ഹൈന്ദവേവേതര മതങ്ങളില്‍ ദൈവശാസ്ത്രപരമായ അര്‍ത്ഥത്തില്‍ ജാതിയില്ല. എന്നാല്‍ ദളിത് വിവേചനമുണ്ട്

ടി ടി ശ്രീകുമാര്‍ മതവും ജാതിയും: സ്വന്തം ദൈവശാസ്ത്രത്തില്‍ ജാതി വിവേചനം വിളക്കി ചേര്‍ത്തിട്ടുള്ള പ്രധാന മതം ഹിന്ദു മതം തന്നെയാണ്. ബുദ്ധമതം, ഇസ്ലാം, ക്രിസ്തുമതം തുടങ്ങിയവ ഒന്നും ഇത്തരത്തില്‍ ദൈവശാസ്ത്രപരായി ജാതി വിഭജനം അംഗീകരിച്ചിട്ടുള്ള മതങ്ങള്‍ അല്ല. ആ അര്‍ത്ഥത്തില്‍ ജാതി എന്നത് ഹിന്ദു മതത്തിന്റെ മാത്രം പ്രശ്‌നമാണ്. എന്നാല്‍ ഹിന്ദു മതം എന്നതിലുപരി ജാതി ഒരു ദക്ഷിണേഷ്യന്‍ പ്രതിഭാസം കൂടിയാണ്. ഇതില്‍ ഏറ്റവു ശ്രദ്ധേയമായിട്ടുള്ള കാര്യം ബുദ്ധമതത്തിന്റെ ഉത്ഭവം വരെ ഇന്ത്യയില്‍ ഒരു മതം […]

ccccടി ടി ശ്രീകുമാര്‍

മതവും ജാതിയും: സ്വന്തം ദൈവശാസ്ത്രത്തില്‍ ജാതി വിവേചനം വിളക്കി ചേര്‍ത്തിട്ടുള്ള പ്രധാന മതം ഹിന്ദു മതം തന്നെയാണ്. ബുദ്ധമതം, ഇസ്ലാം, ക്രിസ്തുമതം തുടങ്ങിയവ ഒന്നും ഇത്തരത്തില്‍ ദൈവശാസ്ത്രപരായി ജാതി വിഭജനം അംഗീകരിച്ചിട്ടുള്ള മതങ്ങള്‍ അല്ല. ആ അര്‍ത്ഥത്തില്‍ ജാതി എന്നത് ഹിന്ദു മതത്തിന്റെ മാത്രം പ്രശ്‌നമാണ്. എന്നാല്‍ ഹിന്ദു മതം എന്നതിലുപരി ജാതി ഒരു ദക്ഷിണേഷ്യന്‍ പ്രതിഭാസം കൂടിയാണ്. ഇതില്‍ ഏറ്റവു ശ്രദ്ധേയമായിട്ടുള്ള കാര്യം ബുദ്ധമതത്തിന്റെ ഉത്ഭവം വരെ ഇന്ത്യയില്‍ ഒരു മതം ഉണ്ടായിരുന്നില്ല എന്നതാണ്. ജാതി വിഭജനവും ബ്രാഹ്മനിക്കല്‍ ദൈവശാസ്ത്രവും ബ്രഹ്മനിക്കല്‍ ദൈവങ്ങളുമാണ് ഉണ്ടായിരുന്നത്. മതമില്ലാത്ത, ജാതിയും ദൈവങ്ങളും മാത്രമുള്ള ദൈവശാസ്ത്രം ആയിരുന്നു അത്. വേദങ്ങളും ഉപനിഷത്തുക്കളും ആണ് ഈ ജാതി-ദൈവശാസ്ത്ര വ്യവസ്ഥയുടെ ആധികാരിക പാഠങ്ങള്‍ എന്നും അതിന്റെ പ്രായോഗിക വിചിന്തനമാണ് മനുസ്മൃതിയെന്നും പറയാറുണ്ടെങ്കിലും ആ വ്യവസ്ഥ നിലനിര്‍ത്തിയതും വളര്‍ത്തിയതും സാധൂകരിച്ചതും രാമായണം, മഹാഭാരതം പുരാണങ്ങള്‍ എന്നിവകളിലൂടെ ആയിരുന്നു. രാമായണവും മഹാഭാരതവുമാണ് ആ അര്‍ത്ഥത്തില്‍ ആ ജാതി-ദൈവശാസ്ത്ര വ്യവസ്ഥക്ക് ഒരു മത രൂപം നല്‍കാന്‍ സഹായിച്ചത്. ദശാവതാര കഥകളും ആ അവതാരങ്ങളുടെ കഥകളും അവ അനുവദിക്കുന്ന ധാര്‍മ്മിക സമ്പദ് വ്യവസ്ഥയുടെ നിബന്ധനകളും ചേര്‍ത്ത് ചേര്‍ത്ത് പാന്‍ ഇന്ത്യന്‍ മത സംവിധാനം എന്നനിലയില്‍ ബ്രാഹ്മനിക്കല്‍ മതത്തെ രൂപപ്പെടുത്തുന്നത് ഈ ഇതിഹാസങ്ങളും പുരാണങ്ങളും ആണ്. വേദങ്ങളോ ഉപനിഷത്തുകളോ അല്ല, ഈ പുരാണങ്ങള്‍ ആണ് ഹിന്ദുമതത്തിന്റെ അടിസ്ഥാനം. അമൂര്‍ത്തമായ ഒരു ധൈഷണിക പശ്ചാത്തലം അവ ഹിന്ദു മതത്തിനു നല്‍കുന്നുണ്ടെങ്കിലും മതം എന്ന നിലയില്‍ മനസ്സിലാക്കപ്പെടുന്ന സംവിധാനം അവയില്‍ നിന്ന് വേറിട്ടാണ് നില്‍ക്കുന്നത്. ജാതി വിഭജനവും ബ്രാഹ്മണിക്കല്‍ ജാത്യാധീശത്വവും ഇല്ലാതെ ഹിന്ദു മതത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. വേദങ്ങളില്‍ തന്നെ ജാതി വ്യവസ്ഥയുടെ പ്രാഗ് രൂപങ്ങള്‍ കാണാന്‍ കഴിയുമെങ്കിലും രാമായണം, മഹാഭാരതം പുരാണങ്ങള്‍ എന്നിവയിലൂടെയാണ് പ്രത്യയശാസ്ത്രപരമായി ജാതിവ്യവസ്ഥ ഊട്ടി ഉറപ്പിക്കപ്പെട്ടത്. അതിന്റെ നാനാവിധമായ രീതിവിദ്യകളില്‍ ഔദ്യോഗികമായിത്തന്നെ scepticism, agnosticism, rationalism, realism, transcendental idealism തുടങ്ങിയവയൊക്കെ കൂട്ടി ചേര്‍ക്കുകയും അവയെ വ്യവസ്ഥയുടെ ആത്യന്തികമായ സാധൂകരണത്തിന് വേണ്ടി സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. പുരാണങ്ങളും ഇതിഹാസങ്ങളും ഇല്ലാതെ ഹിന്ദു ദൈവശാസ്ത്രം നിലനില്‍ക്കുന്നില്ല. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ സ്രോതസ്സുകളാണ് അവ. അവയെ സാഹിത്യപാഠങ്ങള്‍ ആയി വായിക്കാന്‍ നമുക്ക് സ്വാതന്ത്ര്യം ഉള്ളപ്പോള്‍ തന്നെ സാമൂഹിക വ്യവസ്ഥയുടെ അടിസ്ഥാന ജ്ഞാനപാഠങ്ങളുടെ ഉല്‍പ്പാദനത്തില്‍ അവ വഹിക്കുന്ന പങ്കു ചരിത്രപരവും പ്രത്യയശാസ്ത്രപരവുമാണ്. ഹിന്ദു ഉണര്‍വിന്റെ പ്രാഥമിക വിതാനമായി രാമായണം – മഹാഭാരതം സീരിയലുകള്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും വ്യാപകമായി അംഗീകരിക്കപ്പെട്ടത് പുതിയൊരു സാധൂകരണം സൃഷ്ടിച്ചെടുത്തല്ല, നിലനില്‍ക്കുന്ന കപടാവബോധത്തെ ചൂഷണം ചെയ്തുകൊണ്ടാണ്. ഈ ജാതി-ദൈവശാസ്ത്ര വ്യവസ്ഥയാണ് പൊതുവില്‍ ദക്ഷിണേഷ്യയില്‍ പ്രചരിച്ചിട്ടുള്ളത് എന്ന് കണ്ട്‌കൊണ്ട് മാത്രമേ ഇതര മതങ്ങളില്‍ ജാതി നിലനില്‍ക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ. ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഉള്ള മതാചാരത്തേയും മതാചാരത്തിന് വിരുദ്ധമായ ജാത്യാചാരതെയും ഒന്നായി കാണുന്നത് ഇത്തരം ഉപരി ചര്‍ച്ചകള്‍ക്ക് സഹായകമാവില്ല എന്നാണു തോന്നിയിട്ടുള്ളത്. ഇസ്ലാമിലെ ജാതി, ക്രിസ്തുമതത്തിലെ ജാതി എന്നതല്ല, ജാതി എന്ന പ്രതിഭാസത്തിന്റെ resilience , pliability ചരിത്രപരമാണ് എന്നതാണ് പ്രധാനം.
പാകിസ്ഥാനില്‍ ജാതിയുണ്ടോ എന്ന ചോദ്യത്തിലൂടെ ഈ സൗത്ത് ഏഷ്യന്‍ പ്രതിഭാസത്തെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പാകിസ്താനില്‍ വിവിധ രീതിയില്‍ ഇപ്പോഴും ജാതി നിലനില്‍ക്കുന്നുണ്ടെന്ന് പറയുമ്പോള്‍ അവിടുത്തെ ഹിന്ദുക്കള്‍ മാത്രം പിന്തുടരുന്ന ഒന്നായി അതിനെ മനസ്സിലാക്കിയിട്ടു കാര്യമില്ല. എന്നാല്‍ വര്‍ണ്ണ വ്യവസ്ഥയിലെ ബ്രാഹ്മിന്‍, ക്ഷത്രിയ, വൈശ്യ ശൂദ്ര വേര്‍തിരിവുകള്‍ ഇസ്ലാം വിശ്വാസികള്‍ക്കിടയില്‍ നിന്ന് ഏതാണ്ട് പൂര്‍ണ്ണമായും മാഞ്ഞു പോയിരിക്കുന്നു- അപവാദങ്ങള്‍ കാണാം എങ്കിലും. ഇന്ത്യയില്‍ ആയാലും പാക്കിസ്ഥാനില്‍ ആയാലും പൊതുവില്‍ ഉപരിവര്‍ണ്ണ പാരമ്പര്യം പറയുന്നവര്‍ ഉണ്ടാകാമെങ്കിലും ഹിന്ദുമതത്തില്‍ കാണുന്നതുപോലെയുള്ള വര്‍ണ്ണ വിഭജനം ഇസ്ലാമിലോ ക്രിസ്തുമതത്തിലോ കാണാന്‍ ഇല്ല. എന്നാല്‍ നിലനില്‍ക്കുന്ന വിവേചനം ജാതിവ്യവസ്ഥയുടെ ഏറ്റവും താഴെ തട്ടില്‍ ഉണ്ടായിരുന്ന വിഭാഗങ്ങളോടാണ്. പാകിസ്ഥാനിലെ ജാതി നാമിവിടെ ഗൗരവമായി എടുക്കേണ്ട വിഷയമല്ല. ഇന്ത്യയിലെ പോലെ ജാത്യാധീശത്വം നിലനില്‍ക്കുന്ന പ്രദേശം അല്ല പാകിസ്താന്‍. എന്നാല്‍ ജാതി അവിടെയും ഒരു പ്രധാന പ്രശ്‌നമാവുന്നത് ആ രാജ്യവും നേപ്പാളിനെയും ശ്രീലങ്കയെയും ഇന്ത്യയെയും ഒക്കെപ്പോലെ ഈ സൗത്ത് ഏഷ്യന്‍ സ്വത്വം പേറുന്നു എന്നുള്ളതുകൊണ്ടാണ്. ഗ്രാമീണ മേഖലയില്‍ സയിദുകള്‍ സവര്‍ണ്ണ ജാതിയായി കരുതുന്നവര്‍ അവിടെ ഇപ്പോഴും ഉണ്ട്. പഞ്ചാബിലും മറ്റും ചൌധുരിമാരും രാണമാരും മാലിക് മാരും സവര്‍ണ്ണ കല്പ്പിക്കപ്പെടുന്നവരാവൂമ്പോള്‍ കമ്മി, ചുഹ്ര തുടങ്ങിയ അടിസ്ഥാന വര്‍ഗ്ഗ വിഭാഗങ്ങള്‍ കീഴാള-ദളിത് ജാതികള്‍ ആയി മനസ്സിലാക്കപ്പെടുന്നു. ഇതില്‍ മുസ്ലീം, ഹിന്ദു ക്രിസ്ത്യന്‍ മതങ്ങളില്‍ പെട്ടവര്‍ ഉണ്ട് എന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്. മുസ്സലി, മിറാസി തുടങ്ങിയവരും ഈ വിഭാഗത്തില്‍ പെടുന്നു. അവിടെ കുറെയൊക്കെ ഔദ്യോഗികമായി തന്നെ നീച് ജാത്- നീച ജാതി- എന്ന പ്രയോഗം നിലനില്‍ക്കുന്നുണ്ട്. ഘുലം, ലോഹ്‌റി, ലാച്ചി വിഭാഗങ്ങളും ഇത്തരത്തില്‍ ജാതിവിഭജനത്തില്‍ ദളിത് ആയ സമുദായങ്ങള്‍ ആണ്. പാകിസ്ഥാനില്‍ 1998 വരെ ഷെഡ്യൂള്‍ഡ് കാസ്റ്റ്/ ഷെഡ്യൂള്‍ഡ് ട്രൈബ് സംവരണവും ഭരണഘടനാപരമായി ഉണ്ടായിരുന്നു.
എന്നാല്‍ ക്രിസ്ത്യന്‍- ഇസ്ലാം മതങ്ങളിലെ ദളിത് വിഭാഗങ്ങളോടുള്ള ദൈനംദിന ജാത്യാചാരത്തേയും ഹിന്ദു മതത്തിന്റെ ജാതി വ്യവസ്ഥയെയും ഒന്നായി കാണുന്നത് ഈ പ്രശ്‌നങ്ങളില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെ സഹായിക്കുമോ എന്ന് ആലോചിക്കേണ്ടതുണ്ട്. ഇസ്ലാം മതത്തില്‍ ജാതിയില്ല എന്ന് പറയുന്നതും, നിലനില്‍ക്കുന്ന ജാത്യാചാരത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നതും പരസ്പരപൂരകങ്ങള്‍ അല്ല. ഹിന്ദു ജാതി വ്യവസ്ഥയും ഇസ്ലാം-ക്രിസ്ത്യന്‍ മതങ്ങളിലെ ജാത്യാചാരങ്ങളും ചരിത്രപരമായി ഒരേ സ്രോതസ്സില്‍ നിന്ന് വരുന്നതാണ് എങ്കിലും അവയുടെ വ്യത്യസ്തതകളെ മറച്ചു വച്ചുകൊണ്ടുള്ള ഒരു പ്രചാരണം ഹൈന്ദവ രാഷ്ട്രീയത്തെയാവും കൂടുതല്‍ സഹായിക്കുക. ഹിന്ദുമതത്തില്‍ ജാതി/വര്‍ണ്ണ വ്യവസ്ഥ എന്നത് അതിന്റെ അടിസ്ഥാന ശിലയാണ്. അതില്ലാതെ ആ മതത്തിനു ദൈവശാസ്ത്രമില്ല. ഇസ്ലാംമിലും ക്രിസ്തുമതത്തിലും വര്‍ണ്ണ വ്യവസ്ഥ ഹിന്ദുമതത്തില്‍ ഉള്ള രീതിയില്‍ ആചരിക്കപ്പെടുന്നില്ല. ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര വകഭേദം കണ്ടു പിടിക്കാന്‍ കഴിയാത്ത വിധം അസ്തമിച്ചിട്ടുണ്ട്- അപവാദങ്ങള്‍ കാണാമെങ്കിലും. അവശേഷിക്കുന്നത് ദളിത് വിവേചനമാണ്. അതിനെതിരെയുള്ള പോരാട്ടം തുടരുക തന്നെ വേണം. അത് ആ മതങ്ങള്‍ക്ക് ഉള്ളിലും പൊതുവില്‍ ഇന്ത്യയില്‍ നിലനിക്കുന്ന ജാതിവിവേചനങ്ങള്‍ക്ക് എതിരെയുള്ള സമരങ്ങളുടെ ഭാഗമായും മുന്നോട്ടു കൊണ്ടുപോവേണ്ടതുമാണ്. കേരളത്തില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് സമൂഹങ്ങള്‍ നേരിട്ടത് സമാനതകള്‍ ഇല്ലാത്ത അവഹേളനങ്ങള്‍ ആയിരുന്നു. വര്‍ണ്ണവ്യവസ്ഥയുടെ മാതൃക ഔദ്യോഗികമായി സ്വീകരിക്കാതിരുന്ന ക്രിസ്തുമതം കേരളത്തില്‍ ദളിത് വിവേചനത്തെ സ്ഥാപനവല്‍ക്കരിക്കുന്നതിനു കൂട്ട് നിന്ന് എന്നാത് ചരിത്രപരമായി നിഷേധിക്കാന്‍ കഴിയാത്ത കാര്യമാണ്. അതുപോലെ ഇസ്ലാം മത വിശ്വാസികള്‍ ദളിത് വിഭാഗങ്ങളെ കാണുന്നത് സവര്‍ണ്ണതയുടെ കണ്ണിലൂടെ ആണ് എന്നതും ചില സവിശേഷ സാമുദായിക വിഭജനങ്ങള്‍ കേരളത്തിലെ ഇസ്ലാമില്‍നില നില്‍ക്കുന്നുണ്ട് എന്നതും മുസ്ലീം സംഘടനകള്‍ തന്നെ ചൂണ്ടി കാണിച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ പ്രശ്‌നം ഒരിക്കലും ജാതിവ്യവസ്ഥ എന്ന ഹിന്ദുമത സംവിധാനത്തിന്റെ തനിപ്പകര്‍പ്പല്ല. ഹൈന്ദവേവേതര മതങ്ങളില്‍ ദൈവശാസ്ത്രപരമായ അര്‍ത്ഥത്തില്‍ ജാതിയില്ല. എന്നാല്‍ ദളിത് വിവേചനം ഇതര മതവിശ്വാസികള്‍ക്കിടയില്‍ ശക്തമായി നിലനില്‍ക്കുന്നു എന്നതു മറച്ചുവക്കപ്പെടെണ്ട കാര്യവുമല്ല.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply