സ്വപ്നം കാണുന്നവര്‍ക്കായി

അടുത്തകാലത്തായി രാഷ്ട്രീയം പ്രമേയമാക്കിയ നോവലുകള്‍ മലയാളത്തില്‍ കാര്യമായി പുറത്തിറങ്ങുന്നില്ല. ഒരുപക്ഷെ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണത തന്നെയായിരിക്കാം അതിനു കാരണം. അതിനിടയിലാണ് ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ വസന്തത്തിലെ പൂമരങ്ങള്‍ എന്ന നോവല്‍ പുറത്തിറങ്ങിയിരിക്കുന്നത്. വിപ്ലവത്തിനായി ഇറങ്ങിത്തിരിച്ച ഒരു പറ്റം ചെറുപ്പക്കാരാണ് നോവലിലെ  കഥാപാത്രങ്ങള്‍. അവരുടെ പ്രവര്‍ത്തനവും ജീവിതവും ആശയസംവാദങ്ങളും കൊണ്ട് സമ്പന്നമാണ്, ഈ നോവല്‍. തൃശൂരിലെ ഗ്രീന്‍ ബുക്‌സാണ് പ്രസാധകര്‍. നോവലിന് രൂപേഷ് എഴുതിയ മുഖവുര. വസന്തത്തിലെ പൂമരങ്ങള്‍ വിപ്ലവവും പോരാട്ടവും രക്തസാക്ഷിത്വവും പ്രണയവുമൊക്കെ സ്വപ്നം കണ്ടവരുടേയും, […]

novel
അടുത്തകാലത്തായി രാഷ്ട്രീയം പ്രമേയമാക്കിയ നോവലുകള്‍ മലയാളത്തില്‍ കാര്യമായി പുറത്തിറങ്ങുന്നില്ല. ഒരുപക്ഷെ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണത തന്നെയായിരിക്കാം അതിനു കാരണം. അതിനിടയിലാണ് ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ വസന്തത്തിലെ പൂമരങ്ങള്‍ എന്ന നോവല്‍ പുറത്തിറങ്ങിയിരിക്കുന്നത്. വിപ്ലവത്തിനായി ഇറങ്ങിത്തിരിച്ച ഒരു പറ്റം ചെറുപ്പക്കാരാണ് നോവലിലെ  കഥാപാത്രങ്ങള്‍. അവരുടെ പ്രവര്‍ത്തനവും ജീവിതവും ആശയസംവാദങ്ങളും കൊണ്ട് സമ്പന്നമാണ്, ഈ നോവല്‍. തൃശൂരിലെ ഗ്രീന്‍ ബുക്‌സാണ് പ്രസാധകര്‍. നോവലിന് രൂപേഷ് എഴുതിയ മുഖവുര.

വസന്തത്തിലെ പൂമരങ്ങള്‍ വിപ്ലവവും പോരാട്ടവും രക്തസാക്ഷിത്വവും പ്രണയവുമൊക്കെ സ്വപ്നം കണ്ടവരുടേയും, കാണുന്നവരുടേയും കഥകളാണ്. ഒരിക്കല്‍ കേരളത്തിലെ സമര തീക്ഷണമായ യൗവ്വനങ്ങള്‍ മടികൂടാതെ ഇങ്ങനെ സ്വപ്നം കണ്ടിരുന്നു. പുതിയ ഒരു ലോകത്തിനെ വാര്‍ത്തെടുക്കുവാന്‍, സ്വന്തം ജീവിതത്തേയും ചുറ്റുപാടുകളേയും അതിലൂടെ അഴിച്ചു പണിയുവാന്‍, സ്വപ്നം കാണുക മാത്രമല്ല ഇറങ്ങിത്തിരിച്ചവരും കുറവായിരുന്നില്ല. വരാനിരിക്കുന്ന വസന്തത്തിനായി ലോകം തന്നെ ഒരുങ്ങിയിരുന്നു.  കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
പക്ഷേ ചരിത്രത്തിന്റെ വഴി ഒരിക്കലും ഏകതാനമായിരുന്നില്ല. പല സ്വപ്നങ്ങളും പാതിയിലേ കരിഞ്ഞുപോയി. ചിലതെല്ലാം തല്ലിക്കെടുത്തപ്പെട്ടു. എന്നാല്‍ അനീതികള്‍ നിലനില്‍ക്കുന്നിടത്തോളം പോരാട്ടങ്ങള്‍ അവസാനിക്കുകയില്ല എന്നോര്‍മ്മപ്പെടുത്തിക്കൊണ്ട് ചില കനലുകള്‍ പിന്നേയും എരിഞ്ഞുകൊണ്ടിരുന്നു. നീണ്ടു നിന്നില്ലെങ്കിലും അതിരുകളില്‍ തളച്ചിടപ്പെട്ടവരില്‍ നിന്ന് ചിലപ്പോഴെല്ലാം ചില ആളിപ്പടരലുകളും ദൃശ്യമായിരുന്നു.

വികസനത്തിന്റേയും വളര്‍ച്ചയുടേയും അക്കക്കണക്കുകളുടെ പൊങ്ങച്ചം പറയുമ്പോഴും കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലം നമുക്ക് യഥാര്‍ത്ഥത്തില്‍ സമ്മാനിച്ചതെന്താണ്? തലതിരിഞ്ഞ ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായ തുണ്ടുവല്‍ക്കരണവും ഹരിത വിപ്ലവം പോലുള്ള സാമ്രാജ്യത്വ പദ്ധതികളും കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ചു. യഥാര്‍ത്ഥത്തില്‍ മണ്ണില്‍ പണിയെടുക്കുന്ന, ഭൂരഹിത കര്‍ഷകരായ, ദളിതുകള്‍ ലക്ഷംവീട്, നാലു സെന്റ് കോളനികളിലും മിച്ചഭൂമികളിലും അരിഷ്ടിച്ചു കഴിഞ്ഞുകൂടാനുള്ള പാര്‍പ്പിടങ്ങളില്‍ തളച്ചിടപ്പെട്ടു. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയോടെ ചുറ്റുപാടും സജീവമായ നഗരങ്ങളിലേക്ക് വേണ്ട സഹായികളേയും പണിക്കാരേയും മറ്റു അസംഘടിത തൊഴില്‍ മേഖലകളിലേക്കു ആവശ്യമായ തൊഴില്‍ ശേഷിയുടേയും വിതരണ കേന്ദ്രങ്ങളായി പതുക്കെ ഇവിടം മാറി. വനവുമായി ബന്ധപ്പെട്ട അവസാന വേരും പറിച്ചുമാറ്റപ്പെട്ട ആദിവാസികളുടെ ശേഷിച്ച ഭൂമിയും കയ്യേറപ്പെട്ടു. കുറഞ്ഞകൂലിക്ക് അടിമസമാനമായ വേലയെടുക്കാന്‍ കുടകിലേയ്ക്കും മറ്റു മലഞ്ചെരുവുകളിലേയ്ക്കും ഇവരെ തെളിച്ചുകൊണ്ടുപോയി. ടാറ്റയും ഗോയങ്കയും എ.വി.തോമസും ഭൂകുത്തക തുടര്‍ന്നു. അനിശ്ചിതമായ വിധത്തിലുള്ള നാണ്യവിളവിലത്തകര്‍ച്ചകളും ഉത്പാദനശോഷണവും കര്‍ഷകരെ ആത്മഹത്യാ മുനമ്പിലെത്തിച്ചു. ഉത്പാദന മേഖലയില്‍ കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിനിടയില്‍ വലിയ നേട്ടമൊന്നും ഉണ്ടായിട്ടില്ല. നാമമാത്രമായ ഐ.ടി. മേഖലയാകട്ടെ അങ്ങേയറ്റം അനിശ്ചിതത്വത്തിലും ചൂഷണാധിഷ്ഠിതവുമാണ്. പതിനഞ്ചുലക്ഷത്തിലേറെ വരുന്ന വിദേശ മലയാളികളില്‍ ബഹു ഭൂരിപക്ഷവും ചെറിയ വരുമാനക്കാരാണ്. നാലര ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും മധ്യവര്‍ഗ്ഗത്തിന്റെ പ്രാരാബ്ധം പേറുന്നവരും.
ഒരു കാലത്ത് തീപ്പെട്ടിക്കമ്പനികളും എണ്ണയാട്ടു മില്ലുകളും ബീഡിക്കമ്പനികളും സോപ്പുനിര്‍മ്മാണ ശാലകളും അറക്കമില്ലുകളുമൊക്കെയുണ്ടായിരുന്ന കേരളീയ ഗ്രാമങ്ങളില്‍ കടകമ്പോളങ്ങളും ലോണുകളും മാത്രം ബാക്കിയായി. എന്നിട്ടും മാറിയ സാഹചര്യമെന്നാണ് എപ്പോഴും പറഞ്ഞുകേള്‍ക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ദരിദ്ര രാജ്യങ്ങളെ ചൂഷണം ചെയ്യുന്നതില്‍ ഒരു പങ്ക് തങ്ങളുടെ രാജ്യത്തിലെ തൊഴിലാളികള്‍ക്കു വീതം വെച്ചു കൊടുത്തുകൊണ്ട് അമേരിക്കയിലേയും യുറോപ്പിലേയും തൊഴിലാളി വര്‍ഗ്ഗത്തെ സാമ്രാജ്യത്വ അടിത്തറയിലേയ്ക്ക് സ്വാംശീകരിച്ച രീതിയില്‍ അര്‍ധ കൊളോണിയല്‍ രാജ്യമായ ഇന്ത്യയില്‍ വിവിധ വര്‍ഗ്ഗങ്ങളെ സ്വാംശീകരിക്കാനോ മുതലാളിത്തഘടന വിപുലീകരിക്കാനോ കഴിഞ്ഞിട്ടില്ല. മാത്രമല്ല പഴയ വൈരുദ്ധ്യങ്ങള്‍ ശക്തിപ്പെടുകയും ഒട്ടേറെ സ്വയോല്‍ഭവ പോരാട്ടങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും കെട്ടടങ്ങുകയും ചെയ്യുന്നു. കേരളീയ സമൂഹത്തെ തീവ്രമായ വിധത്തില്‍ അരാഷ്ട്രീയവല്‍ക്കരിക്കുന്ന നിയമവിധേയത്വ-സാമ്പത്തികവാദ വീക്ഷണങ്ങളെ ശക്തിപ്പെടുത്തുന്ന വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തിരുത്തല്‍വാദ ആശയപരിസരമൊഴിച്ച് കേരളത്തിലെ തെരുവുകള്‍ തൊഴില്‍ശാലകള്‍ വനഭൂമികള്‍ ഒക്കെ പുകയുകയാണ്. എന്നിട്ടും തിരിച്ചടികളുടെ ഭാഷ മാത്രം സംസാരിക്കുകയും ചരിത്രത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്നവര്‍ സ്വപ്നങ്ങള്‍ നിഷേധിക്കുകയും സ്വപ്നം കാണല്‍ പഴഞ്ചന്‍ കാര്യമാണെന്നു തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്യുന്നു.
പുതിയ സാഹചര്യങ്ങളിലെ വര്‍ഗ്ഗ വൈരുദ്ധ്യങ്ങളെ തിരിച്ചറിയുന്നതിലെ പിഴവ് നൈതികതയിലേയ്ക്കു തിരിച്ചുവിട്ട വേണുവും തിരുത്തല്‍വാദ പ്രയോഗവും പിന്നീട് രാഷ്ട്രീയവും സ്വീകരിച്ച കെ.രാമചന്ദ്രനും ഈ ചര്‍ച്ചകളെ പരോക്ഷമായി ശക്തിപ്പെടുത്തുന്നു. ഡിഫിക്കാരോ എസ്.എഫ്.ഐക്കാരോ പോസ്റ്റുകളില്‍ വരച്ചുവെച്ച ചെഗുവേര ചിത്രങ്ങളില്‍ വിപ്ലവവും വിമോചനവും അപഹാസ്യമായി മാറിപ്പോയി. എന്നാല്‍ ഈ ഉറഞ്ഞ പുറംന്തോടിനകത്ത് തിളച്ചു മറിയുന്ന ഒരു ലാവാ പ്രവാഹം ബാക്കിയാണെന്ന് വിളിച്ചറിയിച്ചു കൊണ്ട് അടിച്ചമര്‍ത്തപ്പെട്ട ജനത ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ച മുത്തങ്ങയിലും ചെങ്ങറയിലുമൊക്കെ നമ്മള്‍ കണ്ടു. ശരിയായ കാഴ്ചപ്പാടുള്ള നേതൃത്വത്തിന്റെ അഭാവം മൂലം സന്ധിചെയ്യപ്പെട്ടുവെങ്കില്‍ കൂടി പുതിയ കാലത്തെ പ്രശ്‌നങ്ങളുമായി ഇനിയും സ്വപ്നം കാണല്‍ സാധ്യമാണ് എന്ന് അവയെല്ലാം ഉറപ്പു തരുന്നുണ്ട്.
ഒരു നിബിഡവനത്തിനുള്ളില്‍, ചുറ്റുമുള്ള ഇരുട്ടിനേയും തണുപ്പിനേയും സാക്ഷിയാക്കി ഇതെഴുതുമ്പോള്‍ ഒരു സാംസ്‌കാരിക സംഘടനയുടെ രൂപീകരണ യോഗത്തിനു പങ്കെടുക്കുന്നതിനായി പോയപതിനേഴും പത്തും വയസ്സായ ആമിമോളേയും താച്ചുക്കുട്ടിയേയും (സവേര) വിചിത്രമായ കാര്യങ്ങള്‍ പറഞ്ഞ് ജുവനൈല്‍ ഹോമിലടയ്ക്കുകയും അവരോടൊപ്പമുണ്ടായിരുന്ന സഖാക്കളെ ജയിലില്‍ അടയ്ക്കുകയും ചെയ്തു എന്ന വാര്‍ത്ത കേട്ടു. ഇത്തരം അടിച്ചമര്‍ത്തലുകള്‍ പതിനേഴും പത്തും വയസ്സുള്ള കുട്ടികളെക്കൊണ്ടു പോലും വിമോചനത്തിനെക്കുറിച്ച് സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നതാണ്. അവരിലൂടെ പുതിയ ഒരു തലമുറ ഈ സ്വപ്നങ്ങള്‍ നെയ്‌തെടുത്തുകൂടായ്കയില്ല.
ഞാനൊരു സാഹിത്യകാരനല്ല. തികച്ചും ഒരാക്ടീവിസ്റ്റാണ്.
എന്നെങ്കിലും ഒരു നോവലെഴുതുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.
പതിനാറു വയസ്സില്‍, കോളേജില്‍ വെച്ച്, ജീവിതത്തില്‍ ആദ്യമായി ഒരു പെണ്‍കുട്ടിയോട് രാഷ്ട്രീയം പറയുവാനും വിദ്യാര്‍ത്ഥി സംഘടനയിലേയ്ക്ക് ക്ഷണിക്കുവാനും പോകുമ്പോള്‍ ആ പെണ്‍കുട്ടി സംഘടനയിലേയ്‌ക്കോ പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം എന്റെ ജീവിതത്തിലേയ്‌ക്കോ കടന്നു വരുമെന്നും~ഞാന്‍ കരുതിയിരുന്നില്ല. വീട്ടിലെ (നാട്ടിലേയും) പതിവനുസരിച്ച് പതിനെട്ടു വയസ്സു തികഞ്ഞപ്പോഴേ പാസ്‌പോര്‍ട്ടെടുത്ത് ഒരു ഗള്‍ഫുകാരനായി മാറാനിരുന്ന എന്റെ ജീവിതത്തെ വിപ്ലവപാതയില്‍ ഉറപ്പിച്ചു നിറുത്തുന്നതില്‍ അവളുടെ പങ്ക് എന്നും ചെറുതായിരുന്നില്ല.
എന്നാല്‍ വിപ്ലവജീവിതത്തിനിടയിലും വഴിതെറ്റിയുള്ള എന്റെ ചില പോക്കുകള്‍ ഞങ്ങളുടെ ബന്ധത്തെ ഗുരുതരമായി ഉലച്ചിരുന്നു. അവളെ നഷ്ടപ്പെടുമെന്ന ഭയം എന്റെ ഉള്ളിലേക്ക് തിരിഞ്ഞുനോക്കാന്‍ എന്നെ പ്രേരിപ്പിക്കുകയും ഇതിനിടയിലും എന്റെയുള്ളില്‍ നിറഞ്ഞു നിന്ന പ്രണയത്തെ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്തു. ഇതിനെ വെളിപ്പെടുത്തുന്നതിലൂടെ, എന്റെ പ്രണയിനിയെ, എന്റെ ഭാര്യയെ എന്നോടൊപ്പം ഉറപ്പിച്ചു നിറുത്താനാവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഇക്കാലത്ത്, എന്റെ പ്രണയത്തെ വെളിപ്പെടുത്താനാണ് ഈ നോവലിന്റെ ആദ്യത്തെ ഇരുപത്താറ് പേജ് കയ്യെഴുത്തില്‍ എഴുതിയത്. മറ്റു പല കാര്യങ്ങളോടൊപ്പം ഇത് ഞങ്ങളുടെ ബന്ധത്തെ തിരിച്ചുകൊണ്ടു വരാന്‍ വഴിവെച്ചുവെന്നു മാത്രമല്ല തുടര്‍ന്നും എഴുതാന്‍ എന്നെ പ്രോത്സാഹിപ്പിച്ചു.
ഇതിനിടയില്‍ ഭരണകൂട അടിച്ചമര്‍ത്തലിന്റെ ഭാഗമായി രണ്ടുപേരും ഒളിവില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടായത് ഞങ്ങളെ പഴയതിനേക്കാള്‍ അടുപ്പിച്ചു. പിന്നീട് എഴുത്തും തിരുത്തിയെഴുത്തുമായി അവള്‍ എന്നോടൊപ്പം നിന്നു. ഞാന്‍ പിന്മാറിയിട്ടും എന്നെ വിട്ടില്ല. ഇനി മാറ്റിയെഴുതാനാവില്ലെന്ന് തീര്‍ത്തു പറഞ്ഞപ്പോള്‍ പോലും സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധങ്ങളിലൂടെ എന്നെ പ്രേരിപ്പിച്ച് വീണ്ടും മാറ്റിയെഴുതിച്ചു. ആദ്യാവസാനം ടൈപ്പുചെയ്തു തന്നു. അതിനിടയില്‍ ഞാന്‍ വാരിവലിച്ചെഴുതിയത് എഡിറ്റു ചെയ്തു എന്നു മാത്രമല്ല ഞാന്‍ ആലോചിക്കാതിരുന്ന ഒരുപാട് കാര്യങ്ങള്‍ ഇതിനിടയില്‍ നെയ്തു ചേര്‍ത്തു. യഥാര്‍ത്ഥത്തില്‍ ഇത് ഞങ്ങളുടെ രണ്ടുപേരുടേയും സംയുക്തമായ ഒരു വര്‍ക്കാണ്. പലപ്പോഴും ഞങ്ങളുടെ ചിന്തകള്‍ കൂടി ഇടകലര്‍ന്നു പോയിരുന്നതിനാല്‍ ചില ഭാഗങ്ങള്‍ ആരാണെഴുതിയതെന്നു കണ്ടുപിടിക്കാന്‍ ഞങ്ങള്‍ക്കു പോലും സാധിക്കാതെ വന്നിട്ടുണ്ട്. ഒരു സുഹൃത്ത് ഇത് വായിച്ച് നല്ല ചില സാഹിത്യം ഇതിലുണ്ടെന്ന് ഒന്നു രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് എന്റെ എഴുത്തായിരുന്നില്ല എന്ന് ഞാനയാളോട് തുറന്നു പറഞ്ഞു.
ഇതിന്റെ ആദ്യഘടന വായിച്ച് ക്രിയാത്മകമായ വിധത്തില്‍ എങ്ങനെ നോവലെഴുതണമെന്ന് വിവരിച്ച ഗോപീകൃഷ്ണനും ഇത് വായിച്ച് പല തിരുത്തലുകള്‍ക്കും പ്രേരകമായ നിര്‍ദ്ദേശങ്ങള്‍ തന്ന വെങ്കിടി, ആശ, അനില്‍, മാഷ് എല്ലാവരുടേയും സംഭാവനകള്‍ ഇതിലുണ്ട്. ഇതിന്റെ ആദ്യവായനക്കാരിയായ ആമിമോളുടെ അഭിപ്രായങ്ങള്‍ ഇത് മുന്നോട്ടു കൊണ്ടുപോകാന്‍ പ്രചോദനമായിട്ടുണ്ട്.

കുഞ്ഞുവയസ്സിലേ മാതാപിതാക്കളുടെ സാമീപ്യമില്ലാതെ വളരുന്ന, ഒരു പനി വന്നാല്‍ എന്നെ ആരു നോക്കും എന്ന് നിഷ്‌കളങ്കമായി ഉത്കണ്ഠപ്പെടേണ്ടി വരുന്ന, എന്റെ കുഞ്ഞുമോള്‍ താച്ചുമണിയ്ക്കും (സവേര) ഭരണകൂട അടിച്ചമര്‍ത്തലുകളുടെ എല്ലാ പീഢനങ്ങളും ഇളംപ്രായത്തിലേ നേരിടേണ്ടി വരികയും അതിനെതിരെ ഉറച്ചു നിന്ന് പോരാടുകയും ചെയ്യുന്ന ആമിമോള്‍ക്കുമായി ഇത് സമര്‍പ്പിക്കുന്നു. ഞങ്ങളുടെ ആശയശാസ്ത്രത്തിനോട് വിയോജിക്കുമ്പോള്‍ തന്നെ മാനുഷിക നന്മയില്‍ അപാരവിശ്വാസം പുലര്‍ത്തുകയും ഞങ്ങളുടെ പോരാട്ടം നീതിയുക്തമായ ഒരു സമൂഹനിര്‍മ്മിതിയ്ക്ക് വേണ്ടിയാണെന്ന് കരുതുകയും ചെയ്യുന്ന ഉമ്മാനോട് എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൂടെ നിന്നതിന് നന്ദി പറയാനും ഞാനീ അവസരത്തില്‍ മറക്കുന്നില്ല.
ഇതിന്റെ സമര്‍പ്പണം കുട്ടികള്‍ക്കാണെന്നതു മനസ്സിലാക്കിയ ഒരു യുവസഖാവ് ഇത്തരം ഒരു നോവല്‍ യഥാര്‍ത്ഥത്തില്‍ രക്തസാക്ഷികള്‍ക്കും പോരാടുന്ന നമ്മുടെ സഖാക്കള്‍ക്കുമായി സമര്‍പ്പിക്കേണ്ടതല്ലേ എന്നു സംശയമുന്നയിച്ചിരുന്നു. രക്തസാക്ഷികളുടേയും പോരാളികളുടേയും ത്യാഗവും ആത്മസമര്‍പ്പണവും ഇന്നല്ലെങ്കില്‍ നാളെ തീര്‍ച്ചയായും സമൂഹത്തില്‍ അംഗീകരിക്കപ്പെടുകയും ചരിത്രത്തില്‍ ഇടം നേടുകയും ചെയ്യും. എന്നാല്‍ ഇതിനു പിന്നണിയില്‍ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുകയും അതിന്റെ പീഢനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്ന പലരുടേയും ത്യാഗങ്ങളും വേദനകളും പലപ്പോഴും അറിയാതേയും പരാമര്‍ശിക്കപ്പെടാതേയും പോവാറുണ്ട്. ഭരണകൂടത്തിന്റെ പീഢനങ്ങള്‍ക്കും പോലീസിന്റെ അതിക്രമങ്ങള്‍ക്കും നിരന്തരം പാത്രമാവുക മാത്രമല്ല അതിനെതിരെ ചെറുത്തു നില്‍ക്കാനും ശബ്ദമുയര്‍ത്താനും കൂടി തയ്യാറായ ആമിമോളും നാലു വയസ്സിന്റെ ചെറു ബാല്യം മുതലേ മാതാപിതാക്കളുടെ സാമീപ്യം നഷ്ടപ്പെടുന്നതിന്റെ വേദനയെ കൂടുതല്‍ നല്ല ഒരു സമൂഹത്തിനു വേണ്ടിയാണ് അതെല്ലാമെന്ന് മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ് നേര്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന താച്ചുക്കുട്ടിയും തീര്‍ച്ചയായും അത്തരം ത്യാഗങ്ങളുടെ പ്രതീകങ്ങളാണെന്നാണ് ഞാന്‍ കരുതുന്നത്.

ഈ നോവലിലെ ഒരേ ഒരു കഥാപാത്രമൊഴികെയുള്ള എല്ലാവരും അല്പസ്വല്‍പ്പം രൂപഭാവമാറ്റങ്ങളോടെ എന്റെ ചുറ്റിലും ജീവിക്കുന്നവരാണ്. ചില കഥാപാത്രങ്ങളുടെ നിര്‍മ്മിതിയില്‍ ഒന്നിലേറെ പേരുടെ സ്വഭാവ സവിശേഷതകള്‍ വിളക്കിച്ചേര്‍ത്തിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ഇതില്‍ പലരും ഇന്ന് വിപ്ലവപാതയില്‍ നിന്നും തിരിച്ചൊഴുകുകയാണെങ്കിലും ആ സഖാക്കളെ മനസ്സില്‍ എന്നും വിപ്ലവകാരികളായി സൂക്ഷിക്കാനുള്ള ആഗ്രഹം ഒരു പക്ഷേ എഴുത്തില്‍ പ്രതിഫലിച്ചതാകാം.
ഈ മുഖവുര എഴുതുമ്പോള്‍ എഴുത്തുകാരനില്‍ നിന്നും കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തിന്റെ യഥാര്‍ത്ഥ സാഹചര്യത്തിലേയ്ക്ക് ഞങ്ങള്‍ എത്തിച്ചേരുകയുണ്ടായി. ജീവിതം നോവലിന്റെ തുടര്‍ച്ചയോ അനുബന്ധമോ ആയിക്കഴിഞ്ഞതുപോലെ….
ഇനിയുള്ളത് പോരാട്ടത്തിന്റെ നാളുകളാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply