മലയള സിനിമയിലെ ജാതീയതയെ കുറിച്ചുതന്നെ

‘ഇത് തുളുവും കന്നടയും ഒന്നുമല്ലാ , ദൈവം ഉണ്ടാകുന്നതിനു മുമ്പേയുള്ള ഏതോ കാടന്‍ ഭാഷയാ ‘ (തേന്മാവിന്‍ കൊമ്പത്തിലെ മാണിക്യന്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രം)

നിന്നെ നിന്റെ ഡാഡി മംഗല്ല്യപ്പുഴയ്ക്കു കൊണ്ടുപോയി ‘ഏതെങ്കിലും ആദിവാസി കോന്തനെക്കൊണ്ട് കല്യാണം കഴിപ്പിക്കും ‘

‘ഈ തായത്തു കഴുത്തില്‍ കിടക്കുന്നതു കൊണ്ടാണ് ഈ വിവരംകെട്ട കുറുമ്പന്മാര് എനിക്കിത്തിരിയെങ്കിലും വില നല്‍കുന്നത്’-

ചിത്രം എന്ന സിനിമയില്‍ യഥാക്രമം നെടുമുടിവേണുവിന്റെയും (അഡ്വ. പുരുഷോത്തമ കൈമള്‍) ശ്രീനിവാസന്റെയും ( ഭാസ്‌കരന്‍ നമ്പ്യാര്‍) കഥാപാത്രങ്ങള്‍ പറയുന്ന സംഭാഷണങ്ങളാണ് ഇവ.

‘ഇത് തുളുവും കന്നടയും ഒന്നുമല്ലാ , ദൈവം ഉണ്ടാകുന്നതിനു മുമ്പേയുള്ള ഏതോ കാടന്‍ ഭാഷയാ ‘ (തേന്മാവിന്‍ കൊമ്പത്തിലെ മാണിക്യന്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രം)

ആദിവാസി വിരുദ്ധവും അതിനാല്‍ തന്നെ സാമൂഹ്യ വിരുദ്ധവുമായ ഇതുപോലുള്ള ഡയലോഗുകള്‍ എത്രവേണമെങ്കിലും ഈ രണ്ടു പ്രിയദര്‍ശന്‍ സിനിമകളില്‍ നിന്ന് കണ്ടെടുക്കാനാവും …..

പടിഞ്ഞാറന്‍ ദേശങ്ങളുടെ അപരക്കാഴ്ചകള്‍ കൊണ്ടാണ് കിഴക്കന്‍ നാടുകളെ അവര്‍ നിര്‍ണയിച്ചിരിക്കുന്നത് എന്ന് എഡ്വേര്‍ഡ് സൈദ് ഓറിയന്റലിസം എന്ന ചിന്താപദ്ധതിയില്‍ പറയുന്നുണ്ട്. നാഗരികതയില്‍ മുന്‍പില്‍ നില്‍ക്കുന്ന തങ്ങളാല്‍ പരിഷ്‌കരിക്കപ്പെടേണ്ട ജനത എന്ന നിലയിലാണ് പാശ്ചാത്യര്‍ പൗരസ്ത്യ ദേശങ്ങളിലെ ജനങ്ങളെ നിര്‍വചിച്ചത്. അതുകൊണ്ടുതന്നെ അക്രമത്തിലൂന്നി നിലനിന്ന അവരുടെ കൊളോണിയല്‍ പിടിച്ചടക്കലുകളെയെല്ലാം ശരിവെക്കുന്നതായിരുന്നു അവരുണ്ടാക്കിയ എല്ലാ സിദ്ധാന്തങ്ങളും.

യൂറോപ്യര്‍ ഏഷ്യയെകണ്ട അതേ ഇകഴ്ത്തിപ്പിടിച്ച അപരക്കാഴ്ചയിലൂടെയാണ് വടക്കേയിന്ത്യക്കാര്‍ തെക്കുള്ളവരെ കണ്ടത്. ‘മദ്രാസികള്‍’ എന്നത് വടക്കര്‍ ഇകഴ്ത്താനുള്ള പദമായി തെക്കര്‍ക്ക് നേരെ പൊതുവായി ഉപയോഗിച്ച് വന്നു. തെക്കന്‍കേരളത്തിലുള്ളവര്‍ കാസര്‍ഗോഡ് പോലുള്ള വടക്കന്‍ജില്ലക്കാരെ കാണുന്നതിലും ഇതേ അപരവല്ക്കരണമുണ്ട്. ‘കാസര്‍ഗോഡിന് തട്ടും ‘ എന്നതുപോലുള്ള സിനിമാ ഡയലോഗുകള്‍ അത്തരത്തില്‍ ഉണ്ടായി വരുന്നതാണ് .

പ്രദേശം സംബന്ധിച്ച ഇതേ കാഴ്ചപാട് തന്നെയാണ് വംശീയതയുടെ സവര്‍ണ്ണ സിനിമാക്യാമറകള്‍ ആദിവാസികളെ കാണുന്നതിലും സ്വീകരിച്ചിരിക്കുന്നത്. തങ്ങള്‍ക്കൊപ്പം അല്ലാത്ത ഒരിക്കലും ഒപ്പം ചേര്‍ക്കാന്‍ ആവാത്ത വിചിത്ര ജീവികളായിട്ടാണ് മലയാള സിനിമ ആദിവാസികളെ എക്കാലത്തും ചിത്രീകരിച്ചിട്ടുള്ളതെന്നതിന് ദൃഷ്ടാന്തങ്ങള്‍ എത്രയോ കണ്ടെടുക്കാനാവും.

പോയ കാലത്ത് പ്രൗഢി ആയി കണക്കാക്കിയിരുന്നു എങ്കില്‍ പോലും, ഷര്‍ട് ഉടുക്കാതെ പാളത്താറായി വേഷ്ടി ധരിച്ച് കസവു തോര്‍ത്തും തോളിലിട്ട് ഒരാള്‍ ഇക്കാലത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോട്ടും സ്യൂട്ടുമണിഞ്ഞവര്‍ക്കൊപ്പം നില്‍ക്കുന്നത് കണ്ടാല്‍ വേഷ്ടിക്കാരന്‍ ‘അപരിഷ്‌കൃതനാ’വുമെന്നുറപ്പ് . രണ്ടു കാലഘട്ടങ്ങളെ ഒപ്പം ചേര്‍ക്കുന്നതിലുണ്ടാവുന്നതാണീ അന്തരം.

സവര്‍ണ്ണ പക്ഷപാതികളായ സിനിമാക്കാര്‍ അവരുടെ ജീവിത പരിസരങ്ങളെ വര്‍ത്തമാന കാലത്ത് നിര്‍ത്തുകയും ആദിവാസി ജീവിതങ്ങളെ പ്രാചീനതയില്‍മാത്രം നിര്‍ത്തി താരതമ്യം ചെയ്യുന്നത് മുന്‍പ് പറഞ്ഞ അപര കാഴ്ച നിര്‍മ്മിക്കുന്നതിനു തുല്ല്യമാണ്. ആദിവാസികള്‍ക്കുനേരെ സിനിമാ ക്യാമറകള്‍ ഇപ്പോഴും തിരിയുന്നത് അപരവല്‍ക്കരണത്തിനപ്പുറം അപരിഷ്‌കൃതമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ എന്ന് അവര്‍ കരുതുന്നവരോടുള്ള പുച്ഛവും പരിഹാസവും നിറഞ്ഞ കണ്ണുകളോടെയാണ്. വഴിതെറ്റി ചെല്ലുമ്പോള്‍ മാത്രം കണ്ടെത്തുന്ന ലോകങ്ങളായിട്ടാണ് തേന്‍മാവിന്‍ കൊമ്പത്ത് പോലുള്ള സിനിമകള്‍ ആദിവാസികളെ അടയാളപ്പെടുത്തിയിട്ടുള്ളത്. മിക്കവാറും അപസര്‍പ്പകകഥകളിലെ നായകനോ നായികയോ പെട്ടുപോകുന്ന പാതാള ലോകങ്ങളുടെ മാതൃകയാണ് ഇവിടെയുള്ളത്.

കടമറ്റത്ത് കത്തനാര്‍ ഒരു ഗുഹയില്‍ വീണു പാതാള ലോകത്ത് ചെന്നുപെടുന്നതും അവിടെ നീരാഴത്തിലറുകൊല, കാപ്പൂര്, ജിന്ന് തുടങ്ങിയ വിചിത്ര ഭൂതഗണങ്ങളെ കണ്ട് അല്‍ഭുതം കൂറുന്നതും മരുന്നും മന്ത്രവാദങ്ങളും അവരില്‍ നിന്ന് പഠിച്ചിടുത്ത ശേഷം പാതാള ഭൂതങ്ങളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു നാട്ടിലെത്തി മാന്ത്രികവിദ്യയിലുള്ള മിടുക്കിനാല്‍ നാട്ടില്‍ പ്രാമാണികനായി മാറുന്നതുമായ ഒരു നാടോടിക്കഥയുണ്ട്. ക്രിസ്തുമത പ്രചാരണത്തിന് ഇന്നാട്ടിലെ മന്ത്രവാദവിദ്യകള്‍ കൂടി ആവശ്യമാണ് എന്ന് മനസിലാക്കിയ ഒരു ദിവ്യന്‍ ഇടനാട്ടിലുള്ള പറയര്‍, പുലയര്‍, വേലര്‍ എന്നിവരില്‍ നിന്ന് ആദ്യം മന്ത്രവിദ്യകള്‍ പഠിച്ചു. വിദ്യ തികയാത്തതിനാല്‍ കടമറ്റത്തിന് തൊട്ടുകിഴക്കുള്ള ഇടുക്കി, പത്തനംതിട്ട പ്രദേശങ്ങളിലെ ‘തൊട്ടമല തൊണ്ണൂറ്റൊമ്പതുമല മേപ്പാടിമല’ എന്നൊക്കെ മന്ത്രവാദത്തില്‍ അടയാളമുള്ള മന്ത്രമലകളിലെ മലയരയര്‍, ഊരാളിമാര്‍, മന്നാന്‍മാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്ന് മന്ത്രവാദം പഠിച്ചെടുക്കുന്നു. എന്നിട്ടൊടുവില്‍ പാതാളം എന്ന മിഥ്യയിലൂടെ കീഴാളരുടെ കൊടുതികളെയും പ്രദേശങ്ങളെയും അദൃശ്യമാക്കുന്നു.. ഇതിനു പ്രതികാരമായി അടുത്ത തലമുറയിലെ പറയക്കുട്ടികള്‍ കടമറ്റത്തച്ചനില്‍ നിന്നും അതേ വിദ്യകള്‍ പഠിച്ചെടുത്തിട്ടൊടുവില്‍ അച്ചന്റെ കണ്ണു കെട്ടിച്ച് കടന്നുപോയി പ്രതികാരം ചെയ്യുന്ന കഥയും കുന്നത്തുനാട്ടിലെ നാടോടിആഖ്യാനങ്ങളിലുണ്ട്.

ഇക്കഥ മലയാളസിനിമാ ലോകത്തിന്റെ ആദിവാസിക്കാഴ്ചയെ വിശദീകരിക്കാന്‍ പര്യാപ്തമാണ്. കടമറ്റത്തച്ചന്‍ കഥ ആദിവാസി ലോകത്തെ പാതാളമാക്കി അദൃശ്യപ്പെടുത്തുമ്പോള്‍, മലയാള സിനിമ ആദിവാസിലോകങ്ങളെ ‘പരിഷ്‌കൃതരായ’ മനുഷ്യര്‍ പെട്ടുപോകുന്ന ‘പാതാളമാക്കി’ അവതരിപ്പിച്ച് അവഹേളിക്കുന്നു. ഭീമസേനന്‍ സര്‍പ്പലോകത്ത് പെട്ടുപോകുന്ന സമാനകഥ മഹാഭാരതത്തിലുമുണ്ട്.

തേന്‍മാവിന്‍ കൊമ്പത്ത് ചിത്രീകരണത്തിന്റെ മേന്മകൊണ്ട് ദേശീയ അവാര്‍ഡുകള്‍ നേടിയതും ഏറെ ശ്രദ്ധിക്കപ്പെട്ടതുമായ സിനിമയാണ്. കര്‍ണാടകത്തോട് ചേര്‍ന്നുള്ള കേരളാതിര്‍ത്തിയിലെ ഗ്രാമീണ ജീവിതവും ഗ്രാമത്തില്‍ നടക്കുന്ന ത്രികോണ പ്രണയവുമാണ് ഇതിലെ പ്രതിപാദ്യം. ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കാന്‍പോയി വരുന്നവഴി അപരിചിതയായ കാര്‍ത്തുമ്പിയെന്ന നാടകക്കാരിയെയും (ശോഭന) അമ്മാവനെയും (കുതിരവട്ടം പപ്പു.) ശ്രീകൃഷ്ണന്റെ (നെടുമുടി വേണു) നിര്‍ബന്ധത്താല്‍ മാണിക്യന്‍ (മോഹന്‍ലാല്‍) അവരുടെ കാളവണ്ടിയില്‍ കയറ്റുന്നു. യാത്രക്കിടയില്‍ ഉത്സവപ്പറമ്പില്‍ ഉണ്ടായ അടിപിടി ബഹളത്തെത്തുടര്‍ന്ന് കാളവണ്ടിയില്‍ കാര്‍ത്തുമ്പിയും മാണിക്യനും വനത്തിനകത്തെ അപരിചിത പ്രദേശത്ത് പെട്ടുപോകുന്നു വഴി തെറ്റിച്ചെന്ന് പെട്ടുപോകുന്നിടത്താണ് ആദിവാസികളുടെ ലോകമുള്ളത്.

ആ ലോകത്തെയാണ് പ്രിയദര്‍ശന്‍ പാതാളവല്‍ക്കരിക്കുന്നത്. ആദിവാസികളുടെ ഭാഷ തങ്ങള്‍ക്കു മനസ്സിലാകാത്തത് തങ്ങളുടെ കുറവായല്ല , മറിച്ച് ‘മനുഷ്യന്’ മനസിലാകാത്ത ഭാഷയില്‍ ഇവിടത്തുകാര്‍ സംസാരിക്കുന്നതുകൊണ്ടാണെന്ന പരിഹാസത്തിലൂടെയാണ് ഇവിടെ ഹാസ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ‘ഇത് തെലുങ്കും കന്നടയുമൊന്നുമല്ലാ ദൈവം ഉണ്ടാകുന്നതിനും മുമ്പുള്ള ഏതോ കാടന്‍ ഭാഷയാ’ എന്ന സംഭാഷണമാണ് മോഹന്‍ലാലിന്റെ മാണിക്യനെക്കൊണ്ടു പറയിക്കാന്‍ പ്രീയദര്‍ശന്‍ എഴുതി വച്ചത്.

പ്രാചീന വേഷം കെട്ടിച്ച്, നെയ്തുതീരാത്ത കൊട്ട കൊണ്ടുള്ള ചില തൊപ്പികള്‍ ധരിപ്പിച്ച്, ആദിവാസികളെ അതിവിദൂരകാല ജനതയായി ചിത്രീകരിക്കുന്നു. ഗുഹാമനുഷ്യരില്‍ നിന്നും തെല്ലും വളര്‍ച്ച പ്രാപിക്കാത്തവരായി ചിത്രീകരിക്കാനാണ് ഇവിടെ സംവിധായകന്‍ അത്യുത്സാഹം കാട്ടുന്നത്. നാഗരികതയോട് താരതമ്യപ്പെടുത്തി ആ ജനതയെ ഇകഴ്ത്തുന്നതിലും ഇതേ ഉത്സാഹം നിലനിര്‍ത്തുന്നു. അതിനാല്‍ ഈ സിനിമ തികച്ചും മനുഷ്യവിരുദ്ധതയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ആദിവാസി വിഭാഗത്തിപ്പെട്ട ഒരാള്‍ തന്റെ സിനിമ എങ്ങനെ കാണുന്നു എന്ന് ചിന്തിക്കാനുള്ള ബോധം പോലും പ്രിയദര്‍ശന്‍ എന്ന സംവിധായകന് ഇല്ലാതെ പോകുന്നു . അപ്പോഴും താനുള്‍ച്ചേരുന്ന സവര്‍ണ്ണ ഫ്യൂഡല്‍ സമൂഹത്തിന്റെ പ്രിവിലേജുകള്‍ മറ്റെല്ലാ സിനിമയിലുമെന്ന പോലെ ഇവിടെയും സ്ഥാപിക്കുന്നതില്‍ സിനിമയുടെ ബാക്കി ഭാഗം മൊത്തമായും പ്രിയദര്‍ശന്‍ ഉപയോഗപ്പെടുത്തുന്നു. സംവിധായകനില്‍ പുളിച്ച് തികട്ടുന്ന ഫ്യൂഡല്‍ ജാതിബോധം എല്ലാ അര്‍ത്ഥത്തിലും ചേരുന്നതാണ് സിനിമയുടെ തുടര്‍ന്നുള്ള ദൃശ്യങ്ങള്‍ .

പ്രതാപകാലമെല്ലാം പോയില്ലേ എന്ന് എന്ന കവിയൂര്‍ പൊന്നമ്മയുടെ അകത്തമ്മയായ കഥാപാത്രത്തെക്കൊണ്ട് പറയിപ്പിക്കുന്നുണ്ടെങ്കിലും ജാതി പ്രതാപങ്ങളില്‍ തെല്ലും കുറവു വരാതെ നോക്കാന്‍ സംവിധായകന്‍ പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്. ഫ്യൂഡലിസത്തിന്റെ സുഖാനുഭൂതികള്‍ മാത്രമല്ല, ജാതിയെ ഒരു സ്വയംഭരണ സ്ഥാപനം പോലെ നിലനിര്‍ത്തുന്നതിന്, കഥാപാത്രങ്ങള്‍ ഓരോരുത്തരും അവരവരുടെ ജാതിസ്ഥാനങ്ങളില്‍ അടയാളപ്പെടുത്തപ്പെടാന്‍ ബദ്ധശ്രദ്ധ പുലര്‍ത്തുന്ന ശ്രേണീകരണത്തിന്റെ എല്ലാ അംശങ്ങളും ഈ സിനിമയിലുണ്ട്. വീട്ടിനകത്ത് മുഴുവന്‍ സ്വാതന്ത്ര്യവും ലഭിക്കുമ്പോഴും മാണിക്യന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം നെടുമുടി വേണു അവതരിപ്പിക്കുന്ന ശ്രീകൃഷ്ണന്‍ എന്ന ഫ്യൂഡല്‍ ഇടപ്രഭുവിനെ ചേട്ടന്‍ എന്നല്ല ‘തമ്പ്രാന്‍ ചേട്ടന്‍’ എന്നാണ് സംബോധന ചെയ്യുന്നത്. അമ്മയ്ക്ക്തുല്യം എന്നൊക്കെ പറയുമ്പോഴും തമ്പുരാട്ടിയമ്മ എന്നു തന്നെയാണ് കവിയൂര്‍ പൊന്നമ്മയുടെ അകത്തമ്മ എന്ന കഥാപാത്രത്തെ മാണിക്യന്‍ വിളിക്കുന്നത്. ഇതിലൂടെയെല്ലാം മാണിക്യന്‍ സവര്‍ണ്ണതയുടെ വാഴ്ത്തു പാട്ടുകാരായ ഏതെങ്കിലും അന്തരാളജാതി വിഭാഗമാണെന്ന് ഉറപ്പിക്കാം. അത്തരം തൊട്ടുചേര്‍ന്നുള്ള അന്തരാള ജാതിയുടെ സമര്‍പ്പിത വിധേയത്വം മാണിക്യന്റെ പിതാവായ കണ്ണയ്യയില്‍ (ശങ്കരാടി ) വ്യക്തമാണ്. മകനെ കാണാന്‍ മാടമ്പിത്തറവാട്ടിലെത്തുന്ന കണ്ണയ്യയാണ് ആ കുടുംബത്തിന്റെ വാഴ്ത്തുപാട്ട് കര്‍മ്മം സിനിമയില്‍ നിറവേറ്റുന്നത്. കണ്ണയ്യയോട്,.വല്ലതും കഴിക്കാന്‍ അകത്തേക്ക് വരൂ എന്നല്ല, പിന്നാമ്പുറത്തേക്കു വന്നോളൂ എന്നാണ് ഈ അകത്തമ്മ കല്‍പ്പിക്കുന്നത്. പാത്രം കഴുകി വെക്കാന്‍ അതിനും പുറത്തുള്ള ആദിവാസി സ്ത്രീയോട് ആജ്ഞാപിക്കുന്ന സീന്‍ ചേര്‍ത്ത് ശ്രേണീകരണം ഉറപ്പിക്കാനും പ്രിയദര്‍ശന്‍ മറക്കുന്നില്ല.

മലയാള സിനിമയില്‍ എക്കാലത്തും ഓര്‍ത്തു ചിരിക്കാവുന്ന മഹാഹാസ്യമാണ് ഇവിടെ കണ്ണയ്യയുടെ (ശങ്കരാടി ) സംഭാഷണം . മാടമ്പിത്തറവാട്ടിലെ കാര്യസ്ഥ പണിയുണ്ടെങ്കില്‍ പിന്നെ സര്‍ക്കാര്‍ ജോലിയൊക്കെ ആര്‍ക്കുവേണം എന്നാണ് അയാള്‍ തട്ടിവിടുന്നത്. തറവാട്ടിലെ അടിമയായ കാര്യസ്ഥനെക്കാള്‍ വലുതല്ല അയാളെ സംബന്ധിച്ചിടത്തോളം ആധുനികവിദ്യാഭ്യാസത്തിലൂടെ നേടുന്ന സര്‍ക്കാരുദ്യോഗം. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ വഴി ബഹുജന സമൂഹം അല്പം അന്തസും അഭിമാനവും നേടിയ കാലത്താണ് ഇത്തരം സംഭാഷണങ്ങള്‍ രൂപപ്പെടുന്നത് എന്നുള്ളതിനെ കേവലം തമാശയായി കാണാനാവില്ല.

വനപ്രദേശങ്ങളില്‍ ഗോത്രമായി സ്വാശ്രയ ജീവിതം നയിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ അഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്നത് , അവര്‍ക്കിടയില്‍ സ്ഥാനി പദവിയാളുന്ന ഗോത്രമൂപ്പനാണ്. ഇതര വിഭാഗങ്ങള്‍ക്കതില്‍ യാതൊരു സ്ഥാനവുമില്ല. എന്നാല്‍ നാടുവാഴി വ്യവസ്ഥയുടെ ഉപോല്‍പ്പനങ്ങള്‍ ആദിവാസി സമൂഹത്തിലേയ്ക്കും തിരുകിക്കയറ്റാന്‍ ഈ സിനിമ ശ്രമിക്കുന്നത് ശ്രദ്ധിക്കുക. കറുത്തവരായ ആദിവാസി ദമ്പതികള്‍ക്ക് ജനിച്ച വെളുത്തകുഞ്ഞിനെച്ചൊല്ലി, ഭര്‍ത്താവ് സംശയം ഉന്നയിച്ചപ്പോള്‍ സവര്‍ണ്ണ നാട്ടുകൂട്ട യുക്തിയുടെ കിടമത്സരത്തില്‍ ശ്രീകൃഷ്ണന്‍ (നെടുമുടി വേണു) ആളാവുന്നത് ഒരു വിചിത്ര യുക്തിയിലൂടെയാണ്. കുട്ടി സ്വന്തം ഭര്‍ത്താവിന്റേതു തന്നെയെന്നു തെളിയിക്കാന്‍ തിരക്കഥയില്‍ ചേര്‍ക്കുന്ന യുക്തിയാണ് അതിഫലിതം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വെറ്റിലമുറുക്ക് നല്‍കിയിട്ട് മുറുക്കാന്‍ ചേരുവകളുടേതല്ലാത്ത നിറമല്ലേ നിനക്ക് ചവച്ചു തുപ്പാന്‍ കഴിയൂ എന്ന ഓര്‍മ്മപ്പെടുത്തലാണ് പിതൃത്വത്തില്‍ സംശയമുള്ള ആദിവാസിപുരുഷനു നല്‍കുന്ന നിര്‍ദ്ദേശം. അങ്ങിനെ കഴിയില്ലെന്നുറപ്പായതിനാല്‍ അയാള്‍ മാനസാന്തരപ്പെടുന്നതായി സീനുണ്ടാക്കുന്നു. ആധുനീക വൈദ്യശാസ്ത്രപ്രകാരം വെറ്റില മുറുക്കിനു തത്തുല്ല്യമാണോ ഗര്‍ഭധാരണം എന്നൊക്കെയുള്ള ചോദ്യത്തിനൊന്നും അവിടെ പ്രസക്തിയില്ല. ആദിവാസികള്‍ക്കു മേലുള്ള നീതി നടപ്പാക്കലില്‍ ഇത്തരം വിചിത്രകഥയും സ്യൂഡോ ശാസ്ത്ര യുക്തിയുമൊക്കെ മതിയാവും എന്ന് പ്രിയദര്‍ശന്‍ കരുതുന്നിടത്താണ് ആ രംഗത്തിന്റെ അപരഹിംസ ഫലം കാണുന്നത്.

സവര്‍ണ്ണ സദാചാര കേന്ദ്രീകൃതമായ വീക്ഷണങ്ങള്‍ ആദിവാസി സമൂഹങ്ങളില്‍ ഇല്ലെന്നിരിക്കെ, അത്തരം സന്നിഗ്ദ്ധതകളെ കീഴാള സമുദായങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ഈ വക ഗിമ്മിക്കുകള്‍ കൊണ്ട് ചെയ്തു കൂട്ടുന്നത്. കാര്‍ത്തുമ്പിയെക്കൊണ്ട് മാണിക്യന്‍ തറവാട്ടില്‍ എത്തിച്ചേരുമ്പോള്‍ കണ്ടമാത്രയില്‍ തറവാട്ടമ്മയ്ക്കറിയേണ്ടത് ആ പെണ്ണിന്റെ പേരോ നാടോ വീടോ ഒന്നുമല്ല ‘എന്താ ഇതിന്റെ ജാതി’ എന്നാണ് അവിടെ ചാടിക്കേറി ‘നമ്മുടെ ജാതിയാ.. അച്ഛന്റെ പേര് ഗോവിന്ദന്‍നായര്‍’ എന്നൊക്കെ ശ്രീകൃഷ്ണന്‍ തട്ടിവിടുന്നുണ്ട്. അതിനെ പരിഹസിച്ചു കൊണ്ട് മാണിക്യന്‍ പറയുന്നത് അമ്മേടെ പേര് ചോക്കുട്ടി എന്നാണ് ‘കാണാന്‍ ഐശ്യമുള്ളതുകൊണ്ട് ‘ സവര്‍ണ്ണ തറവാട്ടില്‍ പിറന്നതാവും എന്ന ഡയലോഗ് കാച്ചുമ്പോള്‍ ഐശ്വര്യം മുഴുവന്‍ നില്‍ക്കുന്നത് സവര്‍ണ്ണ തറവാട്ടിലാണ് എന്ന മേല്‍ജാതി ദുരഭിമാനമാണ് വെളിവാകുന്നത്.

സിനിമയില്‍ കുയിലി എന്ന ആദിവാസിപ്പെണ്‍കുട്ടിക്ക്, തന്നെ സ്നേഹിക്കുന്ന അപ്പക്കാളയെ (ശ്രീനിവാസന്‍ ) ഇഷ്ടമല്ല. അവള്‍ മാണിക്യന്റെ പിന്നാലെ പ്രണയ പരവശയായി നടക്കുന്നതായാണ് ചിത്രീകരിക്കുന്നത്. കീഴാളസ്തീകള്‍ മേല്‍ജാതിപ്പുരുഷന് ചുറ്റും ഉപഗ്രഹമായി കറങ്ങിക്കൊണ്ടിരിക്കുന്നൂ എന്ന മട്ടില്‍ ചിത്രീകരിക്കുന്ന നിരവധി മലയാള സിനിമകളുണ്ട്. കാര്‍ത്തുമ്പിയെ മാണിക്യനില്‍ നിന്ന് അകറ്റാന്‍ അപ്പക്കാള ശ്രീകൃഷ്ണന് ബുദ്ധിയുപദേശിച്ചു കൊടുക്കുന്നൊരു രംഗമുണ്ട് ചിത്രത്തില്‍. മാണിക്യനാല്‍ താന്‍ ഗര്‍ഭവതിയാണെന്നു കുയിലിയെക്കൊണ്ട് കള്ളം പറയിപ്പിക്കാം എന്ന അപ്പക്കാളയുടെ തലയിലുദിക്കുന്ന ബുദ്ധിയിലും ‘സവര്‍ണ്ണാല്‍ഭുതം’ പൊട്ടിത്തെറിക്കുന്നുണ്ട്.’വെറുതെയല്ലാ ദൈവം നിനക്കൊക്കെ വലിയ ബുദ്ധി തരാത്തത്’ എന്നാണ് അവിടെ ശ്രീകൃഷ്ണന്റെ (നെടുമുടി വേണു.) ആശ്വാസം. ഇത്തരം ജാതിജാതിബോധങ്ങളുടെ തുടര്‍ച്ച പില്‍ക്കാലത്തുണ്ടായ നിരവധി സിനിമകളില്‍ കാണാം

ഒരു കേസില്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യമെടുക്കുന്ന വക്കീല്‍ വേഷമുള്ള സലീം കുമാര്‍, വിജയിക്കുന്ന സന്ദര്‍ഭത്തില്‍ മീശമാധവന്‍ സിനിമ അത്ഭുതം കൂറുന്നു. കറുത്തതും സവര്‍ണ്ണഭൂഷകള്‍ ഇല്ലാത്തതുമായ ആ ശരീരത്തില്‍ നിന്നും ഇത്രയ്ക്ക് ബുദ്ധിയോ എന്നാണ് ആശ്ചര്യാതിരേകം … അപ്പോള്‍ ശരിക്കും വക്കീലാണല്ലേ എന്നാണ് കള്ളനായ മാധവന്‍ നായര്‍ക്കു വേണ്ടി വാദിച്ചു ജയിച്ച ആളിന് നേരെ ചോദ്യമുയരുന്നത് ( ഹരിശ്രീ അശോകന്‍) ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ ‘എന്ന് സലീം കുമാറിന്റേതു പോലൊരു ശരീരത്തെക്കൊണ്ട് പറയിക്കുമ്പോള്‍ സവര്‍ണ്ണരും ഉള്ളില്‍ സവര്‍ണ്ണത പേറുന്ന അവര്‍ണ്ണരും തീയറ്ററില്‍ പൊട്ടിച്ചിരിയാല്‍ ജാതിവായ്‌നാറ്റം നിറച്ചിട്ടുണ്ട് എന്നത് സത്യമാണ്. കീഴാളരില്‍ ബുദ്ധിയിരിക്കില്ല എന്ന ബ്രാഹ്മണിക്ക് ‘അബോധത്തില്‍ നിന്നാണ് ആ ചിരി ഉയരുന്നത്. ബോഡീ ഷെയിമിങ്ങ് എന്ന അപര ഹിംസ തന്നെയാണ് ഇവിടെയുള്ളത്. ജാതിയും ശരീരവും ചേര്‍ത്ത് ബഹുപക്ഷ ജനതയെ പുറംന്തള്ളുന്നതിന്റെ യുക്തിയാണിവിടെ പ്രവര്‍ത്തിക്കുന്നത്

കടമറ്റത്തു കത്തനാരെന്നെ സീരിയലിന്റെ അനുകരണമായ പ്രീസ്റ്റ് എന്ന പുതിയ മമ്മൂട്ടി സിനിമയിലും ഇതേ സവര്‍ണ്ണാത്ഭുതം നിറച്ചിരിക്കുന്നതിനാല്‍ ഇതൊരു സാംസ്‌കാരിക പകര്‍ച്ചവ്യാധിയായി ഇനിയും തുടരുമെന്ന് ഉറപ്പിക്കാം. കേസ് അന്വേഷിക്കുമ്പോള്‍ കൊലപാതകം നടന്ന കോമ്പൗണ്ടില്‍ നിന്നും അസാധാരണമായി കാണുന്നത് കണ്ടെത്തി ഏല്‍പ്പിക്കാന്‍ തൊഴിലാളി സ്ത്രീകളെ ചുമതലപ്പെടുത്തുന്നു. വൃദ്ധയായ തൊഴിലാളി സ്ത്രീ ഗുളികയുടെ കവര്‍ അസാധാരണമായി കണ്ടെത്തുന്നു. അതിലെന്താ അസാധാരണത്വം എന്ന് പ്രീസ്റ്റ് ചോദിക്കുമ്പോള്‍ കക്കൂസില്‍ നിന്ന് ആരും ഗുളിക കഴിക്കില്ലല്ലോ എന്ന മറുപടിയില്‍ പ്രീസ്റ്റ് അത്ഭുതം കൂറുന്നു. അവിടെയും ആ സ്ത്രീയെക്കൊണ്ട് സലിം കുമാറിന്റെ ഏറ്റുപറച്ചില്‍ തന്നെ ആവര്‍ത്തിപ്പിക്കുന്നു. (ലുക്കില്ലെന്നേയുള്ളു. ഭയങ്കര ബുദ്ധിയാ ) ഇവിടെ ചലിക്കുന്നത് കേവലം ഹാസ്യമല്ല. ശാരീരികാക്ഷേപവും ജാത്യാവഹേളനവുമാണ്. അതു പറഞ്ഞാല്‍ മനസിലാക്കാന്‍ കഴിയാത്ത വിധം ലാലേട്ടന്‍, മമ്മൂക്കാ… പോലുള്ള ‘ചേട്ടബിംബങ്ങള്‍’ചിന്തയ്ക്ക് തടസം പിടിച്ചിരിക്കുന്നു.

ബുദ്ധിയിരിക്കാന്‍ സവര്‍ണ്ണശരീരം തന്നെ വേണമെന്ന അബോധം എല്ലാവരിലും നിറഞ്ഞിരിക്കുന്നു. മന്ദബുദ്ധികളായ ബ്രാഹ്മണര്‍ എത്രയോ ഉണ്ട് നമുക്കു ചുറ്റും അപ്പോഴും സിനിമാക്ഷേത്രകല ‘പട്ടരില്‍ പൊട്ടരില്ലെ’ന്നും ‘അയ്യര്‍ ദ ഗ്രേറ്റ്’ എന്നുമൊക്കെ വിവരക്കേടു പ്രചരിപ്പിക്കും… ഇക്കാര്യം, പോള്‍ ഗില്‍ റോയിയെ ഉദ്ധരിച്ചുകൊണ്ട് കെ.കെ.ബാബുരാജ് വിശദീകരിച്ചിട്ടുണ്ട്…’വിവേകത്തെ പോലെതന്നെ വ്യക്തിപരതയെയും (Perosna ) പ്രതിഭയെയും ( Genius) കുറിച്ചുള്ള നിര്‍വചനങ്ങളും പടിഞ്ഞാറന്‍ നാടുകളില്‍ വെളുത്ത പുരുഷനെയും ഇന്ത്യയില്‍ ബ്രാഹ്മണ പുരുഷനെയും കര്‍ത്തൃസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് വികസിച്ചത്. ആധുനികമായ പൗരത്വ സങ്കല്പനങ്ങളിലും സാംസ്‌കാരിക വിഭവത്തെ പറ്റിയുള്ള ധാരണകളിലും വമ്പിച്ച തരത്തിലുള്ള വിവേചനങ്ങളും അവസരസമത്വനിഷേധങ്ങളും നിലനിര്‍ത്തുന്നതിലും ഇത്തരം നിര്‍വചനങ്ങളുടെ പങ്കു ചെറുതല്ല,,, (ഇരുട്ടിലെ കണ്ണാടി, ഡിസി ബുക്‌സ്)..

ചിത്രം എന്ന പ്രീയദര്‍ശന്‍ സിനിമ, ആരംഭിച്ച് പത്തുമിനിറ്റിനുള്ളില്‍ തന്നെ നെടുമുടി വേണുവിന്റെ കഥാപാത്രമായ പുരുഷോത്തമന്‍, കൈമള്‍ എന്ന ജാതിയാണെന്നും, കല്യാണിയെന്ന രഞ്ജിനിയുടെ കഥാപാത്രം കോടീശ്വരനായ രാമചന്ദ്രമേനോന്റെ മകളായ മേനവത്തി ആണെന്നും ജാതി സ്ഥാപിക്കുന്നതില്‍ തിടുക്കം കാട്ടുന്നുണ്ട്. അതിനോടൊപ്പം സിനിമ വ്യഗ്രത കാട്ടുന്നത്, സവര്‍ണ്ണസഹജമായ അപരാവഹേളനത്തിലാണ്. കല്യാണിക്കുട്ടീമേനോനോട് പുരുഷോത്തമകൈമള്‍ പറയുന്നു ‘നിന്നെ നിന്റെ മേനോനച്ഛന്‍ മംഗല്ല്യപ്പുഴയ്ക്കു കൊണ്ടുപോയി ഏതെങ്കിലും ആദിവാസി കോന്തനെക്കൊണ്ട് കല്യാണം കഴിപ്പിക്കും ‘എന്നാണ് ( ആദിവാസിക്കോന്തന്‍ എന്ന് തിരക്കഥയിലെഴുതുന്നതില്‍ ഒരു കുഴപ്പവും പ്രീയദര്‍ശന് മാത്രമല്ല, സെന്‍സര്‍ ബോഡിനും തോന്നിയില്ല.) അവിടെയുള്ള അമ്മാവന്‍ ഭാസ്‌കരന്‍ നമ്പ്യാരാണെന്നും (ശ്രീനിവാസന്‍ ) പറയുന്നുണ്ട്. പിന്നീട് സിനിമയുടെ ഹാസ്യം മുഴുവന്‍ നില്‍ക്കുന്നതും അപരത്വ നിര്‍മ്മിതിയില്‍ തന്നെയാണ്. ആദിവാസികളുടെ ജീവിതചര്യകളെ അപലപിച്ചും ഇകഴ്ത്തിയും സിനിമ ഹാസ്യം സൃഷ്ടിക്കുന്നു.

തായത്തു കഴുത്തില്‍ കിടക്കുന്നതു കൊണ്ടാണ്’ഈ വിവരംകെട്ട കുറുമ്പന്മാര്‍ ‘ തനിക്കിത്ര വില നല്‍കുന്നതെന്ന് ശ്രീനിവാസനെക്കൊണ്ടു പറയിപ്പിക്കുന്നതിലൊന്നും യാതൊരു കുഴപ്പവുമില്ലെന്നു ചിന്തിക്കാന്‍ കഴിയുന്നിടത്താണ് സംവിധായകന്‍ പ്രീയദര്‍ശനെ പോലുള്ളവരുടെ മാടമ്പിസവര്‍ണ്ണത മറവിട്ട് പുറത്ത് ചാടുന്നത്. തങ്ങളെ തൊഴുതും ഓച്ഛാനിച്ചും നില്‍ക്കുന്ന ആദിവാസി സമൂഹം ചുറ്റുമുണ്ട് എന്ന ‘അതുല്ല്യത’ അന്തസായി സവര്‍ണ്ണര്‍ പ്രഖ്യാപിക്കുന്നതു കൂടിയാണ് ചിത്രമെന്ന സിനിമ.

പുല്ലും പൂവും വയലുമുള്ള ഗ്രാമഭംഗി മാത്രമല്ല,തന്നെ ഓച്ഛാനിച്ചു നില്‍ക്കുന്ന കുഗ്രാമകീഴാളര്‍ ഇല്ലാതാകുന്നതും തീരാനഷ്ടമായി സവര്‍ണ്ണ കാല്പനികത കാണുന്നു എന്ന്, വൈലോപ്പിള്ളി കവിതകള്‍ പഠിച്ചുകൊണ്ട് പി.വി . വേലായുധന്‍ പിള്ള അസ്വസ്ഥതയുടെ നിറഭേദങ്ങള്‍ എന്ന പുസ്തകത്തില്‍ വിലയിരുത്തിയിട്ടുണ്ട്. അമേരിക്കയില്‍ ആര്‍ഭാടജീവിതമുള്ള സവര്‍ണ്ണതയുടെ ആധുനീകജീവിതത്തെ വര്‍ത്തമാനകാല പരിസരത്തു നിന്നും, അതിപ്രാചീന ആചാരമുള്ള ആദിവാസിയെ അതിഭൂതകാലത്ത് നിന്നും കണ്ടുപിടിച്ച് വര്‍ത്തമാനകാലത്ത് ഒപ്പം നിറുത്തി തരതമം ചെയ്യുന്ന രംഗരീതി ശാസ്തം ,ദേശകാലങ്ങളെ തെറ്റിച്ചിട്ടുകൊണ്ടു നടത്തുന്ന സാമൂഹ്യദ്രോഹമാണ്..

സാമൂഹ്യ രാഷ്ട്രീയ ചിന്തകളെ സമയത്തിലും കാലത്തിലും കണ്ടുപിടിക്കണമെന്ന കെ.കെ ബാബുരാജിന്റെ വിലയിരുത്തല്‍ ഇവിടെ പ്രസക്തമാണ്. വിശ്വാസ സംരക്ഷണവും ആചാര സംരക്ഷണവും ആദര്‍ശമായി പറയുന്ന സവര്‍ണ്ണത എക്കാലത്തും ദളിതരുടെയും ആദിവാസികളുടെയും പിന്നാക്ക ജനതയുടെയും ആചാരവിശ്വാസങ്ങളെ അവഹേളിക്കുകയും പരിഹസിക്കുകയും ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ ആദിവാസികളുടെ ആചാരവിശ്വാസങ്ങള്‍ പരിഹസിക്കപ്പെടുന്നവയാണ്. ഉള്ളം കയ്യില്‍ വച്ച് കര്‍പ്പൂരം കത്തിക്കല്‍, ദമ്പതിമാരുടെ വസ്ത്രങ്ങള്‍ തമ്മില്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ഹാസ്യ ചേഷ്ടകള്‍, കുറ്റം ചെയ്താല്‍ തലകൊണ്ട് കാവിലെ മണിയടിച്ചു പ്രായശ്ചിത്തം ചെയ്യല്‍ തുടങ്ങിയവയെല്ലാം സവര്‍ണ്ണതയുടെ ചിരി നോട്ടങ്ങള്‍ക്കായി ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. സവര്‍ണ്ണ ആചാരങ്ങള്‍ അതിപവിത്രമായി സംരക്ഷിക്കേണ്ടതും ദളിത്-ആദിവാസി ബഹുജന ആചാരങ്ങള്‍ കളിയാക്കലേറ്റ് പൊഴിച്ച് കളയേണ്ടതാണെന്നും ബ്രാഹ്മണ്യ ആത്മീയതയുടെ കീഴടക്കല്‍ ബോധ്യങ്ങള്‍ ഈ സിനിമയിലൂടെ നിര്‍വ്വഹിക്കപ്പെടുന്നു.

ഇതിന്റെയൊക്കെ തുടര്‍ച്ചയായിട്ടാണ്, ആദിവാസിയവഹേളനം ആദ്യവസാനം ലക്ഷ്യമിട്ട ബാംബൂ ബോയ്‌സ് പോലുള്ള സിനിമകള്‍ പിന്നീട് ഉണ്ടായി വന്നത്. പെരുച്ചാഴി പോലുള്ള മോഹന്‍ലാല്‍ സിനിമകളില്‍ ‘അട്ടപ്പാടികള്‍ ലുലു മോളില്‍ കേറിയ പോലെ’ എന്ന തരത്തിലുള്ള വംശീയാധിഷേപ സംഭാഷണം പടച്ചുവിട്ടപ്പോള്‍ അത് സൃഷ്ടിച്ച സിനിമാക്കാരിലല്ല, അക്കാര്യം ചൂണ്ടിക്കാണിച്ച ഡോ. ബിജുവിലാണ് കുഴപ്പം എന്ന തിരിച്ചിടലിനെ തൊണ്ട തൊടാതെ വിഴുങ്ങിയവരാണ് ഇവിടെയേറെയുള്ളത്. നിന്നെ പോലുള്ള ആദിവാസികള്‍ക്കു പാടാന്‍ പറ്റിയ പാട്ടൊന്നുമില്ലെന്നു ഫ്രണ്ട്‌സ് സിനിമയില്‍ പറഞ്ഞതൊക്കെ വംശീയാധിക്ഷേപമാണെന്ന വസ്തുത തുറന്നു പറഞ്ഞാലും, അത് വിളിച്ച് പറഞ്ഞവനാണ് കള്ളനെന്നു പറയുന്ന യുക്തിയ്ക്കാണ് ഇന്നും പ്രാബല്യം

മാര്‍ക്‌സിസ്റ്റുകള്‍ കൂടിയായ ഉദാര നായര്‍ കുലപുരുഷന്മാര്‍

ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ’ എന്നായായിരുന്നു. തട്ടത്തിന്‍ മറയത്ത് എന്ന ജനപ്രിയസിനിമയുടെ പരസ്യവാചകം . ഐഷയെന്ന മുസ്ല്‌ലീം പെണ്‍കുട്ടിയെ സ്വന്തമാക്കി വിജയീഭാവത്തില്‍ നില്‍ക്കുന്ന വിനോദിനെ (നിവിന്‍ പോളി ) അഭിനന്ദനസൂചകമായി അബ്ദു (അജു വര്‍ഗ്ഗീസ് ) സംബോധന ചെയ്യുന്നത് ‘മിസ്റ്റര്‍ നായര്‍’ എന്നാണ്. കഥാന്ത്യത്തില്‍ ജയം കൈയ്യാളുന്നയാളുടെ ജാതീയ വിജയത്തെയാണ് സിനിമ ഫോക്കസ്‌ചെയ്യുന്നതെന്ന് ഈ ഡൈലോഗില്‍ വ്യക്തമാണ്. ഇക്കാര്യം സൂചിപ്പിക്കുന്നത്, സിനിമയൊക്കെ ജാതിക്കണ്ണുകൊണ്ടു കാണേണ്ടതുണ്ടോ എന്ന ‘നിഷ്‌കളങ്ക’ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ്. സിനിമ അതിന്റെ തിരക്കഥയാല്‍തന്നെ പച്ചയായി ജാതി പറയുന്നുണ്ടെന്നതിനാല്‍ വിമര്‍ശനത്തിനല്‍ മാത്രം ജാതിപറയരുതെന്ന് വാദിക്കാനാവില്ലല്ലോ.

തട്ടത്തിന്‍ മറയത്ത്, ഓം ശാന്തി ഓശാന എന്നീ പോപ്പുലര്‍സിനിമകളെ ശ്രദ്ധിച്ചാല്‍, പഴയ സിനിമകളും സാഹിത്യവും ഊതിവീര്‍പ്പിച്ച നായര്‍കുലപുരുഷന്‍ എന്ന ക്ലീഷേ ന്യൂജെന്‍സിനിമകളിലും നടപ്പുദീനമായി തുടരുന്നു എന്ന് ബോധ്യപ്പെടും. പ്രമേയംകൊണ്ട് ഒരേ ആശയത്തെ പിന്‍പറ്റുന്ന ഇവ, ഏതു ജാതി/മതവിഭാഗത്തില്‍ പെട്ടവരായാലും മലയാളി പെണ്‍കുട്ടികളുടെ പ്രണയകാമനകളെല്ലാം ആന്ത്യന്തികമായി എത്തിച്ചേരേണ്ടത് നായര്‍കുലപുരുഷന്‍ എന്ന ‘കിട്ടാക്കനി’യിലേക്കാവണം എന്ന ഒട്ടും നിഷ്‌കളങ്കമല്ലാത്ത ആശയത്തെ വിനിമയം ചെയ്യുന്നുണ്ട്. ഇരുസിനിമകളും വിനിമയം ചെയ്യുന്ന സുപ്രധാനമായ മറ്റൊരു സമാനത ‘പൈങ്കിളി മാര്‍ക്‌സിസമാണ്’. നായകന്‍ തറവാടിനായര്‍ മാത്രമല്ല ഉദാരപൂരുഷനായ മാര്‍ക്‌സിസ്റ്റു കൂടിയാണ്. രണ്ടു ചിത്രങ്ങളിലും പ്രതിപാദിക്കപ്പെടുന്ന പ്രണയ കാമനകള്‍ സവര്‍ണ്ണ മാര്‍ക്‌സിസ്റ്റ് പ്രിവിലേജുകളിലാണ് ചുറ്റിപ്പറ്റിനില്‍ക്കുന്നത്

2012 -ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളിയും ഇഷ തല്‍വാറും പ്രണയ ജോഡികളായി അഭിനയിച്ച ചിത്രമാണ് തട്ടത്തിന്‍ മറയത്ത്. മിഥുന്‍ മാനുവല്‍ കഥയും ജൂഡ് ആന്റണി ജോസഫ് സംവിധാനവും നിര്‍വഹിച്ച് 2014 -ല്‍ റിലീസ് ചെയ്ത, ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഓം ശാന്തി ഓശാന. നസ്രിയ നസീമും നിവിന്‍ പോളിയുമാണ് സിനിമയിലെ പ്രണയജോഡികള്‍. പ്രണയോപദേഷ്ടാവിന്റെ വേഷത്തില്‍ വിനീത് ശ്രീനിവാസന്‍ ഈ സിനിമയില്‍ കഥാപാത്രമാവുന്നുണ്ട്. വിപ്ലവരാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ‘ത്യാഗവഴിയാല്‍’ അധ:പതിച്ചുപോകുന്ന നായര്‍കുടുംബം എന്ന കാല്പനികമിത്തിനെയാണ് ഇരുസിനിമകളിലും ഊതിവീര്‍പ്പിക്കുന്നത്.

പഴയ വടക്കന്‍പാട്ടു സിനിമകളില്‍ നായകപ്പെരുമകള്‍ ഉടുക്ക്‌കൊട്ടി പാടുന്നത് പാണനാരെന്ന ഒറ്റക്കഥാപാത്രമായിരുന്നെങ്കില്‍ ഈ രണ്ടു സിനിമയിലും ഏതാണ്ടെല്ലാ കഥാപാത്രങ്ങളും ‘നായര്‍ മാര്‍ക്‌സിസ്റ്റ് ഉദാര കുലപുരുഷന്റെ’ വാഴ്ത്തുപാട്ടുകാരാണ്. ‘ധീരോദാത്തന്‍, അതിപ്രതാപ ഗുണവാന്‍, വ്യഖ്യാത വംശന്‍, ധരാപാലന്‍ നായകന്‍ ‘എന്ന നിയോക്ലാസിക് നായക ബോധംതന്നെ ന്യൂ ജെന്‍ സിനിമകളും ഏറ്റെടുക്കുന്നു എന്നതില്‍ സാംസ്‌കാരികമായ പിന്‍നടത്തം വ്യക്തമാണ്.

ഓം ശാന്തി ഓശാനയിലെ നായകകഥാപാത്രമായ ഗിരിയുടെ (നിവിന്‍ പോളി) സവര്‍ണ്ണമായ കുടുംബചരിത്ര പ്രിവിലേജുകള്‍ പൂജയോട് (നസ്‌റിയ) പറയുന്നത് അവളുടെ ആന്റിതന്നെയാണ്. ഗിരിയേക്കാള്‍ പ്രായം കുറഞ്ഞതായിരുന്നെങ്കില്‍ വിദേശത്തുള്ള സ്വന്തം മകളെത്തന്നെ ഗിരിക്ക് വിവാഹം ആലോചിക്കുമായിരുന്നെന്ന മുഖവുരയോടെയാണ് ഈ മഹത്വവചന പ്രഘോഷണം ആന്റി തുടരുന്നത് . ഗിരിയുടെ അമ്മ സുമിത്ര തന്റെ ക്ലാസ്‌മേറ്റ് ആയിരുന്നു. കവയത്രിയായിരുന്ന സുമിത്ര ‘തീപ്പൊരി സഖാവ്’ മാധവനെ പ്രണയിച്ചു വിവാഹം ചെയ്തതില്‍ ‘ജാതനായ കുമാരനാണ് ‘ഗിരി. ജാതിപാരമ്പര്യം, തീപ്പൊരി രാഷ്ട്രീയം എഴുത്തധികാരം പ്രണയവിവാഹമെന്ന പുരോഗമനം, മഹാത്മ്യമാല പതിന്‍മടങ്ങ് പാടിനീട്ടുന്നുണ്ട്. ഏറെ പഠിക്കാന്‍ കഴിവുണ്ടായിരുന്നു ഗിരിക്ക്, എന്നിട്ടുമയാള്‍ തുടര്‍പഠനത്തിന് നില്‍ക്കാതെ കൃഷിയിലേക്ക് ജ്ഞാനസ്‌നാനം ചെയ്തതാണ് വലിയ മഹത്വമായി ആന്റി പറഞ്ഞു വയ്ക്കുന്നത്. അച്ഛന്റെ മരണത്തോടുകൂടി ആ കുടുംബം കഷ്ടത്തിലായി അമ്മയുടെ സാഹിത്യ സേവനങ്ങള്‍ തുടരാന്‍ കഴിയുന്നില്ല എന്നതാണ് ഗിരിയുടെ ‘ഭവദുഖം ‘ എന്നതും ആന്റി കൂട്ടിച്ചേര്‍ക്കുന്നു.

മറ്റൊരു ഹീറോ പരിവേഷം ഗിരിയില്‍ ചേര്‍ക്കുന്നത്. കാറ് ബ്രേക്ക്ഡൗണായി പൂജയും കുടുംബവും വഴിയില്‍ നില്‍ല്‍ക്കേണ്ടിവരുന്ന സന്ദര്‍ഭത്തിലാണ്. ജീപ്പുമായെത്തി അവരെ വീട്ടിലേക്കെത്തിക്കുന്ന വഴിയില്‍ ഗിരിയെ പോലീസ് തടയുന്നു. തടഞ്ഞത് ഗിരിയുടെ വണ്ടിയാണെന്നറിഞ്ഞ മാത്രയില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ‘ഭയന്നു വിവശനായി ‘ ഗിരിയെ വിട്ടയക്കുന്നു എന്നതാണ് അവിടത്തെ വീരനായകസൃഷ്ടി . ‘വിപ്ലവം തലക്കുപിടിച്ചു നടന്ന കാലത്ത് ‘ എസ്. ഐ യുമായി അടിപിടിയുണ്ടായെന്നും എസ്. ഐ ആശുപത്രിയിലും ഗിരി ജയിലിലും അകത്തായിരുന്നു എന്ന കഥകൂടി കേള്‍ക്കുമ്പോള്‍ വീരാരാധന പെണ്‍കുട്ടിയില്‍ വീണ്ടും വര്‍ദ്ധിക്കുന്നു. ‘ജാതി പദവിയോടൊപ്പം വര്‍ഗ്ഗപദവിയും കൂടിച്ചേരുമ്പോള്‍ സവര്‍ണ്ണത ഇരട്ടിയാവുന്നു ‘എന്ന കെ. കെ. ബാബുരാജിന്റെ വിലയിരുത്തല്‍ ഇവിടെ പ്രസക്തമാവുന്നുണ്ട്.

സവര്‍ണ്ണ ജാതിയിലുള്ള ഒരാള്‍ തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയ പാര്‍ട്ടിയുടെ അധികാരപദവി കൂടി വഹിക്കുമ്പോള്‍ ആധുനികതയില്‍ മിനിമൈസ് ആയിപ്പോയ സവര്‍ണ്ണതയെ – നിയമവ്യവസ്ഥയുടെ അധികാരത്തെ പോലും വെല്ലുവിളിക്കുന്നതരത്തില്‍ – വീണ്ടെടുക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇതേ വിപ്ലവം ജാതിപ്രിവിലേജുകള്‍ കുറഞ്ഞൊരാള്‍ ചെയ്താല്‍ എന്തായിരിക്കും അവസ്ഥ ? തീര്‍ച്ചയായും അവര്‍ തീവ്രവാദിയെന്നോ ക്രിമിനല്‍ എന്നോ ലിസ്റ്റു ചെയ്യപ്പെടുമെന്നു തന്നെയാണ് ചരിത്രാനുഭവം.

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയില്‍ നിങ്ങള്‍ക്കൊന്നും അറിയാത്തൊരു കമ്മ്യൂണിസമുണ്ടെന്ന് പറയുന്നത് പിന്നാക്ക, ദലിത് സഖാക്കള്‍ക്കൊന്നും മനസിലായിട്ടില്ലാത്ത സവര്‍ണ ഉദാരരുടെ മാര്‍ക്‌സിസമാണെന്ന് വ്യക്തം. ‘തലക്കു പിടിച്ച രാഷ്ട്രീയം’, ‘സാഹിത്യമെഴുത്ത്’,’നാടു വിറപ്പിക്കാന്‍ പോന്ന മാടമ്പിത്തം’ ഇങ്ങനെ പ്രിവിലേജുകളാല്‍ നിര്‍മ്മിക്കപ്പെടുന്ന അതിമാനുഷനായി നില്‍ക്കുന്നതാണ് ഗിരിയെന്ന ‘പാരമ്പര്യ പ്രകാശ ജാതിഗോപുരം ‘ അതിനെയാണ് സുറിയാനി ക്രൈസ്തവ പെണ്‍കുട്ടി അതിതീവ്രമായി പ്രണയിച്ച് വശംകെട്ടുപോകുന്നത്. സമാനമായി സമ്മര്‍ ഇന്‍ ബെത് ലഹേം എന്ന സിനിമയിലും ഇതേ പൈങ്കിളി വീരാരാധന കാണാം. അരാഷ്ട്രീയ-വിദ്യഭ്യാസജീവിതം നയിക്കുന്ന ആമിയെന്ന പെണ്‍കുട്ടി (മഞ്ജു വാര്യര്‍ ) തനിക്ക് വ്യക്തമായി മനസിലാക്കാന്‍ കഴിയാത്ത എന്തൊക്കയോ വലിയ കാര്യം ചെയ്യുന്ന ആള്‍ എന്ന അബോധത്തില്‍ അന്ധമായിത്തന്നെ നിരഞ്ജന്‍ (മോഹന്‍ലാല്‍) എന്ന കാല്‍പ്പനിക കമ്മ്യൂണിസ്റ്റിനെ ആരാധിക്കുന്നു.,

വിപ്ലവം തലയ്ക്കു മൂത്ത ദലിത്/ പിന്നാക്ക യുവാക്കള്‍ അവരുടെ പതികളും കുരിയാലകളും പൊളിച്ചെറിഞ്ഞ് സ്വസമുദായത്തെ ചാടിക്കടന്ന് വന്നവരാണെങ്കില്‍, ‘വിപ്ലവകാലത്തും’ സുധിയുടെ അച്ഛന്‍ ഒളിച്ചുപോയി വനത്തിലുള്ള അമ്പലത്തില്‍ തൊഴുമായിരുന്നു. സമുദായവും ദൈവവിശ്വാസവും തീവ്രവിപ്ലവവും ഒരേസമയം സവര്‍ണ്ണ യുവാക്കളില്‍ ഭദ്രമാണ്. അതിനെയും പെണ്‍കുട്ടി മഹത്വമായിത്തന്നെ ചേര്‍ത്തെടുക്കുന്നു. സവര്‍ണ്ണ ഹൈന്ദവീകതയുടെയും സവര്‍ണ്ണ ക്രൈസ്തവ കഥയുടെയും ആത്മീയ മിശ്രിത പദമാണ് ഓം ശാന്തി ഓശാന എന്നത്. മമ്മി കോളേജ് ലക്ചര്‍, പപ്പ പ്രഗല്ഭനായ ഡോക്ടര്‍, ആവശ്യത്തിലേറെ സമ്പാദ്യം – എന്നിട്ടും എം.ബി.ബി.എസ് പാസായ, പഠനത്തില്‍ മിടുക്കിയായ മകള്‍ പൂജ ഇത്തരം സൂചനകള്‍ നല്‍കുന്ന സവര്‍ണ്ണസ്തുതിയും ശ്രദ്ധാര്‍ഹമാണ്. ഗിരിയെ വിവാഹം കഴിച്ച് വീട്ടിലെത്തുമ്പോള്‍ പപ്പായുടെ ‘ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മാത്രമല്ല യേശുക്രിസ്തു കുരിശില്‍ മരിച്ചത്; എന്നുള്ള മഹദ്വചനവും ശ്രദ്ധേയമാണ്. അനിയത്തിപ്രാവ് എന്ന സിനിമയില്‍ സുറിയാനി ക്രൈസ്തവ- നായര്‍ പ്രണയത്തില്‍ ആദ്യഘട്ടത്തില്‍ ഇരു വീട്ടുകാരും വിവാഹത്തെ എതിര്‍ക്കുകയും പിന്നീട് ഒരുമിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ ഈ സിനിമയില്‍ ഡോക്ടറുടെ കുടുംബം രണ്ടുകൈയ്യും നീട്ടി മിശ്രവിവാഹത്തെ സ്വീകരിക്കുന്നുണ്ട് . അങ്ങനെ നടക്കുന്നത് നല്ലകാര്യം തന്നെ. എന്നാല്‍ തല്‍സ്ഥാനത്ത് ഒരു കീഴാള യുവാവ് ആയിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നെന്ന് വര്‍ത്തമാനകാല ജീവിതത്തില്‍ നിന്നുതന്നെ നമുക്ക് കാണാം.

ഈ കഥയുടെ പശ്ചാത്തലമായ മധ്യകേരളത്തില്‍, സുറിയാനി ക്രൈസ്തവ പെണ്‍കുട്ടിയായ മീനുവിനെ ദലിത്‌ക്രൈസ്തവ യുവാവായ കെവിന്‍ വിവാഹം ചെയ്തതിനെത്തുടര്‍ന്നുണ്ടായ ദുരഭിമാനക്കൊലയുടെ ഞെട്ടല്‍ ഇന്നും മാറിയിട്ടില്ല കേരളത്തില്‍. ദലിതരോടും പിന്നാക്കക്കാരോടും വെറുപ്പു പുലര്‍ത്തുമ്പോഴും സവര്‍ണ്ണ ക്രൈസ്തവര്‍ സവര്‍ണ്ണ ഹൈന്ദവികതയോട് ഭക്ത്യാദരം വച്ചു പുലര്‍ത്തുന്നത് കാണാം. നമ്മള്‍ സവര്‍ണ്ണര്‍ എന്ന് സുറിയാനി ക്രൈസ്തവസ്ത്രീ പറഞ്ഞ് ഒപ്പമാകുന്നതിനെ ‘പന്തിഭോജനം’ എന്ന കഥയില്‍ സന്തോഷ് ഏച്ചിക്കാനം സൂചിപ്പിക്കുന്നുണ്ട്. ലേലം , ഫോട്ടോഗ്രാഫര്‍, കാണാകണ്‍മണി തുടങ്ങി നിരവധി സിനിമകളില്‍ സവര്‍ണ്ണ ക്രൈസ്തവരുടെ സവര്‍ണ്ണ ഹിന്ദു ഭക്തിയും പ്രണയവിവാഹവും കെട്ടുകാഴ്ചയാണ്. ക്രിസ്ത്യന്‍ എയിഡഡ് വിദ്യാലയങ്ങളടക്കമുള്ള സ്ഥാപനങ്ങളില്‍ ഹിന്ദുക്കളെ നാമമാത്രമായെങ്കിലും നിയമിക്കുമ്പോള്‍ അത് സവര്‍ണ്ണ ഹിന്ദു തന്നെയാകാന്‍ സവര്‍ണ്ണക്രൈസ്തവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നതും മതം മാറിയ സവര്‍ണ്ണരാണ് തങ്ങളെന്ന (ചരിത്രപരമായി അസത്യമായ ) ദുരഭിമാനം സൂക്ഷിക്കുന്നതിനാല്‍ തന്നെ ശുദ്ധിവാദം ഫാസിസവും കലര്‍പ്പ് ജനാധിപത്യപരവുമാണ്. മിശ്രവിവാഹങ്ങള്‍ അതുകൊണ്ടുതന്നെ ജനാധിപത്യപരവും പുരോഗമനപരവുമാണ്.

എന്നാല്‍ ആരോപിത ന്യൂനനിര്‍മ്മിതി ബഹുജനങ്ങളിലും, അത്യാരോപിത അധികനിര്‍മ്മിതി സവര്‍ണതയിലും ചാര്‍ത്തുന്ന മുന്‍ചൊന്ന സിനിമകള്‍ സമൂഹത്തെ മുന്നോട്ടല്ല പിന്നോട്ടാണ് ചലിപ്പിക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. ജാതിയുടെ ദൃശ്യവും അദൃശ്യവുമായ പ്രശ്‌നമേഖലയെ കണ്ടെടുക്കാന്‍ സിനിമയെന്ന ജനപ്രിയ മാധ്യമത്തില്‍ നിന്നാവുമെന്നതാണ് പ്രധാനം തട്ടത്തിന്‍ മറയത്ത് എന്ന സിനിമയില്‍ മുസ്‌ളിം പെണ്‍െകുട്ടിയെ, മുസ്ല്‌ലീം യുവാക്കളാരെങ്കിലുമാണ് വിവാഹം ചെയ്യുന്നതെങ്കില്‍ അത് അവളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരവും മറിച്ച് അവളെ നായര്‍ ഉദാര മാര്‍ക്‌സിസ്റ്റു പൂരുഷനാണ് സ്വീകരിക്കുന്നതെങ്കില്‍ അതി സുബദ്ധവുമാണെന്ന പ്രഖ്യാപനമാണ് പ്രമേയമാകുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സവര്‍ണ കഥാഭാവുകത്വം കാലങ്ങളായി പേറുന്ന ഇത്തരം വികല ചിന്തകളെ അലീന ആകാശമിഠായി എന്ന കവിയുടെ കവിതകളെ വിശദീകരിച്ചുകൊണ്ട് എഴുതുന്ന സന്ദര്‍ഭത്തില്‍ കെ.കെ.ബാബുരാജ് ഇപ്രകാരം വിശദമാക്കുന്നു: ‘മലയാളത്തില്‍ മുട്ടത്തുവര്‍ക്കിയുടെ നോവലിനെ ആസ്പദമാക്കി ‘വെളുത്ത കത്രീന’ എന്നൊരു സിനിമയുണ്ട്. അതിലെ സുന്ദരിയും വെളുത്ത നിറമുള്ളവളുമായ ദലിത് ക്രിസ്ത്യന്‍ സ്ത്രീയുടെ ദുരന്ത ജീവിതം ചിത്രീകരിക്കുന്നതു തന്നെ, അവളുടെ സ്വന്തം സമുദായത്തെയും അതിലെ ‘കുറഞ്ഞവരായ’ ആണുങ്ങളെയും മൃഗവത്കരിക്കാനുള്ള ഉപകരണമായിട്ടാണ്. വെളുത്ത കത്രീനക്ക് അധികമായിട്ടുള്ള നിറവും ബുദ്ധിശക്തിയും സവര്‍ണരക്ഷക ആണുങ്ങള്‍ക്കു സമര്‍പ്പിച്ചില്ലെങ്കില്‍, അത് കീഴാള ആണുങ്ങളാല്‍ ദുര്‍വ്യയം ചെയ്യപ്പെടുമെന്ന സന്ദേശമാണ് സിനിമ നല്‍കുന്നത് (ഉത്തരകാലം വെബ് മാഗസിന്‍ ). തട്ടത്തിന്‍ മറയത്തിലെ ഐഷയും ഓം ശാന്തി ഓശാനയിലെ പൂജയും സ്വജാതി ആണുങ്ങളാല്‍ തങ്ങള്‍ക്കുണ്ടായേക്കാവുന്ന മുന്‍സൂചിപ്പിച്ച ദുര്‍വ്യയത്തില്‍ നിന്നും രക്ഷനേടി എത്തേണ്ടിടത്തു തന്നെ എത്തിച്ചേരുന്നു എന്ന ‘പൊതു സമാധാനമാണ്’ ക്ലൈമാക്‌സ്.

തന്റെ മൂത്ത പെണ്‍മക്കളായ രഹ്നക്കും മെഹ്റുവിനും സംഭവിച്ച ദുരുന്തം ഇളയ മകള്‍ ഐഷക്ക് സംഭവിക്കാതിരിക്കാനായി മൗനം വെടിഞ്ഞ് ഉരിയാട്ടത്തിലേക്ക് കടക്കുന്ന ശ്രീനിവാസന്റെ കഥാപാത്രം പറയുന്നത് സ്വസമുദായത്തിലെ ആണുങ്ങളുടെ വംശീയമായിട്ടുള്ള കുഴപ്പങ്ങളാണ്. ആ കുഴപ്പങ്ങളാല്‍ പതിനെട്ടു കഴിയുംമുമ്പേ മൊഴിചൊല്ലപ്പെട്ടവരായിപ്പോയത് സമുദായത്തിന്റെ കുഴപ്പമെന്നതാണ് കണ്ടെത്തല്‍. ‘കറുത്തതുണികൊണ്ട് മൂടിവയ്‌ക്കേണ്ടത് പെണ്ണിന്റെ വിശുദ്ധിയാണ്, സ്വപ്നങ്ങളെയല്ലാ ‘ – പോലുള്ള ‘പുതുവചനനിര്‍മ്മിതി’കളൊക്കെ ശ്രീനിവാസന്‍ കഥാപാത്രത്തില്‍ നിന്ന് വിനിര്‍ഗ്ഗളിക്കുന്നുമുണ്ട്.

ഐഷയെന്ന പെണ്‍കുട്ടിയുടെ തടവറ മുസ്ലീംസ്ത്രീയെന്ന സ്വത്വമാണെന്ന് സിനിമ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം മോചനമാവാന്‍ മാര്‍ക്‌സിസ്റ്റ് നായരെ പരിണയിക്കുക എന്നതാണ് ഏകമോചനവഴി എന്നതാണ് സിനിമാഭാഷ്യം. ഗിരിയെന്ന അധികത്തെ നഷ്ടപ്പെടുത്തിയ തന്റെ കസിന്‍ ജൂലിചേച്ചിയുടെ പറുദീസാ നഷ്ടത്തെ മുന്നേ ഉള്‍ക്കൊണ്ടതിനാല്‍ ‘സതീസമാന തപസിലൂടെ’ നായര്‍ മാര്‍ക്‌സിസ്റ്റ്പുരുഷനെ എത്തിപ്പിടിക്കുന്ന കഥാപാത്രമാണ് ഓം ശാന്തി ഓശാനയിലെ പൂജയെന്ന (നസ്‌റിയ ) സവര്‍ണ്ണ ക്രൈസ്തവ പെണ്‍കുട്ടി.

വിനോദ്, സുധി എന്നിങ്ങനെ കഥാപാത്രങ്ങളുടെ പേരുകളില്‍ മാറ്റമുണ്ടെന്നതൊഴിച്ചാല്‍ തട്ടത്തിന്‍ മറയത്തിലും ഓം ശാന്തി ഓശാനയിലും നിവിന്‍പോളി ഒരേ കഥാപാത്രമായിത്തന്നെ ‘സിനിമവിട്ട് സിനിമാമാറ്റം’ നടത്തുന്നു. ഒന്നില്‍ നായര്‍യുവാവെന്ന ‘സ്വയംപ്രകാശിത ഗ്രഹത്തിന്’ ഉപഗ്രഹമായി കറങ്ങിവശാകുന്നത് സമ്പന്നമുസ്ലിം പെണ്‍കുട്ടിയാണെങ്കില്‍ രണ്ടാമത്തെ സിനിമയില്‍ സമ്പന്ന സവര്‍ണ്ണ ക്രൈസ്തവ പെണ്‍കുട്ടിയാണെന്നതാണ് വ്യത്യാസം. സവര്‍ണ്ണക്രൈസ്തവ പെണ്‍കുട്ടിയെ അപ്പനും അമ്മയും ‘ഇതിലും വലിയൊരു മഹാഭാഗ്യം ഇനി വരാനില്ലാ’ എന്ന മട്ടില്‍ മകളെ വച്ചുനീട്ടുകയാണെങ്കില്‍, മുസ്ലിംകുടുംബം എതിര്‍ത്തിട്ടും വിജയിക്കാനാകാതെ അന്ത:ഛിദ്രത്താലും മാനസാന്തത്താലും മകളെ നല്‍കുകയുമാണ് ചെയ്യുന്നത്. തട്ടത്തില്‍ മറയത്ത് എന്ന സിനിമ പേടിക്കുന്നത് രാഷ്ട്രീയ മുസ്ലീമിനെയാണെന്ന് കെ.കെ. ബാബുരാജ് വിലയിരുത്തിയിട്ടുണ്ട് (ഉത്തര കാലം വെബ് മാഗസിന്‍ ). ജാതി സവര്‍ണ്ണതയെ ആഘോഷമാക്കുന്ന ഇരു സിനിമകളിലും നല്ല കാമുകനും നല്ലഭര്‍ത്താവും മാത്രമല്ല നല്ല മാര്‍ക്‌സിസ്റ്റായിരിക്കാനും സവര്‍ണ്ണ പുരുഷനുമാത്രമേ സാധ്യമാവൂ എന്നു കൂടിയുള്ള അബോധങ്ങളെ പടര്‍ത്തുന്നുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply