സ്‌കൂള്‍ അടച്ചുപൂട്ടല്‍ : വേണ്ടത്‌ യാഥാര്‍ത്ഥ്യബോധം

ഈ ഇരട്ടത്താപ്പിന്‌ വഴങ്ങണോ എന്ന തലക്കെട്ടില്‍ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷനിലെ ഫാക്കല്‍റ്റിയംഗമായ ഡോ. ജോസ്‌ സെബാസ്റ്റ്യന്‍ മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനം സമകാലികാവസ്ഥയില്‍ വളരെ പ്രസക്തമാണ്‌. അനാദായകരമായ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ എന്ന വിഷയത്തില്‍ ഒരാലോചന എന്ന വിശേഷണത്തോടെ എഴുതിയ ലേഖനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതായ പല ഗൗരവപരമായ വിഷയങ്ങളും ഉന്നയിക്കുന്നുണ്ട്‌. കേരളത്തിന്റെ ധനകാര്യ സുസ്ഥിരതയ്‌ക്ക്‌ ഏറ്റവും വലിയ ഭീഷണിയായി 12,000ത്തോളം വരുന്ന അധിക അധ്യാപക തസ്‌തികകള്‍ മാറിയിട്ടുണ്ടെന്നും ഭാവിതലമുറയെ കരുപ്പിടിപ്പിക്കാനാണ്‌ പൊതുസമൂഹം ഈ […]

sssഈ ഇരട്ടത്താപ്പിന്‌ വഴങ്ങണോ എന്ന തലക്കെട്ടില്‍ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷനിലെ ഫാക്കല്‍റ്റിയംഗമായ ഡോ. ജോസ്‌ സെബാസ്റ്റ്യന്‍ മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനം സമകാലികാവസ്ഥയില്‍ വളരെ പ്രസക്തമാണ്‌. അനാദായകരമായ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ എന്ന വിഷയത്തില്‍ ഒരാലോചന എന്ന വിശേഷണത്തോടെ എഴുതിയ ലേഖനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതായ പല ഗൗരവപരമായ വിഷയങ്ങളും ഉന്നയിക്കുന്നുണ്ട്‌.
കേരളത്തിന്റെ ധനകാര്യ സുസ്ഥിരതയ്‌ക്ക്‌ ഏറ്റവും വലിയ ഭീഷണിയായി 12,000ത്തോളം വരുന്ന അധിക അധ്യാപക തസ്‌തികകള്‍ മാറിയിട്ടുണ്ടെന്നും ഭാവിതലമുറയെ കരുപ്പിടിപ്പിക്കാനാണ്‌ പൊതുസമൂഹം ഈ ഭാരം വഹിക്കുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു എന്നും എന്നാല്‍ അധ്യാപകരുടെ ജോലിസംരക്ഷണം എന്ന ഒറ്റലക്ഷ്യംമാത്രം മുന്‍നിര്‍ത്തിയുള്ളതാണ്‌ ഈനയമെന്നും ജോസ്‌ സെബാസ്‌റ്റിയന്‍ പറയുന്നു. ഈ നയം എങ്ങനെയാണ്‌ പാവപ്പെട്ടവരുടെ
കുട്ടികളോട്‌ അനീതി പ്രവര്‍ത്തിക്കുന്നതെന്ന്‌ മനസ്സിലാകുന്നില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.
ജോസ്‌ സെബാസ്‌റ്റിയന്‍ പറയുന്നത്‌ ശരിയാണ്‌. എന്നാല്‍ അതുമാത്രമല്ല ഈ വീക്ഷണത്തിനുകാരണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ (മറ്റു സ്ഥാപനങ്ങളും) സോഷ്യലിസത്തിന്റെ പ്രതീകമാണെന്നും സ്വകാര്യമേഖല ഒന്നടങ്കം ചൂഷകരാണെന്നും നിക്ഷേപകത്വം ചെയ്യുന്നവരെല്ലാം തെമ്മാടികളാണെന്നുമുള്ള മലയാളിയുടെ കപടമായ ഇടതുപക്ഷബോധവും ഈ ചിന്താഗതിക്കു പുറകിലുണ്ട്‌. ജോസ്‌ പറയുന്നപോലെ ഇവരാരും സ്വന്തം കാര്യത്തില്‍ ഈ പറയുന്നതുപോലെ ചെയ്യാറില്ല എന്നത്‌ എല്ലാവര്‍ക്കുമറിയാവുന്ന സത്യം മാത്രം.
കേരളത്തില്‍ 3,557 സ്‌കൂളില്‍ 60 കുട്ടികളില്‍ത്താഴെ മാത്രമേയുള്ളൂ. 30 കുട്ടികളില്‍ താഴെയുള്ള സ്‌കൂളുകള്‍ 717 വരും. 593 സ്‌കൂളില്‍ 20ല്‍ താഴെമാത്രം കുട്ടികളേയുള്ളൂ. ഇത്തരത്തിലുള്ള വിദ്യാലയങ്ങള്‍ ജോസ്‌ പറയുന്നപോലെ ഉടന്‍ അടച്ചുപൂട്ടണമെന്നില്ല പറയുനനത്‌. എങ്കിലും ഇതുപോലെ തുടരണമെന്നതില്‍ ഒരര്‍ത്ഥവുമില്ല.
കേരളത്തില വിദ്യാഭ്യാസരംഗത്ത്‌ സ്വകാര്യ മേഖലയും പൊതുമേഖലയും തുല്ല്യമായ പങ്കുവഹിച്ചിട്ടുണ്ട്‌. എന്നാല്‍ പിന്നീട്‌ ഇരു വിഭാഗവും വിദ്യാഭ്യാസത്തെ തകര്‍ക്കുന്നതിലും തുല്ല്യപങ്കാണ്‌ വഹിക്കുന്നത്‌. സമൂഹത്തോടോ വരുംതലമുറയോടോ ഒരു ബാധ്യതയുമില്ലാത്ത നിലപാടാണ്‌ പൊതുവില്‍ സര്‍ക്കാര്‍ അധ്യാപകരുടേത്‌. അണ്‍ എയ്‌ഡഡ്‌ മേഖലയാകട്ടെ എല്ലാവര്‍ക്കുമറിയാവുന്ന പോലെ വിദ്യാഭ്യാസ കച്ചവടം തന്നെയാണ്‌ നടത്തുന്നത്‌. ഇവക്കിടിയല്‍ നില്‍ക്കുന്ന എയ്‌ഡഡ്‌ മേഖലയാണ്‌ അല്‍പ്പം ഭേദം. അപ്പോഴും വന്‍തോതില്‍ പണം വാങ്ങി ആവശ്യത്തില്‍ കൂടുതല്‍ അധ്യാപകരെ അവര്‍ നിയമിച്ചു. അവര്‍ക്ക്‌ ശബളം കൊടുക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനായി. അണ്‍ എയ്‌ഡഡ്‌ അധ്യാപകര്‍ക്കാകട്ടെ തുച്ഛം വേതനം. അവരുടെ പ്രശ്‌നങ്ങളില്‍ അധ്യാപക സംഘടനകള്‍ നിശബ്ദം.
ജോസ്‌ ചൂണ്ടികാണിക്കുന്നപോലെ, കുറ്റപ്പെടുത്തുമ്പോഴും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരും മറ്റു ജീവനക്കാരും വിപ്ലവകാരികളടക്കമുള്ള നേതാക്കളും പണക്കാരും പാവപ്പെട്ടവരുമെല്ലാം തങ്ങളുടെ കുട്ടികളെ അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളിലേക്ക്‌ വിട്ടു. അത്‌ എയ്‌ഡഡ്‌്‌ – സര്‍ക്കാര്‍ മേഖലയെ ബാധിച്ചു. കൂടാതെ ജനനനിരക്കിലുണ്ടായ കുറവ്‌. സ്വാഭാവികമായും ഇപ്പോഴത്തെ അവസ്ഥ സംജാതമാകാതിരിക്കുന്നതെങ്ങിനെ? ആദ്യം സര്‍ക്കാര്‍ സ്‌കൂളുകളിലും പിന്നാലെ എയ്‌ഡഡ്‌ സ്‌കൂളുകളിലും കുട്ടികള്‍ കുറഞ്ഞു. ഈ സാഹചര്യത്തില്‍ ഗൗരവമായി ഈ വിഷയം പരിശോധിക്കാതെ സ്‌കൂള്‍ അടച്ചുപൂട്ടുന്നു എന്ന്‌ മുറവിളി കൂട്ടുന്നതില്‍ എന്തര്‍ത്ഥം? ഈ പോക്കുപോയാല്‍ ഇന്നല്ലെങ്കില്‍ നാളെ അതല്ലേ ചെയ്യേണ്ടിവരുക?
ജോസ്‌ പറയുന്നപോലെ ഇതൊന്നും നമ്മുടെ അധ്യാപകസംഘടനകളെ അലട്ടുന്നില്ല. നേരത്തെ സൂചിപ്പിച്ചപോലെ അവരുടെ മക്കളില്‍ മുക്കാലേ മുണ്ടാണിയും പഠിക്കുന്നത്‌ അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളിലാണല്ലോ. പക്ഷേ, അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകള്‍ വ്യാപകമാകുന്നതിനെ അവര്‍ പല്ലും നഖവുമുപയോഗിച്ച്‌ എതിര്‍ക്കുകയും ചെയ്യും. വിദ്യാര്‍ത്ഥി സംഘടനകളാകട്ടെ അവിടെ പോയി സമരവും ചെയ്യില്ല. എന്നാല്‍
പൊതുസമൂഹം എത്രകാലം ഈ ഇരട്ടത്താപ്പിന്‌ വഴങ്ങിക്കൊടുക്കണം എന്ന ചോദ്യം പ്രസക്തമാണ്‌.
അപ്പോഴും ഉടനടി എല്ലാവരും അണ്‍ എയ്‌ഡഡ്‌്‌ മേഖലയിലേക്കു പോകണമെന്ന ജോസിന്റെ കാഴ്‌ചപ്പാട്‌ ശരിയാണെന്നു തോന്നുന്നില്ല. അവിടെ മികച്ച വിദ്യാഭ്യാസമാണെന്ന തെറ്റിദ്ധാരണയാണ്‌ ഈ നിലപാടിനു പുറകില്‍. സമീപകാലത്ത്‌ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട എത്രയോ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും മുന്‍കൈയില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്‌. ആ ദിശയില്‍ പരീക്ഷണം നടത്തുന്നതില്‍ ഒരു തെറ്റുമില്ല. മാത്രമല്ല വിദ്യാഭ്യാസമെന്നത്‌ പുസ്‌തകത്തില്‍ പറയുന്ന കാര്യങ്ങള്‍ പഠിക്കല്‍ മാത്രമല്ല. അണ്‍ എയ്‌ഡഡ്‌്‌ വിദ്യാര്‍ത്ഥികളേക്കാള്‍ പൊതുവിജ്ഞാനത്തിലും വ്യക്തിത്വത്തിലുമെല്ലാം മുന്നില്‍ നില്‍ക്കുന്നത്‌ മറ്റു കുട്ടികളാണ്‌. ഇപ്പോഴത്തെ രീതിയിലല്ലെങ്കിലും സമരമടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തനവും (കക്ഷിരാഷ്ട്രീയമല്ല) പൊതുവിഷയങ്ങളില്‍ ഇടപെടലുമെല്ലാം വിദ്യാര്‍ത്ഥികള്‍ക്കുമാകാം. അതെല്ലാം നിഷേധിച്ച്‌ ഒരു ഏകപക്ഷിയതയില്‍ നിന്ന്‌ മറ്റേ ഏകപക്ഷീയതയില്‍ എത്തുന്നതില്‍ കാര്യമില്ല. നന്നാവാന്‍ ഒരവസരം കൊടുക്കണമല്ലോ.
എന്തായാലും വളരെ പ്രസക്തമായ വിഷയമാണ്‌ ജോസ്‌ സെബാസ്‌റ്റിയന്‍ ഉന്നയിക്കുന്നത്‌ എന്നതില്‍ സംശയമില്ല. ഇനിയും ഈ നിലയില്‍ തുടരുക എളുപ്പമല്ല. മുകളില്‍ സൂചിപ്പിച്ച പോലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോഷ്യലിസത്തിന്റെ പ്രതീകമാണെന്നും സ്വകാര്യമേഖല ഒന്നടങ്കം ചൂഷകരാണെന്നുമുള്ള അന്ധവിശ്വാസം മാറ്റണം. യാഥാര്‍ത്ഥ്യബോധത്തോടെയാണ്‌ കാര്യങ്ങളെ നോക്കികാണേണ്ടത്‌. ജോസിന്റെ ഈ കുറിപ്പ്‌ അത്തരത്തിലുള്ള ഒരു വിചിന്തനത്തിനു കാരണമായാല്‍ അത്രയും നന്ന്‌.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply