ഹിന്ദുത്വം കൈവിടാതെ, ജാതികാര്‍ഡ്‌ കൈവിട്ട്‌ മോദി

വികസനം, ഹിന്ദുത്വം, ജാതി എന്നീ മൂന്നു കാര്‍ഡുകള്‍ ഭംഗിയായി ഉപയോഗിച്ച്‌ അധികാരത്തിലെത്തിയ നരേന്ദ്രമോദി, ജാതി കാര്‍ഡ്‌ കൈയൊഴിയാനും ഹിന്ദുത്വത്തില്‍ മുറുക്കി പിടിക്കാനും തീരുമാനിച്ചതായി രണ്ടുദിവസം കൊണ്ടുതന്നെ വ്യക്തമാക്കിയിരിക്കുന്നു. വികസനത്തില്‍ അദ്ദേഹം എന്തുചെയ്യുമെന്ന്‌ വരുംദിവസങ്ങള്‍ വ്യക്തമാക്കുമെന്നാണ്‌ സൂചന. തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു മോദി ജാതി കാര്‍ഡ്‌ ഉപയോഗിച്ചത്‌. താന്‍ പിന്നോക്കക്കാരനാണെന്ന്‌ അഭിമാനത്തോടെ വിളിച്ചുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ അവസാന നാളുകള്‍ കടന്നുപോയത്‌. അതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ്സ്‌ നേതാക്കളുമായി രൂക്ഷമായ ഏറ്റുമുട്ടലുകളുമുണ്ടായി. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ വാജ്‌പേയിയും അദ്വാനിയും ബാബറി മസ്‌ജിദിനെ […]

downloadവികസനം, ഹിന്ദുത്വം, ജാതി എന്നീ മൂന്നു കാര്‍ഡുകള്‍ ഭംഗിയായി ഉപയോഗിച്ച്‌ അധികാരത്തിലെത്തിയ നരേന്ദ്രമോദി, ജാതി കാര്‍ഡ്‌ കൈയൊഴിയാനും ഹിന്ദുത്വത്തില്‍ മുറുക്കി പിടിക്കാനും തീരുമാനിച്ചതായി രണ്ടുദിവസം കൊണ്ടുതന്നെ വ്യക്തമാക്കിയിരിക്കുന്നു. വികസനത്തില്‍ അദ്ദേഹം എന്തുചെയ്യുമെന്ന്‌ വരുംദിവസങ്ങള്‍ വ്യക്തമാക്കുമെന്നാണ്‌ സൂചന.
തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു മോദി ജാതി കാര്‍ഡ്‌ ഉപയോഗിച്ചത്‌. താന്‍ പിന്നോക്കക്കാരനാണെന്ന്‌ അഭിമാനത്തോടെ വിളിച്ചുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ അവസാന നാളുകള്‍ കടന്നുപോയത്‌. അതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ്സ്‌ നേതാക്കളുമായി രൂക്ഷമായ ഏറ്റുമുട്ടലുകളുമുണ്ടായി. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ വാജ്‌പേയിയും അദ്വാനിയും ബാബറി മസ്‌ജിദിനെ കേന്ദ്രീകരിച്ച്‌ ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിച്ചിരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്‌ കനത്ത വെല്ലുവിളിയുയര്‍ത്തിയത്‌ പിന്നോക്കരാഷ്ട്രീയമായിരുന്നെന്ന ഓര്‍മ്മയിലായിരുന്നു മോദി തന്റെ ജാതിസ്വത്വം ഉയര്‍ത്തിപിടച്ചത്‌. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തില്‍ അദ്ദേഹം ജാതികാര്‍ഡ്‌ കൈവിട്ടുകളഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മന്ത്രിസഭാ രൂപീകരണത്തില്‍ പിന്നോക്ക – ദളിത്‌ വിഭാഗങ്ങള്‍ക്കായിരിക്കും കൂടുതല്‍ പ്രാതിനിധ്യം എന്നു പ്രതീക്ഷിച്ചവര്‍ക്ക്‌ തെറ്റി. സവര്‍ണ്ണവിഭാഗങ്ങള്‍ക്കുതന്നെയാണ്‌ മോദി മന്ത്രിസഭയില്‍ ആധിപത്യം. എണ്ണത്തില്‍ മാത്രമല്ല, പ്രധാന വകുപ്പുകളുടെ കാര്യത്തിലും അങ്ങനെതന്നെ. ആകെയുള്ള 46ല്‍ 20ഉം സവര്‍ണ്ണര്‍ തന്നെ. പിന്നോക്കക്കാരില്‍ നിന്ന്‌ 13ഉം ആദിവാസി വിഭാഗങ്ങളില്‍നിന്ന്‌ ആറും ദളിതുകളില്‍നിന്ന്‌ മൂന്നും പേരാണ്‌ മന്ത്രിസഭയിലുള്ളത്‌. ആദിവാസി വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത്‌ ഭേദപ്പെട്ട പ്രാതിനിധ്യമാണെങ്കിലും മറ്റു വിഭാഗങ്ങള്‍ക്ക്‌ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിന്റെ അടുത്തുപോലുമില്ല. ഇന്ത്യയുടെ ജനസംഖ്യയില്‍ 15 ശതമാനത്തിനു മുകളിലാണ്‌ ദളിതരാണെന്നാണ്‌ കണക്കുകള്‍.
24 കാമ്പിനറ്റ്‌ മന്ത്രിമാരരില്‍ 12ഉം സവര്‍ണ്ണരാണ്‌. പ്രധാന വകുപ്പുകളില്‍ കൂടുതലും അവരുടെ കയ്യില്‍തന്നെ. കാമ്പിനറ്റ്‌ മന്ത്രിമാരില്‍ പിന്നോക്കക്കാര്‍ അഞ്ചും ദളിതുകള്‍ രണ്ടും ആദിവാസികള്‍ ഒന്നുമാണുള്ളത്‌. സഹമന്ത്രിമാരില്‍ സവര്‍ണ്ണര്‍ 5, പിന്നോക്കം 4, ആദിവാസി 1 എന്നിങ്ങനെയാണ്‌ പ്രാതിനിധ്യം. സംസ്ഥാനമന്ത്രിമാരില്‍ ചിത്രം അല്‍പ്പം മാറുന്നുണ്ട്‌. അവിടെ പിന്നോക്കക്കാര്‍ നാലും ആദിവാസികള്‍ നാലുമുള്ളപ്പോള്‍ സവര്‍ണ്ണരുടെ എണ്ണം മൂന്നാണ്‌.
ജാതി കാര്‍ഡ്‌ ഉപേക്ഷിച്ച മോദി ഹിന്ദുത്വരാഷ്ട്രീയത്തില്‍ വിട്ടുവീഴ്‌ച ചെയ്യില്ലെന്നു തന്നെയാണ്‌ സൂചന. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ സത്യപ്രതിജ്ഞക്ക്‌ കൊണ്ടുവന്നതിലും ചര്‍ച്ച ചെയ്യുന്നതിലും വിജയിച്ചെന്നവകാശപ്പെടുമ്പോഴും ഇരുരാജ്യങ്ങളുടേയും നിലപാടുകളില്‍ അയവു വന്നതായി സൂചനയില്ല. മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ്‌ സയിദിനെ ഇന്ത്യയ്‌ക്ക്‌ കൈമാറില്ലെന്നും സയിദ്‌ കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തിയാല്‍ ശിക്ഷ പാകിസ്‌ഥാനില്‍തന്നെ നടപ്പാക്കുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ആഭ്യന്തരവിഷയങ്ങളില്‍ സ്ഥിതി വ്യത്യസ്ഥമാണ്‌. മന്ത്രിസഭയില്‍ രണ്ടു അഹിന്ദുക്കള്‍ മാത്രമാണുള്ളത്‌. മുസഫര്‍നഗറില്‍ കലാപം ആളിപ്പടര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചു എന്നാരോപണമുള്ള സഞ്‌ജീവ്‌ ബാലിയാന്‌ സഹമന്ത്രിസ്ഥാനം നല്‍കിയത്‌ ഭാവിയുടെ സൂചനയായി ഭയപ്പെടുന്നവരുണ്ട്‌. മോദി നിശബ്ദനാണെങ്കിലും പല ബിജെപി നേതാക്കളുടേയും ഉള്ളിലിരിപ്പു പുറത്തുവന്നു തുടങ്ങിയതായും ചൂണ്ടികാട്ടപ്പെടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലുള്ള സഹമന്ത്രി ജിതേന്ദ്രസിങ്ങാണ്‌ ആദ്യത്തെ വെടിപൊട്ടിച്ചത്‌.
ജമ്മുകശ്‌മീരിന്‌ പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്ക്‌ള്‍ 370 എടുത്തുകളയുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ചതായാണ്‌ അദ്ദേഹം പറഞ്ഞത്‌. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ അദ്ദേഹം ചെറിയ തിരുത്തല്‍ പറഞ്ഞെങ്കിലും മോദി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ആര്‍ എസ്‌ എസ്‌ ആകട്ടെ ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌. കാശ്‌മീര്‍ മുഖ്യമന്ത്രിക്കെതിരെയും ആര്‍ എസ്‌ എസ്‌ രംഗത്തുവന്നിട്ടുണ്ട്‌. മുസ്ലിം വികസന പ്രശ്‌നങ്ങള്‍ക്ക്‌ സംവരണം പരിഹാര മാര്‍ഗമല്ലെന്ന ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്‌മാ ഹിബത്തുല്ലയുടെ പ്രസ്‌താവന ന്യൂനപക്ഷങ്ങളില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്‌. .
മുസ്ലിം സംവരണം തങ്ങളുടെ വാഗ്‌ദാനമല്ലെന്നും മതത്തിന്റെ പേരിലെ സംവരണം ഭരണഘടന അനുവദിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. മുസ്ലിം പുരോഗതിക്കായി നിര്‍ദേശിക്കപ്പെട്ട സച്ചാര്‍ സമിതി ശിപാര്‍ശകള്‍ എല്ലാം നടപ്പാക്കേണ്ട ആവശ്യമില്ലെന്നു പറഞ്ഞ അവര്‍ മുസ്ലിംകള്‍ രാജ്യത്തെ ന്യൂനപക്ഷമല്ല, അംഗസംഖ്യ കുറഞ്ഞുവരുന്ന പാഴ്‌സികളാണ്‌ ന്യൂനപക്ഷമെന്നും കൂട്ടിചേര്‍ത്തു. ഏകീകൃത സിവില്‍ കോഡ്‌ നടപ്പാക്കാനുള്ള നീക്കവും മോദി മന്ത്രിസഭയില്‍ നിന്നുണ്ടാകുമെന്നും സൂചനയുണ്ട്‌. അതേ സമയം ബങ്കുവിളിക്കെതിരെപോലും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മുറുമുറുപ്പുയരാന്‍ തുടങ്ങിയിട്ടുണ്ട്‌.
നയതന്ത്രരംഗത്തും കാമ്പിനറ്റിലെ വനിതാപ്രാതിനിധ്യത്തിലും കയ്യടി നേടുകയും ഇറോം ഷര്‍മിളപോലും പ്രതീക്ഷയോടെ കാണുകയും ചെയ്യുന്ന മോദിയുടെ ഹിന്ദുത്വ രാഷ്ട്രീയ നിലപാടുകളിലേക്കാണ്‌ രാജ്യത്തെ ന്യൂനപക്ഷങ്ങളും മതേതരവാദികളും ഉറ്റുനോക്കുന്നത്‌. ഇക്കാര്യത്തില്‍ മോദി അയഞ്ഞാല്‍ വാജ്‌പേയിയെക്കാള്‍ തീവ്രവാദിയായി അദ്വാനിയും അദ്വാനിയെ മറികടന്ന്‌ മോദിയും ഉയര്‍ന്നുവന്നപോലെ മറ്റൊരു നേതൃത്വം ഉയര്‍ന്നു വരുമോ എന്ന ഭയവും മോദി ആരാധകര്‍ക്കുണ്ട്‌. അതിനാല്‍ ഒരു പരിധിവിട്ട്‌ മോദി മിതവാദിയാകില്ലെന്നാണ്‌ സൂചനകള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply