അമ്മുദീപയുടെ കവിതകള്‍: ലോകവുമായുള്ള പെണ്‍കളികള്‍.

അമ്മു ദീപയുടെ കരിങ്കുട്ടി (2019), ഇരിക്കപ്പൊറുതി (2022) എന്നീ രണ്ടു കവിതാ സമാഹാരങ്ങളെ ചേര്‍ത്തു വച്ച് കവിയും ചിന്തകനും നിരൂപകനുമായകെ രാജന്‍ എഴുതിയ പഠനം.

അമ്മുദീപയുടെ കവിതകളിലെ കര്‍ത്താവ് പെണ്‍കുട്ടിയാണ്. കൗമാരകാലത്ത് നിര്‍വഹണശേഷിയും സ്വാതന്ത്ര്യവും കൂടും. ബാല്യകാലത്തെ പിതൃനിയമങ്ങളുടെയും വിവാഹാനന്തരകാലത്തെ ഭര്‍ത്തൃ നിയമങ്ങളുടെയും കരുതല്‍തടങ്കലില്‍ ജീവിക്കേണ്ട. കളി ഈ സ്വാതന്ത്ര്യത്തിന്റെ പ്രകടനമാണ്.

കളികളില്‍ യുദ്ധക്കളികള്‍, ഭാഗ്യക്കളികള്‍, അനുകരണക്കളികള്‍, തലകറക്കക്കളികള്‍ എന്നിവയുണ്ട്. കളികളുടെ പ്രത്യേകതകള്‍ സ്വാച്ഛന്ദ്യം, വിഭിന്നത, അനിശ്ചിതത്വം, ഉല്‍പ്പാദനക്ഷമമല്ലാതിരിക്കല്‍, നിയമബദ്ധത, യഥാര്‍ത്ഥമെന്നു തോന്നിപ്പിക്കല്‍ എന്നിവയാണ്.(1)

ആണ്‍കളികള്‍ പൊതുവെ യുദ്ധക്ക ളികളാണ്. കൈയൂക്കും നശീകരണത്വരയും കൂടും. പെണ്‍കളികള്‍ക്ക് സംഭാഷണാത്മകതയും ഗാനാത്മകതയും കൂടും.(2)

ശക്തരെക്കാള്‍ ദുര്‍ബലര്‍ക്ക് കൗശലം കൂടും സൂത്രക്കാരന്റെ(Trickster) ആദിരൂപം സംസ്‌ക്കാരത്തിലും ദൈവ സങ്കല്‍പ്പങ്ങളിലും പുനരവതരിക്കുന്നു. കുട്ടിച്ചാത്തന്‍, കൃഷ്ണന്‍, കരിങ്കുട്ടി, ഹോജാ, ബീര്‍ബല്‍, കുഞ്ഞായന്‍ മുസ്ല്യാര്‍ എന്നിവര്‍ ഉദാഹരണങ്ങള്‍. ഇവരില്‍ സ്ത്രീകളില്ല. ഇത്തരം സ്ത്രീകളെ മാരക സ്ത്രീകള്‍(Femme fatale) ആയാണ് കരുതുക.

മാധവിക്കുട്ടിയുടെ എഴുത്തില്‍ ഈ പെണ്‍കുട്ടിയുടെ വിളയാട്ടമുണ്ട്. ഗീതാ ഹിരണ്യനിലും പ്രിയ എ.എസിലും മാധവിക്കുട്ടിയുടെ ‘കൊണിച്ചില്‍’ പാരമ്പര്യം ഉണ്ട്. മാധവിക്കുട്ടിയുടെ പെണ്‍കളികളുടെ ഡി.എന്‍.എ കിട്ടിയിട്ടുള്ളത് അമ്മുദീപയ്ക്കാണ്.

ഈ കവിതകളില്‍ ഗൃഹാതുരത്വം ഇല്ല. ഭൂതകാലം നഷ്ടമായിട്ടില്ല. നിനവു കൊണ്ട് വീണ്ടെടുക്കേണ്ടതില്ല. ഭൂതകാലം ബാധയായി വര്‍ത്തമാനത്തിലേക്ക് പകരുന്നു. നാടന്‍ അനുഷ്ഠാനങ്ങളിലും കളികളിലും സ്ത്രീകളുടെ പ്രതീകാത്മക വിനിമയം ബാധതുള്ളലായി ഉണ്ടായിരുന്നു. ഇന്ന് ഇവ ഇല്ലാതായി. അവയെ വീണ്ടെടുക്കുന്ന പുത്തന്‍ ബാധതുള്ളലാണ് അമ്മുവിന് കവിത.

നാട്ടെഴുത്തുകളുടെ ജൈവവൈവിധ്യ രജിസ്റ്റര്‍ ആണ് ഈ കവിതകള്‍. നാട്ടുമനുഷ്യര്‍, നാടന്‍ ജീവജാലങ്ങള്‍, സസ്യങ്ങള്‍, നാട്ടു പ്രേതങ്ങള്‍ എന്നിവ ഈ കവിതകളുടെ അനുഭവസ്ഥലത്തേക്ക് പൊട്ടിപ്പുറപ്പെട്ട് എത്തുന്നു.

പ്രേതങ്ങള്‍ ഇവിടെ കേവലാപരതയല്ല. ദൈനംദിന ജീവിതത്തിലെ സ്വാഭാവിക സാന്നിധ്യമാണ്. ജീവിതത്തിനും മരണത്തിനും ഇടയില്‍, ഭവത്തിനും ശൂന്യത്തിനും ഇടയില്‍, സാന്നിധ്യത്തിനും അസാന്നിധ്യത്തിനും ഇടയില്‍, അന്ത:സ്ഥിതത്വത്തിനും അതീതത്തിനും ഇടയില്‍ ആണ് പ്രേതകാലം.

ലോകത്തിന്റെ പ്രേതാത്മകത

പുതു ഭൗതികവാദം പ്രേതാത്മകമാണ്. വസ്തുവിനെ അടിസ്ഥാനമാക്കുന്ന വസ്തു വാദമാണ് പഴയ ഭൗതിക വാദം. പുത്തന്‍ ഭവ-ജ്ഞാന-ധര്‍മ്മശാസ്ത്രം അന്ത:സ്സാരം(Substance), തന്മ, നിഷേധം, സമഗ്രത, അടിസ്ഥാനം(Fou ndation), ഉറവിടം എന്നിവയ്ക്കു പകരം പ്രക്രിയാപരത, ആയിത്തീരല്‍, ഭിന്നത, ബന്ധ പരത എന്നിവയെ ഉയര്‍ത്തിപ്പിടിക്കുന്നു. ഭവവും ശൂന്യവും പരസ്പരം പുറന്തള്ളുന്ന വിപരീതങ്ങളല്ല. പരസ്പരം ഉള്‍ക്കൊള്ളുന്നവയാണ്.

കേരളത്തിലെ ശാസ്ത്രചിന്തകര്‍ ഒന്നുകില്‍ ഭൗതികത്തിനിപ്പുറത്ത് (കെ.വേണു, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, യുക്തിവാദികള്‍, മാര്‍ക്‌സിസ്റ്റുകള്‍) അല്ലെങ്കില്‍ ഭൗതികത്തിനപ്പുറത്ത് അധിഭൗതികത്തില്‍(പി.കേശവന്‍ നായര്‍, സി.രാധാ കൃഷ്ണന്‍, ആര്‍.ഗോപിമണി), ന്യൂട്ടോണിയന്‍ ഭൗതികവാദത്തില്‍ വസ്തുസ്ഥിതി ചെയ്യാന്‍ സ്ഥലം ആവശ്യമുളളതും അന്ത:സ്സാരം ഉള്ളതും ആണ്. വസ്തുക്കളുടെ ആയിത്തീരലി നെയും ബന്ധപരതയെയും പരിഗണിക്കുന്നില്ല.

ലോകത്തിന് അന്ത:സ്സാരം ഇല്ല. പ്രക്രിയാപരമാണ്. സംഭവങ്ങളിലൂടെയാണ് ലോകം ഭവിയ്ക്കുന്നത്. ഭവിയ്ക്കുന്നത് ഭാവവും അനുഭവവും ആയി മാറുന്നു. ഭാവിയ്ക്കുന്നത് ഭവിയ്ക്കും. ഭാവനാത്മകമായത്(virtual) സാക്ഷാത് (Actual)ക്കരിയ്ക്കും.

ലോകം കൂട്ട്(Assemblage) ഗണം(Set) ആണ്. കാന്തിക ബലം ഭൂഗുരുത്വാകര്‍ഷണ ബലം, ഇലക്ടോ ന്യൂക്ലിയര്‍ ബലം എന്നീ ഭൗതിക ശക്തികളാണ് ലോക പ്രക്രിയകളെ അയവോടെ ചേര്‍ത്തു നിര്‍ത്തുന്നത്. പ്രപഞ്ച സംഭവങ്ങളുടെ ആവര്‍ത്തനമാണ് അനിവാര്യതയുണ്ടാക്കുന്നത്, ആവര്‍ത്തനത്തില്‍ നിന്ന് വ്യത്യാസപ്പെടലാണ് യാദൃച്ഛികതയുണ്ടാക്കുന്നത്

ലോകം നിര്‍ണ്ണയവാദപരമല്ല. സംഭവ്യതാപരമാണ്. ഒരേ സമയം ഭൗതികവും വ്യവഹാരികവുമാണ് പ്രപഞ്ചം.

കാരെന്‍ ബാരദിന്റെ സ്ത്രീവാദ പരമായ ഭൗതികവാദം പ്രേതാത്മക ഭൗതികവാദമാണ്. മനുഷ്യര്‍ക്കൊപ്പം മനുഷ്യേതര വിഷയി കള്‍ക്കും നിര്‍വഹണശേഷി നല്‍കുന്നു വിഭംഗനം ക്വിയര്‍ പ്രകടനപരത(Queer performativity) മാനവികവാദാനന്തര പ്രകടനപരത(Posthumanist performativity) നിര്‍വഹണപരമായ റിയലിസം(Agential realism) ഭൗതികാന്തരത(Transmateriality) എന്നീ പരികല്‍പ്പനകളിലൂടെ കാരെന്‍ ബാരദ് പുതുഭവശാസ്ത്രത്തെ വിശദീകരി യ്ക്കുന്നു(3)

പ്രപഞ്ചത്തില്‍ സമാനത ഭിന്നതകളുടെ സമാഹാരമാണ്. എല്ലാം കൂട്ടങ്ങള്‍ (Assemblages) ആണ്. ഏകത്തില്‍ അനേകം ഉണ്ട്.Plural singular. അനേകങ്ങള്‍ക്ക് താല്‍ക്കാലികമായി ഏകമായി സമാനതയോടെ Singular plural

സാര്‍വലൗകികത, മാനവികതാവാദം, മതേതരത്വം, വികസനം, യുക്തിപരത, ദേശീയത എന്നിവ യൂറോപ്യന്‍ ആധുനി കതയുടെ കോളനിവത്ക്കരണത്തിന്റെ വശീകരണ മന്ത്രങ്ങളാണ്.

അപകോളനീകരണത്തിന്റെ ഈ പൊട്ടിപ്പുറപ്പെടല്‍കാലം സാര്‍വലൗ കികാനന്തരവും മതേതരാനന്തരവും വികസനാനന്തരവും ദേശീയതാനന്തരവും യുക്ത്യനന്തരവും ആയ പാരഡൈമിലേക്ക് മാറിയിട്ടുണ്ട്. റിയലിസം യൂറോപ്യന്‍ ആധുനികത യുടെ സംസ്‌കാരിക യുക്തിയായിരുന്നു. ഇന്ന് പോസ്റ്റ് റിയലിസത്തിന്റെ ഘട്ടമാണ്.

വസ്തുനിഷ്ഠത, രേഖീയത, ആദിമധ്യാന്ത പൊരുത്തം, സുനിശ്ചിത കഥാന്ത്യം എന്നിവയാണ് റിയലിസത്തി ന്റെ പ്രത്യേകതകള്‍ റിയലിസം പ്രതിഫലനമായിരുന്നെങ്കില്‍ പോസ്റ്റ് റിയലിസം വിഭംഗനം(Diffraction) ആണ്. പ്രതിഫലനം ആവര്‍ത്തനമാണ്. വിഭംഗനം മാധ്യമത്തില്‍ തട്ടിപ്രകാശം ചിതറി ചിതറി ഭിന്നമായി ക്കൊണ്ടിരിക്കലാണ്

വെളിവാകല്‍ ഘട്ടം(Enlightenment age) നിഴല്‍പ്പെടലിന് വഴി മാറിയിരിക്കുന്നു. യാഥാര്‍ത്യത്തിന്റെ ഉഭയഭാവം ക്രമം – ക്രമരാഹിത്യം, അനിവാര്യത- യാദൃച്ഛി കത, എന്നിവയുടെ ബന്ധത്തില്‍ ഒന്നിനെ അടിസ്ഥാനമായും മറ്റേതിനെ കോപ്പിയായും കാണുന്ന രീതിയെ മാറ്റിയിട്ടുണ്ട്. ഭവ ശാസ്ത്രപരമായ ഉറപ്പിനാകായ്ക(Ontological indeterminacy)-ഭവ സങ്കടം – യില്‍ നിന്നാണ് ജ്ഞാനപരമായ ഉറപ്പിനാകായ്കയും – ജ്ഞാനസങ്കടം -ധര്‍മ്മപരമായ ഉറപ്പിനാകായ്ക- ധര്‍മ്മസങ്കടം- ഉണ്ടാകുന്നത്. അതുകൊണ്ട് വികാരങ്ങള്‍, തൃഷ്ണകള്‍, ഭ്രമം, സന്ദിഗ്ദത, ഫാന്റസികള്‍ എന്നിവയെ സത്യത്തിലേക്കുള്ള വഴികളായി കാണേണ്ടതുണ്ട്.

യുക്തി നിര്‍ണ്ണയവാദപരമായ തന്മാ ബോധമാണ്. ചിത്രം സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം ഭ്രാന്തില്ലെന്ന് സ്വയം ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും വേണ്ടി പറയുന്നത് ഇത് ചിരവയാണ് ഉലക്കയല്ല എന്നാണ് വേദാന്തത്തില്‍ കയറും പാമ്പും എന്നീ രൂപകങ്ങള്‍ ഭ്രമത്തെകുറിയ്ക്കാന്‍ ഉപയോഗിക്കുന്നു. എല്ലാം ആയിത്തീരലില്‍ ആയതു കൊണ്ട് തന്മ അസ്ഥിരമാണ്.

സത്യത്തിന് സാക്ഷാത്തും(Actual) ഭാവനാത്മകവും(Virtual) ആയ തലങ്ങളുണ്ട്. ഭാവനാത്മക സത്യത്തെ സാക്ഷാത്ക്കരിക്കാനാകും. ഭൗതികമായ തെളിവു നല്‍കാന്‍ കഴിയാത്ത മാനസിക സത്യങ്ങളുണ്ട്. ദൈവം, പ്രേതം എന്നിവ വിമാനം ആദ്യം ഭാവനാത്മകമായാണ് നിലനിന്നത്. അതിനെ ഭൗതികമായി സാക്ഷാത്ക്കരിക്കും വരെ

ലോജിക്കും മാജിക്കും ലോക ജീവിതത്തിന് ഒരേ പോലെ ആവശ്യമാണ്. ആത്മനിഷ്ഠം, വസ്തുനിഷ്ഠം എന്നിവയുടെ അര്‍ത്ഥം ആത്മത്തില്‍ – വസ്തുവില്‍ അടിയുറച്ചത് എന്നാണ് ആത്മവും വസ്തുവും ആയിത്തീരലിലും ഭിന്നമായി ക്കൊണ്ടിരിക്കലിലും ആണെങ്കില്‍ എങ്ങിനെ അവ അടിയുറച്ച് നില്‍ക്കും? യാഥാര്‍ത്ഥ്യം ഭൗതികവും വ്യവഹാരികവും ആയിരിയ്‌ക്കേ ഭാവ ശക്തികള്‍ക്കും വികാരങ്ങള്‍ക്കും തൃഷ്ണകള്‍ക്കും ചിന്തയുടെയൊപ്പം സ്ഥാനമുണ്ട്.

നാ/ വീ- ട്ടെഴുത്തുകള്‍

എസ്.ജോസഫ് അമ്മു ദീപയുടെ കവിതകളെക്കുറിച്ചുള്ള പഠനത്തില്‍ ടി.കെ. പത്മിനിയുടെ ചിത്രങ്ങളെ ഓര്‍മ്മിക്കുന്നുണ്ട്. ഇവ രണ്ടും രാത്രികാലത്തിന്റെ രഹസ്യ തൃഷ്ണകളുടെ അധോലോകത്തെ എഴുതുന്നു.

പ്രേതാനുഭവം പേടിയുണ്ടാക്കുന്നില്ല. പ്രേതങ്ങള്‍ കളിക്കൂട്ടുകാരാണ്. കരിങ്കുട്ടിയില്‍ ബാധയൊഴിപ്പിച്ചിട്ടും രാത്രിയില്‍ കുട്ടിയെ തേടി കളിയ്ക്കാന്‍ എത്തുകയാണ് കരിങ്കുട്ടി.

‘പാതിരാവില്‍’ പശുവിനെ കാട്ടാനുള്ള കഞ്ഞി വെള്ളം ചെമ്പിലിട്ട് കലക്കും പോലെ, കുമ്പിട്ടുനിന്നീ നിലാവിന്‍ പിച്ചളക്കുടം കലക്കുന്നു. പിറുപിറുക്കുന്നു. അമ്പിളി ക്കുണ്ടയില്‍ നിന്നിത്തിരി നിലാത്തുറു വലിച്ചൂരി ക്ടാവിനെ കാട്ടുന്നു. പന്തീരാണ്ടു കൊല്ലം മുമ്പെങ്ങോ മരിച്ചുപോയ അമ്മമ്മ.

‘തൊടാതെ’ യില്‍ അമ്മമ്മയുടെ മടിത്തട്ടിലെ ഇളം ചൂടില്‍ അനന്തകാലത്തേക്ക് വെയില്‍ കായാനിരിക്കുകയായിരുന്നു. മരിച്ചവരെ അടക്കം ചെയ്ത തൊടിയുടെ തറ്റത്തു നിന്നും പ്ലാവിലത്തൊപ്പി മെടഞ്ഞു കൊണ്ട് നീ വന്നു.

‘മാവില്‍’ മാവു മുറിച്ചു പോയാലും പ്രേതച്ചില്ലയിലിരുന്ന് കുയില്‍ പാടും എന്ന് വിശ്വസിയ്ക്കുന്നു.

‘പുളഞ്ഞ്’ രക്തമണ്ഡലി കടിച്ച് മരിച്ചു പോയ ചേച്ചി ഒരു സന്ധ്യയ്ക്ക് വീട്ടിലെത്തിയത് മിനുസമുള്ള തറയില്‍ ഇഴയാവാതെ പുളയുന്ന രക്തമണ്ഡലി ആയിട്ടാണ്

‘കണ്ടത് ‘പണ്ടവിടെയുണ്ടായിരുന്ന കുന്നിന്‍ നിറുകയില്‍,കൂറ്റന്‍ കരിമ്പനച്ചോട്ടില്‍ അറ്റുപോയ വലങ്കയ്യിനാല്‍
കൊത്തങ്കല്ലാടിക്കൊണ്ടിരിക്കുന്ന കറുത്ത കുഞ്ഞുങ്ങളെയാണ്.

‘മറ്റൊരുത്തി’ വീട്ടില്‍ പ്രേതസാന്നിധ്യമായി താമസിക്കുന്ന അപരയെ കുറിച്ചാണ്.

വീട്ടനുഭവങ്ങളാണ് മേമ, ഗന്ധരാജന്‍, കവിയല്‍, ആ രാത്രികള്‍, ഗര്‍ഭസന്ധി, കളി, അമ്മായിമാര്‍, അനശ്വര കവിത, താവഴി, ഉച്ചെരിഞ്ഞ്, കോണിത്തളത്തില്‍ എന്നിവ.

മേമയില്‍ മേമയുടെ ഭ്രമാത്മക ലോക ത്തെക്കുറിച്ചുള്ള കുട്ടിയുടെ ഭ്രമമാണ്

ഗന്ധരാജന്‍ ഗന്ധര്‍വന്‍മാര്‍ വന്നാണ് പൂക്കള്‍ തല്ലിക്കൊഴിച്ചിട്ടത് എന്ന കൗമാരക്കാരിയുടെ രഹസ്യമാണ്.

കവിയല്‍ വീട്ടുമുറ്റത്തെ മുരിക്കു പൂക്കുന്നതിനെ രത്യനുഭവവുമായി ബന്ധപ്പെടുത്തുന്നു.

ആ രാത്രിയില്‍ രതിയുടെയും മരണത്തിന്റെയും ലോകങ്ങള്‍ ഒത്തുചേരുന്നു.

ഗര്‍ഭ സന്ധി പ്രധാനപ്പെട്ട കവിതയാണ്. ഗര്‍ഭകാലം പ്രസവം എന്നിവയെ കുറിച്ചു ള്ള ആദ്യത്തെ മലയാള കവിതയാണ്.

താവഴി രസകരമായ കവിതയാണ്.

എന്റെ അമ്മേടമ്മേടമ്മയ്ക്ക്
സൊന്തായിട്ടൊരമ്മിക്കല്ലുണ്ടാര്‍ന്നു.
അമ്മേടമ്മേടമ്മേടമ്മ അത്
അമ്മമ്മയ്ക്ക് കൊടുത്തു.
അമ്മമ്മ അത് അമ്മയ്ക്കു കൊടുത്തു.
അമ്മ അത് എനിക്ക് തന്നു.
ഞാനതെടുത്ത് എന്റെ മകളുടെ തലയ്ക്കിട്ടു
ഞങ്ങളുടെ താവഴി അന്യംനിന്നു പോയതങ്ങിനെയാണ്.

‘ഉച്ചെരിഞ്ഞ്’ മുത്ത്യമ്മ പേന്‍ നോക്കാനിരുന്നപ്പോള്‍
ചെങ്കല്‍ക്കുന്ന് ഓടിയിറങ്ങുകയായിരുന്നു സൂര്യന്‍
പഴുത്ത പുളിങ്കായ്കള്‍ കുലുക്കി വീഴ്ത്തുന്ന
നീളന്‍ തോട്ടി സൂര്യന്റെ
ഇടങ്കണ്ണില്‍ കുത്തിച്ചാരി വെച്ച്
തിരിച്ചു വന്ന് ഒന്ന് കാറിത്തുപ്പി
ഈരുകളെ പ്രാകി വലിച്ചെടുക്കാന്‍
തുടങ്ങി തള്ള.

പുളിശ്ശേരി, സാക്ഷ, തുലാത്തില്‍, നേത്യച്ഛമ്മ, ഒരൂസം, കോലായിലെ ആണുങ്ങള്‍, കുറ്റാനശ്ശേരി, പിറന്ന വീട്ടില്‍, ഭംഗി, മിന്നാമിന്നികള്‍, പുഴയില്‍, വൈന്നേരത്ത് അടുക്കളയില്‍, ഉടനെ, കാറ്റത്ത്, ഓരോരോ പണികള്‍, ചന്ദ്രന്‍ അസ്തമിക്കുമ്പോള്‍, വേനലില്‍ എന്നിവയും വീട്ടനുഭവങ്ങളാണ്.

മൃഗാനുഭവ ജൈവവൈവിധ്യ രജിസ്റ്റര്‍

കവിതകളില്‍ മൃഗങ്ങള്‍ സഞ്ചരിക്കുന്നത് അന്യാപദേശത്തിന്റെയും പ്രതീകാ ത്മകതയുടെയും ഭാരം കൊണ്ടാണ് എന്നാല്‍ ഈ കവിതകളില്‍ തനി മൃഗങ്ങളാണ്.

‘കാവല്‍’ പെറ്റ പെണ്ണുങ്ങളുടെ
അടിവയറ്റിലെ വരയന്‍ പുലിയുടെ
കാവലിനെ കുറിച്ചാണ്.
മാവ് മാവു വെട്ടിയാലും പ്രേത ചില്ലയില്‍
പാടുന്ന കുയിലാണ്

‘പുളഞ്ഞ് ‘രക്തമണ്ഡലി കടിച്ചു മരിച്ച ചേച്ചി രക്തമണ്ഡലിയായി എത്തുന്നു.

പക്ഷിത്താര പക്ഷികളുടെ ആകാശ വഴികളെ കുറിച്ചാണ്.

‘ശലഭപ്പേടി’ ശലഭപ്പേടിയില്‍ ശലഭമായി കരുതിയത് ഭര്‍ത്താവിന്റെ പുതു അടിയുടുപ്പായിരുന്നു എന്ന് മനസ്സിലാകുമ്പോഴുള്ള ചിരിയാണ്.

‘പ്ലക്ക് ‘ കിളിമുട്ടയെടുത്ത് കളിയ്ക്കുന്നതിനിടയില്‍ മുട്ട ഉടഞ്ഞു പോകുന്നു.

‘പിടപ്പുകള്‍’ കിഴക്കന്‍ മലയിലേക്ക് നോക്കി നോക്കി ഒട്ടുമാവിന്റെ ഉച്ചിയില്‍
ഒരൊറ്റ ഇരിപ്പിരിയ്ക്കുന്ന പൂങ്കോഴിയ്ക്ക് ചിലത് തോന്നുന്നത് അതെങ്ങിനെ കവിതയാക്കും എന്ന പിടപ്പുകള്‍ ആണ്.

ഒരു ചോദ്യം ,എവിടെയോ, മേഘവും പക്ഷിയും, നീല എന്നിവ സമസ്യാ കവിതകള്‍(Puzzle poems) ആണ്

കാക്ക പീഡിതസ്ത്രീയുടെ ഉപാദാനം(Metonymy) ആണ്.

എട്ടുകാലി, ചിലന്തിപ്പേടി. സാക്ഷ, എരുമകള്‍, രണ്ടുപേര്‍ എന്നിവ പേടിക്കവിതകളാണ്.

സസ്യാനുഭവ ജൈവവൈവിധ്യ രജിസ്റ്റര്‍

ഗന്ധരാജന്‍- കൗമാരക്കാലത്തെ രഹസ്യാനുഭൂതി ലോകമാണിത്.

ധൂര്‍ത്തപുത്രിയ്ക്ക്- കൊന്നമരത്തിന്റെ ആവിഷ്‌ക്കാരപരമായ ധൂര്‍ത്തും സ്വന്തം പിശുക്കും തമ്മിലുള്ള പൊരുത്തക്കേട്.

ചിങ്ങം – തൊടിയില്‍
കൃഷ്ണകീരിടങ്ങള്‍ക്കൊപ്പം പേടികള്‍
പെരുകുന്നു. വെയിലുപാളുമ്പോള്‍
ചോരക്കഴുത്തു നീട്ടി കിരീടങ്ങള്‍
ജനല്‍ക്കലേക്ക് എത്തിനോക്കുന്നു.

മുടി – കറുമൂസച്ചോട്ടില്‍ വീണു
ചിതറികിടക്കുന്ന പഴുത്ത കറുമൂസങ്കായ പോലെ പടിഞ്ഞാറ്,
കറുമൂസച്ചാറ് മുഖത്തു പുരട്ടി മുട്ടറ്റം
മുടിയഴിച്ചിട്ട് മുറ്റത്തു ചേച്ചിയുലാത്തുന്നു.
മുറ്റത്തും തൊടിയിലും മുടി പടരുന്നു.

‘പേരയ്ക്ക’ സമസ്യാകവിതയാണ്. നോക്കി നോക്കിയിരിക്കേ, രക്തദാഹി എന്നീ കവിതകളും

ലോകവുമായുള്ള പെണ്‍കളികള്‍

വസ്തുനിഷ്ഠമെന്നു നാം കരുതുന്ന പ്രപഞ്ച വിജ്ഞാനീയങ്ങളിലെല്ലാം വംശീയമോ, പുരുഷ മേല്‍ക്കോയ്മാപരവും ജാതീയവും ആയ ഘടകങ്ങള്‍ തെളിഞ്ഞും മറഞ്ഞും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ലോകം x സ്വകാര്യം, ലോകം X പ്രദേശം, എന്നീ അതിരുകള്‍ മായ്ച്ച് ലോകത്തെ സ്‌ത്രൈണവത്ക്കരിക്കുകയാണ് അമ്മുദീപ

രാവിലെ – ഇടങ്കയ്യില്‍ സൂര്യനെ എടുത്തുയര്‍ത്തി വലങ്കയ്യിലെക്കൊടുവാളിനാല്‍ നടുക്കാഞ്ഞു വെട്ടി ഇരുമുറിയാക്കി അതിലൊരു മുറിയെടുത്ത് അവള്‍ ചിരകിത്തുടങ്ങി. താഴെ വെച്ച പ്ലേറ്റിലേക്ക് വെളിച്ചം ഉതിര്‍ന്നു വീണു കൊണ്ടിരുന്നു.

ഗ്രഹണം- കണ്ടു ഞാന്‍ മാനത്ത് കിളി കൊത്തിയ സൂര്യനെ

ഴ- ഉറങ്ങും മുമ്പേ കണ്ണടച്ച് പ്രപഞ്ചോല്‍പ്പത്തി കാണുമ്പോള്‍ അമ്മ വന്ന് ലൈറ്റ് ഓഫാക്കുന്നു.

ഉച്ചെരിഞ്ഞ് – മുത്തിയമ്മ തോട്ടി കൊണ്ട് സൂര്യന്റെ കണ്ണില്‍ കുത്തിച്ചാരി നിര്‍ത്തുന്നു.

രാത്രി – തൂക്കണാം കുരുവി നെയ്ത കൂടു പോലെ ഭൂമി തൂങ്ങിക്കിടന്നു.
അപ്രത്ത് വെളിച്ചത്തിന്റെ ഒരോട്ട – ചന്ദ്രന്‍

ഭൂമി- ഒരു വശത്തു നിന്ന് നോക്കുമ്പോ കാട്ടുമൈന.
മറുവശത്തൂന്ന് നോക്കുമ്പോ നീലപ്പൊന്മ

പാവാടയില്‍, ആരറിയുന്നു ? ജ്ഞാനം നക്ഷത്രങ്ങളെ പങ്കിടല്‍, ഞാനിറങ്ങുന്നു. അടുക്കള പ്രപഞ്ചം എന്നീ കവിതകളിലെല്ലാം പ്രപഞ്ചത്തെ സ്‌ത്രൈണ വത്ക്കരിയ്ക്കുന്ന കളികള്‍ ഉണ്ട്.

ആഖ്യാനത്തിന്റെ പ്രതിസന്ധി

അമ്മുദീപയുടെ കവിതകളുടെ പരിമിതി ഭാഷാപരമാണ്. നാടന്‍ അനുഭവലോകത്തെ എഴുതാന്‍ സാഹിത്യശൈലിയുള്ള ഭാഷ ഉപയോഗിക്കുന്നു. നാടന്‍ അസംബന്ധ ഗാനങ്ങള്‍, നാടോടി വായ്ത്താരികള്‍ എന്നിവ ഉപയോഗിക്കുന്നില്ല. സംഭാഷണഭാഷ ഉപയോഗിക്കുന്നുണ്ട്. എല്ലാം സ്വകാര്യാനുഭവങ്ങളാക്കി മാറ്റുമ്പോള്‍ അനുഭവങ്ങളുടെ സാമൂഹ്യവും സംവാദാ ത്മകവുമായ തലങ്ങള്‍ ഇല്ലാതാകുന്നു. നാട്ടെഴുത്തിന്റെ പുതുവഴികള്‍ തേടാനും ആഖ്യാനപരമായി ഇനിയും നവീകരിക്കാനും അമ്മുദീപയ്ക്ക് കഴിയട്ടെ.

സൂചിക.

1 Roger caillois Man play games university of Illinois 1961

2. പി.എസ്. മനോജ് കുമാര്‍, കളികളുടെ സാമൂഹ്യമാനങ്ങള്‍, കുട്ടികളും നാട്ടറിവും ജനറല്‍ എഡിറ്റര്‍-സി.ആര്‍. രാജഗോപാലന്‍, ഡി.സി.ബുക്‌സ്,2009 പേജുകള്‍42-43

3 a Karen barad, Nature’s queer performativity 2013

b Karen barad, Transmaterialities GLQ a journal of lesbian and gay studies

4. അമ്മു ദീപ, കരിം കുട്ടി, ഡി സി ബുക്‌സ് രണ്ടാം പതിപ്പ് 2022 സെപ്തംബര്‍

5 അമ്മു ദീപ, ഇരിക്കപ്പൊറുതി. ഡി.സി.ബുക്‌സ്. 2023 ജനുവരി

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply