ഹരിത ബ്ലോഗ് അവസാനിപ്പിക്കുക മിസ്റ്റര്‍ വിടി ബല്‍റാം

നിറ്റാ ജലാറ്റിന്‍ കമ്പനി സൃഷ്ടിക്കുന്ന ഭയാനകമായ മലിനീകരണത്തിനെതിരെ കാതിക്കുടം നിവാസികള്‍ അന്തിമ സമരം നടത്തുമ്പോള്‍ കോണ്‍ഗ്രസ്സിലെ വിഖ്യാതരായ ഹരിത എം എല്‍ എമാര്‍ രണ്ടുതട്ടില്‍. ടി എന്‍ പ്രതാപന്‍ സമരത്തോടൊപ്പം നില്‍ക്കുമ്പോള്‍ വി ഡി സതീശന്‍ കമ്പനിക്കൊപ്പമാണ്. വിടി ബല്‍റാമകട്ടെ കമ്പനി മലിനീകരണം സൃഷ്ടിക്കുന്നു എന്നു സമ്മതിക്കുന്നു. എന്നാല്‍ ഹരിത എംഎല്‍എമാര്‍ എന്ന പദമുപയോഗിക്കുന്നതു ശരിയല്ല എന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ. അന്തിമസമരത്തിന്റെ മൂന്ന് നാലു ദിവസം മുന്‍പാണു ഞാന്‍ കാതിക്കുടത്ത് പോയത്. കുറഞ്ഞ […]

vt

നിറ്റാ ജലാറ്റിന്‍ കമ്പനി സൃഷ്ടിക്കുന്ന ഭയാനകമായ മലിനീകരണത്തിനെതിരെ കാതിക്കുടം നിവാസികള്‍ അന്തിമ സമരം നടത്തുമ്പോള്‍ കോണ്‍ഗ്രസ്സിലെ വിഖ്യാതരായ ഹരിത എം എല്‍ എമാര്‍ രണ്ടുതട്ടില്‍. ടി എന്‍ പ്രതാപന്‍ സമരത്തോടൊപ്പം നില്‍ക്കുമ്പോള്‍ വി ഡി സതീശന്‍ കമ്പനിക്കൊപ്പമാണ്. വിടി ബല്‍റാമകട്ടെ കമ്പനി മലിനീകരണം സൃഷ്ടിക്കുന്നു എന്നു സമ്മതിക്കുന്നു. എന്നാല്‍ ഹരിത എംഎല്‍എമാര്‍ എന്ന പദമുപയോഗിക്കുന്നതു ശരിയല്ല എന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.

അന്തിമസമരത്തിന്റെ മൂന്ന് നാലു ദിവസം മുന്‍പാണു ഞാന്‍ കാതിക്കുടത്ത് പോയത്. കുറഞ്ഞ സമയം കൊണ്ടുതന്നെ എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണു ഞാനവിടെ സംസാരിച്ചത്. അക്കാര്യങ്ങളിലെല്ലാം ഞാനിപ്പോഴും ഉറച്ചുനില്‍ക്കുന്നു. ഞാന്‍ പോയ ദിവസങ്ങളില്‍ ഫാക്ടറി പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. എന്നിട്ടും അസഹ്യമായ ദുര്‍ഗ്ഗന്ധമാണവിടെ നിലനിന്നിരുന്നത്. ഒരു മണിക്കൂറിലേറെ കഴിച്ചുകൂട്ടാന്‍ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി. അപ്പോള്‍ ആ അവസ്ഥയില്‍ ഇരുപത്തിനാലു മണിക്കൂറും മുന്നൂറ്ററുപത്തഞ്ച് ദിവസവും ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ കാര്യം ശരിക്കും കഷ്ടമാണ്. കമ്പനിയുടെ വാദങ്ങള്‍ തള്ളിക്കളയാന്‍ മറ്റ് ഒരുപാട് കാരണങ്ങളന്വേഷിച്ചുപോകേണ്ടതുണ്ടെന്ന് കരുതുന്നില്ല.
അവിടെനിന്ന് നേരെ പാര്‍ട്ടിയുടെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് പോകേണ്ടി വന്നു. അവിടെയുള്ള ഒരു ദിവസമായിരുന്നു പോലീസ് ലാത്തിച്ചാര്‍ജ്ജ് നടന്നത്. ഇതിനേക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ ആഭ്യന്തരമന്ത്രിയുമായി നിരവധിതവണ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം മധ്യമേഖലാ ഐ.ജി.യോടും കാര്യങ്ങള്‍ ധരിപ്പിച്ചു. പോലീസ് അതിരുകവിഞ്ഞ ബലപ്രയോഗമാണു നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഉടനടി ഇടപെടണമെന്നും അവരോട് ആവശ്യപ്പെട്ടിരുന്നു. വേണ്ടതുപോലെ ചെയ്യാമെന്ന് അവരിരുവരും അറിയിക്കുകയും ചെയ്തു. എന്നാലും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പോലീസ് അതിക്രമം കാട്ടി എന്നുതന്നെയാണു വിലയിരുത്തേണ്ടത്.
ഈ സമരത്തിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ തുടര്‍ന്നും എന്റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ടുള്ള എല്ലാ പിന്തുണയുമുണ്ടായിരിക്കും.
‘ഹരിത എം എല്‍ എ മാര്‍’എന്ന ലേബല്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണ്. ആവശ്യത്തിനും അനാവശ്യത്തിനും അത് പലരുമുപയോഗിക്കുന്നതിന്റെ ഉത്തരവാദിത്തം അവര്‍ക്കുമാത്രമാണു. നെല്ലിയാമ്പതി വിഷയത്തില്‍ സമാനമായ നിലപാടെടുത്ത ഘട്ടത്തിലാണത്തരമൊരു വിശേഷണം വന്നുചേര്‍ന്നത്. എന്നാല്‍ അന്നുതൊട്ട് പലപ്പോഴും ഞാനടക്കമുള്ളവര്‍ വിശദീകരിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു ഞങ്ങളില്‍ എല്ലാവര്‍ക്കും എല്ലാ വിഷയങ്ങളിലും ഒരേ നിലപാടുണ്ടാവണമെന്ന് നിര്‍ബന്ധമില്ല എന്ന്. ചില വിഷയങ്ങള്‍ ഞങ്ങള്‍ കൂട്ടായി ഇപ്പോഴും ഉയര്‍ത്താറുണ്ട്, അതില്‍ മാത്രമാണു കൂട്ടുത്തരവാദിത്തമുള്ളത്. മറ്റ് പല വിഷയങ്ങളിലും സ്വതന്ത്രമായാണു നിലപാടെടുക്കുന്നത്. കാതിക്കുടത്തെ വിഷയത്തിലെ എന്റെ നിലപാട് മേല്‍ വിശദീകരിച്ച രീതിയില്‍ അത്തരത്തിലുള്ളതാണ്.
പിന്നെ രാഷ്ട്രീയത്തിലെ ഗുരു ശിഷ്യ ബന്ധത്തെക്കുറിച്ച് എനിക്ക് വലിയ മതിപ്പില്ല. എന്നെ സംബന്ധിച്ചിടത്തോളം എനിക്കുള്ളത് സഹപ്രവര്‍ത്തകര്‍ മാത്രമാണു. വിഷയാധിഷ്ഠിതമായാണു അത്തരത്തില്‍ സഹപ്രവര്‍ത്തകര്‍ ഒത്തുചേരുന്നത്.

ശരിയായിരിക്കാം ബല്‍റാം. വിഷയാധിഷ്ഠിതമായിട്ടായിരിക്കാം നിങ്ങള്‍ ഒന്നിക്കുന്നത്. എന്നാല്‍ ഇതൊരു പരിസ്ഥിതി പ്രശ്‌നമാണ്, ഹരിത പ്രശ്‌നമാണെന്ന് മറക്കരുത്. അതില്‍ പോലും വ്യത്യസ്ഥ അഭിപ്രായമാണെങ്കില്‍ ഹരിത ബ്ലോഗില്‍ എന്തര്‍ത്ഥം? താങ്കള്‍ സൃഷ്ടിച്ചതെങ്കിലും ഹരിത എംഎല്‍എമാര്‍ എന്ന പദത്തിനെന്തര്‍ത്ഥം? അതിനാല്‍ ആ പേരിലുള്ള ബ്ലോഗ് അവസാനിപ്പിക്കുന്നതല്ലേ ഉചിതം?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഹരിത ബ്ലോഗ് അവസാനിപ്പിക്കുക മിസ്റ്റര്‍ വിടി ബല്‍റാം

 1. വി ടി ബല്‍റാം

  കാതിക്കുടത്തെ കമ്പനി മലിനീകരണം സൃഷ്ടിക്കുന്നു എന്ന് മാത്രമല്ല, ഇങ്ങനെ മുന്നോട്ടുപോകാന്‍ കമ്പനിക്ക് കഴിയില്ല എന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ മലിനീകരണനിയന്ത്രണ സംവിധാനങ്ങള്‍ എത്രയും പെട്ടെന്ന് ഒരുക്കുക എന്ന മിനിമം ഉത്തരവാദിത്തം കമ്പനി നിര്‍വഹിക്കാന്‍ തയ്യാറാകാതെ പോലീസിനേയും മറ്റും ദുരുപയോഗപ്പെടുത്തി നാട്ടുകാരെ വെല്ലുവിളിക്കാനാണ് കമ്പനിയുടെ ഭാവമെങ്കില്‍ അത് അധികകാലം മുന്നോട്ടുപോവില്ല എന്ന എന്റെ നിലപാട് ലാത്തിച്ചാര്‍ജ്ജിനുശേഷം ‘മാധ്യമം’ പത്രത്തിലെ ഒരു റിപ്പോര്‍ട്ടിലും എടുത്തുപറഞ്ഞിട്ടുണ്ട്. അതൊന്നും കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല.
  പിന്നെ ഗ്രീന്‍ തോട്ട്‌സ് കേരള എന്ന ബ്ലോഗിനേക്കുറിച്ച് തുടക്കം മുതല്‍ തന്നെ ഞങ്ങള്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ കൂട്ടായി ഏറ്റെടുക്കുന്ന ചില വിഷയങ്ങള്‍ മാത്രമാണ് ജോയിന്റ് സ്‌റ്റേറ്റ്‌മെന്റായി അതില്‍ ഉള്‍പ്പെടുത്താറുള്ളത്. അതില്‍ മാത്രമാണ് എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുള്ളത്. മറ്റ് ഒരുപാട് വിഷയങ്ങളില്‍ ഞങ്ങളൊക്കെ ഒറ്റക്കൊറ്റക്ക് നിലപാടെടുക്കാറുണ്ട്. അതിന്റെയൊക്കെ ഉത്തരവാദിത്തം അവരവര്‍ക്ക് മാത്രമാണ്. അതുകൊണ്ട് പ്രസ്തുത ബ്ലോഗ് പൂട്ടിക്കെട്ടുകയോ മറ്റോ ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
  കാതിക്കുടം വിഷയത്തില്‍ എന്റെ നിലപാട് സമരം ചെയ്യുന്ന കാതിക്കുടത്തെ സാധാരണ ജനങ്ങള്‍ക്കൊപ്പമാണ്, അതവര്‍ക്ക് ബോധ്യപ്പെട്ടിട്ടുമുണ്ടെന്ന് എനിക്കറിയാം. അവിടത്തെ സ്ഥലം എം.എല്‍.എ.യുടെയടക്കം ജനവിരുദ്ധവും സമരവിരുദ്ധവുമായ നിലപാടില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതിനുവേണ്ടി ചിലര്‍ ഉന്നയിക്കുന്ന കഥയില്ലാത്ത ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നത് ദൌര്‍ഭാഗ്യകരമാണ്.

  സ്‌നേഹത്തോടെ
  വി ടി ബല്‍റാം

Leave a Reply