സ്വകാര്യവാഹനങ്ങള്‍ക്ക് ടോളില്ലെന്നോ? അതെന്തുന്യായം?

സ്വകാര്യ വാഹനങ്ങളെ അതത് ജില്ലകളിലെ ഹൈവേകളില്‍ ടോള്‍ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം ആലോചിക്കുന്നതായ വാര്‍ത്ത ആശങ്കാജനകമാണ്. വളരെ കുറച്ചുപേര്‍ക്കായി ആഗോളതാപനത്തിനും ഗതാഗതസ്തംഭനങ്ങള്‍ക്കും ഇന്ധന ഉപയോഗത്തിനും റോഡ് വികസനത്തിനായുള്ള കുടിയൊഴിക്കലുകള്‍ക്കും കൂടുതല്‍ സംഭാവന നല്‍കുന്ന  സ്വകാര്യവാഹനങ്ങള്‍ക്കാണോ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന പൊതുവാഹനങ്ങള്‍ക്കാണോ  ഇളവ് അനുവദിക്കേണ്ടത് എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. ഗതാഗത മന്ത്രാലയത്തില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം മൊത്തം ടോള്‍ വരുമാനത്തില്‍ 14 ശതമാനം മാത്രമാണ് സ്വകാര്യ വാഹനങ്ങളില്‍നിന്ന് ലഭിക്കുന്നതത്രെ. 2013ലെ കണക്കുപ്രകാരം മൊത്തം 11,400 കോടി […]

tollസ്വകാര്യ വാഹനങ്ങളെ അതത് ജില്ലകളിലെ ഹൈവേകളില്‍ ടോള്‍ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം ആലോചിക്കുന്നതായ വാര്‍ത്ത ആശങ്കാജനകമാണ്. വളരെ കുറച്ചുപേര്‍ക്കായി ആഗോളതാപനത്തിനും ഗതാഗതസ്തംഭനങ്ങള്‍ക്കും ഇന്ധന ഉപയോഗത്തിനും റോഡ് വികസനത്തിനായുള്ള കുടിയൊഴിക്കലുകള്‍ക്കും കൂടുതല്‍ സംഭാവന നല്‍കുന്ന  സ്വകാര്യവാഹനങ്ങള്‍ക്കാണോ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന പൊതുവാഹനങ്ങള്‍ക്കാണോ  ഇളവ് അനുവദിക്കേണ്ടത് എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്.
ഗതാഗത മന്ത്രാലയത്തില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം മൊത്തം ടോള്‍ വരുമാനത്തില്‍ 14 ശതമാനം മാത്രമാണ് സ്വകാര്യ വാഹനങ്ങളില്‍നിന്ന് ലഭിക്കുന്നതത്രെ. 2013ലെ കണക്കുപ്രകാരം മൊത്തം 11,400 കോടി ലഭിച്ചതില്‍ സ്വകാര്യ വാഹനങ്ങളുടെ വിഹിതം 1,600 കോടി രൂപമാത്രമാണ്. അതിനാലാണ് അവയെ ഒഴിവാക്കാന്‍ ആലോചിക്കുന്നത്. അതേസമയം ഇതുമൂലം വാണിജ്യ വാഹനങ്ങളുടെ ടോള്‍നിരക്ക് വീണ്ടും വര്‍ധനയ്ക്കിടയാക്കുമെന്ന് വിമര്‍ശനവുമുയര്‍ന്നിട്ടുണ്ട്. വാണിജ്യവാഹനങ്ങളുടേയായാലും പൊതുവാഹനങ്ങളുടേതായാലും ടോള്‍ വര്‍ദ്ധിപ്പിച്ചാല്‍ ആത്യന്തികമായി അത് ബാധിക്കുക പൊതുജനത്തെയല്ലേ?
നിരത്തുകളുടെ പ്രാഥമികമായ അവകാശം ആര്‍ക്കാണെന്ന ചോദ്യം തന്നെയാണ് ഇവിടെയുമുയരുന്നത്. അതാദ്യം കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പൊതുവാഹനങ്ങളായ ബസ് ഉപയോഗിക്കുന്നവര്‍ക്കുമായിരിക്കണം. നേരത്തെ സൂചിപ്പിച്ചപോലെ് ആഗോളതാപനത്തിനും ഗതാഗതസ്തംഭനങ്ങള്‍ക്കും ഇന്ധന ഉപയോഗത്തിനും റോഡ് വികസനത്തിനായുള്ള കുടിയൊഴിക്കലുകള്‍ക്കും ഏറ്റവും കുറവ് കാരണക്കാരാകുന്നത് ഇവരാണ്. അവരെയാണ് ടോളില്‍ നിന്ന് ഒഴിവാക്കേണ്ടത്. അല്ലാതെ കൊട്ടാരം പോലുള്ള വീടുകളും ആഡംബര വിവാഹങ്ങളുംപോലെ അഹങ്കാരത്തിന്റെ പ്രതീകമായി മാറിയിട്ടുള്ള സ്വകാര്യവാഹനങ്ങള്‍ക്കല്ല.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മൂല് 100 കൊല്ലത്തിനകം കടല്‍ കയറി കൊച്ചി നഗരം മുങ്ങുമെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ടല്ലോ. അതിന് മുഖ്യകാരണം വാഹനങ്ങളാണല്ലോ. അതുകൊണ്ടുതന്നെ തെരുവിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് അതിനുള്ള ഏകമാര്‍ഗ്ഗം. തീവണ്ടിയാത്രയും ബസ് യാത്രയും തന്നെ പ്രധാനം. കൂടാതെ ചെറിയ ദൂരങ്ങള്‍ കാല്‍നടയായോ സൈക്കിളിലോ യാത്ര ചെയ്യാനുള്ള പ്രചരണവും ശക്തിപ്പെടുത്തണം. അതുവഴി ശാരീരികാരോഗ്യവും ഇന്ന് മനുഷ്യനു ഭീഷണിയായിരിക്കുന്ന ജീവിതചര്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും നേടാനാകും. നഗരങ്ങളിലെ വന്‍തോതിലുള്ള ഗതാഗത സ്തംഭനം, അനുദിനം വര്‍ദ്ധിക്കുന്ന ഇന്ധനചിലവ്, ഇന്ധനക്ഷാമം തുടങ്ങിയവക്കുള്ള മറുപടി കൂടിയാണ് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കല്‍. നിര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ നാട്ടിലെ ഗതാഗത പരിഷ്‌കാരങ്ങളെല്ലാം സ്വകാര്യവാഹനങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കുന്നവയാണെന്നേ തോന്നൂ. ഇതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളിലും പരിഗണിക്കപ്പെടാതെ പോകുന്ന വിഭാഗങ്ങളാണ് സൈക്കിള്‍ യാത്രക്കാരും കാല്‍ നടക്കാരും ബസ് യാത്രക്കാരും. കാല്‍നടക്കാര്‍ക്കു പൊതുവഴിയില്‍ യാതൊരവകാശവുമില്ല എന്നു ധരിച്ചു വെച്ചിരിക്കുന്നവരില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ മാത്രമല്ല, പോലീസും ഗതാഗതവകുപ്പ് അധികൃതരും ഉള്‍പ്പെടും. അവര്‍ക്കു നടക്കാനെന്നപേരില്‍ നിര്‍മ്മിച്ച ഫുട്പാത്തുകള്‍ പോലും വാഹനങ്ങള്‍ കൈയ്യേറുന്നു. കേരളത്തിലെ നഗരങ്ങളിലെല്ലാം മാലിന്യങ്ങള്‍ പലയിടത്തായി ഫുട്പാത്തുകളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. പൊട്ടിപൊളിഞ്ഞ നഗരവീഥികളില്‍ കൂടി വാഹനങ്ങളോടുമ്പോള്‍ ചെളി തെറിക്കുന്നത് കാല്‍നടക്കാരുടെ മേല്‍. ചെളിയില്‍ നിന്നു രക്ഷപ്പെടാനുള്ള വെപ്രാളം കണ്ട് വാഹനങ്ങളില്‍ ചില്ലുകയറ്റിയിരിക്കുന്നവര്‍ ചിരിക്കും. ഇതിനെല്ലാം പുറമെയാണ് ഫുട്പാത്തുകളെല്ലാം കച്ചവടക്കാര്‍ കയ്യേറിയിരിക്കുന്നത്. കാല്‍നടക്കാരുടെ അവകാശമായ സീബ്രാലൈനില്‍പോലും സ്വസ്ഥമായി നടക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ലഭിക്കുന്നില്ല. ഹോണടിച്ചു അഹങ്കാരത്തോടെ പാഞ്ഞുവരുന്ന വാഹനങ്ങള്‍ കാണുമ്പോള്‍ ജീവനാണു വലുതെന്നു കരുതി അവര്‍ മാറിനില്ക്കുന്നു.
സൈക്കിള്‍ യാത്രക്കാരുടെ പ്രശ്‌നങ്ങളും സമാനമാണ്. അടുത്ത കാലം വരെ സാധാരണക്കാരന്റെ വാഹനമായിരുന്ന സൈക്കിളിനും സൈക്കിള്‍ യാത്രക്കാരനും ഇന്നു പൊതുവഴിയില്‍ ലഭിക്കുന്നത് അവഗണനയും പുച്ഛവും മാത്രം. സൈക്കിള്‍ യാത്രക്കാരന്‍ നമുക്ക് പ്രാകൃതനാണ്. . ചൈനയെപോലുള്ള രാജ്യങ്ങളിലെ തെരുവുകളില്‍ സൈക്കിളുകളുടെ പ്രവാഹമാണ്. പല യൂറോപ്യന്‍ നഗരങ്ങളിലും മൊബിലിറ്റി ഹബ്ബുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് അവിടെനിന്ന് ഓഫീസുകളിലേക്ക് സൈക്കിളില്‍ പോകുന്ന രീതിയുണ്ടായിട്ടുണ്ട്. വലിയ റോഡുകളില്‍ സൈക്കിളുകള്‍ക്കും കാല്‍നടക്കാര്‍ക്കും പ്രത്യേക ട്രാക്കുകള്‍ വെണമെന്ന നിയമം ഇവിടേയുമുണ്ട്. എന്നാല്‍ നടപ്പാക്കപ്പെടുന്നില്ല എന്നു മാത്രം.
റോഡിലൂടെ ഓടുന്ന വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുന്ന പൊതുവാഹനമാണ് ബസ്. അതുകൊണ്ടുതന്നെ പൊതുവഴികളില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് ബസിനാണ്. എന്നാല്‍ സംഭവിക്കുന്നത് തിരിച്ചാണ്. നഗരങ്ങളില്‍ എന്തെങ്കിലും ഗതാഗതതടസ്സമുണ്ടായാല്‍ ആദ്യം വഴി തിരിച്ചുവിടുക ബസാണ്. കാറുകള്‍ക്കും ബൈക്കുകള്‍ക്കും പരമാവധി അവസരം നല്‍കും. ബസുകളാകട്ടെ യാത്രക്കാരെ എവിടെയെങ്കിലും ഇറക്കിവിടും. പിന്നീട് എല്ലാവരും ഓട്ടോ വിളിക്കാനും മറ്റും നിര്‍ബന്ധിതരാകും. ഗതാഗതകുരുക്ക് കൂടുകയാണ് ഫലം. ചുരുങ്ങിയപക്ഷം ഗതാഗതതടസ്സമുള്ള സമയങ്ങളിലെങ്കിലും കാറുകള്‍ നഗരത്തിനു പുറത്തു പാര്‍ക്കുചെയ്ത് ബസുകളില്‍ യാത്രചെയ്യാന്‍ തയ്യാറാകുകയാണ് വേണ്ടത്. ആധുനിക സമൂഹങ്ങളില്‍ പലയിടത്തും റെയില്‍സ്‌റ്റേഷനുകളിലേക്കും എയര്‍പോര്‍ട്ടിലേക്കും മറ്റും ബസുകള്‍ കടത്തിവിടും. സ്വകാര്യവാഹനങ്ങളാണ് നിയന്ത്രിക്കുക. നമ്മുടെ നാട്ടില്‍ തിരിച്ചാണ്. ബസുകള്‍ക്ക് അവയുടെ നാലയലത്തുപോലും പ്രവേശനമില്ല. ഒന്നുമല്ലെങ്കില്‍ നമുക്കു നഷ്ടമാകുന്ന പൊതുജീവിതത്തിന്റെ ഒരു ചെറിയ മാതൃകയെങ്കിലും പൊതുവാഹനങ്ങളിലുണ്ട്.
വികസിത രാഷ്ട്രങ്ങളില്‍ പലയിടത്തും ഒന്നോ രണ്ടോ പേര്‍ മാത്രമായി കാറില്‍ പോകുന്നത് ദേശീയനഷ്ടമായാണ് കണക്കാക്കുന്നത്. അത് കുറ്റകരവുമാണ്. വഴിയില്‍ ബസുകാത്തുനില്ക്കുന്നവരെ കയറ്റിവേണം പോകാന്‍. അതുപോലെ വന്‍നഗരങ്ങളിലേക്ക് സ്വകാര്യവാഹനങ്ങള്‍ പോകുന്നതില്‍ നിരവധി നിയന്ത്രണങ്ങളുമുണ്ട്. നമ്മുടെ നാട്ടില്‍ അത്തരം ചിന്തകള്‍ പോലുമില്ല. ഇക്കഴിഞ്ഞ ഓണക്കാലത്ത് കോഴിക്കോട് പോലീസ് ഇത്തരമൊരു സന്ദേശം നല്‍കിയിരുന്നു. ഈ നിലയില്‍ മുന്നോട്ടു പോയാല്‍ 2020ല്‍ ആള്‍ക്ക് ഓരോ വാഹനം എന്ന നിലയിലേക്ക് കേരളം എത്തിച്ചേരും.. ദിവസേന 2000ത്തോളം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. വര്‍ഷംതോറും 10 ലക്ഷം വാഹനങ്ങളുടെ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇതുണ്ടാക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ അതീവഗുരുതരമായിരിക്കും.
പൊതുവഴിയിലൂടെ സ്വകാര്യവാഹനങ്ങള്‍ ഓടിച്ചുപോകുമ്പോള്‍ നാം മറക്കുന്ന പ്രധാനപ്പെട്ട ഒന്ന്. എത്രയോ കാലത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഭൂമിയും സ്വപ്‌നവും ചവിട്ടി മെതിച്ചാണ് നാം മുന്നോട്ടുപോകുന്നതെന്നാണ്. വാഹനങ്ങളുടെ എണ്ണം കൂടുമ്പോള്‍ കൂടുതല്‍ റോഡുവേണം. റോഡുകള്‍ക്ക് വീതി വേണം. വികസനത്തിന് അത് അനിവാര്യം. ശരിയായിരിക്കാം. എന്നാല്‍ അത് മുഖ്യമായും ആര്‍ക്കുവേണ്ടിയാണ്? കണക്കുകള്‍ പറയുന്നത് സ്വകാര്യവാഹനങ്ങള്‍ക്കുവേണ്ടിയാണെന്നാണ്. ഇനി വരുന്ന ദിവസങ്ങള്‍ റോഡുവികസനത്തിനായി സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ കൂടുതല്‍ ശക്തമാകുമെന്നതില്‍ സംശയമില്ല. സ്വകാര്യവാഹനം വാങ്ങാന്‍ എല്ലാ സഹായങ്ങളുമായി കമ്പനികളും ഫിനാന്‍സുകളും രംഗത്തുള്ളപ്പോള്‍ നാമവ വാങ്ങിക്കൂട്ടുമെന്ന് ഉറപ്പ്. ഒരു വീട്ടില്‍ തന്നെ ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍. ഇവക്ക് കടന്നുപോകാന്‍ റോഡുവേണ്ടേ? അതിനായി സ്ഥലം വിട്ടുകൊടുക്കാനുള്ള സന്ദേശവുമായി സിനിമകള്‍ പോലും വരുന്നു. കുടിയിറക്കപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം ഒരിക്കലും ലഭിക്കാറുമില്ല.
ഇത്തരമൊരു സാഹചര്യത്തിലാണ് സ്വകാര്യ വാഹനങ്ങളെ ടോളില്‍ നിന്നൊഴിവാക്കാനുള്ള നീക്കം. തികച്ചും ജനവിരുദ്ധമായ ഈ നീക്കത്തിനു പകരം നേരെ വിപരീതമായ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പ്രതേകിച്ച് ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുള്ളവരുടെ ടോള്‍ ഭീമമായി വര്‍ദ്ധിപ്പിക്കണം. ആഡംബര വാഹനങ്ങളുടേയും. റോഡ് ടാക്‌സ് നല്‍കുന്നതുകൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല അവയുണ്ടാക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply