സ്വര്‍ണ്ണം കാളകളുടെ വഴിയില്‍

ഡോ. സെബാസ്റ്റ്യന്‍ ചിറ്റിലപ്പിള്ളി സ്വര്‍ണ്ണത്തിന്റെ വില സഞ്ചരിക്കുന്ന വഴിയേതാണ്? അത് കാളകളുടെ വഴിയിലൂടെയാണോ? കരടികളുടെ വഴികളിലൂടെയാണോ? സ്വര്‍ണ്ണത്തിന്റെ വില നിര്‍ണ്ണയിക്കുന്നതില്‍ അതിന്റെ വ്യാവസായിക ആവശ്യത്തിനുള്ള പങ്ക് തുലോം പരിമിതമാണ്. മൂല്യം സംഭരിക്കുന്നതിനുള്ള അതിന്റെ കഴിവാണ് സ്വര്‍ണ്ണത്തിന്റെ വില നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഒരു നാണയംപോലെ, പലപ്പോഴും അതിലുമുപരി, സ്വര്‍ണ്ണം മൂല്യം സംഭരിച്ചുവയ്ക്കുന്നു. ബാങ്കിംഗ് സൗകര്യങ്ങളില്ലാത്ത ഗ്രാമങ്ങളിലെ സാധാരണക്കാര്‍ തുടങ്ങി നഗരങ്ങളിലെ വലിയ പണക്കാരടക്കം തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം കാലാകാലങ്ങളായി സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നു. ഇക്കാരണംകൊണ്ടുതന്നെ ഇന്ത്യ ഇറക്കുമതി […]

5734192-gold-glitter-selective-focus
ഡോ. സെബാസ്റ്റ്യന്‍ ചിറ്റിലപ്പിള്ളി
സ്വര്‍ണ്ണത്തിന്റെ വില സഞ്ചരിക്കുന്ന വഴിയേതാണ്? അത് കാളകളുടെ വഴിയിലൂടെയാണോ? കരടികളുടെ വഴികളിലൂടെയാണോ?
സ്വര്‍ണ്ണത്തിന്റെ വില നിര്‍ണ്ണയിക്കുന്നതില്‍ അതിന്റെ വ്യാവസായിക ആവശ്യത്തിനുള്ള പങ്ക് തുലോം പരിമിതമാണ്. മൂല്യം സംഭരിക്കുന്നതിനുള്ള അതിന്റെ കഴിവാണ് സ്വര്‍ണ്ണത്തിന്റെ വില നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഒരു നാണയംപോലെ, പലപ്പോഴും അതിലുമുപരി, സ്വര്‍ണ്ണം മൂല്യം സംഭരിച്ചുവയ്ക്കുന്നു. ബാങ്കിംഗ് സൗകര്യങ്ങളില്ലാത്ത ഗ്രാമങ്ങളിലെ സാധാരണക്കാര്‍ തുടങ്ങി നഗരങ്ങളിലെ വലിയ പണക്കാരടക്കം തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം കാലാകാലങ്ങളായി സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നു. ഇക്കാരണംകൊണ്ടുതന്നെ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് പിറകില്‍ രണ്ടാംസ്ഥാനത്ത് എപ്പോഴും സ്വര്‍ണ്ണം തന്നെയാണ് നിലയുറപ്പിച്ചിട്ടുള്ളത്. ലോകത്തില്‍ തന്നെ സ്വര്‍ണ്ണം ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്‍പന്തിയിലാണ്.
കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതി ആയിരിക്കുമ്പോഴാണ് രാജ്യം വ്യാപാരക്കമ്മി നേരിടുന്നത്. വ്യാപാരക്കമ്മി അതിരുവിടുമ്പോള്‍ രാജ്യത്തിന്റെ നാണയത്തിന്റെ മൂല്യം ശോഷിക്കുന്നു. നാണയത്തിന്റെ മൂല്യം ശോഷിക്കുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില വീണ്ടും വര്‍ദ്ധിക്കുന്നു.
രാജ്യത്തിന്റെ വ്യാപാരക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനത്തിലേറെയായാല്‍ അത് അപായസൂചനയാണ്. ഇന്ത്യയിലേക്ക് അഞ്ചുശതമാനത്തിനടുത്താണ് നിലകൊള്ളുന്നത്. അതുകൊണ്ട് പെട്രോള്‍, ഡീസല്‍പോലെ സ്വര്‍ണ്ണത്തിന്റെ വിലയും ഇവിടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. സ്വര്‍ണ്ണം അവശ്യവസ്തു അല്ലാത്തതിനാല്‍ ഇറക്കുമതിയില്‍ നിയന്ത്രണങ്ങളും ഏറിവരും. ഇതാണ് സ്വര്‍ണ്ണവിലയുടെ ആഭ്യന്തര സാഹചര്യം.
എന്നാല്‍ സ്വര്‍ണ്ണത്തിന്റെ വില നിര്‍ണ്ണയിക്കുന്നതില്‍ ആഗോള സാമ്പത്തികനിലയാണ് പ്രധാനപങ്കുവഹിക്കുന്നത്. ഡോളറിന്റെ മൂല്യം ശോഷിക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിക്കും. ജനങ്ങള്‍ നിക്ഷേപം സ്വര്‍ണ്ണത്തിലേക്ക് മാറ്റുന്നതുകൊണ്ടുതന്നെ. മറിച്ച് ഡോളര്‍ ശക്തിപ്പെടുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ വില താഴോട്ടുവരുന്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയോടെ സ്വര്‍ണ്ണത്തിന്റെ വില കുത്തനെ ഉയരാന്‍ തുടങ്ങി. ശരിക്കുപറഞ്ഞാല്‍ 2006 മുതല്‍ക്കുതന്നെ സ്വര്‍ണ്ണവില കുതിച്ചുയരാന്‍ തുടങ്ങി. സ്വര്‍ണ്ണനിക്ഷേപകര്‍ മാന്ദ്യം മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു എന്നുവേണം കരുതാന്‍. 2006 മുതല്‍ 2012വരെ സ്വര്‍ണ്ണത്തിന്റെ വില നൂറ്റമ്പതു ശതമാനം വര്‍ദ്ധിച്ചു. എന്നാല്‍ 2013ല്‍ സ്വര്‍ണ്ണവില താഴോട്ടാണ്. 2012ല്‍ 1700 ഡോളര്‍ ആയിരുന്ന സ്വര്‍ണ്ണവില 1200 ഡോളര്‍വരെ താഴ്ന്ന് ഇപ്പോള്‍ 1300 ഡോളറിന്റെ ഓരങ്ങളില്‍ നില്‍ക്കുകയാണ്. 1997-98ന് ശേഷം സ്വര്‍ണ്ണത്തിന്റെ വിലയില്‍ കുറവുവരുന്നത് ഇപ്പോഴാണ്. അതുകൊണ്ടുതന്നെ സ്വര്‍ണ്ണത്തിന്റെ വില ഇനി എങ്ങോട്ടാണ് എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നു.
സ്വര്‍ണ്ണവിലയുടെ ഏകദേശം സാമാന്യവല്‍ക്കരിക്കാവുന്ന സൂചകം ഇങ്ങനെയാണ്. ഡോളര്‍ ശക്തിപ്രാപിക്കുമ്പോള്‍ സ്വര്‍ണ്ണവില കുറയുന്നു. മറിച്ചും. ചുരുക്കത്തില്‍ ഡോളറിന്റെ എതിര്‍ദിശയിലാണ് സ്വര്‍ണ്ണവില സഞ്ചരിക്കുക.
അപ്പോള്‍ ഡോളറിന്റെ മൂല്യം ഇനി ഏതുദിശയിലായിരിക്കും? നേരത്തെ ഇന്ത്യയിലെ കാര്യം പ്രതിപാദിച്ചപോലെ അമേരിക്കയിലെ സാമ്പത്തികാവസ്ഥയാണ് ഡോളറിന്റെ ദിശ നിശ്ചയിക്കുക.
അമേരിക്കയുടെ സമ്പദ്‌രംഗം ശക്തിപ്രാപിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കുന്ന ചില സ്ഥിതിവിവരക്കണക്കുകളും അതിന്റെ ചില വ്യാഖ്യാനങ്ങളുമാണ് ഡോളര്‍ ഈയിടെയായി ശക്തിപ്പെടുന്നതിന് ഇടവരുത്തിയിട്ടുള്ളത്. ഇതാണ് സ്വര്‍ണ്ണവില ഈയിടെയായി താഴുന്നതിന്റെ അടിസ്ഥാനം. അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ വളര്‍ച്ചാനിരക്ക് രണ്ടു ശതമാനത്തിലെത്തി. തൊഴിലില്ലായ്മ നിരക്കില്‍ നേരിയ കുറവു വന്നു. മുന്തിയ കമ്പനികള്‍ നല്‍കിയിരുന്ന ശരാശരി ലാഭവിഹിതം ഇരുപതു ഡോളറില്‍നിന്ന് ഇരുപത്തിയേഴു ഡോളറായി എന്നിങ്ങനെയാണ് ആ സൂചകങ്ങള്‍.
എന്നാല്‍ പൊട്ടിപ്പൊളിഞ്ഞ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ചില കൈക്രിയകളുണ്ട്. ഊതിവീര്‍പ്പിച്ച വീടുകളുടെ വില ആസ്പദമാക്കി ബാങ്കുകള്‍ നല്‍കിയ ഭവനവായ്പകളും ഭവനവായ്പകളെ ആസ്പദമാക്കി നിര്‍മ്മിച്ച ബോണ്ടുകളും തകര്‍ന്നടിഞ്ഞതാണല്ലോ. 2008ല്‍ സംഭവിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാതല്‍. ബാങ്കുകള്‍ തകര്‍ന്നാല്‍ നിക്ഷേപകരുടെ പണം നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് അവയെ താങ്ങിനിര്‍ത്താനായി അമേരിക്കന്‍ ഗവണ്‍മെന്റ് മുന്‍കയ്യെടുത്ത് പ്രതിമാസം എണ്‍പത്തിഅഞ്ച് ബില്ല്യണ്‍ ഡോളര്‍ വരെയുള്ള വിലയ്ക്ക് ഈ മൂല്യരഹിതമായ ബോണ്ടുകള്‍ ബാങ്കുകളില്‍നിന്ന് തിരികെ വാങ്ങിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ഒരു കൈക്രിയ.
രണ്ടാമതായി അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വ് കൃത്രിമമായി പലിശനിരക്കുകള്‍ പൂജ്യം ശതമാനത്തിനടുത്ത് കണ്ട് നിലനിര്‍ത്തുകയാണ്. 2007ല്‍ 4.5 ശതമാനമായിരുന്ന പലിശനിരക്ക് 2012ല്‍ 1.4 ശതമാനം വരെ താണു. തല്‍ഫലമായി അമേരിക്കന്‍ വ്യാപാരികള്‍ 2007ല്‍ 2.83 ട്രില്യണ്‍ ഡോളര്‍ പലിശയിനത്തില്‍ കൊടുത്തത് 2011ല്‍ 1.34 ട്രില്യണ്‍ ഡോളറായി കുറഞ്ഞു. ഇതാണ് കമ്പനികളുടെ ലാഭവിഹിതം കുറച്ചൊന്ന് കൂടാന്‍ ഇടയാക്കിയത്. നമുക്ക് ഊഹിക്കാവുന്നതുപോലെ സാധാരണ നിക്ഷേപകന് ലഭിക്കേണ്ടിയിരുന്ന പലിശയാണ് ഇങ്ങനെ കമ്പനികളെ സഹായിക്കാനായി ഉപയോഗിക്കുന്നത്.
എന്നാല്‍ ഇത്തരം പൊടിക്കൈകള്‍ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയില്‍ ക്രിയാത്മകമായ ചലനങ്ങളുണ്ടാക്കുന്നില്ല. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യയെ പ്രകൃതിവിഭവനിക്ഷേപമോ കണ്ടെത്താനായിട്ടില്ല. പ്രസ്താവനകള്‍കൊണ്ടുള്ള കസര്‍ത്തുകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടാണ് മൂല്യരഹിതമായ ബോണ്ടുകള്‍ കൃത്രിമമായ വിലനല്‍കി ബാങ്കുകളില്‍നിന്ന് വാങ്ങിക്കുന്ന പരിപാടി നിര്‍ത്തേണ്ടിവരുമെന്ന് കേന്ദ്രബാങ്കിന്റെ ചെയര്‍മാന്‍ ബെല്‍ബെര്‍ണാട്രിക്കെ പ്രസ്താവിച്ചപ്പോള്‍ സ്വര്‍ണ്ണത്തിന്റെ വില താഴാന്‍ തുടങ്ങി. കാരണം കൃത്രിമമായ പിടിച്ചുകെട്ടിയിരിക്കുന്ന പലിശനിരക്ക് അഴിച്ചുവിട്ടാല്‍ അതുയരുമ്പോള്‍ ജനങ്ങള്‍ ബാങ്കുനിക്ഷേപങ്ങളിലേക്ക് തിരിയും. സ്വര്‍ണ്ണത്തിന്റെ നിക്ഷേപസാധ്യത കുറയും.
എന്നാല്‍ ആ പ്രസ്താവനയുണ്ടാക്കിയ അനുരണനങ്ങള്‍ അസ്തമിക്കുന്നതിനുമുമ്പ് ബെന്‍ബെര്‍ണാക്കെ വീണ്ടുമൊരു പ്രസ്താവനയിറക്കി. പണലഭ്യത ഉറപ്പുവരുത്തുന്ന ഉദാരനയങ്ങള്‍ ഉടനെയൊന്നും പിന്‍വലിക്കാനാവുകയില്ല. എന്തെന്നാല്‍ ഇപ്പോള്‍ തുടരേണ്ടനയം അതാണ്. ഈ പ്രസ്താവന വന്നയുടന്‍ സ്വര്‍ണ്ണത്തിന്റെ വില ഒരൊറ്റദിവസംകൊണ്ട് നാലുശതമാനം വര്‍ദ്ധിച്ചു.
സാമ്പത്തികരംഗത്ത് അനിശ്ചിതത്വം വരുമ്പോള്‍ ജനങ്ങള്‍ സ്വര്‍ണ്ണത്തിലേക്ക് തിരിയും എന്നാണ് അമേരിക്കയിലെ പ്രൊഫസര്‍ ആര്‍തര്‍ ഫ്രീഡ്ബര്‍ഗ് പറയുന്നത്. നമുക്കും ഇത് സുപരിചിതമാണല്ലോ. അമേരിക്കയിലെ തന്നെ ഇപ്പോള്‍ സിംഗപൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ ജിം റോജേഴ്‌സ് പ്രവചിക്കുന്നത്, 2014ഓടെ സ്വര്‍ണ്ണവില 900 ഡോളര്‍ വരെ താഴ്ന്ന 2016 ആരംഭത്തോടെ അത് കുതിച്ചുയരുമെന്നാണ്. അങ്ങനെ കുതിച്ചുയരുമ്പോള്‍ സ്വര്‍ണ്ണവില ഔണ്‍സിന് 4500 ഡോളര്‍വരെയെത്തിയേക്കാം. എന്നാല്‍ പ്രവചനങ്ങള്‍. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വില ഏറ്റവും താഴ്ന്നതാണോ ഇനിയും താഴുമോ എന്നൊക്കെയുള്ള ആശങ്കകള്‍ക്കും വരാനിരിക്കുന്ന വര്‍ദ്ധനവച്ചുനോക്കുമ്പോള്‍ വലിയ പ്രസക്തിയില്ല എന്നാണ് പറയപ്പെടുന്നത്.
അമേരിക്കയിലെ ജോണ്‍പോള്‍സണ്‍ എന്ന ഇന്‍വെസ്റ്റ് ബാങ്കര്‍ ഇതുവരെയുള്ളതിലേക്ക് ഏറ്റവും വലിയ കച്ചവടം നടത്തിയ ആളായിട്ടാണ് കണക്കാക്കുന്നത്. 2008ലെ തകര്‍ച്ച വരുന്നതിനുമുമ്പ്തന്നെ 2006ല്‍ കൃത്രിമമായി ഉയര്‍ന്നു നില്‍ക്കുന്ന ഭവന വായ്പകള ആസ്പദമാക്കിയുള്ള സെക്യൂരിറ്റികള്‍ ഷോര്‍ട്ട് ചെയ്ത് വിറ്റ് ഭീമമായ ലാഭമുണ്ടാക്കിയ ആളായിട്ടാണ് വിലയിരുത്തുന്നത്. അദ്ദേഹം ഇപ്പോള്‍ ന്യൂയോര്‍ക്ക് സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ 21.8 മില്ല്യണ്‍ സ്വര്‍ണ്ണത്തിന്റെ സ്റ്റോക്കുകള്‍ കൈവശം വെക്കുന്നു എന്നതും സ്വര്‍ണ്ണത്തിന്റെ കുതിച്ചുകയറാനുള്ള വിലയുടെ നിദര്‍ശനമായി കണക്കാക്കുന്നുണ്ട്.
അമേരിക്കയിലെ സമ്പദ്‌രംഗം ശാശ്വതമായ ഉണര്‍വ്വു രേഖപ്പെടുത്തുന്നതുവരെ പ്രസ്താവനകള്‍ കൊണ്ട് ഡോളറിന്റെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നേക്കാം. അതനുസരിച്ച് 2014ഓടെ സ്വര്‍ണ്ണവില കുറച്ചുകൂടി കുറഞ്ഞ് 2016ഓടെ കുതിച്ചുയരുമെന്ന നിഗമനം യുക്തിഭദ്രമാണ്. അല്ലെങ്കില്‍ ആഗോള സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുന്ന കാതലായ സംഭവങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍ സ്വര്‍ണ്ണം കാളകളുടെ വഴിയിലാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Economics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply