സൗമ്യകേസ് : മുഖ്യമന്ത്രി ക്യുറേറ്റിവ് പെറ്റിഷന്‍ നല്‍കണം

പി ഗീത കേരളീയ പൊതുബോധത്തെയും സ്ത്രീ സുരക്ഷയെയും ആഴത്തില്‍ മുറിവേല്പിച്ചു കൊണ്ടാണ് 2011 ല്‍ സൗമ്യ കൊല്ലപ്പെട്ടത്. ദെല്‍ഹിയിലെ നിര്‍ഭയാ സംഭവത്തിനു മുമ്പു നടന്ന ഈ അക്രമണം കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക സുരക്ഷക്കു ഭീഷണിയായി എന്നു മാത്രമല്ല, അത് സ്ത്രീകളുടെ വൈകാരിക സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്തു. അതു കൊണ്ടു തന്നെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളം ഇതിനോടു പ്രതികരിച്ചു. അസംഘടിതമേഖലയിലെ ഒരു തൊഴിലാളി സ്ത്രീ ആയിരുന്നു സൗമ്യ. അവള്‍ ഒരു പൊതു വാഹനത്തില്‍ ( തീവണ്ടി) ജോലിസ്ഥലത്തു നിന്ന് […]

sപി ഗീത

കേരളീയ പൊതുബോധത്തെയും സ്ത്രീ സുരക്ഷയെയും ആഴത്തില്‍ മുറിവേല്പിച്ചു കൊണ്ടാണ് 2011 ല്‍ സൗമ്യ കൊല്ലപ്പെട്ടത്. ദെല്‍ഹിയിലെ നിര്‍ഭയാ സംഭവത്തിനു മുമ്പു നടന്ന ഈ അക്രമണം കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക സുരക്ഷക്കു ഭീഷണിയായി എന്നു മാത്രമല്ല, അത് സ്ത്രീകളുടെ വൈകാരിക സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്തു. അതു കൊണ്ടു തന്നെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളം ഇതിനോടു പ്രതികരിച്ചു.
അസംഘടിതമേഖലയിലെ ഒരു തൊഴിലാളി സ്ത്രീ ആയിരുന്നു സൗമ്യ. അവള്‍ ഒരു പൊതു വാഹനത്തില്‍ ( തീവണ്ടി) ജോലിസ്ഥലത്തു നിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്നു. അവളുടെ വീട്ടില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള വള്ളത്തോള്‍ നഗറില്‍ വെച്ച് നൂറു കണക്കിന് ആള്‍ക്കാര്‍ സഞ്ചരിക്കുന്ന ഒരു പൊതു വാഹനത്തില്‍ വെച്ച് നിസ്സഹായയും ഒറ്റപ്പെട്ടവളുമായ ആ പാവപ്പെട്ട പെണ്‍കുട്ടി ഏകപക്ഷീയമായി ആക്രമിക്കപ്പെടുകയായിരുന്നു. കേരളത്തിന്റെ പൊതു മന:സാക്ഷി അവള്‍ക്കൊപ്പമായിരുന്നു.
ഞാന്‍ മനസിലാക്കുന്നത് കേരളത്തിന്റെ ആ നിലക്കുള്ള മകളായി ഇന്നത്തെ മുഖ്യമന്ത്രിയും സൗമ്യയെ ഏറ്റെടുത്തിരുന്നു എന്നു തന്നെയാണ്. ആ നിലക്ക് കൂടി കേരളത്തിലെ പാവപ്പെട്ട അസംഖ്യം പെണ്‍മക്കള്‍ക്കു വേണ്ടി അദ്ദേഹം നിര്‍വഹിക്കേണ്ട ദൗത്യമാണ് അത് എന്നു ഞാന്‍ വിശ്വസിക്കുന്നു.
സൗമ്യയുടെ കൊലപാതകം ബഹു. സുപ്രീം കോടതിക്ക് ബോധ്യപ്പെടുക തന്നെ ഉണ്ടായില്ല. അപ്പോള്‍ സൗമ്യയുടേത് ഒരു ബലാത്സംഗക്കേസു മാത്രമായിരുന്നുവോ? നിലവില്‍ സൗമ്യയുടെ മരണം സംബന്ധിച്ചു പുറത്തു വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത് അവളുടേത് ഒരു കൊലപാതകക്കേസു തന്നെ ആയിരുന്നു എന്നതാണ്.
എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ഒറ്റക്കു യാത്ര ചെയ്യവേ അവള്‍ ഏപക്ഷീയമായ ഒരു കൈയേറ്റത്തിനിരയായി.ആ ക്രൂരനായ ബലാത്സംഗി അവളെ നിശബ്ദയും നിശ്ചലയും ആക്കിയെന്നും തത്ഫലമായി അവള്‍ക്ക് സ്വാഭാവിക പ്രതികരണങ്ങള്‍ അസാധ്യമായി എന്നും ബഹു .കോടതി നിരീക്ഷിച്ചു. പക്ഷേ അവള്‍ കൊല ചെയ്യപ്പെട്ടതാണെന്നതിന് തെളിവ് ഇല്ലെന്നും കോടതി.
അബോധാവസ്ഥയിലായ സൗമ്യ എവിടെ വീഴണമെന്നു നിശ്ചയിച്ചത് ആരായിരിക്കും? ആ ബോഗിയില്‍ സാമ്യയും പ്രതിയും മാത്രമായിരിക്കെ അതില്‍ അവള്‍ക്ക് ബോധം നശിച്ച് ഇളകാന്‍ തന്നെ പറ്റാതിരിക്കുമ്പോള്‍? അവള്‍ വീഴണമെന്ന് അയാള്‍ നിശ്ചയിച്ച സ്ഥലത്തു മാത്രമേ അവള്‍ തള്ളിയിടപ്പെടുകയുള്ളൂ എന്നു മനസിലാക്കാന്‍ സാമാന്യയുക്തി മതിയാകുമല്ലോ. ആദ്യഘട്ടത്തില്‍ പ്രതിയുടെ നേരിട്ടുള്ള ആക്രമണത്താലും രണ്ടാം ഘട്ടത്തില്‍ പാളത്തിലേക്കു തള്ളിയിടപ്പെട്ടപ്പോഴും സൗമ്യക്കേറ്റ പരിക്കുകള്‍ മാരകമായിരിക്കും. തുടര്‍ന്ന് മറു വശത്തെ വാതിലിലൂടെ പ്രതി ഇരുന്ന് ഇറങ്ങിപ്പോകുന്നു. അയാള്‍ പിന്നോക്കം നടക്കുന്നു. വണ്ടി പോയ ട്രാക്കില്‍ നിന്ന് രണ്ടു ടാക്കുകള്‍ കഴിഞ്ഞ് അത്ര പെട്ടെന്നു കണ്ടെത്താന്‍ പറ്റാത്ത ഒരിടത്തു നിന്നാണ് സൗമ്യയുടെ നഗ്‌നമായ ശരീരം ഒന്നര മണിക്കൂറിനു ശേഷം കണ്ടു കിട്ടുന്നത് . യാത്ര ചെയ്യുമ്പോഴും വീഴ്ത്തപ്പെടുമ്പോഴും ഉണ്ടായിരുന്ന വസ്ത്രം അഴിച്ചു മാറ്റിയത് പ്രതി. അദ്ദേഹം രണ്ടു ട്രാക്കിനപ്പുറത്തേക്ക് അവളെ മലര്‍ത്തിയിട്ട് ബലാല്‍ ഭോഗിക്കുന്നതോടെ മരണകാരണമായ പരിക്കുകളുടെ മൂന്നാം ഘട്ടവുമായി .
സൗമ്യയുടെ സഹയാത്രികരെക്കുറിച്ചു കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ടോമി ദേവസ്യ ( 4ാം സാക്ഷി ), ഷുക്കൂര്‍ (40ാം സാക്ഷി ) എന്നിവര്‍ സൗമ്യയുടെ കരച്ചില്‍ കേട്ടവരും ഗോവിന്ദ സ്വാമി ലക്ഷ്മീ …ലക്ഷ്മീ … എന്നു വിളിച്ചു വന്നപ്പോള്‍ അയാളെ നേരിട്ടു കണ്ടവരുമാണ്. അപ്പുറത്തെ ബോഗിയില്‍ നിന്നുള്ള അലറിക്കരച്ചില്‍ പെട്ടെന്നു നിലച്ചപ്പോള്‍ ചങ്ങല വലിക്കാന്‍ ഇവര്‍ തുനിഞ്ഞെങ്കിലും വാതില്‍ മറഞ്ഞു നിന്ന ഒരു ‘അപരിചിതന്‍ ‘ ആ പെണ്ണു ചാടിയെന്നും പിന്നീട് അതെഴുന്നേറ്റു പോയെന്നും ദേവസ്യയെയും ഷുക്കൂറിനെയും വിലക്കുന്നു. അതിലധികമായി അയാള്‍ പറയുന്നത് ചങ്ങല വലിച്ചാല്‍ നാളെ നമ്മളൊക്കെ കോടതി കയറേണ്ടി വരുമെന്നുമായിരുന്നു. അതായത് കോടതി കയറാന്‍ മാത്രമുള്ള ഒരു ക്രൈം അവിടെ നടന്നിട്ടുണ്ട് എന്നു ബോധ്യമുള്ള ആളായിരുന്നു പിന്നീട് കാണുകയേ ചെയ്യാത്ത ഈ അപരിചിതന്‍. തമിഴന്‍ ഭാര്യ ലക്ഷ്മി കലഹപ്രതീതി ഉണ്ടാകുന്നതില്‍ ഇയാളുടെ പങ്കെന്തായിരുന്നു? എന്തിനാണ് ഇയാള്‍ വാതില്‍ മറഞ്ഞു നിന്ന് കാഴ്ച മറച്ചത്? കോടതി കയറുക എന്ന ഭീഷണി ഉയര്‍ത്തി ചങ്ങല വലിക്കാതിരിക്കാന്‍ ഇയാള്‍ കാണിച്ച ജാഗ്രത ഒരു മധ്യവര്‍ഗ സ്വാര്‍ഥതയുടെ മാത്രം പ്രതിഫലനമായിരുന്നുവോ? ഷൊര്‍ണൂരില്‍ ഇറങ്ങിയ ശേഷം ഇയാളെ ആരും കണ്ടില്ല. പിന്നീട് ഒരിക്കലും കണ്ടില്ല. രേഖാചിത്രങ്ങളില്‍ ഇയാളുടെ രൂപം തെളിഞ്ഞില്ല. യഥാര്‍ഥത്തില്‍ ആരായിരുന്നു ഇയാള്‍? എന്തായിരുന്നു ഇയാളുടെ ദൗത്യം? ഇന്നും അജ്ഞാതനായി തുടരുന്ന അയാള്‍ ഇപ്പോള്‍ എവിടെയായിരിക്കും? ഈ അദൃശ്യതയും അഗമ്യതയും ഒട്ടും സ്വാഭാവികമല്ല.
സാക്ഷികള്‍ ഷൊര്‍ണര്‍ റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ച ഈ കരച്ചില്‍ വിവരമാണ് സൗമ്യാക്കേസായി വികസിച്ചത്. ഇവര്‍ മൊഴി മാറ്റിയില്ല. പിന്നെന്തിന് ഇവരെ കൂറുമാറിയവരായി പ്രഖ്യാപിക്കണമെന്ന് ചില അഭിഭാഷകര്‍ ചാനലുകളില്‍ വാദിക്കുന്നുവെന്നത് വ്യക്തമല്ല. അവരെ കാത്തിരിക്കുന്ന സര്‍ക്കാര്‍പ്രോസിക്യൂട്ടര്‍ പദവികള്‍ക്കപ്പുറമുള്ള എന്തെങ്കിലും ന്യായീകരണം ഈ വാദത്തില്‍ ഉണ്ടായിരിക്കുമോ?എങ്കില്‍ അതെന്തായിരിക്കും?
സൗമ്യയുടെ മരണം ശ്വാസം മുട്ടിയാണെന്നു കേള്‍ക്കുന്നു . എന്നാല്‍ ഒരാളെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ മെഡിക്കല്‍ / പാരാമെഡിക്കല്‍ സ്റ്റാഫ് ട്രെയിനിങ് കഴിഞ്ഞിരിക്കണമെന്ന നിരീക്ഷണത്തിന്റെ യുക്തി എന്താണ്? ഇന്നോളം സ്ത്രീകളെയും കുട്ടികളെയും മറ്റു നിസ്സഹായരെയും ശ്വാസം മുട്ടിച്ചു കൊന്നവരൊക്കെ ഈ കോഴ്‌സുകഴിഞ്ഞവരായിരുന്നുവോ? അപ്പോള്‍ ഇതുവരെ സംഭവിച്ച മുങ്ങിമരണം തൂങ്ങിമരണം കഴുത്തുഞെരിക്കല്‍ എന്നിവയൊക്കെ സംഭവിച്ചത് ഈ വിദഗ്ധ പരിശീലകരുടെ സഹായം കൊണ്ടായിരുന്നുവോ? അഥവാ മെഡിക്കല്‍/ പാരാമെഡിക്കല്‍ ട്രെയിനിങ് കഴിയാത്തവര്‍ ശ്വാസം മുട്ടിച്ചു കൊന്നാല്‍ ഇനിമേല്‍ അത് കൊലപാതകത്തിനു തെളിവില്ലാത്തതിനാല്‍ കൊലപാതകം അല്ലാതിരിക്കുമോ? പ്രസ്തുത പരിശീലനം കിട്ടിയവരില്‍ മാത്രം ചുമത്തപ്പെടാവുന്ന കുറ്റമായി ശ്വാസം മുട്ടിച്ചുള്ള കൊലപാതകം മാറുമോ? പിന്നെ ആയുധമുണ്ടായിരുന്നോ എന്ന ടെക്‌നിക്കല്‍ ചോദ്യം. ഓടുന്ന തീവണ്ടിയും ആക്രമണ സജ്ജമായ ഒരു ക്രൂര മനസിന്റെ സാന്നിധ്യം കൊണ്ട് കരുത്തു ശത ഗുണീഭവിച്ച പുരുഷശരീരവും തന്നെയായിരുന്നു ഇവിടെ ആയുധങ്ങള്‍ .ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ആണിക്കല്ലിളക്കുന്ന ഇത്തരം വാദങ്ങള്‍ ആര്‍ക്കു വേണ്ടിയാണു നിരത്തപ്പെട്ടത്?
വധശിക്ഷയെക്കുറിച്ചുള്ള ന്യായാന്യായങ്ങള്‍ തല്ക്കാലം മാറ്റിവെച്ചാല്‍ മാത്രമേ ഗോവിന്ദ സ്വാമി സൗമ്യയോടു പ്രവര്‍ത്തിച്ച അത്യാചാരം വ്യക്തമാവുകയുള്ളു എന്നാണ് എനിക്കു തോന്നുന്നത്. മദ്യശാലകളില്‍ ആഘോഷിക്കപ്പെടുന്ന ഈ പെണ്‍കുട്ടിയുടെയും സ്ത്രീ സമൂഹത്തിന്റെയും പരാജയം സര്‍ക്കാരിനെ കണ്ണു തുറപ്പിച്ചിരുന്നെങ്കില്‍!
എല്ലാം അവസാനിച്ചുവെന്നത് പ്രതിക്കനുകൂലമായ നിലപാടു പ്രചരണമാണ്. ഇനിയുമുണ്ട് മുഖ്യമന്ത്രിയുടെ മുമ്പില്‍ സാധ്യതകള്‍ ക്യുറേറ്റിവ് പെറ്റിഷന്‍ നല്കുക. അതോടൊപ്പം ജെണ്ടര്‍ സെന്‍സിറ്റിവ് ആയ ചീഫ് ജസ്റ്റിസുമാരെ നിര്‍ദേശിക്കുക.അതില്‍ രണ്ടു പേരെങ്കിലും മറ്റു സ്വാര്‍ഥ താല്പര്യങ്ങള്‍ ഇല്ലാത്ത വനിതാ ജഡ്ജുമാരാവുക. ബഹു സുപ്രീം കോടതിയുടെ തെറ്റിദ്ധാരണ മാറ്റുകയും സ്ത്രീ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന മട്ടില്‍ അവസരത്തിനൊത്തുയര്‍ന്ന് കേരള മുഖ്യമന്ത്രി സൗമ്യാക്കേസ്സില്‍ ഇടപെടണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. അത് സ്ത്രീ നീതിയുടെ മാത്രം ഭാഗമല്ല, സാമൂഹ്യനീതിക്കും മനുഷ്യാവകാശ സംരക്ഷണത്തിനും ഇന്ത്യന്‍ പൗരിയുടെ മൗലികാവകാശത്തിനും വേണ്ടിയുള്ള സര്‍ക്കാര്‍ നിലപാടാണ്. കേരളത്തിലെ ആദ്യത്തെ നിര്‍ഭയാ കോടതി ഇങ്ങനെ ദയനീയമായി പരാജയപ്പെടാതിരിക്കാന്‍ കേരള മുഖ്യമന്ത്രി ഇടപെടട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply