സ്വര്‍ണ്ണം : വനിതാ കമ്മീഷന്‍ പ്രസ്താവന കൊള്ളാം, പക്ഷെ ധൈര്യമുണ്ടോ?

വിവാഹ വേദികളില്‍ വധു അണിയുന്ന സ്വര്‍ണം 10 പവനായി നിജപ്പെടുത്താന്‍ വേണ്ട നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായുള്ള സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ കെ. സി. റോസക്കുട്ടിയുടെ പ്രസ്താവന കൊള്ളാം. എന്നാല്‍ അതു നടപ്പാക്കാനുള്ള ധൈര്യം  സര്‍ക്കാരിനോ സര്‍ക്കാരിനെ കൊണ്ട് അതു ചെയ്യിക്കാനുള്ള ആര്‍ജ്ജവം കമ്മീഷനോ ഉണ്ടോ? ഉണ്ടെന്നു തോന്നുന്നില്ല. വിവാഹധൂര്‍ത്ത് നിയന്ത്രിക്കുമെന്ന് പല വനിതകമ്മീഷന്മാരും പല മന്ത്രിമാരും എത്രയോ തവണ പറഞ്ഞിട്ടുണ്ട്. ഒരു ചുക്കും സംഭവിച്ചില്ല എന്നുമാത്രം. വധു 10 പവനില്‍ കൂടുതല്‍ സ്വര്‍ണം […]

rosakuttyവിവാഹ വേദികളില്‍ വധു അണിയുന്ന സ്വര്‍ണം 10 പവനായി നിജപ്പെടുത്താന്‍ വേണ്ട നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായുള്ള സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ കെ. സി. റോസക്കുട്ടിയുടെ പ്രസ്താവന കൊള്ളാം. എന്നാല്‍ അതു നടപ്പാക്കാനുള്ള ധൈര്യം  സര്‍ക്കാരിനോ സര്‍ക്കാരിനെ കൊണ്ട് അതു ചെയ്യിക്കാനുള്ള ആര്‍ജ്ജവം കമ്മീഷനോ ഉണ്ടോ? ഉണ്ടെന്നു തോന്നുന്നില്ല. വിവാഹധൂര്‍ത്ത് നിയന്ത്രിക്കുമെന്ന് പല വനിതകമ്മീഷന്മാരും പല മന്ത്രിമാരും എത്രയോ തവണ പറഞ്ഞിട്ടുണ്ട്. ഒരു ചുക്കും സംഭവിച്ചില്ല എന്നുമാത്രം.
വധു 10 പവനില്‍ കൂടുതല്‍ സ്വര്‍ണം അണിയുകയാണെങ്കില്‍ അധിക സ്വര്‍ണം കൊടുത്തവരില്‍ നിന്നും വാങ്ങിയവരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും നികുതി ഈടാക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതും നന്ന്്. അതോടൊപ്പം അവര്‍ പറഞ്ഞ മറ്റൊരു കാര്യം കേട്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. വിവാഹ വേദികളില്‍ കൂടുതല്‍ സ്വര്‍ണവും ആര്‍ഭാ!ടവും മൂലം വധുവിന്റെ ശരിയായ സൗന്ദര്യം ശ്രദ്ധിക്കാതെ പോകുന്നുവത്രെ. അത് തമാശയായി തള്ളികളയാം.
മലയാളിയുടെ ഏറ്റവും വലിയ കാപട്യമാണ് സ്വര്‍ണ്ണത്തോടുള്ള ശ്രമം. ഒരുകാലത്ത് നമുക്കന്യമായിരുന്ന അക്ഷയത്രിതീയ പോലും ഇന്ന് എത്ര വലിയ ആഘോഷമാണ്. ശരാശരി മലയാളിയുടെ പൊങ്ങച്ചം പ്രകടമാകുന്നത് പ്രധാനമായും അഞ്ചു സംഭവങ്ങളുമായി ബന്ധപ്പെട്ടാണ്. അവ വിവാഹം, വിദ്യാഭ്യാസം, വീടുനിര്‍മ്മാണം, വാഹനം, ചികിത്സ എന്നിവയാണ്. പണമുള്ളവരുടെ പൊങ്ങച്ചത്തെ അനുകരിക്കാന്‍ പാവപ്പെട്ടവരും സാധാരണക്കാരും ശ്രമിക്കുന്നു. കാരണം അവയാണല്ലോ മാന്യതയുടെ സിംബല്‍. എന്നാല്‍ അതോടെ അവരെത്തിപെടുന്നത് വന്‍ കടക്കെണികളിലാണ്. എന്തിനും വായ്പ നല്‍കാന്‍ തയ്യാറായാണല്ലോ നമ്മുടെ ധനകാര്യ സ്ഥാപനങ്ങള്‍ നിലകൊള്ളുന്നത്. പൊങ്ങച്ചമത്സരത്തില്‍ ഭൂരിഭാഗവും കടക്കെണിയിലാകുന്നു. പലരും പിന്നീട് കൂട്ട ആത്മഹത്യയിലും.
മേല്‍സൂചിപ്പിച്ച വിഷയങ്ങളില്‍ ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനം മലയാളിക്കാണ്. ഇക്കാര്യത്തില്‍ മാതൃകയാകേണ്ട നേതാക്കളും ബുദ്ധീജീവികളും എഴുത്തുകാരുമെല്ലാം പൊങ്ങച്ചത്തിന്റെ ഓട്ടപ്പന്തയത്തില്‍ തന്നെ. വിവാഹത്തിന്റെ കാര്യം തന്നെ നോക്കൂ. മുമ്പൊന്നും ഇത്രമാത്രം ആര്‍ഭാടം നമ്മുടെ വിവാഹങ്ങള്‍ക്കുണ്ടായിരുന്നില്ല. അടുത്തയിടെയാണ് മാന്യതയുടെ പ്രതീകമായി വിവാഹങ്ങള്‍ മാറിയത്.എത്ര പണം ചിലവായാലും വിവാഹം സംഭവമായി മാറണം. അതിന്റെ പ്രകടിതരൂപം സ്വര്‍ണ്ണം തന്നെ.  നാടെങ്ങും കൂണുപോലെ വന്‍കിട ടെക്‌സ്‌റ്റൈല്‍സുകളും ജ്വല്ലറികളും ഉയരുന്നു. മുമ്പൊക്കെ സ്ത്രീധന സമ്പ്രദായം കാര്യമായി നിലവില്ലില്ലായിരുന്ന സമുദായങ്ങളിലേക്കും അതു വ്യാപിച്ചുകഴിഞ്ഞു. എന്തും കടം കിട്ടാന്‍ സാധ്യതകള്‍ ഏറെയായതിനാല്‍ അതുവാങ്ങി വിവാഹം നടത്തി ശിഷ്ടകാലം കടക്കെണിയിലാകുന്നു. വരന്റെ വീട്ടുകാര്‍ക്ക് വിവാഹം വന്‍ ബിസിനസ്സാകുന്നു. എന്നാല്‍ അവിടെയും പെണ്‍കുട്ടികളുടെ വിവാഹത്തിനു ഇതേവിഷയം ആവര്‍ത്തിക്കുന്നു. സ്ത്രീധനപീഡനങ്ങളും നിരന്തരമായി വാര്‍ത്തയാകുന്നു.
വീടുനിര്‍മ്മാണത്തിന്റെ കാര്യവും അതുതന്നെ. വീടും വാഹനങ്ങളും ഇന്നു മാന്യതയുടെ പ്രതീകം തന്നെ. ലോണ്‍ വാഗ്ദാനവുമായി വരുന്ന ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് തിരിച്ചടവിനെ കുറിച്ചാലോചിക്കാതെ പണം വാങ്ങി കൊട്ടാരസമാനമായ വീടുവെച്ചും ആഡംബരവാഹനം വാങ്ങിയും പാപ്പരായവര്‍ എത്രയാണ്. അവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്ങ്ങളും അതിരൂക്ഷമായിരിക്കുകയാണ്. പുഴയും കാടും പശ്ചിമഘട്ടവും തകരന്നത് പ്രധാനമായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണല്ലോ. വാഹനങ്ങള്‍ സൃഷ്ടിക്കുന്ന ആഗോളതാപനവും റോഡുകള്‍ക്കായുള്ള കുടിയൊഴിക്കലും രൂക്ഷമാകുന്നു. ഈ സാഹചര്യത്തില്‍ വിവാഹം, വീട്, വാഹനം തുടങ്ങിയവയിലെ ധൂര്‍ത്ത് ഒഴിവാക്കാന്‍ കര്‍ശനമായ നിയമനിര്‍മ്മാണം നടത്തുന്നതില്‍ ഒരു തെറ്റുമില്ല. അതിനെങ്കിലും വനിതാകമ്മീഷന്റെ ശ്രമം സഹായിച്ചെങ്കില്‍ നന്ന്.
മറ്റു രണ്ടുവിഷയങ്ങള്‍ നാം തുടരുന്ന നയസമീപനങ്ങളുടെ ദുരന്തഫലങ്ങളാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മുന്‍നിരയിലാണെന്നു ഏറെ അഹങ്കരിച്ചവരാണ് നാം. എന്നാല്‍ രണ്ടും ഏറ്റവും വലിയ കച്ചവടമേഖലയായി മാറിയതിന്റെ ദുരന്തഫലങ്ങളാണ് നാമിന്ന് അനുഭവിക്കുന്നത്. ഒപ്പം നമ്മുടെ മിഥ്യാഭിമാനങ്ങളും. പൊതുവിദ്യാഭ്യാസത്തേയും ആരോഗ്യത്തേയും നശിപ്പിച്ചതില്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്ല പങ്കുണ്ടെന്നത് ശരി. പക്ഷെ അതിനു പരിഹാരമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ആശുപത്രികളേയുമാണ് നാം കണ്ടത്. അവയും അങ്ങനെ മാന്യതയുടെ പ്രതീകങ്ങളായി. കഴുത്തറുപ്പന്‍ കച്ചവടത്തിനായി നാം തല വെച്ചുകൊടുക്കുന്നു.മക്കളുടെ  ഉന്നതവിദ്യാഭ്യാസത്തിനായി വന്‍തുക കൊടുത്ത്  ‘പ്രബുദ്ധനായ മലയാളി’ വഞ്ചിക്കപ്പെടുന്ന വാര്‍ത്തകള്‍ സ്ഥിരമായി വരുന്നു. ഇല്ലാത്ത അസുഖത്തിനായി ആശുപത്രികളും നമ്മെ കൊള്ളയടിക്കുന്നു.
ചുരുക്കത്തില്‍ ശരാശരി മലയാളിയെ പൊങ്ങച്ചത്തിലും കടക്കെണികളിലും തകര്‍ച്ചയിലും എത്തിക്കുന്ന ഇക്കാര്യങ്ങളില്‍ ഇനിയും നടപടികളുണ്ടാകുന്നില്ലെങ്കില്‍ അവയുടെ ദുരന്തങ്ങള്‍ ഭയാനകമായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply