2024 ലെ തെരഞ്ഞെടുപ്പ് എന്ന അവസാനത്തെ ബസ്സ്.

സാമ്പത്തികവും, സാമൂഹികവും ലിംഗ പരവും പാരിസ്ഥീതികവുമായ നീതി പ്രദാനം ചെയ്യാന്‍ ബി.ജെ.പിയേതര പാര്‍ടികള്‍ക്ക് കഴിയുമെന്ന വിശ്വസം അസ്ഥാനത്താണെങ്കിലും രാഷ്ട്രത്തിന്റെയും അല്പമായതാണെങ്കിലും നിലവിലുള്ള ജനാധിപത്യ വ്യവസ്ഥയുടെ നിലനില്പും ചോദ്യം ചെയ്യപ്പെടുന്ന ഒരു ഘട്ടത്തില്‍ വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാഷ്ട്രത്തിന്റെ വിശാല താല്പര്യം മുന്‍നിര്‍ത്തി ഒരു തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിന് പ്രതിപക്ഷ കക്ഷികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അവരെ ആ ഉത്തരവാദിത്തത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം ജനങ്ങള്‍ക്കും.

2024 ലെ പൊതു തെരഞ്ഞെടുപ്പിനെ നേരിടാനും ജയിക്കാനും ബി.ജെ.പി ഒരുങ്ങിക്കഴിഞ്ഞതിന്റെ സൂചനകളാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ പിന്തുടര്‍ന്ന് ആക്രമിക്കുന്നതില്‍ നിന്ന് മാത്രമല്ല, രാമനവമി ഘോഷയാത്രകളെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ആസൂത്രണ സ്വഭാവത്തോടെ നടക്കുന്ന അക്രമങ്ങളും പഞ്ചാബില്‍ നിന്നുള്ള പുതിയ അക്രമങ്ങളും നല്‍കുന്ന സൂചനകളും മറ്റൊന്നല്ല.

സംഘടനാപരമായി ദുര്‍ബ്ബലമാണെങ്കിലും കോണ്‍ഗ്രസ്സിനെ മുഖ്യ എതിരാളിയായി ഇന്നും ബി.ജെ.പി കാണുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് അതിനുള്ള തെളിവാണ്. നെഹൃവിന്റെതുള്‍പ്പടെ രാഷ്ട്ര നിര്‍മ്മാണത്തിലെ അതിന്റെ സംഭാവനകളെ ഇകഴ്ത്തിക്കാട്ടുന്നതും അവര്‍ക്ക് ആവശ്യമാണ്. കോണ്‍ഗ്രസ്സിലെ രാഹുല്‍ – സോണിയ നേതൃത്വത്തില്‍ നീരസമുള്ള നേതാക്കളെ സ്വാധീനിക്കാനും കോണ്‍ഗ്രസ്സിനുള്ളില്‍ നിന്ന് അതിനെ സംഘടനാപരമായി കുടുതല്‍ ദുര്‍ബ്ബലപ്പെടുത്താനും രാഹുല്‍ ആക്രമണത്തിലൂടെ കഴിയുമെന്ന് ബി.ജെ.പി.വിശ്വസിക്കുന്നു. മോദി – രാഹുല്‍ ദ്വന്ദം സൃഷ്ടിക്കുക വഴി ചില സംസ്ഥാനങ്ങളില്‍ ഭരണത്തിലെത്താന്‍ സാധ്യതയുള്ള വലിയ അടിത്തറയുള്ള ഇതര പാര്‍ടികളില്‍, പ്രത്യേകിച്ചും മുന്‍കാല കോണ്‍ഗ്രസ്സ് വിരുദ്ധ പശ്ചാത്തലത്തില്‍ രാഷ്ട്രീയശക്തി സമാഹരിച്ചവരില്‍ കോണ്‍ഗ്രസ്സിനെതിരെ വിരുദ്ധ വികാരം ജ്വലിപ്പിച്ചു നിര്‍ത്താന്‍ കഴിയുമെന്നും അവര്‍ കണക്കുകൂട്ടുന്നുണ്ട്. കോണ്‍ഗ്രസ്സ് ചങ്ങാത്തത്തിന്റെ ഭാഗമായുണ്ടാകുന്ന സീറ്റ് പങ്കുവെയ്ക്കലുകളിലെ അസ്വാരസ്യങ്ങള്‍ മുതലാക്കാനുള്ള തന്ത്രങ്ങള്‍ തെരഞ്ഞെടുപ്പിനു മുമ്പായാലും പിമ്പായാലും ബി.ജെ.പിക്ക് എളുപ്പം കഴിയുമെന്ന ആത്മവിശ്വാസം അവര്‍ക്ക് നഷ്ടമായിട്ടുമില്ല.

രാമനവമി ഘോഷയാത്രകളില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നിട്ടുള്ളത് ബംഗാളിലും ബിഹാറിലുമാണ്. ആക്രമോത്സുക സംഘപരിവാര്‍ ഹിന്ദുത്വ ശക്തികള്‍ക്ക് ഭരണപരമായും സംഘടനാപരമായും ആധിപത്യമുള്ള സംസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ ഉണ്ടായിട്ടില്ല. മുസ്ലീം തീവ്രവാദത്തിന് വലിയ സ്വാധീനമുണ്ടെന്ന് ബി.ജെ.പി. ആരോപിക്കുന്ന യു.പി.യുടെ ഭാഗങ്ങളിലും അക്രമങ്ങള്‍ ഉണ്ടായില്ല. ബംഗാളും ബിഹാറും പിടിയ്ക്കുക എന്നത് ബി.ജെ.പിയുടെ മുഖ്യ അജണ്ടയായി മാറുന്നത് പ്രഭാവ കാലത്തെ കോണ്‍ഗ്രസ്സെന്ന പോലെ ഒറ്റ ഇന്ത്യന്‍ ഭരണ കക്ഷിയായി നില നില്‍ക്കാന്‍ വേണ്ടി മാത്രമല്ല. അങ്ങിനെയുള്ള ഒരു കക്ഷിയായി മാറുന്നത് അവരുടെ ബ്രാഹ്മണിക ഹിന്ദുത്വ അജണ്ടക്ക് അത്യാവശ്യമാണെന്നതു പോലെ പിന്നാക്ക ദലിത് ജാതികള്‍ അധികാരശക്തിയായ ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലെ ഈ വിഭാഗങ്ങളുടെ രാഷ്ട്രീയ അധികാരശക്തിയെ തകര്‍ക്കുന്നതിനും വേണ്ടിയാണ്. ബംഗാള്‍ അതിര്‍ത്തി സംസ്ഥാനമാണ്. ഇന്ത്യാ വിഭജനകാലത്തെ ഹിന്ദു – മുസ്ലീം ശത്രുതയുടെ അവശിഷ്ടങ്ങളില്‍ നിന്ന് ഇപ്പോഴും വര്‍ഗീയ സംഘര്‍ഷത്തിന്റെ കനല്‍ ഊതി കത്തിച്ചെടുക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ബംഗാള്‍ മുസ്ലീം രാഷ്ട്രമായി മാറുമെന്ന് അവര്‍ പ്രചരിപ്പിച്ചു തുടങ്ങുന്നത് ഈ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബംഗാള്‍ പോലെ വിഭജനത്തിന്റെ ദുരന്തങ്ങള്‍ അനുഭവിച്ചതാണ് പഞ്ചാബും. പക്ഷേ പഞ്ചാബിലെ സിഖു ജനത അവരുടെ പഴയ മുസ്ലീം വിരുദ്ധത ഉപേക്ഷിച്ച് സിഖ് -മുസ്ലീം സൗഹൃദത്തെ നെഞ്ചിലേറ്റിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യക്കും പാകിസ്താനുമിടയില്‍ സൗഹൃദത്തിന്റെ പാലങ്ങള്‍ സൃഷ്ടിക്കുവാനുള്ള ശ്രമങ്ങള്‍ അവിഭക്ത ജന്മനാട്ടിലെ ഗതകാലസ്മരണകള്‍ക്ക് പൂക്കാലം തീര്‍ത്തു കൊണ്ട് അവര്‍ തുടങ്ങിയിട്ടുമുണ്ട്. മാത്രമല്ല ദേശീയ കര്‍ഷ പ്രക്ഷോഭത്തിലൂടെ ഇന്ത്യയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് വാഴ്ചയെ റദ്ദ് ചെയ്യാന്‍ ഒരു ജനത എന്ന നിലയിലേക്ക് ഉയരാനുള്ള കരുത്തും അവര്‍ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് ജനത ബി.ജെ.പി സൃഷ്ടിച്ച മോദി – രാഹുല്‍ ദ്വന്ദത്തെ മറികടന്നു കൊണ്ടുള്ള ഒരു വിധിയെഴുത്താണ് നടത്തിയത്. 2024 ന്റെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് ജനതയില്‍ ഉണ്ടായ ഐക്യം തകര്‍ത്ത് വിജയം കൊയ്യാനുള്ള പരിശ്രമങ്ങള്‍ ഖാലിസ്ഥാന്‍ വാദത്തിലൂടെ പുറത്തു വരുന്നുവെന്നത് സംശയിക്കേണ്ടി വരും. പാകിസ്താനില്‍ നിന്നുള്ള ഭീകരുടെ നുഴഞ്ഞുകയറ്റങ്ങളുടെ തിരക്കഥയും അതിര്‍ത്തികള്‍ അശാന്തമാകുമെന്ന ‘മുന്നറിയിപ്പ് ‘ തന്ത്രങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ ഈ സംശയം ബലപ്പെടും.

ദക്ഷിണേന്ത്യയിലെ ഏക കേന്ദ്രമായ കര്‍ണാടകം നഷ്ടപ്പെടുമെന്ന ആശങ്ക സംഘ പരിവാറിനെ ഉലയ്ക്കുന്നതായി മനസ്സിലാകുന്നു. ബി.ജെ.പി. ഇപ്പോള്‍ പടച്ചു വിടുന്ന ഒരു പ്രചരണം കട്ടിംഗ് സൗത്ത് (തെക്കനിന്ത്യയെ വേര്‍പ്പെടുത്തല്‍) – നെക്കുറിച്ചാണ്. ഈ വ്യാജ പ്രചരണം മെനഞ്ഞുണ്ടാക്കിയ അവരുടെ കുത്സിത ബുദ്ധിയുടെ മ്ലേച്ഛത നമ്മെ അത്ഭുതപ്പെടുത്തും. ഖാലിസ്ഥാന്‍ വാദികള്‍ക്ക് സ്വാധീനമുള്ള കാനഡ അതിനായി മുസ്ലീം തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ട് ചെയ്യുന്നുവെന്ന തരത്തിലാണ് പ്രചരണം. തീവ്രവാദ സംഘങ്ങള്‍ക്കുള്ള വിദേശ ഫണ്ടുകളുടെ വേരറുത്തുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതു തന്നെ. തീവ്രവാദ സംഘങ്ങള്‍ക്ക് വിദേശ സഹായങ്ങള്‍ ലഭിക്കാറുണ്ടെന്നതും നേരാണ്. പക്ഷേ ഈ തീവ്രവാദ സംഘങ്ങളുമായി മോദിയെയും ബി.ജെ.പി.യെയും രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ കൂട്ടിക്കെട്ടി നടത്തുന്ന മ്ലേച്ഛമായ പ്രചരണങ്ങള്‍ കര്‍ണാടകത്തെ സ്വന്തം വലയ്ക്കുള്ളില്‍ നിര്‍ത്തുന്നതിനാണ്. ബി.ജെ.പി.യുടെ കടന്നുകയറ്റത്തെ വിജയകരമായി ഇതുവരെയും പ്രതിരോധിക്കുന്നത് തമിഴ്‌നാട്, കേരളം, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളാണ്. കര്‍ണാടകവും അതില്‍ വിജയിച്ചേക്കുമെന്ന ആശങ്കയും ദക്ഷിണേന്ത്യ അവരുടെ പിടിക്ക് പുറത്താകുമെന്നതുമാണ് ഈ പ്രചരണങ്ങള്‍ക്കു പിന്നില്‍. ഈ പ്രചരണങ്ങള്‍ ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ നാശത്തിലേക്ക് നയിക്കുമെന്നത് അവരെ തീരെ ആശങ്കപ്പെടുത്തുന്നുമില്ല. കട്ടിംഗ് സൗത്ത് എന്ന പുതിയ സംഘി സിദ്ധാന്തം ഊതി സൃഷ്ടിച്ചെടുക്കുന്നതും പഞ്ചാബില്‍ അവര്‍ അരങ്ങേറ്റുവാന്‍ പോകുന്ന ദുരന്ത പര്യവസായിയാകുവാന്‍ പോകുന്ന നാടകത്തിന്റെ തിരക്കഥയുടെ ഭാഗം തന്നെയാണ്. പഞ്ചാബ്, ബംഗാള്‍, ദക്ഷിണേന്ത്യ എന്നിവയൊക്കെ പുറത്തു പോകും എന്ന പ്രതീതി സൃഷ്ടിക്കുകയാണവര്‍. ദക്ഷിണേന്ത്യയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ അതിനെതിരെ ഈ സംസ്ഥാനങ്ങളില്‍ നിന്നുയരാവുന്ന സാംസ്‌കാരികവും ഭാഷാ പരവുമായ പ്രതിരോധങ്ങള്‍ ചൂണ്ടിക്കാണിച്ച് ഉത്തരേന്ത്യയിലെങ്കിലും അവരുടെ മേല്‍ക്കോയ്മ ഉറപ്പിക്കാന്‍ കഴിയുമോ എന്ന ആലോചനയും അവര്‍ക്കില്ലാതിരിക്കാന്‍ തരമില്ല.

ഇന്ത്യയിലെ ജനങ്ങളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. ഹിന്ദു മതത്തിനകത്ത് ഉയര്‍ന്നു വന്ന സഹിഷ്ണുതയുടെയും ഉത്പതിഷ്ണുതയുടെയും ഘടകങ്ങളെ ദുര്‍ബ്ബലികരിച്ച് അതിനെ വര്‍ഗീയവത്കരിക്കേണ്ടത് ദ്വിജ ജാതികള്‍ക്ക് ആധിപത്യമുള്ള ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ അത്യാവശ്യമായി അവര്‍ കരുതുന്നു. യഥാര്‍ത്ഥത്തില്‍ അത്തരമൊരു ഇന്ത്യ മത രാഷ്ട്രമായിരിക്കുകയില്ല, മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള ചാതുര്‍വര്‍ണ്യ രാഷ്ട്രമായിരിക്കും. ഹിന്ദു മതത്തില്‍ യാഥാസ്ഥിതികരും വര്‍ഗീയ വാദികളും ആധിപത്യം പുലര്‍ത്തുന്ന ഒരു കാലം രാഷ്ട്രം എന്ന നിലയിലുള്ള ഇന്ത്യയുടെ ശിഥിലീകരണത്തിന്റെ കാലം കൂടി ആയിരിക്കും എന്ന് ഏതാണ്ട് ഉറപ്പാണ്. വിവിധ മതവിഭാഗങ്ങള്‍ അവരുടെ സ്വത്വത്തിനു വേണ്ടിയുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ തുടങ്ങാം. ഭാഷാ, സാംസ്‌കാരിക ന്യൂനപക്ഷങ്ങളും ഇതേ നിലയില്‍ പ്രവര്‍ത്തിച്ചേക്കാം. ഈ സ്ഥിതി ചൈനയുള്‍പ്പടെയുള്ള സാമ്രാജ്യത്വ ശക്തികള്‍ക്ക് ഏറ്റവും അനുഗുണമാവുമെന്നതിനാല്‍ അവരും ഈ കളിയില്‍ തിരശ്ശീലക്കു പിന്നിലെ സൂത്രധാരകന്മാരാണ്.

അതു കൊണ്ട് തന്നെ ഇന്ത്യ നില നില്‍ക്കണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായകമായ തെരഞ്ഞെടുപ്പായിരിക്കും 2024 ലെ തെരഞ്ഞെടുപ്പ്. ഇന്ത്യയിലെ ജനങ്ങള്‍ ഇച്ഛിക്കുന്നതു പോലെ സാമ്പത്തികവും, സാമൂഹികവും ലിംഗ പരവും പാരിസ്ഥീതികവുമായ നീതി പ്രദാനം ചെയ്യാന്‍ ബി.ജെ.പിയേതര പാര്‍ടികള്‍ക്ക് കഴിയുമെന്ന വിശ്വസം അസ്ഥാനത്താണെങ്കിലും രാഷ്ട്രത്തിന്റെയും അല്പമായതാണെങ്കിലും നിലവിലുള്ള ജനാധിപത്യ വ്യവസ്ഥയുടെ നിലനില്പും ചോദ്യം ചെയ്യപ്പെടുന്ന ഒരു ഘട്ടത്തില്‍ വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാഷ്ട്രത്തിന്റെ വിശാല താല്പര്യം മുന്‍നിര്‍ത്തി ഒരു തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിന് പ്രതിപക്ഷ കക്ഷികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അവരെ ആ ഉത്തരവാദിത്തത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം ജനങ്ങള്‍ക്കും. 2024 ലെ തെരഞ്ഞെടുപ്പിന് രാജ്യത്തിന്റെ വിശാല താല്പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷ കക്ഷികള്‍ പ്രവര്‍ത്തിക്കണം. 1967ല്‍ കോണ്‍ഗ്രസ്സിന്റെ അധികാര കുത്തക തകര്‍ക്കുന്നതിനും 1977 ല്‍ അടിയന്തിരാവസ്ഥക്ക് എതിരെയും ഉയര്‍ന്നതുപോലുള്ള ഒരു വിശാല സഖ്യത്തിന് സമയമായിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് അതിലെ സ്വാഭാവികമായ അംഗവുമായിരിക്കണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരിഗണിക്കാവുന്ന ചില നിര്‍ദ്ദേശങ്ങള്‍:

1.പ്രധാനമന്ത്രി സ്ഥാനത്തേക്ക് പൊതുസമ്മതനും ആദിവാസി, ദലിത്, പിന്നാക്ക ,ന്യൂനപക്ഷ, സ്ത്രീ വിഭാഗങ്ങളില്‍ നിന്നുള്ളയാളെ ഉയര്‍ത്തിക്കാട്ടുക.

2. സീറ്റുകള്‍ പങ്കുവെയ്ക്കുമ്പോള്‍ അതിരു കടന്ന അവകാശവാദങ്ങള്‍ ഉന്നയിക്കുകയോ തന്‍ പ്രമാണിത്തത്തിന് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുകയോ ചെയ്യരുത്.

3. കോണ്‍ഗ്രസ്സിന് ആളും സംഘടനയും കൂടുതലുള്ള സ്ഥലങ്ങളില്‍ അവര്‍ക്ക് മുന്‍തൂക്കം കൊടുക്കാം. ഉദാ: രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണാടക.
മറ്റ് പാര്‍ട്ടികള്‍ ശക്തമായ സ്ഥലങ്ങളില്‍ അവര്‍ക്കും. ഉദാ.
യു.പി._ എസ്.പി, ബി.എസ്.പി
ബിഹാര്‍ – RJD, നിതീഷ് കുമാര്‍
ഒഡീശ – ബി.ജെ.ഡി
ബംഗാള്‍ – തൃണമൂല്‍
ജമ്മു കാശ്മീര്‍ – മെഹബൂബ
ഡല്‍ഹി, പഞ്ചാബ്- AAP
ഇവിടങ്ങളില്‍ കോണ്‍ഗ്രസ്സ് ചുരുങ്ങിയ ഇടങ്ങളില്‍ മാത്രം മത്സരിക്കുക. ഈ വിശാല സഖ്യത്തിലെ ജൂനിയര്‍ പാര്‍ട്ണറായി നില്‍ക്കാന്‍ കോണ്‍ഗ്രസ്സ് സന്നദ്ധമാവുക എന്നതും ഓരോ സംസ്ഥാനത്തിലും ബി.ജെ.പിയെ പുറതള്ളുവാന്‍ അനുയോജ്യമായ സഖ്യങ്ങള്‍ രൂപപ്പെടുത്തുക എന്നതുമാണ് പ്രധാനം.

4. മറ്റ് സിവില്‍ ഗ്രൂപ്പുകളിലെ പ്രമുഖരായവര്‍ക്കും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരുമായ ചെറു പാര്‍ട്ടികള്‍ക്കും സാഹചര്യങ്ങള്‍ക്കനുസരിച്ച് സീറ്റ് നല്‍കുക. രാഷ്ട്രീയ പാര്‍ടികളുടെ മാത്രം സഖ്യമെന്നതിനു പകരം മൊത്തം ജനങ്ങളുടെ സഖ്യമായിരിക്കണം ഉണ്ടാകേണ്ടത്.

5. കോര്‍പ്പറേറ്റ്, ആഗോളീകരണ നയങ്ങള്‍ പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിക്കണം.

6. പൊതു മിനിമം പരിപാടിയും സഖ്യ കക്ഷികള്‍ അടങ്ങുന്ന സ്റ്റിയറിംഗ് കമ്മറ്റിയും രൂപീകരിക്കുക.

7. ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും അവരെ കേള്‍ക്കുകയും ചെയ്യുക.

8. തെരഞ്ഞെടുപ്പ് മത്സരത്തെ പണക്കൊഴുപ്പിന്റെ മേളയാക്കില്ലെന്ന് തീരുമാനിക്കുക. ഏറ്റവും കുറഞ്ഞ ചെലവില്‍ ജനപങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുക.

9. ജാതി നശീകരണത്തിനും ബ്രാഹ്മണിക മേല്‍ക്കോയ്മക്കെതിരെ ആദിവാസി, ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയശക്തിയെ വളര്‍ത്തുക.

10. ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനുള്ള പരിപാടികള്‍ ഇപ്പോള്‍ തന്നെ പാര്‍ടികള്‍ ഒറ്റക്കെട്ടായി ആരംഭിക്കണം.

11. ഭരണഘടനാ മൂല്യങ്ങളും ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങളും പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുക.

2024 ലെ തെരഞ്ഞെടുപ്പ് അവസാനത്തെ ബസ്സാണെന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമല്ല എന്നതും എല്ലാവരും ഓര്‍ക്കണം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply