൂട്ടക്കൊലപാതകങ്ങളെ പറ്റി പരാമര്‍ശിക്കാറില്ല. എന്നാല്‍ 2024ല്‍ വീണ്ടുമൊരു റാഫാ അതിക്രമണത്തിന് വേണ്ടി അമേരിക്കയുടെ പൂര്‍ണ്ണ സഹായത്തോടെ ഇസ്രേല്‍ തയ്യാറെടുക്കുന്ന ഈ അവസരത്തില്‍ 1956ലെ റാഫയിലെ ഫലസ്തീനികളുടെ കൂട്ടക്കൊലപാതകം വീണ്ടും പ്രസക്തമായിരിക്കുകയാണ്.

ജോ സാക്കോ കാര്‍ട്ടൂണിസ്റ്റ് റിപ്പോര്‍ട്ടര്‍ അല്ലെങ്കില്‍ കോമിക്‌സ് ജേണലിസ്റ്റ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ലോകത്തിലെ പല സംഘര്‍ഷങ്ങളുടെയും ചരിത്രവും കഥകളൂം ഗ്രാഫിക് നോവല്‍ മാധ്യമത്തിലൂടെ സാക്കോ ആഖ്യാനം ചെയ്തിട്ടുണ്ട്. 1990കളില്‍ ബോസ്‌നിയന്‍ യുദ്ധ മേഖലയില്‍ നിന്നും സരയേവോ, ഗോരാഷ്ടെ എന്നീ നഗരങ്ങളില്‍ സാക്കോ നടത്തിയ ഗവേഷണങ്ങളും അഭിമുഖങ്ങളും റിപ്പോര്‍ട്ടുകളും ആസ്പദമാക്കി വരച്ച നോവലുകളാണ് War’s End, The Fixer, Safe Area Gorazde എന്ന പ്രസിദ്ധമായ കൃതികള്‍.

1991-1992 വര്‍ഷങ്ങളില്‍ ആദ്യത്തെ ഗള്‍ഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സാക്കോ ആദ്യമായി പലസ്തീന്‍ സന്ദര്‍ശിച്ചത്. വെസ്റ്റ് ബാങ്കിലും ഗാസ സ്ട്രിപ്പിലും വെച്ച് പരിചയപ്പെട്ട പലസ്തീനികളുടെ സ്വന്തം കഥകളും 1948ലെ നക്ബയുടെ ഓര്‍മ്മകളും അഭയാര്‍ത്ഥികളുടെ ജീവിതവും ചരിത്രവും പിന്നെ പലസ്തീനിലെ സ്വന്തം അനുഭവങ്ങളും ചിത്രീകരിച്ചിരിക്കുന്ന ഈ ഗ്രാഫിക് നോവല്‍ ആദ്യത്തെ ഇന്റീഫാദയുടെ തുടക്കം, ആദ്യത്തെ ഗള്‍ഫ് യുദ്ധം, ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും അഭയാര്‍ത്ഥികളുടെ ദൈനംദിന ജീവിതം എന്നിവ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുണ്ട്. 1996ലെ അമേരിക്കന്‍ ബുക്ക് അവാര്‍ഡിന് അര്‍ഹമായ ഈ ഗ്രാഫിക് നോവല്‍, ഒരു പക്ഷെ അമേരിക്കയില്‍ ആദ്യമായി പലസ്തീന്‍ ജനതയുടെ ജീവിതത്തിലേക്ക് സാധാരണക്കാര്‍ക്ക് പലസ്തീനി അഭയാര്‍ത്ഥികളുടെ ദുരവസ്ഥയെ മനുഷ്യത്വത്തോട് കൂടി പ്രതിനിധീകരിച്ചു കാട്ടിയ ആദ്യത്തെ കൃതിയായിരിക്കും.

എഡ്‌വേഡ് സയീദ് സാക്കോയുടെ നോവലിന് വേണ്ടി എഴുതിയ ആമുഖത്തില്‍ പറയുന്നുണ്ട് പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ എങ്ങനെയുണ്ടായി എന്ന് മാത്രമല്ല സാക്കോ കാണിച്ചു തരുന്നത്; ആ ക്യാമ്പുകള്‍ അവിടെ നിശ്ചയമായും ഉണ്ട് എന്നാണ് കാണിച്ചു തരുന്നത്. സ്വന്തം രാജ്യത്തില്‍ നിന്നും ചവിട്ടി പുറത്താക്കപ്പെട്ട ഒരു ജനതയുടെ നിലനില്‍പ്പിന്റെ മായാത്ത മുദ്രയാണീ നോവല്‍. അതീവ സൂക്ഷ്മമായി അഭയാര്‍ത്ഥികളുടെ വേഷം, സംഭാഷണം, ഇല്ലായ്മ, ദാരിദ്ര്യം, പൊട്ടിയ കെട്ടിടങ്ങള്‍, കവിഞ്ഞൊഴുകുന്ന ഓടകള്‍, ചായക്കടകള്‍, അലഞ്ഞുനടക്കുന്ന ചെറുപ്പക്കാര്‍, മക്കള്‍ കൊല്ലപ്പെട്ട അമ്മമാര്‍, കൈയും കാലും ബോംബ് സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചു തകര്‍ന്നവര്‍ എന്നിവര്‍ ഈ നോവലിന്റെ ഓരോ പേജിലും നിറഞ്ഞു നില്‍ക്കുന്നു. സാക്കോ പലസ്തീനികളോടും ഇസ്രേലികളോടും സംസാരിക്കുന്നുണ്ട് തന്റെ നോവലില്‍. എന്നാല്‍ സാക്കോ പലസ്തീനികള്‍ക്കാണ് കൂടുതല്‍ സമയം കൊടുത്തിരിക്കുന്നത്, ഇസ്രേലികളുടെ വശം കേള്‍ക്കാനിടം കൊടുത്തിട്ടില്ല എന്നുള്ള വിമര്‍ശനത്തിന് സാക്കോയുടെ മറുപടി വളരെ ലളിതമാണ്: 1948 മുതല്‍ ലോകം ഇസ്രേലികളുടെ വശം മാത്രമേ കേട്ടിട്ടുള്ളൂ, ഞാനുള്‍പ്പടെ. പലസ്തീനികളുടെ വശമാണ് ആരും കേള്‍ക്കാനിഷ്ടപ്പെടാത്തത്. ഞാന്‍ ഫലസ്തീനികളുടെ ചരിത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്.

2001ല്‍, സാക്കോയും പത്രപ്രവര്‍ത്തകനായ ക്രിസ് ഹെഡ്ജസും ഹാര്‍പേഴ്‌സ് മാഗസീനിന്റെ ഒരു ഫീച്ചറിനായി വീണ്ടും ഗാസയിലെത്തി. ഗാസയിലെ ഒരു നഗരത്തിന്റെ ചരിത്രത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു ആശയവും നിര്‍ദ്ദേശവും. 1956ലെ സൂയസ് പ്രതിസന്ധിയുടെ കാലത്ത് ഇസ്രേല്‍ പ്രതിരോധ സേന നിരവധി ഫലസ്തീന്‍ അഭയാര്‍ത്ഥികളെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് നോം ചോംസ്‌കിയുടെ The Fateful Triangle ല്‍ വായിച്ചതിന്റെ ഓര്‍മ്മയില്‍ സാക്കോ ഖാന്‍ യൂനിസിനെ കേന്ദ്രീകരിച്ചു ഫീച്ചര്‍ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഫീച്ചര്‍ പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ ഹാര്‍പെഴ്‌സ് മാഗസിന്‍ ഖാന്‍ യൂനിസിലെ കൂട്ടക്കൊലപാതകത്തിന്റെ ഭാഗം വെട്ടിക്കളഞ്ഞു. 275 പേരെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ സംഭവം വെട്ടിമാറ്റിയത് സാക്കോയ്ക്ക് ഏറെ മാനസിക വിക്ഷോഭം ഉണ്ടാക്കി.

അങ്ങനെ മൂന്നാമതായി സാക്കോ 2003 ല്‍ ഒറ്റയ്ക്ക് തിരിച്ചു ഗാസയിലെത്തി. എന്തായിരുന്നു ഖാന്‍ യൂനിസില്‍ നടന്നത് എന്ന് കണ്ടുപിടിക്കാന്‍. മാത്രമല്ല, അവിടെ എത്തിയപ്പോള്‍, തൊട്ടടുത്തുള്ള റാഫയില്‍ അതേ സമയം നടന്ന മറ്റൊരു കൂട്ടക്കൊലപാതകത്തിനെപ്പറ്റിയും സാക്കോ ഒരു യുണൈറ്റഡ് നേഷന്‍സ് റിപ്പോര്‍ട്ടില്‍ വായിക്കാനിടയായി. റാഫയില്‍ 111 പലസ്തീനികളെ ഒരുമിച്ചു വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം. ഈ കൂട്ടക്കൊലപാതകങ്ങള്‍ എങ്ങനെ നടപ്പിലാക്കി? എങ്ങനെ ഒരേ സ്ഥലത്തു നടന്ന രണ്ടു വ്യത്യസ്ത കൂട്ടക്കൊലപാതകങ്ങള്‍ ഒരു അടിക്കുറിപ്പ് പോലും ഇല്ലാത്ത ചരിത്ര സംഭവമായി തീരുന്നു? Footnotes in Gaza ഈ ചോദ്യത്തിന്റെ ഉത്തരമാണ്.

ഔദ്യോഗികമായ ചരിത്രത്തിന്റെ ഭാഗമല്ലെങ്കിലും, അടിക്കുറിപ്പിന്റെ പോലും താഴെയാണെങ്കിലും, ഈ രണ്ടു സംഭവങ്ങളും ഗാസയില്‍ സുപരിചിതമാണെന്ന് സാക്കോ വേഗം മനസ്സിലാക്കി. ഇപ്പോഴും ജീവിച്ചിരിക്കുന്ന പലരുടെയും ജീവിതത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു ഈ കൂട്ടക്കൊലപാതകങ്ങള്‍. 1956ലെ IDF ആക്രമണം ഓര്‍മ്മയുള്ള പലരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് തിരിച്ചറിഞ്ഞ സാക്കോ അവരെ ഇന്റര്‍വ്യൂ ചെയ്യുന്നു. സാക്കോയുടെ ഗ്രാഫിക് നോവലുകളില്‍ സാക്കോയും ഒരു കഥാപാത്രമാണ്. മറ്റുള്ള കഥാപാത്രങ്ങളെ വളരെ ‘photorealistic’ ആയി വരയ്ക്കുന്ന സാക്കോ തന്നെ സ്വയം ഒരു കാര്‍ട്ടൂണ്‍ പോലെയാണ് വരയ്ക്കുന്നത്. എന്ന് മാത്രമല്ല, സാക്കോയുടെ രണ്ടു കണ്ണുകളും എപ്പോഴും കട്ടിയുള്ള കണ്ണടകള്‍ കൊണ്ട് മൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്. കണ്ണുകളില്‍ കൂടിയാണല്ലോ പലപ്പോഴും നമ്മള്‍ ചുറ്റുമുള്ള ലോകം കാണുന്നത്. സാക്കോയുടെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നതിനാല്‍ വായിക്കുന്ന നമ്മള്‍ക്ക് ഒരു കഷ്ടപ്പാടുമില്ലാതെ സാക്കോയുടെ കണ്ണുകളില്‍ കൂടി സാക്കോ ചിത്രീകരിച്ചിരിക്കുന്ന ലോകം കാണാന്‍ സാധിക്കുന്നുണ്ട്.

അതുപോലെ തന്നെ, സാക്കോ ഗാസയുടെ എല്ലാ വശങ്ങളും നമ്മളെ എടുത്തു കാണിക്കുന്നുണ്ട്. താഴ്ന്നതും പൊങ്ങിയതും എല്ലാമെല്ലാം. ഓര്‍മ്മകളിലെ ആദ്യത്തെ നക്ബയിലെ ശൂന്യതയും ഗാസയിലെ അഭയാര്‍ത്ഥികളുടെ ആദ്യ രാത്രികളും നിലത്തു കുഴി കുഴിച്ചു കിടന്നുറങ്ങുന്നതും മരത്തില്‍ തുണി വലിച്ചു കെട്ടി മഴയില്‍ നിന്നും വെയിലില്‍ നിന്നും അഭയം തേടിയതും, പിന്നീട് യുണൈറ്റഡ് നേഷന്‍സ് ദാനം ചെയ്ത കൂടാരങ്ങളില്‍ രണ്ടു ലക്ഷത്തോളം മനുഷ്യര്‍ ചുരുങ്ങി കൂടിയതും, ആദ്യത്തെ ഇന്റീഫാദയിലെ കല്ലെറിഞ്ഞു കൊണ്ടുള്ള ഫലസ്തീനികളുടെ പ്രതിരോധ ശ്രമങ്ങളും, രാത്രികാലങ്ങളില്‍ ഇസ്രേലി അതിര്‍ത്തി ചാടിക്കടന്ന് കയറി ചവിട്ടി പുറത്താക്കപ്പെട്ട സ്വന്തം വീട്ടിലേക്ക് വീണ്ടും പോയി സാധനങ്ങള്‍ എടുത്തു കൊണ്ട് വരാന്‍ ശ്രമിക്കുന്നതും, ഇസ്രേല്‍ മോഷ്ടിച്ച അവരുടെ മലഞ്ചെരുവുകളില്‍ ആടുകളെ മേയ്ക്കുന്നതും, എല്ലാമെല്ലാം. നോവലിന്റെ പ്രധാന കഥാപാത്രങ്ങള്‍ മേല്‍പ്പറഞ്ഞ ഫെദയീന്‍ എന്ന സ്വാതന്ത്ര്യ സമര സേനാനികളാണ്. ഇസ്രേല്‍ തീവ്രവാദികള്‍ എന്ന് വിളിക്കുന്നവര്‍. ഇവരുടെ പേരിലാണല്ലോ കഉഎ ഖാന്‍ യൂനിസില്‍ 275 പേരെ കൊലപ്പെടുത്തിയത്. 111 പേരെ റാഫയില്‍ കൊലപ്പെടുത്തിയത്. ഒരു ഡോക്യുമെന്ററി സിനിമ പോലെ സാക്കോ നമ്മളെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഈ കൂട്ടക്കൊലപാതകങ്ങളുടെ സാക്ഷികളുടെ ഓര്‍മ്മകളും വാക്കുകളും കറുപ്പിലും വെളുപ്പിലും എന്നെന്നേയ്ക്കുമായി ചിത്രീകരിച്ചിരിക്കുന്നു. റോഡരുകില്‍ നിരനിരയായി കെട്ടികിടക്കുന്ന മൃതദേഹങ്ങള്‍. അലറി വിളിച്ചു കരയുന്ന അമ്മമാര്‍. ഭാര്യമാര്‍. സഹോദരങ്ങള്‍. തോക്കിനും ബോംബിനും ബയോനെറ്റിനും എതിരെ കല്ലെറിയുന്ന കൊച്ചു കുഞ്ഞുങ്ങള്‍. ഒരിക്കല്‍ വെട്ടിമാറ്റപ്പെട്ട രണ്ടു സംഭവങ്ങള്‍, യുണൈറ്റഡ് നേഷന്‍സിന്റെ റിപ്പോര്‍ട്ടുകളില്‍ മാത്രം ഒരു പക്ഷെ വായിക്കാനിടവരുന്ന രണ്ടു സംഭവങ്ങള്‍ 432 പേജുകളില്‍ സാക്കോ ചിത്രീകരിച്ചിരിക്കുന്നു.

പലസ്തീന്‍ എന്ന സാക്കോയുടെ മേല്‍പ്പറഞ്ഞ ഗ്രാഫിക് നോവലിന്റെ ആമുഖത്തില്‍ എഡ്‌വേഡ് സയീദ് ഇങ്ങെനെയും കൂടി പറഞ്ഞിട്ടുണ്ട്: ‘കോമിക്കുകള്‍ ജയിക്കുന്നവരുടെ കലാരൂപമാണല്ലോ. സൂപ്പര്‍മാന്‍ ആണെങ്കിലും, സ്‌പൈഡര്‍മാന്‍ ആണെങ്കിലും, ടാര്‍സണ്‍ ആണെങ്കിലും കോമിക്കുകള്‍ ജയിക്കുന്നവരുടെ കഥ പറയുന്നു. എന്നാല്‍ സാക്കോയുടെ കോമിക്കുകള്‍ തോറ്റവരുടെ കഥകളാണ്.’ ശരിയാണ്. ചരിത്രം കൈ കെട്ടി മാറി നിന്ന്, അല്ലെങ്കില്‍ കൈ കൊട്ടി കൊലപാതകത്തിന് വിരുന്നൊരുക്കിയവരുടെ മുഖങ്ങളാണ് നമുക്ക് കാണിച്ചു തരുന്നത്. സാക്കോ ഇവരുടെ പൊള്ളയായ വിജയത്തിന്റെ ഉള്ള് കാണിച്ചു തരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഭീകരമായ ചരിത്ര സത്യങ്ങള്‍ നശ്വരമായ മനുഷ്യ മനസ്സുകളുടെ ഓര്‍മ്മകളിലേക്ക് മാത്രമായി ചുരുങ്ങുന്നത് ഭാവിയെ മാത്രം ബാധിക്കുന്ന ഒരു നഷ്ടമല്ല. അത് ഭൂതകാലത്തിനെ വഞ്ചിക്കലാണ്. അത് വര്‍ത്തമാനത്തിന്റെ അപൂര്‍ണ്ണമായ, തെറ്റായ അപഗ്രഥനമാണ്.

2024 ല്‍ ഗാസ വീണ്ടും തരിശു ഭൂമിയാക്കാന്‍ ഇസ്രേല്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് 1956, 1993, 2005 എന്നീ നിര്‍ണ്ണായകമായ ഏറ്റുമുട്ടലുകളില്‍ അവര്‍ തുടങ്ങിവെച്ച വംശഹത്യ പൂര്‍ത്തീകരിക്കാനാണെന്ന് ചരിത്രം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. തോറ്റവരുടെ പടയാളികള്‍ക്കും വേണം ചരിത്രത്തിന്റെ ഒരു ചെറിയ തുണ്ട്. സാക്കോയുടെ ഗ്രാഫിക് നോവലുകള്‍ ചരിത്രം രേഖപ്പെടുത്താത്ത സംഭവങ്ങള്‍, ‘വാര്‍ത്ത’ എന്ന പ്രഹസനം നിരാകരിച്ച സംഭവ പരമ്പരകള്‍, എന്നെന്നേയ്ക്കുമായി ശാശ്വതമായി, ശക്തമായി, രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

(കടപ്പാട് പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply