വിഭജനം എന്ന ഓര്‍മ്മപ്പെടുത്തല്‍

വിഭജനത്തിന്റെ ഓര്‍മ്മകള്‍ രേഖപ്പെടുത്തിയവര്‍ എപ്പോഴും പറയാറുണ്ട്, ഭ്രാന്തെടുത്ത് മനുഷ്യര്‍ മനുഷ്യരല്ലാതായപ്പോഴും മനുഷ്യര്‍ മനുഷ്യരെ സ്നേഹിച്ച, കുരുതിയില്‍ നിന്നും രക്ഷിച്ച കഥകള്‍. ആ അനുഭവങ്ങളുടെ ഓര്‍മ്മപുതുക്കലുകള്‍ ഇന്നും നടക്കാറുണ്ട്. ആ ഓര്‍മ്മകള്‍ക്ക് ഓഗസ്റ്റ് 14 എന്ത് വില നല്‍കും?

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. വിഭജനത്തിന്റെ ഓര്‍മ്മകളും ഉണ്ടായിരിക്കണം. എന്നാല്‍ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇങ്ങനെ പറയുകയുണ്ടായി: ”നാമിന്ന് സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ഭാരതീയരുടെ ഹൃദയത്തിലൂടെ തുളഞ്ഞുകയറുന്ന ഇന്ത്യാവിഭജനത്തിന്റെ വേദന നമുക്ക് മറക്കാന്‍ കഴിയുകയില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു വിഭജനം. സ്വാതന്ത്ര്യാനന്തരം ജനങ്ങള്‍ വിഭജനത്തിന്റെ ഇരകളെ മറന്നു. ഇന്നലെ ഇന്ത്യ വൈകാരികമായ ഒരു തീരുമാനം കൈക്കൊള്‍കയുണ്ടായി. ഇനി മുതല്‍ നാം ഓഗസ്റ്റ് 14 വിഭജനത്തിന്റെ ഇരകളെ ഓര്‍മ്മിച്ചുകൊണ്ട് വിഭജന കുരുതി ദിനമായി ആചരിക്കുന്നതാണ്.”

ഓഗസ്റ്റ് 14 പാക്കിസ്ഥാന്‍ ആ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമായി ആചരിച്ചുപോകുന്നു. ഇന്ത്യാവിഭജനത്തിന്റെ നാള്‍വഴികളില്‍ ഓഗസ്റ്റ് 14 നുള്ള സ്ഥാനം അതു മാത്രമാണ്. വിഭജനത്തിന്റെ സന്തതിയാണ് പാക്കിസ്ഥാന്‍ എന്നതു ശരിതന്നെ. ആ ദിവസത്തെ ഇരകളുടെ ഓര്‍മ്മപുതുക്കല്‍ ദിനമായി ആചരിക്കുന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്. ഉണങ്ങാത്ത മുറിവായി വിഭജനത്തെ അടയാളപ്പെടുത്തുമ്പോള്‍ ആചരണത്തിന് കൈവരുന്ന രാഷ്ട്രീയച്ഛായ ഒട്ടും നിഷ്‌ക്കളങ്കമല്ല. പാക്കിസ്ഥാന്‍-വിഭജനം-മുസ്ലിം എന്ന സമവാക്യത്തിലൂടെ നിര്‍മ്മിച്ചെടുക്കുന്ന ഓര്‍മ്മപുതുക്കലിന് ഇരകളോടുള്ള ഐക്യപ്പെടല്‍ എന്നതിനേക്കാള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം വിരുദ്ധ സ്വഭാവമാണ് കൈവരുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തോട് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതികരിച്ച രീതിയും അത് ശരിവയ്ക്കുന്നുണ്ട്.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. വിഭജനത്തിന്റെ ഓര്‍മ്മകളും ഉണ്ടായിരിക്കണം. എന്നാല്‍ പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ സ്വതന്ത്രഭാരതം വിഭജനത്തിന്റെ ഇരകളെ മറന്നോ? ഇരകള്‍ ആരൊക്കെയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. ഇരകളില്‍ ഹിന്ദുവും മുസ്ലിമും സിഖുമുണ്ടായിരുന്നു. ക്രിസ്ത്യാനിയും ബൗദ്ധനും ജൈനനുമുണ്ട്. പത്ത് ലക്ഷം മനുഷ്യരെങ്കിലും ഇന്ത്യാവിഭജനവുമായി ബന്ധപ്പെട്ട് നടന്ന ലഹളകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് കോടിയോളം മനുഷ്യര്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടു. കിഴക്കു നിന്നും പടിഞ്ഞാറേക്കും മറിച്ചും അവര്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. ആയിരക്കണക്കിന് സ്ത്രീകള്‍ പലവിധത്തിലുള്ള അതിക്രമങ്ങള്‍ നേരിടേണ്ടിവന്നു. കലാപകാരികളില്‍ എല്ലാ മതക്കാരുമുണ്ടായിരുന്നു. ഉപഭൂഖണ്ഡത്തിന്റെ കലക്ടീവ് ക്രൈം ആയിരുന്നു വിഭജനത്തിന്റെ കലാപം. അതിന്മേല്‍ ആര്‍ക്കും ധാര്‍മ്മിക ഔന്നത്യം അവകാശപ്പെടാന്‍ കഴിയില്ല. വിഭജനത്തിന്റെ പാപക്കറ തങ്ങള്‍ ഓരോരുത്തരിലും ഉണ്ടെന്ന അബോധത്തിലെ അറിവാണ് അതിന്റെ ഇരകളെ മുന്നോട്ട് നയിച്ചത്. മനുഷ്യര്‍ക്ക് മനുഷ്യത്തം നഷ്ടപ്പെട്ട ഒരു ചീത്തക്കാലം എന്ന് അടയാളപ്പെടുത്തിക്കൊണ്ട് അവര്‍ ആ കറുത്ത ദിനങ്ങളെ മറക്കാന്‍ ശ്രമിച്ചു. ദില്ലിയിലും ലാഹോറിലും കല്‍ക്കത്തയിലും കറാച്ചിയിലും കാശ്മീരിലും സില്‍ച്ചാറിലും സില്‍ഹെട്ടിലും മനുഷ്യര്‍ പ്രതികാരത്തിനല്ല ശ്രമിച്ചത്, മറിച്ച് മറക്കാനും പൊറുക്കാനുമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഉപഭൂഖണ്ഡത്തിന്റെ തീരാവ്യഥയായി വിഭജനത്തിന്റെ മുറിവുകള്‍ അവശേഷിക്കുന്നു. സിന്ധിലും കാഷ്മീരിലും പഞ്ചാബിലും ബംഗാളിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും വിഭജനത്തിന്റെ രാഷ്ട്രീയം പുതിയ രൂപത്തില്‍ അരങ്ങേറുന്നുണ്ട്. സങ്കുചിത മതബോധത്തിലൂന്നിയ രാഷ്ട്രനിര്‍മ്മിതി ലക്ഷ്യമിടുന്ന ഓരോ സംഘടനയും നേതാവും വിഭജനത്തിന്റെ കുരുതിയുടെ പങ്കുപറ്റല്‍ തന്നെയാണ് നടത്തുന്നത്. അതുകൊണ്ടാണ് നിങ്ങള്‍ വിഭജനത്തിന്റെ ഏത് ഇരയെയാണ് അനുസ്മരണത്തിനായി തേടുന്നത് എന്ന് നാം ചോദിച്ചുപോവുന്നത്.

എന്തായിരുന്നു ഇന്ത്യാവിഭജനം എന്നു ചോദിച്ചാല്‍ ഏറ്റവും സംക്ഷിപ്തമായി നല്‍കാവുന്ന ഉത്തരം സാദത്ത് ഹസന്‍ മണ്‍ടോ എഴുതിയ ഒരു കഥയിലുണ്ട്. മിഷ്റ്റേക്ക് എന്ന ആ കഥ ഇങ്ങനെയാണ്: ”വയറു പിളര്‍ത്തിക്കൊണ്ട് കത്തി നെടുനീളത്തില്‍ നട്ടെല്ലില്‍നിന്നും താഴോട്ടിറങ്ങവേ ആ മനുഷ്യന്റെ പൈജാമ ചരട് മുറിഞ്ഞു. കത്തിപിടിച്ചിരുന്നയാള്‍ ഒരുവട്ടം മാത്രം നോക്കി വിഷമത്തോടെ പറഞ്ഞു: അയ്യോ! മിഷ്റ്റേക്ക്.”

പക്ഷം പിടിക്കാന്‍ പക്ഷമില്ലാത്തതുകൊണ്ടാണ് മണ്‍ടോ ഇന്ത്യയെന്നും പാക്കിസ്ഥാനെന്നും വിളിക്കപ്പെട്ട രണ്ട് രാജ്യങ്ങളുടെ ഇടയിലെ No man’s lands ല്‍ അഭയം തേടിയത്. തന്റെ ഗ്രാമം, ടോബാ ടേക്ക് സിംഗ്, എവിടെയെന്ന് അലമുറയിട്ടുകൊണ്ടിരുന്ന ഭ്രാന്തന്‍ ബിഷന്‍ സിംഗ് മണ്‍ടോയുടെയും ഗാന്ധിയുടേയും പ്രതീകമാണ്. വിഭജനരാഷ്ട്രീയത്തിന്റെ ഭ്രാന്ത് തലക്ക് പിടിക്കാത്ത അപൂര്‍വ്വം പേരിലൊരാള്‍. ഗാന്ധിയെ ഒരു ഹിന്ദുത്വവാദി വെടിവെച്ചുകൊന്നു; മണ്‍ടോ മദ്യത്തില്‍ ആത്മഹത്യ ചെയ്തു; ബിഷന്‍ സിംഗ് ടോബാ ടേക്ക് സിംഗിനെ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.

മണ്‍ടോ ഒറ്റപ്പെട്ട വൃക്ഷമായിരുന്നില്ല. ഉറുദുവിലും പഞ്ചാബിയിലും ബംഗാളിയിലും എഴുത്തുകാര്‍ വിഭജനത്തെ തള്ളിപ്പറഞ്ഞവരാണ്. ഭാഷയായിരുന്നു അവരുടെ റിപ്പബ്ലിക്ക്. അവിടം വിഭജിക്കാന്‍ അവര്‍ സമ്മതിച്ചില്ല. ലാഹോറില്‍ നിന്നും ദില്ലിയിലേക്കു വന്ന അമൃതപ്രീതവും ബരിസാലില്‍ നിന്നും കല്‍ക്കത്തയിലേക്ക് വന്ന ജിബനാനന്ദ ദാസും മീററ്റില്‍ നിന്നും ലാഹോറിലേക്ക് പോയ ഇന്‍തിസാര്‍ ഹുസൈനും ഫൈസ് അഹമ്മദ് ഫൈസും ഭീഷ്മ സാഹ്നിയും അകത്റുസമാന്‍ ഇല്യാസുമൊക്കെ വിഭജനത്തെ തള്ളിപ്പറഞ്ഞവരാണ്. അവരുടെ കലാസൃഷ്ടികള്‍ വിഭജനത്തെ നിരന്തരം ചെറുത്തുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ ശക്തികള്‍, ദേശരാഷ്ട്രത്തിന്റെ വക്താക്കള്‍, ഓര്‍മ്മകള്‍ തങ്ങള്‍ക്ക് അനുകൂലമായി പുനഃനിര്‍മ്മിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അതിന് ബദല്‍ ദേശങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് എഴുത്തുകാര്‍ നിലനിന്നിരുന്നു. ഈ പുലരിയല്ല ഞങ്ങള്‍ അന്വേഷിച്ചിറങ്ങിയത് എന്ന് ഫൈസ് രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

ചരിത്രത്തിന്റെ അഗാധതകളില്‍ നിന്നും കൂട്ടോര്‍മ്മകളില്‍ നിന്നും കവികളും കഥാകാരന്മാരും ആവാഹിച്ചെഴുതിയ ഓര്‍മ്മകള്‍ ഇന്നും വലിയ ദീപസ്തംഭങ്ങളായി ഉപഭൂഖണ്ഡത്തിന്റെ ഇരുട്ടില്‍ നിലകൊള്ളുന്നുണ്ട്. തന്റെ ആത്മകഥയില്‍ അമൃതാപ്രീതം ലാഹോറില്‍ നിന്നും തീവണ്ടിയില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ”ട്രെയിനിനു പുറത്തുണ്ടായിരുന്ന ഘോരമായ അന്ധകാരം ചരിത്രത്തെപ്പോലെയായിരുന്നു. ചരിത്രത്തിന്റെ പാര്‍ശ്വത്തിലിരുന്ന് കരയുന്നതുപോലെ വായു മന്ദം മന്ദം ഇളകിക്കൊണ്ടിരുന്നു. പുറത്ത് ഉയരമുള്ള വൃക്ഷങ്ങള്‍ ദുഃഖംപോലെതലയുയര്‍ത്തി നിന്നിരുന്നു. പല സ്ഥലങ്ങളിലും വൃക്ഷങ്ങളുണ്ടായിരുന്നില്ല. ശൂന്യത ബാധിച്ച സ്ഥലങ്ങളായിരുന്നു അവ. ശൂന്യതയുടെ ആ മേടുകള്‍ കാണാന്‍ അവ മേടുകളല്ല, ശവക്കല്ലറകളാണെന്ന് തോന്നുമായിരുന്നു.”

ആ കരാളരാത്രിയില്‍ അമൃതാപ്രീതം പഞ്ചാബിന്റെ പ്രിയകവി വാരിസ്ഷായെ ഓര്‍ത്തു. ഹീരയുടെ ദുഃഖത്തെക്കുറിച്ച് ഹൃദയമുരുകി പാടിയ ഷായുടെ അഭാവം അവര്‍ തിരിച്ചറിഞ്ഞു. അവര്‍ എഴുതുന്നു: ”ഇന്നു പഞ്ചാബിന്റെ ഒരു പുത്രിയല്ല, അനേകം പുത്രിമാര്‍ കരയുകയാണ്. അവരുടെ ദുഃഖത്തില്‍ ആരാണ് വിലപിക്കുക? ഈ കാര്യം പറയാനായി വാരിസ്ഷായെ അല്ലാതെ മറ്റാരേയും സംബോധന ചെയ്യാന്‍ എനിക്ക് തോന്നിയില്ല. അന്നുരാത്രി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍വെച്ച് ഇളകുന്ന കരങ്ങളാല്‍ വിറയ്ക്കുന്ന തൂലികയുപയോഗിച്ച് ഞാനൊരു കവിതയെഴുതി.”

അജ്ജ് ആഖാന്‍ വാരിസ് ഷാനു എന്ന കവിത ഏതാണ്ട് ഇങ്ങനെയാണ്:
”ഞാനിന്ന് വാരിസ്ഷായോട് കല്ലറയില്‍ നിന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ടു/ പ്രണയത്തിന്റെ പുസ്തകത്തില്‍ പുതിയൊരു ഏട് തുറക്കൂ/ പണ്ടൊരു നാള്‍, പഞ്ചാബിന്റെ ഒരു പുത്രി വിങ്ങിയപ്പോള്‍ നീ ഒരു ആഖ്യായിക എഴുതി/ ഇന്ന് പക്ഷേ അനേകം പുത്രിമാര്‍ നിലവിളിക്കുകയാണ് വാരിസ്ഷാ/ എഴുന്നേല്‍ക്കൂ/ ദുഃഖിതരുടെ ലേഖകനേ/നോക്കൂ, നിന്റെ പഞ്ചാബ്/ പാടങ്ങളില്‍ ശവങ്ങള്‍ നിറഞ്ഞിരിക്കുന്നു/ ചെനാബ് രക്തപ്പുഴയായിരിക്കുന്നു.”

വിഭജനത്തിന്റെ ഓര്‍മ്മകള്‍ രേഖപ്പെടുത്തിയവര്‍ എപ്പോഴും പറയാറുണ്ട്, ഭ്രാന്തെടുത്ത് മനുഷ്യര്‍ മനുഷ്യരല്ലാതായപ്പോഴും മനുഷ്യര്‍ മനുഷ്യരെ സ്നേഹിച്ച, കുരുതിയില്‍ നിന്നും രക്ഷിച്ച കഥകള്‍. ആ അനുഭവങ്ങളുടെ ഓര്‍മ്മപുതുക്കലുകള്‍ ഇന്നും നടക്കാറുണ്ട്. ആ ഓര്‍മ്മകള്‍ക്ക് ഓഗസ്റ്റ് 14 എന്ത് വില നല്‍കും?

ഓര്‍മ്മകളുടെ ഉത്ഭവം മറവിയില്‍ നിന്നും കൂടിയാണ്. ഉപഭൂഖണ്ഡത്തിന്റെ വിഭജനചരിത്രം എങ്ങനെ എഴുതപ്പെടണമെന്ന് പാക്കിസ്ഥാന്‍ ഇന്ത്യ സര്‍ക്കാരുകള്‍ എക്കാലത്തും നിഷ്‌ക്കര്‍ഷിച്ചിരുന്നു. താന്താങ്ങളുടെ ചരിത്രനിര്‍മ്മിതിയ്ക്കായി പാഠപുസ്തകങ്ങളെ സര്‍ക്കാരുകള്‍ സ്വാധീനിച്ചുപോന്ന രീതികളെക്കുറിച്ച് എഴുത്തുകാരനും പഴയ എന്‍സിഇആര്‍ടി തലവനുമായ കൃഷ്ണകുമാര്‍ എഴുതിയിട്ടുണ്ട്. പാക്കിസ്ഥാനി ചരിത്രകാരി ആനം സക്കറിയയുടെ ‘1971 : A people’s history from bengladesh, pakistan and india എന്ന പുസ്തകം 1971 ലെ യുദ്ധത്തെ എത്ര വ്യത്യസ്തമായാണ് ഇന്ത്യയും ബംഗ്ലാദേശും പാക്കിസ്ഥാനും ഓര്‍മ്മിക്കുന്നതെന്ന് രേഖപ്പെടുത്തുന്നുണ്ട്. ഓരോയിടത്തേയും ജനതയുടെ ഓര്‍മ്മകള്‍ വ്യത്യസ്തമാണ്. അതിന്റെ തുടക്കം തന്നെ 1947 നെ വായിക്കുന്നതില്‍ നിന്നാണ് എന്ന് സക്കറിയ സൂചിപ്പിക്കുന്നുണ്ട്.

വിഭജനത്തെ പാക്കിസ്ഥാന്‍ കണ്ടത് വിമോചനമായാണ്, ഇന്ത്യയാകട്ടെ വിഭജനത്തെ അടയാളപ്പെടുത്തിയത് ബട്വാരാ (മുറിച്ചുമാറ്റല്‍) ആയിട്ടാണ്. മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായിരുന്ന ബംഗ്ലാദേശില്‍ ഇന്ന് ചരിത്രം തുടങ്ങുന്നത് 1971 ല്‍ നിന്നുമാണ്. 1947 ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഒരു അടിക്കുറിപ്പ് മാത്രം. ഈ ഓര്‍മ്മകളും മറവികളുമൊന്നും തന്നെ സ്വാഭാവികമായി രൂപം കൊണ്ടതല്ല. അതാതിടങ്ങളിലെ രാഷ്ട്രീയം രൂപപ്പെടുത്തിയതാണ്. എന്നു മാത്രമല്ല വിഭജനത്തിന്റെ രാഷ്ട്രീയത്തിനു തന്നെ കിഴക്കും പടിഞ്ഞാറും വ്യത്യസ്ത സ്വഭാവമാണ്.

ഹിന്ദുവും മുസ്ലിമും രണ്ടു ദേശീയതകളാണെന്ന് പറഞ്ഞത് ലീഗും ജിന്നയും മാത്രമല്ല സവര്‍ക്കറും ഹിന്ദുമഹാസഭയും ആ വാദം പ്രചരിപ്പിച്ചവരില്‍ പെടും. എന്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘അധികാരി’ തിസിസ് കാലവും പിന്‍തുടര്‍ന്നത് മതസമൂഹത്തിന് ദേശീയതയുടെ സ്വഭാവം കൈവരിക്കാവുന്നതാണ് എന്ന വാദമാണ്. സിപിഐ 1940 കളില്‍ തന്നെ ആ വാദം ഉപേക്ഷിച്ചു.

എല്ലായിടത്തും അധികാരം പങ്കിടലിനെച്ചൊല്ലിയാണ് വിഭജനത്തിന്റെ വാദം ഉയര്‍ന്നതും നിലനിന്നതും. അത് രാഷ്ട്രീയാധികാരം മാത്രമായിരുന്നില്ല അടിത്തട്ടിലെ ഭൂമി ഉള്‍പ്പെടെയുള്ള വിഭവങ്ങളുടെ ഉടമസ്ഥാവകാശവും വിതരണവും വിനിയോഗവുമായി അതിന് ബന്ധമുണ്ടായിരുന്നു. ബംഗാളിലെ വലിയൊരു ശതമാനം ഹിന്ദുക്കള്‍ വിഭജനത്തെ അനുകൂലിച്ചതിന് കാരണം രാഷ്ട്രീയാധികാരം ഭൂരിപക്ഷമുള്ള മുസ്ലിങ്ങളുടെ കൈയ്യിലേക്ക് പോകുമെന്ന് ഭയന്നിട്ടാണ്. ഭൂവുടമകളിലും അധികാരസ്ഥാനങ്ങളിലും മേല്‍ജാതി ഹിന്ദുക്കള്‍ ഏറെയുണ്ടായിരുന്നതുകൊണ്ടാണ് മുസ്ലിം ജനസമാന്യം ലീഗിലേക്ക് തിരിഞ്ഞത്. ഈ ഇടങ്ങളിലൊക്കെ ആദ്യകാലത്ത് നടന്ന രാഷ്ട്രീയവല്‍ക്കരണം മതത്തെ ആസ്പദമാക്കിയായിരുന്നില്ല. മറിച്ച് കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടെയുമൊക്കെ അവകാശങ്ങളെ മുന്‍നിര്‍ത്തിയാണ് മനുഷ്യര്‍ 1930 കള്‍ വരെയെങ്കിലും സംഘടിക്കപ്പെട്ടത്.

നാല്‍പതുകളിലെ രാഷ്ട്രീയ കാലാവസ്ഥ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന ജിന്നയെയും ലീഗിനേയും സഹായിക്കുന്നതായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തോടെ കോണ്‍ഗ്രസ്സ് നേതൃത്വം ജയിലിലടക്കെപ്പടുകയും ചെയ്തു. ആ രാഷ്ട്രീയ ശൂന്യതയിലാണ് വിഭജനത്തിന്റെ രാഷ്ട്രീയം ബ്രിട്ടീഷുകാരുടെ സഹായത്തോടെ വളര്‍ന്നത്. 1857 നുശേഷം ഇന്ത്യയില്‍ അധികാരം ഉറപ്പിക്കാന്‍ ഏറ്റവും ആവശ്യം ഹിന്ദുവിനേയും മുസ്ലിമിനേയും ഭിന്നിപ്പിക്കുക എന്നതാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നല്ലോ. ഇത്രയേറെ മതബോധവും ജാതി-ഗോത്ര ചിന്തയുമുള്ള ഒരു ദേശത്ത് എങ്ങനെയാണ് മറാഠകളും ഠാക്കൂറുകളും ആദിവാസി നേതൃത്വവുമൊക്കെ കമ്പനിപ്പടയോട് യുദ്ധം പ്രഖ്യാപിച്ചശേഷം മുസ്ലിമായ ബഹദൂര്‍ഷാ സഫറിനെ ചക്രവര്‍ത്തിയായി അംഗീകരിച്ചത് എന്നവര്‍ ആലോചിച്ചിട്ടുണ്ടാവണം. മതവൈരുദ്ധ്യങ്ങളെ അതിജീവിക്കുന്ന അധിനിവേശ വിരുദ്ധതാബോധവും ദേശീയതാ സങ്കല്പവും ഉപഭൂഖണ്ഡത്തില്‍ രൂപപ്പെട്ടിരിക്കുന്നു എന്ന് കൊളോണിയല്‍ സംവിധാനം പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ തിരിച്ചറിഞ്ഞുവെന്ന് ചരിത്രം പറയുന്നു. ഭിന്നിപ്പിന്റെ രാഷ്ട്രീയം അന്നു മുതല്‍ അവര്‍ വളര്‍ത്തിപ്പോന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ് 1947 ഉം.

വെറുമൊരു കോളനി മാത്രമായിരുന്നില്ലല്ലോ ബ്രിട്ടന് ഇന്ത്യ. അറബ് മേഖലയിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ഹോങ്കോംഗ്, സിംഗപ്പൂര്‍ തുടങ്ങിയ സ്വാധീന പ്രദേശങ്ങളിലെ അസെറ്റ്സ് കൈകാര്യം ചെയ്യാന്‍ ഉപഭൂഖണ്ഡത്തില്‍ ഒരു താവളം ബ്രിട്ടനും സഖ്യകക്ഷികള്‍ക്കും ആവശ്യമായിരുന്നു. സോവിയറ്റ് യൂണിയനും കമ്മ്യൂണിസ്റ്റ് ചൈനയും ഉയര്‍ത്തിവന്ന വെല്ലുവിളിയെ നേരിടാനും ഉപഭൂഖണ്ഡത്തിനുമേല്‍ സ്വാധീനം ബ്രിട്ടന് ആവശ്യമായിരുന്നു. പാശ്ചാത്യ നാഗരികതയെ തന്നെ ചോദ്യം ചെയ്ത ഗാന്ധിയും സോഷ്യലിസ്റ്റ് ആന്റി കൊളോണിയല്‍ രാഷ്ട്രീയത്തിന്റെ വക്താവുമായിരുന്ന നെഹ്റുവും അവര്‍ക്ക് അഭിമതര്‍ ആയിരുന്നില്ല. ‘ഹിന്ദു-ഇന്ത്യ’ യെ ഭയന്ന ജിന്നയാകട്ടെ ബ്രിട്ടീഷുകാര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു.

വിഭജനത്തിന് ഒരു അന്താരാഷ്ട്ര തലം കൂടിയുണ്ട് 1930 കളിലേയും 40 കളിലേയും രാഷ്ട്രീയ സാഹചര്യം മതബോധത്തെ വളര്‍ത്തുകയും ജനതയെ ഭിന്നിപ്പിക്കുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ആ വിടവിനെ വേണ്ടവിധം സംബോധന ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ജിന്നയുടേയും മറ്റ് മുസ്ലിം elite ജാതി നേതൃത്വത്തിന്റേയും ആശങ്കകളെ അവര്‍ അഭിമുഖീകരിച്ചില്ലെന്നു മാത്രമല്ല, അവരുടെ സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ അധികാരപങ്കാളിത്തം നിഷേധിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ ഇടതു നിലപാടുകളും അന്നത്തെ ലീഗ്-മുസ്ലിം elite നേതൃത്വത്തെ ഭയപ്പെടുത്തിയിട്ടുണ്ടാവണം – ഉദാഹരണത്തിന് നെഹ്റുവിന്റെയും മറ്റും കര്‍ഷക ബന്ധങ്ങളോടും ഭൂനിയമത്തോടുമൊക്കെയുള്ള നിലപാടുകള്‍. (വിഭജനത്തിന് വേണ്ടി നിലകൊണ്ടത് ഉപഭൂഖണ്ഡത്തിലെ അഷ്റഫ് നേതൃത്വം മാത്രമാണെന്നും പസ്മന്താ മുസ്ലിം വിഭാഗങ്ങളുടെ താല്പര്യങ്ങള്‍ അവര്‍ പരിഗണിച്ചതേയില്ല എന്നും അതിനാല്‍ വിഭജനത്തിന് വേണ്ടി നിലകൊണ്ടു എന്ന ആരോപണം ഇന്ത്യയിലെ non elite മുസ്ലിംകള്‍ അംഗീകരിക്കുന്നില്ല എന്നൊരു വാദം ഉയര്‍ന്നുവന്നിട്ടുണ്ട്. അതിലൊരുപാട് ശരിയുണ്ടുതാനും.)

ഇത്രയേറെ സങ്കീര്‍ണ്ണമായ ഒരു കാലത്തിന്റെ സൃഷ്ടിയായിരുന്നു 1947. അതിന് ചുറ്റമായി നടന്ന അതിക്രമങ്ങളേയും പലായനങ്ങളേയും ആ സാഹചര്യം മുന്‍നിര്‍ത്തിവേണം ഇന്നു നമ്മള്‍ കാണാന്‍. രാഷ്ട്രീയാന്ധതയില്‍ നിന്നുമുണ്ടായതാണോ മതാന്ധത അതോ തിരിച്ചാണോ എന്നൊക്കെ ചര്‍ച്ച ചെയ്തു സമയം ചെലവഴിക്കുന്നതിനൊപ്പം ആ കാലം ഇനി തിരിച്ചുവരാതിരിക്കട്ടെ എന്ന പാഠം നമ്മള്‍ പഠിക്കേണ്ടതുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Never again എന്ന് Holocaust ഓര്‍മ്മ പുതുക്കല്‍ പറയുന്നുണ്ട്. വിഭജനത്തെക്കുറിച്ച് നമുക്കത് പറയാന്‍ കഴിയണം-ഈ നമ്മളില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും ബംഗ്ലാദേശികളുമുണ്ടാവണം. ഉപഭൂഖണ്ഡത്തിന്റെ എല്ലാ മതസ്ഥരുടെയും കൂട്ടുത്തരവാദിത്തം ആ കൊടുംക്രൂരതകള്‍ക്ക് പിന്നിലുണ്ട് എന്ന് തിരിച്ചറിയേണ്ടതുണ്ട്. അത്തരം മുറിവുകള്‍ക്ക് കാരണമായ വിഭാഗീയതകള്‍ ആവര്‍ത്തിച്ചുകൂടാ എന്ന് ഓര്‍മ്മിക്കേണ്ടതുമുണ്ട്.

കാരണം, 1947 ചരിത്രത്തില്‍ മരവിച്ചുനില്‍ക്കുന്ന ഒരു സന്ദര്‍ഭമല്ല. അതിനൊരു മുന്‍ചരിത്രമുണ്ടെന്നതുപോലെ ഒരു പിന്‍ ചരിത്രവുമുണ്ട്. ഉപഭൂഖണ്ഡത്തിന്റെ ഇന്നിലും ഒരു 1947 ഉണ്ട്. പടിഞ്ഞാറ് പലായനങ്ങള്‍ ഒറ്റയടിക്ക് 1947 ല്‍ നടന്നുവെങ്കില്‍ കിഴക്കന്‍ മേഖലയില്‍ അത് വര്‍ഷങ്ങള്‍ നീണ്ടുനിന്ന അനുസ്യൂതമായ ഒരു പ്രക്രിയയായിരുന്നു. ബംഗാളി ഹിന്ദുക്കളുടെ പലായനത്തിന് പിന്നില്‍ ബംഗാളി മുസ്ലിമിനേക്കാള്‍ 1947 ന് ശേഷം ബീഹാറില്‍ നിന്നത്തിയ അഭയാര്‍ത്ഥി മുസ്ലിമിന്റെ രാഷ്ട്രീയമാണുള്ളതെന്ന് പറയാറുണ്ട്. അതേ രാഷ്ട്രീയം തന്നെയാണ് 1971ലെ യുദ്ധത്തിലേക്ക് പാക്കിസ്ഥാനെ നയിച്ചത്. ബംഗാളി ദേശീയതയ്ക്കെതിരെ കിഴക്കന്‍ പാക്കിസ്ഥാനില്‍ പട്ടാളത്തിനും ജമാഅത്ത് ഇസ്ലാമിക്കുമൊക്കെ ഒപ്പം നിലകൊണ്ടത് ഈ അഭയാര്‍ത്ഥി മുസ്ലിമായിരുന്നു. കിഴക്കന്‍ പാക്കിസ്ഥാനിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നുമുണ്ടായ പലായനങ്ങള്‍ sylhet ജില്ലയില്‍ നിന്നും അസമിലെ ബരാക് നദീതടത്തിലേക്കും ത്രിപുരയിലേക്കും ഇന്നും അസമിനെ അസ്വസ്ഥമാക്കുന്നുണ്ട്. വിഭജനത്തിന്റെ രാഷ്ട്രീയാവേശത്തിനപ്പുറത്ത് ഭൂമിയും തൊഴിലും നേടി ബ്രഹ്മപുത്രാ നദീതടത്തിലെ ഛാറുകളില്‍ (നദിയിലെ ദ്വീപുകള്‍) കുടിയേറിയ മിയാ മുസ്ലിം ഇന്ന് അസമില്‍ അപരനാണ്. സി.എ.എ-എന്‍.ആര്‍.സി രാഷ്ട്രീയം ലക്ഷ്യമിടുന്നത് ഇവരെയൊക്കെയാണ്. അതായത് വിഭജനത്തിന്റെ ശേഷപത്രമാണ് അല്ലെങ്കില്‍ അതേ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് നമ്മളിന്ന് സി.എ.എ.-എന്‍.ആര്‍.സി രാഷ്ട്രീയത്തില്‍ കൂടി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

1947 ല്‍ ഇന്ത്യ കൈക്കൊണ്ട നിലപാട് വിഭജനമെന്നത് ഹിന്ദുവിനും മുസ്ലിമിനും സിഖിനും തുല്യാവകാശമുള്ള ഒരു രാഷ്ട്രീയത്തില്‍ നിന്നും മതാധിഷ്ഠിത ദേശീയതയില്‍ വിശ്വസിച്ചവരുടെ പിരിഞ്ഞുപോക്ക് എന്നതാണ്. അതുകൊണ്ടുതന്നെ Transfer of population എന്ന വിഭജനത്തിന്റെ നിയമത്തെ സ്വതന്ത്ര ഇന്ത്യ പിന്‍തുടര്‍ന്നില്ല. നെഹ്റുവും സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ഈ വിഷയത്തില്‍ ഏതാണ്ട് ഒരേ അഭിപ്രായക്കാരായിരുന്നു. എന്നു മാത്രമല്ല ഉപഭൂഖണ്ഡത്തിലെ ഏതൊരാള്‍ക്കും-മതഭേദമന്യേ-സ്വന്തം ഇടം തേടാവുന്ന രാജ്യമായാണ് ഭരണനേതൃത്വം സ്വതന്ത്ര ഇന്ത്യയെ ഭരണഘടനയില്‍ സങ്കല്പിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അഭയം തേടിയവരില്‍ ശ്രീലങ്കന്‍ തമിഴരും പാക്കിസ്ഥാനി ബംഗാളി ഹിന്ദുക്കളും സര്‍ദാര്‍ജിമാരും മാത്രമല്ല പഷ്ത്തുണ്‍ (pashtun) മേഖലയില്‍ നിന്നുള്ള ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്റെ അനുയായികളായ മുസ്ലിംകളും ഉള്‍പ്പെടും- പ്രസിദ്ധ നടന്‍ ഷാറൂഖ് ഖാന്റെ കുടുംബം 1947 ന് ശേഷം മുസ്ലിം ദേശീയതയെ തിരസ്‌ക്കരിച്ചുകൊണ്ട് ഗാന്ധിയുടെ ഇന്ത്യയെ സ്വീകരിച്ചവരാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിഭജനം ഒരു അടഞ്ഞ അധ്യായമല്ല. അഖണ്ഡ ഭാരത സങ്കല്പം ഒരറ്റത്തും പാക്കിസ്ഥാനിലേക്ക് നാടുകടത്തപ്പെടേണ്ട മുസ്ലിം അപരന്‍ മറ്റേ അറ്റത്തും നിലകൊള്ളുന്ന ഒരു രാഷ്ട്രീയ വീക്ഷണമാണ് അതിനെ നയിക്കുന്നത്. ഈ വൈരുദ്ധ്യത്തില്‍ നിന്നുകൊണ്ടാണ് വിഭജനത്തിന്റെ ഓര്‍മ്മയെ ആവാഹിക്കാന്‍ പ്രധാനമന്ത്രി അനുശാസിക്കുന്നത്.

ആ നീണ്ട രാത്രിയുടെ ഓര്‍മ്മ നേരത്തെ സൂചിപ്പിച്ചതുപോലെ മണ്‍ടോയും ഋത്വിക് ഘട്ടക്കും യശ്പാലും അമൃതാപ്രീതവുമൊക്കെ ഒരു കുറ്റപത്രമെന്നപോലെ കാലത്തിന് വേണ്ടി സാക്ഷാത്ക്കരിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സി.ക്കുമെതിരെയുള്ള സമരങ്ങളില്‍ കേട്ടത് അവരുടെ വിലാപങ്ങള്‍ കൂടിയാണ്.

ആരും ആരേയും മറന്നിട്ടില്ല. ഓര്‍മ്മയ്ക്കും മറവിക്കുമപ്പുറത്ത് മനുഷ്യരക്തം വീണ് ചുവക്കാത്ത ഒരു ഉട്ടോപ്യയായി ടോബോ ടേക് സിംഗ് ഇപ്പോഴും നമ്മളെ വിളിക്കുന്നുണ്ട്. ആരാണ് ഭ്രാന്തന്‍ എന്ന് മണ്‍ടോ ഇപ്പോഴും ചോദിക്കുന്നുണ്ട്.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply