സോളാറും സുവോളജിക്കല്‍ പാര്‍ക്കും

എം പീതാംബരന്‍ തൃശൂരില്‍ പുത്തൂരില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സുവോളജിക്കല്‍ പാര്‍ക്ക് ഇപ്പോള്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറയുന്നത് സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്. മുഖ്യമന്ത്രി പങ്കെടുത്ത പാര്‍ക്കിന്റെ നിര്‍മ്മാണ ഉദ്ഘാടന വേളയില്‍ സരിതയും എത്തിയിരുന്നു എന്നും പരിപാടിയില്‍ പങ്കെടുത്ത വനം വകുപ്പുമന്ത്രിയായിരുന്ന കെ ബി ഗണേഷ്‌കുമാറുമായി സരിത ആശയവിനിമയം നടത്തിയിരുന്നു എന്നുമാണ് വാര്‍ത്ത. കൂടാതെ പുത്തൂര്‍ പഞ്ചായത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വന്‍തോതിലുള്ള സോളാര്‍ പദ്ധതികള്‍ സരിതയുമായി ബന്ധപ്പെട്ടാണെന്ന ആരോപണവുമുയര്‍ന്നു. പഞ്ചായത്ത് അതു നിഷേധിച്ചിട്ടുണ്ട്. അതേസമയം സുവോളജിക്കല്‍ പാര്‍ക്കിന്റെ ഒരു പ്രവര്‍ത്തനവും മുന്നോട്ടുപോകുന്നില്ല. […]

zoo
എം പീതാംബരന്‍

തൃശൂരില്‍ പുത്തൂരില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സുവോളജിക്കല്‍ പാര്‍ക്ക് ഇപ്പോള്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറയുന്നത് സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്. മുഖ്യമന്ത്രി പങ്കെടുത്ത പാര്‍ക്കിന്റെ നിര്‍മ്മാണ ഉദ്ഘാടന വേളയില്‍ സരിതയും എത്തിയിരുന്നു എന്നും പരിപാടിയില്‍ പങ്കെടുത്ത വനം വകുപ്പുമന്ത്രിയായിരുന്ന കെ ബി ഗണേഷ്‌കുമാറുമായി സരിത ആശയവിനിമയം നടത്തിയിരുന്നു എന്നുമാണ് വാര്‍ത്ത. കൂടാതെ പുത്തൂര്‍ പഞ്ചായത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വന്‍തോതിലുള്ള സോളാര്‍ പദ്ധതികള്‍ സരിതയുമായി ബന്ധപ്പെട്ടാണെന്ന ആരോപണവുമുയര്‍ന്നു. പഞ്ചായത്ത് അതു നിഷേധിച്ചിട്ടുണ്ട്.
അതേസമയം സുവോളജിക്കല്‍ പാര്‍ക്കിന്റെ ഒരു പ്രവര്‍ത്തനവും മുന്നോട്ടുപോകുന്നില്ല. സംസ്ഥാനസര്‍ക്കാരിന്റെ അഭിമാനപദ്ധതികളില്‍ ഒന്നായാണ് സുവോളജിക്കല്‍ പാര്‍ക്കിനെ പ്രഖ്യാപിച്ചത്. തൃശൂര്‍ മൃഗശാലയില്‍ ദുരിതമനുഭവിക്കുന്ന അറുന്നൂറോളം പക്ഷിമൃഗാദികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആവാസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, പശ്ചിമഘട്ടമേഖലയില്‍ വംശനാശം നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുക, ജൈവ വൈവിധ്യത്തെക്കുറിച്ച് ഗവേഷണങ്ങള്‍ നടത്തുക, വിനോദസഞ്ചാരമേഖലയില്‍ ശ്രദ്ധേയമായ ഇടം നേടുക എന്നീ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടാണ് ഒരു സുവോളജിക്കല്‍ പാര്‍ക്ക് ആരംഭിക്കാന്‍ വനംവകുപ്പിന് അനുമതി നല്‍കിയത്. മുഖ്യമന്ത്രിതന്നെ മുന്‍കയ്യെടുത്ത് വിളിച്ചുചേര്‍ത്ത (2011 ജൂലായ് 8) യോഗത്തില്‍ വെച്ചാണ് ഇതു സംബന്ധിച്ച ധാരണയുണ്ടാക്കിയത്. 330 ഏക്കര്‍ വനഭൂമിയാണ് ഇതിനായി നിര്‍ദ്ദേശിക്കപ്പെട്ടത്. തൃശൂര്‍ മൃഗശാല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പതിമൂന്നര ഏക്കര്‍ സ്ഥലത്താണ്. ഇവിടെ തിങ്ങിഞെരുങ്ങി കഴിയുന്ന ജീവികളെ 330 ഏക്കര്‍ സ്ഥലത്തേക്ക് മാറ്റുക എന്നതാണ് ഏറ്റവും കാരുണ്യപരമായ നടപടി.
സുവോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാനുളള നടപടികളുമായി വനംവകുപ്പ് മുന്നോട്ടുപോയി. ആസ്‌ട്രേലിയക്കാരനായ വിദഗ്ദന്‍ ജോണ്‍കോ നിര്‍ദ്ദിഷ്ടസ്ഥലം സന്ദര്‍ശിച്ച് അന്താരാഷ്ട്രനിലവാരമുളള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയും ചെയ്തു. 2012 ജൂണ്‍ 8-ന് സെന്‍ട്രല്‍ സൂ അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറി പ്രസ്തുത സ്ഥലം സന്ദര്‍ശിച്ചു. മാസ്റ്റര്‍പ്ലാനും പരിശോധിച്ചു. സ്ഥലവും മാസ്റ്റര്‍പ്ലാനും വളരെ മികച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം ഡല്‍ഹിയിലെത്തി രണ്ടുമാസത്തിനുളളില്‍ തന്നെ സെന്‍ട്രല്‍ സൂ അതോറിറ്റിയുടെ നിര്‍വ്വാഹകസമിതിയും എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയും ചേര്‍ന്ന് തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ മാസ്റ്റര്‍പ്ലാനിനും രൂപരേഖയ്ക്കും അംഗീകാരം നല്‍കി. 2012 ആഗസ്റ്റ് 28-ന് ഇത് സംബന്ധിച്ച കത്ത് കേരള വനം വകുപ്പിന് ലഭിച്ചു.
തൃശൂര്‍ മൃഗശാലയുടെ ആധുനികവല്‍ക്കരണത്തിനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ട് പതിനേഴ് വര്‍ഷമായി. 1995-ലാണ് പുത്തൂരിലെ സ്ഥലം നിര്‍ദ്ദേശിക്കപ്പെട്ടത്. മൃഗശാലകള്‍ക്കും, സുവോളജിക്കല്‍ പാര്‍ക്കുകള്‍ക്കും അംഗീകാരം നല്‍കുന്ന സെന്‍ട്രല്‍ സൂ അതോറിറ്റി എന്ന സ്ഥാപനത്തിന്റെ അനുമതി നേടാന്‍ ഇതുവരെയും സാധിച്ചിരുന്നില്ല.
ചുവപ്പുനാടയില്‍ കുടുങ്ങി
2012 ആഗസ്റ്റില്‍ കേന്ദ്രമൃഗശാല അതോറിറ്റിയുടെ അനുമതി ലഭിച്ചിട്ടും നാളിതുവരെയായിട്ടും (പത്ത്മാസം പിന്നിട്ടിട്ടും) സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചില്ല.
കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബി. എസ്. എന്‍. എല്‍. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. മറ്റുപൊതുമേഖലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബി. എസ്. എന്‍. എല്‍-ന് സാധിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തുതന്നെ പല നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തീകരിച്ച് മികവു പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇത്തരം സാഹചര്യത്തിലാണ് സുവോളജിക്കല്‍ പാര്‍ക്കിന്റെ പ്രാരംഭനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ബി. എസ്. എന്‍. എല്‍-നെ ഏല്പിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.
എന്നാല്‍, ധനകാര്യവകുപ്പിന്റെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇത് ബോധിച്ചില്ലെന്ന് തോന്നുന്നു. ഏഴു വര്‍ഷം കൊണ്ട് 150 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനമാണ് നടക്കേണ്ടത്. ഭൂരിഭാഗം തുകയും കേന്ദ്രത്തില്‍ നിന്ന് ഗ്രാന്റായി ലഭിക്കുകയും ചെയ്യും. സംസ്ഥാന ഖജനാവില്‍ നിന്ന് ഇത്രയും സംഖ്യ മുടക്കേണ്ടതുമില്ല. എന്നാലും ഇത്രയും വലിയ തുകയുടെ നിര്‍മ്മാണച്ചുമതല ഒരു പൊതുമേഖലാ സ്ഥാപനത്തെ ഏല്പിക്കുന്നതില്‍ ചില ഉന്നതന്‍മാര്‍ക്ക് താല്പര്യമില്ലായിരിക്കാം. എന്തായാലും ധനകാര്യവകുപ്പിലേക്ക് പോയ ഫയല്‍ അവിടെ നിലംതൊടാതെ ചുറ്റിക്കറങ്ങി നടക്കുകയാണ്.
ബജറ്റ് നിര്‍ദ്ദേശം നടപ്പിലായില്ല.
2012-2013 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സുവോളജിക്കല്‍ പാര്‍ക്കിനായി അഞ്ച് കോടി രൂപയാണ് നീക്കിവെച്ചിരുന്നത്. 2012 ആഗസ്റ്റില്‍ കേന്ദ്രമൃഗശാല അതോറിറ്റിയുടെ അംഗീകാരം ലഭിച്ച സ്ഥിതിക്ക് ഒക്‌ടോബര്‍ മാസത്തിലെങ്കിലും നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുമായിരുന്നു.
ധനകാര്യവകുപ്പിന്റെ നിലപാടാണ് കാലതാമസം സൃഷ്ടിക്കുന്നത്. ബി. എസ്. എന്‍. എല്‍-നെ ഏല്പിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിക്കൊണ്ടുളള നിരവധി ചോദ്യങ്ങളാണ് വകുപ്പില്‍ നിന്ന് വനംവകുപ്പിന് കിട്ടിക്കൊണ്ടിരിക്കുന്നതത്രേ. എല്ലാ കത്തിനും മറുപടി നല്കിയിട്ടും ധനകാര്യവകുപ്പിന് ബോധ്യമാകുന്നില്ലത്രേ.
2013 ജനുവരി മാസത്തിലാണ്, അഞ്ച് കോടിയില്‍ രണ്ടര കോടി രൂപയ്ക്കുളള അനുമതി ധനവകുപ്പ് നല്‍കുന്നത്. അതേസമയം ബി. എസ്. എന്‍. എല്‍.-ന് നിര്‍മ്മാണച്ചുമതല നല്‍കുന്നതിനുളള അനുമതി നല്‍കിയതുമില്ല. ഇത്തരം ഒരു അനുമതി ധനകാര്യവകുപ്പില്‍ നിന്ന് കിട്ടിയശേഷം വനംവകുപ്പ് ഇതുസംബന്ധിച്ച് ഗവണ്‍മെന്റ് ഉത്തരവ് ഇറക്കിയാല്‍ മാത്രമെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുകയുളളൂ.
ഫലത്തില്‍ സംഭവിച്ചത്- മുന്‍വര്‍ഷത്തെ ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്ന അഞ്ച് കോടി രൂപ എന്നത് രണ്ടര കോടിയായി കുറഞ്ഞു. രണ്ടര കോടി നഷ്ടമായി. അനുവദിച്ചു എന്നു പറയുന്ന രണ്ടര കോടി രൂപ തന്നെ ഉപയോഗിക്കാനും പറ്റാത്ത അവസ്ഥയിലാണ്.
ഈ വര്‍ഷത്തെ ബജറ്റില്‍ 25 കോടി രൂപ അനുവദിച്ചു എന്നും ഇല്ലെന്നും അഭിപ്രായമുണ്ടായിരുന്നു. പുതിയ സാമ്പത്തികവര്‍ഷം ആരംഭിച്ച് നാലുമാസം പിന്നിട്ടു. എന്നിട്ടും മുന്‍വര്‍ഷത്തെ സംഖ്യപോലും ചെലവഴിക്കാത്ത സാഹചര്യത്തില്‍, ഈ വര്‍ഷം അനുവദിച്ച തുകയില്‍ ഭൂരിഭാഗവും ലാപ്‌സായി പോകാനാണ് സാധ്യത കാണുന്നത്.
സുവോളജിക്കല്‍ പാര്‍ക്ക് എന്ന പ്രൊജക്ട് സര്‍ക്കാര്‍വക വകുപ്പായ വനംവകുപ്പാണ് ആരംഭിക്കുന്നത്. നിര്‍മ്മാണ ചുമതല നല്‍കപ്പെടുന്നതും സര്‍ക്കാര്‍ വിഭാഗമായ ബി. എസ്. എന്‍. എല്‍.-നും. അതുകൊണ്ടുതന്നെയായിരിക്കണം ധനവകുപ്പിന്റെ ഈ മെല്ലെപ്പോക്ക്. സ്വകാര്യകമ്പനികള്‍ക്ക് പങ്കാളിത്തമുളള പ്രൊജക്ടുകള്‍ക്കും സ്വകാര്യഗ്രൂപ്പുകള്‍ക്ക് നിര്‍മ്മാണ ചുമതലയുളള പ്രൊജക്ടുകള്‍ക്കും കോടിക്കണക്കിന് രൂപ യാതൊരു കാലതാമസവും സൃഷ്ടിക്കാതെ നല്‍കുന്നതില്‍ ധനവകുപ്പ് ബദ്ധശ്രദ്ധരാണ്.
ആര്‍ഭാടത്തോടെ ഉദ്ഘാടനം

മുന്‍സര്‍ക്കാരിന്റെ കാലത്ത് 2007 ഡിസംബര്‍ 25 നും 2010 ജൂണ്‍ 5നും രണ്ട് ഉദ്ഘാടനങ്ങളാണ് മൃഗശാല ആധുനികവല്‍ക്കരണത്തിന്റെ പേരില്‍ പുത്തൂരില്‍ നടന്നത്. വനംവകുപ്പില്‍ നിന്ന് മൃഗശാലാവകുപ്പിന് ഭൂമി കൈമാറ്റം, മൃഗശാല ആധുനികവല്‍ക്കരണപ്രഖ്യാപനം എന്നിവയ്ക്ക് വേണ്ടിയാണ് 2007-ല്‍ ഗംഭീര സമ്മേളനം നടത്തിയത്. എന്നാല്‍ ഭൂമി കൈമാറ്റം നടന്നില്ല. കിട്ടാത്ത ഭൂമിയില്‍ പദ്ധതി പ്രഖ്യാപിച്ചിട്ട് കാര്യവുമുണ്ടായില്ല.
2010-ലെ ലോകപരിസ്ഥിതിദിനത്തില്‍ മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍ തന്നെയാണ് ആധുനികമൃഗശാലയുടെ ശിലാസ്ഥാപനവും നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വ്വഹിച്ചത്. അന്നും വനംവകുപ്പില്‍ നിന്ന് ഭൂമി കൈമാറി കിട്ടിയിരുന്നില്ല. ഭൂമി ലഭിക്കാത്തതുകൊണ്ടുതന്നെ സെന്‍ട്രല്‍ സൂ അതോറിറ്റിയുടെ അംഗീകാരവും ഇല്ലായിരുന്നു. യാതൊരുവിധ അംഗീകാരവുമില്ലാത്ത ഘട്ടത്തിലാണ് രണ്ട് ഉദ്ഘാടന മാമാങ്കങ്ങള്‍ നടന്നത്.
2013 മാര്‍ച്ച് 16-നാണ് മൂന്നാമത്തെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചത്. മൂന്ന് ദിവസത്തെ ഗംഭീരപരിപാടികളുടെ അകമ്പടിയോടെ ആയിരക്കണക്കിനാളുകളെ സാക്ഷിനിര്‍ത്തിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
രണ്ട് പ്രധാന കാര്യങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ഇത്തവണ ഉദ്ഘാടനം നടത്തിയത്. സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണച്ചുമതല വനംവകുപ്പിനെ ഏല്പ്പിക്കുക വഴി, വനംവകുപ്പ് വക സ്ഥലത്ത് നിര്‍മ്മാണത്തിന് അനുമതി ലഭിച്ചു. വനംവകുപ്പ് സമര്‍പ്പിച്ച മാസ്റ്റര്‍പ്ലാനിനും സുവോളജിക്കല്‍ പാര്‍ക്കിന്റെ രൂപരേഖയ്ക്കും കേന്ദ്രമൃഗശാല അതോറിറ്റി അനുമതി നല്‍കുകയും ചെയ്തു.
പക്ഷേ നിര്‍മ്മാണത്തിനായുളള പണം കൈമാറാന്‍ ധനവകുപ്പ് തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ ടെണ്ടര്‍ നടപടികളൊന്നും നടന്നില്ല. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാതെ നിര്‍മ്മാണ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തുന്നതിലെ യുക്തിരാഹിത്യവും അധാര്‍മ്മികതയും ചൂണ്ടിക്കാണിച്ചുകൊണ്ട് സര്‍വ്വോദയ മണ്ഡലവും ഫ്രണ്ട്‌സ് ഓഫ് സൂ എന്ന സംഘടനയും മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും രണ്ടുതവണ കത്ത് നല്‍കിയിരുന്നു. എല്ലാം ഒരാഴ്ചയ്ക്കകം ശരിയാക്കാം, ഇപ്പോള്‍ ഉദ്ഘാടനം നടക്കട്ടെ എന്നായിരുന്നു അധികൃതരുടെ മറുപടി. അതുകൊണ്ടുതന്നെ മാര്‍ച്ച് 16-ന്റെ ചടങ്ങില്‍ ഉപവസിച്ചുകൊണ്ടാണ് സര്‍വ്വോദയപ്രവര്‍ത്തകര്‍ പങ്കെടുത്തത്. ഇക്കാര്യം മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും അറിയിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണച്ചുമതലയുളള പൊതുമേഖലാ സ്ഥാപനമായ ബി. എസ്. എന്‍. എല്‍-നെ ഏല്പിക്കുമെന്നു തന്നെയാണ് ഉദ്ഘാടനയോഗത്തില്‍ മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും പറഞ്ഞത്. പണം കിട്ടുകയാണെങ്കില്‍ രണ്ട് വര്‍ഷം തികയുന്നതിനു മുമ്പുതന്നെ ഇതിന്റെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി ഗണേഷ്‌കുമാര്‍ അടിവരയിട്ട് പറഞ്ഞു. ധനകാര്യവകുപ്പില്‍ നിന്ന് ഇക്കാര്യത്തിനുളള പണം അനുവദിച്ചു കിട്ടാത്തതിലുളള പ്രതിഷേധം കൂടിയാണ് ഭംഗ്യന്തരേണ അദ്ദേഹം ജനങ്ങള്‍ക്കു മുമ്പാകെ അറിയിച്ചത്. 150 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു എന്നും കേന്ദ്രത്തില്‍ നിന്നും ഇതിന് ഗ്രാന്റ് കിട്ടാന്‍ പാര്‍ലമെന്റ് അംഗവും ഡല്‍ഹിയില്‍ ഏറെ സ്വാധീനവുമുളള പി. സി. ചാക്കോ സഹായിക്കണമെന്നും മന്ത്രി ഗണേഷ്‌കുമാര്‍ പൊതുസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.
മന്ത്രി ഗണേഷ്‌കുമാറിന്റെ പ്രസംഗം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി വീണ്ടും എഴുന്നേറ്റ് മൈക്ക് പോയിന്റില്‍ വന്ന് ഇപ്രകാരം അറിയിച്ചു. ഈ പ്രൊജക്ടിന് പണം ലഭിക്കുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അതെല്ലാം ഉടന്‍ ഒഴിവാക്കും. ഡല്‍ഹിയില്‍ നിന്ന് ഗ്രാന്റ് ലഭിക്കാന്‍ ചാക്കോ നടത്തുന്ന ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കും.
നാലുമാസം പിന്നിടുമ്പോഴും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനോ, സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം സംബന്ധിച്ച് ഒരു ഗവണ്‍മെന്റ് ഉത്തരവ് ഇറക്കുന്നതിനോ പോലും സര്‍ക്കാരിന് സാധിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്നും ഗ്രാന്റ് ലഭ്യമാക്കാനുളള കാര്യമായ ശ്രമങ്ങളും നടന്നില്ല.
പരിഹാസ്യപദമാക്കരുത്
സോളാര്‍ എന്നത് തട്ടിപ്പിന്റെയും അഴിമതിയുടെയും പര്യായപദമായതുപോലെ ആധുനിക മൃഗശാല (സുവോളജിക്കല്‍പാര്‍ക്ക്) എന്നത് കബളിപ്പിക്കലിന്റെ പര്യായപദമായി മാറാതിരിക്കാന്‍ ജനപ്രതിനിധികളും മന്ത്രിമാരും ഉദ്യോഗസ്ഥരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഒരേ കാര്യം പറഞ്ഞ് മൂന്നു തവണയാണ് ആയിരക്കണക്കിന് ജനങ്ങളെ വിളിച്ചുചേര്‍ത്തത്. പാവപ്പെട്ട ജനങ്ങള്‍ ഇനിയും കബളിപ്പിക്കപ്പെടരുത്. പ്രഖ്യാപനങ്ങള്‍ പ്രവര്‍ത്തനങ്ങളായി മാറാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം. ഇപ്പോള്‍ വനംവകുപ്പിന്റെ ചുമതല വഹിക്കുന്നത് മുഖ്യമന്ത്രി തന്നെയാണ്. അതുകൊണ്ട് അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. കേരളത്തിന്റെ അഭിമാനപദ്ധതിയായി ഈ പ്രൊജക്ടിനെ കേന്ദ്രഗവണ്‍മെന്റിന് മുന്നില്‍ അവതരിപ്പിച്ച് ഗ്രാന്റുകള്‍ വാങ്ങാന്‍ അടിയന്തിരനടപടികള്‍ ഉണ്ടാകണം. അല്ലാത്തപക്ഷം ഒരു ജനകീയസമരത്തിന് നേതൃത്വം നല്‍കാന്‍ ഒല്ലൂര്‍ എം. എല്‍. എ. രംഗത്തുവരണം.

എം. പീതാംബരന്‍
ജനറല്‍ സെക്രട്ടറി
സര്‍വ്വോദയ മണ്ഡലം
ഫോ : 9446401576

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply