ഹര്‍ത്താലുകളും ജനാധിപത്യപരമാകണം

ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിനെക്കുറിച്ചുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റ് 30 ലക്ഷത്തില്‍ പരം പേര്‍ വീക്ഷിച്ചതിന്റെ സന്തോഷത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഹര്‍ത്താലുകള്‍മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമായി ‘കേരള ഹര്‍ത്താല്‍ നിയന്ത്രണബില്‍ 2015’ന്റെ കരട് തയാറാക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു പ്രസ്തുത പോസ്റ്റ്. തുടര്‍ന്നദ്ദേഹം പ്രമുഖപത്രങ്ങളില്‍ ലേഖനവുമഴുതി. ഒരു ലക്ഷത്തോളം പേര്‍ കമന്റിലൂടെയും ലൈക്കിലൂടെയും ഷെയറിലൂടെയും പോസ്റ്റിനോട് പ്രതികരിച്ചു. ഭൂരിഭാഗംപേരും ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് കൊണ്ടുവരാനുള്ള നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ചെറിയൊരു ശതമാനം പേര്‍ എതിരഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. […]

hhh

ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിനെക്കുറിച്ചുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റ് 30 ലക്ഷത്തില്‍ പരം പേര്‍ വീക്ഷിച്ചതിന്റെ സന്തോഷത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഹര്‍ത്താലുകള്‍മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമായി ‘കേരള ഹര്‍ത്താല്‍ നിയന്ത്രണബില്‍ 2015’ന്റെ കരട് തയാറാക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു പ്രസ്തുത പോസ്റ്റ്. തുടര്‍ന്നദ്ദേഹം പ്രമുഖപത്രങ്ങളില്‍ ലേഖനവുമഴുതി.
ഒരു ലക്ഷത്തോളം പേര്‍ കമന്റിലൂടെയും ലൈക്കിലൂടെയും ഷെയറിലൂടെയും പോസ്റ്റിനോട് പ്രതികരിച്ചു. ഭൂരിഭാഗംപേരും ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് കൊണ്ടുവരാനുള്ള നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ചെറിയൊരു ശതമാനം പേര്‍ എതിരഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്നാണവര്‍ അഭിപ്രായപ്പെടുന്നത്.
ഹര്‍ത്താല്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയ്യാറാക്കുന്ന ബില്ലിനെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായമറിയാന്‍ ആഗ്രഹമുണ്ടെന്ന് സൂചിപ്പിച്ചാണ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത്. ഒരു പുതുയ നിയമമോ നയമോ കൊണ്ടു വരുമ്പോള്‍ പൊതുജനാഭിപ്രായം തേടുന്ന ഈ രീതി നല്ലതുതന്നെ. എന്നാല്‍ ഫേസ് ബുക്കിലെ കണക്കുകള്‍ ആനുപാതികമാണെന്ന് ഇപ്പോളത്തെ അവസ്ഥയില്‍ പറയാനാകില്ല. കാരണം കൃത്യമായ നിലപാടുകളോടെ പ്രതികരിക്കുന്ന ഒരവസ്ഥയിലേക്ക് മലയാളികള്‍ പൊതുവില്‍ ഉയര്‍ന്നിട്ടില്ല എന്നു പറയാം. ഹര്‍ത്താലിനനുകൂലമായി പിണറായി വിജയന്‍ ഒരു പോസ്റ്റിട്ടാല്‍ കമന്റിടുന്നതില്‍ കൂടുതല്‍ പേരും അതിനനുകൂലമാകുമെന്നതില്‍ സംശയം വേണ്ട. കക്ഷിരാഷ്ട്രീയത്തിനും മറ്റു താല്‍പ്പര്യങ്ങള്‍ക്കും അംതീതമായി പ്രതികരിക്കുന്ന കാലം വന്നാലേ ഈ കണക്കുകള്‍ വിശ്വസനീയമാകൂ.
അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ മൂലം കേരളത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ ഒഴിവാക്കാനും ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനുമാണ് ഇത്തരത്തിലൊരു ബില്ല് കൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പ് ഉദ്ദേശിക്കുന്നത്.
പൊതുജനാഭിപ്രായം കേട്ടശേഷം സമൂഹത്തിലെ വിവിധതുറകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്തിയശേഷമായിരിക്കും ബില്ലു കൊണ്ടുവരികയെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ പാര്‍ട്ടികള്‍ നടത്തിയിരുന്ന ബന്ദുകള്‍ നിരോധിച്ചപ്പോഴാണ് ഹര്‍ത്താലുകള്‍ വ്യാപകമായത്. കേരളത്തില്‍ ഇവ രണ്ടും പേരിലല്ലാതെ ഒരു വ്യത്യാസവുമില്ല. ഇനി ഹര്‍ത്താല്‍ നിരോധിച്ചാല്‍ പൊതുപണിമുടക്കെന്ന പേരിലോ നിസ്സഹരണമെന്ന പേരിലോ ഇതുതന്നയാവര്‍ത്തിക്കും.
ഒരര്‍ത്ഥത്തില്‍ ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്ന വിഷയം തന്നെ ഉയര്‍ന്നുവരാന്‍ കാരണം നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളാണ്. ജനാധിപത്യസംവിധാനത്തില്‍ ഏതെങ്കിലും നയത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതുപോലെ അതിലഭിപ്രായവ്യത്യാസമുള്ളവര്‍ക്ക് ഹര്‍ത്താലില്‍ പങ്കുചെരാതിരിക്കാനും അവകാശമുണ്ട്. നിലപാടുകളുടെ സ്വീകാര്യതയുടെ പേരിലായിരിക്കണം പ്രതിഷേധത്തിന്റെ വിജയം. ജനജീവിതം സ്തംഭിച്ചാലേ പ്രതിഷേധം വിജയിക്കൂ എന്നുമര്‍ത്ഥമില്ല. ഏതു വിഷയത്തിലും പല അഭിപ്രായമുണ്ടാകുന്നതല്ലേ ജനാധിപത്യം.? യോജിപ്പുള്ളവര്‍ പങ്കെടുക്കട്ടെ. അല്ലാത്തവര്‍ പതിവുപോലെ ജോലി ചെയ്യട്ടെ. അടിച്ചല്‍പ്പിക്കുന്ന ഹര്‍ത്താലുകള്‍ ജനാധിപത്യവിരുദ്ധമാണ്. അത്തരം പ്രവണത ആവര്‍ത്തിക്കുന്നതിനാലാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നത്. അതിനവരെ കുറ്റപ്പെടുത്തിയിട്ട എന്തുകാര്യം? എല്ലാവരുടെ വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ജനാധിപത്യ സര്‍ക്കാരിനു ബാധ്യതയുണ്ട്. ഭയവും ഒരു ദിവസത്തെ അവധിയുമാണ് ഹര്‍ത്താലുകളില്‍ ഭൂരിഭാഗവും വിജയിക്കാന്‍ കാരണമെന്ന് ആര്‍ക്കാണറിയാത്തത്? ഹര്‍ത്താലിനോടോ അതിനുന്നയിക്കുന്ന കാരണങ്ങളോടോ തീരെ അനുഭാവമോ ഇല്ലെങ്കിലും നാമതില്‍ പങ്കെടുക്കുന്നു.
സത്യത്തില്‍ ആഭ്യന്തരമന്ത്രി പറയുന്ന കാര്യങ്ങള്‍ മിക്കവാറും നിലനില്‍ക്കുന്നവ തന്നെ പ്രത്യകിച്ച് അക്രമം പാടില്ല എന്നത്. പക്ഷെ നടപ്പാക്കപ്പെടുന്നില്ല എന്നുമാത്രം. പുതുതായി പറയുന്ന ഒരു നിര്‍ദേശം മൂന്നുദിവസത്തെ നോട്ടീസ് എന്നതാണ്. അക്രമം, കൊലപാതകം, പൊലീസ് മര്‍ദനം തുടങ്ങിയ അടിയന്തരഘട്ടങ്ങളില്‍ അതെങ്ങിനെ നടപ്പാകുമെന്നാണ് മറുചോദ്യം? ഇതൊന്നും അഭിലഷണീയമായ കാര്യങ്ങളല്ലല്ലോ. അവയൊഴിവാക്കുകയല്ലേ വേണ്ടത്. അഥവാ പ്രതിഷേധിക്കണമെന്നുവെച്ചാല്‍ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞിട്ടായാലും പോരേ? അല്ലാതെ മുഴുവന്‍ ജനങ്ങളേയും ബുദ്ധിമുട്ടിക്കുന്നത് ഫാസിസം തന്നെയാണ്. പ്രതിഷേധിക്കുന്നതിലും നൈതികതയും ജനാധിപത്യമൂല്യങ്ങളും കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. ജനകീയസമരങ്ങള്‍ക്കും പണിമുടക്കുകള്‍ക്കും തൊഴിലാളി ബഹുജനവിഭാഗങ്ങളുടെ സംഘടിതപ്രവര്‍ത്തനങ്ങള്‍ക്കും കൂച്ചുവിലങ്ങിടാനുള്ള നീക്കമാണെന്നന്ന വാദമംഗീകരിച്ചാലും പ്രതിഷേധം ജനാധിപത്യവിരുദ്ധമാകുന്നതിന് ന്യായീകരണമല്ലല്ലോ. ഒരാധുനിക ജനാധിപത്യസമൂഹത്തിനനുസൃതമായ രീതിയില്‍ വേണം പ്രതിഷേധവും.
ആ ദിശയിലൊരു ജനാധിപത്യഹര്‍ത്താല്‍ കേരളത്തില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വധശിക്ഷ നിര്‍ത്തലാക്കാനാവശ്യപ്പെട്ട് ഒരു ദശകത്തില്‍ പരമായി പ്രവര്‍ത്തിക്കുന്ന വധശിക്ഷാവിരുദ്ധസമിതിയാണ് നവംബര്‍ 11ന് ജനാധിപത്യ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വധശിക്ഷ നിര്‍ത്തല്‍ ചെയ്യണമെന്നും വധശിക്ഷയ്‌ക്കെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്നും, തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
തിരുവിതാംകൂറില്‍ 1944 നവംബര്‍ 11ന് വധശിക്ഷ നിരോധിക്കപ്പെട്ട കേരളീയ പാരമ്പര്യം ഉണര്‍ത്തികൊണ്ടാണ് പ്രസ്തുത ദിനത്തില്‍ വധശിക്ഷാവിരുദ്ധ ജനാധിപത്യ ഹര്‍ത്താല്‍ നടക്കുന്നത്.
ജനാധിപത്യപരമായി ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, വധശിക്ഷവിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തില്‍, സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും ജനാധിപത്യ വാദികളുടേയും പങ്കാളിത്തത്തോടെ, സംസ്ഥാനജില്ലാപ്രാദേശിക തലങ്ങളില്‍ വിപുലമായ കൂടിച്ചേരലുകള്‍ നടത്തികൊണഅടിരിക്കുകയാണ്.
സമിതി പ്രവര്‍ത്തനം തുടങ്ങിയ സമയത്തെ അവസ്ഥയലില ഇപ്പോഴുള്ളത്. സിപിഎമ്മിനെ പോലുള്ള പാര്‍ട്ടി വധശിക്ഷക്കെതിരായ നിലപാട് പ്രഖ്യാപിച്ചുകഴിഞ്ഞു. ആഗോളതലത്തില്‍ ഐക്യരാഷ്ട്രസഭയും മാര്‍പ്പാപ്പയുമെല്ലാം വധശിക്ഷക്കെതിരാണ്. മിക്കവാറും രാജ്യങ്ങള്‍ അതു നിരോധിച്ചു കഴിഞ്ഞു. രാജ്യത്ത് നിയമകമ്മീഷനും അത്തരം ശുപാര്‍ശ നല്‍കിയിട്ടുണ്ട്.. എന്നിട്ടും കേന്ദ്രഭരണകൂടം നിഷേധാത്മകനിലാപടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് പാര്‍ലമെന്റിനോട് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കുന്നതിലൂടെ, സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന നിലയില്‍ ഫലത്തില്‍, സംസ്ഥാനത്ത് വധശിക്ഷ തടയാന്‍ കഴിയുമെന്ന് സമിതി ചൂണ്ടികാട്ടുന്നത്. എന്നാല്‍ ഈ ആവശ്യമുന്നയിച്ചുളള ഹര്‍ത്താല്‍ വിജയിക്കില്ല എന്ന് ആര്‍ക്കാണറിയാത്തത്? ഇതേനിലപാടുള്ള സിപിഎം സഹകരിച്ചാല്‍ ഒരു ചലനമുണ്ടാക്കാം. എന്നാല്‍ പൊതുവായ വിഷയങ്ങൡ ഒന്നിക്കുന്ന സമീപനം നമ്മുടെ കക്ഷിരാഷ്ട്രീയത്തിന് അന്യമാണല്ലോ. അതാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാരിന് ശക്തി നല്‍കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply