2014 – നില്‍പ്പും ചുംബനവും

2014ന്റെ കണക്കെടുപ്പുകളാണല്ലോ എങ്ങും. കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെ ഒരു കണക്കെടുത്താല്‍ പൊതുവില്‍ നിരാശതന്നെ കാണാം. നമ്മുടെ ഭരണകൂടവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത – സാമൂദായിക – സാംസ്‌കാരിക സംഘടനകളും എഴുത്തുകാരുമെല്ലാം ജനങ്ങളില്‍ നിന്നകലുക തന്നെയാണ്‌. അതേസമയം പോയ വര്‍ഷത്തെ ചരിത്രത്തിലടയാളപ്പെടു്‌തതുന്നത്‌ ഏറ്റവും സര്‍ഗ്ഗാത്മകമായവ രണ്ടു പോരാട്ടങ്ങളാണെന്നു കാണാം. നില്‍പ്പുസമരവും ചുംബനസമരവും. മദ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ മറ്റൊരു തലത്തില്‍ ശ്രദ്ധേയമായവ തന്നെ. വോട്ടുബാങ്കല്ലാത്തതിനാലും സംഘടിതരല്ലാത്തതിനാലും മാത്രം എന്നും അവഗണനയും പീഡനങ്ങളും ചൂഷണവും മാത്രം നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ ആദിവാസികളുടെ സമരചരിത്രത്തിലെ പ്രധാന […]

20142014ന്റെ കണക്കെടുപ്പുകളാണല്ലോ എങ്ങും. കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെ ഒരു കണക്കെടുത്താല്‍ പൊതുവില്‍ നിരാശതന്നെ കാണാം. നമ്മുടെ ഭരണകൂടവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത – സാമൂദായിക – സാംസ്‌കാരിക സംഘടനകളും എഴുത്തുകാരുമെല്ലാം ജനങ്ങളില്‍ നിന്നകലുക തന്നെയാണ്‌. അതേസമയം പോയ വര്‍ഷത്തെ ചരിത്രത്തിലടയാളപ്പെടു്‌തതുന്നത്‌ ഏറ്റവും സര്‍ഗ്ഗാത്മകമായവ രണ്ടു പോരാട്ടങ്ങളാണെന്നു കാണാം. നില്‍പ്പുസമരവും ചുംബനസമരവും. മദ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ മറ്റൊരു തലത്തില്‍ ശ്രദ്ധേയമായവ തന്നെ.
വോട്ടുബാങ്കല്ലാത്തതിനാലും സംഘടിതരല്ലാത്തതിനാലും മാത്രം എന്നും അവഗണനയും പീഡനങ്ങളും ചൂഷണവും മാത്രം നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ ആദിവാസികളുടെ സമരചരിത്രത്തിലെ പ്രധാന അധ്യായമായി 2014ലെ നില്‍പ്പു സമരത്തെ ചരിത്രം വിശേഷിപ്പിക്കുമെന്നതില്‍ സംശയം വേണ്ട. സി കെ ജാനുവിലൂടെ സ്വന്തമായ നേതൃത്വം കണ്ടെത്തിയ ആദിവാസികള്‍ വര്‍ഷങ്ങള്‍ക്കുമുമ്പു നടത്തിയ കുടില്‍കെട്ടി സമരത്തില്‍ അംഗീകരിക്കപ്പെട്ടവ തന്നെയായിരുന്നു നില്‍പ്പുസമരത്തിലേയും ആവശ്യങ്ങള്‍ മിക്കതും എന്നതില്‍ നിന്നു തന്നെ മാറിമാറി വന്ന സര്‍ക്കാരുകള്‍ ഇവരോടെടുത്ത സമീപനം വ്യക്തം. അതിനിടയില്‍ മുത്തങ്ങയും ആറളവുമെല്ലാം നടന്നു. ആദിവാസി സമരങ്ങളില്‍ നിന്നു ഊര്‍ജ്ജമുള്‍ക്കൊണ്ട്‌ ദളിത്‌ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ചങ്ങറയും അരിപ്പയും മറ്റും മറ്റും. സിപിഎം പോലുള്ള പാര്‍ട്ടികള്‍ ഇരുമേഖലകളിലും സംഘടനകളുമായി രംഗത്തെത്തി. കുറെ ആദിവാസികള്‍ക്ക്‌ അല്‍പ്പസ്വല്‍പ്പം ഭൂമി ലഭിച്ചെങ്കിലും അടിസ്ഥാനപരമായ വിഷയങ്ങളില്‍ കാര്യമായ മാറ്റം വരാതിരുന്നതിനാലായിരുന്നു നില്‍പ്പുസമരം അരങ്ങേറിയത്‌. രാഷ്ട്രീയപാര്‍ട്ടികളില്‍നിന്ന്‌ പിന്തുണയൊന്നും ലഭിക്കാതെ മുന്നോട്ടുപോയ സമരം കൂടുതല്‍ പിന്തുണയാര്‍ജ്ജിച്ചത്‌ മലയാളികളില്‍ ഇനിയും നീതിബോധം നശിച്ചിട്ടില്ലെന്നതിനു തെളിവായി. ആദിവാസികള്‍ക്ക്‌ ഭരണഘടന അനുശാസിക്കുന്ന പെസ നിയമം നടപ്പാക്കുമെന്ന ഏറ്റവംു പ്രധാനപ്പെട്ട തീരുമാനവുമായാണ്‌ സമരമവസാനിച്ചത്‌ എന്നതാണ്‌ ഏറ്റവും ശ്രദ്ധേയം.
കേരളത്തില്‍ പ്രതീക്ഷയര്‍പ്പിക്കാവുന്നത്‌ യുവതലമുറയില്‍ മാത്രമാണെന്നതിന്റെ ഉറച്ച പ്രഖ്യാപനമായിരുന്നു ചുംബനസമരം. കേരളം നേരിടുന്ന ഏറ്റവും വലിയ ഫാസിസ്റ്റ്‌ വെല്ലുവിളിയായ സദാചാരപോലീസിനെ ഇതിലും സര്‍ഗ്ഗാത്മകമായി എങ്ങനെ പ്രതിരോധിക്കാം. ഇവിടേയും സംഘടിത പ്രസ്ഥാനങ്ങലൊന്നും സമരത്തെ പിന്തുണച്ചില്ല. മറുവശത്ത്‌ സദാചാരഭീകരര്‍ കൈയ്യൂക്കുകൊണ്ട്‌ സമാധാനപരമായി നടന്ന സമരത്തെ നേരിട്ടപ്പോള്‍ പോലീസും അവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. എന്നാല്‍ യുവതലമുറ മുന്നോട്ടാുതന്നെ. സോഷ്യല്‍ മീഡിയയുടെ ഇടപെടലാണ്‌ ഈ പോരാട്ടത്തെ അവിസ്‌മരണീയമാക്കുന്ന മറ്റൊരു ഘടകം.
ഇതിനിടയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടാവുന്നതാണ്‌ കേരളത്തില്‍ ഈ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട മാവോയിസ്‌റ്റ്‌ സാന്നിധ്യം. ഇപ്പോഴത്‌ സായുധസമരമെന്ന്‌ അവര്‍ വിശേഷിപ്പിക്കു്‌നന അക്രമങ്ങളിലേക്ക്‌ തിരിഞ്ഞിരിക്കുന്നു. മാവോയിസ്‌റ്റുകള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ശരിയല്ലെന്ന്‌ ആരും പറയുമെന്ന്‌ തോന്നുന്നില്ല. എന്നാല്‍ ജനാധിപത്യത്തില്‍ പൂര്‍ണ്ണമായും വിശ്വാസം നശിക്കാത്തവര്‍ക്ക്‌ അവരുടെ സായുധസമരപാത അംഗീകരിക്കാനാവില്ല. മാത്രമല്ല, സ്വന്തമായ സമരങ്ങളോ മുന്നേറ്റങ്ങളോ ഉണ്ടാക്കാതെ ജനകീയ സമരങ്ങളിലാണ്‌ അവരിടപെടുന്നത്‌. തീര്‍ച്ചയായും ഈ പോരാട്ടങ്ങളെ തകര്‍ക്കാനേ അവ സഹായിക്കൂ എന്നു സംശയമില്ല. അതേസമയം മാവോയിസത്തിന്റെ പേരുപറഞ്ഞ്‌ ജനകീയപോരാട്ടങ്ങളെ തകര്‍ക്കാനുള്ള നീക്കവും വര്‍ഷാവസാനത്തോടെ ശക്തമായെന്നു കാണാം.
കേരളത്തില്‍ എടുത്തുപറയാവുന്ന മറ്റൊന്ന്‌ മദ്യം തന്നെ. മദ്യനിരോധനമെന്ന അപ്രായോഗിക പ്രഖ്യാപനങ്ങളൊക്കെ മാറ്റിവെക്കാമെങ്കിലും മദ്യവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന അതിശക്തമായ മുന്നണിയെ പകല്‍പോലെ പ്രകടമാക്കാന്‍ വി എം സുധീരന്‍ കൊളുത്തിയ തിരിക്കു കഴിഞ്ഞു. ആരാണ്‌ നമ്മുടെ ഭരണകൂടത്തെ നിയന്ത്രിക്കുന്നതെന്നും വ്യക്തമായി. നേരത്തെ അമൃതാനന്ദമയി മഠത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടും പ്രബുദ്ധകേരളത്തിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന്‌ വ്യക്തമായിരുന്നു.
അഖിലേന്ത്യാതലത്തില്‍ പോയ വര്‍ഷം നരേന്ദ്രമോദിയുടേതുതന്നെ. മോദിക്കുമുന്നില്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും ആം ആദ്‌മിയും ജനതാപരിവാറുകളുമൊക്കെ തകര്‍ന്നടിഞ്ഞു. അതേസമയം അധികാരത്തിലെത്തിയിട്ടും വര്‍ഗ്ഗീയ അജണ്ടയുമായാണ്‌ സംഘപരിവാര്‍ മുന്നോട്ടുപോകുന്നതെന്ന്‌ വ്യക്തം. മതപരിവര്‍ത്തനത്തെ നേരിടാന്‍ വീട്ടിലേക്കു മടങ്ങല്‍, ലൗ ജിഹാദിനെ നേരിടാന്‍ മരുമകളെ കൊണ്ടുവരല്‍ തുടങ്ങിയ പദ്ധതികാളാണ്‌ വര്‍ഷാവസാനം അവര്‍ നടപ്പാക്കുന്നത്‌. കേരളമടക്കം അവര്‍ തങ്ങളുടെ പ്രധാന പ്രവര്‍ത്തനരംഗമാക്കി എന്നത്‌ ചെറിയ കാര്യമല്ല. സംഘപരിവാര്‍ അജണ്ടയെ തടയാന്‍ കെല്‍പ്പുള്ള ശക്തികളൊന്നും ഇന്നില്ല എന്നതാണ്‌ ആശങ്കപ്പെടുത്തുന്നത്‌. വിപി സിംഗ്‌ കെട്ടഴിച്ചുവിട്ടപൊലൊരു ഭൂതത്തിനു മാത്രമേ ഇനി സംഘപരിവാര്‍ ശക്തികളെ നേരിടാനാവൂ. പഴയ ജനതാപരിവാര്‍ ശക്തികളുടെ ഒന്നിക്കാനുള്ള ശ്രമത്തില്‍ പ്രതീക്ഷയര്‍പ്പിക്കാം.
ആഗോളതലത്തില്‍ കടന്നുപോയത്‌ നിരാശയുടെ വര്‍ഷം തന്നെ. ആഗോളഭീകരരായ ഇസ്രായേല്‍ പാലസ്റ്റീനില്‍ നടത്തിയ കൂട്ടക്കൊല നല്‍കുന്ന സൂചന പ്രതീക്ഷക്കു വക നല്‍കുന്നില്ല. മറുവശത്ത്‌ ഐസിസ്‌, താലിബാന്‍ പോലുള്ള സംഘടനകള്‍ സ്‌ത്രീകളെ അടിമകളാക്കിയും മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതകള്‍ ചെയ്‌തും കുട്ടികളെ പോലും കൊന്നൊടുക്കുകയും ചെയ്‌ത്‌ ആരോടാണ്‌ പോരാടുന്നതെന്ന്‌ മനസ്സിലാകുന്നില്ല. പോയ വര്‍ഷങ്ങളില്‍,പശ്ചമിമേഷ്യയിലുണ്ടായ ജനാധിപത്യപ്രസ്ഥാനങ്ങളുടെ തളര്‍ച്ചയും സമ്മാനിക്കുന്നത്‌ നിരാശമാത്രം. തടവുകാരെ അതിക്രൂരമായി പീഡിപ്പിച്ചും കറുത്തവരോട്‌ വിവേചനം നിലനിര്‍ത്തിയും ഇസ്രായേലിനൊപ്പം നിന്നും അമേരിക്ക തങ്ങളുടെ പ്രഖ്യാപിത സംസ്‌കാരത്തിന്റെ തനിനിറം വ്യക്തമാക്കി. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തെ ഒരിക്കല്‍ കൂടി രാഷ്ട്രീയമായി ഉപയോഗിച്ചു എന്ന വിമര്‍ശനം ശക്തമായി. അതേസമയം വര്‍ഷാവസാനത്തില്‍ ക്യൂബയുമായുള്ള ബന്ധം പുനസ്ഥാപിച്ച്‌ കയ്യടി വാങ്ങാനും ഒബാമ ശ്രമിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply