ഹൈസ്‌കൂള്‍ അധ്യാപകന്റെ ലൈംഗികപീഡനം : യാഥാര്‍ത്ഥ്യമിങ്ങനെ

അധ്യാപകന്‍ നടത്തിയ ലൈംഗികപീഡത്തിനെതിരെ പ്രതികരിച്ച അധ്യാപിക ചുംബനകൂട്ടായ്‌മയില്‍ പങ്കെടുത്തതിന്റെ പേരില്‍ പുറക്കാനുള്ള ശ്രമം ശക്തമാകുമ്പോള്‍ യാഥാര്‍ത്ഥ്യമെന്തന്ന്‌ വിശദീകരിക്കുന്നു പയ്യന്നൂരിലെ നീതിക്കായുള്ള കൂട്ടായ്‌മക്കുവേണ്ടി കെ പി വിനോദ്‌കുമാര്‍ ഹൈസ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയെ കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപകന്‍ എ. അനില്‍കുമാര്‍ ലൈംഗികമായി പീഢിപ്പിച്ച സംഭവത്തിന്റെ ഗൗരവം കുറിച്ചുകാട്ടാന്‍ ആസൂത്രിതമായ നുണക്കഥകള്‍ നാട്ടില്‍ പ്രചരിപ്പിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചുവരികയാണ്‌. അങ്ങിനെയൊരു സംഭവമേ നടന്നിട്ടില്ലെന്നും സ്‌കൂളിനെ തകര്‍ക്കാന്‍ ഒരധ്യാപിക നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ്‌ പ്രചരണത്തിന്റെ ഉള്ളടക്കം. നിയമനടപടി നേരിടുന്ന അനില്‍കുമാറിനെ സ്‌കൂളില്‍ […]

sulpathഅധ്യാപകന്‍ നടത്തിയ ലൈംഗികപീഡത്തിനെതിരെ പ്രതികരിച്ച അധ്യാപിക ചുംബനകൂട്ടായ്‌മയില്‍ പങ്കെടുത്തതിന്റെ പേരില്‍ പുറക്കാനുള്ള ശ്രമം ശക്തമാകുമ്പോള്‍ യാഥാര്‍ത്ഥ്യമെന്തന്ന്‌ വിശദീകരിക്കുന്നു പയ്യന്നൂരിലെ നീതിക്കായുള്ള കൂട്ടായ്‌മക്കുവേണ്ടി കെ പി വിനോദ്‌കുമാര്‍

ഹൈസ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയെ കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപകന്‍ എ. അനില്‍കുമാര്‍ ലൈംഗികമായി പീഢിപ്പിച്ച സംഭവത്തിന്റെ ഗൗരവം കുറിച്ചുകാട്ടാന്‍ ആസൂത്രിതമായ നുണക്കഥകള്‍ നാട്ടില്‍ പ്രചരിപ്പിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചുവരികയാണ്‌. അങ്ങിനെയൊരു സംഭവമേ നടന്നിട്ടില്ലെന്നും സ്‌കൂളിനെ തകര്‍ക്കാന്‍ ഒരധ്യാപിക നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ്‌ പ്രചരണത്തിന്റെ ഉള്ളടക്കം. നിയമനടപടി നേരിടുന്ന അനില്‍കുമാറിനെ സ്‌കൂളില്‍ നിന്നും രക്ഷപ്പെടുത്തി സ്ഥലമാറ്റം തരപ്പെടുത്തി മറ്റൊരു സ്‌കൂളില്‍ ജോലിയില്‍ പ്രവേശിപ്പിക്കാനും പിന്നീട്‌ ഒളിവില്‍ പോകാനും സഹായിച്ചവര്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരു പാവം ദളിത്‌ പെണ്‍കുട്ടിയുടെ അപമാനത്തേയും വിശ്വാസതേയും ചോദ്യം ചെയ്യുന്ന നുണപ്രചാരമായി വ്യാപിച്ചുവരികയാണ്‌.
ഒന്നിലധികം തവണ ലൈംഗികമായി ശല്യം ചെയ്യുകയും ഒരു ദിവസം സ്‌കൂള്‍ വിട്ടതിനുശേഷം മറ്റൊരും സ്റ്റാഫ്‌ റൂമിലില്ലാത്ത സമയത്ത്‌ പഠനാവശ്യത്തിനായുള്ള നോട്ടുകള്‍ നല്‍കാന്‍ എന്ന വ്യാജേന വിളിപ്പിച്ച്‌ ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്ന്‌ പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്‌. അധ്യാപകന്റെ ലൈംഗിക ഉപദ്രവത്തെ ചെറുത്തു നിന്ന്‌ ഓടി രക്ഷപ്പെട്ട പെണ്‍കുട്ടിയെ സംഭവം പുറത്തു പറയാതിരിക്കാന്‍ അധ്യാപകന്‍ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. അമ്മയേയും പെണ്‍കുട്ടിയേയും കൊല്ലുമെന്നും വീട്‌ കത്തിക്കുമെന്നുമൊക്കെയായിരുന്നു ഭീഷണി. സംഭവം നടന്നതിന്റെ അടുത്ത ദിവസം കുട്ടിയെ ക്ലാസില്‍ വെച്ച്‌ അധ്യാപകന്‍ പല തവണ അടിക്കുകയും ബോധരഹിതയായ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവരികയും ചെയ്‌തു. ഇതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടി സ്‌കൂളില്‍ പോകാതെയായി. ഭീതിയാലും മാനസികപീഢയാലും തളര്‍ന്ന കുട്ടി പലതരം ശാരീരിക അവശതകള്‍ അനുഭവിച്ചപ്പോള്‍ രക്ഷിതാക്കള്‍ ഒന്നിലധികം ഡോക്‌ടര്‍മാരെ കാണിച്ചു, ചികിത്സയിച്ചു. ശാരീരികരോഗമല്ല മാനസീക വിഷമങ്ങളാണ്‌ പ്രശ്‌നമെന്നും തിരിച്ചറിഞ്ഞ ഒരു ഡോക്‌ടര്‍ കുട്ടിയെ സൈക്കോളജിക്കള്‍ കൗണ്‍സിലിങ്ങിന്‌ വിധേയമാക്കാന്‍ നിര്‍ദ്ദേശിച്ചു. രണ്ടാവട്ടം കൗണ്‍സിലിങ്ങിനു വിധേയമായപ്പോഴാണ്‌ പെണ്‍കുട്ടി പീഢന വിവരം ഡോക്‌ടറോട്‌ പറഞ്ഞത്‌. ഡോക്‌ടറില്‍ നിന്നും വിവരമറിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം 2014 സെപ്‌തംബര്‍ 17ന്‌ രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തുകയും ഹെഡ്‌മാസ്റ്റര്‍ക്ക്‌ കുട്ടിയുടെ അമ്മ പരാതി നല്‍കുകയും ചെയ്‌തു.
ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കാനുള്ള 2012 ലെ നിയമപ്രകാരം പരാതി ഹെഡ്‌മാസ്റ്റര്‍ പോലീസ്‌ അറിക്കേണ്ടതായിരുന്നു. എന്നാല്‍ ആരോപണവിധേയനായ അധ്യാപകനെ മറ്റൊരു സ്‌കൂളിലേക്ക്‌ സ്ഥലം മാറ്റി പ്രശ്‌നം ഒതുക്കാനുള്ള ശ്രമമാണ്‌ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്‌. കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറെ സ്വാധീനിച്ച്‌ സ്ഥലം മാറ്റം നടത്തുന്നതിനുള്ള ഇടപെടല്‍ തുടങ്ങി. പരാതിക്കാരിയോട്‌ ഒരന്വേഷണവും നടത്താതെ ആരോപണവിധേയനായ അധ്യാപകന്റെ താല്‍പര്യപ്രകാരം സ്ഥലം മാറ്റത്തിനുള്ള നടപടികളാണ്‌ ഡിഡിഇയും ചെയ്‌തത്‌. നേരത്തെ ട്രാന്‍സ്‌ഫറിന്‌ അപേക്ഷിച്ച മറ്റു രണ്ടു പേര്‍ക്കൊപ്പം പിറ്റേന്ന്‌ തന്നെ സെപ്‌തംബര്‍ 18ന്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അറേജുമെന്റിന്റെ ഭാഗമായ ട്രാന്‍സ്‌ഫര്‍ അനുവദിക്കുകയായിരുന്നു. അധ്യാപകന്‍ ഉച്ചക്കുശേഷം വയക്കര ഹൈസ്‌കളില്‍ ജോലിയില്‍ പ്രവേശിച്ച്‌ കള്ളക്കാരണം കാണിച്ച്‌ അവധിയില്‍ പ്രവേശിക്കുകയും ചെയ്‌തു. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്‌ ലൈനിലോ പോലീസിലോ അറിയിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്‌ സെപ്‌തംബര്‍ 17ന്‌ രാത്രി കുട്ടിയുടെ അമ്മ ചൈല്‍ഡ്‌ ലൈനില്‍ അധികൃതര്‍ കുട്ടിയുടെ വീട്ടിലും സ്‌കൂളിലുമെത്തി അന്വേഷണം നടത്തുകയും പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്‌തു. കേസ്‌ രജിസ്‌ട്രര്‍ ചെയ്‌ത പോലീസ്‌ അറസ്റ്റ്‌ ചെയ്യാനെത്തുമ്പോഴേക്കും ലീവെടുത്ത്‌ ഒളിവില്‍ പോകാന്‍ അധ്യാപകന്‌ സാധിച്ചു. ഒളിവില്‍ പോയ അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്റ്‌ ചെയ്യാന്‍ പോലും ഡിഡിഇ തയ്യാറായില്ല. തുടര്‍ന്ന്‌ കുട്ടിയുടെ അമ്മ ഡിവൈഎസ്‌പിയെ സമാപിക്കുകയും ഡിവൈഎസ്‌പി ആവശ്യപ്പെട്ടതനുസരിച്ച്‌ അഞ്ചാം ദിവസം അധ്യാപകനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ്‌ ചെയ്യാന്‍ ഡിഡിഇ നിര്‍ബന്ധിതനാവുകയും ചെയ്‌തു.
സ്‌കൂള്‍ സ്റ്റാഫ്‌ കൗണ്‍സിലും, പിടിഎ എക്‌സിക്യൂട്ടീവും പിടിഎ ജനറല്‍ ബോഡിയുമൊക്കെ അധ്യാപകന്‌ നല്‍കിയ വലിയ ശിക്ഷയായി സ്ഥലം മാറ്റത്തെ വ്യാഖ്യാനിക്കുകയാണ്‌ ചെയ്യുന്നത്‌. സെപ്‌തംബര്‍ 17ന്‌ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂളില്‍ പരാതി നല്‍കാന്‍ എത്തുമ്പോള്‍ അധ്യാപകന്‍ സ്‌കൂളില്‍ ഉണ്ടായിരുന്നു. പിറ്റേ ദിവസം ഉച്ചയ്‌ക്ക്‌ സ്ഥലം മാറ്റ ഉത്തരവിനെ തുടര്‍ന്ന്‌ റിലീവിംഗ്‌ ഓര്‍ഡര്‍ വാങ്ങാന്‍ അധ്യാപകര്‍ സ്‌കൂളില്‍ എത്തിയിരുന്നു. അന്ന്‌ രാവിലെ ചൈല്‍ഡ്‌ ലൈന്‍ അധികൃതര്‍ കാര്യത്തിന്റെ ഗൗരവ്വം ഹെഡ്‌മാസ്റ്ററെ നേരിട്ട്‌ ബോധിപ്പിച്ചുരുന്നു. പരാതി ലഭിച്ച സെപ്‌തംബര്‍ 17ന്‌ ചേരുന്ന സ്‌കൂള്‍ സ്റ്റാഫ്‌ കൗണ്‍സിലിലും ലൈംഗിക പീഡനത്തിന്റെ ഗൗരവസ്വഭാവവും ചൈല്‍ഡ്‌ ലൈനിലോ പോലീസിലോ അറിയിക്കേണ്ട ബാധ്യതയും ഒരധ്യാപിക ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികള്‍ക്കെതിരായലൈംഗീക പീഢനം പെരുകുന്ന പശ്ചാത്തലത്തില്‍, ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയും ചൈല്‍ഡ്‌ ലൈനും വിദ്യാഭ്യാസ വകുപ്പുമൊക്കെ ഈ വിഷയത്തില്‍ സ്ഥാപന മേധാവികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ അറിവില്ലായ്‌മയുടെ അനുകൂല്യം പോലും വിദ്യാലയാധികൃതര്‍ക്ക്‌ ലഭിക്കില്ല. വിദ്യാര്‍ത്ഥിയെ ലൈംഗിക പീഢനത്തിനിരയാക്കിയ അധ്യാപകനെ തടഞ്ഞുവെക്കാനോ പോലീസിലേല്‍പ്പിക്കാനോ തയ്യാറാകാതെ പുതിയ സ്‌കൂളില്‍ ചെന്ന ചാര്‍ജെടുക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയാണ്‌ വിദ്യാലയാധികൃതര്‍ ചെയ്‌തത്‌. സ്‌കൂളില്‍ വരാനും സുഖകരമായി സ്ഥലം മാറ്റ ഉത്തരവും റിലീവിംഗ്‌ ഓര്‍ഡറും വാങ്ങി മറ്റൊരു സ്‌കൂളില്‍ പോയി ജോലിയില്‍ പ്രവേശിക്കാനും ഒരു പീഡകന്‌ മറ്റെവിടെയെങ്കിലും സാധിക്കുമോ? ഏഴു കൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്‌ത ഒരാളെ രക്ഷപ്പെടുത്താനല്ലെങ്കില്‍ പിന്നെ എന്തിനാണ്‌ വിദ്യാലയാധികൃതര്‍ ഇങ്ങനെയൊക്കെ ചെയ്‌തത്‌? പെണ്‍കുട്ടിയുടെ പക്ഷത്തുനിന്നുകൊണ്ട്‌ നിയമനടപടികള്‍ക്കായി വാദിച്ച അധ്യാപികയെ ഒറ്റപ്പെടുത്താനും മാനസികമായി പീഡിപ്പിക്കാനുമാണ്‌ വിദ്യാലയാധികൃതര്‍ പിന്നീട്‌ ശ്രമിച്ചത്‌. മിത്രങ്ങളാല്‍ ഒറ്റപ്പെടുത്തപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്‌ത ആ അധ്യാപിക ഇപ്പോള്‍ ദീര്‍ഘ അവധിയിലാണ്‌.
പെണ്‍കുട്ടിക്ക്‌ എതിരായ പീഡനത്തിന്റെ പേരില്‍ അധ്യാപകനെതിരെ പോലീസ്‌ കേസ്‌ ചാര്‍ജ്‌ ചെയ്‌തതിനുശേഷവും പിടിഎ ജനറല്‍ ബോഡില്‍ പീഢനത്തിനിരയായ കുട്ടിയുടെ പേര്‌ മൈക്കിലൂടെ വിളിച്ചുപറയുന്ന അങ്ങറ്റം ഹീനവും നിയമവിരുദ്ധവുമായ നടപടിയാണ്‌ സീനിയര്‍ അസിസ്റ്റന്റായ അധ്യാപികയില്‍ നിന്നുണ്ടായത്‌. പെണ്‍കുട്ടിയെ സഹായിച്ച അധ്യാപിക സ്‌കൂളിനെ തകര്‍ക്കാനായി കരുതികൂട്ടിയുണ്ടാക്കിയതാണ്‌ മാധ്യമവാര്‍ത്തകള്‍ക്ക്‌ എന്ന ആരോപണവും ചിലര്‍ ഉന്നയിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി സ്‌കൂളിനെ തകര്‍ക്കാന്‍ ഈ അധ്യാപകി തകര്‍ക്കാന്‍ ഈ അധ്യാപിക ശ്രമിക്കുന്നതിനെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന്‌ പിടിഎ ജനറല്‍ ബോഡില്‍ ഹെഡ്‌മാസ്റ്റര്‍ വിളിച്ചുപറയുക പോലും ചെയ്‌തു. സ്‌കൂളിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരാധ്യാപികയെ കഴിഞ്ഞ വര്‍ഷം സ്‌കൂളിലെ ഉന്നത സമിതിയായ പിടിഎ എക്‌സിക്യൂട്ടീവില്‍ ഏകകണ്‌ഠമായി ഉള്‍പ്പെടുത്തിയതെന്തിനാണെന്ന ചോദ്യം അപ്പോഴിം ബാക്കിയാവുന്നു. ലൈംഗിക പീഡനത്തെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരുടെ കൂടെ നില്‍ക്കാന്‍ തയ്യാറാവാത്ത ഒരു കൂട്ടം അമ്മമാര്‍ പിടിഎ യോഗത്തില്‍ ഉണ്ടായതുകൊണ്ടാണ്‌ അധ്യാപികക്കെതിരായ നീക്കങ്ങള്‍ വിലപ്പോവാതായത്‌.
ചെറുതാഴത്തിനു സമീപമുള്ള 2 സ്‌കൂളുകളിലെ കുട്ടികള്‍ പീഢനത്തിനിരയായപ്പോള്‍ വിദ്യാലയാധികൃതര്‍ തന്നെ ചൈല്‍ഡ്‌ ലൈനില്‍ വിവരമറിയിച്ച്‌ പ്രതികളെ അറസ്റ്റ്‌ ചെയ്യിച്ച സംഭവമുണ്ടായിട്ടുണ്ട്‌. പത്രങ്ങളില്‍ നാലുവരി വാര്‍ത്ത മാത്രമായി ആ സംഭവങ്ങള്‍ ഒതുങ്ങി. എന്നാല്‍ ചെറുതാഴത്ത്‌ സംഭവിച്ചത്‌ തിരിച്ചാണ്‌. അധ്യാപകനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്‌ ഹെഡ്‌മാസ്റ്ററില്‍ നിന്നും ചില സഹപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായത്‌. അതുകൊണ്ടാണ്‌ സംഭവം മാധ്യമ വാര്‍ത്തകളില്‍ ഇടം പിടിച്ചത്‌. ശരിയായ രീതിയില്‍ ഇടപ്പെട്ട്‌ നിയമനടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ ` വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച `അധ്യാപകനറസ്റ്റില്‍’ എന്നൊരു ഒരു ചെറിയ വാര്‍ത്തയില്‍ ഒതുങ്ങുമായിരുന്ന സംഭവത്തെ വലിയ വാര്‍ത്തയാക്കി മാറ്റിയത്‌ വിദ്യാലയാധികൃതരുടേയും ഡെപ്യൂട്ടി ഡയറക്‌ടറുടേയും അനീതി നിറഞ്ഞ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്‌ . നേരത്തെ പ്രവര്‍ത്തിച്ച വിദ്യാലയത്തിലും ഇതേ സ്‌കൂളിലും ഇതിനുമുമ്പും ഇത്തരം കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട ആളാണ്‌ അനില്‍കുമാര്‍ എന്ന വസ്‌തുത ഇവരുടെയൊക്കെ കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ലൈംഗിക പീഡനത്തിനിരയായതിന്റെ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ രണ്ട്‌ മാസക്കാലത്തോളം വിദ്യാഭ്യാസം മുടങ്ങി പെണ്‍കുട്ടി മറ്റൊരു വിദ്യാലയത്തിലേക്ക്‌ ടിസി വാങ്ങി പോയി പഠനം പുനരാരംഭിച്ചതിനുശേഷമാണ്‌ ഒക്‌ടോബര്‍ 8ന്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം സ്‌കൂളിലും കുട്ടിയുടെ വീട്ടിലുമെത്തിയത്‌. സെപ്‌തംബര്‍ 17ന്‌ നല്‍കിയ പരാതിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഇവര്‍ വരുന്നത്‌ കൃത്യം 22 ദിവസത്തിനുശേഷമാണ്‌. വീട്ടില്‍ എത്തിയ സംഘം കുട്ടിയെ തിരിച്ചും മറിച്ചും ചോദ്യം ചെയ്‌തു. കളവ്‌ പറയരുതെന്നും സത്യം മാത്രം പറയണമെന്നും ഭീഷണിപ്പെടുത്തി. പീഡനത്തിനിരയായി ഭയന്നു കഴിയുന്ന കുട്ടിയുടെ വീടിന്റെ അടുക്കള വരെയുള്ള ഈ ചോദ്യം ചെയ്യലില്‍ മനസ്സ്‌ തളര്‍ന്ന കുട്ടി ഇപ്പോള്‍ സ്‌കൂളില്‍ പോകാതെ വീട്ടില്‍ തളര്‍ന്നിരിക്കുകയാണ്‌
ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കാനുള്ള 2012 നിയമപ്രകാരം സംരക്ഷണച്ചുമതലയുള്ള സ്ഥാനത്തിനിരിക്കുന്ന അധ്യാപകരെ പോലെയുള്ളവര്‍ നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉടന്‍ പോലീസില്‍ അറിയിച്ചില്ലെങ്കില്‍ സ്ഥാപന മേധാവിക്ക്‌ 1 വര്‍ഷക്കാലം തടവും പിഴയും ലഭിക്കുന്ന കുര്‌റകൃത്യമായാണ്‌ അത്‌ പരിഗണിക്കപ്പെടുക. കുറ്റകൃത്യത്തിനു സഹായം നല്‍കുന്നതിന്‌ തുല്യയാണത്‌. കുറ്റാരോപിതനെ നിയമനടപടികളില്‍ നിന്നും രക്ഷപ്പെടുത്താനായി പദവി ദുരുപയോഗപ്പെടുത്തി ഒറ്റ ദിവസം കൊണ്ട്‌ സ്ഥലം മാറ്റം സംഘടിപ്പിച്ചുകൊടുത്ത ഡിഡിഇയും ഹെഡ്‌മാസ്റ്ററുമൊക്കെ അക്ഷന്തവ്യമായ അപരാധമാണ്‌. എന്നാല്‍ പരാതിക്കാരിയോട്‌ അന്വേഷണം പോലും നടത്താതെ പെട്ടെന്ന്‌ സംഘടിപ്പിച്ചുകൊടുത്ത സ്ഥലം മാറ്റാതെ ഒരു ശിക്ഷ്യയാണ്‌ ചിലര്‍ വ്യാഖ്യാനിക്കുന്നത്‌.
കുട്ടികള്‍ക്ക്‌ നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കേരളത്തില്‍ പെരുകി വരികയാണ്‌. കുടുംബത്തിന്റെയും കുലത്തിന്റെയും വിദ്യാലത്തിന്റെയുമൊക്കെ അഭിമാനം പോകുമെന്ന്‌ പറഞ്ഞ്‌ കുറ്റകൃത്യങ്ങള്‍ മൂടിവെക്കപ്പെടുമ്പോള്‍, വെളിച്ചത്ത്‌ വരാതെ പോകുന്ന കുറ്റവാളികള്‍ക്ക്‌ കൃത്യങ്ങള്‍ ആവര്‍ത്തിക്കാനുള്ള സഹായമാണ്‌ നാം അറിയാതെ ചെയ്‌ത്‌ കൊടുക്കുന്നത്‌. കുടുംബത്തിലും വിദ്യാലയത്തിനുമാണ്‌ കുട്ടികള്‍ക്ക്‌ നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഏറെയും സംഭവിക്കുന്നത്‌ എന്നത്‌ പ്രശ്‌നത്തിന്റെ ഗൗരവ സ്വഭാവം വര്‍ദ്ധിപ്പിക്കുന്നു. കുറ്റകൃത്യം മൂടിവെച്ചും മധ്യസ്ഥം പറഞ്ഞ്‌ പരിഹസിച്ചും സംരക്ഷിച്ചു വെയ്‌ക്കുന്ന അഭിമാനം കൊണ്ട്‌ ആര്‍ക്ക്‌ ആണ്‌ നേട്ടം?. കുടുംബത്തിന്റെ മാനം കാക്കാന്‍ സ്വന്തം പെണ്‍മക്കളെ ചൂട്ടുകൊല്ലാനും തൂക്കിലേറ്റാനും തയ്യാറാകുന്ന `അഭിമാനവധങ്ങള്‍’ കേരളത്തിലും ആവര്‍ത്തിക്കപ്പെടുമോ?
പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക്‌ നിയമനടപടികള്‍കൊണ്ട്‌ എന്താണ്‌ നേട്ടമെന്നും അവര്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ പോലെ നിരന്തരം അപമാനിക്കപ്പെടില്ലേ എന്നും ചോദിക്കുന്ന ചിലരുണ്ട്‌. ലൈംഗിക കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ഭാവിയില്‍ എത്രയോ പെണ്‍കുട്ടികള്‍ പീഡനങ്ങളില്‍ നിന്ന്‌ രക്ഷപ്പെടും. നമ്മുടെ പെണ്‍കുട്ടികള്‍ക്ക്‌ അഭിമാനത്തോടെ നിര്‍ഭയമായി പൊതുഇടങ്ങില്‍ വ്യാപരിക്കാനാകും. വേട്ടക്കാരനെ ഇരുട്ടില്‍ നിര്‍ത്തുകയല്ല, ഇരയാക്കപ്പെട്ടവര്‍ക്ക്‌ മാനസിക പിന്തുണയും ധൈര്യവും പകര്‍ന്നു നല്‍കുകയാണ്‌ നാം ചെയ്യേണ്ടത്‌. സ്വന്തം ശരീരത്തിനേറ്റ പീഢനം ഒരപമാനമല്ലെന്ന്‌ പറഞ്ഞു പഠിപ്പിക്കാന്‍ തയ്യാറാവുകയാണ്‌ വേണ്ടത്‌.
വിദ്യാര്‍ത്ഥികളുടെ അഭിമാനം സംരക്ഷിക്കപ്പെടുകയും സുരക്ഷിതത്വം ഉറപ്പാക്കപ്പെടുകയും ചെയ്യുമ്പോഴാണ്‌ ഒരു വിദ്യാലയത്തിന്റെ അന്തസ്സ്‌ ഉയരുന്നത്‌. ലൈംഗികാതിക്രമം നടത്തിയ അധ്യാപകരെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്‌ത പാരമ്പര്യമുള്ള ഒരു വിദ്യാലയം കുറ്റവാളിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ്‌ സ്‌കൂളിന്റെ അഭിമാനം തകരുന്നത്‌. തന്റെ കുട്ടിക്ക്‌ ലൈംഗികപീഢനാനുഭവമുണ്ടാകുമ്പോള്‍ അതിനെ ചോദ്യം ചെയ്യാനും കുറ്റകൃത്യം ചെയ്യുന്ന ആളെ ശിക്ഷിക്കാനും ആളുണ്ടെന്നറിയുന്ന ഒരു വിദ്യാലയത്തില്‍ കുട്ടികളെ പഠിപ്പിക്കാനാണ്‌ ഏതു രക്ഷാകര്‍ത്താവും ഇഷ്‌ടപ്പെടുക. ഒരു വിദ്യാലയത്തെ അങ്ങിനെ യല്ലാതാക്കി മാറ്റുന്നവര്‍ അതിനെ തകര്‍ക്കുന്നവരാണെന്നതിന്‌ സംശയമേതുമില്ല.
കുറ്റവാളികള്‍ നിയമത്തിനു മുന്നില്‍ എത്താതിരിക്കുന്നത്‌ കുറ്റകൃത്യങ്ങള്‍ പെരുകുവാനാണ്‌ ഇടയാക്കുക. ഇന്ന്‌ ഒരു പെണ്‍കുട്ടിക്ക്‌ സംഭവിച്ചത്‌ നമ്മുടെ ഓരോ കുടുംബത്തിലും ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ നാം ജാഗ്രത പാലിച്ചേ മതിയാകൂ. അതിക്രമത്തിന്‌ ഇരയാകുന്ന ഒരു കുട്ടിയോട്‌ സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും പുലര്‍ത്തുകയെന്ന, കുറ്റക്കാരോട്‌ അവരര്‍ഹിക്കുന്ന രീതിയില്‍ പ്രതികരിക്കുകയെന്ന സാമാന്യനീതിയിലധിഷ്‌ഠിതമായ നിലപാട്‌ ഈ പ്രദേശത്തെ ജനങ്ങള്‍ സ്വീകരിക്കണമെന്നും വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply