സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷവും കൊടിയുയര്‍ത്താന്‍ വീടുകളില്ലാത്തവരും

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷത്തിലും മാന്യമായി ജീവിക്കാനുള്ള ഭൂമിയും പാര്‍പ്പിടവും അന്തസുള്ള ജീവിതവും ഒരു പൗരന്റെ മൗലിക അവകാശമായി സ്ഥാപിക്കപ്പെട്ടിട്ടില്ല. . ചേരികളിലും പുറമ്പോക്കുകളിലും കഴിയുന്നവര്‍ക്കും ഭൂരഹിതര്‍ക്കും ഭൂമിയും വാസയോഗ്യമായ പാര്‍പ്പിടവും ലഭ്യമാക്കാന്‍ ഈയവസരത്തിലെങ്കിലും നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകേണ്ടത്.

അമൃത് മഹോത്സവമെന്ന പേരില്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ വളരെ സജീവമായി മുന്നോട്ടുപോകുകയാണല്ലോ. ഒരു കാലത്തും പതിവില്ലാത്ത പോലെ എല്ലാവരും വീടുകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രത്തിന്റെ ചുവടുപിടിച്ച് കേരള സര്‍ക്കാരും ഈയാവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. രണ്ടുസര്‍ക്കാരുകള്‍ക്കും നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ എന്നാണ് സ്വാതന്ത്ര്യദിനവും ദേശീയപതാകയുമൊക്കെ അംഗീകരിക്കാന്‍ തുടങ്ങിയതെന്ന് രാഷ്ട്രീയചരിത്രമറിയുന്നവര്‍ക്കറിയാം. കഴിഞ്ഞില്ല, സാമൂഹ്യമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രം ദേശീയപതാകയാക്കണമത്രെ. അങ്ങനെ ചെയ്യരുതെന്നായിരുന്നു മൂന്നു വര്‍ഷം മുമ്പ് സര്‍ക്കാര്‍ നിലപാട്. തങ്ങള്‍ക്ക് തോന്നുമ്പോള്‍ നിലപാടുകള്‍ മാറ്റുമെന്നും അതനുസരിക്കാനുള്ളവരാണ് ജനങ്ങള്‍ എന്നുമുള്ള ധാരണയാണ് അധികാരികള്‍ തിരുത്തേണ്ടത്. മാത്രമല്ല, നിര്‍ബന്ധിച്ചോ നിയമത്തിലൂടേയോ ജനങ്ങളെകൊണ്ട് ചെയ്യിക്കാവുന്ന ഒന്നല്ല സ്വാതന്ത്ര്യദിനാഘോഷമെന്നും സ്വാതന്ത്ര്യമവര്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ സ്വയം ആഘോഷിച്ചുകൊള്ളുമെന്ന യാഥാര്‍ത്ഥ്യമാണ് ഇക്കൂട്ടര്‍ മനസ്സിലാക്കാത്തത്.

അതിനിടയില്‍ കണ്ട ഒരു കാര്‍ട്ടൂണ്‍ വളരെ ശ്രദ്ധേമായിട്ടുണ്ട്. ഉയര്‍ത്താനുള്ള പതാക തങ്ങളുടെ കൈവശമുണ്ടെന്നും എന്നാലുയര്‍ത്താനുള്ള വീടില്ല എന്നും അതുതരണമെന്നും സര്‍ക്കാര്‍ ഓഫീസിലെത്തി പരാതി പറയുന്ന ഒരാളാണ് കാര്‍ട്ടൂണിലെ കഥാപാത്രം. അക്ഷരാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാംവര്‍ഷത്തില്‍ രാജ്യമെവിടെ എത്തിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രീകരണമാണ് ഈ കാര്‍ട്ടൂണ്‍. സ്വാതന്ത്ര്യത്തിന്റെ 75-മത് വാര്‍ഷികം ആഘോഷിമ്പോള്‍ രാജ്യം അതിവേഗം വികസിച്ച് മുന്നേറുകയാണെന്ന സര്‍ക്കാരുകളുടെ അവകാശവാദത്തെ തന്നെയാണ് ഈ കാര്‍ട്ടൂണ്‍ ചോദ്യം ചെയ്യുന്നത്. സത്യത്തില്‍ ഏതാനും കോര്‍പ്പറേറ്റുകളും സവര്‍ണ സമ്പന്ന വിഭാഗങ്ങളും അധികാരവും സമ്പത്തും കയ്യടക്കുമ്പോള്‍ ദലിതരും ആദിവാസികളും പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളും ദരിദ്രരും ഇപ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലുമാണ് കഴിയുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. അധികാരത്തില്‍ പിടിമുറുക്കിയിരിക്കുന്ന സവര്‍ണ ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടന മൂല്യങ്ങളെയും തകര്‍ത്തുകൊണ്ടിരിക്കുകയുമാണ്. അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള പൗരന്റെ അവകാശങ്ങള്‍ പോലും ഇല്ലാതാക്കപ്പെടുന്നു.

ഇന്ത്യയുടെ പൊതു അവസ്ഥയല്ല കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന അവകാശവാദം നിരന്തരമായി കേള്‍ക്കുന്നത്. ചരിത്രപരമായി വിവിധ രീതികളില്‍ വികസിച്ചുവന്ന ദേശീയ സമൂഹങ്ങളുടെ സമുച്ചയമാണ് ഇന്ത്യ എന്നതു മറക്കരുത്. അതിനാല്‍ തന്നെ അവയുടെ ഇപ്പോഴത്തെ അവസ്ഥയും വ്യത്യസ്ഥമായിരിക്കും. പരിശോധിക്കേണ്ടത് ഈ വിഷയത്തില്‍ കേരളം എവിടെ നില്‍ക്കുന്നു എന്നതാണ്. അത്തരമൊരു പരിശോധന നല്‍കുന്നത് ആശാവഹമായ ചിത്രമല്ല. ഇവിടെ 1957 മുതല്‍ ഇടതും വലതുമായ സര്‍ക്കാരുകള്‍ മാറി മാറി അധികാരത്തില്‍ വന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭൂപരിഷ്‌കരണവും നിരവധി ഭവന പദ്ധതികളും സാമൂഹിക ക്ഷേമ പദ്ധതികളും നടപ്പാക്കിയ ‘കേരള മോഡല്‍’ ലോകത്തിന് തന്നെ മാതൃകയാണ് എന്നാണ് ഭരണ- പ്രതിപക്ഷ പാര്‍ട്ടികളുടെ അവകാശവാദം. എന്നാല്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും ചേരികളിലും പുറമ്പോക്കുകളിലും കോളനികളിലുമാണ് കഴിഞ്ഞുകൂടുന്നതെന്ന വസ്തുത മറച്ചുവെക്കപ്പെടുകയാണ്.ഒരു തുണ്ടുഭൂമിപോലുമില്ലാത്തവരും നിരവധിയാണ്. അതെകുറിച്ച് കേരളത്തേയും കേരളമോഡലിനേയും കുറിച്ച് കൊട്ടിഘോഷിക്കുന്നവര്‍ നിശബ്ദരാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തിലെ ദലിത്- ആദിവാസി വിഭാഗങ്ങള്‍ 30000ഓളം കോളനികളിലെ തുണ്ടു ഭൂമികളിലാണ് കഴിയുന്നത്. വികസന പദ്ധതികള്‍ക്ക് വേണ്ടി കുടിയിറക്കപ്പെടുന്ന ദരിദ്രരും നഗര- ഗ്രാമ പ്രദേശങ്ങളിലെ തിങ്ങിനിറഞ്ഞ കോളനികളില്‍ കഴിയുന്നു. രണ്ട് ലക്ഷത്തോളം പേര്‍ കൊച്ചി നഗരം ഉള്‍പ്പെടെയുള്ള ചേരികളിലാണ് കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. യഥാര്‍ത്ഥ സംഖ്യ ഇതിലും കൂടുതലായിരിക്കുമെന്നുറപ്പ്. അനുദിനം വികസിക്കുന്ന കൊച്ചിയെ പോലുള്ള നഗരങ്ങളില്‍ നടപ്പാക്കുന്ന നിരവധി പദ്ധതികളില്‍ ചേരി- പുറമ്പോക്ക്- നിവാസികളുടെ പുനരധിവാസമോ കുടിവെള്ളവും ടോയ്‌ലറ്റും മാലിന്യവും അടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങളോ പരിഗണിക്കപ്പെടാറില്ല. അവര്‍ നഗരത്തിന്റെയും വികസനത്തിന്റെയും പുറമ്പോക്കുകളില്‍ തന്നെ കഴിയേണ്ടി വരുന്നു. പൗരന്മാര്‍ക്ക് അന്തസുള്ളതും സുരക്ഷിതവുമായ ജീവിതം ഉറപ്പുവരുത്താത്ത വികസന പദ്ധതികള്‍ ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല. വികസന പദ്ധതികള്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുന്നതാകണം.

ചേരികളിലെ ജനജീവിതം എത്രമാത്രം ദുരിതപൂര്‍ണവും അരക്ഷിതവുമാണെന്നതിന് ഉദാഹരണമാണ് കൊച്ചിയിലെ ചേരികള്‍. അനുദിനം വികസിക്കുന്ന നഗരങ്ങളുടെ തോടുകളുടെയും കനാലുകളുടെയും റോഡുകളുടെയും പുറമ്പോക്കുകളില്‍ ഭൂമിക്കോ കിടപ്പാടത്തിനോ അവകാശമില്ലാത്ത ലക്ഷക്കണക്കിന് പേര്‍ കഴിയുന്നു. സ്വന്തം ഭൂമിയോ പാര്‍പ്പിടമോ ഇല്ലാത്തതിനാല്‍ കാലങ്ങളായി വാടക വീടുകളെ ആശ്രയിച്ച് കഴിയുന്ന അനേകം കുടുംബങ്ങളും കേരളത്തിലുണ്ട്. വിപ്ലവപരമെന്ന് അവകാശപ്പെടുന്ന ഭൂപരിഷ്‌കരണം ഫലത്തില്‍ സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരായ ലക്ഷക്കണക്കിനാളുകളെയാണ് പുറന്തള്ളിയത്. കുടികിടപ്പവകാശവും മിച്ചഭൂമി വിതരണവും പരിമിതമായ തോതില്‍ നടപ്പാക്കിയെങ്കിലും വന്‍കിട തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കുകയും വന്‍കിട ഭൂവുടമകളെ സംരക്ഷിക്കുകയും ചെയ്തു. ലക്ഷ്യമിട്ടത് പോലെ മിച്ചഭൂമി വിതരണവും ഫലപ്രദമായി നടന്നില്ല. നിയമവിരുദ്ധമായി വന്‍കിട തോട്ടം കമ്പനികള്‍ കൈവശം വെച്ചിരിക്കുന്ന 5.25 ലക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്ന സര്‍ക്കാര്‍ നിയോഗിച്ച ഓഫീസറുടെ റിപ്പോര്‍ട്ട് പോലും നടപ്പാക്കാതെ കയ്യേറ്റക്കാരെ സഹായിക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്തത്. പാട്ടക്കരാറുകള്‍ ലംഘിക്കുകയും പാട്ടക്കുടിശ്ശിക നല്‍കാതെയും ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തോട്ടം ഉടമകള്‍ കൈവശം വെച്ചിരിക്കുമ്പോള്‍ തോട്ടം തൊഴിലാളികള്‍ തുണ്ടു ഭൂമിയില്ലാതെ ലയങ്ങളില്‍ ദുരിത ജീവിതം അനുഭവിക്കുന്നു. തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തുണ്ടു ഭൂമികളിലെ കോളനികളില്‍ പ്രതികൂല കാലാവസ്ഥകള്‍ നേരിട്ട് അനിശ്ചിതത്വത്തിലാണ് ജീവിക്കുന്നത്. ആദിവാസികളുടെ ദുരിതങ്ങളുടെ കഥകള്‍ വേറെ.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷത്തിലും മാന്യമായി ജീവിക്കാനുള്ള ഭൂമിയും പാര്‍പ്പിടവും അന്തസുള്ള ജീവിതവും ഒരു പൗരന്റെ മൗലിക അവകാശമായി സ്ഥാപിക്കപ്പെട്ടിട്ടില്ല. . ചേരികളിലും പുറമ്പോക്കുകളിലും കഴിയുന്നവര്‍ക്കും ഭൂരഹിതര്‍ക്കും ഭൂമിയും വാസയോഗ്യമായ പാര്‍പ്പിടവും ലഭ്യമാക്കാന്‍ ഈയവസരത്തിലെങ്കിലും നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകേണ്ടത്.

കൊച്ചിയുടെ കാര്യം മാത്രം പറയാം. ഇവിടത്തെ ചേരികളിലും പുറമ്പോക്കുകളിലും കഴിയുന്നവര്‍ക്ക് ഭൂമിയും വാസയോഗ്യമായ പാര്‍പ്പിടവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നഗരസഭയും നടപടി സ്വീകരിക്കാന്‍ തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. സ്മാര്‍ട്ട് കൊച്ചി മിഷന്‍ അടക്കമുള്ള നഗര വികസന പദ്ധതികളിലും സര്‍ക്കാരുകളും നഗരസഭയും നടപ്പാക്കുന്ന നഗരാസൂത്രണ വികസന പദ്ധതികളിലും ഈ പ്രശ്‌ന പരിഹാരത്തിനാകണം പ്രഥമ പരിഗണന. നഗരങ്ങളില്‍ ഭൂ മാഫിയകളെ നിയന്ത്രിക്കുകയും ഭൂമി ഇടപാടുകള്‍ നിയന്ത്രിക്കുകയും വേണം. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും പാട്ടക്കരാറുകള്‍ പുന: പരിശോധിക്കുകയും വേണം. പാര്‍പ്പിടത്തിനും ഭൂമിക്കും വേണ്ടി കൊച്ചിയിലെയും ജില്ലയുടെ മറ്റ് പ്രദേശങ്ങളിലെയും ചേരി- പുറമ്പോക്ക്- കോളനിവാസികള്‍ നടത്തിയ സമരങ്ങളെ സര്‍ക്കാരുകളും ജില്ല പഞ്ചായത്തും നഗരസഭയും അവഗണിക്കുകയായിരുന്നു. ഇനിയും ഈ അവഗണനയും വിവേചനവും അനുവദിക്കാനാവില്ല. സമഗ്രമായ ഭൂപരിഷ്‌കരണവും പാര്‍പ്പിട പദ്ധതികളും നടപ്പാക്കി മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമിയും അന്തസായി ജീവിക്കാന്‍ കഴിയുന്ന വീടുകളും ഉറപ്പാക്കണം. അത് ഉറപ്പുവരുത്താന്‍ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തിലാണ് ഈ അമൃത് മഹോത്സവ വേളയില്‍ തന്നെ തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി കൊച്ചിയിലെ ഭവന രഹിത ജനകീയ കൂട്ടായ്മ രംഗത്തിറങ്ങുന്നത്. കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 16 ന് ഫോര്‍ട്ട് കൊച്ചി ജങ്കാര്‍ ജട്ടിക്ക് സമീപം പാര്‍പ്പിട അവകാശ സമ്മേളനം നടക്കുന്നു. സണ്ണി എം കപിക്കാട് (ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ വിനോദ് പയ്യട (ലോഹ്യ വിചാര വേദി) മുഖ്യ പ്രഭാഷണം: നിര്‍വ്വഹിക്കും. ടി എ ഷാജി (പ്രസിഡന്റ്, ഭവന രഹിത ജനകീയ കൂട്ടായ്മ) അധ്യക്ഷത വഹിക്കും. നിപുണ്‍ ചെറിയാന്‍ (പ്രസിഡന്റ്, V4 പീപ്പിള്‍ പാര്‍ട്ടി), അഡ്വ. കെ വി ഭദ്ര കുമാരി (സംസ്ഥാന പ്രസിഡന്റ് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം), ലൈല റഷീദ് (പ്രസിഡന്റ്, ജ്വാല വനിത വെല്‍ഫെയര്‍ സമിതി), ശരത് ചേലൂര്‍ (എന്‍എപിഎം), എം കെ ഹരികുമാര്‍ (ജില്ല സെക്രട്ടറി, ദലിത് സമുദായ മുന്നണി), തോമസ് കൊറശേരി (ചീഫ് കോ ഓഡിനേറ്റര്‍, വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ) സലീം ഷുക്കൂര്‍ (വെസ്റ്റ് കൊച്ചി കള്‍ച്ചറല്‍ സൊസൈറ്റി), എം എം സലിം (മാധ്യമപ്രവര്‍ത്തകന്‍), ഷമീര്‍ വളവത്ത് (മഹാത്മാ സാംസ്‌കാരിക വേദി), ഷിബു പൊള്ളയില്‍ (ചീഫ് കോഡിനേറ്റര്‍, എന്റെ കൊച്ചി യുണൈറ്റഡ് ചാരിറ്റബിള്‍ ട്രസ്റ്റ്), ഷംസു യാക്കൂബ് (മട്ടാഞ്ചേരി ക്യാന്‍സര്‍ സൊസൈറ്റി), പി എ സലിം (കേരള പ്രവാസി സംഗമം), താഹ കെ കെ (കൊച്ചി കൂട്ടം വാട്‌സാപ്പ് കൂട്ടായ്മ), അനീഷ് കൊച്ചി (യുവദര്‍ശന്‍ സാംസ്‌കാരിക സമിതി), ബിജു ജോസി (കേരള ലത്തീന്‍ കത്തോലിക്ക സംസ്ഥാന സെക്രട്ടറി), എം വി തമ്പി (വര്‍ഗീയതക്കെതിരെ ഒരുമ), കെ എസ് സാജുദ്ദീന്‍ (കൊച്ചി മൂവ്‌മെന്റ്), ബിജു പത്മനാഭന്‍ (പശ്ചിമകൊച്ചി ജനകീയ സമിതി) തുടങ്ങിയവര്‍ പങ്കെടുക്കും. ഇത്തരം പോരാട്ടങ്ങളാണ് വാസ്തവത്തില്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളെ അര്‍ത്ഥപൂര്‍ണ്ണണാക്കുന്നത്. രാജ്യമാകെ അത്തരം പോരാട്ടങ്ങള്‍ സംഘടിപ്പിച്ചും പങ്കെടുത്തുമാണ് യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാര്‍ സ്വാതന്ത്ര്യദിനമാഘോഷിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply