സ്മിത കേവലം ഐറ്റം നമ്പറുകാരിയായിരുന്നില്ല

കൃഷ്‌ണേന്ദു സില്‍ക്ക്_സ്മിത മണ്‍മറഞ്ഞിട്ട് സെപ്തംബര്‍ 23ന് ഇരുപത്തിയൊന്നു വര്‍ഷം തികഞ്ഞിരിക്കുന്നു. എന്നാല്‍ സമൂഹത്തില്‍ സ്മിത എന്ന നടി എന്തിനെയാണ് പ്രതിനിധാനം ചെയ്തത് എന്നത് സാംസ്‌കാരികമായ തലത്തില്‍ നിര്‍വചിക്കേണ്ട ഒരു ചോദ്യമാണ്. അതേസമയം സ്‌ക്രീനിലെ സ്മിത പ്രേക്ഷകസമൂഹത്തിന്റെ കാമപൂരണങ്ങളുടെ ആസക്തി കലര്‍ന്ന രൂപകമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുതിയ കാലം അല്ലെങ്കില്‍ സിനിമയുടെ നവ-വാണിജ്യഭാഷ ഇത്തരം പ്രതിനിധാനങ്ങളെ ഐറ്റം നമ്പര്‍ താരമായി മാത്രം അടയാളപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഈ കാലത്ത് സില്‍ക്ക് സ്മിത കേവലം ഐറ്റം നമ്പറുകാരി മാത്രമായിരുന്നോ […]

sssകൃഷ്‌ണേന്ദു

സില്‍ക്ക്_സ്മിത മണ്‍മറഞ്ഞിട്ട് സെപ്തംബര്‍ 23ന് ഇരുപത്തിയൊന്നു വര്‍ഷം തികഞ്ഞിരിക്കുന്നു. എന്നാല്‍ സമൂഹത്തില്‍ സ്മിത എന്ന നടി എന്തിനെയാണ് പ്രതിനിധാനം ചെയ്തത് എന്നത് സാംസ്‌കാരികമായ തലത്തില്‍ നിര്‍വചിക്കേണ്ട ഒരു ചോദ്യമാണ്. അതേസമയം സ്‌ക്രീനിലെ സ്മിത പ്രേക്ഷകസമൂഹത്തിന്റെ കാമപൂരണങ്ങളുടെ ആസക്തി കലര്‍ന്ന രൂപകമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുതിയ കാലം അല്ലെങ്കില്‍ സിനിമയുടെ നവ-വാണിജ്യഭാഷ ഇത്തരം പ്രതിനിധാനങ്ങളെ ഐറ്റം നമ്പര്‍ താരമായി മാത്രം അടയാളപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഈ കാലത്ത് സില്‍ക്ക് സ്മിത കേവലം ഐറ്റം നമ്പറുകാരി മാത്രമായിരുന്നോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. വെളുപ്പ് / കറുപ്പ് / നായിക / എക്‌സ്ട്രാനടി സ്വത്വബോധങ്ങളിലും മാനദണ്ഡങ്ങളിലും നിഴലിക്കുന്ന സിനിമാസാമ്രാജ്യത്തിന്റെ അകംരാഷ്ട്രീയത്തില്‍ സ്മിത പ്രതിനിധീകരിച്ചത് ആസക്തിയുടെ നിറവുകളെ മാത്രമായിരുന്നില്ല. മറിച്ച് സിനിമ കാലാകാലങ്ങളില്‍ പുറംതള്ളിയ ആവശ്യം കഴിഞ്ഞ, അസ്പൃശ്യരുടെ ശേഷിപ്പും കൂടിയാണ്. ആന്ധ്രയിലെ എളൂരു എന്ന ഗ്രാമത്തില്‍ നിന്ന്, തികച്ചും ദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ നിന്നെത്തിയ വിജയലക്ഷ്മി എന്ന സെല്ലുലോയ്ഡിലെ സില്‍ക്ക് സ്മിത കൊത്തിവലിക്കുന്ന നോട്ടങ്ങളും എത്തിനോക്കാന്‍ പ്രേരിപ്പിക്കുന്ന ചലനങ്ങളും കൊണ്ട് പ്രേക്ഷകനെ മോഹിപ്പിച്ച് കീഴടക്കുന്ന തലത്തിലേക്ക് വളര്‍ന്നത് കേവലമായ വളര്‍ച്ചയുടെ സിനിമാപരിണാമമായി മാത്രം കാണാനാവില്ല.
നടി/ശരീരം/കഥാപാത്രം ഇത്തരത്തിലുള്ള പരികല്‍പ്പനകളെ വാണിജ്യസിനിമയുടെ കെട്ടുകാഴ്ച്ചകളുടെ പശ്ചാത്തലത്തില്‍ നിര്‍വചിക്കുമ്പോള്‍ അതിന് ഭിന്നാര്‍ത്ഥങ്ങളുണ്ട്. ക്യാമറയുടെ കണ്ണുകള്‍ കഥാപാത്രത്തില്‍ നടിയുടെ ശരീരത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ സിനിമ വാണിജ്യാര്‍ത്ഥത്തില്‍ പൂര്‍ണ്ണതയിലെത്തുകയും അതേസമയം ആ ശരീരത്തെ സമൂഹം സദാചാരപരമായി വേറിട്ട് നിര്‍ത്തുകയുമാണ് ചെയ്യുന്നത്. അതായത് സിനിമയും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ സാക്ഷ്യമാണ് സ്മിത അടക്കമുള്ള നിരവധി ബിംബങ്ങള്‍ തങ്ങളുടെ അനുഭവം കൊണ്ട് പറഞ്ഞിട്ടുപോയത്.
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്തെ കീഴടക്കിയ സില്‍ക്ക് ഇന്നൊരു ദുരന്തസമാനമായ ഓര്‍മ്മയാണ്. എത്രയോ പേരെ പോലെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എരിഞ്ഞടങ്ങിപ്പോയവരില്‍ ഒരാള്‍. സ്‌ക്രീനില്‍ ആളിക്കത്തിച്ച ആസക്തിയുടെ കൊള്ളിയാന്‍ മിന്നലുകള്‍ അവസാനിച്ചുവീണപ്പോള്‍ ആരും അത്ഭുതപ്പെട്ടില്ല. കാരണം സിനിമയുടെ വ്യാകരണങ്ങളില്‍ ഇത്തരം ദുരൂഹമായ പിന്‍വാങ്ങലുകളുടെ കണ്ണീര്‍ പുരണ്ട ചരിത്രവുമുണ്ട്. അല്ലെങ്കില്‍ പെട്ടെന്ന് കൈവരുന്ന സമ്പത്തും പ്രശസ്തിയും കീഴടക്കുന്ന പുതിയ ആകാശങ്ങള്‍..ഇവ പുതിയ താരോദയങ്ങള്‍ക്ക് മാത്രമല്ല പുതിയ ഈയാംപാറ്റകളെയും സൃഷ്ടിച്ചിട്ടുണ്ട്.
ദുരൂഹമരണങ്ങളുടേയും ആത്മഹത്യയുടേയും നീണ്ട കഥകള്‍ ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ കാര്യമൊന്നുമല്ല. ദിവ്യഭാരതിയും ശോഭയും തുടങ്ങി സില്‍ക്കിലും മയൂരിയിലും അത്ര പ്രശസ്തരല്ലാത്ത എത്രയോ പേരില്‍ ആ കഥകള്‍ നീണ്ടുനില്‍ക്കുന്നു. 200 ഓളം ചിത്രങ്ങളില്‍ സ്മിത അഭിനയിച്ചിട്ടുണ്ട്. കാമം പുരണ്ട കണ്ണുകളും വശ്യത നിറച്ച വാചികാഭിനയവും യൗവനത്തിന്റെ നിറവും കൊണ്ട് എത്രയോ ആരാധകവൃന്ദങ്ങളെ അവര്‍ തീപിടിപ്പിച്ചു. കാലം അവരെ സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് നിര്‍ത്താതെ സഞ്ചരിച്ചുകൊണ്ടിരുന്ന തിരക്കുള്ള ഒരു നടിയാക്കി മാറ്റി. ചാനലുകള്‍ ഇല്ലാത്ത കാലത്തെ പ്രശസ്തിയായിരുന്നു അവരുടേത് എന്നോര്‍ക്കണം. എന്നിട്ടും മരണം എത്തുന്ന കാലത്ത് അവശേഷിപ്പിച്ചത് സമ്പാദ്യമടക്കമുള്ള നഷ്ടത്തിന്റെ കണക്കുകളായിരുന്നു സ്മിതയുടെ ജീവിതപുസ്തകം. സാമ്പത്തികമായ സ്ഥിരത മറ്റ് തിരിച്ചടികള്‍ക്കിടയിലും പലരേയും പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുമെന്ന് ചിലരുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എണ്‍പതുകളിലൂടെയാണ് സ്മിതയുടെ സിനിമാകാലം സജീവമാകുന്നത്. വണ്ടിചക്രവും മൂന്നാംപിറയും സിലുക്ക് സിലുക്ക് എന്ന ചിത്രവും തുടങ്ങി അവര്‍ തമിഴിലും തെലുങ്കിലും സജീവമായി. ഹിന്ദിയിലടക്കം വിവിധ ഭാഷകളില്‍ അഭിനയിച്ച് നിറഞ്ഞുനിന്നു. പ്രത്യേകിച്ച് മുന്നാംപിറയിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായി. പിന്നീട് എത്രയോ സിനിമകളിലൂടെ അവര്‍ പ്രേക്ഷകരില്‍ കാമവും ഹൃദയമിടിപ്പും സൃഷ്ടിച്ചു.
ഇണയെത്തേടി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും മലയാളീ പ്രേക്ഷകന്റെ നെഞ്ചിലേക്കും സ്മിത വശ്യമായ ചിരിയോടെ കാലുകള്‍ ഉയര്‍ത്തിവെച്ചു. തുമ്പോളി കടപ്പുറം, അഥര്‍വം, സ്ഫടികം, നാടോടി, തുടങ്ങിയ ജനപ്രിയചിത്രങ്ങളില്‍ അവര്‍ ചെറിയതും ശ്രദ്ധേയവുമായി വേഷങ്ങള്‍ ചെയ്തു. ലയനം പോലുള്ള ലൈംഗികാതിപ്രസരമുള്ള ചിത്രങ്ങളിലും അവര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. അഭിനയത്തില്‍ ടൈപ്പ് ചെയ്യപ്പെട്ട, ആ അര്‍ത്ഥത്തില്‍ ഒരു പ്രത്യേക ചുറ്റുവട്ടത്തിലേക്ക് അവര്‍ ഒതുങ്ങിപ്പോകുകയും ചെയ്തു.
ഒരുകാലത്ത് സില്‍ക്ക് സ്മിത ഒരു ലഹരി തന്നെയായിരുന്നു തെന്നിന്ത്യയിലെ കൗമാരത്തിനും യൗവനത്തിനും. ലഹരികള്‍ക്ക് വീര്യം കൂടുമെങ്കിലും അവ പെട്ടെന്ന് തന്നെ തിരിച്ചിറങ്ങുമെന്നത് ഈ വിയോഗങ്ങളുടെ മറ്റൊരു അനുഭവപാഠം. ലൈംഗികാസക്തിയുടെ കേവലാനന്ദത്തിന്റെ രൂപകമായി സ്മിതയെ കൂടുതല്‍ പേരും വിലയിരുത്തിയേക്കാം. പക്ഷേ സാമൂഹികമായ അര്‍ത്ഥത്തില്‍ ഓരോ തൊഴില്‍ സാഹചര്യങ്ങളും അതിന്റെ വാണിജ്യവിപണന സാധ്യതകളും മനുഷ്യനെ എന്തൊക്കെയാക്കിമാറ്റാം എന്ന് സ്മിത തെളിയിച്ചു. പ്രത്യേകിച്ച്് പുരുഷാധിഷ്ഠിത-മൂലധന വ്യവഹാരങ്ങളുടെ ഈ കമ്പോളലോകത്ത് സില്‍ക്ക് പുരുഷകേന്ദ്രീകൃത ഛോദനകളെ കുറച്ചുകാലത്തേക്കെങ്കിലും പ്രലോഭനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി സംതൃപ്തരാക്കിയിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ വലിയ പരാജ നാട്ടുകാരോ കാണുമോ എന്ന ടിപ്പിക്കല്‍ സദാചാര-ശങ്കകള്‍ക്കിടയിലും സ്മിതയടക്കമുള്ള മാദകറാണിമാര്‍ സൃഷ്ടിച്ച ആസക്തിയുടെ ആരോഹണാവരോഹണങ്ങള്‍ മലയാളിക്ക് എന്തായാലും മറക്കാനിവില്ലെന്നുറപ്പാണ്. മാധ്യമങ്ങളുടെ കണ്ണില്‍ അവര്‍ കേവല മാദക-ഐറ്റം-സെക്‌സ് നടി നിര്‍വചനങ്ങളില്‍ സ്റ്റിക്കര്‍ ചെയ്യപ്പെട്ടവരാണ്. കൊച്ചുപുസ്തകങ്ങളിലും ടാക്കീസുകളിലെ ഉച്ചപ്പടങ്ങളിലും മാത്രമായി ജീവിക്കാന്‍ വേണ്ടി പരിമിതപ്പെട്ട എത്രയോ നടിമാരുണ്ട് സിനിമയില്‍. ഒരര്‍ത്ഥത്തില്‍ വ്യവസ്ഥിതിയാണ് അവരെയെല്ലാം ഇത്തരം കണ്ണികളിലും ക്ലിക്കുകളിലും കൊളുത്തിവരിഞ്ഞ് അടയാളപ്പെടുത്തിവെച്ചത് എന്നതാണ് സത്യം.
ജീവിതം സിനിമയിലെ പോലെ സുന്ദരമല്ലെന്ന് സുന്ദരമായ സ്വന്തം സിനിമകളെ അപനിര്‍മ്മിച്ച / പ്രതിനിര്‍വചിച്ച അവരുടെയെല്ലാം ജീവിതങ്ങള്‍ തെളിയിക്കുന്നു. കെ ജി ജോര്‍ജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സിനിമാസമൂഹത്തിന്റെ ‘ഇരകള്‍’. സിനിമയുടെ വാണിജ്യാതിര്‍ത്തികള്‍ മോഹിപ്പിക്കുന്ന പുതിയ വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കുന്ന ഈ കാലത്ത് ഇത്തരം കഥാപാത്രങ്ങള്‍ / സാന്നിദ്ധ്യങ്ങള്‍ സൃഷ്ടിച്ച സാംസ്‌കാരികമായ കീഴാളപ്രതിനിധാനമാണ് സ്മിതയടക്കമുള്ളവരുടെ പ്രസക്തി. ഇനിയും മരിക്കാത്ത ആ വശ്യമായ ചിരിയും നെഞ്ചിടിപ്പിക്കുന്ന ഉടലിനുമൊപ്പം അത് എത്രപേര്‍ ഓര്‍ക്കും… ആരൊക്കെയോ ജീവിതം മുതലെടുത്തിട്ടും ആരുടെയും പേരുകള്‍ പറയാതെ ആരോടും പരിഭവമില്ലാതെ അവള്‍ തിരിഞ്ഞു നടന്നു മരണത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് …

ഫേസ് ബുക്ക്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply