സൗരോര്‍ജ്ജാനുഭവങ്ങള്‍

പി. കൃഷ്ണകുമാര്‍ പുനരുല്‍പ്പാദിപ്പിക്കാവുന്ന, പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സ് ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവതരമായി ചിന്തിച്ച് തുടങ്ങിയിരുന്ന സമയത്താണ് സംസ്ഥാന സര്‍ക്കാര്‍, അനര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ‘പതിനായിരം പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി’ പ്രഖ്യാപിച്ചത്. പിന്നെ മറ്റൊന്നും ചിന്തിക്കുവാനുണ്ടായിരുന്നില്ല. ഉടന്‍ തന്നെ പദ്ധതിയില്‍ ചേരുവാനുള്ള അപേക്ഷ യഥാവിധി സമര്‍പ്പിച്ചു. താമസിയാതെ ക്രമനമ്പര്‍ അനുവദിച്ചുകൊണ്ടുള്ള അനര്‍ട്ടിന്റെ അറിയിപ്പും ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ്ജവകുപ്പുമായി ചേര്‍ന്നാണ് അനര്‍ട്ട് ഈ പദ്ധതി നടപ്പാക്കുന്നത്. അതിനാല്‍തന്നെ, കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളെമാത്രമാണ് പദ്ധതി നടത്തിപ്പിനുവേണ്ടി അവര്‍ ക്ഷണിച്ചത്. അനര്‍ട്ടിന്റെ നിബന്ധനകള്‍പ്രകാരമുള്ള അപേക്ഷ സമര്‍പ്പിച്ചവരില്‍നിന്നും […]

SolarEnergy_Advantage
പി. കൃഷ്ണകുമാര്‍
പുനരുല്‍പ്പാദിപ്പിക്കാവുന്ന, പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സ് ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവതരമായി ചിന്തിച്ച് തുടങ്ങിയിരുന്ന സമയത്താണ് സംസ്ഥാന സര്‍ക്കാര്‍, അനര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ‘പതിനായിരം പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി’ പ്രഖ്യാപിച്ചത്. പിന്നെ മറ്റൊന്നും ചിന്തിക്കുവാനുണ്ടായിരുന്നില്ല. ഉടന്‍ തന്നെ പദ്ധതിയില്‍ ചേരുവാനുള്ള അപേക്ഷ യഥാവിധി സമര്‍പ്പിച്ചു. താമസിയാതെ ക്രമനമ്പര്‍ അനുവദിച്ചുകൊണ്ടുള്ള അനര്‍ട്ടിന്റെ അറിയിപ്പും ലഭിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ്ജവകുപ്പുമായി ചേര്‍ന്നാണ് അനര്‍ട്ട് ഈ പദ്ധതി നടപ്പാക്കുന്നത്. അതിനാല്‍തന്നെ, കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളെമാത്രമാണ് പദ്ധതി നടത്തിപ്പിനുവേണ്ടി അവര്‍ ക്ഷണിച്ചത്. അനര്‍ട്ടിന്റെ നിബന്ധനകള്‍പ്രകാരമുള്ള അപേക്ഷ സമര്‍പ്പിച്ചവരില്‍നിന്നും യോഗ്യരായ ഇരുപത്തഞ്ചോളം സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുകയും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പദ്ധതകി വിശദീകരണവും പ്രദര്‍ശനവും സംഘടിപ്പിക്കുകയും ചെയ്തു. സാധാരണക്കാര്‍ക്ക് തികച്ചും അന്യമായിരുന്ന ഉപകരണങ്ങളും അനുബന്ധഘടകങ്ങളും നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് ഈ പരിപാടി വളരെ ഉപയോഗപ്രദമായിരുന്നു.
അനര്‍ട്ട് നല്‍കിയ അടിസ്ഥാനസാങ്കേതിക നിബന്ധനകളും വിവിധ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സാങ്കേതിക വിവരങ്ങളും വിശകലനം ചെയ്തും ആവശ്യമായ വിശദീകരണങ്ങള്‍ തേടിയും എന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സ്ഥാപനത്തെ കണ്ടെത്തുകയെന്നതായിരുന്നു അടുത്ത നടപടി. അത് വിജയകരമായി പൂര്‍ത്തിയാക്കിയതിനെതുടര്‍ന്ന് 2013 മാര്‍ച്ച് അവസാനം പ്രസ്തുത സ്ഥാപനത്തിന് ‘വര്‍ക്ക് ഓര്‍ഡര്‍’ നല്‍കി. അവര്‍ ആവശ്യപ്പെട്ട തുക ഓര്‍ഡറിന്റെ കൂടെ മുന്‍കൂറായി നല്‍കിയിരുന്നു. ”വര്‍ക്ക് ഓര്‍ഡര്‍” നല്‍കിയാല്‍ 45 ദിവസത്തിനകം ഉപകരണങ്ങള്‍ നല്‍കണമെന്നാണ് അനര്‍ട്ടിന്റെ നിബന്ധനയെങ്കിലും 60 ദിവസത്തിനുശേഷമാണ് എന്റെ വീട്ടില്‍ ഉപകരണങ്ങളെത്തിച്ചത്. പിന്നീട്, ഒരുമാസത്തിനുശേഷമാണ് സ്ഥാപനത്തിന്റെ സാങ്കേതിക വിദഗ്ദ്ധര്‍ വന്ന് ഉപകരണങ്ങള്‍ സ്ഥാപിച്ചത്. തുടര്‍ന്ന് സ്ഥാപനത്തിന്റെ ഗുണമേന്മാവിഭാഗത്തിന്റെ പരിശോധനയ്ക്കുശേഷം 2013 ജൂലായ് മൂന്നാണ് പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്.
കേരളത്തിന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും കറുത്ത മാസമായിരുന്നു ഈ ജൂലായ്. സൂര്യനെ കണ്ട ദിവസങ്ങള്‍ അപൂര്‍വ്വം. സൗരോര്‍ജ്ജ പദ്ധതിയെ സംബന്ധിച്ച് ഏറ്റവും മോശം സമയം. ദൗര്‍ഭാഗ്യവശാല്‍ ആസമയത്താണ് എന്റെ ഒരുകിലോവാട്ട് പുരപ്പുറത്തെ സൗരോര്‍ജ്ജപദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യ മുപ്പതുദിവസത്തെ പ്രവര്‍ത്തനം താഴെപറയുംവിധം സംഗ്രഹിക്കാം. ഉല്‍പാദനം ഉപഭോഗത്തേക്കാള്‍ കുറഞ്ഞിരുന്നതുകൊണ്ട് മുപ്പതുദിവസത്തിനിടയില്‍ മൂന്നുപ്രാവശ്യമായി പത്തുദിവസം സൗരോര്‍ജ്ജത്തിന് പകരം കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിക്കേണ്ടിവന്നു. ഉപയോഗിച്ച ഇരുപതുദിവസംകൊണ്ട് ആകെ. നാല്‍പതു യൂണിറ്റ് സൗരോര്‍ജ്ജവൈദ്യുതിയാണ് ഉപയോഗിച്ചത്. ഏറ്റവും മോശമായ ജൂലായ് മാസത്തെ കണക്കാണിത്. കൂടുതല്‍ സൂര്യപ്രകാശം കിട്ടുന്ന മറ്റു മാസങ്ങളില്‍ മുഴുവന്‍ ദിവസവും ഉപയോഗിക്കുവാനുള്ള വൈദ്യുതി സൗരോര്‍ജ്ജപദ്ധതിയില്‍ നിന്നും കിട്ടുമെന്നാണ് എന്റെ പ്രതീക്ഷ.
സ്വന്തം അനുഭവത്തില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ താഴെകൊടുക്കുന്നു.
1. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളുടെ സബ്‌സിഡി കഴിച്ച് ഒരു ലക്ഷത്തില്‍ താഴെ രൂപയാണ് ഉപഭോക്താവ് സ്ഥാപനത്തിന് നേരിട്ട് നല്‍കേണ്ടത്. ഇത് ഓരോ സ്ഥാപനവും ഓരോ രീതിയിലാണ് ഈടാക്കുന്നത്. ഓരോഘട്ടത്തിലും നല്‍കേണ്ട തുക സംബന്ധിച്ച് (പേയ്‌മെന്റ് ടേംസ്) അനര്‍ട്ട് പൊതുവായ വ്യവസ്ഥയുണ്ടാക്കുന്നത് ഉപഭോക്താവിന് ഗുണകരമാകും.
2. ഈ ബൃഹത്തായ പദ്ധതി നടപ്പാക്കുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് സമയബന്ധിതമായി അനുബന്ധഘടകങ്ങളും ഉപകരണങ്ങളും വാങ്ങുവാനും അവ സ്ഥാപിക്കുവാനും സാധ്യമാണോയെന്ന് പരിശോധിച്ചതായി കാണുന്നില്ല. മറ്റ് ഉല്‍പാദകരില്‍നിന്നും ഘടകങ്ങള്‍ ലഭിക്കുന്നതിലുള്ള താമസമാണ് ഉപകരണങ്ങള്‍ നല്‍കുന്നത് വൈകുന്നതിന് കാരണമായി സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എത്തിച്ച വിവിധ ഉപകരണങ്ങള്‍ കൂട്ടി യോജിപ്പിച്ച്, സ്ഥാപിക്കുന്നതിനുള്ള സാങ്കേതികവിദഗ്ദ്ധരുടെ അഭാവം എല്ലാ സ്ഥാപനങ്ങളും നേരിടുന്നുണ്ട്.
3. സൗരോര്‍ജ്ജപദ്ധതിയില്‍നിന്നുള്ള വൈദ്യുതി സ്വന്തം വീട്ടിലെ വൈദ്യുതി വിതരണ സംവിധാനവുമായി ബന്ധപ്പെടുത്തേണ്ടത് ഉപഭോക്താവിന്റെ ഉത്തരവാദിത്വമാണ്. അതിനാല്‍, സ്ഥാപനത്തിന്റെ വിദഗ്ദ്ധര്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ദിവസം നമ്മുടെ വീട്ടിലെ വൈദ്യുതി വിതരണസംവിധാനത്തെക്കുറിച്ച് അറിവുള്ള ഇലക്ട്രീഷ്യന്റെ സേവനം ലഭ്യമാക്കുന്നത് അഭികാമ്യമാണ്.
4. സൗരോര്‍ജ്ജവൈദ്യുതി സംവിധാനം സ്ഥാപിച്ചുകഴിഞ്ഞാല്‍ ബാറ്ററികള്‍ നൂറൂശതമാനവും ചാര്‍ജ്ജ് ആകുന്നതിന് അനുവദിക്കണം. അതിനുശേഷംമാത്രമേ വൈദ്യുതി ഉപയോഗിച്ച് തുടങ്ങാന്‍ പാടുകയുള്ളൂ.
5. ഒരുകിലോവാട്ട് ശേഷിയുള്ള വൈദ്യുതി സംവിധാനമാണ് സ്ഥാപിക്കുന്നത്. അതിനാല്‍, വീട്ടിലുള്ള മുഴുവന്‍ ഉപകരണങ്ങളും ഇതില്‍ ഘടിപ്പിക്കുവാന്‍ സാധ്യമല്ല. വെള്ളം പമ്പുചെയ്യുന്ന മോട്ടോര്‍, റഫ്രിജറേറ്റര്‍, എയര്‍കണ്ടീഷണര്‍, ഇസ്തിരിപ്പെട്ടി, ഇന്‍ഡക്ഷന്‍ കുക്കര്‍, ഗ്രൈന്റര്‍ മുതലായവ തീര്‍ത്തും ഒഴിവാക്കണം. ചുരുക്കത്തില്‍ പവര്‍ പ്ലഗ്ഗുകള്‍ പാടെ ഒഴിവാക്കണമെന്നര്‍ത്ഥം. ഇന്‍വെര്‍ട്ടര്‍ വയറിംഗ് ഉള്ള വീടുകള്‍ക്ക് ഇത് എളുപ്പമാണ്. അതില്ലാത്ത വീടുകളില്‍ സൗരോര്‍ജ്ജ സംവിധാനം സ്ഥാപിക്കുന്നതിനുമുമ്പ് മേല്‍പ്പറഞ്ഞ വിധത്തില്‍ വയറിംഗ് വേര്‍തിരിക്കണം.
6. ആദ്യഘട്ടമെന്ന നിലയില്‍, എപ്പോഴും ഉപയോഗിക്കുന്ന ലൈറ്റുകള്‍, ഫാനുകള്‍, ടെലിവിഷന്‍, കമ്പ്യൂട്ടര്‍ എന്നിവയാണ് എന്റെ വീട്ടില്‍ സൗരോര്‍ജ്ജ സംവിധാനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഒരുമാസത്തിനിടയില്‍ 20 ദിവസവും ഇവ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിച്ചത്.
7. വൈദ്യുതി ഉപഭോഗം ഏറ്റവും ഉയര്‍ന്നിരിക്കുന്ന സന്ധ്യാസമയത്ത് കെ.എസ്. ഇ.ബി. നല്‍കുന്ന വൈദ്യുതിയുടെ വോള്‍ട്ടേജ് പൊതുവേ കുറയുന്നതായി അനുഭവപ്പെടാറുണ്ട്. എന്നാല്‍ സൗരോര്‍ജ്ജം ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്‌നം നേരിടേണ്ടിവരുന്നില്ലെന്നത് അതിന്റെ മേന്മയാണ്.
8. അനര്‍ട്ടിന്റെ പദ്ധതി പ്രകാരം 250 വാട്‌സ് ശേഷിയുള്ള നാലു സൗരോര്‍ജ്ജപാനലുകളാണ് പുരപ്പുറത്ത് സ്ഥാപിക്കേണ്ടത്. ഒരു പാനലിന് ഏകദേശം ഒരു മീറ്റര്‍ വീതിയും 1.68 മീറ്റര്‍ നീളവുമുണ്ടാകും. (വ്യത്യസ്ത സ്ഥാപനങ്ങളുടെ മാതൃകകള്‍ക്ക്അല്‍പസ്വല്പം വ്യത്യാസമുണ്ടായേക്കാം) സോളാര്‍ ഇന്‍വര്‍ട്ടര്‍, നാലു ബാറ്ററികള്‍, എസി/ഡിസി ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ് എന്നിവയാണ് വീടിനകത്ത് സ്ഥാപിക്കേണ്ടത്. ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിളുകളുമുണ്ടാകും. ഈ ഉപകരണങ്ങളെല്ലാംതന്നെ സ്ഥാപനത്തിന്റെ വിദഗ്ദ്ധര്‍ സൗജന്യമായി സ്ഥാപിച്ചുതരും. ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡും വീട്ടിലെ വൈദ്യുതി വിതരണസംവിധാനവുമായി ബന്ധിപ്പിക്കേണ്ട വയറിംഗ് ഉപഭോക്താവിന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ചെയ്യേണ്ടതാണ്.
9. അനര്‍ട്ട് നിഷ്‌കര്‍ഷിച്ചിട്ടുള്ള ഉപകരണങ്ങള്‍ക്ക് പുറമേ മറ്റ് ചില സംവിധാനങ്ങള്‍ (ഉദാ. ഇടിമിന്നലില്‍നിന്നുള്ള സംരക്ഷണസംവിധാനം, പാനലുകള്‍ താങ്ങിനിര്‍ത്തുന്നതിന് ഇരുമ്പിന് പകരം അലൂമിനിയം ചട്ടക്കൂട്) ചില സ്ഥാപനങ്ങള്‍ സൗജന്യമായി ഉപഭോക്താവിന് നല്‍കുന്നുണ്ട്. മറ്റു ചില സ്ഥാപനങ്ങള്‍ഈ സംവിധാനങ്ങള്‍ നല്‍കുന്നില്ല. ഉപഭോക്താവ് ആവശ്യപ്പെടുകയാണെങ്കില്‍ അധിക തുക ഈടാക്കി ചിലര്‍ ഇവ ഏര്‍പ്പെടുത്തുന്നുണ്ട്. അതിനാല്‍, വിവിധ സ്ഥാപനങ്ങളുടെ വിലകള്‍ താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
10. സൗരോര്‍ജ്ജവൈദ്യുതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെ യു.പി.എസ്. ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് എന്റെ അനുഭവം. അവ തമ്മില്‍ ചില പൊരുത്തക്കേടുകള്‍ കാണുകയുണ്ടായി.
11. നല്ല വെയിലുള്ള ദിവസങ്ങളില്‍ നാലുമുതല്‍ അഞ്ചുവരെ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുവാന്‍ കഴിയുമെന്നാണ് അനര്‍ട്ട് പറയുന്നത്. ഒരു കിലോവാട്ട് ശേഷി മാത്രമുള്ള പദ്ധതിയായതിനാല്‍ ഒരേസമയം ആകെ 800 വാട്ട്‌സിലധികം വരുന്ന ഉപകരണങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുവാന്‍ ശ്രമിക്കരുത്.
12. മേല്‍പ്പറഞ്ഞ രീതിയില്‍ ഒരു വീട്ടിലെ ഉപഭോഗം ഉല്‍പാദനത്തേക്കാള്‍ കുറവാണെങ്കില്‍, പദ്ധതിയുടെ ശേഷി പൂര്‍ണ്ണമായും ഉപയോഗിക്കുന്നതിന് വാഷിംഗ് മെഷീന്‍, മിക്‌സി എന്നീ ഉപകരണങ്ങള്‍ സൗരോര്‍ജ്ജ വൈദ്യുതിയില്‍ ഉപയോഗിക്കാവുന്നതാണ്. ഉപയോഗിച്ചുതുടങ്ങുംമുമ്പ് ഒരു വൈദ്യുതി വിദഗ്ദ്ധന്റെ ഉപദേശം തേടണമെന്ന് മാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply