സോറി മോദീ…. ഇത് മുഖവിലക്കെടുക്കാനാകില്ല..

ഗുജറാത്ത് കൂട്ടക്കുരുതി കഴിഞ്ഞ് ഒരു പതിറ്റാണ്ടിനുശേഷമുള്ള ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ കുമ്പസാരം രസകരമായിരിക്കുന്നു. സത്യത്തില്‍ ഏതെങ്കിലും ഒരു തെറ്റില്‍ തന്റെ പങ്കുകൂടി വ്യക്തമാക്കുമ്പോഴാണ് അത് കുമ്പസാരമാകുന്നത്. മോഡിയുടെ പുതിയ ബ്ലോഗ് കുറിപ്പില്‍ ആ ആര്‍ജ്ജവമില്ല. മനുഷ്യത്വരഹിതമായ കലാപം ഗുജറാത്തിനേറ്റ കനത്ത ആഘാതമാണെന്നും അത് തന്നെ മാനസികമായി തകര്‍ത്തുകളഞ്ഞെന്നും മോദി തന്റെ കുറിപ്പില്‍ പറയുന്നു. കലാപത്തിന്റെ പേരില്‍ ഇന്ത്യയെയും ഗുജറാത്തിനെയും കരിതേച്ചു കാണിക്കാനാണ് പലരും ശ്രമിച്ചത്. ഗുജറാത്തി സഹോദരങ്ങളുടെ ഹത്യയുടെ പാപം പോലും തന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് […]

M_Id_354071_Narendra_Modi

ഗുജറാത്ത് കൂട്ടക്കുരുതി കഴിഞ്ഞ് ഒരു പതിറ്റാണ്ടിനുശേഷമുള്ള ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ കുമ്പസാരം രസകരമായിരിക്കുന്നു. സത്യത്തില്‍ ഏതെങ്കിലും ഒരു തെറ്റില്‍ തന്റെ പങ്കുകൂടി വ്യക്തമാക്കുമ്പോഴാണ് അത് കുമ്പസാരമാകുന്നത്. മോഡിയുടെ പുതിയ ബ്ലോഗ് കുറിപ്പില്‍ ആ ആര്‍ജ്ജവമില്ല. മനുഷ്യത്വരഹിതമായ കലാപം ഗുജറാത്തിനേറ്റ കനത്ത ആഘാതമാണെന്നും അത് തന്നെ മാനസികമായി തകര്‍ത്തുകളഞ്ഞെന്നും മോദി തന്റെ കുറിപ്പില്‍ പറയുന്നു. കലാപത്തിന്റെ പേരില്‍ ഇന്ത്യയെയും ഗുജറാത്തിനെയും കരിതേച്ചു കാണിക്കാനാണ് പലരും ശ്രമിച്ചത്. ഗുജറാത്തി സഹോദരങ്ങളുടെ ഹത്യയുടെ പാപം പോലും തന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിച്ചത്. ഇത്തരമൊരു കലാപം ഇനി മറ്റൊരാള്‍ക്കും മറ്റൊരു സമൂഹത്തിനും രാജ്യത്തിനും അനുഭവിക്കേണ്ടിവരരുത്. അങ്ങനെ പോകുന്നു മോദിയുടെ വാക്കുകള്‍.
പതിറ്റാണ്ടിനുശേഷം, അതും ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലയില്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് കിട്ടിയതിന്റെ പിറ്റേന്നുള്ള ഈ വാക്കുകളുടെ ലക്ഷ്യം എന്തെന്ന് വ്യക്തം. ലോകസഭാ തിരഞ്ഞെടുപ്പുതന്നെ. 5 സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിച്ചെങ്കിലും പ്രതീക്ഷിച്ച പോലെ മോദി തരംഗമൊന്നുമുണ്ടാകാത്ത പശ്ചാത്തലമാണ് സത്യത്തില്‍ മോദിയെ ഞെട്ടിച്ചത്. പ്രതീക്ഷിച്ച രീതിയിലുള്ള വിജയമൊന്നും ലോകസഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കില്ലെന്ന് ഏറെക്കുറെ മോദിക്കുറപ്പായിട്ടുണ്ട്. ആ സാഹചര്യത്തിലാണ് നേരത്തെ തന്നെ ആരംഭിച്ച ന്യൂനപക്ഷ പ്രീണന ശ്രമം മോദി തുടരുന്നത്. കോടതി വിധി കൂടി വന്നതോടെ ന്യൂനപക്ഷ പ്രീണനം ശക്തമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഈ കുറിപ്പും വൈകിവന്ന ഞെട്ടലുമെന്ന് കരുതേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നേരത്തെ തന്നെ ഈ വരികള്‍ അദ്ദേഹം എഴുതുമായിരുന്നു.
സത്യത്തില്‍ ഗുജറാത്ത് കൂട്ടക്കൊലയില്‍ തന്റെ പങ്കിനെ കുറിച്ച് സ്വയം വിമര്‍ശനത്തിന്റേതായ ഒരു വരിപോലും ഈ കുറിപ്പിലുണ്ടോ? കലാപം തടയാന്‍ തന്റെ സര്‍ക്കാരിനു കഴിയാഞ്ഞതിനെ കുറിച്ച് വിശദീകരണമുണ്ടോ? എങ്ങനേയോ പൊട്ടിമുളച്ച ഒന്നായിരുന്നോ മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച ഗുജറാത്തിലെ വംശീയകൂട്ടക്കൊല?
കലാപക്കാലത്ത് വ്യക്തിപരമായി താന്‍ അനുഭവിച്ച വേദനയെ കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണെന്നാണ് കുറിപ്പില്‍ മോദി പറയുന്നത്. എന്തുകൊണ്ട് ഇതുവരെ പ്രതികരിച്ചില്ല എന്നു പറയുന്നുമില്ല. ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുകയും ഭവനരഹിതരാവുകയും നിരാലംബരാവുകയും ചെയ്ത ഭൂകമ്പത്തിന്റെ കെടുതിയില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റാന്‍ തീവ്രമായി യത്‌നിക്കുന്നതിനിടെയാണ് അഞ്ചു മാസത്തിനുള്ളില്‍ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള കലാപം അരങ്ങേറിയത്. അത് തങ്ങള്‍ക്ക് അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന ഒരു വലിയ ആഘാതമായിരുന്നു. നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടു. കുടുംബങ്ങള്‍ ആലംബഹീനരായി. വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു. ഭൂകമ്പത്തിന്റെ കെടുതി താറുമാറാക്കിയ സംസ്ഥാനത്തിന് അത് താങ്ങാവുന്നതിനപ്പുറമായിരുന്നു. അത് തന്നെ കടുത്ത ദു:ഖത്തിലേയ്ക്കും ദുരിതത്തിലേയ്ക്കും വേദനയിലേയ്ക്കുമാണ് തള്ളിവിട്ടത്. അന്നത്തെ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ തന്റെ ഉള്ളില്‍ സൃഷ്ടിച്ച ശൂന്യത വിവരിക്കാന്‍ വാക്കുകള്‍ മതിയാകുന്നില്ല. വ്യക്തിപരമായി അനുഭവിച്ച ആ വേദന കടിച്ചുപിടിച്ചാണ് ഒരു വശത്ത് ഭൂകമ്പത്തിന്റെയും മറുഭാഗത്ത് കലാപത്തിന്റെയും കെടുതികളെ മറികടക്കാന്‍ താന്‍ ശ്രമിച്ചത്. ഗോധ്ര സംഭവം മുതല്‍ തന്നെ സമാധാനത്തിനുവേണ്ടി താന്‍ ആഹ്വാനം ചെയ്തു. സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്തു. രാജ്യത്ത് മറ്റെവിടെ നടന്ന കലാപത്തേക്കാളും പെട്ടന്ന് കലാപത്തോട് പ്രതികരിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് കഴിഞ്ഞു. ഗുജറാത്തിലെ ജനങ്ങള്‍ ഇന്ന് ആ തകര്‍ച്ചയില്‍ നിന്ന് ഒത്തൊരുമിച്ചു കരകയറിക്കഴിഞ്ഞു. അതിന് തന്നെ സഹായിച്ചവരോടെല്ലാം അതിയായ കടപ്പാടുണ്ട്. ജനങ്ങളുടെ പരസ്പര സഹകരണത്തിലാണ് ഏതൊരു രാജ്യത്തിന്റെയും ഭാവി നിലകൊള്ളുന്നത് എന്നെല്ലാം പറയുന്ന മോദി സത്യമേവ ജയതേ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
തീര്‍ച്ചയായും ഒരാളുടെ കുമ്പസാരം ആത്മാര്‍ത്ഥമാണെങ്കില്‍ അത് മറ്റുള്ളവര്‍ മുഖവിലക്കെടുക്കണം. അയാളുടെ ഉദ്ദേശശുദ്ധി അംഗീകരിക്കണം. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച പോലെ കൂട്ടക്കൊലയില്‍ തനിക്കു പങ്കില്ല എന്നുതന്നെയാണ് മോഡി ഈ കുറിപ്പിലും പറയുന്നത്. വളരെ തന്ത്രപൂര്‍വ്വം താന്‍ പുണ്യാളനാണെന്ന് സമര്‍ത്ഥിക്കുക തന്നെയാണ് മോഡി. അതിനാല്‍തന്നെ അതു മുഖവിലക്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply